Saturday, June 28, 2008

സെലീനയുടെ പാവക്കുട്ടി -14

ദിവസങ്ങള്‍ എത്ര പെട്ടന്നാണ് കഴിഞ്ഞത്
സെലീന ഇപ്പോള്‍ പഴയ കുസ്യതിക്കാരിയല്ല. അവളിപ്പോള്‍ എല്ലാവരും സ്നേഹിക്കുന്ന, അതുപോലെ എല്ലാവരെയും സ്നേഹിക്കുന്ന നല്ല കുട്ടിയാണ്.

എല്ലാ ദിവസവും അതിരാവിലെ അവള്‍ എഴുന്നേല്‍ക്കും. മമ്മിയെ ജോലിയില്‍ സഹായിക്കും. പൂന്തോട്ടത്തിലെ ചെടികള്‍ക്കെല്ലാം വെള്ളമൊഴിക്കും. സ്കൂളിലെത്തിയാല്‍ പഴയതുപോലെ കുട്ടികളുമായി വഴക്കൊന്നുമുണ്ടാക്കുകയില്ല. പണ്ട് അവളുമായി പിണക്കത്തിലായിരുന്ന അമ്മുവും, അപ്പുവും എന്നു വേണ്ട എല്ലാവരും അവളുടെ ചങ്ങാതികളായി തീര്‍ന്നത് എത്ര പെട്ടന്നായിരുന്നു. മാത്രമല്ല ക്ലാസില്‍ ടീച്ചറ് പഠിപ്പിക്കുന്നതെല്ലാം നല്ല ശ്രദ്ധയോടു കൂടി പഠിക്കുകയും ചെയ്തു.

തന്റെ ചീത്ത സ്വഭാവങ്ങളായിരുന്നു തന്നെ എല്ലാവരും വെറുക്കുവാനുള്ള കാരണമെന്ന് സെലീനയ്ക്ക് ഇതിനകം മനസ്സിലായി കഴിഞ്ഞിരുന്നു. ആയതിനാല്‍ ഇനിയൊരിക്കലും ചീത്ത സ്വഭാവങ്ങളൊന്നും കാട്ടിലെന്ന് അവള്‍ സ്വയം പ്രതിജ്ഞ ചെയ്തിരുന്നു.

സെലീനയുടെ സ്വഭാവത്തിലുണ്ടായ മാറ്റം സകലരെയും അതിശയിപ്പിച്ചു. എന്നാല്‍ അവളുടെ പാവക്കുട്ടിയായിരുന്നു സെലീനയുടെ നല്ല സ്വഭാവത്തിന്‍ കാരണക്കാരിയെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. സെലീന ഇക്കാര്യം ആരോടും പറഞ്ഞതുമില്ല. തന്റെ പാവക്കുട്ടി സംസാരിക്കുമെന്ന് ആരോടെങ്കിലും പറഞ്ഞാല്‍ കേള്‍ക്കുന്നുവര്‍ ഒരിക്കലും വിശ്വസിക്കുകയില്ലെന്ന് സെലീനയ്ക്കറിയാമായിരുന്നു.

“സെലീനേ, കുട്ടിയുടെ നല്ല സ്വഭാവം മൂലം എല്ലാവരും ഇപ്പോള്‍ നിന്നെ സ്നേഹിക്കുന്നുണ്ട്. ആരോടും വഴക്കുണ്ടാക്കാതെ ഇനിയുള്ള കാലം നല്ല കുട്ടിയായി ജീവിക്കണം….” അന്ന് പാവക്കുട്ടി സെലീനയോട് പറഞ്ഞു.

“ഇല്ല ഇനിയൊരിക്കലും ഞാന്‍ ചീത്ത സ്വഭാവങ്ങള്‍ കാട്ടില്ല. ഇനിയുള്ള കാലം ഞാന്‍ നല്ല കുട്ടിയായി ജീവിച്ചോളാം…” സെലീന പാവക്കുട്ടിക്ക് ഉറപ്പു നല്‍കി. സെലീനയുടെ ആ വാക്കുകള്‍ വെറുതെയല്ലെന്ന് പാവക്കുട്ടിക്കറിയാമായിരുന്നു. അവളുടെ വാക്കുകള്‍ പാവക്കുട്ടിയെ വളരെയധികം സന്തോഷിപ്പിച്ചു.

ദിവസങ്ങള്‍ പലതു കഴിഞ്ഞു കൊണ്ടിരുന്നു…
അന്ന് നല്ല നിലാവുള്ള രാത്രിയായിരുന്നു. ആകാശത്തെ ധാരാളം നക്ഷത്രങ്ങളുമുണ്ടായിരുന്നു. സെലീന പാവക്കുട്ടിയോടൊപ്പം അവളുടെ മുറിയിലായിരുന്നു.

“സെലീനേ ഞാന്‍ നിന്നെ പിരിയുവാനുള്ള സമയം അടുത്തിരുക്കുന്നു…” അന്ന് പാവക്കുട്ടി പറഞ്ഞത് കേട്ട് സെലീന ഞെട്ടിപ്പോയി. “എന്നെ വിട്ട് പാവക്കുട്ടി എങ്ങോട്ടാ പോവ്വാ…” സെലീന തൊണ്ടയിടറിക്കൊണ്ട് ചോദിച്ചു.

“മാലാഖയായിരുന്ന ഞാന്‍ ദൈവശാപം മൂലം പാവയായി മാറിയ കഥ ഒരിക്കല്‍ ഞാന്‍ സെലീനയോട് പറഞ്ഞത് ഓര്‍മ്മയുണ്ടല്ലോ… അങ്ങനെ ദൈവശാപം മൂലം ഒരു പാട് കാലം കഴിഞ്ഞ ഞാനിന്ന് ശാപവിമുക്തയാവുകയാണ്… ഇന്ന് എനിക്കെന്റെ പഴയ രൂപം തിരിച്ചു കിട്ടും. പഴയ രൂപം തിരിച്ചു കിട്ടിയാല്‍ ഒരു നിമിഷം പോലും ഈ ഭൂമിയില്‍ കഴിയാന്‍ എനിക്ക് സാധിക്കില്ല. എനിക്ക് സ്വര്‍ഗ്ഗത്തിലേക്ക് തിരിച്ചു പോയേ മതിയാവൂ….” പാവക്കുട്ടി പറഞ്ഞത് ഞെട്ടലോടു കൂടിയാണ് സെലീന കേട്ടത്.

“ഇല്ല എന്റെ പാവക്കുട്ടിയെ ഞാനെങ്ങും വിടില്ല….എന്നെ വിട്ട് എങ്ങും പോവരുത്…” തകര്‍ന്നു പോയ സെലീന പാവക്കുട്ടിയെ കെട്ടിപ്പിടിച്ച് തേങ്ങിക്കരഞ്ഞു. പാവക്കുട്ടി അവളെ ആശ്വസിപ്പിക്കുവാന്‍ ശ്രമിച്ചെങ്കിലും അവള്‍ ഉചത്തില്‍ കരയുകയാണുണ്ടായത്.

“ആരു പറഞ്ഞു കുട്ടി തനിച്ചാണെന്ന്. കുട്ടിയെ സ്നേഹിക്കുവാന്‍ പപ്പയും, മമ്മിയും വല്യപ്പച്ചനുമൊക്കെയില്ലേ…? മാത്രമല്ല കുട്ടിക്കിപ്പോള്‍ ധാരാളം ചങ്ങാതികളുമില്ലേ. അവരൊക്കെ കുട്ടിയെ സ്നേഹിക്കുന്നുണ്ട്. എനിക്ക് കുട്ടിയെ വിട്ടു പിരിയുന്നതില്‍ ഒരുപാട് വിഷമമുണ്ട്. പക്ഷേ പോകാതിരിക്കുവാന്‍ കഴിയില്ല കുട്ടി….” പാവക്കുട്ടി പറഞ്ഞു.

പാവക്കുട്ടി സെലീനയെ ആശ്വസിപ്പിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ്‍ പെട്ടന്ന് പാവക്കുട്ടിക്ക് ചുറ്റും കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം നിറഞ്ഞത്. സെലീന നോക്കി നില്‍ക്കെ പാവക്കുട്ടിയുടെ സ്ഥാനത്ത് സുന്ദരിയായൊരു മാലാഖ പ്രത്യക്ഷപ്പെട്ടു. മാലാഖ സെലീനയെ നോക്കി പുഞ്ചിരിച്ചു.

“സെലീനേ നല്ല പ്രവ്യത്തികള്‍ ചെയ്ത് നല്ല കുട്ടിയായി ജീവിക്കുക…” മാലാഖ സെലീനയോട് പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു. അതിനുശേഷം സെലീനയുടെ തലയില്‍ മാലാഖ മെല്ലെ തൊട്ടു. തന്റെ മനസ്സിലെ ദു:ഖങ്ങളെല്ലാം എവിടെയോ പോയ് മറഞ്ഞതുപോലെ സെലീനയ്ക്ക് തോന്നി.

പെട്ടന്ന് സെലീനയ്ക്ക് ചുറ്റും ആയിരക്കണക്കിന്‍ പൂമ്പാറ്റകള്‍ എവിടെ നിന്നോ പറന്നെത്തി. അവ അവളെ തൊട്ടുരുമിക്കൊണ്ട് അവള്‍ക്ക് ചുറ്റും പറന്നു കളിച്ചു. അപ്പോള്‍ അടഞ്ഞുകിടഞ്ഞ ജാലകവാതില്‍ മെല്ലെ തുറന്നു. സെലീന നോക്കി നില്‍ക്കെ മാലാഖ തന്റെ സ്വര്‍ണ്ണച്ചിറകുകള്‍ വീശി പൂമ്പാറ്റകള്‍ക്കൊപ്പം ജാലകത്തിലൂടെ ആകാശത്തേക്ക് പറന്നുയര്‍ന്നു. ഒടുവില്‍ മാലാഖ നക്ഷത്രങ്ങള്‍ക്കിടയില്‍ എവിടെയോ അപ്രത്യക്ഷമായി.

തുറന്ന് കിടന്ന ജാലകത്തിലൂടെ നിലാവിനൊപ്പം തണുത്ത കാറ്റും സെലീനയുടെ മുറിയിലേക്ക് കടന്നു വന്നു. അവള്‍ ജാലകവാതില്‍ മെല്ലെ അടച്ചശേഷം കട്ടിലില്‍ കയറി കമ്പളിക്കുള്ളില്‍ ചുരുണ്ടു കൂടി കിടന്നു. നിമിഷങ്ങള്‍ക്കകം അവള്‍ സുഖമായൊരു നിദ്രയിലേക്ക് വഴുതി വീഴുകയും ചെയ്തു.

(അവസാനിച്ചു.)

കുട്ടികള്‍ക്കുള്ള ഗുണപാഠം : നല്ല പ്രവ്യത്തികള്‍ ചെയ്യുന്നവരെ എല്ലാവരും സ്നേഹിക്കുകയും, ബഹുമാനിക്കുകയും ചെയ്യും.

Friday, June 27, 2008

സെലീനയുടെ പാവക്കുട്ടി -13

പാവക്കുട്ടി തന്റെ മുന്നില്‍ നില്‍ക്കുന്നു!!!!
എങ്ങനെയാണ് പാവക്കുട്ടി വീണ്ടും തന്റെ അടുക്കലെത്തിയത്. സെലീനയ്ക്ക് വിശ്വസിക്കുവാന്‍ കഴിഞ്ഞില്ല. അവള്‍ പേടിയോടു കൂടി പാവക്കുട്ടിയുടെ മുഖത്തേക്ക് നോക്കി. പാവക്കുട്ടി അവളെ നോക്കി കണ്ണിറുക്കി ചിരിച്ചു.

“നീ എന്നെ ആര്‍ക്ക് കൊടുത്താലും, വീണ്ടും ഞാന്‍ കുട്ടിയുടെ അടുക്കലെത്തും…” അമ്പരന്നു നില്‍ക്കുന്ന സെലീനയോട് പാവക്കുട്ടി പറഞ്ഞു. “ഞാനിപ്പം എന്റെ പപ്പേം, മമ്മീയേം വിളിക്കും…” സെലീന പറഞ്ഞു.

“വിളിച്ചോളൂ. പക്ഷേ കുട്ടിക്കല്ലാതെ ആര്‍ക്കും എന്നെ കാണാനോ, എന്റെ ശബ്ദം കേള്‍ക്കുവാനോ കഴിയില്ല. അപ്പോള്‍ കുട്ടി പറയുന്നത് ആരും വിശ്വസിക്കില്ല…” പാവക്കുട്ടി സെലീനയ്ക്ക് മുന്നറിയിപ്പു നല്‍കിയപ്പോള്‍ സെലീന എന്തു ചെയ്യണമെന്നറിയാതെ തേങ്ങിക്കരഞ്ഞു പോയി.

“കുട്ടി എന്തിനാണ് വെറുതെ കരയുന്നത്..? ഞാന്‍ കുട്ടിയുടെ ശത്രുവല്ല. മിത്രമാണ്.. നമുക്ക് നല്ല കൂട്ടുകാരായി കഴിയരുതോ…” പാവക്കുട്ടി സെലീനയെ ആശ്വസിപ്പിച്ചു. പക്ഷേ സെലീന തേങ്ങി കരയുകയാണുണ്ടായത്. സെലീനയെ എങ്ങനെയെങ്കിലും സന്തോഷിപ്പിക്കണമെന്ന് പാവക്കുട്ടി തീരുമാനിച്ച പാവക്കുട്ടി കണ്ണുകളടച്ച് എന്തൊക്കെയോ മന്ത്രിച്ചു.

പെട്ടന്നാണ് അത് സംഭവിച്ചത്. ധാരാളം സുന്ദരികളായ പാവകള്‍ സെലീനയുടെ ചുറ്റും പ്രത്യക്ഷയായി അവള്‍ക്ക് ചുറ്റും നിന്ന് ആടുകയും, പാടുകയും, തമാശകള്‍ കാണിക്കുകയും ചെയ്തു. അത് കണ്ട് സെലീനയുടെ സെലീനയ്ക്ക് വല്ലാത്ത രസം തോന്നി.

“ഹായ്…” അറിയാതെ സെലീന തുള്ളിച്ചാടി.

“എന്താ കുട്ടിക്ക് സന്തോഷമായോ…” അത്ഭുതപ്പെട്ടു നില്‍ക്കുന്ന സെലീനയോട് പാവക്കുട്ടി ചോദിച്ചു. ‘ങ്ഹും…’ സെലീന സന്തോഷത്തോടു കൂടി തല കുലുക്കി.

"എങ്കില്‍ കുട്ടിയും വാ, നമുക്ക് ആടി രസിക്കാം…” പാവക്കുട്ടി സെലീനയെ ക്ഷണിച്ചു.

“അയ്യേ.. ഞാനില്ല…” അവള്‍ നാണത്തോടെ ഇരു കൈകള്‍ക്കൊണ്ടും തന്റെ മുഖം പൊത്തിപ്പിടിച്ചുകൊണ്ട് പറഞ്ഞു. “വരൂ കുട്ടി…” പാവക്കുട്ടി സെലീനയെ വീണ്ടും ക്ഷണിച്ചപ്പോള്‍ സെലീനയും ആ പാവകള്‍ക്കൊപ്പം മതിയാവോളം ആടുകയും, പാടുകയും, പൊട്ടിച്ചിരിക്കുകയും ചെയ്തു. ഒടുവില്‍ പാവക്കുട്ടി ഒഴികെ മറ്റുള്ള പാവകളെല്ലാം എവിടെയോ അപ്രത്യക്ഷമായി.

“എനിക്ക് നിന്നെ ഒരുപാടിഷ്ടമായി… ഞാനിനി നിന്നെ ആര്‍ക്കും വിട്ടു കൊടുക്കില്ല..” പാവക്കുട്ടിയുടെ കവിളില്‍ ഒരു മുത്തം നല്‍കിക്കൊണ്ട് സെലീന പറഞ്ഞു.

“എനിക്കും കുട്ടിയെ ഇഷ്ടമാണ്… പക്ഷേ ഇപ്പോഴത്തെ ഈ ചീത്ത സ്വഭാവങ്ങളൊക്കെ മാറ്റി നല്ല കുട്ടിയാവണമെന്ന് മാ‍ത്രം. അല്ലെങ്കില്‍ കുട്ടിയെ വിട്ട് ഞാനെന്റെ പാട്ടിന്‍ പോകും..” പാവക്കുട്ടി സെലീനയ്ക്ക് മുന്നറിയിപ്പ് നല്‍കി.

“പാവക്കുട്ടിയെ ഞാനെങ്ങും വിടില്ല.. ഞാന്‍ നല്ല കുട്ടിയാവും. തീര്‍ച്ച…” സെലീന പാവക്കുട്ടിക്ക് ഉറപ്പു നല്‍കി. “എങ്കില്‍ നല്ല പ്രവ്യത്തികള്‍ മാത്രമേ ചെയ്യുകയുള്ളെന്ന് എന്നോട് സത്യം ചെയ്യണം…”

“നാളെ മുതല്‍ ഞാന്‍ നല്ലത് മാത്രമേ ചെയ്യൂ,,,” സെലീന പാവക്കുട്ടിയുടെ തലയില്‍ തൊട്ട് സത്യം ചെയ്തു. പാവക്കുട്ടിക്ക് വളരെ സന്തോഷമായി. അന്ന് പാവക്കുട്ടിയെ കെട്ടിപ്പിടിച്ചു കൊണ്ടാണ് സെലീന ഉറങ്ങിയത്. ഉറങ്ങുന്നതിന്‍ മുമ്പ് പാവക്കുട്ടി സെലീനയ്ക്ക് ഒരുപാട് കഥകള്‍ പറഞ്ഞു കൊടുത്തു.

