Thursday, December 24, 2009

ഒരു ക്രിസ്തുമസ്സ് കഥ

പ്രിയപ്പെട്ട കൊച്ചു കൂട്ടുകാരേ, നിങ്ങളെല്ലാവരും ക്രിസ്തുമസ് ലഹരിയിലായിരിക്കുമെന്ന് എനിക്കറിയം. നക്ഷ്ത്രങ്ങളും, പുല്‍ക്കൂടുകളുമൊരുക്കി ക്രിസ്മസ്സ് ദിനം വന്നണയുന്നതു നോക്കി ക്ഷമയോടു കൂടി കാത്തിരിക്കുകയാണ് എല്ലാവരും അല്ലേ.പ്രിയപ്പെട്ട കുട്ടികളേ എന്താണ് ക്രിസ്തുമസ്സ് എന്ന് എല്ലാവര്‍ക്കും അറിയാമല്ലോ. ? യേശുദേവന്‍ യോസഫിന്റെയും, മേരിയുടെയും മകനായി ഭൂമിയില്‍ വന്ന് പിറന്ന ദിനമാണ് ലോകജനത ക്രിസ്തുമസ്സായി ആഘോഷിക്കുന്നത്.

ക്രിസ്തുമസ്സിനെക്കുറിച്ച് ഒരുപാട് രസകരമായ കഥകളുണ്ട്. ഇതാ ഒരു നല്ല കഥ കേട്ടോളൂ..പണ്ട് ഒരു ഗ്രാമത്തിലെ ജനങ്ങളെല്ലാം ക്രിസ്തുമസ്സിനെ വരവേല്‍ക്കുവാന്‍ വേണ്ടി പുല്‍ക്കൂടും, ക്രിസ്തുമസ്സ് വിളക്കുകളുമൊക്കെയൊരുക്കി കാത്തിരിക്കുകയായിരുന്നു. ക്രിസ്തുമസ്സ് രാത്രിയുടെ തലേന്ന് ഗ്രാമത്തില്‍ ഒരു അശരീരിയുണ്ടായി. ആ അശരീരി ഇങ്ങനെയായിരുന്നു.

“പ്രിയപ്പെട്ടവരേ ഈ ഗ്രാമത്തിലെ ഏറ്റവും നല്ല മനുഷ്യന്‍ ആരാണോ അവരുടെ വീടിന്‍ മുകളില്‍ ഇന്ന് രാത്രിയില്‍ ഒരു ദിവ്യ നക്ഷത്രമുദിക്കുകയും അവര്‍ക്ക് ഉണ്ണിയേശുവിനെ കാണുവാന്‍ കഴിയുകയും ചെയ്യും..“

“ഉണ്ണിയേശുവിനെ നേരിട്ട് കാണുകയോ..? ഇതില്‍ പരം സന്തോഷം ജീവിത്തില്‍ എന്തുണ്ട്” അശരീരി കേട്ട ഗ്രാമീണരാകെ സന്തോഷത്തിലായി. “ഞാനാണ് ഈ ഗ്രാമത്തിലെ ഏറ്റവും നല്ല മനുഷ്യന്‍.. എനിക്കാണ് ഉണ്ണിയേശുവിനെ കാണുവാനുള്ള ഭാഗ്യമുണ്ടാവുക..“ ഗ്രാമീണര്‍ ഓരൊരുത്തരും സ്വയം പറഞ്ഞു. അതെ എല്ലാവരും ഉണ്ണിയേശുവിനെ കാണുവാനുള്ള ആഗ്രഹത്തോടു കൂടി ഒരുക്കത്തോടു കൂടി കാത്തിരുന്നു. അങ്ങനെ രാത്രിയായി.പെട്ടന്നാണ് എവിടെയോ ഒരു കുഞ്ഞ് കരയുന്ന ശബ്ദം ഗ്രാമീണരുടെ കാതുകളിലെത്തിയത്.

