Thursday, September 18, 2008

പ്രവാസികളുടെ പ്രവാചകന്‍-1

ചരിത്ര നോവല്‍ ആരംഭിക്കുന്നു
ജോസഫ് ഈജിപ്തിലെ ഗവര്‍ണ്ണരായിരിക്കുമ്പോഴാണ് അന്ന് ഈജിപ്ത് ഭരിച്ചിരുന്ന ഫറവോന്റെ നിര്‍ദ്ദേശപ്രകാരം കനാന്‍ ദേശത്ത് നിന്ന് ജോസഫിന്റെ പിതാവായ യാക്കോബും, സഹോദരങ്ങളായ രൂബേന്‍, ശിമയോന്‍, ലേവി, യെഹൂദ, യിസാഖാര്‍, സെബൂലൂന്‍, ബെന്യാമിന്‍, ദാന്‍, നഫ്താലി, ഗാദ്, ആശേര്‍ എന്നിവരും അവരുടെ ഭാര്യമാരും മക്കളും അടങ്ങിയ എഴുപതംഗ കുടുംബം ഈജിപ്തിലെത്തുന്നത്.

ലോകം മുഴുവന്‍ ക്ഷാമം നേരിട്ട കാലത്തുപോലും ഈജിപ്തിനെ ഐശ്വര്യത്തിലേക്കും, സമ്പത്സമ്യദ്ധിയിലേക്കും നയിച്ച തന്റെ വിശ്വസ്തനായ ജോസഫിനോടുള്ള സ്നേഹവും, ആദരവും കണക്കിലെടുത്ത് ഫറവോന്‍ തന്നെയാണ് ജോസഫിന്റെ പിതാവും, സഹോദരങ്ങളും അടങ്ങിയ കുടുംബത്തിന്‍ തന്റെ രാജ്യത്തെ ഏറ്റവും സമ്പത്സമ്യദ്ധമായ ഗോശാന്‍ ദേശത്ത് താമസിക്കുവാന്‍ അനുമതി നല്‍കിയത്..

പാരമ്പര്യമായി ആട്ടിടയന്മാരായ യാക്കോബിന്റെ കുടുംബത്തിന് തങ്ങളുടെ ആടുകളെ
മേയ്ക്കുവാനും, ക്യഷി ചെയ്യുവാനും പറ്റിയ സ്ഥലമായിരുന്നു ഗോശാന്‍ ദേശം. അവര്‍ അവിടെ
ആടുമേയിച്ചും, ക്യഷിചെയ്തും ജീവിച്ചു. ദൈവം അവരെ സന്താന സമ്പത്തിലൂടെയും, ക്യഷി
സമ്പത്തിലൂടെയും, മ്യഗസമ്പത്തിലൂടെയും അനുഗ്രഹിച്ചു.

വര്‍ഷങ്ങള്‍ പലതും കഴിഞ്ഞു കൊണ്ടിരുന്നു. ജോസഫും അതുപോലെ ഈജിപ്തിലെത്തിയ
യാക്കോബും, അദ്ദേഹത്തിന്റെ മക്കളും കാലയവനികയ്ക്കുള്ളീല്‍ മറഞ്ഞു. അവരുടെ സന്തതികളെ
ഇസ്രായേല്‍ മക്കള്‍ (ജനം) എന്നറിയപ്പെട്ടു. ഇസ്രായേല്‍ മക്കള്‍ ഈജിപ്തില്‍ പെറ്റുപെരുകിക്കൊണ്ടിരുന്നു.

“ഞാന്‍ നിന്റെ സന്തതികളെ, കടല്‍ത്തീരത്തെ മണല്‍ത്തരിപോലെയും, ആകാ‍ശത്തിലെ
നക്ഷത്രങ്ങള്‍പ്പോലെയും വര്‍ദ്ധിപ്പിക്കും..” ഇസ്രാ‍യേല്‍ ജനങ്ങളുടെ പൂര്‍വ്വപിതാക്കന്മാരും അതിലുപരി
തന്റെ പ്രിയപ്പെട്ട ദാസന്മാരുമായ അബ്രഹാമിനോടും, ഇസഹാക്കിനോടും, യാക്കോബിനോടും ദൈവം
ചെയ്ത വാഗദ്ധാനമായിരുന്നു അത്.

ഈജിപ്തിലെ പ്രവാസികളായ ഇസ്രായേല്‍ മക്കളിലൂടെ ദൈവം തന്റെ ദാസന്മാരോട് അരുളി ചെയ്ത
വാഗ്ദ്ധാനം നിറവേറ്റുകയായിരുന്നു. അതെ. കാലം സാക്ഷി നില്‍ക്കെ അവരിലൂടെ വലിയൊരു ജനതയെ
ദൈവം സ്യഷ്ടിക്കുകയായിരുന്നു. നൂറ്റാണ്ടുകള്‍ കഴിഞ്ഞതോടു കൂടി ഈജിപ്തില്‍ ഇസ്രായേല്‍ ജനങ്ങളുടെ
എണ്ണം ലക്ഷങ്ങള്‍ കവിഞ്ഞു. സമ്പത്തു കൊണ്ടും ആള്‍ ബലം കൊണ്ടും അവര്‍ വലിയൊരു ശക്തിയായി
ഈജിപ്തുകാരേക്കാള്‍ മുന്നിലെത്തുകയും ചെയ്തു.

ഇക്കാലയളവില്‍ ഈജിപ്തിലെ ഭരണരംഗത്തും ഒട്ടേറെ മാറ്റങ്ങള്‍ സംഭവിച്ചിരുന്നു. ഒരു കാലത്ത് ഈജിപ്തിനെ സമ്പത്സമ്യദ്ധിയിലേക്ക് നയിച്ച ജോസഫിനെ അറിയാത്തൊരു ഫറവോനായിരുന്നു അക്കാലത്ത് ഈജിപ്ത് ഭരിച്ചിരുന്നത്. മാത്രമല്ല മുന്‍ കാലങ്ങളില്‍ ഈജിപ്തു ഭരിച്ച മറ്റ് ഫറവോന്മാരെ പ്പോലെയായിരുന്നില്ല അദ്ദേഹം. ദുഷ്ടനും, കഠിനഹ്യദയനുമയിരുന്നു അയാള്‍. ഇസ്രായേല്‍ മക്കളുടെ ക്രമാതീതമായ ജനസംഖ്യാ വര്‍ദ്ധനവ് ഫറവോനെ വല്ലാതെ അലട്ടിയിരുന്നു,

സമ്പത്തു കൊണ്ടും. ആള്‍ബലം കൊണ്ടു ഈജിപ്തുകാരെക്കാള്‍ മുന്നില്‍ നില്‍ക്കുന്ന പ്രവാസികളായ ഇസ്രായേല്യര്‍ ഒരുപക്ഷേ ഈജിപ്തിന്റെ ശത്രുരാജ്യങ്ങള്‍ക്കൊപ്പം നിന്ന് തങ്ങള്‍ക്കെതിരെ യുദ്ധം ചെയ്യുമെന്ന് പോലും അദ്ദേഹം ഭയന്നു.

അങ്ങനെ സംഭവിച്ചാല്‍…? മനസ്സിനുള്ളിലെ ആ ഭയം ഫറവോനെ വല്ലാതെ നിരാശനാക്കി.
ആദ്ദേഹത്തിന്‍ ഊണും, ഉറക്കവും നഷ്ടമായി. “ഇസ്രായെല്യരുടെ ജനസംഖ്യാ വര്‍ദ്ധനവ് എങ്ങനെയെങ്കിലും
തടഞ്ഞേ മതിയാവൂ…” ഇസ്രായെല്യരുടെ വളര്‍ച്ചയില്‍ അസൂയ പൂണ്ട ഫറവോന്‍ തന്റെ രാജ്യത്തെ
ഭരണതന്ത്രജ്ഞരുമായി ഇക്കാര്യം ചര്‍ച്ച ചെയ്തു.

“അങ്ങ് പറഞ്ഞത് തികച്ചും ശരിയാണ്…” ഇസ്രായേല്‍ ജനം നമുക്കൊരു ഭീഷണി തന്നെയാണ് പ്രഭോ…” അവര്‍ ഫറവൊനെ പിന്താങ്ങി…

“പക്ഷേ അതിന് നാം ഉടന്‍ തന്നെ ഒരു വഴി കണ്ടെത്തിയേണ്ടിയിരിക്കുന്നു.. ഈജിപ്തില്‍ ഇപ്പോള്‍ അവര്‍
ആസ്വദിക്കുന്ന സുഖസുന്ദരമായ അവരുടെ ജീവിതം നാം ദുരിതപൂരിതമാക്കണം…” ഫറവോന്‍ കല്പിച്ചു.

“അങ്ങ് പറഞ്ഞത് തികച്ചും ശരിയാണ്.. പക്ഷേ യിസ്രായെല്യരെ ഈ രാജ്യത്തു നിന്ന് ആട്ടിപ്പായിക്കുന്നതോ,
അവര്‍ ഈ രാജ്യം വിട്ടു പോകുന്നതോ ഇപ്പോഴത്തെ സാഹചര്യത്തില്‍ നമ്മുടെ രാജ്യസുരക്ഷയ്ക്കും,
രാജ്യപുരോഗതിക്കും കൂടുതല്‍ ഭീഷണിയാകും. അതുകൊണ്ട് അവര്‍ക്കെതിരെയുള്ള നമ്മുടെ ഒരോ
പ്രവ്യത്തിയും എപ്പോഴും വളരെ കരുതലോടു കൂടിയായിരിക്കണം…“ ഭരണതന്ത്രജ്ഞര്‍ ഫറവോന്‍
മുന്നറിയിപ്പ് നല്‍കി.