അടുത്ത ദിവസം അതിരാവിലെ തന്നെ പാവക്കുട്ടി സെലീനയെ വിളിച്ചുണര്‍ത്തി. “എനിക്കുറക്കം വരുന്നു. ഞാനിത്തിരി നേരം കൂടി കഴിഞ്ഞിട്ടെഴുന്നേക്കാം..” സെലീന ചിണുങ്ങി.

“ഹേയ് അത് പറ്റില്ല. തല്‍ക്കാലം ഉറങ്ങിയതൊക്കെ മതി….” പാവക്കുട്ടി സമ്മതിച്ചില്ല. “എന്താ എന്നോട് ഇന്നലെ നീ ചെയ്ത സത്യം മറന്നു പോയോ…? നല്ല കുട്ടികള്‍ അതിരാവിലെ തന്നെ എഴുന്നേല്‍ക്കണം…”

ഒടുവില്‍ സെലീന മനസ്സില്ലാമനസ്സോടെ എഴുന്നേറ്റു. “ഇനിയും പല്ല് തേച്ച് വ്യത്തിയാക്കിയ ശേഷം അടുക്കളയില്‍ മമ്മിയെ സഹായിക്കണം…” പാവക്കുട്ടിയുടെ വാക്കുകള്‍ ധിക്കരിക്കുവാന്‍ സെലീനയ്ക്ക് കഴിഞ്ഞില്ല. അവള്‍ പാവക്കുട്ടി പറഞ്ഞതു പോലൊക്കെ ചെയ്തു.

(അടുത്ത അധ്യായത്തില്‍ ഈ നോവല്‍ അവസാനിക്കുന്നതാണ്)

Thursday, June 26, 2008

സെലീനയുടെ പാവക്കുട്ടി-12

"ഗുഡ് മോണിംങ്ങ്…” പാവക്കുട്ടി സെലീനയെ നോക്കി പുഞ്ചിരിച്ചു.

“കുട്ടി എന്താണ് ചിന്തിക്കുന്നതെന്ന് എനിക്കറിയാം.. ഇന്നലെ രാത്രി നീ പുറത്തേക്ക് വലിച്ചെറിഞ്ഞ ഞാനെങ്ങനെ വീണ്ടും ഇവിടെയെത്തിയെന്നല്ലേ…?“ തന്നെ നോക്കി മിഴിച്ചു നില്‍ക്കുന്ന സെലീനയോട് പാവക്കുട്ടി ചോദിച്ചു.

“ഇതൊക്കെ എന്റെ അത്ഭുത കഴിവുകള്‍ കൊണ്ടാണ് കുട്ടി…” പാവക്കുട്ടി പറഞ്ഞു. “എന്നെ എവിടെ വലിച്ചെറിഞ്ഞാലും ഞാന്‍ കുട്ടിയുടെ അടുക്കല്‍ വീണ്ടുമെത്തും.. കാരണം നിന്റെ ദു:ശീലങ്ങളെല്ലാം മാറ്റി നിന്നെ നല്ല അനുസരണശീലയായ മിടുമിടുക്കിയായൊരു കുട്ടിയാക്കുക എന്നതാണ് എന്റെ ലക്ഷ്യം.. ആ ലക്ഷ്യം നിറവേറാതെ കുട്ടിയെ വിട്ട് ഞാനെങ്ങും പോവില്ല….”

“എനിക്ക് നിന്നെ കാണേണ്ട… പോ… നീ.” സെലീന കാലുയര്‍ത്തി പാവക്കുട്ടിയെ തൊഴിച്ചു. പാവക്കുട്ടി മൂക്കും കുത്തി മുറിയുടെ മൂലയില്‍ തെറിച്ചു വീണു. പെട്ടന്ന് സെലീന ‘മമ്മീ’ ന്ന് നിലവിളിച്ചുകൊണ്ട് വാതില്‍ തുറന്ന് പുറത്തേക്ക് ഓടി. അപ്പോഴേക്കും സെലീനയുടെ നിലവിളി കേട്ട് അവളുടെ പപ്പയും, മമ്മിയും. വല്യപ്പച്ചനുമൊക്കെ ഓടിയെത്തി.

“എന്താ മോളെ.. എന്തു പറ്റി നിനക്ക്…? എന്തിനാണ് നീ നിലവിളിച്ചത്…” അവര്‍ ചോദിച്ചു.

“എന്റെ ബര്‍ത്ത് ഡേയ്ക്ക് ഫാദറ് ഗിഫ്റ്റ് തന്ന പാവക്കുട്ടി മിണ്ടുന്നു…” സെലീന പൊട്ടിക്കരയുന്നതിനിടയില്‍ പറഞ്ഞു. “പാവ.. സംസാരിക്കുന്നെന്നോ…? അതുകൊള്ളാമല്ലോ… നീ വല്ല സ്വപ്നവും കണ്ട് ഞെട്ടിയതായിക്കുമെന്റെ കുട്ടിയേ…” വല്യപ്പച്ചന്‍ പറഞ്ഞു. വല്യപ്പച്ചന്റെ അഭിപ്രായം തന്നെയായിരുന്നു അവളുടെ പപ്പയ്ക്കും, മമ്മിക്കും.

“ഞാന്‍ സ്വപ്നം കണ്ടതൊന്നുമല്ല. സത്യമാ ഞാന്‍ പറഞ്ഞെ….” സെലീനയ്ക്കും സങ്കടവും, ദേഷ്യവും വന്നു. “ദാ.. ഞാന്‍ വേണെങ്കില്‍ കാണിച്ചു തരാം…” സെലീന പറഞ്ഞു. പപ്പയും, മമ്മിയും, വല്യപ്പച്ചനും സെലീനയോടൊപ്പം അവളുടെ മുറിയിലെത്തി…

“എവിടേ സംസാരിക്കുന്ന ആ പാവ…” അപ്പച്ചന്‍ സെലീനയോട് ചോദിച്ചു.

“ദാ അവിടെ…” മുറിയുടെ മൂലയിലേക്ക് വിരല്‍ ചൂണ്ടി സെലീന പറഞ്ഞു. അവളുടെ പപ്പ ആ പാവയെ എടുത്ത് തിരിച്ചും മറിച്ചു പരിശോധിച്ചെങ്കിലും ആ പാവയില്‍ യാതൊരു പ്രത്യേകതയും കണ്ടില്ല.

“എന്റെ മോളേ, ഇത് സാധാരണ പാവയാണ്. ഇതിന് ജീവനുണ്ടെന്ന് മോള്‍ക്ക് തോന്നിയതാവും..” പപ്പ പറഞ്ഞു. പപ്പ മാത്രമല്ല മമ്മിയും, വല്യപ്പച്ചനുമൊക്കെ പാവയെ പരിശോധിച്ചു. അവര്‍ക്കെല്ലാം പപ്പയുടെ അഭിപ്രായം തന്നെയായിരുന്നു.

“അയ്യോ ഈ പാവയ്ക്ക് ജീവനുണ്ട് പപ്പ. അതെന്നോട് സംസാരിക്കുവേം.. എനിക്ക് ഒരുപാട് മാജിക്ക് കാണിച്ചു തരുവേം ചെയ്തതാണ്… “ സെലീന വിങ്ങിപ്പൊട്ടി. പക്ഷെ അവളുടെ വാക്കുകള്‍ വിശ്വസിക്കുവാന്‍ ആര്‍ക്കും കഴിഞ്ഞില്ല…

അപ്പോഴാണ് പാവക്കുട്ടി കഴിഞ്ഞ രാത്രിയില്‍ തന്നോട് പറഞ്ഞ കാര്യം സെലീന ഓര്‍ത്തത്.’ തനിക്കല്ലാതെ മറ്റാര്ക്കും പാവക്കുട്ടി സംസാരിക്കുന്നത് കേള്‍ക്കാനോ, പാവക്കുട്ടിക്ക് ജീവനുണ്ടെന്ന് അറിയാനോ കഴിയില്ലത്രേ!!! സെലീന ആകെ ധര്‍മ്മസങ്കടത്തിലായി. എന്തു ചെയ്യണമെന്നറിയാതെ അവള്‍ പൊട്ടിക്കരഞ്ഞു

“എന്റെ കുട്ടീ നീയെന്തിനാണീ കരയുന്നത്.. നിനക്ക് പാവക്കുട്ടിയെ ഇഷടമല്ലെങ്കില്‍ നമുക്ക് അപ്പുറത്തെ ശ്രീധരനങ്കിളിന്റെ മകന്‍ അപ്പുവിന് കൊടുക്കം..” പപ്പ സെലീനയെ ആശ്വസിപ്പിച്ചു.

“പാവക്കുട്ടിയെ അപ്പൂന്‍ കൊടുക്കേണ്ട.. എനിക്ക് അപ്പുവിനെ ഇഷ്ടമല്ല… പപ്പ പാവക്കുട്ടിയെ എവിടേലും കൊണ്ട് കളഞ്ഞാല്‍ മതി…” തേങ്ങിക്കരയുന്നതിനിടയില്‍ സെലീന പറഞ്ഞു.

പാവക്കുട്ടിയെ വെറുതെ കളയുന്നതിനോട് ആര്‍ക്കും സമ്മതമല്ലായിരുന്നു. ഒടുവില്‍ സെലീന വാശി പിടിച്ചപ്പോള്‍ റോഡില്‍ കൂടി പോയ ഏതോ ഒരു കുട്ടിക്ക് സെലീനയുടെ പപ്പ പാവക്കുട്ടിയെ നല്‍കി.

“ഹാവൂ…” പാവക്കുട്ടിയെ മറ്റൊരാള്‍ക്ക് നല്‍കിയപ്പോള്‍ സെലീനയ്ക്ക് ആശ്വാസം തോന്നി. അന്നു പകല്‍ മുഴുവന്‍ സെലീന തുള്ളിച്ചാടിക്കോണ്ട് വീടിനുള്ളിലും. പുറത്തും ഓടി നടന്നു. രാത്രിയായപ്പോള്‍ സെലീന പതിവുപോലെ കട്ടിലില്‍ മൂടിപ്പുതച്ച് കിടന്നുറക്കമായി. ഉറക്കത്തില്‍ അവളൊരുപാട് മനോഹരങ്ങളായ സ്വപ്നങ്ങളും കണ്ടു…

“സെലീനേ…” ആരോ തട്ടി വിളിച്ചത് കേട്ടാണ് സെലീന ഉറക്കമുണര്‍ന്നത്. “ആരാണ്‍ തന്നെ വിളിച്ചത്…?” അവള്‍ ചുറ്റും തിരിഞ്ഞു നോക്കി. പെട്ടന്നാണ് അവളത് കണ്ട് ഞെട്ടിപ്പോയത്..

(തുടരും..)

Wednesday, June 25, 2008

സെലീനയുടെ പാവക്കുട്ടി -11

“പണ്ട് ഞാനൊരു മാലാഖയായിരുന്നു…” പാവക്കുട്ടി സെലീനയോട് തന്റെ കഥ പറയുവാന്‍ തുടങ്ങി“

“സ്വര്‍ഗ്ഗത്തില്‍ നിന്ന് ദൈവത്തിന്റെ സന്ദേശങ്ങള്‍ ഭൂമിയിലെത്തിക്കുക എന്നതാണ് മാലാഖമാരുടെ പ്രധാന ജോലി. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമിയിലേക്ക് വന്ന ഞാന്‍ ഒരു കടല്‍ തീരത്താണ് എത്തിയത്. അവിടെ പാവകളെ വില്‍ക്കുന്ന ഒരു കച്ചവടക്കാരനെ ഞാന്‍ കണ്ടു. ഭൂമിയിലുള്ളതൊന്നും ഞങ്ങള്‍ മാലാഖമാര്‍ മോഹിച്ചു കൂടെന്ന് നിയമമുണ്ട്. പക്ഷേ ആ നിയമം അന്ന് ഞാന്‍ ലംഘിച്ചു..”

“എങ്ങനെ…” സെലീന പെട്ടന്ന് ചോദിച്ചു.

“കച്ചവടക്കാരന്‍ വില്‍ക്കുവാന്‍ വച്ചിരിക്കുന്ന മനോഹരങ്ങളായ പാവകളെ കണ്ടപ്പോള്‍ അതിലൊരണ്ണത്തിനെ അയാളറിയാതെ കൈക്കലാക്കണമെന്ന് ഞാന്‍ തീരുമാനിച്ചു..” പാവക്കുട്ടി പറഞ്ഞു “അങ്ങനെ അദ്യശ്യയായ ഞാന്‍ അയാളുടെ കൈവശമുണ്ടായിരുന്ന ഏറ്റവും സുന്ദരിയായൊരു പാവയെ മോഷ്ടിച്ചു… എന്നാല്‍ ആ തെറ്റിന് ദൈവം എനിക്ക് വിധിച്ച ശിക്ഷ ഭയങ്കരമായിരുന്നു…

“എന്തായിരുന്നു ശിക്ഷ…” സെലീന ചോദിച്ചു.

“പാവയെ മോഷ്ടിച്ച ഞാന്‍ ദൈവശാപം മൂലം ആ കച്ചവടക്കാരന്റെ കടയിലെ മറ്റൊരു പാവയായി മാറി…” അത്രയും പറഞ്ഞ ശേഷം പാവക്കുട്ടി തേങ്ങിക്കരഞ്ഞു.

“സുന്ദരിയായൊരു പാവയായിട്ടും വര്‍ഷങ്ങളോളം ആരും വിലയ്ക്ക് വാങ്ങാതെ ആ കച്ചവടക്കാരന്റെ കടയില്‍ എനിക്ക് കഴിയേണ്ടി വന്നു…” പാവക്കുട്ടി തന്റെ കഥ തുടര്‍ന്നു. “ഒടുവില്‍ കുട്ടിയുടെ പിറന്നാളിനാണ് ആ കച്ചവടക്കാരന്റെ കൈയ്യില്‍ നിന്ന് ഫാദറ് ഇമ്മാനുവേല്‍ എന്നെ വിലയ്ക്ക് വാങ്ങിയതും പിറന്നാള്‍ സമ്മാനമായി എന്നെ കുട്ടിക്ക് സമ്മാനിച്ചതും…” പാവക്കുട്ടി തന്റെ കഥ പറഞ്ഞു നിര്‍ത്തി. പാവക്കുട്ടിയുടെ കഥ കേട്ടപ്പോള്‍ സെലീനയ്ക്കും സങ്കടം തോന്നി.

“അപ്പോള്‍ ഇനിയൊരിക്കലും പാവക്കുട്ടിക്ക് മാലാഖയാവാന്‍ കഴിയില്ലേ..” സെലീന ചോദിച്ചു.

“കഴിയും. പക്ഷേ ഞാന്‍ ശാപവിമുക്തയാവുന്ന ദിവസം എന്നാണെന്ന് എനിക്കറിയില്ല. ചിലപ്പോള്‍ മാസങ്ങള്‍ കഴിഞ്ഞ്… ചിലപ്പോള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞൊരിക്കല്‍… അന്നുവരെ ഈ പാവയുടെ രൂപത്തില്‍ എനിക്കീ ഭൂമിയില്‍ കഴിയേണ്ടി വരും…” പാവക്കുട്ടി സങ്കടപ്പെട്ടു.

“വിഷമിക്കേണ്ട… പാ‍വക്കുട്ടിക്ക് ഞാനുണ്ട് കൂട്ടിന്… എത്ര നാള്‍ വേണമെങ്കിലും എന്നോടൊപ്പം കഴിഞ്ഞോളൂ…” സെലീന പാവക്കുട്ടിയെ ആശ്വസിപ്പിച്ചു..

“ഒരു ദിവസം എന്റെയീ രൂപത്തിന്‍ മാറ്റം വരും.. എനിക്കെന്റെ പഴയ രൂപം തിരിച്ചു കിട്ടും. അന്ന് ഞാനീ ഭൂമി വിട്ട് സ്വര്‍ഗ്ഗത്തിലേക്ക് മടങ്ങും..പക്ഷേ ഈ ഭൂമി വിട്ട് സ്വര്‍ഗ്ഗത്തിലേക്ക് പോകുന്നതിന്‍ മുമ്പ് എനിക്കീ ഭൂമിയില്‍ ചില കടമകള്‍ ചെയ്തു തീര്‍ക്കാനുണ്ട്…” മാലാഖ സെലീനയോട് പറഞ്ഞു.

“അതെന്താണ്.. “സെലീന പെട്ടന്ന് ചോദിച്ചു. “അത്… സെലീനയുടെ സ്വഭാവങ്ങളെല്ലാം മാറ്റി നല്ലൊരു കുട്ടിയാക്കുക എന്നതാണ്” പാവക്കുട്ടി പറഞ്ഞത് കേട്ട് സെലീനയുടെ മുഖം ചുവന്നു. ആരെങ്കിലും തന്നെ കുറ്റപ്പെടുത്തുന്നത് സെലീനയ്ക്ക് തീരെ സഹിക്കില്ലല്ലോ..

