Thursday, February 21, 2008

ഏറ്റവും വലിയ നിധി

പ്യാരിലാല്‍ വളരെ ധനികനായ ഒരു മനുഷ്യനായിരുന്നു. പക്ഷേ ധാരാളം ധനം കൈയ്യിലുണ്ടായിട്ടും അയാള്‍ക്ക് ജീവിതത്തില്‍ യാതൊരു സന്തോഷവും, സമാധാനവുമില്ലാ‍യിരുന്നു. പ്യാരിലാലിന്റെ അയല്‍ക്കാരനായിരുന്നു കൂലിപ്പണിക്കാരനായ മാധവ്. എല്ലുമുറിയെ പണി ജീവിക്കുന്ന മാധവ് തന്റെ കുടുബത്തോടൊപ്പം സന്തോഷവാനായി ജീവിക്കുന്നത് പ്യാരിലാലിനെ അസൂയപ്പെടുത്തിയിരുന്നു. പാവപ്പെട്ട മാധവ് ഇത്ര സന്തോഷവാനായി എങ്ങനെ ജീവിക്കുന്നു?

ഒരിക്കല്‍ ദിവ്യനായ ഒരു സന്യാസിയോട് കണ്ട് പ്യാരിലാല്‍ ചോദിച്ചു. “മാധവ് താമസിക്കുന്ന കുടിലില്‍ വിലയേറിയ ഒരു നിധി ഒളിഞ്ഞു കിടപ്പുണ്ട്, അതാണ് അയാളുടെ സന്തോഷത്തിന്റെയും, സമാധാനത്തിന്റെയും കാരണം” സന്യാസി പ്യാരിലാലിനോട് പറഞ്ഞു. ‘നിധിയോ..?” പ്യാരിലാലിന്റെ കണ്ണു തള്ളിപ്പോയി. എങ്ങനെയെങ്കിലും മാധവിന്റെ കുടിലില്‍ നിന്ന് ആ നിധി കൈക്കലാക്കണമെന്ന് മനസ്സില്‍ തീരുമാനിച്ചുറച്ചാണ് പ്യാരിലാല്‍ സന്യാസിയുടെ അടുക്കല്‍ നിന്നും യാത്രയായത്.

അന്നു തന്നെ പ്യാരിലാല്‍ മാധവിന്റെ അടുക്കലെത്തി. ‘മാധവ്.. നീയും നിന്റെ കുടുംബവും ഈ ചെറിയ കുടിലില്‍ ഇനിയുള്ള കാലം കഴിയേണ്ട. ഈ കുടിലിന്‍ പകരം ഞാന്‍ നിനക്ക് ഒരു വലിയ വീട് തരാം." അറുത്ത് കൈക്ക് ഉപ്പ് തേക്കാത്തവനായ പ്യാരിലാലിന്റെ വാക്കുകള്‍ കേട്ട് പാവപ്പെട്ട മാധവ് അത്ഭുതപ്പെട്ടുപോയി. ഏതായാലും പിന്നീടൊന്നും ചിന്തിക്കാതെ മാധവും കുടുംബവും തങ്ങളുടെ കുടില്‍ വിട്ട് പ്യാരിലാല്‍ നല്‍കിയ വീട്ടിലേക്ക് യാത്രയായി.

അന്നു തന്നെ പ്യാരിലാല്‍ മാധവിന്റെ കുടിലിലെ നിധി തിരയുവാന്‍ തുടങ്ങി. തിരഞ്ഞ് തിരഞ്ഞ് കാണാതെയായപ്പോള്‍ കുടിലിരുന്ന ഭാഗം കുഴിക്കുവാന്‍ തുടങ്ങി. കുഴിച്ച്, കുഴിച്ച് ഒരു കിണറോളം താഴ്ചയില്‍ കുഴിച്ചിട്ടും നിധി കണ്ടെത്തുവാന്‍ പ്യാരിലാലിന്‍ കഴിഞ്ഞില്ല. “മാധവിന്റെ കുടിലില്‍ നിധിയുമില്ല ഒരു പിണ്ണാക്കമില്ല..” കലിപൂണ്ട പ്യാരിലാല്‍ സന്യാസിയുടെ അടുക്കലെത്തി..

“അല്ലയോ സ്നേഹിതാ, മാധവിന്റെ വീട്ടിലെ നിധി അവര് കുടുംബാംഗങ്ങള്‍ തമ്മിലുള്ള പരസ്പര സഹകരണവും, സ്നേഹവും, ദൈവവിശ്വാസവുമാണ്…. സന്തോഷവും, സമാധാനവുമാണ് ജീവിതത്തിലെ എറ്റവും വലിയ നിധി. അതുണ്ടാകണമെങ്കില്‍ പരസ്പര സ്നേഹവും, സഹകരണവും വേണം…” സന്യാസിയുടെ വാക്കുകള്‍ കേട്ട് പ്യാരിലാല്‍ അപമാനഭാരത്തോടെ തലകുലിച്ചു.

പ്രിയപ്പെട്ട കുട്ടികളേ സന്തോഷവും സമാധാനവുമാണ് ജീവിതത്തിലെ വിലമതിക്കാനാവാത്ത നിധി. ഇവ രണ്ടുമില്ലെങ്കില്‍ ജീവിതം നരകതുല്യമാണ്

4 comments:

ശ്രീ said...

ഈ കുട്ടിക്കഥ നല്ലൊരു ഗുണപാഠ കഥ തന്നെ.

അപ്പു ആദ്യാക്ഷരി said...

അതെ, നല്ല കഥതന്നെ

Areekkodan | അരീക്കോടന്‍ said...

നല്ല ഗുണപാഠ കഥ...പക്ഷേ ഇതേ പേരില്‍ തന്നെ ഏതോ ഒരു ബാലമാസികയില്‍ വായിച്ചതായി ഓര്‍ക്കുന്നു.

ഏ.ആര്‍. നജീം said...

കുട്ടികള്‍ക്ക് വായിച്ചു കേള്‍പ്പിക്കാന്‍ പറ്റുന്ന നല്ലൊരു ഗുണപാഠ കഥ