Friday, December 4, 2009

കള്ളന്‍

ചാര്‍ളി ഒരു പെരുങ്കള്ളനായിരുന്നു. ഒരിക്കല്‍ ചാര്‍ളി മോഷണ ശ്രമത്തിനിടെ പോലീസിന്റെ കണ്ണില്‍ പെട്ടു. പോലീസ് തന്നെ പിടികൂടുമെന്നറിഞ്ഞപ്പോള്‍ പ്രാണര്‍ക്ഷാര്‍ത്ഥം ചാര്‍ളി ഒരു വ്യദ്ധയുടെ വീട്ടില്‍ ഓടി കയറി. ചാര്‍ളിയെ കണ്ടതും വ്യദ്ധ പേടിച്ച് നിലവിളിക്കുവാന്‍ തുടങ്ങി..

“പോലീസ് എന്റെ പിന്നാലെയുണ്ട്, ദയവായി നിലവിളി കൂട്ടി എന്നെ അവര്‍ക്ക് പിടിച്ചു കൊടുക്കരുത്.. തല്‍ക്കാലം നിങ്ങള്‍ എന്നെ ഇവിടെ എവിടെയെങ്കിലും ഒളിച്ചിരിക്കുവാന് അവസരം തന്നാല്‍ നിങ്ങള്‍ക്ക് രണ്ട് പൊന്‍ നാണയങ്ങള്‍ ഞാന്‍ തരാം…” ചാര്‍ളി വ്യദ്ധയോട് പറഞ്ഞു.

രണ്ട് പൊന്‍ നാണയമെന്ന് കേട്ടപ്പോള്‍ തന്നെ വ്യദ്ധയുടെ പേടിയെല്ലാം പമ്പ കടന്നു. അവര്‍ ചാര്‍ളിക്ക് ഒളിച്ചിരിക്കുവാന്‍ തന്റെ വീട്ടില്‍ ഒരിടം നല്‍കി.. ഈ സമയത്താണ് ചാര്‍ളിയെ പിന്തുടര്‍ന്നു വന്ന പോലീസുകാര്‍ വ്യദ്ധയുടെ വീട്ടിലെത്തിയത്.

“ആ പെരുങ്കള്ളനായ ചാര്‍ളി ഇങ്ങോട്ടെങ്ങാനും വന്നിരുന്നോ..? “പോലീസുകാരിലൊരാള്‍ വ്യദ്ധയോട് ചോദിച്ചു. “ഇല്ല…” വ്യദ്ധ കല്ലുവച്ച നുണ പോലീസുകാരോട് പറഞ്ഞു. “അവനെ പിടികൂടുവാന്‍ നിങ്ങള്‍ ഞങ്ങളെ സഹായിച്ചാല്‍ നിങ്ങള്‍ക്ക് പത്തു പൊന്‍നാണയം ഞങ്ങള്‍ തരാം…"

പത്ത് പൊന്‍നാണയമെന്ന് കേട്ടപ്പോള്‍ വ്യദ്ധയുടെ ഭാവം മാറി. അവര്‍ ചാര്‍ളി ഒളിച്ചിരിക്കുന്ന ഭാഗത്തേക്ക് നോക്കി. ചാര്‍ളിയെ പോലീസുകാര്‍ക്ക് ഒറ്റിക്കൊടുത്താലോ..? വ്യദ്ധ ചിന്തിച്ചു. ചാര്‍ളിയെ ഒറ്റിക്കൊടുത്താല്‍ തനിക്ക് കിട്ടുവാന്‍ പോകുന്നത് പത്ത് പൊന്‍ നാണയങ്ങളാണ്.., ചാര്‍ളിയെ പോലീസുകാരില്‍ നിന്ന് രക്ഷിച്ചാല്‍ വെറും രണ്ട് പൊന്‍നാണയങ്ങള്‍ മാത്രം...’ വ്യദ്ധ ചിന്തിച്ചു. പക്ഷേ ചാര്‍ളിയെ പോലീസുകാര്‍ക്ക് ഒറ്റിക്കൊടുത്താല്‍ വലിയ അപകടവുമാണ്. കാരണം അയാള്‍ ശിക്ഷ കഴിഞ്ഞ് ജയിലില്‍ നിന്നറങ്ങിയാല്‍ തന്നെ ശരിപ്പെടുത്തുമെന്ന് വ്യദ്ധ ഭയപ്പെട്ടു.

“പറയൂ.. ചാര്‍ളി ഇവിടെ വന്നോ..” പോലീസുകാരന്‍ വ്യദ്ധയോട് ചോദ്യം ആവര്‍ത്തിച്ചു. വ്യദ്ധ പോലീസുകാരോട് എന്തു മറുപടി പറയണമെന്നറിയാതെ കുഴഞ്ഞു. അവര്‍ക്ക് പോലീസുകാരില്‍ നിന്ന് പൊന്‍ നാണയവും വേണം. പക്ഷേ ചാര്‍ളിയെ ഒറ്റിക്കൊടുത്താലുണ്ടാകുന്ന ഭവിഷത്തുകളെ നേരിടുവാനുള്ള ധൈര്യവുമില്ലായിരുന്നു.