“ആരു പറഞ്ഞു ഞാന്‍ ചീത്ത കുട്ടിയാണെന്ന്…? ഞാന്‍ നല്ല കുട്ടിയാ..” സെലീന പരിഭവപ്പെട്ടു

“സെലീനേ നല്ല കുട്ടികള്‍ നല്ല പ്രവ്യത്തികള്‍ മാത്രമേ ചെയ്യുകയുള്ളു… അവര്‍ എല്ലാവരെയും സ്നേഹിക്കും. ആരോടും വഴക്കുണ്ടാക്കുകയില്ല. നന്നായി പഠിക്കും . പക്ഷേ ആ സ്വഭാവങ്ങളൊന്നും നിനക്കില്ല… മറ്റുള്ള കുട്ടികളുമായി വഴക്കുണ്ടാക്കുക. അവരെ ഉപദ്രവിക്കുക. എന്നു വേണ്ട ഒരു പാട് ചീത്ത സ്വഭാവങ്ങള്‍ കുട്ടിക്കുണ്ട്… “പാവക്കുട്ടി തന്നെ കുറ്റപ്പെടുത്തുന്നത് സഹിച്ചു നില്‍ക്കുവാന്‍ സെലീനയ്ക്ക് കഴിഞ്ഞില്ല. അവളുടെ ക്ഷമയറ്റു. “

പോ… പോ.. ഇവിടുന്ന്…” കലിമൂത്ത അവള്‍ കൈയ്യില്‍ കിട്ടിയതെല്ലാം പാവക്കുട്ടിയുടെ മുഖത്തേക്ക് വലിച്ചെറിഞ്ഞു. പാവക്കുട്ടി ഒരക്ഷരം ഒരിയാടാതെ സെലീനയുടെ മുഖത്തേക്ക് നോക്കി പുഞ്ചിരി തൂകി നിന്നു. സെലീനയ്ക്ക് ദേഷ്യം വര്‍ദ്ധിച്ചു. അവള്‍ പാവക്കുട്ടിയുടെ മുഖത്ത് കാര്‍ക്കിച്ചു തുപ്പി. കൊഴുത്ത തുപ്പല്‍ പാവക്കുട്ടിയുടെ മുഖത്ത് നിന്നും താഴേക്ക് ഒലിച്ചിറങ്ങി. എന്നിട്ടും ദേഷ്യമടക്കുവാനാവാതെ സെലീന പാവക്കുട്ടിയെ എടുത്ത് തുറന്ന് കിടന്ന ജാലകത്തിലൂടെ പുറത്തേക്ക് വലിച്ചെറിഞ്ഞു…

പുറത്ത് അപ്പോള്‍ മഞ്ഞുമഴ പെയ്യുകയായിരുന്നു. തണുപ്പ് സെലീനയുടെ ശരീരത്തില്‍ കുത്തിയിറങ്ങി. ജാലകവാതില്‍ അടച്ചശേഷം അവള്‍ കട്ടിലില്‍ കയറി കമ്പിളിക്കുള്ളില്‍ ആശ്വാസത്തോടെ ചുരുണ്ടു കൂടി കിടന്നു. പെട്ടന്നു തന്നെ അവള്‍ ഉറങ്ങുകയും ചെയ്തു.

പ്രഭാതം.
അന്ന് അവധി ദിവസമാ‍യതിനാല്‍ സെലീന കട്ടിലില്‍ മൂടിപ്പുതച്ച് കിടന്നുറക്കമായിരുന്നു. സമയം ഏഴു മണി കഴിഞ്ഞു. സെലീനയുടെ മമ്മി അടുക്കളയില്‍ തിരക്കിട്ട ജോലിയിലാണ്. പപ്പയും, വല്യപ്പച്ചനും പത്രം വായിക്കുന്ന തിരക്കിലുമാണ്…

“സെലീനേ…” കൂര്‍ക്കം വലിച്ചുറങ്ങുന്ന സെലീനയെ ആരോ തട്ടി വിളിച്ചു. ഒന്ന് രണ്ട് തവണ വിളി കേട്ടിട്ടും സെലീന അനങ്ങിയില്ല. ഒടുവില്‍ അവള്‍ ദേഷ്യത്തോടെ കണ്ണുകള്‍ തുറന്നപ്പോള്‍ പുഞ്ചിരിച്ചുകൊണ്ട തന്റെ മുന്നില്‍ നില്‍ക്കുന്ന പാ‍വക്കുട്ടിയെയാണ് കണ്ടത്..

ഇന്നലെ രാത്രിയില്‍ താന്‍ ജനലിലൂടെ പുറത്തേക്ക് വലിച്ചെറിഞ്ഞ എങ്ങനെ വീണ്ടും ഇവിടെയെത്തി… സെലീന ഞെട്ടിപ്പോയി.

(തുടരും...)

Tuesday, June 24, 2008

സെലീനയുടെ പാവക്കുട്ടി -10

“താന്‍ കാ‍ണുന്നത് സത്യമോ, മിഥ്യയോ..? സെലീന വിശ്വാസം വരാതെ കണ്ണുകള്‍ തിരുമിനോക്കി. “എന്താ വിശ്വാസം വരുന്നില്ലേ..” പാവക്കുട്ടി സെലീനയോട് ചോദിച്ചു.

“നോക്കു.. ഞാന്‍ സാധാരണ പാവയല്ല.. എനിക്ക് കുട്ടിയെപ്പോലെ സംസാരിക്കുവാനും, ഓടിച്ചാടി നടക്കുവാനും, പാട്ട് പാടാനും, ന്യത്തം ചെയ്യാനും, അതുപോലെ ഒരുപാട് അത്ഭുതങ്ങള്‍ കാണിക്കുവാനും കഴിയും..” അമ്പരന്നു നില്‍ക്കുന്ന സെലീനയോട് പാവക്കുട്ടി പറഞ്ഞു.

“എനിക്ക് പേടിയാ..” സെലീന നിലവിളിക്കുമെന്ന അവസ്ഥയിലായി. “എന്തിനാ പേടിക്കുന്നെ…. ഞാന്‍ കുട്ടിയെ ഒന്നും ചെയ്യില്ല.. “ പാവക്കുട്ടി സെലീനയെ ആശ്വസിപ്പിച്ചെങ്കിലും സെലീയുടെയുള്ളിലെ ഭയം വര്‍ദ്ധിക്കുകയാണുണ്ടാ‍യത്.

“പോ…. എന്റെ മുന്നീന്ന് പോ.. എനിക്ക് ശരിക്കും പേടിയാവുന്നു.. ഞാനിപ്പം ന്റെ പപ്പേം, മമ്മീയേം വിളിക്കും..” സെലീന മുഖം പൊത്തി കരയുവാന്‍ തുടങ്ങി.

“എന്റെ കുട്ടീ, നീ കരഞ്ഞാലും, നിലവിളിച്ചാലും ആരും കുട്ടീടെ ശബ്ദം കേള്‍ക്കില്ല. എല്ലാവരും നല്ല ഉറക്കമാ ഇപ്പോള്‍…” പാവക്കുട്ടി പറഞ്ഞത് കേട്ടപ്പോള്‍ സെലീനയുടെ ഭയം ഇരട്ടിച്ചു. പെട്ടന്ന് അവള്‍ തുറന്നു കിടന്ന് വാതിലിലൂടെ പുറത്തേക്ക് ഓടുവാന്‍ ശ്രമിച്ചെങ്കിലും വാതില്‍ അവളുടെ മുന്നില്‍ താനെ അടയ്ക്കപ്പെട്ടു..

ആരാണ്‍ വാതിലടച്ചത്…? സെലീനയ്ക്ക് ഭയം വര്‍ദ്ധിച്ചു. അവള്‍ വാതില്‍ തുറക്കുവാന്‍ പലതവണ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.

“പേടിക്കേണ്ട കുട്ടീ, ഞാനാണ്‍ വാതിലടച്ചത്.. ഞാന്‍ വിചാരിക്കാതെ ആര്‍ക്കും ഇനിയും ഈ വാതില്‍ തുറക്കുവാന്‍ കഴിയില്ല.“ പാവക്കുട്ടി സെലീനയെ നോക്കി പുഞ്ചിരിച്ചു കൊണ്ട പറഞ്ഞു. “എനിക്ക് ചില അത്ഭുതശക്തികളുണ്ടെന്ന് ഞാന്‍ പറഞ്ഞില്ലേ.. ആ അത്ഭുത ശക്തികൊണ്ടാണ്‍ ഞാനീ വാതിലടച്ചത്…”

“എന്താ ഞാന്‍ പറഞ്ഞത് നിനക്ക് വിശ്വസിക്കുവാന്‍ കഴിയുന്നില്ലേ..“ താന്‍ പറഞ്ഞത് വിശ്വസിക്കുവാനാവാതെ മിഴിച്ചു നില്‍ക്കുന്ന സെലീനയോട് പാവക്കുട്ടി ചോദിച്ചു. “എങ്കിലിതാ ഞാന്‍ മറ്റൊരു അത്ഭുതം കാട്ടിത്തരാം…”

അങ്ങനെ പറഞ്ഞുകൊണ്ട് പാവക്കുട്ടി തന്റെ രണ്ടു കൈകളും നീട്ടി. ആ മുറിയിലെ നീല വെളിച്ചത്തില്‍ അപ്പോഴും ആയിരക്കണക്കിന്‍ മിന്നാമിന്നികള്‍ പറന്നു കളിക്കുന്നുണ്ടായിരുന്നു. പാവക്കുട്ടി കൈകള്‍ നീട്ടിയപ്പോള്‍ നീലവെളിച്ചത്തോടൊപ്പം മിന്നാമിന്നികളും എവിടെയോ അപ്രത്യക്ഷമായി.

സെലീനയുടെ മനസ്സില്‍ അത്ഭുതവും അമ്പരപ്പും വര്‍ദ്ധിച്ചു. അവള്‍ പാ‍വക്കുട്ടിയുടെ മുഖത്തേക്ക് നോക്കി. പാവക്കുട്ടി അവളെ നോക്കി അപ്പോഴും പുഞ്ചിരിച്ചു.

“കുട്ടി പേടിക്കുന്നതുപോലെ ഞാന്‍ അപകടകാരിയൊന്നുമല്ല…. മറിച്ച് ഇന്നു മുതല്‍ ഞാന്‍ നിന്റെ നല്ല കൂട്ടുകാരിയാണ്‍… “ സെലീനയെ പാവക്കുട്ടി ധൈര്യപ്പെടുത്തി. “ഇന്നുമുതല്‍ കുട്ടിയോടൊപ്പം ഞാനെപ്പോഴുമുണ്ടാകും.. എന്നാല്‍ എനിക്ക് ജീവനുണ്ടെന്നോ.. ഞാന്‍ സംസാരിക്കുമെന്നോ കുട്ടിക്കല്ലാതെ മറ്റാര്‍ക്കും അറിയുവാന്‍ കഴിയില്ല. മറ്റുള്ളവര്‍ക്ക് ഞാനൊരു സാധാരണ പാവയായിട്ടേ തോന്നൂ..

‘തനിക്കല്ലാതെ മറ്റാര്‍ക്കും പാവക്കുട്ടി സംസാരിക്കുന്നത് കേള്‍ക്കുവാന്‍ കഴിയില്ലെന്നോ…‘ ഇതു കൊള്ളാമല്ലോ…” സെലീന അത്ഭുതപ്പെട്ടു. അവള്‍ ഒളികണ്ണിട്ട് പാവക്കുട്ടിയെ നോക്കി. പാവക്കുട്ടി സെലീനയെ നോക്കി. പാവക്കുട്ടി അവളെ നോക്കി കണ്ണീറുക്കി കാട്ടി. അതു കണ്ട സെലീന മെല്ലെ പുഞ്ചിരിച്ചു.

“ഹാവൂ ആശ്വാസമായി… കുട്ടിയൊന്ന് ചിരിച്ചു കണ്ടല്ലോ… സെലീനയ്ക്കിപ്പോള്‍ പേടിയൊക്കെ മാറിയോ..” പാവക്കുട്ടിയും പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു. പാവക്കുട്ടിയുടെ ചോദ്യത്തിന്‍ സെലീന ഉത്തരം പറഞ്ഞില്ല. എങ്കിലും അവളുടെ മനസ്സിലുണ്ടായിരുന്ന ഭയമൊക്കെ മെല്ലെ പമ്പ കടക്കുവാന്‍ തുടങ്ങിയിരുന്നു..

“പേടി മാറിയെങ്കില്‍ ദാ ഞാനൊരു വിദ്യ കാണിച്ചു തരാം…” അങ്ങനെ പറഞ്ഞു കൊണ്ട് പാവക്കുട്ടി രണ്ടു കൈകളും നീട്ടി. പെട്ടന്ന് ആ മുറിയ്ക്കുള്ളില്‍ കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം നിറഞ്ഞു. ഏതാനും നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ പ്രകാശത്തിന്റെ ശക്തി കുറഞ്ഞു. അപ്പോള്‍ വിവിധ നിറത്തിലും, വലുപ്പത്തിലുമുള്ള ആയിരക്കണക്കിന്‍ പൂമ്പാറ്റകളെക്കൊണ്ട് ആ മുറി നിറഞ്ഞു. അവ സെലീനയെ തൊട്ടുരുമിക്കൊണ്ട് പറന്നു കളിച്ചു.

“ഹായ്.. ഹായ് എന്തോരം പൂമ്പാറ്റകള്‍.. “ അവള്‍ തുള്ളിച്ചാടുവാന്‍ തുടങ്ങി..

“കുട്ടിക്ക് പൂമ്പാറ്റകളെ ഒരുപാടിഷ്ടമാണല്ലേ…? “ പാവക്കുട്ടിയുടെ ചോദ്യത്തിന്‍ ‘അതെ’ന്നര്‍ത്ഥത്തില്‍ സെലീന തലയാട്ടി.

“എന്നെ ഇഷ്ടമാണോ…” പാവക്കുട്ടിയുടെ ആ ചോദ്യത്തിനും സെലീന തലയാട്ടി. സെലീനയ്ക്ക് പാവക്കുട്ടിയോട് എന്തൊക്കെയോ ചോദിക്കണമെന്നും, പറയണമെന്നുമുണ്ടായിരുന്നു. പക്ഷേ എങ്ങനെ തുടങ്ങണമെന്ന് ഒരു തിട്ടവുമില്ലായിരുന്നു.

“ഞാനെങ്ങനെയാണ് സംസാരിക്കുന്നതെന്നും, അത്ഭുതപ്രവ്യത്തികള്‍ കാണിക്കുന്നതെന്നും കുട്ടി ചിന്തിക്കുകയാണല്ലേ…” പാവക്കുട്ടി സെലീനയോട് ചോദിച്ചു.

“ങ്ഹും..” സെലീന മൂളി.

“എങ്കിലിതാ എന്റെ കഥ കേട്ടോളൂ…” പാവക്കുട്ടി സെലീനയോട് തന്റെ കഥ പറയുവാന്‍ തുടങ്ങി.

(തുടരും..)

Monday, June 23, 2008

സെലീനയുടെ പാവക്കുട്ടി-9

അന്ന് വൈകുന്നേരമായപ്പോഴേക്കും പിറന്നാളാഘോഷങ്ങളില്‍ പങ്കെടുക്കുവാന്‍ സെലീനയുടെ വീട്ടില്‍ അതിഥികളെല്ലാം എത്തിച്ചേര്‍ന്നു. സ്ക്കൂളില്‍ നിന്ന് മെറിനടീച്ചര്‍ വന്നെങ്കിലും സെലീനയുടെ ക്ലാസിലെ കുട്ടികളാരും വന്നില്ല. സെലീനയെ അത് വളരെയധികം വിഷമിപ്പിക്കുകയും ചെയ്തു.

സെലീന ബെര്‍ത്ത് ഡേ കേക്ക് മുറിച്ചതോടു കൂടി പിറന്നാള്‍ ആഘോഷങ്ങള്‍ക്ക് ആരംഭമായി. “ഹാപ്പി ബര്‍ത്ത് ഡേ സെലീന…” പിറന്നാളാഘോഷങ്ങളില്‍ പങ്കെടുക്കുവാനെത്തിയവരൊക്കെ സെലീനയ്ക്ക് ആശംസകള്‍ നേരുകയും, ധാരാളം സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തു.

“കഴിഞ്ഞ കാലങ്ങളില്‍ സെലീനമോലെ കാത്തു രക്ഷിച്ച ദൈവം ഇനിയും അവള്‍ക്ക് ആയുസ്സും, ബലവും നല്‍കട്ടെ…” ഇമ്മാനുവേലച്ചന്‍ സെലീനയെ അനുഗ്രഹിച്ചു. മാത്രമല്ല സുന്ദരിയായൊരു പാവക്കുട്ടിയെ ഫാദര്‍ അവള്‍ക്ക് സമ്മാനിക്കുകയും ചെയ്തു. സെലീനയ്ക്ക് പാവക്കുട്ടിയെ വളരെയധികം ഇഷ്ടപ്പെട്ടു. കാരണം ആ പാവക്കുട്ടിക്ക് അതിസുന്ദരിയായൊരു മാലാഖയുടെ മുഖമായിരുന്നു.