“ഇല്ല.. ഒരിക്കലും അവര്‍ നമ്മുടെ രാജ്യം വിട്ടുപോകാന്‍ നാം അനുവദിച്ചു കൂടാ. പകരം അവരെ
നമ്മുടെ അടിമകളാക്കി അവരുടെ ആരോഗ്യത്തെയും, കഴിവിനെയും പരമാവധി ചൂഷണം ചെയ്ത് ഈ
രാജ്യത്തെ സകല്‍ കഠിന ജോലികളും അവരെക്കൊണ്ട് നാം ചെയ്യിപ്പിക്കണം…” അവസാനം ഫറവോന്‍
ഉത്തരവിട്ടു.

ഇസ്രായേല്‍ ജനത്തിന്റെ ദുരിത പൂര്‍ണ്ണമായ ജീവിതം അവിടെ ആരംഭിക്കുകയായിരുന്നു. ഈജിപ്തിലെ
സന്തോഷപൂര്‍ണ്ണമായ അവരുടെ ജീവിതത്തിന്‍ കടിഞ്ഞാണിട്ടുകൊണ്ട് ഫറവോന്റെ കല്പനപ്രകാരം
ഈജിപ്ത്തിലെ വയലുകളിലും, ഇഷ്ടിക കളങ്ങളിലും രാവെന്നോ, പകലെന്നോ വ്യത്യാസമില്ലാതെ
എല്ലുമുറിയെ പണിചെയ്യാന്‍ ആബാലവ്യദ്ധം ജനങ്ങളും വിധിക്കപ്പെട്ടു. രാജകല്പന ലംഘിക്കുവാനോ,
ചോദ്യം ചെയ്യുവാനോ ആര്‍ക്കും കഴിയുമായിരുന്നില്ല. അതികഠിനമായി ജോലി ചെയ്തിട്ടും കൊടിയ
പീഡനങ്ങള്‍ക്ക് പലരും ഇരയായി. കന്നുകാലികളെപ്പോലെ രാവെന്നോ, മഴയെന്നോ വ്യത്യാസമില്ലാതെ
എല്ലുമുറിയെ കഷ്ടപ്പെടുന്ന ഇസ്രയേല്‍ ജനതയുടെ കണ്ണുനീരും, തേങ്ങലും കാണുന്നതുപോലും
ഈജിപിതുകാര്‍ക്ക് വിനോദമായിരുന്നു...

എന്നാല്‍ ഭാരിച്ച ജോലികള്‍ നല്‍കി ഇസ്രായേല്‍ ജനങ്ങളെ കഷ്ടപ്പെടുത്തി അവരുടെ വംശത്തെ ക്രമേണ
നശിപ്പിക്കാമെന്ന് കരുതിയ ഫറവോനും കൂട്ടര്‍ക്കുമാണ് തെറ്റു പറ്റിയത്. ഈജിപ്തുകാര്‍ ശാരീരികമായി
എത്രമാത്രം കഷ്ടപ്പെടുത്തുന്നുവോ, അതിലിരട്ടിയായി ഇസ്രയേല്‍ ജനത മാനസികമായി ശക്തി
പ്രാപിച്ചുകൊണ്ടിരുന്നു. മാത്രമല്ല ദൈവം അവരെ കൂടുതലായി അനുഗ്രഹിക്കുകയും, കണക്കില്ലാത്ത
സന്താനവര്‍ദ്ധനവ് നല്‍കുകയും ചെയ്തു. ഇത് രാജാവായ ഫറവോനെയും കൂട്ടരെയും
കൂടുതല്‍ ഭയപ്പെടുത്തുകയും, ആശങ്കാകുലരാക്കുകയും ചെയ്തു.

(തുടരും...)

Sunday, September 14, 2008

ഒരു തിരുവോണത്തിന്റെ ഓര്‍മ്മയ്ക്ക്...

കുട്ടിക്കാലത്തെ ഒരോണക്കാലം... ഞാന്‍ നാലാം ക്ലാസില്‍ പഠിക്കുന്ന പ്രായം...
മഴക്കാലം മാറി ആകാശം തെളിഞ്ഞു.. പൂക്കളും, പൂത്തുമ്പികളും എവിടെയും നിറഞ്ഞു. ഓണക്കാലം വന്നെത്തുകയായിരുന്നു.പള്ളിക്കൂടത്തില്‍ പോകുന്നതിന് മുമ്പ് ഓണം എന്താണെന്നും, ഓണത്തിന്റെ അര്‍ത്ഥം എന്താണെന്നും ഞാനുള്‍പ്പെടെയുള്ള കുട്ടികള്‍ക്കൊന്നും അറിയില്ലായിരുന്നു. അന്ന് ഓമനയമ്മ ടിച്ചറാണ് ഓണത്തിനെക്കുറിച്ചും, ഓണത്തിന്റെ ഉത്ഭവത്തെക്കുറിച്ചുമുള്ള കഥകള്‍ ഞങ്ങള്‍ക്ക് കുട്ടികള്‍ക്ക് പറഞ്ഞു തന്നത്.

'പാവം മഹാബലി. നല്ലവനായ മഹാബലി തമ്പുരാനെ വാമനന്‍ പാതാളത്തിലേക്ക് ചവുട്ടു താഴ്ത്തിയത് ഒട്ടും ശരിയായില്ല.’ മഹാബലിയുടെ കഥ കേട്ടു കഴിഞ്ഞപ്പോള്‍ അന്നെനിക്ക് മാ‍വേലി തമ്പുരാനോട് എന്തെന്നില്ലാത്ത സഹതാപം തോന്നി.

“മാവേലി നാടു വാണിടും കാലം……മാനുഷ്യരെല്ലാരുമൊന്നു പോലെ…….”
ഓമനയമ്മ ടീച്ചര്‍ പാടി തന്ന പാട്ട് ഞങ്ങളേറ്റു പാടി.നല്ല രസമായിരുന്നു അന്നത്തെ ഓണക്കാലം, പൂവും, പൂത്തുമ്പിയും, പൂക്കളവുമൊക്കെ ഓണത്തിന്റെ മാറ്റ് കൂട്ടിയിരുന്നു. അത്തം പിറന്നതോടു കൂടി ഞാനും കൊച്ചേട്ടനും ഗ്രാമത്തിലെ മറ്റ് കുട്ടികള്‍ക്കൊപ്പം ഓടി നടന്ന് വിവിധ നിറത്തിലുള്ള, തരത്തിലുള്ള പൂക്കള്‍ ശേഖരിക്കും. കൊച്ചേട്ടനും, ചേച്ചിയും ചേര്‍ന്നാണ് വീട്ടിന്റെ മുറ്റത്ത് മനോഹരമായ പൂക്കളമിട്ടത്…

അത്തം മുതല്‍ തിരുവോണം വരെ വീട്ടുമുറ്റത്ത് മനോഹരമായ പൂക്കളമൊരുക്കിയിരുന്നു..ഉത്രാട ദിവസം അപ്പച്ചനും, അമ്മച്ചിയും ചെങ്ങന്നൂര്‍ ചന്തയില്‍ പോയി തിരുവോണത്തിനേക്കുള്ള പച്ചക്കറികളും മറ്റും വാങ്ങി വന്നു. ഒപ്പം അപ്പച്ചന്റെ വക ഓണക്കോടിയും ഞങ്ങള്‍ മക്കള്‍ക്കെല്ലാം അന്ന് കിട്ടി… ഉത്രാട ദിവസത്തിന്റെന്ന് വൈകുന്നേരം അമ്മ ഉപ്പേരിയും, പരിപ്പു വടയുമൊക്കെ വീട്ടിലുണ്ടാക്കി ഞങ്ങള്‍ക്ക് തന്നു. ആ ഉപ്പേരിക്കും, പരിപ്പു വടയ്ക്കുമൊക്കെ എന്തൊരു സ്വാദായിരുന്നു.

തിരുവോണം.
മാവേലി തമ്പുരാന്‍ തന്റെ പ്രജകളെ കാണുവാന്‍ പാതാളത്തില്‍ നിന്ന് വരുന്ന ദിവസം.. എവിടെയും സന്തോഷം മാത്രം… രാവിലെ തന്നെ ഞാന്‍ കുളിച്ചൊരുങ്ങി ഓണക്കോടിയുമൊക്കെയണിഞ്ഞ് വീട്ടിലും, തൊടിയിലുമൊക്കെ ഓടി നടന്നു…അന്ന് ഉച്ചയ്ക്ക് തൂശനിലയില്‍ വിളമ്പിയ ഓണസദ്യയുമൊക്കെ കഴിഞ്ഞ് ഞങ്ങളെല്ലാവരും കൂടി വീടിന്റെ ഉമ്മറത്ത് കുറെ നേരം തമാശകള്‍ പറഞ്ഞിരിരുന്നു. തൊട്ടടുത്ത വീട്ടില്‍ തിരുവാതിരയും, തുമ്പികളിയുമൊക്കെ നടക്കുന്നുണ്ടായിരുന്നു. ചേച്ചിയും, അമ്മച്ചിയും അങ്ങോട്ട് പോയി.വല്യേട്ടന്റെ പ്രായക്കാരായ ചില കുട്ടികള്‍ ‘കടുവ‘ കളി സംഘടിപ്പിച്ചിരുന്നു. വല്യേട്ടനെയാണ് കടുവയായി എല്ലാവരും ചേര്‍ന്ന് അണിയിച്ചൊരുക്കിയത്.

‘കൂവയിലകള്‍ കൊണ്ട് വല്യേട്ടന്റെ ശരീരമൊക്കെ കൂട്ടുകാരൊക്കെ ചേര്‍ന്ന് പൊതിഞ്ഞു. കവുങ്ങിന്‍ പാളയില്‍ കടുവയുടെ മുഖം വരച്ച് വല്യേട്ടന്റെ മുഖത്ത് കെട്ടി. ആരും കണ്ടാല്‍ വല്യേട്ടനെ തിരിച്ചറിയില്ല.

