Tuesday, August 4, 2009

അപ്പൂസിന്റെ അച്ഛന്‍ (കഥ)

അപ്പൂസിന്റെ വീട്ടു മുറ്റത്ത് പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന കിളിച്ചുണ്ടന്‍ മാവ് പൂത്തുലഞ്ഞു. നിറയെ മാമ്പൂക്കളുമായി തലയുയര്‍ത്തി നില്‍ക്കുന്ന കിളിച്ചുണ്ടന്‍ മാവില്‍ വിരുന്നിനെത്തിയ വണ്ടുകളുടെയും, പൂമ്പാറ്റകളുടെയും, പക്ഷികളുടെയും ബഹളമായിരുന്നു. കിളിച്ചുണ്ടന്‍ മാവ് പൂത്തതില്‍ അപ്പൂസിനെക്കാള്‍ സന്തോ‍ഷം അവര്‍ക്കായിരുന്നു.

ഗ്രാമത്തിലെ പള്ളിക്കൂടത്തില്‍ ഒന്നാം ക്ലാസിലാണ് അഞ്ചു വയസ്സുള്ള അപ്പൂസ് പഠിക്കുന്നത്. പുസ്തക സഞ്ചിയും തൂക്കി അഞ്ചാം ക്ലാസില്‍ പഠിക്കുന്ന നീതു ചേച്ചിയോടും കൂട്ടുകാരോടുമൊപ്പം തുള്ളീച്ചാടി പള്ളിക്കൂടത്തില്‍ പോകുവാന്‍ അപ്പൂസിനു വലിയ ഇഷ്ടമായിരുന്നു. അതുകൊണ്ടല്ലേ അമ്മയെയും അച്ഛനെയും വിട്ട് ആദ്യമായി പള്ളിക്കൂടത്തിലെത്തിയ ദിവസം പോലും അപ്പൂസിനു യാതൊരു സങ്കടവും തോന്നാതിരുന്നത്. പക്ഷേ അപ്പൂസിന്റെ ക്ലാസിലെ കുട്ടികള്‍ പലരും അച്ഛനമ്മമാരെ കാണാതെ അന്നു പേടിച്ചു കരയുന്നുണ്ടായിരുന്നു. നീതുചേച്ചിയുള്ളപ്പോള്‍ അപ്പൂസിനു എന്തോന്നു പേടിക്കാന്‍? നീതുചേച്ചിയാണെങ്കില്‍ അപ്പൂസിന്റെ ക്ലാസിലെ കുട്ടികള്‍ക്കെല്ലാം പേടിയായിരുന്നു. പള്ളിക്കൂടത്തിലെത്തിയാല്‍ ഒരു നിഴല്‍പ്പോലെ നീതുചേച്ചി അപ്പൂസിനോടൊപ്പമുണ്ടാവും. അപ്പൂസിനെ ആരെങ്കിലും വഴക്കു പറഞ്ഞാല്‍ മതി നീതുചേച്ചി വിടില്ല. നീതുചേച്ചിയുടെ കൈയ്യില്‍ തൂങ്ങി പുഴയോരത്തുകൂടി പള്ളിക്കൂടത്തില്‍ പോകുന്നതു തന്നെ ഒരു സുഖമല്ലേ?

എന്നാല്‍ കിളിച്ചുണ്ടന്‍ മാവ് പൂത്തതോടു കൂടി അപ്പൂസിന്‍ പള്ളിക്കൂടത്തില്‍ പോകാനുള്ള ആശയൊക്കെ മെല്ലെ കുറഞ്ഞു. എങ്ങനെ പള്ളിക്കൂടത്തില്‍ പോകും? മാമ്പഴക്കൊതിയനല്ലേ അവന്‍.. മാമ്പൂക്കളെല്ലാം ഉണ്ണിമാങ്ങകളായി പെട്ടന്ന് വളര്‍ന്ന് മാമ്പഴമായി തീരുന്നതും വയറുനിറയെ രുചിയുള്ള കിളിച്ചുണ്ടന്‍ മാമ്പഴം തിന്നുന്നതും, അവന്‍ സ്വപ്നം കണ്ടു. കിളിച്ചുണ്ടന്‍ മാവില്‍ തേനുണ്ണാന്‍ മാമ്പൂക്കള്‍ക്കു ചുറ്റും വട്ടമിട്ട് പറക്കാറുള്ള വണ്ടുകളെയും, പൂമ്പാറ്റകളെയും, മാഞ്ചില്ലകളില്‍ ഓടിക്കളിക്കാറുള്ള അണ്ണാറക്കണ്ണന്മാരെയും, കിളികളെയും, മാഞ്ചില്ലകള്‍ പിടിച്ചു കുലുക്കുവാനെത്തുന്ന കാറ്റിനെയും അപ്പൂസ് വല്ലാതെ വെറുത്തിരുന്നു. ഇവരെല്ലാം മാമ്പൂക്കള്‍ കൊഴിച്ചു കളയുവാനെത്തുന്നവരല്ലേ..? മാ‍മ്പൂക്കളെല്ലാം കൊഴിഞ്ഞുവീണു പോയാല്‍ മാമ്പഴം കഴിക്കുന്നതെങ്ങനെ?