പിറന്നാളാഘോഷങ്ങള്‍ കഴിഞ്ഞപ്പോഴേക്കും രാത്രിയായിരുന്നു. അതിഥികളെല്ലാം യാത്ര പറഞ്ഞ് പിരിഞ്ഞു. ഫാദറ് സമ്മാനിച്ച പാവക്കുട്ടിയെ നെഞ്ചോട് ചേര്‍ത്ത് പിടിച്ചു കിടന്ന് സെലീനയും തളര്‍ന്നുറങ്ങിപ്പോയിരുന്നു.

സമയം പാതിരാത്രിയായി.
സെലീന തന്റെ മുറിയില്‍ കിടന്ന് കൂര്‍ക്കം വലിച്ചുറങ്ങുകയാണ്. “സെലീനേ..” ഉറങ്ങി കിടന്ന തന്നെ ആരോ പലതവണ തട്ടി വിളിച്ചതുപോലെ സെലീനയ്ക്ക് തോന്നി. അവള്‍ ദേഷ്യത്തോടെ കണ്ണുകള്‍ തുറന്ന് നോക്കിയപ്പോള്‍ തന്റെ മുറിയില്‍ നീലവെളിച്ചം നിറഞ്ഞു നില്‍ക്കുന്നത് അവള്‍ കണ്ടു. സെലീനയ്ക്ക് അത്ഭുതവും, അമ്പരപ്പും വര്‍ദ്ധിച്ചു. പെട്ടന്നാണ് അടച്ചിട്ടിരിക്കുന്ന ജാലകവാതില്‍ ആരോ തുറക്കുന്നതുപോലെ അവള്‍ക്ക് തോന്നിയത്. തുറന്ന ജാലകത്തിലൂടെ പെട്ടന്ന് ആയിരക്കണക്കിന് മിന്നാമിന്നികള്‍ ആ മുറിയിലേക്ക് പറന്നെത്തി. അവ അവള്‍ക്ക് ചുറ്റും പറന്നു കളിച്ചു. സെലീന ഒന്നും മനസ്സിലാകാതെ ഒരു സ്വപ്നലോകത്തിലെന്നപോലെ മിഴിച്ചു നിന്നു.

“സെലീനേ..” നീലവെളിച്ചത്തിനുള്ളില്‍ നിന്ന് ആരോ തന്നെ വിളിച്ചത് കേട്ട് സെലീന പെട്ടന്ന് തിരിഞ്ഞു നോക്കി. ആരാണ് തന്നെ വിളിച്ചത്. സെലീനയ്ക്ക് വല്ലാത്ത ഭയം തോന്നി. നല്ല തണുപ്പുള്ള രാത്രിയായിരുന്നിട്ടും അവളുടെ ശരീരം വിയര്‍ത്തൊലിക്കുവാന്‍ തുടങ്ങി.

“മമ്മീ…” ഉച്ചത്തില്‍ നിലവിളിച്ചെങ്കിലും അവളുടെ തൊണ്ടയില്‍ നിന്ന് ശബ്ദം പുറത്തേക്ക് വന്നില്ല.

“പേടിക്കേണ്ട കുട്ടീ… ഞാനാ നിന്നെ വിളിച്ചത്..” ആ ശബ്ദം കേട്ട് സെലീന തിരിഞ്ഞു നോക്കി. അപ്പോഴാണ് അവളത് കണ്ടത്…. പിറന്നാളിന് ഫാദറ് തനിക്ക് സമ്മാനിച്ച പാവക്കുട്ടി ജീവനോടെ തന്റെ മുന്നില്‍ നില്‍ക്കുന്നു.

“പാവക്കുട്ടിക്കെങ്ങനെ സംസാരിക്കുവാന്‍ കഴിയും..” സെലീന അത്ഭുതപ്പെട്ടു. ‘ സംസാരിക്കുക മാത്രമല്ല തന്നെ നോക്കി അത് ചിരിക്കുകയും, കണ്ണിറുക്കയും ചെയ്യുന്നു. അവള്‍ അമ്പരപ്പോടെ പാവക്കുട്ടിയുടെ മുഖത്തേക്ക് നോക്കി മിഴിച്ചിരുന്നു..

ബാറ്ററിയിട്ടാല്‍ പാട്ടുപാടുകയും ഡാന്‍സ് ചെയ്യുന്നതുമായ ഏതാനും പാവകള്‍ സെലീനയുടെ വീട്ടിലുണ്ട്. എന്നാല്‍ മനുഷ്യനെപ്പോലെ സംസാരിക്കുന്ന പാവകളെക്കുറിച്ച് സെലീന കേട്ടിട്ടുപോലുമില്ല. എന്നാല്‍ അത്തരമൊരു പാവയാണ് തന്റെ മുന്നില്‍ നില്‍ക്കുന്നത്..

സെലീനയ്ക്ക് അത്ഭുതവും, അമ്പരപ്പും വര്‍ദ്ധിച്ചു.

(ബാക്കി ഭാഗം നാളെ..)

Sunday, June 22, 2008

സെലീനയുടെ പാവക്കുട്ടി -8

ദിവസങ്ങള്‍ പലതും കഴിഞ്ഞു കൊണ്ടിരുന്നു.
അന്ന് ഒരു ശനിയാഴ്ച ദിവസമായിരുന്നു. അന്നാ‍യിരുന്നു സെലീനയുടെ പിറന്നാള്‍. സെലീനയുടെ ഓരോ പിറന്നാളും വളരെ ഗംഭീരമായി അവളുടെ പപ്പയും മമ്മിയും ആഘോഷിക്കുക പതിവായിരുന്നു.

പിറന്നാളിനോടനുബന്ധിച്ച് തന്റെ വീട്ടില്‍ വച്ച് നടക്കുന്ന വിരുന്നിലേക്ക് രണ്ട് ദിവസങ്ങള്‍ക്കു മുമ്പ് തന്നെ ക്ലാസിലെ കുട്ടികളെയും, മെറീന ടീച്ചറെയും സെലീന ക്ഷണിച്ചിരുന്നു.

“ഞാന്‍ നിന്റെ വീട്ടില്‍ വരത്തില്ല…” സെലീന തന്നെ ക്ഷണിച്ചപ്പോള്‍ അപ്പു അവളോട് വെട്ടിത്തുറന്നു പറഞ്ഞു. അപ്പു പറഞ്ഞത് കേട്ടപ്പോള്‍ സെലീനയ്ക്ക് മനസ്സില്‍ വിഷമം തോന്നിയെങ്കിലും അവളത് പുറത്ത് പ്രകടിപ്പിച്ചില്ല.

“നീ വരണ്ടാടാ കുരങ്ങച്ചാ.. നിന്റെ പിറന്നാളിന്‍ ഞാനും വരത്തില്ല…” സെലീന ദേഷ്യത്തോടു കൂടി അപ്പുവിനെ പിന്നിലേക്ക് തള്ളി. ഭാഗ്യത്തിന്‍ അവന്‍ താഴെ വീണില്ല. എന്നാല്‍ മറ്റ് കുട്ടികളുടെയൊക്കെ മുമ്പാകെ അവള്‍ തന്നെ ‘കുരങ്ങച്ച’ നെന്ന് വിളിച്ചത് അപ്പുവിന് തീരെ സഹിച്ചില്ല.

“എന്റെ ഒടിഞ്ഞ് കൈയ്യേലെ പ്ലാസ്റ്ററെടുക്കട്ട്. കാണിച്ചു തരാം ഞാന്‍..” അപ്പു സെലീനയെ ഭീഷണിപ്പെടുത്തി. ഇതു കേട്ടപ്പോള്‍ സെലീനയ്ക്ക് ദേഷ്യം വര്‍ദ്ധിച്ചു.

ദിവസങ്ങള്‍ക്ക് മുമ്പ് അപ്പു തന്നെ കല്ല് വലിച്ചെറിഞ്ഞത് അവള്‍ മറന്നിരുന്നില്ല. തന്റെ കൈയ്യിലിരുന്ന പേന കൊണ്ട് അപ്പുവിന്റെ തലയ്ക്ക് അവള്‍ ഒരു കുത്തു കൊടുത്തു. അപ്പുവിന് ശരിക്കും വേദനിച്ചു. അവന്‍ തേങ്ങിക്കരയുവാന്‍ തുടങ്ങി. സെലീന അവന്റെ ചെവിക്ക് ഒരു നുള്ള് കൂടി നല്‍കിയപ്പോള്‍ അപ്പുസിന്റെ കരച്ചില്‍ ഉച്ചത്തിലായി. അപ്പോഴേക്കും സെലീന അവിടെ നിന്ന് ഓടിയൊളിച്ചു.

പിറന്നാളിനോടനുബന്ധിച്ച് സെലീനയുടെ വീട്ട് മുറ്റത്ത് മനോഹരമായൊരു പന്തല്‍ അണിയിച്ചൊരുക്കിയിരുന്നു. തലേദിവസം തന്നെ സെലീനയുടെ പിറന്നാളാഘോഷങ്ങളില്‍ പങ്കെടുക്കുവാന്‍ ദൂരെയുള്ള സ്ഥലങ്ങളില്‍ നിന്ന് ബന്ധുക്കളൊക്കെ അവളുടെ വീട്ടിലെത്തിയിരുന്നു. സെലീനയാണെങ്കില്‍ വലിയ സന്തോഷത്തിലായിരുന്നു. കുളിച്ചൊരുങ്ങി പുതിയ വസ്ത്രവും ധരിച്ച് ഒരു പൂമ്പാറ്റയെപ്പോലെ അവള്‍ എങ്ങും ഓടി നടന്നു.

“മോളെ ഓടിച്ചാടി എങ്ങും വീഴരുത്…” പപ്പ അവള്‍ക്ക് മുന്നറിയിപ്പ് നല്‍കി. പക്ഷേ സെലീന അടങ്ങിയില്ല. ഇതിനിടയില്‍ അവള്‍ സണ്ണിയങ്കിളിന്റെ മകള്‍ അലീനയുമായി വഴക്കുണ്ടാക്കുകയും ചെയ്തു.

സെലീനയുടെ മമ്മിയുടെ സഹോദരനാണ് സണ്ണിയങ്കിള്‍. അലീനയ്ക്ക് നാല്‍ വയസ്സാണ് പ്രായം. സെലീന മുറ്റത്തെ പന്തലിനുള്ളില്‍ നല്ല വലുപ്പത്തില്‍ വീര്‍പ്പിച്ച ഒരു ബലൂണിട്ട് തട്ടിക്കളിക്കുമ്പോഴാണ്‍ അലീന അവിടേക്ക് കടന്നു വന്നത്.

ചേച്ചി എന്നെക്കൂടി കളിപ്പിക്കുമോ..” കുറെനേരം സെലീന കളിക്കുന്നത് നോക്കി നിന്ന അലീന സെലീനയോട് ചോദിച്ചു.

“ഇല്ല. നീ അവിടിരുന്ന് കളി കണ്ടാല്‍ മതി..” സെലീന പറഞ്ഞത് കേട്ടപ്പോള്‍ അലീനയ്ക്ക് ഭയങ്കര വിഷമം തോന്നി. അവള്‍ ഒന്നും മിണ്ടാതെ സെലീന ബലൂണ്‍ തട്ടിക്കളിക്കുന്നത് നോക്കിയിരുന്നു. കുറെ നേരമായപ്പോള്‍ അലീനയ്ക്ക് വല്ലാത്ത മടുപ്പ് തോന്നി. സെലീനയുടെ കൈയ്യില്‍ നിന്ന് ബലൂണ്‍ താഴെ വീണ തക്കത്തിന് അവള്‍ അതെടുത്ത് കൊണ്ട് ഒറ്റ ഓട്ടമായിരുന്നു.

“മമ്മീ..” സെലീന പിന്നാലെ ഓടി. ബലൂണുമായി ഓടുന്നതിനിടയില്‍ അലീന തിരിഞ്ഞു നോക്കിയതാണ്. അവള്‍ കാലിടറി ബലൂണിന്റെ മുകളിലേക്ക് പൊത്തോന്ന് വീഴുകയും ‘ടപ്പ്’ എന്ന ശബ്ദത്തില്‍ ബലൂണ്‍ പൊട്ടിപ്പോവുകയും ചെയ്തു. അലീന ഉരുണ്ട് പിടഞ്ഞെഴുന്നേറ്റപ്പോഴേക്കും സെലീന അവിടെ ഓടിയെത്തിയിരുന്നു. അലീന വല്ലാതെ ഭയന്നു പോയി.

സെലീനയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു തുടുത്തു. അലീനയാണെങ്കില്‍ ഇപ്പോള്‍ പൊട്ടിക്കരയുമെന്ന അവസ്ഥയിലായിരുന്നു. “ചേച്ചി.. എന്താ എന്നെ കളിപ്പിക്കാത്തെ. അതുകൊണ്ടാ ബലൂണുകൊണ്ട് ഞാനോടിയത്..” ഉള്ളിലെ ഭയം മറച്ചു വച്ചു കൊണ്ട് അലീന പറഞ്ഞു.

പക്ഷേ സെലീനയ്ക്ക് ദേഷ്യമടക്കുവാനായില്ല. അവള്‍ അലീനയുടെ കവിളത്ത് ആഞ്ഞടിച്ചു. വേദനകൊണ്ട് അലീന പുളഞ്ഞുപോയി. അലീനയാരാ മോള്‍. ചേച്ചിയാണെന്നൊന്നും അവള്‍ നോക്കിയില്ല. ശരീരം വേദനിച്ചപ്പോള്‍ അവളും വിട്ടു കൊടുത്തില്ല. സെലീനയുടെ തലമുടിക്ക് അവള്‍ പിടുത്തമിട്ടു. സെലീന കുതറിയെങ്കിലും അലീന വിട്ടില്ല. അവള്‍ സെലീനയെ തള്ളി താഴെയിട്ടു.

“മമ്മീ..” സെലീന നിലവിളിച്ചു. കുട്ടികള്‍ തമ്മിലുള്ള വഴക്ക് കണ്ട അലീനയുടെ അമ്മ പെട്ടന്ന് അവിടെ ഓടിയെത്തി. “ആന്റീ…” സെലീന വിങ്ങിപ്പൊട്ടി കരയുവാന്‍ തുടങ്ങി.

അമ്മ ഒരു വടിയെടുത്ത് അലീനയുടെ തുടയ്ക്ക് ഒരു തല്ലു കൊടുത്തു. നന്നായി വേദനിച്ചെങ്കിലും അലീന കരഞ്ഞില്ല. അവള്‍ കത്തുന്ന മിഴികളോടു കൂടി സെലീനയുടെ മുഖത്തേക്ക് നോക്കി. അലീനയ്ക്ക് അടി കിട്ടിയപ്പോള്‍ സെലീനയ്ക്ക് സന്തോഷമായി.

"സെലീന ചേച്ചിയുമായി ഞാനിനി വഴക്കുണ്ടാക്കില്ല…” അമ്മയുടെ കൈയ്യില്‍ നിന്ന് വീണ്ടും അടി കിട്ടുമെന്നായപ്പോള്‍ പെട്ടന്ന് അലീന പറഞ്ഞു.

“വഴക്കുണ്ടാക്കിയാല്‍ നിന്നെ ഇവിടെ വിട്ടിട്ട് ഞാനങ്ങ് പോകും…” അമ്മ അലീനയെ ഭീഷണിപ്പെടുത്തി. ആ ഭീഷണി ശരിക്കും ഫലിച്ചു. കുറെ സമയം സെലീനയും, അലീനയും പര്‍സ്പരം ഒരിയാടാതെ കവിള്‍ വീര്‍പ്പിച്ചിരുന്നെങ്കിലും പിന്നീട് അവര്‍ സ്നേഹത്തിലായി.

(തുടരും...)

Saturday, June 21, 2008

സെലീനയുടെ പാവക്കുട്ടി-7

അപ്പു പേടിയോടു കൂടിയാണ് ഓരോ നിമിഷവും തള്ളി നീക്കിയത്. എന്നാല്‍ മണിക്കൂറുകള്‍ കഴിഞ്ഞിട്ടും താന്‍ ഭയന്നതു പോലൊന്നും സംഭവിക്കാതിരുന്നപ്പോള്‍ അവന്‍ ആശ്വാസം തോന്നി.

താന്‍ കല്ല് വലിച്ചെറിഞ്ഞത് സെലീന വീട്ടില്‍ പറഞ്ഞില്ലേ…” രാത്രിയില്‍ ഉറങ്ങുവാന്‍ കിടന്നപ്പോഴും അപ്പു ചിന്തിച്ചത് അതായിരുന്നു. ‘സാധാരണ എന്തെങ്കിലും ചെറിയ പ്രശ്നമുണ്ടായാല്‍ മതി സെലീന പൊടിപ്പും തൊങ്ങലും ചേര്‍ത്ത് വീട്ടില്‍ പറയുന്നതാണ്‍. പക്ഷേ ഇന്നിവള്‍ക്കെന്തു സംഭവിച്ചു?. എത്ര തന്നെ ചിന്തിച്ചിട്ടും അപ്പുവിന്‍ ഒരെത്തും പിടിയും കിട്ടിയില്ല.

