Wednesday, May 28, 2008

സെലീനയുടെ പാവക്കുട്ടി -1

ഹായ്.. കുട്ടികളേ…
നിങ്ങള്‍ക്ക് സെലീനയെ അറിയുമോ..?
ങ്ഹും… നിങ്ങളെങ്ങനെ അവളെ അറിയും അല്ലേ..
സാരമില്ലെന്നേ, നേരെ ജവഹറ് കോളനിയിലേക്ക് വരുമെങ്കില്‍ സെലീനയെ നിങ്ങള്‍ക്ക് കാണാം. പക്ഷേ നിങ്ങള്‍ ശരിക്കും സൂക്ഷിക്കണം കേട്ടോ. അവള്‍ ആളല്പം പിശകാ‍ണ്‍…

അല്ല ആരാ ഈ സെലീന…?
ഓ അതു ശരി. സെലീനയെ നിങ്ങള്‍ക്ക് പരിചയപ്പെടുത്തി തരാന്‍ ഞാന്‍ മറന്നു. പോലീസ് ഓഫീസറായ മാത്യൂസിന്റെയും സൂസന്നയുടെയും പുന്നാരമകളല്ലേ അഞ്ചു വയസ്സുകാരി സെലീന സൂസന്‍ മാത്യൂസെന്ന ‘സെലീന‘

ജവഹറ് കോളനിയിലെത്തി ആരോടു ചോദിച്ചാലും കുട്ടികളുടെ പാര്‍ക്കിന്‍ വലതു വശത്തുള്ള സെലീനയുടെ വീട് നിങ്ങള്‍ക്ക് കാണിച്ചു തരും. പക്ഷേ നിങ്ങള്‍ ശ്രീധരന്‍ തമ്പിയുടെ മകന്‍ അപ്പുവിനോടാണ്‍ നിങ്ങള്‍ സെലീനയുടെ വീട് അന്വേഷിക്കുന്നതെങ്കില്‍ സംഗതി കുഴഞ്ഞതു തന്നെ. അവന്‍ സെലീനയുടെ വീട് കാണിച്ചു തരില്ലെന്നുറപ്പാണ്‍….

അതെന്താ അവന്‍ സെലീനയുടെ വീടറിയില്ലേ…..?
അതുകൊള്ളാം. അപ്പുവിന്റെ വീടിന്റെ തൊട്ടപ്പുറത്തല്ലേ സെലീനയുടെ വീട്…. അതുമാത്രമോ സ്കൂളില്‍ അവനോടപ്പമല്ലേ സെലീനയും പഠിക്കുന്നത്. എന്നിട്ടെന്താ അവന്‍ സെലീനയുടെ വീട് കാണിച്ചു തരാത്തത്..?

അവിടെയല്ലേ പ്രശ്നം. സെലീനയുടെ പപ്പയോ, മമ്മിയോ എപ്പോഴെങ്കിലും അവനെ വഴക്കു പറഞ്ഞിട്ടുണ്ടോ..?

ഇല്ലല്ലോ…

അപ്പുവിന് അവരോട് എന്തെങ്കിലും ദേഷ്യമുണ്ടോ…?

ഇല്ലേ… ഇല്ല..

പിന്നെയീ ചെക്കനെന്താരു കുഴപ്പം..?

കുഴപ്പം അവളല്ലേ…..

ആര്‍ സെലീനയോ…?

അതെ അവള് തന്നെ…

അല്ല സെലീന അപ്പുവിനോട് എന്ത് തെറ്റ് ചെയ്തു…?.