“അയ്യോ അത് ഉണ്ണിയേശുവിന്റെ കരച്ചിലാണ്.. അത് ഉണ്ണി യേശുവാണ്… “ എല്ലാവരും ശബ്ദം കേട്ട ഭാഗത്തേക്ക് ഓടി. എന്നാല്‍ അഴുക്കു ചാലിനടുത്ത് ആരോ ഉപേക്ഷിച്ചു പോയ ഒരു കുഞ്ഞിനെയാണ് അവര്‍ അവിടെ കണ്ടത്.

“ഇതാരുടെ കുഞ്ഞാണ്..? ആരാണ് ഇതിനെ ഈ തണുപ്പത്ത് ഇവിടെ കൊണ്ടിട്ടത്…ഈ വ്യത്തികെട്ട ജന്തുവിന്റെ കരച്ചില് കേട്ടില്ലേ” കൂടി വന്നവരെല്ലാം തമ്മില്‍ തമ്മില്‍ പറഞ്ഞു. പിന്നെ അവര്‍ ആ കുഞ്ഞിന് അവിടെ ഉപേക്ഷിച്ച് തങ്ങളുടെ വീടുകളിലേക്ക് പോയി.

ആ ഗ്രാമത്തില്‍ ചാര്‍ളി എന്നു പേരായ ഒരു കുഷ്ടരോഗിയുണ്ടായിരുന്നു. എല്ലാവരാലും നിന്ദിതനായി തന്റെ കൊച്ചു കുടിലില്‍ കഴിഞ്ഞിരുന്ന ചാര്‍ളിയും ആ കുഞ്ഞിന്റെ കരച്ചില്‍ കേട്ടു. ചാര്‍ളി വേഗം ആ കുഞ്ഞിന്റെ അടുക്കലെത്തി, മറ്റൊന്നും ചിന്തിക്കാതെ തണുത്തു വിറച്ച് കിടന്ന് കരയുന്ന ആ ചോരക്കുഞ്ഞിനെ കോരിയെടുത്ത് തന്റെ മാറോട് ചേര്‍ത്തു. തന്റെ കീറിയ കുപ്പായം കൊണ്ട് അയാള്‍ അതിനെ പൊതിഞ്ഞു. പെട്ടന്ന് കുഞ്ഞ് കരച്ചില്‍ നിര്‍ത്തി. ചാര്‍ളി ആ കുഞ്ഞിനെയും കൊണ്ട് തന്റെ കുടിലിലേക്ക് പോയി.പെട്ടന്നാണ് തന്റെ കൈയ്യിലിക്കുന്ന കുഞ്ഞിന്റെ മുഖം പ്രകാശഭരിതമാകുന്നത് ചാര്‍ളി കണ്ടത്. കുഞ്ഞ് ചാര്‍ളിയെ നോക്കി ചിരിക്കുവാന്‍ തുടങ്ങി. ചാര്‍ളിക്ക് ഒന്നും മനസ്സിലായില്ല. നിമിഷങ്ങള്‍ക്കുള്ളില്‍ ചാര്‍ളിയുടെ കൈയ്യില്‍ നിന്നും കുഞ്ഞ് എവിടെയോ അപ്രത്യക്ഷമാവുകയും ചാര്‍ളിക്ക് ചുറ്റും ഒരു ദിവ്യപ്രകാശം നിറയുകയും ചെയ്തു.