എന്നാല്‍ അപ്പു തന്നെ കല്ല് വലിച്ചെറിഞ്ഞത് മനപൂര്‍വ്വം സെലീന തന്റെ വീട്ടില്‍ അറിയിക്കാതിരുന്നതാണ്‍. ഇക്കാര്യം പപ്പയോടോ, മമ്മിയോടോ പറഞ്ഞാല്‍ തന്നെ ആട് കുത്തിയ കാര്യം വെളിച്ചത്താകുമെന്ന് അവള്‍ ഭയന്നു…

‘സമയം വരട്ടെ.! തന്നെ കല്ല് വലിച്ചെറിഞ്ഞതിന്‍ അപ്പുവിനോട് പകരം വീട്ടിക്കൊള്ളാം’ സെലീനയുടെ തീരുമാനം അതായിരുന്നു.

അടുത്ത ദിവസം സെലീന ക്ലാസിലെത്തിയപ്പോള്‍ അവളുടെ മുഖത്ത് നോക്കുവാന്‍ പോലും അപ്പുവിന്‍ ഭയമായിരുന്നു. ‘നെനക്ക് ഞാന്‍ വച്ചിട്ടുണ്ടെടാ…” സെലീന അപ്പുവിനെ നോക്കി മനസ്സില്‍ മന്ത്രിച്ചു.

മെറിനടീച്ചര്‍ ക്ലാസിലെ കുട്ടികളെ പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്‍. സെലീനയൊഴികെ ബാക്കി കുട്ടികളുടെയെല്ലാം ശ്രദ്ധ ടീച്ചറിലായിരുന്നു. അപ്പുവിനോട് എങ്ങനെ പ്രതികാരം ചെയ്യാം എന്നതിനെക്കുറിച്ചാണ്‍ സെലീന അപ്പോള്‍ ചിന്തിച്ചുകൊണ്ടിരുന്നത്.

‘എന്താ കുട്ടി സ്വപ്നം കാണുകയാണോ..” സെലീനയുടെ മനസ്സ് വായിച്ചറിഞ്ഞ ടീച്ചറ് അവളോട് ചോദിച്ചു. ഇതു കേട്ട് ക്ലാസിലെ മറ്റ് കുട്ടികള്‍ പൊട്ടിച്ചിരിച്ചു.

“നിശബ്ദരായിരിക്കൂ..” ടീച്ചറ് കുട്ടികളോട് ആജ്ഞാപിച്ചു. പെട്ടന്ന് അവരെല്ലാവരും ശാന്തരായി. ‘ഞാന്‍ പഠിപ്പിച്ചുകൊണ്ടിരുന്നപ്പോള്‍ കുട്ടി എന്താണ്‍ ചിന്തിച്ചു കൊണ്ടിരുന്നത്…” മെറീന ടീച്ചറ് സെലീനയോട് ചോദിച്ചു.

ക്ലാസിലിരിക്കുമ്പോള്‍ മറ്റൊന്നും ചിന്തിക്കാതെ പഠിപ്പിക്കുന്ന കാര്യങ്ങളില്‍ മാത്രം ശ്രദ്ധിക്കണമെന്ന് ടീച്ചറ് പല തവണ തന്നോട് പറഞ്ഞിട്ടുള്ളതാണ്‍. ഇനിയിപ്പോള്‍ ടീച്ചറിനോട് എന്തു പറയും…? സെലീന്‍ ചിന്തിച്ചു.

“എന്താ.. കുട്ടി. ചോദിച്ചതിന്‍ ഉത്തരം പറയൂ. ഞാന്‍ പഠിപ്പിക്കുന്നത് ശ്രദ്ധിക്കാതെ എന്താണ്‍ നീ ചിന്തിച്ചുകൊണ്ടിരിക്കുന്നത്..?” മെറിന ടീച്ചറ് സെലീനയോട് ചോദ്യം ആവര്‍ത്തിച്ചു. എന്നാല്‍ സെലീനയ്ക്ക് ഉത്തരം മുട്ടിപ്പോയി

ഇത്തവണ സെലീനയ്ക്ക് ടീച്ചറിന്റെ കൈയ്യില്‍ നിന്ന് നല്ല ചുട്ട അടി കിട്ടുമെന്ന് ക്ലാസിലെ കുട്ടികള്‍ക്കെല്ലാം ഉറപ്പായി. അവര്‍ക്ക് വളരെയധികം സന്തോഷം തോന്നി. അപ്പുവിനായിരുന്നു കൂടുതല്‍ സന്തോഷം.

“ചോദിച്ചത് കേട്ടില്ലേ..” മനീഷ ടീച്ചറിന്‍ ദേഷ്യം വന്നു.

“അത്..അത്… ഞാന്‍ ടീച്ചറിനെക്കുറിച്ച് ചിന്തിച്ചോണ്ടിരിക്കുകയായിരുന്നു..“ തനിക്ക് അടി കിട്ടുമെന്നുറപ്പായപ്പോള്‍ സെലീന ഒരു നുണ കാച്ചി.

“എന്നെക്കുറിച്ച് എന്ത് ചിന്തിക്കാന്‍…” മെറീന ടീച്ചറ് ചോദിച്ചു. “പഠിച്ച് വലുതാകുമ്പോള്‍ ടീച്ചറിനെപ്പോലെ സുന്ദരിയും, മിടുക്കിയുമായൊരു ടീച്ചറായി ഒരു പാട് കുട്ടികളെ പഠിപ്പിക്കുന്നതിനെക്കുറിച്ചാ ഞാന്‍ ചിന്തിച്ചത്…” സെലീന പറഞ്ഞത് കേട്ട് ടീച്ചറിന്റെ ദേഷ്യമെല്ലാം പമ്പ കടന്നു. മാത്രമല്ല ടീച്ചറിന്റെ മുഖത്തൊരു പുഞ്ചിരി പ്രകടമാവുകയും ചെയ്തു.

“കുട്ടിയുടെ ആഗ്രഹം നല്ലതു തന്നെ. പക്ഷെ പഠിക്കുന്ന സമയത്ത് അതുമിതും ചിന്തിക്കരുത് കേട്ടോ..” മെറീന ടീച്ചറ് സെലീനയ്ക്ക് മുന്നറിയിപ്പു നല്‍കി.

“ഇല്ല ടീച്ചറേ..” മനസ്സില്‍ ചിരിച്ചു കോണ്ട് സെലീന ടീച്ചറിന്‍ ഉറപ്പു നല്‍കി. ടീച്ചറിന്റെ കൈയ്യില്‍ നിന്നും സെലീനയ്ക്ക് നല്ല ചുട്ട അടി കിട്ടുമെന്ന് കരുതിയ കുട്ടികളുടെ മുഖം ഇഞ്ചി തിന്ന കുരങ്ങിനെപ്പോലെയായി.

Thursday, June 19, 2008

സെലീനയുടെ പാവക്കുട്ടി -6

അന്നൊരു അവധി ദിവസമായിരുന്നു.
സെലീന വീടിന്റെ മുറ്റത്ത് നിന്ന് റോഡിനപ്പുറത്തുള്ള കുട്ടികളുടെ പാര്‍ക്കിലേക്ക് നോക്കി. നല്ല വെയിലായതിനാല്‍ പാര്‍ക്കില്‍ കുട്ടികളാരുമില്ലായിരുന്നു. സെലീനയ്ക്ക് യാതൊരു രസവും തോന്നിയില്ല. അപ്പോഴാണ്‍ ഗേറ്റിനപ്പുറത്ത് റോഡരികില്‍ വെളുത്ത ഒരാട്ടിന്‍ കുട്ടി അതിന്റെ തള്ളയോടൊപ്പം പച്ചിലകള്‍ തിന്നുകൊണ്ട് നില്‍ക്കുന്നത് അവള്‍ കണ്ടത്.

സെലീനയ്ക്ക് ആട്ടിന്‍ കുട്ടിയെ വലിയ ഇഷ്ടമാണ്. പല തവണ അവള്‍ പപ്പയോട് പറഞ്ഞതാണ്‍ തനിക്കൊരു ആട്ടിന്‍ കുട്ടിയെ വാങ്ങി തരാന്‍. പക്ഷേ മമ്മി സമ്മതിച്ചില്ല... പൂന്തോട്ടത്തിലെ ചെടികളെല്ലാം ആട്ടിന്‍ കുട്ടി തിന്നു നശിപ്പിക്കുമെന്ന ഭയമാണ് മമ്മിയ്ക്ക്…

ഗേറ്റിനരികില്‍ ആട്ടിന്‍ കുട്ടിയെ കണ്ടപ്പോള്‍ സെലീനയ്ക്ക് വളരെ സന്തോഷം തോന്നി. ഗേറ്റ് തുറന്ന് ആട്ടിന്‍ കുട്ടിയുടെ അടുക്കലേക്ക് ചെന്നാലോ..? അവള്‍ ചിന്തിച്ചു. പക്ഷേ റോഡിലേക്കൊന്നും ഇറങ്ങരുതെന്നാ മമ്മിയുടെ കല്പന.

സെലീനയുടെ മമ്മിയ്ക്കാണെങ്കില്‍ അടുത്താഴ്ച ജവഹറ് കോളനിയിലെ വിമന്‍സ് ക്ലബില്‍ നടക്കുവാന്‍ പോകുന്ന പാചക മത്സരത്തിന്റെ തയ്യാറെടുപ്പിലായിരുന്നു. തുടര്‍ച്ചയായി നാലഞ്ചു വര്‍ഷം സെലീനയുടെ മമ്മിയ്ക്കായിരുന്നു പാചക മത്സരത്തില്‍ ഒന്നാം ലഭിച്ചത്.

എന്നാല്‍ കഴിഞ്ഞ വര്‍ഷം സെലീനയുടെ മമ്മിയെ തോല്‍പ്പിച്ചുകൊണ്ട് വിമന്‍സ് ക്ലബ് പ്രസിഡ്ണ്ട് ഉഷ ഉണ്ണിത്താന്‍ ഒന്നാം സമ്മാനം അടിച്ചെടുത്തു. പാചക മത്സരത്തില്‍ തോറ്റ വിഷമത്തിന്‍ ഒന്ന് രണ്ട് ദിവസം സെലീനയുടെ മമ്മി പച്ചവെള്ളം പോലും കുടിക്കാതെ കിടന്നു. അടുത്ത വര്‍ഷം ഉഷ ഉണ്ണിത്താനെ തോല്‍പ്പിക്കുമെന്ന് അന്നവര്‍ തീരുമാനമെടുത്തതാണ്. അതിനു വേണ്ടി പുതിയതരം പാചക വിദ്യകള്‍ സെലീനയുടെ മമ്മി വികസിപ്പിച്ചെടുക്കുകയും, പരീക്ഷണാര്‍ത്ഥം സെലീനയുടെ പപ്പയ്ക്കും, വല്യപ്പച്ചനുമൊക്കെ കൊടുക്കുകയും ചെയ്യും. പക്ഷേ ആ ഭക്ഷണം കഴിച്ചാലുടന്‍ അവര്‍ക്ക് കക്കൂസില്‍ നിന്നിറങ്ങുവാന്‍ സമയം കാണില്ലെന്നു മാത്രം.

ഗേറ്റിനപ്പുറത്ത് ആട്ടിന്‍ കുട്ടി തള്ളയാടിനൊപ്പം പുല്ലു തിന്നുകൊണ്ടിരിക്കുകയാണ്‍. മമ്മി അടുക്കളയില്‍ തിരക്കിലാണെന്ന് മനസ്സിലാക്കിയ സെലീന പൂന്തോട്ടത്തില്‍ നിന്ന് ഒന്ന് രണ്ട് പച്ചിലകള്‍ പറിച്ചെടുത്ത് ഗേറ്റിനരികിലെത്തി.

സെലീനയെ കണ്ടതും ഗേറ്റിനപ്പുറത്ത് നിന്ന് ആട്ടിന്‍ കുട്ടി തുള്ളിച്ചാടുവാന്‍ തുടങ്ങി. സെലീന ഗേറ്റിലെ കമ്പികള്‍ക്കിടയിലൂടെ തന്റെ കൈയ്യിലുള്ള പച്ചില ആട്ടിന്‍ കുട്ടിക്ക് നല്‍കി. താന്‍ കൊടുത്ത പച്ചില ‘കറുമുറാ’ ന്ന് ശബ്ദത്തില്‍ ആട്ടിന്‍ കുട്ടി തിന്നുന്നത് കണ്ടപ്പോള്‍ അവള്‍ക്ക് വളരെയധികം സന്തോഷം തോന്നി.

അവള്‍ ഗേറ്റു തുറന്ന് ആട്ടിന്‍ കുട്ടിയുടെ അടുക്കലെത്തി. അവള്‍ അതിനെ താലോടുവാനും, ഉമ്മ വയ്ക്കുവാനും തുടങ്ങി. ഈ സമയത്താണ്‍ അത് സംഭവിച്ചത്.

തള്ളയാട് ഓടി വന്ന് സെലീനയെ കുത്തി!!!. ‘മമ്മീന്ന്..’ നിലവിളിച്ചുകൊണ്ട് സെലീന ദൂരെ തെറിച്ചു വീണു. തള്ളയാട് വീണ്ടും തന്റെ നേര്‍ക്ക് പാഞ്ഞു വരുന്നത് കണ്ട് സെലീന ശരിക്കും ഭയന്നു പോയി. തള്ളയാട് വീണ്ടും തന്നെ കുത്തുന്നതിന്‍ മുമ്പ് സെലീന വീണിടത്തു നിന്ന് ഉരുണ്ടെഴുന്നേറ്റ് തുറന്നു കിടന്ന ഗേറ്റിലൂടെ അകത്ത് കയറി പെട്ടന്ന് ഗേറ്റ് അടയ്ക്കുകയും ചെയ്തു.

‘ഹോ. രക്ഷപെട്ടു…’ അവള്‍ ആശ്വസിച്ചു. പിന്നെ ദേഷ്യത്തോട് കൂടി ഒരു വടിയെടുത്ത് ഗേറ്റിനപ്പുറത്തു നില്‍ക്കുന്ന തള്ളയാടിന്‍ ഒരു കുത്തു കൊടുക്കുകയും ചെയ്തു.

‘തന്നെ ആട് കുത്തിയത് ആരെങ്കിലും കണ്ടോ..? സെലീന തിരിഞ്ഞു നോക്കി. പരിസരത്തെങ്ങും ആരുമില്ലെന്ന് കണ്ടപ്പോള്‍ അവള്‍ക്ക് സമാധാനമായി.

‘ഹോ എന്തൊരു വേദനയായിരുന്നു ആട് കുത്തിയപ്പോള്‍..” തന്റെ ദേഹത്തെങ്ങാനും വല്ല മുറിവും പറ്റിയിട്ടുണ്ടോന്ന് പരിശോധിക്കുന്നതിനിടയില്‍ സെലീന ചിന്തിച്ചു.

‘ഭാഗ്യത്തിന്‍ ഒരു മുറിവും പറ്റിയിട്ടില്ല. പക്ഷേ ഇക്കാര്യം ആരോടും പറയാതിരിക്കുന്നതാണ്‍ നല്ലതെന്ന് സെലീനയ്ക്ക് തോന്നി. മമ്മിയോട് പറഞ്ഞാല്‍ നല്ല ചുട്ട അടി ഉറപ്പാണ്‍. അപ്പോഴാണ്‍ ആരോ പൊട്ടിച്ചിരിക്കുന്നത് സെലീന കേട്ടത്. അവള്‍ തിരിഞ്ഞു നോക്കി.

അടുത്ത വീട്ടിലെ ശ്രീധരനങ്കിളിന്റെ മകന്‍ അപ്പു!!!!
തന്നെ ആ‍ടി കുത്തി താഴെയിട്ടത് അവന്‍ കണ്ടിരിക്കുന്നു. സെലീനയെ ആട് കുത്തി താഴെയിട്ടത് കണ്ടപ്പോള്‍ അപ്പുവിന്‍ സന്തോഷമടക്കുവാന്‍ കഴിഞ്ഞില്ല. ‘തന്നെ ഊഞ്ഞാലില്‍ നിന്ന് തള്ളിയിട്ട് തന്റെ കൈ ഒടിച്ചവളല്ലേ.

നന്നായി.!!! അവള്‍ക്ക് അങ്ങനെ തന്നെ കിട്ടണം. അവന്‍ പൊട്ടിച്ചിരിച്ചു. അപ്പു തന്നെ കളിയാക്കി ചിരിക്കുന്നത് കണ്ടപ്പോള്‍ സെലീനയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു.

“പോടാ..” അവള്‍ അവനെ ആട്ടി.

“നീ പോടീ….. എന്റെ വീടിന്റെ മുറ്റത്താടീ ഞാന്‍ നിക്കുന്നെ..:“ അപ്പുവും വിട്ടു കൊടുത്തില്ല. ‘പോടാ ഒറ്റക്കൈയ്യാ..” സെലീന അവനെ കളിയാക്കി.

