Monday, September 29, 2008

പ്രവാസികളുടെ പ്രവാചകന്‍-4

നൈല്‍ നദിയില്‍ കുളിക്കുവാനെത്തിയ ഫറവോന്റെ പുത്രിയുടെ തോഴിമാരായിരുന്നു നദീതീരത്തൂടെ അപ്പോള്‍ നടന്ന് വന്നത്. ഞാങ്ങണച്ചെടിയുടെ ഇടയിലിരിക്കുന്ന പെട്ടകം കണ്ടപ്പോള്‍ അവര്‍ക്ക് അത്ഭുതവും, അമ്പരപ്പും തോന്നി. അവരിലൊരാള്‍ ഇക്കാര്യം ഓടിച്ചെന്ന് നദിയില്‍ നീന്തി രസിച്ചുകൊണ്ടിരുന്ന രാജകുമാരിയെ അറിയിച്ചു.

“നിങ്ങള്‍ ആ പെട്ടകം എന്റെ അടുക്കല്‍ കൊണ്ടു വരൂ..” പെട്ടകത്തിനുള്ളില്‍ എന്താണുള്ളതെന്ന്
അറിയുവാനുള്ള ആകാംക്ഷയില്‍ രാജകുമാരി തന്റെ ദാസിമാരോട് കല്പിച്ചു. ദാസിമാര്‍ പെട്ടകം
രാജകുമാരിയുടെ അടുക്കലെത്തിച്ചു. തന്റെ സഹോദരന് എന്താണ് സംഭവിക്കുവാന്‍ പോകുന്നതെന്നറിയാതെ ദൂരെ ഇതെല്ലാം വീക്ഷിച്ചുകൊണ്ടിരുന്ന മിര്യാമിന്റെ നെഞ്ചിടിക്കുവാന്‍ തുടങ്ങി. അവര്‍ തന്റെ കുഞ്ഞനുജനെ കൊല്ലുമോ..? അതോ…? അതുവരെ മനസ്സില്‍ സംഭരിച്ചു വച്ചിരുന്ന ധൈര്യമെല്ലാം
ചോര്‍ന്നൊലിച്ചുപോകുന്നതുപോലെ അവള്‍ക്ക് തോന്നി. അവളുടെ കാതുകളില്‍ മരണത്തിന്റെ മണിയൊച്ച മുഴങ്ങി. കണ്ണുകളില്‍ അന്ധകാരം നിറഞ്ഞു…

രാജകുമാരി പെട്ടകം മെല്ലെ തുറന്നു നോക്കി. അതിനുള്ളില്‍ ഒന്നുമറിയാതെ സുഖമായി കിടന്നുറങ്ങുന്ന അതീവ സുന്ദരനായ ശിശുവിനെ കണ്ട് രാജകുമാരിയും ദാസിമാരും അത്ഭുതപ്പെട്ടു. ആരാണി കുഞ്ഞിനെ ഇതിനുള്ളില്‍ ഉപേക്ഷിച്ചത്..? രാജകുമാരിയും, ദാസിമാരും ചിന്തിച്ചത് അതായിരുന്നു. ഈ സമയം ഉറക്കത്തില്‍ ഞെട്ടിയുണര്‍ന്ന കുഞ്ഞ് അപരിചതരെ കണ്ടതും പെട്ടന്ന് പൊട്ടിക്കരയുവാന്‍ തുടങ്ങി. രാജകുമാരിക്ക് കുഞ്ഞിനോട് എന്തെന്നില്ലാത്ത സ്നേഹവും സഹതാപവും തോന്നി. അവര്‍ കുഞ്ഞിനെ വാരിയെടുത്ത് തന്റെ നെഞ്ചോടു ചേര്‍ത്തു. പെട്ടന്നവന്‍ കരച്ചിലടക്കി പുഞ്ചിരി തൂകുവാന്‍ തുടങ്ങി.

"ഇത് ഇസ്രായേല്യരുടെ കുട്ടിയാണല്ലോ…” കുഞ്ഞിന് മുത്തം കൊടുക്കുന്നതിനിടയില്‍ രാജകുമാരി
തോഴിമാരോട് അഭിപ്രായപ്പെട്ടു. “ശരിയാണ്…” രാജകുമാരിയുടെ അഭിപ്രായത്തോട് തോഴിമാരും
യോജിച്ചു.

“ആരുടെ കുട്ടിയായാലെന്ത്.. എന്തൊക്കെ ഭവിഷ്യത്തുകള്‍ വന്നാലെന്ത്, എനിക്കീ സുന്ദരക്കുട്ടനെ ഒരുപാടിഷ്ടമായി. ഇവനെ കൊട്ടാരത്തിലേക്ക് ഞാന്‍ കൊണ്ടുപോവുകയാണ്. ഞാനിവനെ സ്വന്തം
മകനെപ്പോലെ വളര്‍ത്തും… രാജകുമാരി മറ്റൊന്നും ചിന്തിക്കാതെ പറഞ്ഞു.

“കുമാരി.., മുലകുടി മാറാത്ത ഇവനെ എങ്ങനെയാണ് അങ്ങ് വളര്‍ത്തുന്നത്…” തോഴിമാരുടെ
ചോദ്യത്തിന്‍ മുന്നില്‍ രാജകുമാരിക്ക് ഉത്തരം മുട്ടി. ഈ സമയം രാജകുമാരിയുടെയും, ദാസിമാരുടെയും ഓരൊ ചലനങ്ങളും, വാക്കുകയും നദീതീരത്തെ ഈന്തപ്പനയുടെ മറവില്‍ ഒളിച്ചിരുന്ന് ശ്രദ്ധിച്ചുകൊണ്ടിരുന്ന മിര്യാം പെട്ടന്ന് അവിടെയെത്തി.

“എന്താണ്‍ രാജകുമാരി, അങ്ങ് വല്ലാതെ ദു:ഖിതയായിരിക്കുന്നല്ലോ…? ഈ കുഞ്ഞ് ഏതാണ് രാജകുമാരി..?’ ഒന്നും സംഭവിക്കാത്തതുപോലെ മിര്യാം രാജകുമാരിയോട് ചോദിച്ചു. ദാസിമാരിലൊരാള്‍ രാജകുമാരിയുടെ ദു:ഖത്തിനു കാരണം മിര്യാമിനെ അറിയിച്ചു

“രാജകുമാരി വിഷമിക്കേണ്ട.... അവിടേക്ക് സമ്മതമെങ്കില്‍ ഈ കുഞ്ഞിനെ മുലപ്പാല്‍ കൊടുത്ത് വളര്‍ത്തേണ്ടാതിന് ഒരു സ്ത്രീയെ ഞാന്‍ ഏര്‍പ്പാടാക്കാം….“ തന്റെ അമ്മയെ, അതായത് ആ കുഞ്ഞിനെ യഥാര്‍ത്ഥ അമ്മയെ മനസ്സില്‍ കണ്ടുകൊണ്ട് മിര്യാം വളരെ താഴ്മയോടു കൂടി രാജകുമാരിയെ അറിയിച്ചു.

“കുമാരി, ഇവള്‍ പറഞ്ഞത് തികച്ചും ശരിയാണ്.... ഈ കുഞ്ഞിന്‍ മുലപ്പാല്‍ കൊടുത്ത് വളര്‍ത്തേണ്ടതിന് ഒരു സ്ത്രീയെ നമുക്ക് ആവശ്യമാണ്…” ദാസിമാര്‍ രാജകുമാരിയെ അറിയിച്ചു.