എന്ത് തെറ്റ് ചെയ്തെന്നോ..? നല്ല ചോദ്യം തന്നെ.. കഴിഞ്ഞ മാസം പാര്‍ക്കില്‍ വച്ച് അപ്പുവിനെ ഊഞ്ഞാലില്‍ നിന്ന് സെലീന തള്ളിയിട്ട് അവന്റെ വലതു കൈ ഒടിച്ചില്ലേ..? വേദനകൊണ്ട് അവന്‍ നിലവിളിച്ചപ്പോഴേക്കും സെലീന ഓടിയൊളിച്ചു. എന്നിട്ടോ, പിറ്റെദിവസം അവള്‍ എല്ലായിടത്തും പറഞ്ഞു നടന്നതെന്താ..? അപ്പു ഊഞ്ഞാലില്‍ നിന്ന് വീണെന്ന്…

നമ്പറ് വണ്‍ നുണച്ചിയാ അവള്‍..
ഹോ കൈയ്യൊടിഞ്ഞപ്പോള്‍ എന്തൊരു വേദനയായിരുന്നു. അപ്പുവിനത് ഓര്‍ക്കുന്നതുപോലും പേടിയാണ്‍. കുടെ ദിവസം വേദനകൊണ്ട് അപ്പുവിന്‍ ഒന്ന് തിരിയുവാന്‍ പോലും കഴിഞ്ഞില്ല. എത്രദിവസം രാത്രിയില്‍ ഉറക്കം വരാതെ അവന്‍ കിടന്ന് നിലവിളിച്ചു. അപ്പോഴൊക്കെ അപ്പുവിന്‍ സെലീനയെ തല്ലിക്കൊല്ലാനുള്ള ദേഷ്യമുണ്ടായിരുന്നു..

“നീ അവളോട് എന്തെങ്കിലും വഴക്കിന്‍ ചെന്നു കാണും. അതുകൊണ്ടല്ലേ അവള്‍ നിന്നെ ഊഞ്ഞാലിന്‍ നിന്ന് തള്ളിയിട്ടത്. അല്ല അവളോട് വഴക്കിനൊന്നും പോകരുതെന്ന് നൂറു തവണയെങ്കിലും നിന്നോട് പറഞ്ഞിട്ടുള്ളതാ…. കേട്ടില്ല നീ….. ഇപ്പോള്‍ കിടന്ന് അനുഭവിച്ചോ..’“

കൈയ്യൊടിഞ്ഞ ദിവസം തന്റെ അമ്മ പറഞ്ഞത് കേട്ടപ്പോള്‍ അപ്പുവിന്‍ വല്ലാത്ത സങ്കടമാ തോന്നിയത്. അവനന്ന് പൊട്ടിക്കരഞ്ഞു. തന്റെ അമ്മ എന്നും അങ്ങനെയാ. സെലീന എന്തു തെറ്റ് ചെയ്താലും അവളെ ഒന്നും പറയില്ല. എല്ലാം തന്റെ കുറ്റമാണെന്നോ പറയൂ.. അപ്പു പലപ്പോഴും ചിന്തിക്കാറുണ്ട്.

അന്ന് പാര്‍ക്കില്‍ വച്ച് താന്‍ സെലീനയോട് വഴക്കിന്‍ പോയതല്ലല്ലോ..? അവളല്ലിയോ തന്നോട് വഴക്കിന്‍ വന്നത്. താന്‍ ഊഞ്ഞാലാടിക്കൊണ്ടിരുന്നപ്പോള്‍ അവള്‍ക്കും ഉടനെ ആടണം. അല്ലേലും അവളങ്ങനാ.. ആരെന്തു ചെയ്താലും അവിടെ പെട്ടന്ന് ഓടിയെത്തും…. ഇപ്പം പറ്റില്ലെന്ന് പറഞ്ഞതേയുള്ളു. അവള്‍ ഊഞ്ഞാലില്‍ നിന്ന് തന്നെ വലിച്ചു താഴെയിടുകയായിരുന്നു.

പാവം അപ്പു….
അവനിപ്പോള്‍ എങ്ങനെയുണ്ട്..?
ഇതു നല്ല ചോദ്യം…… അവന്റെ കൈ അനക്കാനാവാതെ ഇപ്പോഴും പ്ലാസ്റ്ററിട്ടിരിക്കുവല്ലേ…. അവന്റെ അമ്മയാണ്‍ ഇപ്പോഴും അവന്‍ ആഹാരം വാരി വായിലിട്ട് കൊടുക്കുന്നതും, ഒടിഞ്ഞ കൈ നനയാതെ കുളിപ്പിക്കുന്നതും, നിക്കറും, ഉടുപ്പും ഇടീപ്പിക്കുന്നതുമൊക്കെ..

ഇപ്പോഴും അവന്റെ ഒടിഞ്ഞ കൈയ്ക്ക് നല്ല വേദന തോന്നാറുണ്ട്. അതൊക്കെ സഹിക്കാവുന്നതേയുള്ളു. പക്ഷേ ചിലപ്പോള്‍ പ്ലാസ്റ്ററിട്ടിരിക്കുന്ന കൈയ്ക്കിടയില്‍ വല്ലാത്ത ചൊറിച്ചില്‍ വരും. പ്ലാസ്റ്ററിന്റെ ഇടയിലൂടെ വിരലിട്ട് എങ്ങനെ ചൊറിയും..? ഹോ.. അന്നേരം കൈ എവിടെയെങ്കിലും അടിച്ച് ഒടിക്കണമെന്ന് അവന്‍ തോന്നും…

എല്ലാത്തിനും കാരണം ആ തെറിച്ച പെണ്ണല്ലേ… തന്റെ കൈയ്യൊടിച്ചിട്ട് അവളിപ്പം വല്യ മിടുക്കിയായി ഞെളിഞ്ഞു നടക്കുന്നു… ദുഷ്ടത്തി… തന്റെ കൈയ്യേലെ പ്ലാസ്റ്ററെടുക്കട്ട് കാണിച്ചു കൊടുക്കാം. ‘അവളുടെ തലയ്ക്ക് നോക്കി ഒരു മുട്ടന്‍ കല്ലെടുത്ത് ഒരേറു കൊടുക്കും..

‘ചെക്കാ സൂക്ഷിക്കണേ… സെലീനയുടെ പപ്പ വലിയ പോലീസുകാരനാ… ഇടിച്ചു ചമ്മന്തിയാക്കി നിന്നെ ജയിലിലിടും’ കൂട്ടുകാര്‍ അപ്പുവിന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു..

‘ങ്ഹാ.. ഇന്നു വന്നേര്‍ ഇടിച്ചു ചമ്മന്തിയാക്കാന്‍… എനിക്ക് പോലീസിനേം പട്ടാളത്തേമൊന്നും പേടീല്യ്…” അപ്പു പറഞ്ഞു..

കേട്ടില്ലേ നിങ്ങള്‍ സെലീനയെപ്പറ്റി അപ്പു പറഞ്ഞതൊക്കെ…
ഇനിയും നിങ്ങള്‍ പറയ്, സെലീനയുടെ വീട് എവിടെയാണെന്ന് ആരെങ്കിലും ചോദിച്ചാല്‍ അവന് കാണിച്ചു തരുമോ..? തീര്‍ച്ചയായും കാണിച്ചു തരില്ല…. അതുകൊണ്ട് അവനെ കണ്ടാല്‍ ആരും സെലീനയെക്കുറിച്ച് ഒരക്ഷരം പോലും ചോദിക്കരുത് കേട്ടോ…

ഇനിയിപ്പോള്‍ സെലീനയുടെ വീട് ഏതാണെന്ന് ജവഹര്‍ കോളനിയിലെ വിമന്‍സ് ക്ലബ് പ്രസിഡണ്ട് ഉഷ ഉണ്ണിത്താന്റെ മകള്‍ അമ്മുവിനോട് ചോദിച്ചാലോ..?

അയ്യോ വേണ്ടാ….
സെലീനയുടെ പേര്‍ കേള്‍ക്കുമ്പോള്‍ തന്നെ അമ്മുവിന്‍ ദേഷ്യം വരും…
അമ്മുവും സെലീനയും തമ്മില്‍ എന്തായിരുന്നു കുഴപ്പം… ?

(തുടരും)