‘എന്തും വരട്ടെ. ഇനിയും ക്ഷമിക്കുവാന്‍ വയ്യ. ഇവളെ ഇന്നൊരു പാഠം പഠിപ്പിക്കണം. അപ്പു തീരുമാനിച്ചു. ‘പാ‍ര്‍ക്കില്‍ വച്ച് ഊഞ്ഞാലില്‍ നിന്ന് തള്ളിയിട്ട് തന്റെ കൈ ഒടിച്ചതും പോരാഞ്ഞിട്ട് അവള്‍ തന്നെ ഒറ്റകൈയ്യാന്ന് വിളിക്കുന്നോ..? അപ്പുവിന്‍ ദേഷ്യമടക്കുവാന്‍ കഴിഞ്ഞില്ല.

കൈയ്യില്‍ കിട്ടിയ ഒരു കല്ലെടുത്ത് സെലീനയുടെ തലയ്ക്ക് നോക്കി അവനൊരു ഏറ് കൊടുത്തു. എന്നാല്‍ ലക്ഷ്യം തെറ്റി അത് സെലീനയുടെ പുറത്താണ്‍ പതിച്ചത്. അപ്പുവില്‍ നിന്ന് അങ്ങനെയൊരു പ്രത്യാക്രമം സെലീന പ്രതീക്ഷിച്ചിരുന്നില്ല. അവള്‍ക്ക് നന്നായി വേദനിച്ചു.

“മമ്മീ…” പെട്ടന്ന് അവള്‍ തേങ്ങി കരഞ്ഞുകൊണ്ട് വീട്ടിനുള്ളിലേക്ക് ഓടി

‘സെലീനയ്ക്ക് എന്തെങ്കിലും പറ്റിക്കാണുമോ..” അപ്പു വല്ലാതെ ഭയന്നു. ‘സെലീനയെ താന്‍ കല്ല് വലിച്ചെറിഞ്ഞത് അവളുടെ പപ്പയറിഞ്ഞാല്‍ ആകെ കുഴപ്പമാണ്‍. അയാള്‍ പോലീസാണ്‍. എന്തും ചെയ്യാന്‍ മടിക്കില്ല. ഇക്കാര്യം തന്റെ വീട്ടിലറിഞ്ഞാലും പ്രശ്നം ഗുരുതരം തന്നെ.

സെലീനയോട് വഴക്കിനൊന്നും പോകരുതെന്ന്, ആയിരം തവണയെങ്കിലും അമ്മ തന്നോട് പറഞ്ഞിട്ടുള്ളതാണ്‍. പക്ഷേ എല്ലാം സംഭവിച്ചു പോയി. ഒന്നു വേണ്ടായിരുന്നു….

ഇനിയെന്തു ചെയ്യും..!!!

അപ്പുവിന്റെ ശരീരം കവുങ്ങിന്‍ പൂക്കുല പോലെ വിറയ്ക്കുവാന്‍ തുടങ്ങി…

(തുടരും...)

Wednesday, June 18, 2008

സെലീനയുടെ പാവക്കുട്ടി - 5

“എന്നിട്ട് അപ്പച്ചനെന്തു ചെയ്തു..?“ സെലീനയ്ക്ക് ആകാംക്ഷ വര്‍ദ്ധിച്ചു.

“ങ്ഹും.. ഞാനെന്തു ചെയ്തെന്നോ…?” അപ്പച്ചന്‍ കസേരയില്‍ വലിയ ഗമയിലിരുന്നു കൊണ്ട് ചോദിച്ചു. “അതെ വര്‍ക്കിച്ചിനെന്തു ചെയ്തു…” ഫാദറും ചോദിച്ചു.

“എന്റെ ഫാദറേ, ഞാനെന്തു ചെയ്തെന്നോ..? നല്ല ചോദ്യം തന്നെ. ഞാനാ ബോംബ് ദേ, എന്റെയീ കൈകള്‍ക്കൊണ്ടെടുത്ത് അതിര്‍ത്തിക്കപ്പുറത്തേക്ക് ഒരേറു കൊടുത്തു… അതിര്‍ത്തിക്കപ്പുറത്തു നിന്ന് ‘ഭും..’ എന്നൊരു ശബ്ദോം, ആരുടെയോക്കെയോ നിലവിളിയും പെട്ടന്ന് കേട്ടു. ദാ കിടക്കുന്നു പതിനഞ്ച് പേര്‍…”

“ആര്…” ഫാദറിന് ആകാംക്ഷ വര്‍ദ്ധിച്ചു…

“അവര്‍. പാകിസ്ഥാനി പട്ടാളക്കാര്‍… അല്ലാതാരാ…” അപ്പച്ചന്‍ ആവേശത്തോടു കൂടി പറഞ്ഞു.

“ഫാദറിനറിയാമോ.. ഞാനെറിഞ്ഞ് ബോംബു ചെന്ന് വീണത് ഞങ്ങളെ കൊല്ലാന്‍ ശ്രമിച്ച പാകിസ്ഥാനി പട്ടാളക്കാരുടെ നടുക്കാ.. ഒറ്റയടിക്ക് പതിനഞ്ച് പാകിസ്ഥാനി പട്ടാളക്കാരാ അന്ന് മരിച്ചു വീണത്…”

“ഹോ.. വര്‍ക്കിച്ചന്റെ ധൈര്യം അപാരം തന്നെ..” ഫാദറ് മുഖത്ത് വിരല്‍ വച്ചു.

“കഥ പൂര്‍ണ്ണമായില്ല ഫാദറ്..” അപ്പച്ചന്‍ തന്റെ കഥ തുടര്‍ന്നു. “നിമിഷങ്ങള്‍ക്കം പട്ടാളക്യാമ്പിലും ഞങ്ങളുടെ ഹെഡ്ക്വാര്‍ട്ടേഴ്സിലും ഈ വാര്ത്തയറിഞ്ഞു. അങ്ങ് ഡല്‍ഹിയിലായിരുന്ന ബ്രിഗേഡിയറ് രാമസ്വാമിസാബ് ഉടന്‍ കാശ്മീരിലെത്തി…. അന്ന് പട്ടാ‍ളക്കാരെല്ലാവരും ഒത്തു കൂടിയ അഭിനന്ദനച്ചടങ്ങില്‍ വച്ച് രാമസ്വാമി സാബ് പറഞ്ഞെതെന്താനെന്നറിയാമോ…” അപ്പച്ചന്‍ സെലീനയുടെയും, ഫാദറിന്റെയും മുഖത്തേക്ക് നോക്കി

“വര്‍ക്കീ നിങ്ങളെപ്പോലുള്ള ധൈര്യശാലികളെയാണ് നമ്മുടെ രാജ്യത്തിന് ആവശ്യം. നിങ്ങള്‍ ഭാരതത്തിന്റെ അഭിമാനമാണ്… ഹോ അദ്ദേഹത്തിന്റെ ആ വാക്കുകള്‍ കേള്‍ക്കുമ്പോള് ഇപ്പോഴും എന്റെ കാതുകളില്‍ മുഴങ്ങുന്നുണ്ട്…” അപ്പച്ചന്‍ കഥ പറഞ്ഞു നിറ്ത്തി.

ഹോ.. വര്‍ക്കിച്ചനെ സമ്മതിച്ചിരിക്കുന്നു…വര്‍ക്കിച്ചനൊരു പുലി തന്നെ” ഫാദറ് പറഞ്ഞത് കേട്ട് അപ്പച്ചന്‍ കസേരയില്‍ ഒന്നു ഞെളിഞ്ഞിരുന്നു.

“ന്റെ ഫാദറേ.. ഇതൊന്നും ഒന്നുമല്ല.. ഇതിനേക്കാള്‍ വലിയ എത്രയെത്ര അപകടങ്ങളെ നെഞ്ചും വിരിച്ച് നിന്ന് ധൈര്യമായി നേരിട്ടവനാണീ വര്‍ക്കി…” അപ്പച്ചന്‍ തന്റെ ‘ബഡായി’ തുടര്‍ന്നു. “നയനടീന്‍ സിക്ടിയില്‍ ഒരു പറ്റം ശത്രുക്കളുടെ ഇടയിലേക്ക് ചാടി വീണ് അവരെയെല്ലാം ഒറ്റയ്ക്ക് വകവരുത്തിയവന്നാ ഈ വര്‍ക്കി. എന്റെ ധൈര്യത്തെക്കുറിച്ച് കേട്ടറിഞ്ഞ് ഒരിക്കല്‍ അന്നത്തെ പ്രധാനമന്ത്രി നേരിട്ട് വന്ന് എന്നെ തോളില് തട്ടി അഭിനന്ദിച്ചിട്ടുമുണ്ട്….”

അപ്പച്ചന്‍ തന്റെ ബഡായി തുടരുന്നതിനിടയിലാണ് മച്ചില്‍ നിന്നും ഒരു പല്ലി അപ്പച്ചന്റെ ദേഹത്തേക്ക് വീണത്… “അയ്യോ അപ്പച്ചാ പല്ലീ…” സെലീന നിലവിളിച്ചു.

“അയ്യോ എവിടെ..?” പല്ലീന്ന് കേട്ടതും അപ്പച്ചന്‍ പ്രായം പോലും മറന്ന് മേലോട്ട് രണ്ടടി ചാടി. അപ്പച്ചന്റെ മുഖത്തെ പരിഭ്രാന്തി കണ്ട് സെലീനയും ഫാദറും പൊട്ടിച്ചിരിച്ചു പോയി.

“ബോംബ് കണ്ടാല്‍പ്പോലും ഭയമില്ലാത്ത വര്‍ക്കിച്ചന്‍ നിസാരമൊരു പല്ലിയെ കണ്ട് ഇത്രമാത്രം പേടിച്ചെല്ലോന്നോര്‍ക്കുമ്പോള്‍ ചിരിക്കാതിരിക്കുവാന്‍ കഴിയുന്നില്ലെന്റെ വര്‍ക്കിച്ചോ..” ഫാദറ് പൊട്ടിച്ചിരിക്കുന്നതിനിടയില്‍ പറഞ്ഞു.. ഇമ്മാനുവേലച്ചന് പറഞ്ഞത് കേട്ട് അപ്പച്ചന്റെ മുഖം വിളറി വെളുത്തു. ഇത്രയും കാലം ഫാദറിനും, സെലീന മോള്‍ക്കും തന്നോട് തോന്നിയ മതിപ്പ് ഒരു പല്ലി കാരണം ഇല്ലാ‍തായെന്നോര്‍ത്തപ്പോള്‍ അപ്പച്ചന്‍ വല്ലാത്ത ദു:ഖം തോന്നി.

“അയ്യേ അപ്പച്ചന് ഒരു ധൈര്യോമില്ലേ.. അപ്പച്ചന്‍ പറഞ്ഞതെല്ലാം നുണയാണേ..” സെലീന കൈകൊട്ടി ചിരിക്കുവാന്‍ തുടങ്ങി. അപ്പച്ചന്‍ ഫാദറിന്റെ മുഖത്തേക്ക് ദയനീയമായി നോക്കി. ഫാദറും പൊട്ടിച്ചിരിക്കുകയാണ്.

“അത്.. ഫാദറ് എനിക്കി പല്ലിയെ പേടിക്കാനൊരു കാരണമുണ്ട്…” മുഖത്തെ ചമ്മല്‍ മറച്ചുവച്ചുകൊണ്ട് അപ്പച്ചന്‍ പറഞ്ഞു. “അതായത് നയനറീന്‍ ഫിഫ്ടിയില്‍.. ഞാനന്ന് പഞ്ചാബിലായിരുന്നു…”

“എന്റെ വര്‍ക്കിച്ചോ.. ഇപ്പോള്‍ കേട്ട കഥ തന്നെ ധാരാളമായി.. വര്‍ക്കിച്ചന്റെ നയനറീന്‍ ഫിഫ്ടിയിലെ പല്ലിക്കഥ മറ്റൊരു ദിവസം കേള്‍ക്കാം..” പെട്ടന്ന് ഫാദറ് ഇടയ്ക്ക് കയറി പറഞ്ഞപ്പോള്‍ അപ്പച്ചന്റെ മുഖം വോള്‍ട്ടേജ് കുറഞ്ഞ ബള്‍ബു പോലെയായി..

"സെലീനമോളേ, മോള്‍ടെ വീട്ടില്‍ രണ്ട് പശുവുണ്ടെങ്കില്‍ മോളെന്തു ചെയ്യും..” ഒരു ദിവസം സെലീനയുടെ വീട്ടിലെത്തിയ ഫാദറ് ഇമ്മാനുവേല്‍ അവളോട് ചോദിച്ചു.

“ഒന്ന് ഞാന്‍ ഫാദറിനു തരും..” സെലീന പെട്ടന്ന് ഉത്തരം പറഞ്ഞു

“അയ്യോ മോളേ ഫാദറിനെന്തിനാ പശു..? മോള്‍ടെ വീട്ടില്‍ രണ്ട് പഴുവുണ്ടെങ്കില്‍ ഒരെണ്ണം പാവപ്പെട്ടവര്‍ക്ക് മോള്‍ ദാനം ചെയ്യണം. അവര്‍ ആ പശുവിനെ വളര്‍ത്തി അത് പ്രസവിക്കുമ്പോള്‍ അതിന്റെ പാലൊക്കെ വിറ്റ് സുഖമായി ജീവിച്ചോളും. പാവപ്പെട്ടവരെ സഹായിക്കുന്നവരെ ദൈവം അനുഗ്രഹിക്കുകയും ചെയ്യും..” ഫാദറ് സെലീനയോട് പറഞ്ഞു.

“എങ്കില്‍ ഞാന്‍ പശുവിനെ പാവപ്പെട്ടവര്‍ക്ക് കൊടുക്കാം…” സെലീന സമ്മതിച്ചു. “നല്ല കുട്ടി, മോളെ ദൈവം തീര്‍ച്ചയായും അനുഗ്രഹിക്കും..” ഫാദറിന്‍ സന്തോഷമായി.

“മോള്‍ക്ക് രണ്ട് ആട്ടിന്‍ കുട്ടിയുണ്ടെങ്കിലോ..” ഫാദറ് ചോദിച്ചു. “ഒരെണ്ണത്തിനെ ഞാന്‍ പാവപ്പെട്ടോര്‍ക്ക് കൊടുക്കും..” സെലീന പെട്ടന്നുത്തരം പറഞ്ഞു.

“മോള്‍ക്ക് രണ്ടോ അതില്‍ കൂടുതലോ ഫ്രോക്കുണ്ടെങ്കിലോ..” ഫാദറിന്റെ ആ ചോദ്യത്തിന്‍ ഉത്തരം പറയുവാന്‍ സെലീന ഒന്നു മടിച്ചു. “പറയൂ മോളേ. മോള്‍ക്ക് രണ്ട് ഫ്രോക്കുണ്ടെങ്കില്‍ മോളെന്തു ചെയ്യും..” ഫാദറ് ചോദ്യം ആവര്‍ത്തിച്ചു.

“അത്. ഞാനാര്‍ക്കും കൊടുക്കില്ല…” സെലീന മെല്ലെ പറഞ്ഞു.

“അതെന്താ മോളേ അങ്ങനെ പറഞ്ഞത്.. മോള്‍ക്ക് രണ്ട് പശുവുണ്ടെങ്കില്‍ ഒന്ന് പാവപ്പെട്ടവര്‍ക്ക് ദാനം ചെയ്യാമെന്ന് മോള്‍ സമ്മതിച്ചു. അതുപോലെ ആട്ടിന്‍ കുട്ടിയെയും. അങ്ങനെയെങ്കില്‍ രണ്ട് ഫ്രോക്കില്‍ ഒരെണ്ണം പാവപ്പെട്ട ഏതെങ്കിലും കുട്ടിക്ക് കൊടുക്കരുതോ..? ഫാദറ് ചോദിച്ചു.

“ഇല്ല കൊടുക്കത്തില്ല….” സെലീന തീര്‍ത്തു പറഞ്ഞു…

“അതിന് കാരണമെന്താ മോളെ..” ഫാദറ് ചോദിച്ചു.

“പശുവും ആടും എന്റെ വീട്ടിലില്ല. എന്നാല്‍ എനിക്ക് കുറെ ഫ്രോക്കുണ്ട് ഫാദര്‍…” സെലീനയുടെ മറുപടി കേട്ട് ഫാദറിന്റെ മുഖം കാറ്റ് പോയ ബലൂണ്‍ പോലെയായി…

(തുടരും..)

Monday, June 16, 2008

സെലീനയുടെ പാവക്കുട്ടി-4

അന്ന് ശനിയാഴ്ച ദിവസമായിരുന്നു.
വൈകുന്നേരമായപ്പോള്‍ സെലീനയുടെ വീട്ടില്‍ ഫാദറ് ഇമ്മാനുവേലെത്തി. സെലീനയുടെ ഇടവകയിലെ വികാരിയാണ് ഇമ്മാനുവേലച്ചന്‍.

“ഗുഡ് ഈവനിങ് ഫാദറ്….” ഫാദറിനെ കണ്ടതും സെലീന അദ്ദേഹത്തിന്റെ അടുക്കല്‍ ഓടിയെത്തി. “ഗുഡ് ഈവനിങ് മോളേ..…” ഫാദറ് സെലീനയുടെ കവിളില്‍ ഒരു മുത്തം നല്‍കി.