“ചാര്‍ളി ഞാന്‍ ഉണ്ണിയേശുവായിരുന്നു…” അപ്പോള്‍ ചാര്‍ളി ഒരു അശരീരി കേട്ടു. “ഈ ഗ്രാമത്തിലെ മനുഷ്യരെ പരീക്ഷിക്കുവാനാണ് ഞാനെത്തിയത്. എന്നെ കൈക്കൊണ്ട നീയാണ് ഈ ഗ്രാമത്തിലെ ഏറ്റവും നല്ല മനുഷ്യന്‍. നിന്റെ ശരീരത്തിലെ കുഷ്ടരോഗമെല്ലാം ഇതാ ഞാന്‍ സൌഖ്യമാക്കിയിരുക്കുന്നു…”പെട്ടന്നാണ് ചാര്‍ളിയുടെ ശരീരത്തിലെ കുഷ്ട രോഗമെല്ലാം മാറിയത്

“ഉണ്ണിയേശുവിനെ കാണുകയോ..’ അയാളുടെ കണ്ണുകള്‍ നിറഞ്ഞ് കവിഞ്ഞു.ഈ സമയത്താണ് ഉണ്ണിയേശുവിനെ കാത്തിരുന്ന് മടുത്ത ഗ്രാമീണര്‍ ചാര്‍ളിയുടെ വീടിന്‍ മുകളില്‍ ഒരു ദിവ്യനക്ഷത്രമുദിച്ച് നില്‍ക്കുന്നത് കണ്ട അങ്ങോട് ഓടിയെത്തിയത്.

“എവിടെ ഉണ്ണിയേശു..” അവര്‍ ചാര്‍ളിയോട് ചോദിച്ചു. ചാര്‍ളി നടന്നതെല്ലാം അവരോട് വിസ്തരിച്ചു. ചാര്‍ളി പറഞ്ഞത് കേട്ട് ഗ്രാമീണര്‍ ലജ്ജയോടെ തലതാഴ്തി.

പ്രിയപ്പെട്ട കുട്ടികളേ, കഥ എല്ലാവര്‍ക്കും ഇഷ്ടമായല്ലോ..? ക്രിസ്തുമസ് ഒരു ആഘോഷം മാത്രമല്ല. അനുഭവം കൂടിയാണ്. ഉണ്ണിയേശു നമ്മുടെ മനസ്സിലാണ് ജനിക്കേണ്ടത്. ഉണ്ണി യേശു നമ്മുടെ മനസ്സുകളില്‍ ജനിക്കണമെങ്കില്‍ നാം നല്ല കുട്ടികളായിരിക്കണം. മാതാപിതാക്കളെ അനുസരിക്കണം. നന്നായി പഠിക്കണം. മറ്റുള്ളവരെ സഹായിക്കണം.അപ്പോള്‍ എല്ലാവര്‍ക്കും എന്റെ വക ക്രിസ്തുമസ്സ് ആശംസകള്‍ നേരുന്നു.

Friday, December 4, 2009

കള്ളന്‍

ചാര്‍ളി ഒരു പെരുങ്കള്ളനായിരുന്നു. ഒരിക്കല്‍ ചാര്‍ളി മോഷണ ശ്രമത്തിനിടെ പോലീസിന്റെ കണ്ണില്‍ പെട്ടു. പോലീസ് തന്നെ പിടികൂടുമെന്നറിഞ്ഞപ്പോള്‍ പ്രാണര്‍ക്ഷാര്‍ത്ഥം ചാര്‍ളി ഒരു വ്യദ്ധയുടെ വീട്ടില്‍ ഓടി കയറി. ചാര്‍ളിയെ കണ്ടതും വ്യദ്ധ പേടിച്ച് നിലവിളിക്കുവാന്‍ തുടങ്ങി..

“പോലീസ് എന്റെ പിന്നാലെയുണ്ട്, ദയവായി നിലവിളി കൂട്ടി എന്നെ അവര്‍ക്ക് പിടിച്ചു കൊടുക്കരുത്.. തല്‍ക്കാലം നിങ്ങള്‍ എന്നെ ഇവിടെ എവിടെയെങ്കിലും ഒളിച്ചിരിക്കുവാന് അവസരം തന്നാല്‍ നിങ്ങള്‍ക്ക് രണ്ട് പൊന്‍ നാണയങ്ങള്‍ ഞാന്‍ തരാം…” ചാര്‍ളി വ്യദ്ധയോട് പറഞ്ഞു.