പള്ളിക്കൂടം വിട്ടു വന്നാലുടന്‍ അപ്പൂസ് മാഞ്ചുവട്ടില്‍ തന്നെയുണ്ടാവും. അണ്ണാറക്കണ്ണന്മാരെയും കിളികളെയും മാവില്‍ നിന്ന് ആട്ടിയോടിക്കുകയാണ്‍ അപ്പൂസിന്റെ പ്രധാന ജോലി. എന്നാല്‍ പടിഞ്ഞാറു നിന്നും വീശിയടിക്കാറുള്ള കാറ്റ് മാത്രം അപ്പൂസിനെ അവഗണിച്ചുകൊണ്ട് മാഞ്ചില്ലകളില്‍ ആടി രസിക്കുകയും, മാമ്പൂക്കള്‍ കൊഴിച്ചുകളയുകയും ചെയ്തു. മാഞ്ചുവട്ടില്‍ വീണു കിടക്കുന്ന മാമ്പൂക്കളെ നോക്കി അപ്പൂസ് പലപ്പോഴും കണ്ണീരൊഴുക്കാറുണ്ടായിരുന്നു.

“എടാ അപ്പൂസേ.. മാമ്പൂക്കളെല്ലാം മാങ്ങയായി തീരില്ലെടാ, കുറയൊക്കെ കൊഴിഞ്ഞു പോകും. കുറയൊക്കെ മാങ്ങയായി തീരും.. നീ അതിന്‍ വിഷമിക്കുന്നതെന്തിനാടാ..” നീതുചേച്ചി അപ്പുവിനെ ആശ്വസിപ്പിക്കുവാന്‍ ശ്രമിച്ചെങ്കിലും അപ്പൂസിന് വിഷമം വിട്ട് മാറിയില്ല. ദിവസങ്ങള്‍ പലതു കഴിഞ്ഞതോടു കൂടി അപ്പൂസിന്റെ കിളിച്ചുണ്ടന്‍ മാവില്‍ ഒരു ഉണ്ണിമാങ്ങകള്‍ പ്രത്യക്ഷമായി തുടങ്ങി..

”ഹായ്…." അപ്പൂസ് സന്തോഷം കൊണ്ട് തുള്ളിച്ചാടി. താഴെ വീഴുന്ന ഉണ്ണിമാങ്ങകള്‍ പെറുക്കി ഉപ്പും ചേര്‍ത്ത് നീതുചേച്ചിയോടൊപ്പം അപ്പൂസും കറുമുറെ കടിച്ചു തിന്നു. കുറയൊക്കെ പുസ്ത്ക സഞ്ചിയിലാക്കി തന്റെ ക്ലാസിലെ കുട്ടികള്‍ക്ക് കൊണ്ടുപോയി കൊടുക്കുവാനും അപ്പൂസ് മറന്നില്ല.

“അപ്പൂസേ..,മാങ്ങ പഴുക്കുമ്പോള്‍ ഞങ്ങളെയൊക്കെ മറക്ക്വോ..” കൂട്ടുകാര്‍ അപ്പൂസിനോട് ചോദിച്ചു.“ഇല്യ് ആരെയും മറക്കൂല്യ. ല്ലാര്‍ക്കും ഒരുപാട് മാമ്പഴം തരാം“ അപ്പൂസ് കൂട്ടുകാര്‍ക്ക് ഉറപ്പു നല്‍കി. അപ്പൂസിന്റെ കൂട്ടുകാര്‍ക്കും വളരെ സന്തോഷമായി.