“അല്ലയോ പെണ്‍കുട്ടി, നീ ആരാണെന്നോ, എവിടെ നിന്ന് വന്നെന്നോ ഞാന്‍ ചോദിക്കുന്നില്ല.... ഈ കുഞ്ഞിന്‍ മുലപ്പാന്‍ കൊടുത്ത് വളര്‍ത്താന്‍ ഒരു സ്ത്രീയെ ഉടന്‍ ആവശ്യമാണ്… അതിന് പറ്റിയ ഒരാളെ നീ വേഗം എന്റെ അടുക്കല്‍ കൊണ്ടു വരണം…” രാജകുമാരി കല്പിച്ചു.

മിര്യാം സന്തോഷത്തോടു കൂടി തന്റെ വീട്ടിലേക്ക് ഓടുകയായിരുന്നു. അവളുടെ ആവേശവും, സന്തോഷവും കണ്ട് രാജകുമാരിയും, ദാസിമാരും അത്ഭുതപ്പെട്ടു. എന്നാല്‍ കുമാരിയുടെ കൈകളില്‍ കിടന്ന് കൈകാലിട്ടടിച്ച് കളിക്കുന്ന കുഞ്ഞിന്റെ സഹോദരിയാണ് ആ പെണ്‍കുട്ടിയെന്ന് രാജകുമാരിയോ, തോഴിമാരോ അറിഞ്ഞിരുന്നില്ല.

തന്റെ കുഞ്ഞനുജന് മരണത്തില്‍ നിന്ന് രക്ഷപെട്ടതിന്റെ സന്തോഷമായിരുന്നു മിര്യാമിന്റെയുള്ളില്‍. അതവള്‍ക്ക് മറ്റൊരാളോട് വിവരിക്കുവാന്‍ കഴിയാവുന്നതിലും അപ്പുറമായിരുന്നു. എത്രയും വേഗം തന്റെ അമ്മയെ രാജകുമാരിയുടെ അടുക്കലെത്തിക്കുക എന്നതായിരുന്നു മിര്യാമിന്റെ ലക്ഷ്യം. ഒരു കൊടുങ്കാറ്റിന്റെ വേഗത്തില്‍ തന്റെ വീട്ടില്‍ ഓടിയെത്തിയ മിര്യാം സംഭവിച്ചതെല്ലാം തന്റെ അമ്മയോടും, അപ്പനോടും സഹോദരനോടും ഒറ്റശ്വാസത്തില്‍ അറിയിച്ചു. മിര്യാമിന്റെ വാക്കുകള്‍ അവരെ ഒട്ടൊന്നുമല്ല സന്തോഷിപ്പിച്ചത്…

“എന്റെ പ്രാര്‍ത്ഥനയും, നിലവിളിയും എന്റെ ദൈവം കേട്ടിരിക്കുന്നു… എനിക്കെന്റെ മകനെ തിരിച്ചു കിട്ടുവാന്‍ പോകുന്നു…” യോഖേബെദിന്റെ കണ്ണുകള്‍ നിറഞ്ഞു കവിഞ്ഞു.

“അമ്മേ കുഞ്ഞു നമ്മുടേതാണെന്ന് രാജകുമാരിക്ക് സംശയം തോന്നുവാന്‍ പോലും പാടില്ല. അങ്ങനെ സംഭവിച്ചാല്‍ നമ്മുടെ കുഞ്ഞിനു മാത്രമല്ല, എല്ലാവര്‍ക്കും ആപത്താണ്.....” രാജകുമാരിയുടെ അടുക്കലേക്ക് പോകുന്നതിനിടയില്‍ മിര്യാം അമ്മയ്ക്ക് മുന്നറിയിപ്പു നല്‍കി.

“ഇല്ല ഒരിക്കലുമില്ല കുട്ടി…” യോഖേബെദ് മകള്‍ക്ക് ഉറപ്പു നല്‍കി…

എന്നാല്‍ എന്താണവിടെ സംഭവിച്ചത്…?

(തുടരും…)

Thursday, September 25, 2008

പ്രവാസികളുടെ പ്രവാചകന്‍-3

എന്തായിരുന്നു ഈജിപ്തില്‍ നടന്ന ആ സംഭവം…?
ഈജിപ്തിലെ ഇസ്രായേല്‍ ജനങ്ങളെ അവരുടെ സകല കഷ്ടതകളിലും നിന്നും മോചിപ്പിക്കുവാന്‍ ദൈവം നിയോഗിച്ച മോസസ്സിന്റെ ജനനമായിരുന്നു ആ വലിയ സംഭവം.

യാക്കോബിന്റെ പന്ത്രണ്ട് ആണ് മക്കളുടെ സന്തതികളായിരുന്നല്ലോ ഇസ്രയേല്‍ ജനം. ഈ പന്ത്രണ്ട് മക്കളുടെ തലമുറകള്‍ പന്ത്രണ്ട് ഇസ്രായേല്‍ ഗോത്രങ്ങളെയാണ് പ്രതിനിധാനം ചെയ്തിരുന്നത്.. ഇതില്‍ യാക്കോബിന്റെ മൂന്നാമത്തെ മകനായ ലേവിയുടെ ഗോത്രത്തില്‍ പെട്ട അമ്രാമിന്റെ യോഖെബെദിന്റെയും മകനായിട്ടായിരുന്നു മോസസ്സിന്റെ ജനനം.

പ്രസവിച്ചു വീണപ്പോള്‍ തന്നെ ആരു കണ്ടാലും കൊതിച്ചു പോകുന്ന അതീവ സുന്ദരനായിന്നു മോസസ്സ്. മോസസ്സിന് ദുഷ്ടരായ ഫറവോന്റെ സൈനികര്‍ക്ക് വലിച്ചെറിഞ്ഞു കൊടുക്കുവാന്‍ അവന്റെ മാതാപിതാക്കള്‍ക്കോ, സഹോദരിയായ മിര്യാമിനോ, സഹോദരനായ അഹരോനോ മനസ്സ് വന്നില്ല. അതുകൊണ്ട് അവര്‍ അവന്റെ ജനനം വളരെ രഹസ്യമായി സൂക്ഷിച്ചു. എന്നാല്‍ അധികകാലം ഈ ‘ഒളിച്ചുകളി’ നീണ്ടു നിന്നില്ല.

മൂന്ന് മാസക്കാലം മോസസ്സിനെ അവന്റെ മാതാപിതാക്കളും സഹോദരങ്ങളും തങ്ങളുടെ വീട്ടിനുള്ളില്‍ വളരെ രഹസ്യമായി സൂക്ഷിച്ചു. കുഞ്ഞിന്റെ കരച്ചില്‍ കേട്ട് ഏതു നിമിഷവും ഫറവോന്റെ സൈനികര്‍ പാഞ്ഞെത്തുമെന്ന ഭയം അവരെ ഊണിലും ഉറക്കത്തിലും വല്ലാതെ വേട്ടയാടിക്കൊണ്ടിരുന്നു. അങ്ങനെ സംഭവിച്ചാല്‍ അവര്‍ തങ്ങളുടെ കണ്മുമ്പില്‍ വച്ചു തന്നെ തങ്ങളുടെ കുഞ്ഞിനെ കഴുത്ത്
ഞെരിച്ചു കൊല്ലും…

യാതൊരു തെറ്റും ചെയ്യാത്ത തങ്ങളുടെ കുഞ്ഞിനെ മരണത്തിന്‍ വിട്ടുകൊടുക്കുവാന്‍ അവരുടെ മനസ്സ് അനുവദിച്ചില്ല. കുഞ്ഞിനെ എങ്ങനെയെങ്കിലും രക്ഷിച്ചേ മതിയാവൂ.. പക്ഷേ എങ്ങനെ..? ആ ചോദ്യം അവരെ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു. എത്രനാള്‍ ഫറവോന്റെ സൈനികരില്‍ നിന്ന് അവനെ തങ്ങള്‍ മറച്ചു വയ്ക്കും… ഏറിയാല്‍ കുറച്ചു നാളുകള്‍ മാത്രം.. അതു കഴിഞ്ഞാല്‍….? ഒരിക്കല്‍ തങ്ങള്‍ തീര്‍ച്ചയായും പിടിക്കപ്പെടും. അങ്ങനെ സംഭവിച്ചാല്‍ അവര്‍ തങ്ങളുടെ കുഞ്ഞിനെ…? അതോര്‍ക്കുവാന്‍ പോലും മോസസ്സിന്റെ മാതാപിതാക്കള്‍ക്കോ, സഹോദരങ്ങള്‍ക്കോ കഴിഞ്ഞില്ല. തങ്ങളുടെ ഹ്യദയം പൊട്ടിപോകുന്നതുപോലെയാണ്‍ അവര്‍ക്ക് തോന്നിയത്.