രണ്ട് പൊന്‍ നാണയമെന്ന് കേട്ടപ്പോള്‍ തന്നെ വ്യദ്ധയുടെ പേടിയെല്ലാം പമ്പ കടന്നു. അവര്‍ ചാര്‍ളിക്ക് ഒളിച്ചിരിക്കുവാന്‍ തന്റെ വീട്ടില്‍ ഒരിടം നല്‍കി.. ഈ സമയത്താണ് ചാര്‍ളിയെ പിന്തുടര്‍ന്നു വന്ന പോലീസുകാര്‍ വ്യദ്ധയുടെ വീട്ടിലെത്തിയത്.

“ആ പെരുങ്കള്ളനായ ചാര്‍ളി ഇങ്ങോട്ടെങ്ങാനും വന്നിരുന്നോ..? “പോലീസുകാരിലൊരാള്‍ വ്യദ്ധയോട് ചോദിച്ചു. “ഇല്ല…” വ്യദ്ധ കല്ലുവച്ച നുണ പോലീസുകാരോട് പറഞ്ഞു. “അവനെ പിടികൂടുവാന്‍ നിങ്ങള്‍ ഞങ്ങളെ സഹായിച്ചാല്‍ നിങ്ങള്‍ക്ക് പത്തു പൊന്‍നാണയം ഞങ്ങള്‍ തരാം…"

പത്ത് പൊന്‍നാണയമെന്ന് കേട്ടപ്പോള്‍ വ്യദ്ധയുടെ ഭാവം മാറി. അവര്‍ ചാര്‍ളി ഒളിച്ചിരിക്കുന്ന ഭാഗത്തേക്ക് നോക്കി. ചാര്‍ളിയെ പോലീസുകാര്‍ക്ക് ഒറ്റിക്കൊടുത്താലോ..? വ്യദ്ധ ചിന്തിച്ചു. ചാര്‍ളിയെ ഒറ്റിക്കൊടുത്താല്‍ തനിക്ക് കിട്ടുവാന്‍ പോകുന്നത് പത്ത് പൊന്‍ നാണയങ്ങളാണ്.., ചാര്‍ളിയെ പോലീസുകാരില്‍ നിന്ന് രക്ഷിച്ചാല്‍ വെറും രണ്ട് പൊന്‍നാണയങ്ങള്‍ മാത്രം...’ വ്യദ്ധ ചിന്തിച്ചു. പക്ഷേ ചാര്‍ളിയെ പോലീസുകാര്‍ക്ക് ഒറ്റിക്കൊടുത്താല്‍ വലിയ അപകടവുമാണ്. കാരണം അയാള്‍ ശിക്ഷ കഴിഞ്ഞ് ജയിലില്‍ നിന്നറങ്ങിയാല്‍ തന്നെ ശരിപ്പെടുത്തുമെന്ന് വ്യദ്ധ ഭയപ്പെട്ടു.

“പറയൂ.. ചാര്‍ളി ഇവിടെ വന്നോ..” പോലീസുകാരന്‍ വ്യദ്ധയോട് ചോദ്യം ആവര്‍ത്തിച്ചു. വ്യദ്ധ പോലീസുകാരോട് എന്തു മറുപടി പറയണമെന്നറിയാതെ കുഴഞ്ഞു. അവര്‍ക്ക് പോലീസുകാരില്‍ നിന്ന് പൊന്‍ നാണയവും വേണം. പക്ഷേ ചാര്‍ളിയെ ഒറ്റിക്കൊടുത്താലുണ്ടാകുന്ന ഭവിഷത്തുകളെ നേരിടുവാനുള്ള ധൈര്യവുമില്ലായിരുന്നു.