“ഹൌ ആറ് യൂ റ്റുഡെ മൈഡിയറ്….” ഫാദറ് ചോദിച്ചു. “അയാം ഫൈന്‍ ഫാദറ്…..” സെലീന പുഞ്ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു. ക്രിസ്മസ്സ് പപ്പയുടെ മുഖസാമ്യമുള്ള ഫാദറിനെ സെലീനയ്ക്ക് വലിയ ഇഷ്ടമാണ്. അതുപോലെ ഫാദറിനും സെലീനയെ ഇഷ്ടമാണ്‍. സെലീനയുടെ വീട്ടിലെത്തുമ്പോഴൊക്കെ ഫാദറ് അവള്‍ക്ക് ‘കിറ്റ്കാറ്റോ, കാഡ്ബറീസോ.’ കൊണ്ടു വരും.

എന്നാല്‍ കഴിഞ്ഞമാസം പള്ളിയില്‍ വച്ച് സെലീനയെ ഫാദറ് ശരിക്കും വഴക്കു പറഞ്ഞു. അതിന്‍ കാരണമുണ്ടായിരുന്നു. ഞായറാഴ്ച കുറ്ബാനയ്ക്ക് പള്ളിയിലെത്തിയ സെലീനയ്ക്ക് കുറെനേരം ഫാദറിന്റെ പ്രസംഗം കേട്ടു കൊണ്ടിരുന്നപ്പോള്‍ ഒരു രസവും തോന്നിയില്ല.

അവളെന്തു ചെയ്തു…?
തന്റെ മുന്നിലിരിക്കുന്ന ലിയ എന്ന കുട്ടിയുടെ തുടയില്‍ വെറുതെ ഒന്നും നുള്ളി നോക്കി. ലിയ തിരിഞ്ഞു നോക്കിയപ്പോള്‍ സെലീന ‘താനൊന്നുമറിഞ്ഞില്ലെന്ന’ ഭാവത്തിലിരുന്നു. തന്നെ നുള്ളിയത് സെലീനയാണെന്നറിഞ്ഞിട്ടും ലിയ ഒരക്ഷരം മിണ്ടാതെ ഫാദറ് പ്രസംഗിക്കുന്നത് കേട്ടിരുന്നു. സെലീനയ്ക്ക് വല്ലാത്ത രസം തോന്നി. അവള്‍ വീണ്ടും ലിയയുടെ തുടയില്‍ നുള്ളി.

“എന്താ മോളേ..” തിരിഞ്ഞു നോക്കിയ ലിയയോട് സെലീന ചോദിച്ചു.

“എന്നെ നീയെന്തിനാ പിച്ചിയത്..?” ലിയയ്ക്ക് ദേഷ്യം വന്നു.

“അയ്യോ മോളേ ഞാന്‍ നിന്നെ പിച്ചിയതേയില്ല….. ചിലപ്പോ മോളേ ഉറുമ്പു കടിച്ചതായിരിക്കും… ദേ, ഇപ്പം എന്നേം ഒരുറുമ്പ് കടിച്ചിരിന്നു..” സെലീന കല്ലുവച്ച ഒരു നുണ കാച്ചി.

“അല്ല ഉറുമ്പു കടിച്ചതൊന്നുമല്ല…. നീയിവളെ പിച്ചുന്നത് ഞാന്‍ കണ്ടതാ..” തൊട്ടടുത്തിരുന്ന മിന്നു പറഞ്ഞു. കള്ളി വെളിച്ചത്തായെന്ന് കണ്ടപ്പോള്‍ സെലീനയ്ക്ക് വല്ലാത്ത നാണക്കേട് തോന്നി. അവള്‍ ഒന്നും ചിന്തിച്ചില്ല. മിന്നുവിന്റെ വലതു കണ്ണില്‍ ഒരു കുത്തു കൊടുത്തു.

“അയ്യോ മമ്മീ..“ മിന്നു ഉച്ചത്തില്‍ നിലവിളിക്കുകയും കരയുകയും ചെയ്തു. ഫാദറ് മാത്രമല്ല സെലീനയുടെ മമ്മിയും, പള്ളിയിലെത്തിയ പലരും അന്ന് സെലീനയെ ശാസിച്ചു. ഭയന്നു പോയ സെലീന പൊട്ടിക്കരഞ്ഞു…

എന്നാല്‍ കുറ്ബാന കഴിഞ്ഞപ്പോള്‍ ഫാദറ് നേരെ പോയത് സെലീനയുടെ അടുക്കലേക്കാണ്‍. “ഫാദറിനോട് ഞാനൊരിക്കലും മിണ്ടില്ല..” സെലീനയുടെ മുഖം ഫാദറിനെ കണ്ടതും കാറ്റ് നിറച്ച ബലൂണു പോലെയായി.

“മിണ്ടില്ലെങ്കില്‍ വേണ്ട. ദാ, ഫാദറിന്റെ കൈയ്യില്‍ നല്ല ചോക്കലേറ്റുണ്ട്..” ഫാദറ് തന്റെ കുപ്പായത്തിന്റെ കീശയില്‍ നിന്ന് ഒരു പാക്കറ്റ് ചോക്കലേറ്റ് പുറത്തെടുത്തു. സെലീന ആദ്യം അതില്‍ നോക്കിയതു പോലുമില്ല. പെട്ടന്നാണ്‍ അവളുടെ നാവില്‍ വെള്ളമൂറിയത്. അവള്‍ക്ക് പിടിച്ചു നില്‍ക്കുവാന്‍ കഴിഞ്ഞില്ല. അവള്‍ മെല്ലെ മിഴികളുയര്‍ത്തി ഫാദറിന്റെ മുഖത്തേക്ക് നോക്കി. ഫാദറ് പുഞ്ചിരിക്കുന്നത് കണ്ടപ്പോള്‍ സെലീനയുടെ പിണക്കമെല്ലാം പമ്പ കടന്നു.

“യുവാറ് സോ ഗുഡ് ഫാദറ്…” അവള്‍ ചോക്കലെറ്റിനു വേണ്ടി കൈ നീട്ടി. പക്ഷേ ഫാദറ് ചോക്കലേറ്റ് അവള്‍ക്ക് നല്‍കിയില്ല.

“പള്ളിയില്‍ വന്നാല്‍ നല്ല കുട്ടിയായിരിക്കാമെന്ന് മോളെ സത്യം ചെയ്യണം. എന്നിട്ടേ ഫാദറ് ചോക്കലേറ്റ് തരൂ…” ഫാദറ് പറഞ്ഞു.

“സത്യം…” സെലീന ഫാദറിന്റെ കൈയ്യില്‍ പിടിച്ച് സത്യം ചെയ്തു.

“സെലീനമോളേ ചീത്തക്കുട്ടികളാ മറ്റുള്ളവരുമായി വഴക്കുണ്ടാക്കുന്നത്…. ചീത്തക്കുട്ടികളെ ദൈവത്തിന്‍ ഒട്ടും ഇഷ്ടമല്ല…” ചോക്കലേറ്റ് നല്‍കുന്നതിനിടയില്‍ ഫാദറ് സെലീനയോട് പറഞ്ഞു.

“ഫാദറ് നോക്കിക്കോ..ഞാനാരോടും വഴക്കുണ്ടാക്കില്ല..” സെലീന ഫാദറിന്‍ ഉറപ്പു നല്കി. എന്നാലത് ‘കുറുപ്പിന്റെ ഉറപ്പു‘ പോലെയാണെന്ന് ഫാദറിന്‍ നന്നായി അറിയാമായിരുന്നു..

സെലീനയുടെ അപ്പച്ചനും ഫാദറ് ഇമ്മാനുവേലും നല്ല കൂട്ടുകാരാ‍യിരുന്നു. ഫാദറ് വീട്ടില്‍ വരുമ്പോഴൊക്കെ തന്റെ പട്ടാളക്കഥകള്‍ അപ്പച്ചന്‍ ഫാദറിനോട് പറയാറുണ്ടായിരുന്നു. പകുതി കല്ലുവച്ച നുണകളാണെങ്കിലും അപ്പച്ചന്റെ പട്ടാളക്കഥകള്‍ കേള്‍ക്കുവാന്‍ ഫാദറിനും താല്പര്യമായിരുന്നു.

“കേട്ടോ, ഫാദറ്… നയന്ടീന്‍ ഫിഫ്ടി സെവനിലെ സംഭവമാണിത്… ഞാനന്ന് കാശ്മീരിലായിരുന്നു.. അതായത് ഇന്ത്യാ പാകിസ്ഥാന്‍ അതിര്‍ത്തിയില്‍……” അന്ന് അപ്പച്ചന്‍ പുതിയൊരു പട്ടാളക്കഥ ഫാദറിനോട് പറയുവാന്‍ തുടങ്ങി. അപ്പച്ചന്റെ കഥ കേള്‍ക്കുവാന്‍ ഇമ്മാനുവേലച്ചനും സെലീനയും കാത് കൂര്‍പ്പിച്ചിരുന്നു.

“അന്ന് ഞാനും, പരുമലക്കാരന്‍ ഒരു ചാക്കോയും, പാലക്കാരന്‍ ഒരു ഒരു തോമസ്സും, തമിഴ്നാട്ടുകാരന്‍ ഷണ്മുഖവും, പിന്നെ നാലഞ്ച് പഞ്ചാബികളും അടങ്ങിയ ഒരു സംഘം, കാശ്മീരില്‍ ഇന്ത്യാ പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുകയായിരുന്നു…” അപ്പച്ചന്‍ കഥ തുടര്‍ന്നു.

…അപ്പോഴാണ്‍ ഞങ്ങളുടെ തൊട്ടു മുന്‍പില്‍ ദേ, ക്രിക്കറ്റ് പന്തിന്റെ വലിപ്പത്തിലുള്ള ഒരു സാധനം വന്നു വീണത്. അതൊരു ക്രിക്കറ്റ് പന്താണെന്ന് കുറ്ഷിദ് പറഞ്ഞു. അല്ലെന്ന് ഞാനും. അതിറ്ത്തിക്കപ്പുറത്ത് പാകിസ്ഥാനിലെ കുട്ടികള്‍ ക്രിക്കറ്റ് കളിക്കുന്നുണ്ടെന്നും അവരുടെ ബാറ്റില്‍ നിന്ന് തെറിച്ചു വീണ ബോളാണതെന്നും കുറ്ഷിദിനെ സപ്പോറ്ട്ട് ചെയ്തുകൊണ്ട് പരുമലക്കാരന്‍ ചാക്കോയും പറഞ്ഞു..

”..പക്ഷേ ഞാനല്ലേ പുള്ളി.. ഞാനും വിട്ടു കൊടുത്തില്ല. ഇത് ക്രിക്കറ്റ് ബോളല്ല, പാകിസ്ഥാനി പട്ടാളക്കാര്‍ നമ്മളെ കൊല്ലാന്‍ വേണ്ടി എറിഞ്ഞ ക്രിക്കറ്റ് ബോളിന്റെ രൂപത്തിലുള്ള ബോംബാണെന്ന് ഞാന്‍ തീര്‍ത്തു പറഞ്ഞു. അല്ലെന്ന് മറ്റുള്ളവരും, ഏതായാ‍ലും തര്‍ക്കം വേണ്ടാന്ന് പറഞ്ഞ് ഒരു പഞ്ചാബി എന്തു ചെയ്തു..? സാധനം പരിശോധിച്ചു. അപ്പോഴല്ലേ അതു ക്രിക്കറ്റ് ബോളല്ല സാക്ഷാല്‍ ബോംബാനെന്ന് എല്ലാവര്‍ക്കും മനസ്സിലാ‍യത്.. ഓടിക്കോ ഇത് ബോബാണേ.. ഇപ്പം പൊട്ടുമേന്ന് പറഞ്ഞ് പഞ്ചാബിയും കൂടെ ഞാനൊഴികെയുള്ള എല്ലാവരും നിലവിളിച്ചുകൊണ്ട് ഒറ്റ ഓട്ടമായിരുന്നു..

അപ്പച്ചന്‍ ഒരു നിമിഷം നിര്‍ത്തിയശേഷം തന്റെ കഥയില്‍ ലയിച്ചിരിക്കുന്ന ഫാദറിന്റെയും, സെലീനയുടെയും മുഖത്തേക്ക് നോക്കി.

(തുടരും..)

Saturday, June 14, 2008

സെലീനയുടെ പാവക്കുട്ടി -3

“കേട്ടോ മോളെ, പട്ടാളത്തില്‍ ചേരുമ്പോള്‍ എനിക്ക് വയസ്സ് പതിനെട്ടാ….” അന്ന് തന്റെ പട്ടാളക്കഥകള്‍ക്കിടയില്‍ അപ്പച്ചന്‍ സെലീനയോട് പറഞ്ഞു. “നല്ല തടീം പൊക്കോമുള്ള സമയം…. പക്ഷേ അന്ന് എന്നെ കാണാനൊന്നും ഒരു രസോമില്ലായിരുന്നു….. പട്ടാളത്തില്‍ ചേരുമ്പോള്‍ എന്റെ മുഖം കുരങ്ങനെപ്പോലെ ആയിരുന്നുവെന്നാ ഒരിക്കല്‍ മേജര്‍ സിക്കന്തര്‍ സിങ്ങ് എന്നോട് പറഞ്ഞത്.. പട്ടാളത്തില്‍ കയറി ഒന്നു രണ്ട് വര്‍ഷം കഴിഞ്ഞപ്പോഴല്ലെ എനിക്കെന്റെ യഥാര്‍ത്ഥ സൌന്ദ്യര്യമൊക്കെ കിട്ടിയത്..?

ശരിയാ, പട്ടാളത്തില്‍ ചേരുമ്പോ അപ്പച്ചന്റെ മൊകം കൊരങ്ങിനെപ്പോലെയായിരുന്നു. ഇപ്പള് കൊരങ്ങിന്റെ മൊകമാ അപ്പച്ചനെപ്പോലെയായത്…” സെലീന ഇടയക്ക് കയറി പറഞ്ഞു.

“ങ്ഹാ അടികൊള്ളും പെണ്ണ്…” മുഖത്തെ ചമ്മല്‍ മറച്ചുവച്ചുകൊണ്ട് അപ്പച്ചന്‍ സെലീനയുടെ നേര്‍ക്ക് കൈയ്യോങ്ങി. “ കൊച്ചു പിള്ളാരുടെ വായീന്ന് വല്യ വര്‍ത്താനമോ..? സെലീന പൊട്ടിച്ചിരിച്ചുകൊണ്ട് അപ്പച്ചന്റെ മുന്നില്‍ നിന്നും ഓടിപ്പോയി.

സെലീനയുടെ വീട്ടില്‍ സ്ഥിരമായി ഭിക്ഷയ്ക്കെത്താറുള്ള വ്യദ്ധയായ ഒരു സ്ത്രീയുണ്ടായിരുന്നു. സെലീനയുടെ മമ്മിയ്ക്കാണെങ്കില്‍ ആ ഭിക്ഷക്കാരിയെ തീരെ ഇഷ്ടമില്ലായിരുന്നു. പക്ഷേ മമ്മി കാണാതെ സെലീന അടുക്കളയില്‍ നിന്ന് ഇഷ്ടം പോലെ ബിസ്ക്കറ്റും. അപ്പിളും, മുന്തിരിയും, ഓറഞ്ചുമൊക്കെ അവര്‍ക്ക് കൊടുക്കാറുണ്ടായിരുന്നു. ഇക്കാരണത്താല്‍ സെലീനയെ ആ ഭിക്ഷകാരിക്ക് വലിയ ഇഷ്ടമായിരുന്നു. സെലീനയുടെ മമ്മി വീട്ടിലില്ലാത്ത തക്കം നോക്കിയാണ് ഭിക്ഷക്കാരി പലപ്പോഴും അവളുടെ വീട്ടില്‍ വരിക. ഇതൊരു പതിവായപ്പോള്‍ സെലീനയ്ക്കും അവരോട് വല്ലാത്ത ദേഷ്യം തോന്നി തുടങ്ങി.

ഒരു ദിവസം പതിവുപോലെ മമ്മി പുറത്തെവിടെയോ പോയപ്പോള്‍ ‘സെലീനമോളേന്ന്’ വിളിച്ചുകൊണ്ട് ഭിക്ഷക്കാരി സെലീനയുടെ വീട്ടിലെത്തി. സെലീനയും അപ്പച്ചനും മാത്രമേ അപ്പോള്‍ അവിടെയുണ്ടായിരുന്നുള്ളു. സെലീന ബാലരമയിലെ ഒരു ചിത്രത്തിന്‍ ചായം കൊടുത്തുകൊണ്ടിരിക്കുമ്പോഴാണ്‍ ഭിക്ഷക്കാരി തള്ളയുടെ വരവ്.

“മോളെ.. അമ്മയ്ക്ക് വല്ലാതെ വിശക്കുന്നു.. വല്ലോം തരണേ…” ഭിക്ഷക്കാരി പതിവു പല്ലവി ആവര്‍ത്തിച്ചു. “ഇവിടെ ഒന്നുമില്ല…” സെലീനയ്ക്ക് ദേഷ്യം വന്നു.

“അങ്ങനെ പറയരുത് മോളേ… അമ്മയ്ക്ക് വിശന്നിട്ട് കണ്ണുകാണാന്‍ വയ്യ.. അടുക്കളേന്ന് വല്ലോം എടുത്തോണ്ട് വാ മോളേ..” ഭിക്ഷക്കാരി പറഞ്ഞു.