‘നമ്മുടെ കുഞ്ഞിനെ എങ്ങനെയെങ്കിലും നമുക്ക് മരണത്തില്‍ നിന്ന് രക്ഷിച്ചേ മതിയാവൂ...’ അവര്‍ തീരുമാനിച്ചുറച്ചു. ഒടുവില്‍ അവര്‍ ഒരു വഴി കണ്ടെത്തുകയും ചെയ്തു. ഒട്ടും താമസിച്ചില്ല. മോസസ്സിന്റെ പെങ്ങളായ മിര്യാം ചന്തയില്‍ പോയി ഞാങ്ങണയുടെ ചെടിയുടെ തണ്ടുകൊണ്ടുണ്ടാക്കിയ ഒരു ചെറിയ പെട്ടകം (പെട്ടി) വാങ്ങി വീട്ടില്‍ വന്നു. ആ പെട്ടിയില്‍ വെള്ളം കയറുവാതിരിക്കുവാന്‍ അവള്‍ തന്നെയാണ്‍ അതിന്റെ പുറത്ത് പശ തേച്ചത്. പശ ഉണങ്ങി കഴിഞ്ഞപ്പോള്‍ ആ കുഞ്ഞു പെട്ടിയില്‍ അവള്‍ മ്യദുലമായ തുണി വിരിച്ചശേഷം തന്റെ കുഞ്ഞ് സഹോദരനായ മോസ്സ്സിനെ അതിനുള്ളില്‍ കിടത്തി. സംഭവിക്കുവാന്‍ പോകുന്നത് എന്തെന്നറിയാതെ പെട്ടകത്തിനുള്ളില്‍ കിടന്ന് കുഞ്ഞ് മോസസ്സ് കൈകാലുകളിളക്കി കളിച്ചുകൊണ്ടിരുന്നു. നിഷ്കളങ്കനായ ആ കുഞ്ഞിന്റെ മുഖം അവന്റെ മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും കണ്ണുകളെ ഈറനണിയിച്ചു….

“എന്റെ പൊന്നുമോനേ….” യോഖെബെദ് തേങ്ങിക്കരഞ്ഞു. എന്നാല്‍ ഉള്ളിലുള്ള ദു:ഖം പുറത്തു
കാണിക്കാതെ മിര്യാം തന്റെ കുഞ്ഞ് സഹോദരനെ കിടത്തിയ പെട്ടകം തലയില്‍ വച്ചുകൊണ്ട് വേഗം
വീട് വിട്ട് നൈല്‍ നദിയുടെ തീരത്തേക്ക് നടന്നു. തന്റെ സഹോദരനെ ഫറവോന്റെ സൈനികരുടെ
മരണഹസ്തങ്ങളില്‍ നിന്ന് തല്‍ക്കാലം രക്ഷിക്കുകയെന്നതായിരുന്നു അവളുടെ ലക്ഷ്യം.. ഭാഗ്യമെന്ന്
പറയട്ടെ മിര്യാം നൈല്‍ നദിയുടെ തീരത്ത് എത്തുന്നതു വരെ ആരും അവളെ ശ്രദ്ധിച്ചില്ല. മാത്രമല്ല
പെട്ടകത്തിനുള്ളില്‍ കിടന്ന് കുഞ്ഞു കരഞ്ഞതുമില്ല.

നൈല്‍ നദീ തീരത്തെത്തിയ മിര്യാം ശാന്തമായി ഒഴുകുന്ന നൈല്‍ നദിയിലേക്ക് നോക്കി. ‘എത്രയെത്ര
യിസ്രായേല്യരുടെ ആണ്‍ കുഞ്ഞുങ്ങളുടെ മരണം കണ്ട് മടുത്ത നദിയാണിത്… ഇനിയും എത്രയെത്ര
കുട്ടികളുടെ മരണത്തിന്‍ സാക്ഷിയാവാന്‍ കാത്തിരിക്കുകയാണി ഈ നദി അവള്‍ ചിന്തിച്ചു.

തങ്ങളുടെ എല്ലാ കഷ്ടതകള്‍ക്കും എന്നാണ് ഒരറുതിയുണ്ടാവുക…? ആരാണ് തങ്ങളെ ഈ കഷ്ടതകളില്‍ നിന്നും രക്ഷിക്കുക...? അവള്‍ ദു:ഖത്തോടു കൂടി ഓര്‍ത്തു. എന്നാല്‍ പെട്ടകത്തിലുള്ള തന്റെ കുഞ്ഞ് സഹോദരനെ, ദൈവം കഷ്ടതകളുടെ തീച്ചുളയില്‍ നിന്നും രാജകുമാരനെപ്പോലെ വളര്‍ത്തി വലുതാക്കി താനുള്‍പ്പെടുന്ന ഇസ്രായേല്‍ ജനതയുടെ മൊത്തം രക്ഷകനായി തീര്‍ക്കേണ്ടതാണെന്ന് സഹോദരിയായ മിര്യാമെന്നല്ല ആരും അറിഞ്ഞിരുന്നില്ല.

ഈ സമയത്താണ് അങ്ങ് ദൂരെ നദീതീരത്തൂടെ ആരൊക്കെയോ നടന്നു വരുന്നത് മിര്യാം കണ്ടത്. തന്റെ
കൈയ്യിലിരിക്കുന്ന പെട്ടകത്തില്‍ തന്റെ കുഞ്ഞ് സഹോദരന്‍ ഒന്നുമറിയാതെ കിടന്നുറങ്ങുകയാണ്. ഒരു
പക്ഷേ അവര്‍ തന്നെ പിടികൂടിയാല്‍ തന്റെ സഹോദരന്റെ സ്ഥിതി എന്താകും..? അവര്‍ തന്റെ സഹോദരനെ…? അതോര്‍ക്കുവാന്‍ പോലും മിര്യാമിന് karuthillayirunnu. മിര്യാം വേഗം പെട്ടകം നദീ
തീരത്തുള്ള ഞാങ്ങണച്ചെടിയുടെ ഇടയില്‍ വച്ചശേഷം തന്റെ സഹോദരന്‍ എന്താണ് സംഭവിക്കുവാന്‍ പോകുന്നതെന്നറിയുവാന്‍ ദൂരെ മാറി നിന്നു.

(തുടരും....)