ദിവസങ്ങളും, ആഴ്ചകളും പലതും കഴിഞ്ഞു. കിളിച്ചുണ്ടന്‍ മാവിലെ ഉണ്ണിമാങ്ങകളെല്ലാം വളര്‍ന്നു വലുതായി. “അപ്പൂസേ നമ്മുടെ കിളിച്ചുണ്ടന്‍ മാമ്പഴം പഴുത്തു തുടങ്ങിയെടാ മോനേ, ദേ ഇന്ന് അമ്മയ്ക്ക് രണ്ടു മാമ്പഴം വീണു കിട്ടിയിരിക്കുന്നു..” അന്നു പള്ളിക്കൂടത്തില്‍ നിന്നെത്തിയ അപ്പൂസിനെ അമ്മ ആ സന്തോഷവാര്‍ത്ത അറിയിച്ചു. അമ്മ പറഞ്ഞത് കേട്ട് അപ്പൂസിനു സന്തോഷമടക്കുവാന്‍ കഴിഞ്ഞില്ല. അവന്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടി. അമ്മ അപ്പൂസിനും നീതുചേച്ചിക്കും ഓരോ മാമ്പഴം വീതം നല്കി.

“ഹായ്, എന്തു മധുരം! ഒരഞ്ചാറെണ്ണം കൂടി കിട്ടിയിരുന്നെങ്കില്‍..? മാമ്പഴം തിന്നുന്നതിനിടയില്‍ അപ്പൂസ് പറഞ്ഞു. “കൊതിയന്‍..” നീതുചേച്ചി അപ്പൂസിനെ കളിയാക്കി അടുത്ത ദിവസം ക്ലാസിലെത്തിയ അപ്പൂസ് മാമ്പഴത്തിന്റെ കാര്യം കൂട്ടുകാരോടെല്ലാം പറഞ്ഞു.

“അപ്പൂസേ, മാമ്പഴം കാക്ക കൊത്തി തിന്നാതെ നോക്കണേ..” കൂട്ടുകാരുടെ വക ഉപദേശവും അപ്പൂസിന്‍ ലഭിച്ചു. “ങും, എന്നാ കാക്കയെ ഞാന്‍ എറിഞ്ഞു കൊല്ലും..” അപ്പൂസ് പറഞ്ഞു.

“അപ്പൂസേ, വല്ല കാക്കയോ, കിളിയോ മാമ്പഴമെല്ലാം കൊത്തിതിന്നുന്നതിന്‍ മുമ്പേ കൊച്ചുപുരയ്ക്കലെ രാഘവനെ നാളെ മാമ്പഴം പറിക്കുവാന്‍ അച്ഛനെ ഏര്‍പ്പാട് ചെയ്തിട്ടുണ്ട്.. അപ്പൂസിനും നാളെ ഏതായാലും അവധിയല്ലേ..” അമ്മ അപ്പൂസിനോട് അന്നു പറഞ്ഞു. തനിക്കു പഠിത്തമുള്ള ദിവസം മാമ്പഴം പറിക്കുവാന്‍ ആരെങ്കിലും വരുമെന്നായിരുന്നു അപ്പൂസിന്റെ സങ്കടം. ഏതായാലും അമ്മ പറഞ്ഞത് കേട്ടതോടു ആ സങ്കടവും മാറിക്കിട്ടി.

‘നാളെ എപ്പോഴായിരിക്കും മാമ്പഴം പറിക്കുവാന്‍ ആളെത്തുക..നാളെ എന്തോരം മാമ്പഴം തനിക്ക് തിന്നാം..” അപ്പൂസ് മധുരസ്വപ്നങ്ങള്‍ കണ്ട് കൊണ്ടാണ്‍ അന്ന് ഉറങ്ങിയത്.നേരം പുലര്‍ന്നു. മാമ്പഴം പറിക്കുവാന്‍ വരുന്ന ആളിനെയും നോക്കി നിരത്തിലേക്ക് കണ്ണും നട്ട് മാഞ്ചുവട്ടില്‍ അപ്പൂസ് ഇരിക്കുവാന്‍ തുടങ്ങിയിട്ട് മണിക്കൂറുകള്‍ പലതും കഴിഞ്ഞിരുന്നു. ഇടയ്ക്ക് മാമ്പഴം കൊത്തിത്തിന്നുവാനെത്തിയ കിളികളെയും, അണ്ണാറക്കണ്ണന്മാരെയും ആട്ടിയോടിക്കുവാനും അപ്പൂസ് മറന്നില്ല.