“കടുവാ വരുന്നേ…
അയ്യയ്യോ…
പിടിച്ചുകെട്ടോ….
അയ്യയ്യോ….
പുള്ളിക്കടുവാ
അയ്യയ്യോ…
വീരന്‍ കടുവ…
അയ്യയ്യോ…
കടുവാ‍….. വരുന്നേ….

കടുവയോടൊപ്പം ആര്‍ത്തു വിളിച്ചും, പാട്ടു പാടിയും, തകരപ്പാട്ടയില്‍ കൊട്ടി വലിയ ശബ്ദമുണ്ടാക്കിയും ഞങ്ങള്‍ അമ്പതോളം വരുന്ന കുട്ടികള്‍ പ്രയാറ്റിലെ ഓരോ വീടുകളിലും കയറിയിറങ്ങി. ചിലര്‍ ഞങ്ങള്‍ക്ക് ഉപ്പേരിയും, മറ്റു ചിലര്‍ പൈസയും തന്നു…അങ്ങനെ കടുവയും കൂട്ടരും ആര്‍ത്തട്ടഹസിച്ച് കൊച്ചുപുരയ്ക്കല്‍ പിള്ളച്ചേട്ടന്റെ വീട്ടിലെത്തിയപ്പോഴാണ് അത് സംഭവിച്ചത്..

പിള്ളച്ചേട്ടന്‍ ഒരു പശുവുണ്ടായിരുന്നു. ഞങ്ങളുടെ ആര്‍പ്പു വിളിയും, പാട്ടും കൂത്തുമൊക്കെ കേട്ട് മുറ്റത്ത് തെങ്ങില്‍ കെട്ടിയിരുന്ന പശു ശരിക്കും വിരണ്ടു പോയി. പശു തെങ്ങിന്‍ ചുറ്റും ഓടി നടന്ന് അമറുകയും, കയറു പൊട്ടിക്കുവാന്‍ ശ്രമം നടത്തുകയും ചെയ്യുന്നുണ്ടായിരുന്നു.. ചില കുട്ടികളക്ക് പശുവിന്റെ ഈ പരാക്രമം കണ്ട് രസം കയറി. അവര്‍ പശുവിനെ കൂടുതല്‍ പ്രകോപിതയാക്കി. പെട്ടന്നാണ് പശു കയറു പൊട്ടിച്ചത്.. എല്ലാവരും വിരണ്ടുപോയി. എങ്ങനെയോ ഞാന്‍ പശുവിന്റെ മുന്നിലകപ്പെട്ടു. ഓടി രക്ഷപെടുവാനുള്ള തത്രപ്പാടിനിടയില്‍ വലിയ കൊമ്പുള്ള ആ പുള്ളി പശു എന്ന് കോരിയെടുത്ത് ദൂരേക്ക് ഒരേറു കൊടുത്തു…

"അമ്മേ…..” ഞാന്‍ നിലവിളിച്ചുകൊണ്ട് തെറിച്ചു വീണത് ചാണക കുഴിയിലേക്കാണ്…” എന്റെ വായിലും, വസ്ത്രത്തിലും എന്നു വേണ്ട ശരീരം മുഴുവന്‍ ചാണകം.. എന്നെ മറ്റാര്‍ക്കും തിരിച്ചറിയാന്‍ വയ്യാത്ത അവസ്ഥ.ഒരു നിമിഷം പകച്ചു പോയ മറ്റുള്ളവര്‍ എന്റെ രൂപം കണ്ട് പൊട്ടിച്ചിരിക്കുവാന്‍ തുടങ്ങി. ഞാനപ്പോള്‍ വിങ്ങിപ്പൊട്ടി കരയുകയായിരുന്നു..

നാണക്കേടോ, അല്ലെങ്കില്‍ കാത്ത് കാത്തിരുന്ന നല്ലൊരു ഓണം ചാണകത്തിലായതിന്റെ സങ്കടമോ ആര്‍ക്കും എന്നെ ആശ്വസിപ്പിക്കുവാന്‍ കഴിഞ്ഞില്ല…

Sunday, August 17, 2008

ഗ്രാമപുരാണം-12

മുരളി പങ്കായമുയര്‍ത്തി സരവ്വശക്തിയും തന്റെ കൈകളില്‍ സംഭരിച്ച് കുമാരനെ അടിച്ചു വീഴ്ത്തി. “അയ്യോ.. എന്നെ ഒന്നും ചെയ്യരുതേ…” വേദനകൊണ്ട് പുളഞ്ഞ കുമാരന്‍ കൈകൂപ്പിക്കൊണ്ട് മുരളിയോട് യാചിച്ചു. പക്ഷേ മുരളി അയാളുടെ നിലവിളിയും, കരച്ചിലും കേട്ടില്ല. മരിച്ചുപോയ തന്റെ അച്ഛനെ മുഖമായിരുന്നു അവന്റെ മനസ്സില്‍ നിറയെ. തന്റെ അച്ഛനെ മരണത്തിന്‍ കാരണക്കാരനായ കുമാരനെ തലങ്ങും, വിലങ്ങും മുരളി തല്ലി.

“അയ്യോ.. എന്നെ കൊല്ലുന്നേ…. ഓടി വരണേ…” കലിപൂണ്ട മുരളി തന്നെ തല്ലിക്കൊല്ലുമെന്ന് മനസ്സിലായ കുമാരന്‍ സര്‍വ്വശകതിയും സംഭരിച്ച് ഉച്ചത്തില്‍ നിലവിളിക്കുവാന്‍ തുടങ്ങി.

“കുഞ്ഞേ… അയാളെ ഇനിയും തല്ലരുത്.. അയാള്‍ ചത്തുപോകും..” കുമാരന്റെ നിലവിളി കേട്ട് ഓടിയെത്തിയവര്‍ ചിലര്‍ മുരളിയുടെ കൈയ്യില്‍ നിന്ന് ബലമായി പങ്കായം പിടിച്ചു വാങ്ങി.

“കൊല്ലും,… ഈ ദുഷ്ടനെ കൊല്ലും ഞാന്‍… എന്റെ പാവം അച്ഛനെ കൊന്നവനാണിവന്…” മുരളി ഒരു ഭ്രാന്തനെപ്പോലെ പുലമ്പി.

“കുഞ്ഞേ,,, ആരെയും കൊല്ലാനും തല്ലാനും അധികാരം നമുക്കില്ല. നിന്റെ കുടുംബത്തോട് ഇയാള്‍ ചെയ്ത തെറ്റിന് ഇയാളെ ശിക്ഷിക്കേണ്ടത് ഈശ്വരനാണ്.. ഈശ്വരന്‍ ഇയാലെ ഇപ്പോള്‍ തന്നെ ശിക്ഷിച്ചു കഴിഞ്ഞു. ഇനിയും ശിക്ഷിക്കുന്നത് നമ്മള്‍ കാണും…” ചിലര്‍ മുരളിയെ ആശ്വസിപ്പിക്കുവാന്‍ ശ്രമിച്ചു.

ഈ സമയം കള്ളന്‍ രാഘവന്‍ നദിയുടെ മറുകരയിലെത്തിയിരുന്നു. ‘എന്റെ പണം… എന്റെ പണം.. അവന്‍ എല്ലാം കൊണ്ടുപോയി…. ഗൊണം പിടിക്കില്ലെടാ പട്ടീ.. ഒരുകാലത്തും നീ ഗൊണം പിടിക്കില്ലെടാ…” രാഘവന്‍ രക്ഷപെട്ടത് കണ്ട് കുമാരന്‍ ഒരു കൊച്ചുകുട്ടിയെപ്പോലെ വിങ്ങിപ്പൊട്ടി കരയുകയും, രാഘവനെ ശപിക്കുകയും ചെയ്തു.

“ങും കന്നിനെപ്പോലെ കെടന്ന് കരയാത് ആള്‍ക്കാര്‍ നെന്നെ തല്ലിക്കൊല്ലുന്നതിന് മുമ്പ് എങ്ങോട്ടെങ്കിലും പോകാന്‍ നോക്കെടാ…” ആരോ കുമാരനോട് പറഞ്ഞു.

“എങ്ങോട്ട് പോകാന്‍…” കുമാരന്‍ ചിന്തിച്ചു. തനിക്കുള്ളതെല്ലാം നഷ്ടമായില്ലേ…? ആദ്യം ഭാര്യ്.. പിന്നെ മകള്‍… പിന്നെ തന്നെ ജീവനുതുല്യം സ്നേഹിച്ച തന്റെ നാട്ടുകാര്‍. ഒടുവിലിതാ തന്റെ സ്വപനങ്ങളെയെല്ലാം ചവുട്ടിമെതിച്ചുകൊണ്ട് സ്വര്‍ണ്ണബിസ്ക്കറ്റുകളുമായി കള്ളന്‍ രാഘവനും പോയി. ഇനിയും തനിക്കെന്തുണ്ട്…? തനിക്കാരുണ്ട്….? താന്‍ എങ്ങോട്ട് പോകും…? ആര്‍ക്കും വേണ്ടാത്തവനായി താന്‍… ഒന്നുമില്ലാത്തവനായി തീര്‍ന്നു താന്‍… എല്ലാം തന്റെ തെറ്റാണ്‍.. എല്ലാം…

കുറ്റബോധം കൊണ്ട് തന്റെ നെഞ്ച് പൊട്ടിപ്പോകുമെന്ന് കുമാരന്‍ തോന്നി. അയാള്‍ പൊട്ടിക്കരഞ്ഞു. പെട്ടന്നയാള്‍ പൊട്ടിച്ചിരിക്കുവാന്‍ തുടങ്ങി. കടത്തുകടവില്‍ കൂടി നിന്നവര്ക്ക് ഒന്നും മനസ്സിലായില്ല. കുമാരന്റെ ഭാവമാറ്റം കണ്ട് അവര്‍ മുഖത്തോട് മുഖം നോക്കി.