Monday, September 22, 2008

പ്രവാസികളുടെ പ്രവാചകന്‍-2

“പ്രഭോ ഇസ്രയേല്‍ ജനത്തിന്റെ വംശവര്‍ദ്ധനവ് തടയുവാന്‍ നമ്മള്‍ക്ക് ഇനിയും സാധിച്ചിട്ടില്ല. നല്ല ആരോഗ്യവും, സൌന്ദര്യവുമുള്ള ആണ്കുട്ടികളെയാണ് ഇസ്രായേല്യ സ്ത്രീകള്‍ പ്രസവിക്കുന്നത്. ആ ആണ്‍കുട്ടികളാനെങ്കില്‍ എത്രപെട്ടന്നാണ് ആരോഗ്യത്തോടെ വളര്‍ന്ന് വലുതാകുന്നത്…? ഇങ്ങനെ വളരുന്ന ആ ആണ്‍കുട്ടികളാണെങ്കില്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ നമ്മുടെ രാജ്യത്തിന്‍ വലിയൊരു ഭീഷണിയായി തീരും എന്നതില്‍ യാതൊരു സംശയവുമില്ല….” ഈജിപ്തിലെ ചാരന്മാര്‍ ഫറവോന്‍ മുന്നറിയിപ്പു നല്‍കി.

"ഇസ്രായേല്യര്‍ക്ക് ജനിക്കുന്ന ആണ്‍കുട്ടികള്‍ ഒരിക്കലും വളര്‍ന്നു കൂടാ, പ്രസവ സമയത്തു തന്നെ നാം
അവരെ ഇല്ലാതാക്കണം… അതിനെന്താണൊരു വഴി…” ഫറവോന്‍ ചിന്താകുലനായി.

“അസാധ്യമായത് ഈ ലോകത്തിന്‍ എന്തുണ്ട് പ്രഭോ…” അങ്ങ് വിഷമിക്കേണ്ട.. എല്ലാത്തിനും ഒരു വഴിയുണ്ട്…” പണ്ഢിതന്മാര്‍ ഫറവോനെ ആശ്വസിപ്പിച്ചു.

“പറയൂ….എന്താണിതിനൊരു വഴി…“ ഫറവോന്‍ ആകാംക്ഷഭരിതനായി…

“പറയാം… അതായത് ഇസ്രായേല്യ സ്ത്രീകളുടെ പ്രസവമെടുക്കുന്നതും, അവര്‍ക്ക് പ്രസവചികിത്സകള്‍ നല്കുന്നതു സിപ്രായെന്നും, പൂവായെന്നും പേരായ അവരുടെ വംശക്കാരായ രണ്ട് സ്ത്രീകളാണ്‍… അവരെ എങ്ങനെയിങ്കിലും നമ്മള്‍ വശത്താക്കണം…”

“നല്ല ആശയം തന്നെ… ഇസ്രായെല്യ സ്ത്രീകള്‍ പ്രസവിക്കുന്നത് ആണ്‍കുട്ടികളാണെങ്കില്‍ പ്രസവ സമയത്തു തന്നെ അതിനെ കൊല്ലാന്‍ ആ വയറ്റാട്ടികള്‍ക്ക് നാം നിര്‍ദ്ദേശം നല്‍കുന്നു… ആരവിടെ വേഗം ആ സ്ത്രികളെ നമ്മുടെ മുന്നില്‍ ഹാജരാക്കൂ…“ സന്തോഷവാനാ‍യ ഫറവോന്‍ കല്പിച്ചു. രാജകല്പന കേട്ട രാജകിങ്കരന്മാര്‍ .സിപ്രായെയും, പൂവായെയും കണ്ടെത്തി ഫറവോന്റെ മുന്നിലെത്തിച്ചു.

"ഇസ്രായെല്യ സ്ത്രീകള്‍ക്ക് ജനിക്കുന്നത് ആണ്കുട്ടികളെ നിങ്ങള്‍ വളരെ രഹസ്യമായി പ്രസവസമയത്തു തന്നെ ശ്വാസം മുട്ടിച്ചു കൊല്ലണം.. എന്നാല്‍ അവര്‍ക്ക് ജനിക്കുന്നത് പെണ്കുട്ടികളാണെങ്കില്‍ അവ ജീവനോടു കൂടിയിരിക്കട്ടെ…“ രാജകല്പന കേട്ട് സിപ്രായും, പൂവയും ഞെട്ടിപ്പോയി. പക്ഷേ രാജകല്പനയല്ലേ… മറുത്തൊരക്ഷരം പറയുവാന്‍ അവര്‍ക്ക് സാധിക്കുകയില്ലല്ലോ…

“നിങ്ങള്‍ ഒന്നും കൊണ്ടും ഭയപ്പെടേണ്ട ആവശ്യമില്ല. എല്ലാം വളരെ രഹസ്യമായിരിക്കും. ആരും നിങ്ങളെ സംശയിക്കുകയുമില്ല.. മാത്രമല്ല നമ്മുടെ കല്പന അനുസരിച്ചാല്‍ നിങ്ങളെ കാത്തിരിക്കുന്നത് വലിയ സൌഭാഗ്യങ്ങളായിരിക്കും.. ധനം, വസ്തു വകകള്‍, വീട്, ആഭരണങ്ങള്‍ എന്നു വേണ്ട നിങ്ങള്‍ എന്താവശ്യപ്പെടുന്നുവോ അതെല്ലാം നിങ്ങള്‍ക്ക് ഇഷ്ടം പോലെ നാം നല്‍കും, മറിച്ച് എന്നെ ധിക്കരിക്കുവാനാണ് ഭാവമെങ്കില്‍ നിങ്ങള്‍ക്ക് നഷ്ടപ്പെടുന്നത് നിങ്ങളുടെ ജീവനായിരിക്കും" ഫറവോന്‍ അവര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഫറവോന്റെ വാക്കിന്‍ സമ്മതം മൂളിക്കൊണ്ട് സിപ്രായും, പൂവയും രാജസന്നിധി വിട്ടിറങ്ങി.

എന്നാല്‍ സിപ്രായും, പൂവയും ദൈവഭയമുള്ള നല്ല സ്ത്രീകളായിരുന്നു. ഫറവോന്റെ മോഹനവാഗ്ദ്ധാനങ്ങളിലൊന്നും അവര്‍ വീണില്ലെന്നു മാത്രമല്ല ഫറവോന്റെ കല്പന ലംഘിച്ചുകൊണ്ട് ഇസ്രയേല്യ സ്ത്രീകള്‍ക്ക് ജനിക്കുന്ന ആണ്‍കുട്ടികളെ കൊല്ലാതെ അവര്‍ ജീവനോടെ രക്ഷിച്ചു. പക്ഷേ അവരുടെ ഈ കള്ളക്കളി എങ്ങനെയോ ഫറവോന്‍ അറിയുകയും കുപിതനായ അദ്ദേഹം സിപ്രായെയും, പൂവയെയും രാ‍ജകൊട്ടാരത്തില്‍ വിളിച്ചു വരുത്തി അവരെ ചോദ്യം ചെയ്യുകയും ചെയ്തു.

“പ്രഭോ.. ഞങ്ങള്‍ നിരപരാധികളാണ്‍. ഇസ്രയേല്യ സ്ത്രീകള്‍ ഈജിപ്തിലെ സ്ത്രീകളെപ്പോലെയല്ല. അവര്‍ നല്ല ആരോഗ്യമുള്ളവരാണ്‍. വയറ്റാട്ടികളായ ഞങ്ങളുടെ ആവശ്യം പോലും പലര്‍ക്കു വേണ്ടി വരില്ല. മിക്ക വീടുകളിലും ഞങ്ങള്‍ എത്തുന്നതിന്‍ മുമ്പ് സുഖപ്രസവം നടന്നിരിക്കും. അതുകൊണ്ട് അവര്‍ക്ക് ജനിക്കുന്ന കുട്ടികളെ കൊല്ലാന്‍ ഞങ്ങള്‍ക്ക് കഴിയുന്നില്ല. സിപ്രായും, പൂവയും ഫറവോനോട് പച്ചക്കള്ളം പറഞ്ഞു.