“ഏതായാലും രാഘവന്‍ ഇന്ന് മാമ്പഴം പറിക്കുവാന്‍ വരുമെന്ന് തോന്നുന്നില്ല. അല്ലേലും വാക്കിന്‍ യാതോരു വിലയുമില്ലാത്തവനാ അവന്‍. പാവം അപ്പൂസ് രാവിലെ മുതല്‍ അവന്‍ മാഞ്ചുവട്ടിലിരിക്കുവാ. ഒരിറ്റുവെള്ളം വെള്ളം പോലും അവന്‍ കുടിച്ചിട്ടില്യ് .നിങ്ങളേതാലും രാഘവന്റെ വീട് വരെ പോയി അന്വേഷിക്കുക. വീട്ടിവച്ചോ വഴിക്കു വച്ചോ അവനെ കണ്ടാല്‍ കയ്യോടെ പിടികൂടി കൊണ്ടുവരാമല്ലോ..” അമ്മ അച്ഛനോട് പറയുന്നത് അപ്പൂസ് കേട്ടു.


“അപ്പൂസേ നീ വല്ലതു പോയി കഴിക്കെടാ മോനേ, അച്ഛനേതായാലും രാഘവന്റെ വീടു വരെ പോയിട്ടു വരാം..” അപ്പൂസിനോട് അങ്ങനെ പറഞ്ഞുകൊണ്ട് അച്ഛന്‍ രാഘവന്റെ വീട്ടിലേക്ക് പോയി. “ദൈവമേ, രാഘവനെ കാണണമേ..” അപ്പൂസിസ് മനമുരുകി പ്രാര്‍ത്ഥിച്ചു. ‘ഏതായാലും അച്ഛന്‍ തിരിച്ചു വരാതെ ഈ മാഞ്ചുവട്ടില്‍ നിന്ന് എങ്ങോട്ടും പോകുന്ന പ്രശ്നമില്ല.’ അപ്പൂസ് തീരുമാനിച്ചു.

അപ്പൂസ് നിരത്തിലേക്ക് മിഴികള്‍ നട്ട് വീണ്ടും കാത്തിരിപ്പായി. ഒരു പാട് സമയം കഴിഞ്ഞിട്ടും അച്ഛന്‍ തിരിച്ചെത്തിയില്ല. അപ്പൂസിന്റെ ക്ഷമ നശിച്ചു. കിളിച്ചുണ്ടന്‍ മാവിന്റെ താഴത്തെ ചില്ലയില്‍ നാലഞ്ചു മാമ്പഴം പഴുത്തു നില്‍ക്കുന്നത് കണ്ടപ്പോള്‍ അപ്പൂസിന്റെ വായില്‍ വെള്ളമൂറി. നീതുചേച്ചിയും അമ്മയും അടുക്കളയിലാണെന്ന് അപ്പു മനസ്സിലാക്കി. രാഘവനെ വിളിക്കാന്‍ പോയ അച്ഛന്‍ ഉടനെയൊന്നും തിരിച്ചെത്തുന്ന യാതൊരു ലക്ഷണവും കാണുന്നുമില്ല. മെല്ലെ മാവില്‍ കയറി ആ മാമ്പഴം പറിച്ചാലോ..? അപ്പൂസ് ചിന്തിച്ചു. അവന്‍ പിന്നീട് ആലോചിക്കാനൊന്നും പോയില്ല്. ഒരു വിധത്തില്‍ അള്ളിപ്പിടിച്ച് മാവില്‍ കയറുവാന്‍ തുടങ്ങി.