അതെ. കുമാരന്റെ സമനില തെറ്റുകയായിരുന്നു.
“എന്താ നിങ്ങളെന്നെ തുറിച്ച് നോക്കുന്നെ…. നെങ്ങള്‍ക്കെന്നെ അറിയില്ലേ.. ഞാന്‍ കോടീശ്വരനാ…. കോടീശ്വരന്‍ കുമാരന്‍… ദാ, എന്റ്യീ കീശയിലെ നെറയെ സ്വര്‍ണ്ണമാ.. വെറും സ്വര്‍ണ്ണമല്ല… പത്തരമാറ്റുള്ള സ്വര്‍ണ്ണക്കട്ടികള്‍…”

തന്റെ ഉടുപ്പിന്റെ കീശയില്‍ കൈയ്യിട്ടുകൊണ്ട് തനിക്കു ചുറ്റും കൂടി നിന്നവരോടായി കുമാരന്‍ പറഞ്ഞു. ആള്‍ക്കാര്‍ക്ക് ഒന്നും മനസ്സിലായില്ല. എന്നാല്‍ കീശയില്‍ നിന്ന് ഒന്നും കിട്ടാതെ വന്നപ്പോള്‍ പൊട്ടിക്കരഞ്ഞുകൊണ്ട് കുമാരന്‍ കീശ വലിച്ചു കീറി…

“കോടീശ്വരന്‍ കുമാരന്‍ വെറും തെണ്ടിയായേ.. വെറും തെണ്ടി…” ഇരുട്ടിലൂടെ കുമാരന്‍ പൊട്ടിക്കരഞ്ഞുകൊണ്ടും, പൊട്ടിച്ചിരിച്ചു കൊണ്ടും എങ്ങോട്ടെന്നില്ലാതെ ഓടി. ഓട്ടത്തിനിടയില്‍ അയാള്‍ മറിഞ്ഞു വീഴുന്നുണ്ടായിരുന്നു. പക്ഷേ അതൊന്നും വകവയ്ക്കാതെ അയാള്‍ വളരെ പ്രയാസപ്പെട്ട് എഴുന്നേല്‍ക്കും… പിന്നെയും ഓടും…

അന്ന് രാത്രിയില്‍ ഞങ്ങളുടെ ഗ്രാമത്തില്‍ ഒരു ഭ്രാന്തന്‍ ജനിക്കുകയായിരുന്നു. കുമാരനെന്ന് ഭ്രാന്തന്‍. രാത്രിയെന്നോ. പകലെന്നോ വ്യത്യാസമില്ലാതെ ഞങ്ങളുടെ ഗ്രാമത്തിലൂടെ ഭ്രാന്തന്‍ കുമാരന്‍ പൊട്ടിച്ചിരിച്ചും, പൊട്ടിക്കരഞ്ഞും. അലറിവിളിച്ചും നടന്നു..

ദിവസങ്ങള്‍ കഴിഞ്ഞതോടു കൂടി അയാളുടെ രൂപത്തിന്‍ പോലും വളരെയധികം മാറ്റം സംഭവിച്ചു കഴിഞ്ഞിരുന്നു. കീറിപ്പറിഞ്ഞ വസ്ത്രങ്ങളും ധരിച്ച്, നീണ്ടു വളര്‍ന്ന് താടിയും, മുടിയും, ശരീരത്തിന്റെ പല ഭാഗങ്ങളിലായി പൊട്ടിയൊലിക്കുന്ന വ്രണവുമായി ഞങ്ങളുടെ ഗ്രാമത്തിലൂടെ പൊട്ടിച്ചിരിച്ചും, കരഞ്ഞും നടക്കുന്ന കുമാരനെ കണ്ട് ഞങ്ങള്‍ സഹതപിച്ചു. ഞങ്ങളില്‍ മനസാക്ഷിയുള്‍ലവര്‍ പലരും ചിലപ്പോള്‍ അയാള്‍ക്ക് ഭക്ഷണം നല്‍കും. ചിലപ്പോള്‍ കുമാര്ന്‍ ആ ഭക്ഷ്ണം ആര്‍ത്തിയോടെ കഴിക്കും. മറ്റുചിലപ്പോള്‍ ദേഷ്യത്തോടെ വലിച്ചെറിയും. ഞങ്ങളുടെ ഗ്രാമത്തിലെ കുട്ടികള്‍ക്കാണെങ്കില്‍ കുമാരനെ കാണുന്നതു തന്നെ ഒരു രസമായിരുന്നു. അവര്‍ ആര്‍പ്പു വിളിച്ചുകൊണ്ട് അയാളെ നാടു മുഴുവന്‍ ഒടിക്കുകയും, കല്ലെടുത്ത് എറിയുകയും, തല്ലുകയുമൊക്കെ ചെയ്തു.

‘ദേ മിണ്ടരുത്.. ഭ്രാന്തന്‍ കുമാരന്‍ പിടിച്ചു കൊടുക്കും…” കുസ്യതികള്‍ കാട്ടുന്ന കൊച്ചുകുട്ടികളെ അമ്മമാര്‍ ഭീഷണിപ്പെടുത്താറുണ്ടായിരുന്നു. കുമാരന്റെ പേര്‍ കേട്ടാല്‍ മതി മുലകുടി മാറാത്ത ആ കുട്ടികള്‍ പെട്ടന്ന് അമ്മയുടെ നെഞ്ചിലൊളിക്കും.

ഒരു ദിവസം ഞങ്ങളുടെ ഗ്രാമത്തില്‍ നിന്ന് കുമാരന്‍ എവിടെയോ അപ്രത്യക്ഷനായി. കുമാരന്‍ എങ്ങോട്ട് പോയെന്നോ, എവിടെയുണ്ടെന്നോ ഞങ്ങളാരും അന്വേഷിച്ചില്ല. ‘ നാട്ടില്‍ നിന്ന് ഒരു ഭ്രാന്തന്റെ ശല്യം ഒഴിവായല്ലോ..’ എന്ന ആശ്വാസമായിരുന്നു ഞങ്ങളില്‍ പലര്‍ക്കും..

എന്നാല്‍ അന്ന് പമ്പാനദിയില്‍ മത്സ്യങ്ങള്‍ തിന്ന് വിക്യതമാക്കിയ ഒരു ശവശരീരം പൊങ്ങിക്കിടക്കുന്നത് ഞങ്ങള്‍ ഗ്രാമീണര്‍ കണ്ടു. അത് കുമാരന്റെ ശവശരീരമാണെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ ഞങ്ങള്‍ തിരിച്ചറിഞ്ഞിരുന്നു.

ഭ്രാന്തന്‍ കുമാരന്റെ മരണം ഞങ്ങള്‍ ഗ്രാമീണരില്‍ യാതൊരു സഹതാപവുമുണ്ടാക്കിയില്ലെങ്കിലും ഒരിക്കല്‍ തങ്ങളെ ജീവനു തുല്യം സ്നേഹിച്ച, തങ്ങള്‍ക്കൊപ്പം കിന്നാരം പറഞ്ഞ് വളര്‍ന്ന കുമാരനെന്ന പാവം കടത്തുകാരനെയോര്‍ത്ത് പമ്പാനദിയിലെ കാറ്റും, കുഞ്ഞോളങ്ങളും അപ്പോള്‍ പൊട്ടിക്കരയുകയായിരുന്നു.....

(അവസാനിച്ചു…)

Saturday, August 16, 2008

ഗ്രാമപുരാണം-11

രാത്രി
ഗ്രാമക്ഷേത്രത്തില്‍ ഓട്ടന്‍ തുള്ളന്‍ സമാപിച്ചു. അടുത്തത് നാടകമാണ്. ‘നാടകം ഉടന്‍ ആരംഭിക്കുന്നതാണെന്ന്’ മൈക്കിലൂടെ സംഘാടകര്‍ അറിയിച്ചു. ഈ സമയം ഗ്രാമത്തില്‍ നിന്ന് രക്ഷപെടുവാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയ കുമാരന്‍ മെല്ലെ വാതില്‍ തുറന്ന് വീട്ടില്‍ നിന്നും പുറത്തിറങ്ങിയിരുന്നു. സ്വര്‍ണ്ണബിസ്ക്കറ്റുകള്‍ അയാളുടെ തോളിലുള്ള ബാഗിലായിരുന്നു.

ജനിച്ചു വളര്‍ന്ന വീടും, നാടും വിട്ട് ഒരിക്കലും തിരിച്ചു വരാതെ എങ്ങോട്ടെന്നില്ലാതെയുള്ള യാത്ര. മരിച്ചുപോയ തന്റെ ഭാര്യയെയും, മകളെയും കുമാരന്‍ മനസ്സിലോര്‍ത്തു. അയാളുടെ കണ്ണുകള്‍ നിറഞ്ഞു. പെട്ടന്നാണ്‍ ഇരുളില്‍ മറഞ്ഞിരുന്ന കള്ളന്‍ രാഘവന്‍ കുമാരനെ അടിച്ചു വീഴ്ത്തിയശേഷം അയാളുടെ കൈയ്യിലുള്ള ബാഗ് പിടിച്ചു പറിച്ച് ഒരു കൊടുങ്കാറ്റുപോലെ നദീതീരത്തൂടെ പാഞ്ഞത്.

“അയ്യോ.. കള്ളന്‍… ഓടി വരണേ…” സ്വര്‍ണ്ണബിസ്ക്കറ്റുകള്‍ നിറച്ച തന്റെ ബാഗ് തട്ടിപ്പറിച്ചുകൊണ്ട് ഓടുന്നത് കള്ളന്‍ രാഘവനാനെന്ന് മനസ്സിലാക്കിയ കുമാരന്‍ ഉച്ചത്തില്‍ നിലവിളിച്ചുകൊണ്ട് രാഘവന്‍ പിന്നാലെ ഓടി. കുമാരന്‍ തന്റെ പിന്നാലെ ഓടി വരുന്നത് കണ്ട് പെട്ടന്ന് രാഘവന്‍ ബാഗുമായി പമ്പാനദിയിലേക്ക് ചാടി. നദിയില്‍ നല്ല ഒഴുക്കുണ്ടായിരുന്നു. രാഘവന്‍ നീന്തിയും, മുങ്ങാം കുഴിയിട്ടും നദിയുടെ മറുകരയിലേക്ക് കുതിച്ചു.

സ്വര്‍ണ്ണബിസ്ക്കറ്റുകളുമായി രാഘവന്‍ രക്ഷപെടരുത്.. അവന്‍ രക്ഷപെട്ടാല്‍!!!! അത് ചിന്തിക്കുവാന്‍ പോലും കുമാരന്‍ കരുത്തില്ലായിരുന്നു. എന്നാല്‍ നിമിഷങ്ങള്‍ക്കം രാഘവന്‍ നദിയുടെ നടുക്കോളമെത്തിയിരുന്നു. അയാളുടെ പിന്നാലെ നദിയിലേക്ക് ചാടി രാഘവനെ പിടികൂടാന്‍ കഴിയില്ലെന്ന് കുമാരന്‍ മനസ്സിലായി.

‘അയ്യോ… ഓടി വരണേ….” രാഘവന്‍ എന്റെ സ്വത്തെല്ലാം കൊണ്ടുപോയേ… ഓടിവരണേ…” പെട്ടന്ന് ഉച്ചത്തില്‍ നിലവിളിച്ചുകൊണ്ട് കുമാരന്‍ കടത്തു കടവിലേക്ക് ഓടി. രാഘവന്‍ നദിയുടെ അക്കരെ നീന്തിയെത്തുന്നതിന്‍ മുമ്പേ കടത്തുവള്ളമെടുത്ത് അയാളെ പിടികൂടുക എന്നതായിരുന്നു കുമാരന്റെ ലക്ഷ്യം. കടത്തു വള്ളത്തില്‍ അയാള്‍ ചാടി കയറി.

“ഇറങ്ങെടോ വള്ളത്തേന്ന്…” പെട്ടന്നാണ്‍ ഇടിമുഴക്കം പോലൊരു ശബ്ദം കേട്ട് കുമാരന്‍ ഞെട്ടിത്തിരിഞ്ഞു നോക്കിയത്. കത്തിജ്വലിക്കുന്ന കണ്ണുകളുമായി പങ്കായവും കൈയ്യിലേന്തി നില്‍ക്കുന്നു മരിച്ചുപോയ ഗോപിയുടെ പതിനാല് വയസ്സുകാരന്‍ മകന്‍ മുരളി..!!! തനിക്കു പകരമായി ഇന്നാട്ടുകാര്‍ തിരഞ്ഞെടുത്ത ഗ്രാമത്തിലെ പുതിയ കടത്തുകാരന്‍…!!! ഈ പാത്രിരാത്രിയില്‍ ഇവനെന്തിന്‍ കടത്തുകടവിലെത്തി? കടത്തുകാരനായ മുരളിയുടെ അനുവാദമില്ലാതെ തനിക്ക് വള്ളത്തില്‍ കയറുവാന്‍ പറ്റില്ല…

താന്‍ മൂലമാണ് മുരളിക്ക് അച്ഛനെ നഷ്ടമായത്..!!! ദിവസങ്ങള്‍ക്ക് മുമ്പ് നെഞ്ചുവേദനയെടുത്ത് പുളഞ്ഞ മുരളിയുടെ അച്ഛന്‍ ഗോപിയെ തക്ക സമയത്ത് അക്കരെയുള്ള ആശുപത്രിയിലെത്തിച്ചിരുന്നെങ്കില്‍ അയാള്‍ ഒരുപക്ഷേ മരിക്കില്ലായിരുന്നു. മുരളിയുടെ കുടുംബത്തോട് താന്‍ ചെയ്തത് വലിയ ക്രൂരതയാണ്. ആ ക്രൂരതയ്ക്ക് ഇപ്പോള്‍ മുരളി തന്നോട് പ്രതികാരം ചെയ്താല്‍ കള്ളന്‍ രാഘവന്‍ സ്വര്‍ണ്ണബിസ്ക്കറ്റുകളുമായി രക്ഷപെടും… അങ്ങനെ സംഭവിച്ചാല്‍ താന്‍ ജീവിച്ചിരുന്നിട്ട് യാതൊരു ഫലവുമില്ലെന്ന് കുമാരന്‍ തോന്നി.……

“മോനേ മുരളി, കഴിഞ്ഞതൊക്കെ നീ മറക്കണം… നീ എന്നോട് പൊറുക്കണമെടാ മോനേ… എന്റെ അറിവില്ലായ്മകൊണ്ട് ഞാന്‍ എന്തൊക്കെയോ ചെയ്തു.. ദൈവത്തെയോര്‍ത്ത് നീ അതൊക്കെ മറക്കണം…” കുമാരന്റെ കണ്ണുകള്‍ നിറഞ്ഞു.

“ദാ കള്ളന്‍ രാഘവന്‍ എനിക്കുള്ളതെല്ലാം തട്ടിപ്പറിച്ചു ദാ അക്കരയ്ക്ക് നീന്തിപ്പോകുന്നത് നീ കണ്ടില്ലേടാ.. അവന്‍ ഒരിക്കിലും രക്ഷപെടരുത് മോനേ… അവന്‍ അക്കരെയെത്തുന്നതിന്‍ മുമ്പ് അവനെ പിടികൂടിയില്ലെങ്കില്‍ ഞാന്‍ ജീവിച്ചിരുന്നിട്ട് ഒരു ഫലോമില്ലെടാ…” കുമാരന്‍ മുരളിയുടെ നേര്‍ക്ക് കൈകൂപ്പി. കുമാരന്റെ കണ്ണുകള്‍ നിറഞ്ഞു കവിയുന്നുണ്ടായിരുന്നു.

‘ഈ ദുഷ്ടനെ വെറുതെ വിട്ടുകൂടാ.. വലിയ ചതിയാണിവന്‍ തന്റെ കുടുംബത്തോട് ചെയ്തത്… തനിക്ക് അച്ഛനെ നഷ്ടമാക്കിയ ഈ ചെകുത്താനോട് പ്രതികാരം ചെയ്യാനുള്ള ഏറ്റവും നല്ല അവസരമാണിത്…” മുരളിയുടെ മനസ്സ് കത്തുകയായിരുന്നു.

“മുരളീ എന്നെ രക്ഷിക്കെടാ മോനേ,,, നിനക്കാവശ്യമുള്ളതെന്തും ഞാന്‍ തരാം.. ആ കള്ളന്‍ രാഘവനെ എങ്ങനെയെങ്കിലും പിടികൂടാന്‍ എന്നെയൊന്ന് സഹായിക്കെടാ കുഞ്ഞേ… നീ ആ വള്ളത്തിന്റെ പങ്കായമിങ്ങ് താ, രാഘവന്‍ അക്കരെയ്ത്തുന്നതിന്‍ മുമ്പ് ഞാനവനെ പിടിച്ചോളാം…” കുമാരന്‍ പൊട്ടിക്കരയുമെന്ന അവസ്ഥയിലായിരുന്നു.
പെട്ടന്നായിരുന്നു അത് സംഭവിച്ചത്…!!!

(അടുത്ത അധ്യായത്തോടു കൂടി ഈ നോവല്‍ അവസാനിക്കുന്നു)

Thursday, August 14, 2008

ഗ്രാമപുരാണം-10

കള്ളന്‍ രാഘവന്‍!!!!!
ആ പേരു കേട്ടാല്‍ മതി ഞങ്ങള്‍ ഗ്രാമീണര്‍ ഞെട്ടി വിറയ്ക്കും. ആറടി ഉയരം. അതിനൊത്ത ഉയരമുള്ള ശരീരം. ചുവന്ന കണ്ണുകള്‍. കൊമ്പന്‍ മീശ. ഇവയൊക്കെയായിരുന്നു രാഘവന്റെ പ്രത്യേകതകള്‍. പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ വ്യത്യാസമില്ലാ‍തെ കണ്ണില്‍ കാണുന്ന വിലപിടിപ്പുള്ളതെന്തും രാഘവന്‍ മോഷ്ടിക്കും.. പോലീസും, ജയിലും രാഘവന്‍ പുല്ലാണ്..

ഒരു കാലത്ത് അല്ലറ ചില്ലറ മോഷണവുമായി പോലീസുകാര്‍ക്കും, നാട്ടുകാര്‍ക്കും തലവേദനയുണ്ടാക്കി വിലസിയ രാഘവനെ ആദ്യമായി പിടികൂടുന്നത് ‘ഇടിമണി; എന്ന പേരില്‍ അറിയപ്പെടുന്ന ഞങ്ങളുടെ നാട്ടുകാരനായ പോലീസുകാരന്‍ മണിയാണ്. മണി രാഘവനെ തല്ലിച്ചതച്ച് ഇഞ്ചപ്പരുവത്തിലാക്കി ജയിലിലടച്ചു.

ഇത്രയും കാലം പിടികിട്ടാപ്പുള്ളീയായി വിലസിയ രാഘവനെ പിടികൂടി ജയിലിലടച്ച പോലീസുകാരന്‍ മണി പെട്ടന്ന് ഞങ്ങള്‍ ഗ്രാമീണരുടെ മാത്രമല്ല, പോലീസു വകുപ്പിന്റെ വരെ അഭിമാനമായി മാറിയത് ഒറ്റദിവസം കൊണ്ടാണ്. എന്നാല്‍ വളരെ നാളത്തെ ജയില്‍ വാസത്തിന് ശേഷം പുറത്തിറങ്ങിയ രാഘവന്‍ നേരെ പോയത് പോലീസുകാരന്‍ മണിയുടെ വീട്ടിലേക്കാണ്. തന്നെ തല്ലിച്ചതച്ച് ജയിലടച്ചതിന് പ്രതികാരമായി പോലീസുകാരന്‍ മണിയുടെ രണ്ടും കൈയ്യും രാഘവന്‍ തല്ലിയൊടിച്ചു. എന്നിട്ടും കലി തീരാഞ്ഞിട്ട് മണിയുടെ വീട്ടിലെ വിലപിടിപ്പുള്ള സാധനങ്ങളെല്ലാം രാഘവന്‍ മോഷ്ടിക്കുകയും ചെയ്തു. ഈ സംഭവത്തോടു കൂടി രാഘവന്റെ പേര്‍ കേട്ടാല്‍ മതി ഞങ്ങള്‍ ഗ്രാമീണരൊന്നടങ്കം ഭയന്നു വിറയ്ക്കും…

പിന്നീട് പലതവണ രാഘവന്റെ പോലീസ് പിടി കൂടിയിട്ടുണ്ട്. വര്‍ഷങ്ങളോളം അയാള്‍ ജയിലിലും കിടന്നിട്ടുമുണ്ട്. എന്നാല്‍ പലപ്പോഴും രാഘവന്‍ ജയിലില്‍ പുറത്തിറങ്ങുന്നത് പുത്തന്‍ മോഷണ തന്ത്രങ്ങളുമായിട്ടാ‍യിരിക്കും. ഏറ്റവും അവസാനമായി രാഘവനെ പോലീസ് പിടി കൂടുന്നത് പട്ടണത്തിലെ ഒരു ബാങ്ക് കവര്‍ച്ചയുമായി ബന്ധപ്പെട്ടാണ്. ആ കുറ്റത്തിന് വളരെക്കാലം രാഘവന്‍ ജയിലില്‍ കിടക്കേണ്ടി വന്നു.

രാഘവന്റെ വീട് ഞങ്ങളുടെ ഗ്രാമത്തിലാണെങ്കിലും ഇപ്പോള്‍ അവിടെ അയാള്‍ക്ക് ബന്ധുക്കളാരുമില്ലായിരുന്നു. സാധാരണ ജയിലില്‍ നിന്ന് രാഘവന്‍ പുറത്തിറങ്ങിയാല്‍ നേരെ ഞങ്ങളുടെ ഗ്രാമത്തിലേക്കായിരിക്കും ആദ്യം വരിക. തന്റെ സാനിധ്യം നാട്ടുകാരെ അറിയിക്കുകയെന്നതായിരുന്നു രാഘവന്റെ ആ വരവിന്റെ ലക്ഷയ്യം. രാഘവന്‍ ഗ്രാമത്തിലെത്തിയാല് പുതിയ കുറ്റത്തിന്‍ പോലീസ് അയാളെ പിടികൂടുന്നതു വരെ ഞങ്ങള്‍ ഗ്രാമീണര്‍ക്ക് കാളരാത്രിയാണ്. പലരും രാഘവനെ ഭയന്ന് രാത്രിയില്‍ ഉറങ്ങാതെയിരിക്കും. കുട്ടികള്‍ക്കാണെങ്കില്‍ രാഘവന്റെ പേര്‍ കേട്ടാല്‍ മതി ‘പിശാചിനെ’ കണ്ടതുപോലെയാണ്..

രാത്രി…
ഗ്രാമക്ഷേത്രത്തില്‍ ഉത്സവം കൊടുമ്പിരിക്കൊള്ളുകയാണ്. ക്ഷേത്രപരിസരത്തെ സ്റ്റേജില്‍ അപ്പോള്‍ ഓട്ടന്‍ തുള്ളല്‍ നടക്കുകയായിരുന്നു. ഭീമസേനന്‍ സൌഗന്ധിക പുഷ്പം തേടി കാട്ടിലൂടെ അലയുന്നതാണ്‍ രംഗം. ജനങ്ങള്‍ ഓട്ടന് തുള്ളലില്‍ ലയിച്ചിരിക്കുകയാണ്….

“രാഘവന്‍ വന്നേയ്… കള്ളന്‍ രാഘവന്‍ വന്നേ…” ഈ സമയത്താണ് ആരോ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞുകൊണ്ട് കാണികള്‍ക്കിടയിലേക്ക് ഓടിയെത്തിയത്. അയാള്‍ വിളിച്ചു പറഞ്ഞത് കേട്ട് സകലരും ഞെട്ടിപ്പോയി. ചിലര്‍ ഓട്ടന്‍ തുള്ളല്‍ മതിയാക്കി തങ്ങളുടെ വീടുകളിലേക്ക് പോകുവാനൊരുങ്ങി. മറ്റ് ചിലര്‍ക്കാണെങ്കില്‍ വീട്ടിലേക്ക് പോകുവാന്‍ ഭയം.. വഴിയില്‍ വച്ച് രാഘവന്‍ തടഞ്ഞു നിര്‍ത്തി തങ്ങളെ ഉപദ്രവിച്ചാലോ.. എന്നായിരുന്നു അവരുടെ ഭയം. വീട്ടിലെത്തിയവര്‍ക്കാണെങ്കില്‍ യാതൊരു മനസമാധാനവുമില്ല… രാഘവന്‍ ഏതുനിമിഷമാണ് മൂര്‍ച്ചയേറിയ കത്തിയുമായി കടന്നു വരിക…? ആകെ എല്ലാവര്‍ക്കും ഒരു മരവിപ്പ്.

എന്നാല്‍ രാഘവന്‍ ഞങ്ങളുടെ ഗ്രാമത്തിലൊക്കെ ഒന്നു ചുറ്റിക്കറങ്ങിയ ശേഷം നേരെ പോയത് തന്റെ പഴയകാല ചങ്ങാതിയായ കുമാരന്റെ വീട്ടിലേക്കായിരുന്നു. കുമാരന്റെ ഭാര്യയും മകളും മരിച്ചതും അതുപോലെ ഗ്രാമത്തിലെ മറ്റ് സംഭവങ്ങളും രാഘവന്‍ എങ്ങനെയോ അറിഞ്ഞിരുന്നു. എല്ലാവരാലും വെറുക്കപ്പെട്ട് കഴിയുന്ന തന്റെ ബാല്യകാലസ്നേഹിതനെ ഒന്നു കാണണമെന്ന് രാഘവന്‍ തോന്നി.

എന്നാല്‍ കള്ളന്‍ രാഘവന്‍ ഞങ്ങളുടെ ഗ്രാമത്തിലെത്തിയ കഥയൊന്നുമറിയാതെ കുമാരന്‍ ഞങ്ങള്‍ ഗ്രാമീണരെല്ലാം ക്ഷേത്രത്തിലെ ഉത്സവത്തിന്‍ പോയ തക്കം നോക്കി തനിക്ക് കിട്ടിയ സ്വര്‍ണ്ണബിസ്ക്കറ്റുകളുമായി നാടു വിടുവാനുള്ള ഒരുക്കത്തിലായിരുന്നു. രാഘവന്‍ കുമാരന്റെ വീട്ടുമുറ്റത്തെത്തിയപ്പോള്‍ വീടിന്റെ ജനാലകളും, വാതിലും അടച്ചിട്ടിരിക്കുന്നതാണ് കണ്ടത്…

ഇവനെവിടെപ്പോയി…? ഉതസവത്തിന്‍ പോയതാണോ..? രാഘവന്‍ ചിന്തിച്ചു. എന്നാല്‍ അകത്ത് വീടിനുള്ളില്‍ നിന്ന് എന്തോ ശബ്ദം കേട്ട് ജനല്‍പ്പാളി മെല്ലെ തുറന്ന് രാഘവന്‍ മെല്ലെ അകത്തേക്ക് നോക്കിയത്. ഒരു ബാഗിനുള്ളില്‍ തന്റെ വസ്ത്രങ്ങള്‍ കുമാരന്‍ കുത്തി നിറയ്ക്കുന്നത് രാഘവന്‍ കണ്ടു.

‘ഈ രാത്രിയില്‍ ഇവനെങ്ങോട്ടു പോകാനുള്ള പുറപ്പാടാ…? രാഘവന്‍ സ്വയം ചോദിച്ചു. ‘ഏതായാലും കാത്തിരുന്നു കാണുക തന്നെ…’ രാഘവന്‍ തീരുമാനിച്ചു.

ഈ സമയം കുമാരന്‍ തനിക്ക് നദിക്കരയില്‍ നിന്ന് ലഭിച്ച സ്വര്‍ണ്ണബിസ്ക്കറ്റുകള്‍ മറ്റൊരു ബാഗിലാക്കുന്ന തിരക്കിലായിരുന്നു. താനിപ്പോള്‍ കാണുന്നത് സത്യമോ, അതോ മിഥ്യയോ…? കുമാരന്റെ കൈവശമുള്ള സ്വര്‍ണ്ണബിസ്ക്കറ്റുകള്‍ കണ്ട് കള്ളന്‍ രാഘവന്‍ നിമിഷങ്ങളോളം സ്തംഭിച്ചു നിന്നു പോയി. ഇത്രയധികം സ്വര്‍ണ്ണബിസ്ക്കറ്റുകള്‍ കുമാരന്‍ എവിടെ നിന്ന് കിട്ടി…? തന്നെപ്പോലെ ഇവനും മോഷ്ടിക്കുവാന്‍ തുടങ്ങിയോ..? രാഘവന്‍ ചിന്തിച്ചുപോയി.

‘ഏതായാലും എങ്ങനെയെങ്കിലും കുമാരന്റെ കൈവശമുള്ള ആ സ്വര്‍ണ്ണബിസ്ക്കറ്റുകളെല്ലാം തട്ടിയെടുക്കണം… എന്നിട്ട് മോഷണമെല്ലാം നിര്‍ത്തി സ്വര്‍ണ്ണബിസ്ക്കറ്റുകള്‍ വിറ്റുകിട്ടുന്ന കാശ് കൊണ്ട് ഏതെങ്കിലും നാട്ടില്‍ പോയി സുഖമായി ജീവിക്കണം… കള്ളന്‍ രാഘവന്‍ തീരുമാനിച്ചു.

(തുടരും...)

Wednesday, August 13, 2008

ഗ്രാമപുരാണം-9

പ്രഭാതം..
അങ്ങ് കിഴക്ക് മാനത്ത് സൂര്യോദയത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞിരുന്നു. പമ്പാനദിയുടെ ഇരുകരകളും മഞ്ഞിനാല്‍ മൂടപ്പെട്ടു കിടക്കുകയാണ്‍. കടത്തുകടവിലേക്ക് പതിവില്ലാതെ ആള്‍ക്കാരുടെ പ്രവാഹം കണ്ട് കുമാരന്റെ മനസ്സില്‍ എന്തൊക്കെയോ സംശയങ്ങള്‍ തോന്നി. പെട്ടന്ന് ഒരു കൊടുങ്കാറ്റുപോലെ കുമാരന്‍ അങ്ങോട്ട് ഓടിയെത്തി. കുമാരനെ കണ്ടതും കൂടി നില്‍ക്കുന്ന ആള്‍ക്കാര്‍ എന്തൊക്കെയോ പിറുപിറുക്കയും സഹതാപത്തോടെ അയാളെ നോക്കുകയും ചെയ്തു…

കുമാരന്‍ ഒന്നും മനസ്സിലായില്ല. അയാള്‍ അവരെ ശ്രദ്ധിക്കാതെ ഒരു ഭ്രാന്തനെപ്പോലെ ആള്‍ക്കൂട്ടത്തെ തള്ളി നീക്കിക്കൊണ്ട് അവര്‍ക്ക് മുന്നിലെത്തി. പെട്ടന്നാണ്‍ വെള്ളിടി വെട്ടിയവനെപ്പോലെ കുമാരന്‍ സ്തംഭിച്ചു നിന്നു പോയത്.

കടത്തുകടവിലെ വെള്ളത്തില്‍ തന്റെ പൊന്നുമകള്‍ മിനിക്കുട്ടി മരിച്ചു കിടക്കുന്നു. തന്റെ പൊന്നുമകളുടെ ചലനമറ്റ ശരീരം കണ്ട് കുമാരന്റെ കണ്ണുകള്‍ നിറഞ്ഞു കവിഞ്ഞു. ചുറ്റും തടിച്ചു കൂടി നില്‍ക്കുന്ന ആളുകളുടെ മുഖത്തേക്ക് അയാള്‍ നോക്കി. പരിഹാസവും, സഹതാപവും കലര്‍ന്ന പല മുഖങ്ങള്‍ അവര്‍ക്കിടയില്‍ അയാള്‍ കണ്ടു. ഒടുവില്‍ നോട്ടം വീണ്ടും മകളുടെ മുഖത്ത് തറച്ചു നിന്നു. തന്റെ ശക്തിയെല്ലാം ചോര്‍ന്നൊലിക്കുന്നതുപോലെ കുമാരന്‍ തോന്നി.

“ന്റെ പൊന്നുമോളേ…: മിനിക്കുട്ടിയുടെ ജീവനറ്റ ശരീരം കോരിയെടുത്ത് ഒരു കൊച്ചു കുഞ്ഞിനെപ്പോലെ കുമാരന്‍ വാവിട്ടു കരഞ്ഞു. ‘ദൈവം കൊടുത്ത ശിക്ഷയല്ലാതെന്ത്..?” അയാളുടെ കരച്ചില്‍ കേട്ട് ആള്‍ക്കാര്‍ തമ്മില്‍ പിറുപിറുക്കുന്നുണ്ടായിരുന്നു.

അന്ന് വൈകുന്നേരമായപ്പോള്‍ മിനിക്കുട്ടിയുടെ മ്യതദേഹം അടക്കം ചെയ്തു. കുമാരനോടുള്ള ശത്രുത മറന്ന് ഞങ്ങള്‍ ഗ്രാമീണരെല്ലാം മിനിക്കുട്ടിയുടെ മ്യതദേഹം സംസ്കരിക്കുന്നത് സാക്ഷിയായി.

ദിവസങ്ങള്‍ പലതു കഴിഞ്ഞു കൊണ്ടിരുന്നു.
കുമാരന്‍ കടത്ത് നിരത്തിയതിനാല്‍ ഞങ്ങളുടെ ഗ്രാമത്തില്‍ പുതിയൊരു കടത്തുകാരനെ ആവശ്യമായിരുന്നു. ‘ആരായിരിക്കണം പുതിയ കടത്തുകാരന്‍.. “ ഞങ്ങള്‍ ചിന്തിച്ചു. ‘ആരായാലും ജീവിക്കാന്‍ മറ്റൊരു വഴിയുമില്ലാത്തവനായിരിക്കണം.. അങ്ങനെയാകുമ്പോള്‍ കടത്തുവള്ളത്തില്‍ നിന്ന് കിട്ടുന്ന വരുമാനം അയാള്‍ക്കൊരു ജീവിത മാര്‍ഗ്ഗവുമാകുമല്ലോ… ഞങ്ങള്‍ ഗ്രാമീണര്‍ പഞ്ചായത്ത് മെമ്പറ് കുട്ടന്‍ പിള്ളയദ്ദേഹത്തിന്റെ അടുക്കലെത്തി.

‘മരിച്ചുപോയ കൊച്ചുപുരയ്ക്കലെ ഗോപിയുടെ മകന്‍ സമ്മതമാണെങ്കില്‍ ആ പയ്യനെ പുതിയ കടത്തുകാരനായിക്കോട്ടെ…“ കുട്ടന്‍പിള്ളയദ്ദേഹം അഭിപ്രായപ്പെട്ടു. മെമ്പറ് കുട്ടന്‍പിള്ളയദ്ദേഹത്തിന്റെ അഭിപ്രായത്തോട് ഞങ്ങള്‍ ഗ്രാമീണരെല്ലാം യോജിച്ചു. അങ്ങനെ മരിച്ചുപോയ കൊച്ചുപുരയ്ക്കല്‍ ഗോപിയുടെ പതിനഞ്ചുകാരന്‍ മകന്‍ ഞങ്ങളുടെ ഗ്രാമത്തിലെ പുതിയ കടത്തുകാരനായി.

മിനിക്കുട്ടി മരിച്ചതോടു കൂടി കുമാരനാകെ തകര്‍ന്നുപോയിരുന്നു. എവിടെ നിന്നും കുറ്റപ്പെടുത്തലും, പരിഹാസങ്ങളും മാത്രം ലഭിച്ച കുമാരനെ ഗ്രാമീണരെല്ലാം ഒറ്റപ്പെടുത്തിയിരുന്നു. ആളുകള്‍ക്ക് കുമാരനെ കാണുന്നതു തന്നെ ദേഷ്യമാണ്‍. ആള്‍ക്കാരെ ഭയന്ന് വീടിനുള്ളില്‍ കഴിയാമെന്ന് വച്ചാല്‍ മനസ്സിന്‍ യാതൊരു സ്വസ്ഥതയും, സമാധാനവും ലഭിച്ചിരുന്നില്ല. മരിച്ചുപോയ ഭാര്യയുടെയും, മകളുടെയും ഓര്‍മ്മകള്‍ അയാളെ വല്ലാതെ വേട്ടയാടിയിരുന്നു. ഒടുവില്‍ കുമാരന്‍ ഒരു തീരുമാനത്തിലെത്തി. ‘ഈ ഗ്രാമം വിട്ട് എങ്ങോട്ടെങ്കിലും പോവുക..’

‘കോടിക്കണക്കിന്‍ രൂപയുടെ സ്വര്‍ണ്ണബിസ്ക്കറ്റുകള്‍ തന്റെ കൈവശയുമുണ്ട്, ശേഷിച്ചകാലം ദൂരെയുള്ള ഏതെങ്കിലും സ്ഥലത്ത് പോയി സമാധാനത്തോടെ ജീവിക്കുക. അതായിരുന്നു കുമാരന്റെ ലക്ഷ്യം.

ആരുമറിയാതെ വേണം ഈ ഗ്രാം വിടാന്‍… പക്ഷേ അതെങ്ങനെയാണ്‍…? കുമാരന്‍ ആലോചിച്ചു. ഒടുവില്‍ അയാളൊരു തീരുമാനത്തിലെത്തി. ‘അടുത്താഴ്ച ഗ്രാമക്ഷേത്രത്തില്‍ ഉത്സവമാണ്‍.. .. അന്ന് ഗ്രാ‍മത്തിലുള്ളവരെല്ലാം രാത്രിയില്‍ ഉത്സവത്തിന്‍ പങ്കെടുക്കുവാന്‍ പോകും. ഈ അവസരം നോക്കി എല്ലാം കെട്ടിപ്പെറുക്കി ഈ ഗ്രാമത്തില്‍ നിന്ന് എന്നെന്നേയ്ക്കുമായി യാത്രയാവുക.

അങ്ങനെ കുമാരന്‍ ഓരോ ദിവസങ്ങളും തള്ളി നീക്കി. ഒടുവില്‍ അയാള്‍ കാത്തിരുന്ന ആ ദിവസം വന്നെത്തി. ഞങ്ങളുടെ ഗ്രാമം ഉത്സവലഹരിയിലായി. ക്ഷേത്രവും, പരിസരവും വര്‍ണ്ണ ദീപങ്ങളാല്‍ അലങ്ക്യതമായി. വഴിവാണിഭക്കാരും, മറ്റും ഒന്ന് രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ ക്ഷേത്രപരിസരത്ത് സ്ഥാനം പിടിച്ചിരുന്നു. ഉത്സവ ദിവസമായതോടു കൂടി അവരുടെ കച്ചവടം കൊഴുകൊഴുത്തു.

എന്നാല്‍ അന്ന് സന്ധ്യ കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ ഗ്രാമീണരുടെ മനസ്സില്‍ കരിനിഴല്‍ വീഴ്ത്തിക്കൊണ്ട് നദി കടന്ന് ഒരാള്‍ ഞങ്ങളുടെ ഗ്രാമത്തിലെത്തി. അത് മറ്റാരുമായിരുന്നില്ല… ഞങ്ങള്‍ ഗ്രാമീണരുടെ മുഴുവന്‍ പേടി സ്വപ്നമായിരുന്ന കള്ളന്‍ രാഘവന്‍!!!!!

Tuesday, August 12, 2008

ഗ്രാമപുരാണം-8

അമ്മയുടെ കണ്ണുകള്‍ നിറഞ്ഞു കവിയുന്നത് കണ്ടപ്പോള്‍ തന്റെ മനസ്സിലെ ഭയമെല്ലാം ഉരുകി ഇല്ലാതാകുന്നതുപോലെ മിനിക്കുട്ടിക്ക് തോന്നി. ‘അമ്മ മരിച്ചിട്ടില്ല. തന്റെ അമ്മയിതാ ജീവനോടെ നില്‍ക്കുന്നു…” മിനിക്കുട്ടിയുടെ മനസ്സ് മന്ത്രിച്ചു.

അവള്‍ നിമിഷങ്ങളോളം അമ്മയുടെ കണ്ണൂകളിലേക്ക് നോക്കി. അമ്മയുടെ കണ്ണൂകളില്‍ വാത്സല്യത്തിന്റെ പെരുമഴ പെയ്യുന്നത് അവള്‍ കണ്ടു…

“വരൂ മോളേ… അമ്മയുടെ അടുക്കലേക്ക് വാ.. ന്റെ മോളെ ഞാനൊന്ന് കണ്ടോട്ടെ,,,” അമ്മ കരയുകയാണ്‍. മിനിക്കുട്ടി മെല്ലെ അമ്മയുടെ അരികിലെത്തി. അമ്മയും മകളും മുഖത്തോട് മുഖം നോക്കി നിന്നു. “അമ്മേ…” പെട്ടന്ന് മിനിക്കുട്ടി അമ്മയെ കെട്ടിപ്പിടിച്ചു കരഞ്ഞു. അമ്മയുടെ തണുത്ത കരങ്ങള്‍ മിനിക്കുട്ടിയെ വാത്സല്യപൂര്‍വ്വം തലോടിക്കൊണ്ടിരുന്നു.

നിലാവില്‍ കുളിച്ചു നില്‍ക്കുകയായിരുന്നു ഗ്രാമം. ഒരു തണുത്ത കാറ്റ് വ്യക്ഷക്കൊമ്പുകളെ പിടിച്ചുലച്ചുകൊണ്ട് കടന്നുപോയി. “വരൂ മോളെ.. അമ്മയ്ക്ക് മോളോട് ഒരു പാട് കാര്യങ്ങള്‍ പറയാനുണ്ട്.. നമുക്ക് ദാ അവിടെയിരുന്ന് എല്ലാം പറയാം…” കടത്തു കടവിലേക്ക് വിരല്‍ ചൂണ്ടിക്കൊണ്ട് അമ്മ മിനിക്കുട്ടിയോട് പറഞ്ഞു.

മിനിക്കുട്ടി അമ്മയോടൊപ്പം കടത്തു കടവിലേക്ക് നടന്നു. “അമ്മ എവിട്യാരുന്നു ഇത്രേം നാള്‍..” ഒരു പൂച്ചക്കുഞ്ഞിനെപ്പോലെ അമ്മയോട് ചേര്‍ന്നു നടന്നുകൊണ്ട് മിനിക്കുട്ടി ചോദിച്ചു.

“അമ്മ.. അമ്മ ഇവിടെ തന്നെയുണ്ട്യാരുന്നു…” അമ്മ മന്ത്രിച്ചു.

“അപ്പോള്‍ ന്റെമ്മ വെള്ളപ്പൊക്കത്തില്‍ മരിച്ചില്യാരുന്നോ..? മിനിക്കുട്ടിയുടെ ചോദ്യത്തിന്‍ അമ്മ ഉത്തരം നല്‍കിയില്ല. അമ്മയും മകളും കടത്തു കടവിലെത്തി. പമ്പാനദി ശാന്തമായി ഒഴുകുകയാണ്‍. ആകാശത്ത് പെട്ടന്നാണ്‍ കാര്‍മേഘങ്ങള്‍ നിറഞ്ഞത്. നിലാവില്‍ കുളിച്ചു നിന്ന ഞങ്ങളുടെ ഗ്രാമം ഇരുട്ടില്‍ മുങ്ങി.

ന്റെ മോള്‍ അമ്മേടെ കൂടെ വരുന്നോ..” നിമിഷങ്ങള്‍ നീണ്ടു നിന്ന മൌനത്തിന് ശേഷം അമ്മ മിനിക്കുട്ടിയോട് ചോദിച്ചു. “എവിടേക്ക്…” അവള്‍ ചോദിച്ചു. “അങ്ങ്..അങ്ങ് ദൂരേക്ക്…” അമ്മ മന്ത്രിച്ചു. അമ്മയോടൊപ്പം എവിടേക്ക് പോകാനും അവള്‍ ഒരുക്കമായിരുന്നു.

“ങ്കില്‍ അമ്മയോടൊപ്പം പോന്നോളൂ..” അമ്മ നദിയിലെ വെള്ളത്തിലേക്ക് ഇറങ്ങിക്കൊണ്ട് മിനിക്കുട്ടിയോട് പറഞ്ഞു. അവള്‍ ഒട്ടു മടിച്ചില്ല ഒരു സ്വപ്നലോകത്തിലെന്നപോലെ അമ്മയുടെ പിന്നാലെ വെള്ളത്തിലേക്ക് ഇറങ്ങി. അമ്മ നദിയുടെ ആഴങ്ങളിലേക്ക് നടന്നിറങ്ങുകയായിരുന്നു. ഒപ്പം മിനിക്കുട്ടിയും. ഒടുവില്‍ മിനിക്കുട്ടിക്ക് വെള്ളത്തില്‍ നിലയില്ലാതെയായി.

“അമ്മേ…..” ഭയന്നുപോയ അവള്‍ ഉച്ചത്തില്‍ നിലവിളിച്ചെങ്കിലും അമ്മയെ അവള്‍ കണ്ടതുമില്ല. അമ്മ അവളുടെ വിളി കേട്ടതുമില്ല. മിനിക്കുട്ടി ഭയന്ന് ചുറ്റും തിരിഞ്ഞു നോക്കി. അമ്മ എവിടെപ്പോയി…? അപകടം മനസ്സിലാക്കിയ അവള്‍ പെട്ടന്ന് നീന്തി കരയ്ക്കു കയറുവാന്‍ ശ്രമിച്ചെങ്കിലും ഒരു വലിയ ചുഴിക്കുള്ളില്‍ അവള്‍ അകപ്പെട്ടുപോയി.

“അച്ചാ‍ാ...” , വെള്ളത്തിന്‍ മുകളില്‍ പൊങ്ങി വന്ന അവള്‍ ഉച്ചത്തില്‍ നിലവിളിച്ചു. എന്നാല്‍ രണ്ടാമതൊരിക്കല്‍ കൂടി മിനിക്കുട്ടിക്ക് നിലവിളിക്കുവാന്‍ കഴിഞ്ഞില്ല. ഒരിക്കലും രക്ഷപെടുവാന്‍ കഴിയാതെവണ്ണം അവള്‍ നദിയുടെ അഗാധങ്ങളിലേക്ക് താണുപോയി.

രാത്രിയുടെ അവസാനയാമവും കഴിഞ്ഞിരുന്നു. ആരോ ഉച്ചത്തില്‍ നിലവിളിക്കുന്ന ശബ്ദം കേട്ടാണ്‍ കുമാരന്‍ ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്നത്.. ആരാണ് നിലവിളിച്ചത്..? മിനിക്കുട്ടിലെ വീട്ടിനുള്ളില്‍ കാണാതായപ്പോള്‍ അയാളുടെ നെഞ്ചൊന്ന് കാളി.

“മോളെ മിനിക്കുട്ടി…” കുമാരന്‍ ഒരു കൊടുങ്കാറ്റുപോലെ വീടിനുള്ളിലും പരിസരത്തും മകളെ വിളിച്ചുകൊണ്ട് ഓടി നടന്നു.

‘എന്റീശ്വരാ എന്റെ കുട്ടിയെവിടെ..? അവള്‍ക്കെന്തു സംഭവിച്ചു… തന്റെ മകളെക്കുറിച്ച് ആരോട് ചോദിക്കും..? ഇന്നാട്ടുകാരെല്ലാം കൊച്ചുപുരയ്ക്കല്‍ ഗോപിയുടെ മരണത്തിനുശേഷം തന്റെ ശത്രുക്കളായിരിക്കുകയാണ്…’

മിനിക്കുട്ടിയെ കാണാതെ തന്റെ നെഞ്ചു പൊട്ടിപ്പോകുന്നതു പോലെ കുമാരന് തോന്നി.

(തുടരും...)