Wednesday, September 30, 2009

എപ്പോഴും ചിരിക്കുന്ന പെണ്‍കുട്ടി (കുഞ്ഞിക്കഥ)

റോസ് നഗരത്തിലെ മേയറായ വില്യംസിന്റെ ഏക മകളാണ് ലിറ്റി എന്നു പേരായ പത്തു വയസ്സുകാരി സുന്ദരിക്കുട്ടി. മാലാഖയുടെ മുഖമുള്ള ലിറ്റിയെ അറിയാത്തവരും, അവളെ സ്നേഹിക്കാത്തവരും ആ നഗരത്തില്‍ ആരുമില്ലായിരുന്നു എന്ന് വേണമെങ്കില്‍ പറയാം. അതെ എല്ലാവരുടെയും ചെല്ലക്കുട്ടിയായിരുന്നു അവള്‍.

സകലരുടെയും സ്നേഹാദരവുകള്‍ ഏറ്റുവാങ്ങി ഒരു പൂമ്പാറ്റയെ പാറി നടന്ന ലിറ്റി അന്ന് പൂന്തോട്ടത്തില്‍ ഓടിച്ചാടി കളിക്കുന്നതിനിടയില്‍ പെട്ടന്ന് തളര്‍ന്നു വീണു. നഗരത്തിലെ പ്രശസ്തമായ ഹോസ്പിറ്റലില്‍ ലിറ്റിയെ മിനിറ്റുകള്‍ക്കകം പ്രവേശിപ്പിച്ചു. വിദഗ്ദരായ ഡോക്ടറന്മാരുടെ പരിശോധനയ്ക്കൊടുവില്‍ അവര്‍ ആ സത്യം ലിറ്റിയുടെ മാതാപിതാക്കളെ വളരെ വിഷമത്തോടെ അറിയിച്ചു.

“ലിറ്റി അനുദിനം മരിച്ചു കൊണ്ടിരിക്കുന്ന ഒരു കാന്‍സറ് രോഗിയാണ്.. കാന്‍സറ് രോഗം അവളുടെ അസ്ഥികളെയും, തലച്ചോറിനെയും കാര്‍ന്നു തിന്നു കൊണ്ടിരിക്കുകയാണ്.. ഏറിയാല്‍ കുറെ മാസങ്ങള്‍.. അതിനുശേഷം ലിറ്റി എല്ലാവരെയും വിട്ട് പോകും…”

ലിറ്റിയുടെ മാതാപിതാക്കളെന്നല്ല ആ വാര്‍ത്ത കേട്ടവരെല്ലാം ഞെട്ടിപ്പോയി. സകലരും ലിറ്റിക്കു വേണ്ടി കണ്ണുനീരോടെ പ്രാര്‍ത്ഥിച്ച സമയങ്ങളായിരുന്നു പിന്നിടുള്ള ദിനങ്ങള്‍…എന്നാല്‍ അനുദിനം ലിറ്റിയുടെ ആരോഗ്യനില തകരാറിലായിക്കൊണ്ടിരുന്നു. ശരീരം മുഴുവന്‍ വേദനകൊണ്ട് നുറുങ്ങുമ്പോഴും ആശുപത്രി കിടക്കയിലുള്ള തന്നെ കാണുവാനെത്തുന്നവര്‍ക്ക് ലിറ്റി ഒരു ചെറുപുഞ്ചിരി സമ്മാനിക്കുവാന്‍ മറന്നില്ല. തന്റെ മാതാപിതാക്കളുടെ മുന്നിലും, തന്നെ കാണുവാനെത്തുന്നവരുടെ മുന്നിലും തന്നെ ചികിത്സിക്കുന്ന ഡോക്ടറന്മാരുടെ മുന്നിലും അവളൊരിക്കലും തന്റെ വേദന പ്രകടിപ്പിച്ചില്ല. എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ഏതു നിമിഷവും അവള്‍ പ്രസന്നവതിയായി കാണപ്പെട്ടു.

“എങ്ങനെ ഈ കുട്ടിക്ക് ഇങ്ങനെ വേദന സഹിക്കുവാന്‍ കഴിക്കും..?” ലിറ്റിയുടെ രോഗത്തിന്റെ ആഴം ശരിക്കറിയാവുന്ന ഡോക്ടര്മാര്‍പ്പോലും ചിന്തിച്ചത് അതായിരുന്നു…

എന്നാല്‍ അന്ന് ലിറ്റിയുടെ രോഗം മൂര്‍ച്ചിച്ചു. ലിറ്റിക്ക് അന്ത്യകൂദാശ നല്‍കുവാന്‍ മഞ്ഞ് മലകള്‍ക്കപ്പുറമുള്ള ഭദ്രാസനപ്പള്ളിയില്‍ നിന്നും കുന്നിറങ്ങി വ്യദ്ധനായ ഫാദര്‍ ആന്‍ഡ്രൂസ് അവളുടെ അരികിലെത്തി.