“ടാ..’ പെട്ടന്നാണ് അച്ഛന്റെ ഇടിമുഴക്കം പോലുള്ള ശബ്ദം അപ്പൂസിന്റെ കാതുകളില്‍ മുഴങ്ങിയത്. ഭയന്ന് മാവില്‍ നിന്ന് പിടിവിട്ടിപോയ അപ്പൂസ് അച്ഛന്റെ കാല്‍ക്കലാണ്‍ വീണത്. “ആരു പറഞ്ഞെടാ നിന്നോട് മാവില്‍ കേറാന്‍..’ അപ്പൂസിന്റെ ഉത്തരത്തിന്‍ കാത്തു നില്‍ക്കാതെ കൈയ്യില്‍ കിട്ടിയ വടികൊണ്ട് അപ്പൂസിനെ തലങ്ങും, വിലങ്ങും തല്ലുന്നതിനിടയില്‍ അച്ഛന്‍ ചോദിച്ചു. അപ്പൂസിന്റെ നിലവിളി കേട്ടാണ്‍ അമ്മയും, നീതു ചേച്ചിയും ഓടിയെത്തിയത്.

“മതി അവനെ തല്ലിച്ചതച്ചത്..? എന്തിനാണവനെ തല്ലുന്നത്..” അമ്മ ഓടി വന്ന് തടസ്സം നിന്നപ്പോഴാണ് അച്ചന് അടി നിര്‍ത്തിയത്.. “കുരുത്തം കെട്ടവന്‍ മാവില്‍ വലിഞ്ഞു കേറുന്നു. അതില്‍ നിന്നെങ്ങാനും ഇവന് വീണു പോയാല്‍ ഇവന്റെ പൊടി കിട്ടുമോ..” അച്ഛന്‍ ആക്രോശിക്കുകയായിരുന്നു. അപ്പൂസ് അമ്മയെ കെട്ടിപ്പിടിച്ചു കരഞ്ഞു.

"കുരുത്തക്കേട് കാണിച്ചാല്‍ കൊന്നു കളയും ഞാന്‍..” അച്ഛന്‍ അപ്പൂസിന്‍ മുന്നറിയിപ്പു നല്‍കി.. ‘സാരമില്ല കുട്ടാ, തെറ്റു ചെയ്തതുകൊണ്ടല്ലേ അച്ഛന്‍ അടിച്ചത്..” അമ്മ അപ്പൂസിനെ ആശ്വസിപ്പിക്കുവാന്‍ ശ്രമിച്ചെങ്കിലും അവന്‍ പൊട്ടിക്കരയുകയായിരുന്നു.

അന്ന് രാത്രിയില്‍ അപ്പൂസിന്‍ ഉറക്കം വന്നില്ല. അവന്‍ എങ്ങനെ ഉറങ്ങുവാന്‍ കഴിയും? ഒരിക്കല്‍പ്പോലും ഒന്ന് വഴക്ക് പറയുക പോലും ചെയ്തിട്ടില്ലാത്ത അച്ഛനല്ലേ അവന് അന്ന് പൊതിരെ തല്ലിയത്. തന്റെ നിലവിളി കേട്ട് അമ്മ ഓടി വന്നില്ലായിരുന്നെങ്കില്‍ അച്ചന് തന്നെ തല്ലി കൊല്ലുമായിരുന്നില്ലേ.?

“അപ്പൂസേ..” തലയണയില്‍ മുഖമമര്‍ത്തി തേങ്ങിക്കരയുന്ന അപ്പൂസിന്റെ അരികില്‍ അച്ചനെത്തി. അപ്പൂസ് നിറമിഴികളോടു കൂടി അച്ഛനെ നോക്കി. അച്ഛന്റെ കണ്ണുകളില്‍ വാത്സല്യത്തിലെ കടലിരമ്പുന്നത് അവന്‍ കണ്ടു. “സാരമില്ലപ്പൂസേ..” അപ്പൂസിന്റെ തലയില് മെല്ലെ തലോടിക്കൊണ്ട് അച്ഛന് പഞ്ഞു.

“അപ്പൂസ് കുറുമ്പ് കാട്ടിയതു കൊണ്ടല്ലേ അച്ഛന്‍ മോനെ തല്ലിയത്..അല്ലാതെ അപ്പൂസിനോട് എനിക്കൊരു ദേഷ്യവുമുണ്ടായിട്ടല്ല. ന്റെ അപ്പൂസ് നല്ല കുട്ടിയാണെന്ന് അച്ഛനറിയാം.. ന്റെ അപ്പൂസ് മാവേന്നെങ്ങാനും വീണ് കാലും കൈയ്യും ഒടിഞ്ഞുപോയാല്‍ അച്ഛനെത്രമാതം വേദനിക്കൂന്ന് അപ്പൂസെന്തേ മനസ്സിലാക്കാത്തത്..?.." അച്ഛന്റെ ചോദ്യത്തിന്‍ അപ്പൂസ് ഉത്തരം പറഞ്ഞില്ല. ഏതായാലും അച്ഛന്‍ തന്നെ ആശ്വസിപ്പിച്ചല്ലോ. അതുമതി. അപ്പൂസിന്റെ സങ്കടമെല്ലാം പമ്പ കടന്നിരുന്നു.