“പറയൂ ചാര്‍ളി ഇവിടെയെങ്ങാനും വന്നോ..?” വ്യദ്ധ മറുപടി പറയുവാന്‍ താമസിക്കുന്നത് കണ്ടപ്പോള്‍ പോലീസുകാരന് ദേഷ്യം വന്നു.. “അത്... ചാര്‍ളിയെ ഞാന്‍ കണേടയില്ല..” വ്യദ്ധ ചാര്‍ളി ഒളിച്ചിരിക്കുന്ന ഭാഗത്തേക്ക് വിരല്‍ ചൂണ്ടിക്കൊണ്ട് പറഞ്ഞു. സത്യത്തില്‍ തന്റെ വിരല്‍ക്കൊണ്ട് ചാര്‍ളിയെ പോലീസുകാര്‍ക്ക് വ്യദ്ധ കാട്ടി കൊടുക്കുകയായിരുന്നു. പക്ഷേ പോലീസുകാര്‍ അത് ശ്രദ്ധിച്ചതേയില്ല. അവര്‍ വ്യദ്ധയുടെ വീട്ടില്‍ നിന്ന് പോയി. വ്യദ്ധയാകെ നിരാശിതയായി.

പോലീസുകാര്‍ പോയെന്ന് മനസ്സിലാക്കിയ ചാര്‍ളി വ്യദ്ധയോട് യാത്ര പോലും ചോദിക്കാതെ അവിടെ നിന്നും പോകാനൊരുങ്ങി… “ചാര്‍ളി നിങ്ങളെ പോലീസുകാരില്‍ നിന്ന് രക്ഷിച്ചതിന് എനിക്കുള്ള പ്രതിഫലമെവിടെ…?” പെട്ടന്ന് ചാര്‍ളിയുടെ മുന്നിലെത്തിയ വ്യദ്ധ അയാ‍ളോട് ചോദിച്ചു..

“ത്ഫൂ.. പ്രതിഫലം പോലും…” ചാര്‍ളി വ്യദ്ധയുടെ മുഖത്ത് കാറിത്തുപ്പി. “നിങ്ങള്‍ നാവു കൊണ്ട് പോലീസുകാരില്‍ നിന്നെ എന്നെ രക്ഷിച്ചെങ്കിലും നിങ്ങളുടെ വിരലുകൊണ്ട് എന്നെ അവര്‍ക്ക് ചൂണ്ടിക്കൊടുക്കുകയായിരുന്നു. എന്റെ ഭാഗ്യം കൊണ്ട് നിങ്ങളുടെ വ്യത്തികെട്ട ആ പ്രവര്‍ത്തി പോലീസുകാര്‍ ശ്രദ്ധിച്ചില്ല.. വാക്കും, പ്രവര്‍ത്തിയും ഒരുപോലെയായിരിക്കണം തള്ളേ… നിങ്ങള്‍ നിങ്ങളുടെ നാവിനോട് കാട്ടിയ വിശ്വസ്തത, നിങ്ങളുടെ പ്രവത്തിയിലും കാട്ടിയിരുന്നെങ്കില്‍ നിങ്ങളെ ഞാന്‍ പൂവിട്ടു പൂജിക്കുമായിരുന്നു…” അത്രയും പറഞ്ഞുകൊണ്ട് ചാര്‍ളി അവിടെ നിന്നും നടന്നകന്നു. ചാര്‍ളിയുടെ വാക്കുകള്‍ കേട്ട് വ്യദ്ധയുടെ മുഖം ഇഞ്ചി തിന്ന കുരങ്ങിനെപ്പോലെയായി…

പ്രിയപ്പെട്ട കുട്ടികളേ, ഈ കഥയില്‍ നിന്ന് മനസ്സിലാക്കേണ്ടത്, നമ്മുടെ വാക്കും പ്രവര്‍ത്തിയും ഒരു പോലെ ആയിരിക്കണമെന്നാണ്. വാക്കൊന്ന് പ്രവര്‍ത്തി മറ്റൊന്ന് എന്ന രീതിയില്‍ ജീവിക്കുന്നവരെ ഒരിക്കലും വിശ്വസിക്കുവാന്‍ പാടില്ല

2 comments:

സ്വതന്ത്രന്‍ said...

രണ്ട് പൊന്‍ നാണയമെന്ന് കേട്ടപ്പോള്‍ തന്നെ വ്യദ്ധയുടെ പേടിയെല്ലാം പമ്പ കടന്നു......???
ഈ വരിയില്‍ എന്തോ ഒരു അസ്യഭാവികത ഇല്ലേ ....?????

ഭൂതത്താന്‍ said...

ഗുണപാഠം ...കൊള്ളാം



SAVE mullaperiyaar....
SAVE lifes of morethan 40 lakhs of people .....
SAVE kerala state....

Dear TAMILS give us our LIFES
And take WATER from us....
WE will not survive...YOU can"t also survive...