Wednesday, February 20, 2008

അമ്മൂമ്മയുടെ മീന്‍കറി

ഒരിടത്ത് ഒരിടത്ത് ഒരു അപ്പൂപ്പനും അമ്മൂമ്മയുമുണ്ടായിരുന്നു. അപ്പൂപ്പന്‍ മഹാദേഷ്യക്കാ‍രനായിരുന്നു. അമ്മൂമ്മ എന്തു ചെയ്താലും അപ്പൂപ്പന്‍ കുറ്റപ്പെടുത്തും. പാവം അമ്മൂമ്മ. അപ്പൂപ്പന്റെ ശകാരമൊക്കെ കേട്ടങ്ങനെ ജീവിച്ചു. ഒരു ദിവസം അപ്പൂപ്പന്‍ ചന്തയില്‍ നല്ല പച്ചമീന്‍ വാങ്ങിക്കൊണ്ടു വന്നു.

“എടീ ഇന്നുച്ചയ്ക്കത്തെ ഊണിന്‍ ഇത് ശരിയാക്കിയെടുക്കണം..” അപ്പൂപ്പന്‍ അമ്മൂമ്മയോടെ പറഞ്ഞു. മീന്‍ കറിവയ്ക്കണോ, അതോ വറുക്കണോ..? അമ്മൂമ്മയ്ക്ക് സംശയം. മീന്‍ കറിവച്ചാല്‍ ഉടനെ അപ്പൂപ്പന്‍ ദേഷ്യത്തോടെ ചോദിക്കും ‘എന്ത്യേ മീന്‍ വറുക്കാതിരുന്നതെന്ന്? എന്നാലൊട്ട് മീന് വറുക്കാമെന്ന് വച്ചാല്‍ അപ്പൂപ്പന്‍ അപ്പോഴും ചോദിക്കും ‘ മീനെന്ത്യേ കറിവയ്ക്കാഞ്ഞതെന്ന്…? എന്തു ചെയ്താലും അപ്പൂപ്പന്‍ അമ്മൂമ്മയെ കുറ്റപ്പെടുത്തുമെന്നതില്‍ യാതൊരു സംശയവുമില്ലായിരുന്നു

.‘കുറെനാളായി അപ്പൂപ്പന്റെ ഇങ്ങനെയുള്ള കുറ്റപ്പെടുത്തലുകള്‍ താന്‍ കേള്‍ക്കുവാന്‍ തുടങ്ങിയിട്ട്. ഇന്നേതായാലും അപ്പൂപ്പനെ ഒരു പാഠം പഠിപ്പിച്ചിട്ടു തന്നെ ബാക്കി കാര്യം’ അമ്മൂമ്മ അന്നു തീരുമാനിച്ചു. അമ്മൂമ്മയെന്തു ചെയ്തു.? മീനൊക്കെ വെട്ടി കഴുകി വ്യത്തിയാക്കി. എന്നിട്ട് കുറെ മീനെടുത്ത് അമ്മൂമ്മ നല്ല കൊടമ്പുളിയൊക്കെയിട്ട് നല്ല കറിയുണ്ടാക്കി. ബാക്കിയുള്ള മീനെടുത്ത് കുരുമുളകുമൊക്കെ പുരട്ടി നന്നായി വറുക്കുകയും ചെയ്തു.

“ഹായ് നല്ല രുചി..” അമ്മൂമ്മ മീന്‍ കറിയും, മീന്‍ വറുത്തതും രുചിച്ചു നോക്കിയിട്ട് സ്വയം പറഞ്ഞു.ആദ്യം അപ്പൂപ്പന് ചോറിനൊപ്പം മീന്‍ കറി കൊടുക്കാനായിരുന്നു അമ്മൂമ്മയുടെ പരിപാടി.

“നങ്ങ്യേലിയേ, മീനെന്തേ കറി വച്ചത് വറുത്തു കൂടാരുന്ന്യോന്ന് ചോദിക്കുമ്പോള്‍ മീന്‍ വറുത്തതും അപ്പൂപ്പനു കൊടുക്കുക. അങ്ങനെ അപ്പൂപ്പന്റെ വായടപ്പിക്കുക. ഇതായിരുന്നു അമ്മൂമ്മയുടെ ലക്ഷ്യം.

പതിവുപോലെ അപ്പൂപ്പന്‍ കിണ്ടിയിലെ വെള്ളമെടുത്ത് കൈകഴുകി ഉണ്ണാനിരുന്നു. അമ്മൂമ്മ നല്ല തുമ്പപ്പൂപോലുള്ള ചോറും അവിയലും, പരിപ്പും പിന്നെ മീന്‍ കറിയും തൂശനിലയില്‍ വിളമ്പി വച്ചു.

“എടീ നങ്ങ്യേലി, നീയെന്താ കാട്ടിയ്യേ… നിന്നോടാരു പറഞ്ഞു. ഈ നല്ല മീന്‍ കറിവയ്ക്കാന്‍..? നിനക്കിത് വറുത്തു കൂടാരുന്നില്ലേ…” അപ്പൂപ്പന്‍ പതിവുപോലെ അമ്മൂമ്മയുടെ നേര്‍ക്ക് കയര്‍ത്തു. അപ്പൂപ്പനില്‍ നിന്ന് ഇത്തരമൊരു ചോദ്യം പ്രതീക്ഷിച്ചിരുന്ന അമ്മൂമ്മ ഒരു പുഞ്ചിരിയോടെ വേഗം അടുക്കളയിലേക്ക് പോയി വറുത്ത മീനുമായെത്തി.

“ദാ വറുത്ത മീന്‍…” അമ്മൂമ്മയില്‍ നിന്ന് ഇത്തരമൊരു പ്രവര്‍ത്തി പ്രതീക്ഷിക്കാതിരുന്ന അപ്പൂപ്പന്റെ മുഖമാകെ വിളറിപ്പോയി. അപ്പൂപ്പന്‍ വറുത്തമീനിലും, അമ്മൂമ്മയുടെ മുഖത്തും മാറി മാറി നോക്കി. അപ്പൂപ്പന്റെ അപ്പോഴത്തെ മുഖഭാവം കണ്ട അമ്മൂമ്മയ്ക്ക് ചിരിയടക്കുവാന്‍ കഴിഞ്ഞില്ല.

“വിവരം കെട്ടവള്‍.. കണ്ടില്ലേ അവള്‍ കാണിച്ച കൊള്ളരുതായ്മ്മ. കറിവയ്ക്കേണ്ട മീനെടുത്ത് അവള്‍ വറുത്തിരിക്കുന്നു. വറുക്കേണ്ട മീനെടുത്ത് കറിവയ്ക്കുകയും ചെയ്തിരിക്കുന്നു.. അശ്രീകരം…” പെട്ടന്നാണ്‍ അപ്പൂപ്പന് അമ്മൂമ്മയോട് ദേഷ്യപ്പെട്ടത്.അപ്പൂപ്പന്റെ ശകാരം കേട്ട് പാവം നമ്മുടെ അമ്മൂമ്മ തലയ്ക്ക് കൈ കൊടുത്തിരുന്നു പോയി.

3 comments:

G.MANU said...

കുട്ടികള്‍ രസിക്കുന്ന ശൈലി..തുടരൂ

നിരക്ഷരൻ said...

ഹ ഹ . അത് കലക്കി.
നല്ല കഥ.

നവരുചിയന്‍ said...

ഹ ഹ ഹ ..... അത് കൊള്ളാം ...... നന്നായി രസിച്ചു