“പറയൂ ചാര്‍ളി ഇവിടെയെങ്ങാനും വന്നോ..?” വ്യദ്ധ മറുപടി പറയുവാന്‍ താമസിക്കുന്നത് കണ്ടപ്പോള്‍ പോലീസുകാരന് ദേഷ്യം വന്നു.. “അത്... ചാര്‍ളിയെ ഞാന്‍ കണേടയില്ല..” വ്യദ്ധ ചാര്‍ളി ഒളിച്ചിരിക്കുന്ന ഭാഗത്തേക്ക് വിരല്‍ ചൂണ്ടിക്കൊണ്ട് പറഞ്ഞു. സത്യത്തില്‍ തന്റെ വിരല്‍ക്കൊണ്ട് ചാര്‍ളിയെ പോലീസുകാര്‍ക്ക് വ്യദ്ധ കാട്ടി കൊടുക്കുകയായിരുന്നു. പക്ഷേ പോലീസുകാര്‍ അത് ശ്രദ്ധിച്ചതേയില്ല. അവര്‍ വ്യദ്ധയുടെ വീട്ടില്‍ നിന്ന് പോയി. വ്യദ്ധയാകെ നിരാശിതയായി.

പോലീസുകാര്‍ പോയെന്ന് മനസ്സിലാക്കിയ ചാര്‍ളി വ്യദ്ധയോട് യാത്ര പോലും ചോദിക്കാതെ അവിടെ നിന്നും പോകാനൊരുങ്ങി… “ചാര്‍ളി നിങ്ങളെ പോലീസുകാരില്‍ നിന്ന് രക്ഷിച്ചതിന് എനിക്കുള്ള പ്രതിഫലമെവിടെ…?” പെട്ടന്ന് ചാര്‍ളിയുടെ മുന്നിലെത്തിയ വ്യദ്ധ അയാ‍ളോട് ചോദിച്ചു..

“ത്ഫൂ.. പ്രതിഫലം പോലും…” ചാര്‍ളി വ്യദ്ധയുടെ മുഖത്ത് കാറിത്തുപ്പി. “നിങ്ങള്‍ നാവു കൊണ്ട് പോലീസുകാരില്‍ നിന്നെ എന്നെ രക്ഷിച്ചെങ്കിലും നിങ്ങളുടെ വിരലുകൊണ്ട് എന്നെ അവര്‍ക്ക് ചൂണ്ടിക്കൊടുക്കുകയായിരുന്നു. എന്റെ ഭാഗ്യം കൊണ്ട് നിങ്ങളുടെ വ്യത്തികെട്ട ആ പ്രവര്‍ത്തി പോലീസുകാര്‍ ശ്രദ്ധിച്ചില്ല.. വാക്കും, പ്രവര്‍ത്തിയും ഒരുപോലെയായിരിക്കണം തള്ളേ… നിങ്ങള്‍ നിങ്ങളുടെ നാവിനോട് കാട്ടിയ വിശ്വസ്തത, നിങ്ങളുടെ പ്രവത്തിയിലും കാട്ടിയിരുന്നെങ്കില്‍ നിങ്ങളെ ഞാന്‍ പൂവിട്ടു പൂജിക്കുമായിരുന്നു…” അത്രയും പറഞ്ഞുകൊണ്ട് ചാര്‍ളി അവിടെ നിന്നും നടന്നകന്നു. ചാര്‍ളിയുടെ വാക്കുകള്‍ കേട്ട് വ്യദ്ധയുടെ മുഖം ഇഞ്ചി തിന്ന കുരങ്ങിനെപ്പോലെയായി…

പ്രിയപ്പെട്ട കുട്ടികളേ, ഈ കഥയില്‍ നിന്ന് മനസ്സിലാക്കേണ്ടത്, നമ്മുടെ വാക്കും പ്രവര്‍ത്തിയും ഒരു പോലെ ആയിരിക്കണമെന്നാണ്. വാക്കൊന്ന് പ്രവര്‍ത്തി മറ്റൊന്ന് എന്ന രീതിയില്‍ ജീവിക്കുന്നവരെ ഒരിക്കലും വിശ്വസിക്കുവാന്‍ പാടില്ല