“മോളെ ഈ വേദനയെല്ലാം എങ്ങനെ നിനക്ക് സഹിക്കുവാന്‍ കഴിയുന്നു?. ഈ വലിയ വേദനയ്ക്കിടയിലും എങ്ങനെ പുഞ്ചിരിക്കുവാന്‍ നിനക്കു കഴിയുന്നു..? ഒന്ന് പൊട്ടിക്കരയരുതോ മോളേ നിനക്ക്..” ക്രിസ്മസ് പപ്പയുടെ മുഖമുള്ള ഫാദര്‍ ആന്‍ഡ്രൂസ് ലിറ്റിയുടെ കവിളുകളില്‍ മുത്തമിട്ടുകൊണ്ട് ചോദിച്ചു.ലിറ്റി ഫാദറിനെ നോക്കി അപ്പോഴും ഒന്നു പുഞ്ചിരിച്ചു. പിന്നെ തന്റെ വലതു കൈവെള്ള നിവര്‍ത്ത് അതിലുള്ള യേശുദേവന്റെ കുഞ്ഞു ക്രൂശിത രൂപം ഫാദറിനെ കാണിച്ചു…

“ഫാദറ് ഈ ക്രൂശിത രൂപം കണ്ടോ.. എന്റെ ശരീരത്തിലെ ഓരോ കോശങ്ങളെയും വേദന കുത്തിനോവിക്കുമ്പോള്‍ ഈ ക്രൂശിത രൂപം മുറുകെപ്പിടിച്ചുകൊണ്ട് യേശുദേവന്‍ ഈ ക്രൂശില്‍ കിടന്ന് സഹിച്ച വേദനയെ ഞാനോര്‍ക്കും. യേശു എനിക്കു വേണ്ടി സഹിച്ച ആ വലിയ വേദന ഞാനോര്‍ക്കുമ്പോള്‍ എന്റെയീ ശരീര വേദന ഞാനറിയാതെ മറന്നു പോകും… ഞാനെല്ലാം സഹിച്ചുപോകും….“

ലിറ്റിയുടെ വാക്കുകള്‍ ഒരിക്കലും പതറാത്ത ഫാദറിന്റെ കണ്ണുകളെപ്പോലും ഈറനണിയിപ്പിച്ചു… അന്ന് ലിറ്റിയുടെ ശ്വാസം എന്നന്നേയ്ക്കുമായി നിലച്ചു. റോസ് നഗരം കണ്ണിരില്‍ മുങ്ങിയ ദിനമായിരുന്നു അത്.

“ദൈവത്തിന്റെ പൂന്തോട്ടത്തിലെ പൂക്കളാണ് കുട്ടികള്‍… ദൈവം തന്റെ പൂന്തോട്ടത്തില്‍ നിന്ന് തനിക്കിഷ്ടമുള്ള മനോഹരമായ ഒരു പൂവ് പറിച്ചെടുത്തു..അത് നമ്മുടെ ലിറ്റിയായിരുന്നെന്ന് മാത്രം” ലിറ്റിയുടെ മാതാപിതാ‍ക്കളെ ആശ്വസിപ്പിച്ചുകൊണ്ട് ഫാദര്‍ ആന്‍ഡ്രൂസ് പറഞ്ഞത് അതായിരുന്നു

“എല്ലാം മായയാകുന്നു. ഈ ഭൂമിയും അതിലുള്ളതൊക്കെയും വെറും മായയത്രേ.. മനുഷ്യജീവിതം വയലിലെ പൂവിനു സമമാകുന്നു.. ഇന്നത് കാണും.. നാളെയത് വാടിപ്പോകുന്നു…ഹേ മരണമേ നിന്റെ വിഷമുള്ളു എവിടെ? ഹേ മരണമേ നിന്റെ വിജയം എവിടെ..." ലിറ്റിയുടെ ശവസംസ്കാര ചടങ്ങിലെ ലഘു പ്രസംഗത്തില്‍ ഫാദര്‍ ആന്‍ഡ്രൂസ് വികാരഭരിതനായി.

“ഏതു മനുഷ്യനും ഉറച്ചു നിന്നാലും ഒരു ശ്വാസം മാത്രമത്രേ....ഇതാകുന്നു അവസാനമെങ്കില്‍… പണ്ഡിതന്മാര്‍ തങ്ങളുടെ പാണ്ഡിത്യത്തില്‍ പുകഴുന്നത് എന്തിന്…? ഇതാകുന്നു അവസാനമെങ്കില്‍ രാജാക്കന്മാര്‍ തങ്ങളുടെ അധികാരത്തില്‍ അഹങ്കരിക്കുന്നത് എന്തിന്..? ഇതാകുന്നു അവസാ‍നമെങ്കില്‍ യൌവ്വനക്കാര്‍ തങ്ങളുടെ യൌവനത്തില്‍ ചാഞ്ചാടുന്നത് എന്തിന്…? ഇതാകുന്നു അവസാനമെങ്കില്‍ ധനവാന്മാര്‍ തങ്ങളുടെ ധനത്തില്‍ അഹങ്കരിക്കുനനത് എന്തിന്...? എല്ലാം മായത്രേ.. ഈ ഭൂമിയും അതിലുള്ളതൊക്കെയും നശ്വരമത്രേ….“ കണ്ണു നീരോടെയാണ് ഫാദര്‍ തന്റെ പ്രസംഗം അവസാനിപ്പിച്ചത്.

കണ്ണിരില്‍ മുങ്ങിയ വലിയൊരു ജനാവലിയുടെ അകമ്പടിയോടു കൂടി അന്ന് ലിറ്റിയുടെ കുഞ്ഞു ശവശരീരം റോസ് നഗരത്തിലെ ഭദ്രാസനപ്പള്ളി സെമിത്തേരില്‍ അടക്കം ചെയ്യുമ്പോള്‍ ഭൂമിയില്‍ ഇരുട്ടു വ്യാപിക്കുകയായിരുന്നു...