സിപ്രയും പൂവയും പറഞ്ഞതപ്പാടെ വിശ്വസിച്ച ഫറവോന്‍ അവരെ വെറുതെ വിടുകയും ഇസ്രയേല്‍ ജനത്തിന്‍ ജനിക്കുന്ന ആണ്‍കുട്ടികളെ നശിപ്പിക്കുവാന്‍ പുതിയ തന്ത്രങ്ങള്‍ തന്റെ രാജ്യത്തെ ഭരണതന്ത്രജ്ഞരുമായി കൂടിയാലോചിക്കുകയും ചെയ്തു. എന്നാല്‍ ഫറവോന്റെ കല്പന ലംഘിച്ച് തങ്ങളുടെ ജീവന്‍ പോലും പണയപ്പെടുത്തി ഇസ്രായേല്യര്‍ക്കു പിറക്കുന്ന ആണ്‍കുട്ടികളെ രക്ഷിച്ച സിപ്രയെയും, പൂവയെയും മാത്രമല്ല അവരുടെ കുടുംബത്തെയും കരുണാമയനായ ദൈവം അത്യധികമായി അനുഗ്രഹിച്ചു.

“ഇസ്രയേല്‍ ജനങ്ങള്‍ക്ക് ജനിക്കുന്നത് ആണ്‍കുട്ടികളാണെങ്കില്‍ അവരെ നൈല്‍ നദിയില്‍ എറിഞ്ഞു കളയുക.
പെണ്‍കുട്ടികളാണെങ്കില്‍ മാത്രം അവയെ വളര്‍ത്തുക….” ഇസ്രയേല്‍ ജനങ്ങള്‍ക്ക് ജനിക്കുന്ന കുഞ്ഞുങ്ങളെ
രഹസ്യമായി നശിപ്പിക്കുവാന്‍ ശ്രമിച്ച് പരാജിതനായ ഫറവോന്‍ തന്റെ രാജ്യത്തെങ്ങും പുതിയൊരു കല്പന പുറപ്പെടുവിച്ചു. ഫറവോന്റെ കല്പന കേട്ട് ഇസ്രയേല്‍ ജനം ഞെട്ടി വിറച്ചു. അന്നുമുതല്‍ ഇസ്രയേല്‍ ജനങ്ങള്‍ക്ക് ആണ്‍കുട്ടികള്‍ പിറന്നാലുടന്‍ രാ‍ജഭടന്മാര്‍ വേട്ടനായ്ക്കളെപ്പോലെ അവിടെ പാഞ്ഞെത്തി മാതാപിതാക്കളുടെ കൈയ്യില്‍ നിന്ന് കുഞ്ഞുങ്ങളെ ബലമായി പിടിച്ചു വാങ്ങി നൈല്‍ നദിയില്‍ വലിച്ചെറിഞ്ഞു.

എങ്ങും നിലവിളിയും, തേങ്ങലും മാത്രം… രാജകല്പനയെ ചോദ്യം ചെയ്യുവാനോ, ഫറവോനെ എതിര്‍ക്കുവാനോ ആര്‍ക്കും കഴിഞ്ഞില്ല. എതിര്‍ത്തവരാകട്ടെ ക്രൂരമായ പീഢനങ്ങള്‍ക്കിരയായി. തങ്ങള്ക്ക് ജനിക്കുവാന്‍ പോകുന്നത് ആണ്‍കുട്ടികളാകരുതെന്ന് പല മാതാപിതാക്കളും ആശിച്ചുപോയ ദിനങ്ങളായ അത്. ഇസ്രയേല്‍ ജനങ്ങളെ തോരാത്ത കണ്ണുനീരും, തീരാത്ത കഷ്ടതയും പിന്തുടരുന്ന കാലം.. ഒരു വശത്ത് അവരുടെ പുരുഷന്മാരും, യൌവ്വനക്കാരും എന്തിന്‍ കുട്ടികള്‍പ്പോലും ഈജിപ്തിലെ വയലുകളിലും, ഇഷ്ടിക കളങ്ങളിലും അടിമകളെപ്പൊലെ പണി ചെയ്യുകയാണ്‍. സ്ത്രീകളാണെങ്കില്‍ തങ്ങള്‍ക്ക് ജനിക്കുന്ന ആണ്‍കുട്ടികളുടെ വിധിയോര്‍ത്ത് തല തല്ലിക്കരയുകയും…

ഫറവോന്റെ സൈനികര്‍ അവരുടെ ആണ്‍കുഞ്ഞുങ്ങളെ നിര്‍ദാക്ഷിണ്യം അവരില്‍ നിന്ന് ബലമായി പിടിച്ചു വാങ്ങി നൈല്‍ നദിയുടെ ആഴങ്ങളിലേക്ക് വലിച്ചെറിഞ്ഞു. കുട്ടികള്‍ നഷ്ടമായ മാതാപിതാക്കളുടെ വേദനയോ, യാതൊരു തെറ്റും ചെയ്യാതിരുന്നിട്ടും മരണത്തിലേക്ക് വലിച്ചെറിയപ്പെടുന്ന നിഷ്കളങ്കരായ പിഞ്ചു കുഞ്ഞുങ്ങളുടെ മുഖമോ സൈനികര്‍ ഗൌനിച്ചില്ല. അവര്‍ക്ക് എല്ലാം ഒരു വിനോദം പോലെയായിരുന്നു.

ഫറവോന്റെ സൈനികര്‍ തന്റെ നെഞ്ചിലേക്ക് വലിച്ചെറിയുന്ന പിഞ്ചു കുഞ്ഞുങ്ങളുടെ മരണവെപ്രാളവും, തേങ്ങലും കണ്ട് നൈല്‍ നദിപോലും നിശബ്ദരായി തേങ്ങിക്കരഞ്ഞുപോയി. ജീവന്‍ നഷ്ടമായി നൈല്‍ നദിയില്‍ പൊങ്ങിക്കിടക്കുന്ന കുഞ്ഞുങ്ങളുടെ ശവശരീരം കൊത്തി തിന്നുവാന്‍ ആര്‍ത്തി പൂണ്ട കഴുകന്മാര്‍ നൈല്‍ നദിയുടെ മുകളിലൂടെ വട്ടമിട്ടു പറന്നു.

ഈജിപ്തിലെ തങ്ങളുടെ ജീവിതം ഭാവിയില്‍ എന്തായി തീരും എന്ന ഭീതി ഇസ്രയേല്‍ ജനങ്ങളെ
അലട്ടിക്കൊണ്ടിരിക്കുമ്പോഴാണ് ഈജിപ്തില്‍ ആ സംഭവം നടന്നത്.
(തുടരും)

Thursday, September 18, 2008

പ്രവാസികളുടെ പ്രവാചകന്‍-1

ചരിത്ര നോവല്‍ ആരംഭിക്കുന്നു
ജോസഫ് ഈജിപ്തിലെ ഗവര്‍ണ്ണരായിരിക്കുമ്പോഴാണ് അന്ന് ഈജിപ്ത് ഭരിച്ചിരുന്ന ഫറവോന്റെ നിര്‍ദ്ദേശപ്രകാരം കനാന്‍ ദേശത്ത് നിന്ന് ജോസഫിന്റെ പിതാവായ യാക്കോബും, സഹോദരങ്ങളായ രൂബേന്‍, ശിമയോന്‍, ലേവി, യെഹൂദ, യിസാഖാര്‍, സെബൂലൂന്‍, ബെന്യാമിന്‍, ദാന്‍, നഫ്താലി, ഗാദ്, ആശേര്‍ എന്നിവരും അവരുടെ ഭാര്യമാരും മക്കളും അടങ്ങിയ എഴുപതംഗ കുടുംബം ഈജിപ്തിലെത്തുന്നത്.