“ആ രാഘവന്‍ പനി പിടിച്ച് കിടക്കുവാ, അതുകൊണ്ടാ അയാള്‍ മാമ്പഴം പറിക്കാന്‍ വരാഞ്ഞത്. നാളെ നേരം വെളുക്കട്ടെ. പട്ടണത്തില്‍ പോയി അച്ചന്‍ വേറെ ആരെയെങ്കിലും വിളിച്ചോണ്ടു വരാം.” അച്ഛന്‍ അപ്പൂസിന്‍ ഉറപ്പു നല്‍കി. അപ്പൂസിനു സന്തോഷമായി. അടുത്ത ദിവസം രാവിലെ അച്ഛന്‍ പട്ടണത്തിലേക്ക് പോകുന്നത് അപ്പൂസ് കണ്ടു. അച്ഛന്റെ വരവും കാത്ത് അവന്‍ മാഞ്ചുവട്ടിലിരുപ്പായി.

മണിക്കൂറുകള്‍ പലതു കഴിഞ്ഞിട്ടും പട്ടണത്തില്‍പ്പോയ അച്ഛന്‍ തിരിച്ചെത്തിയില്ല. അച്ഛന്‍ താമസിക്കുന്നതെന്തേ..? അപ്പൂസ് ചിന്തിച്ചു.“സീതക്കുഞ്ഞേ, സീതക്കുഞ്ഞേ..” അടുത്ത വീട്ടിലെ സെയ്താലിക്ക നിലവിളിച്ചു കൊണ്ട് ഗേറ്റ് കടന്ന് ഓടിക്കിതച്ചെത്തുന്നത് അപ്പൂസ് കണ്ടു. സെയ്താലിക്കയുടെ നിലവിളി കേട്ട് അമ്മയും, നീതുചേച്ചിയും മുറ്റത്തേക്ക് ഓടിയെത്തി. അപ്പൂസും അവരുടെ അരികിലെത്തി.

“ന്റെ റബ്ബേ, ഞാനെങ്ങനെയാ ഇവരുടെ മുഖത്തു നോക്കി ഇത് പറയുക..” അമ്മയുടെയും, നീതുചേച്ചിയുടെയും, അപ്പൂസിന്റെയും മുഖത്തേക്ക് മാറിമാറി നോക്കിക്കൊണ്ട് സെയ്താലിക്ക പറഞ്ഞു. “എന്താണിക്കാ..” സെയ്താലിക്കയുടെ മുഖത്തെ പരിഭ്രാന്തി കണ്ട് അമ്മ ആകാംക്ഷഭരിതയായി.

“എന്റെ മോളെ, ബെഷമിക്കുന്ന ഒരു കാര്യമാ സെയതാലിക്ക പറയാന്‍ പോണെ, പക്ഷേ പറയാതിരിക്കാനും ന്‍ക്ക് പറ്റില്ലല്ലോ പടച്ചോനേ..” മുഖത്തെ വിയര്‍പ്പു തുടയ്ക്കുന്നതിനിടയില്‍ സെയ്താലിക്ക സങ്കടപ്പെട്ടു

“പട്ടണത്തില്‍ രണ്ട് പാര്‍ട്ടിക്കര്‍ തമ്മില്‍ രാവിലെ പൊട്ടിപ്പുറപ്പെട്ട സംഘട്ടനം ഒഴിവാക്കാന്‍ പോലീസ് വെടി വച്ചതാ. ഒന്നു രണ്ട് പേര്‍ വെടിവയ്പ്പില് മരിക്കുകയും ചെയ്തു. അതില്‍ നമ്മുടെ ഹരിക്കുഞ്ഞും…”

ന്റെ ദൈവമേ…” സെയ്താലിക്ക പറഞ്ഞു തീര്‍ന്നില്ല അമ്മയും നീതുചേച്ചിയും നിലവിളിക്കുകയും നെഞ്ചത്തടിച്ച് കരയുന്നതു അപ്പൂസ് കണ്ടു. അപ്പൂസിന് പെട്ടന്ന് കാര്യമൊന്നും മനസ്സിലായില്ല. എങ്കിലും അമ്മയ്ക്കും ചേച്ചിക്കുമൊപ്പം അവനും കരഞ്ഞു.