സെലീന ഭിക്ഷക്കാരി തള്ളയെ തുറിച്ചു നോക്കി. “ഇന്ന് ഇവരെ ഒരു പാഠം പഠിപ്പിക്കണം..” അവള്‍ മനസ്സില്‍ തീരുമാനിച്ചു. “ഇവിടെ നിക്ക് ഞാനിപ്പം വരാമേ’ ന്ന് പറഞ്ഞുകൊണ്ട് സെലീന അകത്തേക്ക് പോയി.

‘എത്ര നല്ല കുട്ടി… ഈശ്വരാ ഇന്നെന്താ ആ കുഞ്ഞ് തനിക്ക് തരുന്നത്.....? ആപ്പിളോ അതോ ബിസ്ക്കറ്റോ..” ഭിക്ഷക്കാരി തള്ളയുടെ വായില്‍ വെള്ളം നിറഞ്ഞു. എന്നാല്‍ സെലീന അടുക്കളയിലേക്കല്ല പോയത്. അകത്തെ മുറിയിലിരുന്ന് പത്രം വായിച്ചു കൊണ്ടിരുന്ന അപ്പച്ചന്റെ അടുക്കലേക്കാണ്. “അപ്പച്ചാ ആ കണ്ണാടിയിങ്ങോട്ട് തരാമോ..” അവള്‍ ചോദിച്ചു.

“മോള്‍ക്കെന്തിനാ കണ്ണാടി..” പത്രം വായിക്കുന്നതിനിടയില്‍ അപ്പച്ചന്‍ ചോദിച്ചു. “ഒരു കാര്യത്തിനാ.. ഇപ്പം തിരിച്ചു തരാം…” അവള്‍ പറഞ്ഞു

“ഞാന്‍ പത്രം വായിക്കുന്നത് കണ്ടില്ലേ മോളേ.. കണ്ണാടിയില്ലാതെ അപ്പച്ചനെങ്ങനാ പത്രം വായിക്കുന്നത്..?” അപ്പച്ചന്‍ പറഞ്ഞത് കേട്ടപ്പോള്‍ സെലീനയ്ക്ക് ദേഷ്യം വന്നു. അവള്‍ അപ്പച്ചന്റെ മുഖത്ത് നിന്നും കണ്ണാടി വലിച്ചെടുത്ത് കൊണ്ട് പുറത്തേക്ക് ഓടി “ മോളേ സെലീനേ…” അപ്പച്ചന്‍ വിളിച്ചത് അവള്‍ കേട്ടതായി നടിച്ചില്ല.

സെലീന തനിക്ക് അപ്പീളും, മുന്തിരിങ്ങയുമൊക്കെ കൊണ്ട് വരുന്നത് നോക്കി മുറ്റത്ത് കാത്തിരിക്കുകയായിരുന്നു ഈ സമയം ആ ഭിക്ഷക്കാരി. എന്നാല്‍ സെലീന വെറും കൈയ്യോടെ വരുന്നത് കണ്ടപ്പോള്‍ അവരുടെ മുഖം വാടി..

“എന്താ കുഞ്ഞേ ഒന്നുമില്ലേ..” ഭിക്ഷക്കാരി തള്ള ചോദിച്ചു. “വിശന്നിട്ട് കണ്ണ് കാണാന്‍ വയ്യെന്നല്ലേ പറഞ്ഞെ. ദാ ഇതെന്റെ അപ്പച്ചന്റെ കണ്ണാടിയാ.. നിങ്ങളെടുത്തോ,,.” കൈയ്യിലിരുന്ന കണ്ണാടി ഭിക്ഷക്കാരിയുടെ നേര്‍ക്ക് നീട്ടിക്കൊണ്ട് സെലീന പറഞ്ഞു.

“ഇതെന്തിനാ..” ഭിക്ഷക്കാരി തള്ളയ്ക്ക് ഒന്നും മനസ്സിലായില്ല. അവര്‍ സെലീനയുടെ മുഖത്തേക്ക് നോക്കി.

“വിശന്നിട്ട് കണ്ണ് കാണുന്നില്ലെന്നല്ലേ പറഞ്ഞത്…? സാരമില്ല ഈ കണ്ണാടി മൊകത്ത് വച്ചാ മതി.. നല്ല പോലെ കണ്ണ് കാണും…” സെലീന പറഞ്ഞത് കേട്ട് ഭിക്ഷക്കാരിയുടെ മുഖം കടലാസു പോലെ വിളറിപ്പോയി. അവര്‍ ഒന്നും പറയാതെ അവിടെ നിന്നും പോകുന്നതെ കണ്ടപ്പോള്‍ സെലീന പൊട്ടിച്ചിരിച്ചു. ഏതായാലും പിന്നീടൊരിക്കലും സെലീനയുടെ വീട്ടില്‍ ആ ഭിക്ഷക്കാരി തള്ള വന്നിട്ടില്ല...

(സെലീനയുടെ കുസ്യതികള്‍ തുടരും..)

Monday, June 9, 2008

സെലീനയുടെ പാവക്കുട്ടി -2

അമ്മുവും സെലീനയും തമ്മില്‍ എന്തായിരുന്നു കുഴപ്പം…?
കഴിഞ്ഞ ആഴ്ച പാര്‍ക്കില്‍ വച്ച് അമ്മുവിന്റെ ഫ്രോക്കിലും, തലയിലുമൊക്കെ സെലീന മണ്ണ് വാരിയിട്ടതാണ് അവര്‍ തമ്മിലുള്ള പിണക്കത്തിന് കാരണം. അതു മാത്രമോ അമ്മുവിന്റെ പിറന്നാള്‍ പാര്‍ട്ടിക്ക് അവളുടെ വീട്ടിലെത്തിയ സെലീന അവിടെ എന്തൊക്കെയാ കാട്ടി കൂട്ടിയത്….?

അമ്മുവിന്റെ വീട്ടിലെ പൂന്തോട്ടത്തിലെ പൂക്കളെല്ലാം സെലീന പറിച്ചു കളഞ്ഞു.... അമ്മു ഓമനിച്ചു വളര്‍ത്തിയ തത്തമ്മയുടെ കൂട് തുറന്ന് അതിനെ പറത്തി വിട്ടു....

പാവം അമ്മു.
ഇത്രയും കാലം പാലും തേനും കൊടുത്ത് തത്തമ്മയെ കണ്ണിലെ ക്യഷണമണിപോലെ വളര്‍ത്തിയത് മാത്രം മിച്ചം. അമ്മുവിനെ കളിപ്പിച്ചേന്ന് പറഞ്ഞ് തത്തമ്മ തെക്കോട്ട് പറന്നു പോയതാണ്... പിന്നീട് തത്തമ്മ തിരിച്ചു വന്നില്ല.

ഇതൊക്കെ സഹിക്കാവുന്നതേയുള്ളു. പക്ഷേ തന്റെ പൂച്ചക്കുഞ്ഞിന്റെ കാല്‍ സെലീന തല്ലിയൊടിച്ചത് അമ്മുവിന് സഹിക്കാന്‍ പറ്റില്ല.

അമ്മുവിന്റെ പൂച്ചക്കുഞ്ഞ് സെലീനയുടെ കാലില്‍ മാന്തിയതുകൊണ്ടല്ലേ അവള്‍ ഒരു മുട്ടന്‍ വടിയെടുത്ത് അതിന്റെ രണ്ടു കാലും തല്ലിയൊടിച്ചത്..?

പച്ചക്കള്ളം…
സെലീന കള്ളമേ പറയുകയുള്ളു. തന്റെ പൂച്ചക്കുഞ്ഞ് അവളേ തൊട്ടതേയില്ല. വേറുതെ അവളുടെ മുന്നില്‍ വന്നു നിന്നതേയുള്ളല്ലോ..? എന്നിട്ടും അതിന്റെ കാല്‍ രണ്ടും സെലീന തല്ലിയൊടിച്ചില്ലേ… വേദനയോടെ തന്റെ പൂച്ചക്കുഞ്ഞ് കരയുന്നത് ഇപ്പോഴും മറക്കുവാന്‍ അമ്മുവിന് കഴിയുന്നില്ല. അന്ന് അമ്മു തീരുമാനിച്ചതാണ് സെലീനയോട് ഒരിക്കലും മിണ്ടില്ലെന്നും അവളെ തന്റെ വീട്ടില്‍ കയറ്റത്തുമില്ലെന്നും..

കൂട്ടുകാരേ..
അപ്പുവിന്റെയും, അമ്മുവിന്റെ കഥ കേട്ടപ്പോള്‍ തന്നെ സെലീനയുടെ സ്വഭാവം നിങ്ങള്‍ക്ക് പിടികിട്ടിക്കാണുമല്ലോ..? അപ്പുവിനും, അമ്മുവിനും മാത്രമല്ല ജവഹറ് കോളനിയിലെ പല കുട്ടികള്‍ക്കും എന്തിന് മുതിര്‍ന്നവര്‍ക്കു പോലും സെലീനയെ കണ്ണെടുത്താല്‍ കണ്ടു കൂടാ..

ജവഹറ് കോളനിയിലെ സ്കൂളില്‍ ഒന്നാം ക്ലാസിലാണ് സെലീന പഠിക്കുന്നത്. ക്ലാസിലെ കുട്ടികളുമായി വെറുതെ വഴക്കുണ്ടാക്കുകയും അവരെ ഉപദ്രവിക്കുകയും ചെയ്യുന്നത് സെലീനയുടെ വിനോദമായിരുന്നു. ഇക്കാരണത്താ‍ല്‍ കുട്ടികളാരും സെലീനയോട് മിണ്ടില്ല. അവര്‍ക്കെല്ലാം സെലീയെ വല്ലാതെ വെറുപ്പും, ഭയവുമായിരുന്നു.

സെലീനയുടെ പപ്പ പോലീസുകാരനായതുകൊണ്ട് സെലീനയെ ആര്‍ക്കെങ്കിലും ഉപദ്രവിക്കുവാന്‍ പറ്റുമോ..? തന്റെ പപ്പയെ വിളിച്ചു കൊണ്ടു വന്ന് എല്ലാവരെയും ഇടിച്ചു ചമ്മന്തിയാക്കി ജയിലിലിടുമെന്ന് സെലീന കുട്ടികളെ ഭീഷണിപ്പെടുത്താറുണ്ടായിരുന്നു.

പാവം കുട്ടികള്‍….
പോലീസെന്ന് കേള്‍ക്കുമ്പോള്‍ തന്നെ പേടിച്ചു വിറയ്ക്കും.

“സെലീനേ, ക്ലാസില്‍ വരുന്നത് നന്നായി പഠിക്കുവാനും, നല്ല ശീലങ്ങള്‍ അഭ്യസിക്കുവാനുമാണ്. അതല്ലാതെ മറ്റുള്ള കുട്ടികളുമായി വഴക്കുണ്ടാക്കുവാനും. അവരെ ഉപദ്രവിക്കുവാനുമല്ല…” മെറിന ടീച്ചറ് പലപ്പോഴും സെലീനയെ ഉപദേശിക്കാറുണ്ട്,

മെറീന ടീ‍ച്ചറിനെ ആ സ്കൂളിലെ കുട്ടികള്‍ക്കെല്ലാം വലിയ ഇഷ്ടമാണ്. കാരണം കുട്ടികളോടെല്ലാം നല്ല സ്നേഹത്തോടു കൂടിയാണ് ടീച്ചറ് പെരുമാറിയിരുന്നത്. എന്നാല്‍ സെലീനയ്ക്ക് മാത്രം ടീച്ചറിനെ തീരെ ഇഷ്ടമല്ല.. അതിന് കാരണം മറ്റൊന്നുമല്ല. സെലീന ക്ലാസില്‍ കാണിക്കുന്ന കുസ്യതികള്‍ക്കെല്ലാം ടീച്ചറ് നല്ല ചുട്ട അടി നല്‍കാറുണ്ടായിരുന്നു.

നോക്കിക്കോ എന്റെ പപ്പയെ വിളിച്ചോണ്ട് വന്ന് ടീച്ചറെ ഇടിച്ചു കൊല്ലിക്കും ഞാന്‍.“ ഒരിക്കല്‍ നന്ദുവിന്റെ തലയില്‍ പെന്‍സിലുകൊണ്ട് കുത്തിയതിന്‍ സെലീനയെ മെറീന ടീച്ചറ് പിടി കൂടിയപ്പോള്‍ അവള്‍ ടീച്ചറിനെ ഭീഷണിപ്പെടുത്തി.

“ഓഹോ നീ അത്രക്കായോ. എങ്കില്‍ എന്റെ പൊന്ന് മോളെ പപ്പയെ വിളിച്ചോണ്ട് വാ.... നിന്റെ പപ്പയുടേ മൂക്ക് ചെത്തി ഉപ്പിലിടും ഞാന്‍...” ടീച്ചറ് പറഞ്ഞത് കേട്ട് സെലീന ശരിക്കും ഭയന്നുപോയി.

‘തന്റെ പപ്പയെപ്പോലും പേടിയില്ലാത്ത ടീച്ചറോ..?’ സെലീന ചിന്തിക്കുകയും ചെയ്തു. മാത്രമല്ല മറ്റ് കുട്ടികളുടെ മുന്നില്‍ അന്ന് സെലീന ശരിക്കും ചമ്മിപ്പോയി. ഏതായാലും ടീച്ചറിന്റെ അടുക്കല്‍ മാത്രം പിന്നീടൊരിക്കലും അവളാ ഭീഷണി പ്രയോഗിച്ചിട്ടില്ല.

“സെലീന ചീത്തക്കുട്ടിയാ. അവളുമായി കൂട്ടിനൊന്നും പോവേണ്ട..” പല മാതാപിതാക്കളും തങ്ങളുടെ മക്കളോട് പറയാറുണ്ടായിരുന്നു.

“മോളേ നീ നന്നായി വളരണം. ആരോടും വഴക്കുണ്ടാക്കാന്‍ പോകരുത്..” പപ്പയും മമ്മിയും ദിവസവും സെലീനയെ ഉപദേശിക്കാറുണ്ടായിരുന്നു. പക്ഷേ സെലീനയുടെ സ്വഭാവത്തിനുണ്ടോ മാറ്റം വരുന്നു..? അവള്‍ കുസ്യതികള്‍ കാട്ടിയങ്ങ് ജീവിച്ചു പോന്നു.

പപ്പയേയും, മമ്മിയേയും കൂടാതെ സെലീനയുടെ വീട്ടില്‍ ഒരു അപ്പച്ചനുമുണ്ടായിരുന്നു. അപ്പച്ചനെന്ന് പറഞ്ഞാല്‍ സെലീനയുടെ പപ്പയുടെ അച്ഛന്‍. അപ്പച്ചനും സെലീനയും നല്ല ചങ്ങാതികളായിരുന്നു. അപ്പച്ചനോടൊപ്പമാണ് അവള്‍ ഭക്ഷണം കഴിക്കുന്നതും, പള്ളിയില്‍ പോകുന്നതും. ഉറങ്ങുന്നതുമൊക്കെ. എങ്കിലും അപ്പച്ചന്റെ അടുക്കലും സെലീന പല കുസ്യതികളും കാട്ടാറുണ്ടായിരുന്നു.

അപ്പച്ചന് കാഴ്ചശക്തി കുറവായതിനാല്‍ കണ്ണാടിയില്ലാതെ ഒന്നും കാണാല്‍ കഴിയില്ലെന്ന് സെലീനയ്ക്കറിയാം. പലപ്പോഴും അപ്പച്ചന്‍ ഉറങ്ങുന്ന തക്കം നോക്കി അവള്‍ അദ്ദേഹത്തിന്റെ കണ്ണാടിയെടുത്ത് എവിടെയെങ്കിലും ഒളിച്ചു വയ്ക്കും. പാവം അപ്പച്ചന്‍ ഉറങ്ങിയെഴുന്നേല്‍ക്കുമ്പോള്‍ കണ്ണാടിയുണ്ടാവില്ല.

“എടീ.. കൊച്ചേ ന്റെ കണ്ണാടി കൊണ്ടുവാടി.” അപ്പച്ചന്‍ മുറിയിലെല്ലാം തപ്പി തടയുന്നത് കാണുമ്പോള്‍ സെലീന കൈകൊട്ടി ചിരിയ്ക്കും.

വര്‍ക്കി സാറെന്നാണ് കോളനിയിലുള്ളവര്‍ ബഹുമാനത്തോടു കൂടി സെലീനയുടെ അപ്പച്ചനെ വിളിക്കുന്നത്. പണ്ട് പട്ടാളത്തില്‍ ജോലിയുണ്ടായിരുന്ന അദ്ദേഹം തന്റെ പഴയ പട്ടാളക്കഥകള്‍ പൊടിപ്പും, തൊങ്ങലുമൊക്കെ ചേര്‍ത്ത് സെലീനയോടും അതുപോലെ വീട്ടില്‍ വരുന്നവരോടുമൊക്കെ പറയാറുണ്ടായിരുന്നു. അപ്പച്ചന്റെ പട്ടാളക്കഥകള്‍ കേള്‍ക്കുന്നത് സെലീനയ്ക്കും ഭയങ്കര ഇഷ്ടമായിരുന്നു.

(സെലീനയുടെ കുസ്യതികള്‍ തുടരും..)