ലോകം മുഴുവന്‍ ക്ഷാമം നേരിട്ട കാലത്തുപോലും ഈജിപ്തിനെ ഐശ്വര്യത്തിലേക്കും, സമ്പത്സമ്യദ്ധിയിലേക്കും നയിച്ച തന്റെ വിശ്വസ്തനായ ജോസഫിനോടുള്ള സ്നേഹവും, ആദരവും കണക്കിലെടുത്ത് ഫറവോന്‍ തന്നെയാണ് ജോസഫിന്റെ പിതാവും, സഹോദരങ്ങളും അടങ്ങിയ കുടുംബത്തിന്‍ തന്റെ രാജ്യത്തെ ഏറ്റവും സമ്പത്സമ്യദ്ധമായ ഗോശാന്‍ ദേശത്ത് താമസിക്കുവാന്‍ അനുമതി നല്‍കിയത്..

പാരമ്പര്യമായി ആട്ടിടയന്മാരായ യാക്കോബിന്റെ കുടുംബത്തിന് തങ്ങളുടെ ആടുകളെ
മേയ്ക്കുവാനും, ക്യഷി ചെയ്യുവാനും പറ്റിയ സ്ഥലമായിരുന്നു ഗോശാന്‍ ദേശം. അവര്‍ അവിടെ
ആടുമേയിച്ചും, ക്യഷിചെയ്തും ജീവിച്ചു. ദൈവം അവരെ സന്താന സമ്പത്തിലൂടെയും, ക്യഷി
സമ്പത്തിലൂടെയും, മ്യഗസമ്പത്തിലൂടെയും അനുഗ്രഹിച്ചു.

വര്‍ഷങ്ങള്‍ പലതും കഴിഞ്ഞു കൊണ്ടിരുന്നു. ജോസഫും അതുപോലെ ഈജിപ്തിലെത്തിയ
യാക്കോബും, അദ്ദേഹത്തിന്റെ മക്കളും കാലയവനികയ്ക്കുള്ളീല്‍ മറഞ്ഞു. അവരുടെ സന്തതികളെ
ഇസ്രായേല്‍ മക്കള്‍ (ജനം) എന്നറിയപ്പെട്ടു. ഇസ്രായേല്‍ മക്കള്‍ ഈജിപ്തില്‍ പെറ്റുപെരുകിക്കൊണ്ടിരുന്നു.

“ഞാന്‍ നിന്റെ സന്തതികളെ, കടല്‍ത്തീരത്തെ മണല്‍ത്തരിപോലെയും, ആകാ‍ശത്തിലെ
നക്ഷത്രങ്ങള്‍പ്പോലെയും വര്‍ദ്ധിപ്പിക്കും..” ഇസ്രാ‍യേല്‍ ജനങ്ങളുടെ പൂര്‍വ്വപിതാക്കന്മാരും അതിലുപരി
തന്റെ പ്രിയപ്പെട്ട ദാസന്മാരുമായ അബ്രഹാമിനോടും, ഇസഹാക്കിനോടും, യാക്കോബിനോടും ദൈവം
ചെയ്ത വാഗദ്ധാനമായിരുന്നു അത്.

ഈജിപ്തിലെ പ്രവാസികളായ ഇസ്രായേല്‍ മക്കളിലൂടെ ദൈവം തന്റെ ദാസന്മാരോട് അരുളി ചെയ്ത
വാഗ്ദ്ധാനം നിറവേറ്റുകയായിരുന്നു. അതെ. കാലം സാക്ഷി നില്‍ക്കെ അവരിലൂടെ വലിയൊരു ജനതയെ
ദൈവം സ്യഷ്ടിക്കുകയായിരുന്നു. നൂറ്റാണ്ടുകള്‍ കഴിഞ്ഞതോടു കൂടി ഈജിപ്തില്‍ ഇസ്രായേല്‍ ജനങ്ങളുടെ
എണ്ണം ലക്ഷങ്ങള്‍ കവിഞ്ഞു. സമ്പത്തു കൊണ്ടും ആള്‍ ബലം കൊണ്ടും അവര്‍ വലിയൊരു ശക്തിയായി
ഈജിപ്തുകാരേക്കാള്‍ മുന്നിലെത്തുകയും ചെയ്തു.

ഇക്കാലയളവില്‍ ഈജിപ്തിലെ ഭരണരംഗത്തും ഒട്ടേറെ മാറ്റങ്ങള്‍ സംഭവിച്ചിരുന്നു. ഒരു കാലത്ത് ഈജിപ്തിനെ സമ്പത്സമ്യദ്ധിയിലേക്ക് നയിച്ച ജോസഫിനെ അറിയാത്തൊരു ഫറവോനായിരുന്നു അക്കാലത്ത് ഈജിപ്ത് ഭരിച്ചിരുന്നത്. മാത്രമല്ല മുന്‍ കാലങ്ങളില്‍ ഈജിപ്തു ഭരിച്ച മറ്റ് ഫറവോന്മാരെ പ്പോലെയായിരുന്നില്ല അദ്ദേഹം. ദുഷ്ടനും, കഠിനഹ്യദയനുമയിരുന്നു അയാള്‍. ഇസ്രായേല്‍ മക്കളുടെ ക്രമാതീതമായ ജനസംഖ്യാ വര്‍ദ്ധനവ് ഫറവോനെ വല്ലാതെ അലട്ടിയിരുന്നു,

സമ്പത്തു കൊണ്ടും. ആള്‍ബലം കൊണ്ടു ഈജിപ്തുകാരെക്കാള്‍ മുന്നില്‍ നില്‍ക്കുന്ന പ്രവാസികളായ ഇസ്രായേല്യര്‍ ഒരുപക്ഷേ ഈജിപ്തിന്റെ ശത്രുരാജ്യങ്ങള്‍ക്കൊപ്പം നിന്ന് തങ്ങള്‍ക്കെതിരെ യുദ്ധം ചെയ്യുമെന്ന് പോലും അദ്ദേഹം ഭയന്നു.

അങ്ങനെ സംഭവിച്ചാല്‍…? മനസ്സിനുള്ളിലെ ആ ഭയം ഫറവോനെ വല്ലാതെ നിരാശനാക്കി.
ആദ്ദേഹത്തിന്‍ ഊണും, ഉറക്കവും നഷ്ടമായി. “ഇസ്രായെല്യരുടെ ജനസംഖ്യാ വര്‍ദ്ധനവ് എങ്ങനെയെങ്കിലും
തടഞ്ഞേ മതിയാവൂ…” ഇസ്രായെല്യരുടെ വളര്‍ച്ചയില്‍ അസൂയ പൂണ്ട ഫറവോന്‍ തന്റെ രാജ്യത്തെ
ഭരണതന്ത്രജ്ഞരുമായി ഇക്കാര്യം ചര്‍ച്ച ചെയ്തു.

“അങ്ങ് പറഞ്ഞത് തികച്ചും ശരിയാണ്…” ഇസ്രായേല്‍ ജനം നമുക്കൊരു ഭീഷണി തന്നെയാണ് പ്രഭോ…” അവര്‍ ഫറവൊനെ പിന്താങ്ങി…

“പക്ഷേ അതിന് നാം ഉടന്‍ തന്നെ ഒരു വഴി കണ്ടെത്തിയേണ്ടിയിരിക്കുന്നു.. ഈജിപ്തില്‍ ഇപ്പോള്‍ അവര്‍
ആസ്വദിക്കുന്ന സുഖസുന്ദരമായ അവരുടെ ജീവിതം നാം ദുരിതപൂരിതമാക്കണം…” ഫറവോന്‍ കല്പിച്ചു.

“അങ്ങ് പറഞ്ഞത് തികച്ചും ശരിയാണ്.. പക്ഷേ യിസ്രായെല്യരെ ഈ രാജ്യത്തു നിന്ന് ആട്ടിപ്പായിക്കുന്നതോ,
അവര്‍ ഈ രാജ്യം വിട്ടു പോകുന്നതോ ഇപ്പോഴത്തെ സാഹചര്യത്തില്‍ നമ്മുടെ രാജ്യസുരക്ഷയ്ക്കും,
രാജ്യപുരോഗതിക്കും കൂടുതല്‍ ഭീഷണിയാകും. അതുകൊണ്ട് അവര്‍ക്കെതിരെയുള്ള നമ്മുടെ ഒരോ
പ്രവ്യത്തിയും എപ്പോഴും വളരെ കരുതലോടു കൂടിയായിരിക്കണം…“ ഭരണതന്ത്രജ്ഞര്‍ ഫറവോന്‍
മുന്നറിയിപ്പ് നല്‍കി.

“ഇല്ല.. ഒരിക്കലും അവര്‍ നമ്മുടെ രാജ്യം വിട്ടുപോകാന്‍ നാം അനുവദിച്ചു കൂടാ. പകരം അവരെ
നമ്മുടെ അടിമകളാക്കി അവരുടെ ആരോഗ്യത്തെയും, കഴിവിനെയും പരമാവധി ചൂഷണം ചെയ്ത് ഈ
രാജ്യത്തെ സകല്‍ കഠിന ജോലികളും അവരെക്കൊണ്ട് നാം ചെയ്യിപ്പിക്കണം…” അവസാനം ഫറവോന്‍
ഉത്തരവിട്ടു.

ഇസ്രായേല്‍ ജനത്തിന്റെ ദുരിത പൂര്‍ണ്ണമായ ജീവിതം അവിടെ ആരംഭിക്കുകയായിരുന്നു. ഈജിപ്തിലെ
സന്തോഷപൂര്‍ണ്ണമായ അവരുടെ ജീവിതത്തിന്‍ കടിഞ്ഞാണിട്ടുകൊണ്ട് ഫറവോന്റെ കല്പനപ്രകാരം
ഈജിപ്ത്തിലെ വയലുകളിലും, ഇഷ്ടിക കളങ്ങളിലും രാവെന്നോ, പകലെന്നോ വ്യത്യാസമില്ലാതെ
എല്ലുമുറിയെ പണിചെയ്യാന്‍ ആബാലവ്യദ്ധം ജനങ്ങളും വിധിക്കപ്പെട്ടു. രാജകല്പന ലംഘിക്കുവാനോ,
ചോദ്യം ചെയ്യുവാനോ ആര്‍ക്കും കഴിയുമായിരുന്നില്ല. അതികഠിനമായി ജോലി ചെയ്തിട്ടും കൊടിയ
പീഡനങ്ങള്‍ക്ക് പലരും ഇരയായി. കന്നുകാലികളെപ്പോലെ രാവെന്നോ, മഴയെന്നോ വ്യത്യാസമില്ലാതെ
എല്ലുമുറിയെ കഷ്ടപ്പെടുന്ന ഇസ്രയേല്‍ ജനതയുടെ കണ്ണുനീരും, തേങ്ങലും കാണുന്നതുപോലും
ഈജിപിതുകാര്‍ക്ക് വിനോദമായിരുന്നു...

എന്നാല്‍ ഭാരിച്ച ജോലികള്‍ നല്‍കി ഇസ്രായേല്‍ ജനങ്ങളെ കഷ്ടപ്പെടുത്തി അവരുടെ വംശത്തെ ക്രമേണ
നശിപ്പിക്കാമെന്ന് കരുതിയ ഫറവോനും കൂട്ടര്‍ക്കുമാണ് തെറ്റു പറ്റിയത്. ഈജിപ്തുകാര്‍ ശാരീരികമായി
എത്രമാത്രം കഷ്ടപ്പെടുത്തുന്നുവോ, അതിലിരട്ടിയായി ഇസ്രയേല്‍ ജനത മാനസികമായി ശക്തി
പ്രാപിച്ചുകൊണ്ടിരുന്നു. മാത്രമല്ല ദൈവം അവരെ കൂടുതലായി അനുഗ്രഹിക്കുകയും, കണക്കില്ലാത്ത
സന്താനവര്‍ദ്ധനവ് നല്‍കുകയും ചെയ്തു. ഇത് രാജാവായ ഫറവോനെയും കൂട്ടരെയും
കൂടുതല്‍ ഭയപ്പെടുത്തുകയും, ആശങ്കാകുലരാക്കുകയും ചെയ്തു.

(തുടരും...)

Sunday, September 14, 2008

ഒരു തിരുവോണത്തിന്റെ ഓര്‍മ്മയ്ക്ക്...

കുട്ടിക്കാലത്തെ ഒരോണക്കാലം... ഞാന്‍ നാലാം ക്ലാസില്‍ പഠിക്കുന്ന പ്രായം...
മഴക്കാലം മാറി ആകാശം തെളിഞ്ഞു.. പൂക്കളും, പൂത്തുമ്പികളും എവിടെയും നിറഞ്ഞു. ഓണക്കാലം വന്നെത്തുകയായിരുന്നു.പള്ളിക്കൂടത്തില്‍ പോകുന്നതിന് മുമ്പ് ഓണം എന്താണെന്നും, ഓണത്തിന്റെ അര്‍ത്ഥം എന്താണെന്നും ഞാനുള്‍പ്പെടെയുള്ള കുട്ടികള്‍ക്കൊന്നും അറിയില്ലായിരുന്നു. അന്ന് ഓമനയമ്മ ടിച്ചറാണ് ഓണത്തിനെക്കുറിച്ചും, ഓണത്തിന്റെ ഉത്ഭവത്തെക്കുറിച്ചുമുള്ള കഥകള്‍ ഞങ്ങള്‍ക്ക് കുട്ടികള്‍ക്ക് പറഞ്ഞു തന്നത്.

'പാവം മഹാബലി. നല്ലവനായ മഹാബലി തമ്പുരാനെ വാമനന്‍ പാതാളത്തിലേക്ക് ചവുട്ടു താഴ്ത്തിയത് ഒട്ടും ശരിയായില്ല.’ മഹാബലിയുടെ കഥ കേട്ടു കഴിഞ്ഞപ്പോള്‍ അന്നെനിക്ക് മാ‍വേലി തമ്പുരാനോട് എന്തെന്നില്ലാത്ത സഹതാപം തോന്നി.

“മാവേലി നാടു വാണിടും കാലം……മാനുഷ്യരെല്ലാരുമൊന്നു പോലെ…….”
ഓമനയമ്മ ടീച്ചര്‍ പാടി തന്ന പാട്ട് ഞങ്ങളേറ്റു പാടി.നല്ല രസമായിരുന്നു അന്നത്തെ ഓണക്കാലം, പൂവും, പൂത്തുമ്പിയും, പൂക്കളവുമൊക്കെ ഓണത്തിന്റെ മാറ്റ് കൂട്ടിയിരുന്നു. അത്തം പിറന്നതോടു കൂടി ഞാനും കൊച്ചേട്ടനും ഗ്രാമത്തിലെ മറ്റ് കുട്ടികള്‍ക്കൊപ്പം ഓടി നടന്ന് വിവിധ നിറത്തിലുള്ള, തരത്തിലുള്ള പൂക്കള്‍ ശേഖരിക്കും. കൊച്ചേട്ടനും, ചേച്ചിയും ചേര്‍ന്നാണ് വീട്ടിന്റെ മുറ്റത്ത് മനോഹരമായ പൂക്കളമിട്ടത്…

അത്തം മുതല്‍ തിരുവോണം വരെ വീട്ടുമുറ്റത്ത് മനോഹരമായ പൂക്കളമൊരുക്കിയിരുന്നു..ഉത്രാട ദിവസം അപ്പച്ചനും, അമ്മച്ചിയും ചെങ്ങന്നൂര്‍ ചന്തയില്‍ പോയി തിരുവോണത്തിനേക്കുള്ള പച്ചക്കറികളും മറ്റും വാങ്ങി വന്നു. ഒപ്പം അപ്പച്ചന്റെ വക ഓണക്കോടിയും ഞങ്ങള്‍ മക്കള്‍ക്കെല്ലാം അന്ന് കിട്ടി… ഉത്രാട ദിവസത്തിന്റെന്ന് വൈകുന്നേരം അമ്മ ഉപ്പേരിയും, പരിപ്പു വടയുമൊക്കെ വീട്ടിലുണ്ടാക്കി ഞങ്ങള്‍ക്ക് തന്നു. ആ ഉപ്പേരിക്കും, പരിപ്പു വടയ്ക്കുമൊക്കെ എന്തൊരു സ്വാദായിരുന്നു.

തിരുവോണം.
മാവേലി തമ്പുരാന്‍ തന്റെ പ്രജകളെ കാണുവാന്‍ പാതാളത്തില്‍ നിന്ന് വരുന്ന ദിവസം.. എവിടെയും സന്തോഷം മാത്രം… രാവിലെ തന്നെ ഞാന്‍ കുളിച്ചൊരുങ്ങി ഓണക്കോടിയുമൊക്കെയണിഞ്ഞ് വീട്ടിലും, തൊടിയിലുമൊക്കെ ഓടി നടന്നു…അന്ന് ഉച്ചയ്ക്ക് തൂശനിലയില്‍ വിളമ്പിയ ഓണസദ്യയുമൊക്കെ കഴിഞ്ഞ് ഞങ്ങളെല്ലാവരും കൂടി വീടിന്റെ ഉമ്മറത്ത് കുറെ നേരം തമാശകള്‍ പറഞ്ഞിരിരുന്നു. തൊട്ടടുത്ത വീട്ടില്‍ തിരുവാതിരയും, തുമ്പികളിയുമൊക്കെ നടക്കുന്നുണ്ടായിരുന്നു. ചേച്ചിയും, അമ്മച്ചിയും അങ്ങോട്ട് പോയി.വല്യേട്ടന്റെ പ്രായക്കാരായ ചില കുട്ടികള്‍ ‘കടുവ‘ കളി സംഘടിപ്പിച്ചിരുന്നു. വല്യേട്ടനെയാണ് കടുവയായി എല്ലാവരും ചേര്‍ന്ന് അണിയിച്ചൊരുക്കിയത്.

‘കൂവയിലകള്‍ കൊണ്ട് വല്യേട്ടന്റെ ശരീരമൊക്കെ കൂട്ടുകാരൊക്കെ ചേര്‍ന്ന് പൊതിഞ്ഞു. കവുങ്ങിന്‍ പാളയില്‍ കടുവയുടെ മുഖം വരച്ച് വല്യേട്ടന്റെ മുഖത്ത് കെട്ടി. ആരും കണ്ടാല്‍ വല്യേട്ടനെ തിരിച്ചറിയില്ല.

“കടുവാ വരുന്നേ…
അയ്യയ്യോ…
പിടിച്ചുകെട്ടോ….
അയ്യയ്യോ….
പുള്ളിക്കടുവാ
അയ്യയ്യോ…
വീരന്‍ കടുവ…
അയ്യയ്യോ…
കടുവാ‍….. വരുന്നേ….

കടുവയോടൊപ്പം ആര്‍ത്തു വിളിച്ചും, പാട്ടു പാടിയും, തകരപ്പാട്ടയില്‍ കൊട്ടി വലിയ ശബ്ദമുണ്ടാക്കിയും ഞങ്ങള്‍ അമ്പതോളം വരുന്ന കുട്ടികള്‍ പ്രയാറ്റിലെ ഓരോ വീടുകളിലും കയറിയിറങ്ങി. ചിലര്‍ ഞങ്ങള്‍ക്ക് ഉപ്പേരിയും, മറ്റു ചിലര്‍ പൈസയും തന്നു…അങ്ങനെ കടുവയും കൂട്ടരും ആര്‍ത്തട്ടഹസിച്ച് കൊച്ചുപുരയ്ക്കല്‍ പിള്ളച്ചേട്ടന്റെ വീട്ടിലെത്തിയപ്പോഴാണ് അത് സംഭവിച്ചത്..

പിള്ളച്ചേട്ടന്‍ ഒരു പശുവുണ്ടായിരുന്നു. ഞങ്ങളുടെ ആര്‍പ്പു വിളിയും, പാട്ടും കൂത്തുമൊക്കെ കേട്ട് മുറ്റത്ത് തെങ്ങില്‍ കെട്ടിയിരുന്ന പശു ശരിക്കും വിരണ്ടു പോയി. പശു തെങ്ങിന്‍ ചുറ്റും ഓടി നടന്ന് അമറുകയും, കയറു പൊട്ടിക്കുവാന്‍ ശ്രമം നടത്തുകയും ചെയ്യുന്നുണ്ടായിരുന്നു.. ചില കുട്ടികളക്ക് പശുവിന്റെ ഈ പരാക്രമം കണ്ട് രസം കയറി. അവര്‍ പശുവിനെ കൂടുതല്‍ പ്രകോപിതയാക്കി. പെട്ടന്നാണ് പശു കയറു പൊട്ടിച്ചത്.. എല്ലാവരും വിരണ്ടുപോയി. എങ്ങനെയോ ഞാന്‍ പശുവിന്റെ മുന്നിലകപ്പെട്ടു. ഓടി രക്ഷപെടുവാനുള്ള തത്രപ്പാടിനിടയില്‍ വലിയ കൊമ്പുള്ള ആ പുള്ളി പശു എന്ന് കോരിയെടുത്ത് ദൂരേക്ക് ഒരേറു കൊടുത്തു…

"അമ്മേ…..” ഞാന്‍ നിലവിളിച്ചുകൊണ്ട് തെറിച്ചു വീണത് ചാണക കുഴിയിലേക്കാണ്…” എന്റെ വായിലും, വസ്ത്രത്തിലും എന്നു വേണ്ട ശരീരം മുഴുവന്‍ ചാണകം.. എന്നെ മറ്റാര്‍ക്കും തിരിച്ചറിയാന്‍ വയ്യാത്ത അവസ്ഥ.ഒരു നിമിഷം പകച്ചു പോയ മറ്റുള്ളവര്‍ എന്റെ രൂപം കണ്ട് പൊട്ടിച്ചിരിക്കുവാന്‍ തുടങ്ങി. ഞാനപ്പോള്‍ വിങ്ങിപ്പൊട്ടി കരയുകയായിരുന്നു..

നാണക്കേടോ, അല്ലെങ്കില്‍ കാത്ത് കാത്തിരുന്ന നല്ലൊരു ഓണം ചാണകത്തിലായതിന്റെ സങ്കടമോ ആര്‍ക്കും എന്നെ ആശ്വസിപ്പിക്കുവാന്‍ കഴിഞ്ഞില്ല…