അച്ചന്റെ മരണവാര്‍ത്തയറിഞ്ഞ് അപ്പൂസിന്റെ വീട്ടില്‍ നാട്ടുകാരുടെയും, ബന്ധുക്കളുടെയും പ്രവാഹമായിരുന്നു.“ഹരി ഒരു പാര്‍ട്ടിയിലുമില്ലാത്ത ആളാണല്ലോ. പിന്നെങ്ങനെയാ ഇതു സംഭവിച്ചത്.?.” വല്യമ്മാവനോട് ആരോ ചോദിക്കുന്നത് അപ്പൂസ് കേട്ടു.

“രാഷ്ട്രീയ ലഹളയുണ്ടായാലും, വര്‍ഗ്ഗീയ ലഹളയുണ്ടായാലും, പോലീസ് വെടിവച്ചാലും ഇന്നാട്ടില്‍ നിരപരാധികളാണല്ലോ മരിക്കുന്നത്.. കുറ്റവാളികള്‍ ഒരിക്കലും ശിക്ഷിക്കപ്പെടുന്നില്ലല്ലോ…. പട്ടണത്തിലുണ്ടായ സംഘട്ടനം കണ്ട് ഓടി രക്ഷപെടാന്‍ ശ്രമിച്ചതാ ഹരി. പക്ഷേ പോലീസി വെടിവച്ചത് അവനെയും….” വല്യമ്മാമന്‍ കണ്ണുകള്‍ തുടയ്ക്കുന്നത് അപ്പൂസ് കണ്ടു.

വല്യമ്മാമന്‍ തന്നെയാണ്‍ അച്ഛന്റെ ചിതയൊരുക്കുവാന്‍ പണിക്കാരെക്കൊണ്ട് അപ്പൂസിന്റെ വീടിന്റെ മുറ്റത്ത് നിറയെ മാമ്പഴവുമായി നിന്ന കിളിച്ചുണ്ടന്‍ മാവ് മുറുപ്പിച്ചത്. കിളിച്ചുണ്ടന്‍ മാവ് മുറിക്കുമ്പോള്‍ താഴെ വീഴുന്ന മാമ്പഴം പെറുക്കിയെടുക്കുവാന്‍ അയല്പക്കത്തെ കുട്ടികള്‍ മത്സരിക്കുന്നത് അപ്പൂസ് തുറന്ന് കിടന്ന ജാലകത്തിലൂടെ നോക്കി നിന്നു. അവര്‍ മാമ്പഴം ആര്‍ത്തിയോടൂ കൂടി തിന്നുകയാണ്. അപ്പൂസിന്റെ കണ്ണുകള്‍ നിറഞ്ഞു കവിഞ്ഞു.

അന്ന് സന്ധ്യയായപ്പോള്‍ സര്‍ക്കാര്‍ ആശുപത്രിയുടെ ആംബുലസില്‍ അച്ഛന്റെ ജീവനറ്റ ശരീരം അപ്പൂസിന്റെ വീട്ടിലെത്തിച്ചു. ബന്ധുക്കളുടെയും, നാട്ടുകാരുടെയും തേങ്ങലിന്റെയും, നിലവിളിയുടെയുമിടയില്‍, അമ്മയുടെയും, നീതുചേച്ചിയുടെയും നിലവിളി ഹ്യദയം പൊട്ടിയുള്ള നിലവിളി ഉച്ചത്തില്‍ കേള്‍ക്കാമായിരുന്നു. അപ്പൂസിനും കരച്ചിലടക്കുവാന്‍ കഴിഞ്ഞില്ല. അച്ഛന്റെ ജീവനറ്റ ശരീരത്തില്‍ കെട്ടിപ്പിടിച്ച് അവന്‍ ഉച്ചത്തില്‍ കരയുവാന്‍ തുടങ്ങി

No comments: