Saturday, June 28, 2008

സെലീനയുടെ പാവക്കുട്ടി -14

ദിവസങ്ങള്‍ എത്ര പെട്ടന്നാണ് കഴിഞ്ഞത്
സെലീന ഇപ്പോള്‍ പഴയ കുസ്യതിക്കാരിയല്ല. അവളിപ്പോള്‍ എല്ലാവരും സ്നേഹിക്കുന്ന, അതുപോലെ എല്ലാവരെയും സ്നേഹിക്കുന്ന നല്ല കുട്ടിയാണ്.

എല്ലാ ദിവസവും അതിരാവിലെ അവള്‍ എഴുന്നേല്‍ക്കും. മമ്മിയെ ജോലിയില്‍ സഹായിക്കും. പൂന്തോട്ടത്തിലെ ചെടികള്‍ക്കെല്ലാം വെള്ളമൊഴിക്കും. സ്കൂളിലെത്തിയാല്‍ പഴയതുപോലെ കുട്ടികളുമായി വഴക്കൊന്നുമുണ്ടാക്കുകയില്ല. പണ്ട് അവളുമായി പിണക്കത്തിലായിരുന്ന അമ്മുവും, അപ്പുവും എന്നു വേണ്ട എല്ലാവരും അവളുടെ ചങ്ങാതികളായി തീര്‍ന്നത് എത്ര പെട്ടന്നായിരുന്നു. മാത്രമല്ല ക്ലാസില്‍ ടീച്ചറ് പഠിപ്പിക്കുന്നതെല്ലാം നല്ല ശ്രദ്ധയോടു കൂടി പഠിക്കുകയും ചെയ്തു.

തന്റെ ചീത്ത സ്വഭാവങ്ങളായിരുന്നു തന്നെ എല്ലാവരും വെറുക്കുവാനുള്ള കാരണമെന്ന് സെലീനയ്ക്ക് ഇതിനകം മനസ്സിലായി കഴിഞ്ഞിരുന്നു. ആയതിനാല്‍ ഇനിയൊരിക്കലും ചീത്ത സ്വഭാവങ്ങളൊന്നും കാട്ടിലെന്ന് അവള്‍ സ്വയം പ്രതിജ്ഞ ചെയ്തിരുന്നു.

സെലീനയുടെ സ്വഭാവത്തിലുണ്ടായ മാറ്റം സകലരെയും അതിശയിപ്പിച്ചു. എന്നാല്‍ അവളുടെ പാവക്കുട്ടിയായിരുന്നു സെലീനയുടെ നല്ല സ്വഭാവത്തിന്‍ കാരണക്കാരിയെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. സെലീന ഇക്കാര്യം ആരോടും പറഞ്ഞതുമില്ല. തന്റെ പാവക്കുട്ടി സംസാരിക്കുമെന്ന് ആരോടെങ്കിലും പറഞ്ഞാല്‍ കേള്‍ക്കുന്നുവര്‍ ഒരിക്കലും വിശ്വസിക്കുകയില്ലെന്ന് സെലീനയ്ക്കറിയാമായിരുന്നു.

“സെലീനേ, കുട്ടിയുടെ നല്ല സ്വഭാവം മൂലം എല്ലാവരും ഇപ്പോള്‍ നിന്നെ സ്നേഹിക്കുന്നുണ്ട്. ആരോടും വഴക്കുണ്ടാക്കാതെ ഇനിയുള്ള കാലം നല്ല കുട്ടിയായി ജീവിക്കണം….” അന്ന് പാവക്കുട്ടി സെലീനയോട് പറഞ്ഞു.

“ഇല്ല ഇനിയൊരിക്കലും ഞാന്‍ ചീത്ത സ്വഭാവങ്ങള്‍ കാട്ടില്ല. ഇനിയുള്ള കാലം ഞാന്‍ നല്ല കുട്ടിയായി ജീവിച്ചോളാം…” സെലീന പാവക്കുട്ടിക്ക് ഉറപ്പു നല്‍കി. സെലീനയുടെ ആ വാക്കുകള്‍ വെറുതെയല്ലെന്ന് പാവക്കുട്ടിക്കറിയാമായിരുന്നു. അവളുടെ വാക്കുകള്‍ പാവക്കുട്ടിയെ വളരെയധികം സന്തോഷിപ്പിച്ചു.

ദിവസങ്ങള്‍ പലതു കഴിഞ്ഞു കൊണ്ടിരുന്നു…
അന്ന് നല്ല നിലാവുള്ള രാത്രിയായിരുന്നു. ആകാശത്തെ ധാരാളം നക്ഷത്രങ്ങളുമുണ്ടായിരുന്നു. സെലീന പാവക്കുട്ടിയോടൊപ്പം അവളുടെ മുറിയിലായിരുന്നു.

“സെലീനേ ഞാന്‍ നിന്നെ പിരിയുവാനുള്ള സമയം അടുത്തിരുക്കുന്നു…” അന്ന് പാവക്കുട്ടി പറഞ്ഞത് കേട്ട് സെലീന ഞെട്ടിപ്പോയി. “എന്നെ വിട്ട് പാവക്കുട്ടി എങ്ങോട്ടാ പോവ്വാ…” സെലീന തൊണ്ടയിടറിക്കൊണ്ട് ചോദിച്ചു.

“മാലാഖയായിരുന്ന ഞാന്‍ ദൈവശാപം മൂലം പാവയായി മാറിയ കഥ ഒരിക്കല്‍ ഞാന്‍ സെലീനയോട് പറഞ്ഞത് ഓര്‍മ്മയുണ്ടല്ലോ… അങ്ങനെ ദൈവശാപം മൂലം ഒരു പാട് കാലം കഴിഞ്ഞ ഞാനിന്ന് ശാപവിമുക്തയാവുകയാണ്… ഇന്ന് എനിക്കെന്റെ പഴയ രൂപം തിരിച്ചു കിട്ടും. പഴയ രൂപം തിരിച്ചു കിട്ടിയാല്‍ ഒരു നിമിഷം പോലും ഈ ഭൂമിയില്‍ കഴിയാന്‍ എനിക്ക് സാധിക്കില്ല. എനിക്ക് സ്വര്‍ഗ്ഗത്തിലേക്ക് തിരിച്ചു പോയേ മതിയാവൂ….” പാവക്കുട്ടി പറഞ്ഞത് ഞെട്ടലോടു കൂടിയാണ് സെലീന കേട്ടത്.

“ഇല്ല എന്റെ പാവക്കുട്ടിയെ ഞാനെങ്ങും വിടില്ല….എന്നെ വിട്ട് എങ്ങും പോവരുത്…” തകര്‍ന്നു പോയ സെലീന പാവക്കുട്ടിയെ കെട്ടിപ്പിടിച്ച് തേങ്ങിക്കരഞ്ഞു. പാവക്കുട്ടി അവളെ ആശ്വസിപ്പിക്കുവാന്‍ ശ്രമിച്ചെങ്കിലും അവള്‍ ഉചത്തില്‍ കരയുകയാണുണ്ടായത്.

“ആരു പറഞ്ഞു കുട്ടി തനിച്ചാണെന്ന്. കുട്ടിയെ സ്നേഹിക്കുവാന്‍ പപ്പയും, മമ്മിയും വല്യപ്പച്ചനുമൊക്കെയില്ലേ…? മാത്രമല്ല കുട്ടിക്കിപ്പോള്‍ ധാരാളം ചങ്ങാതികളുമില്ലേ. അവരൊക്കെ കുട്ടിയെ സ്നേഹിക്കുന്നുണ്ട്. എനിക്ക് കുട്ടിയെ വിട്ടു പിരിയുന്നതില്‍ ഒരുപാട് വിഷമമുണ്ട്. പക്ഷേ പോകാതിരിക്കുവാന്‍ കഴിയില്ല കുട്ടി….” പാവക്കുട്ടി പറഞ്ഞു.

പാവക്കുട്ടി സെലീനയെ ആശ്വസിപ്പിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ്‍ പെട്ടന്ന് പാവക്കുട്ടിക്ക് ചുറ്റും കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം നിറഞ്ഞത്. സെലീന നോക്കി നില്‍ക്കെ പാവക്കുട്ടിയുടെ സ്ഥാനത്ത് സുന്ദരിയായൊരു മാലാഖ പ്രത്യക്ഷപ്പെട്ടു. മാലാഖ സെലീനയെ നോക്കി പുഞ്ചിരിച്ചു.

“സെലീനേ നല്ല പ്രവ്യത്തികള്‍ ചെയ്ത് നല്ല കുട്ടിയായി ജീവിക്കുക…” മാലാഖ സെലീനയോട് പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു. അതിനുശേഷം സെലീനയുടെ തലയില്‍ മാലാഖ മെല്ലെ തൊട്ടു. തന്റെ മനസ്സിലെ ദു:ഖങ്ങളെല്ലാം എവിടെയോ പോയ് മറഞ്ഞതുപോലെ സെലീനയ്ക്ക് തോന്നി.

പെട്ടന്ന് സെലീനയ്ക്ക് ചുറ്റും ആയിരക്കണക്കിന്‍ പൂമ്പാറ്റകള്‍ എവിടെ നിന്നോ പറന്നെത്തി. അവ അവളെ തൊട്ടുരുമിക്കൊണ്ട് അവള്‍ക്ക് ചുറ്റും പറന്നു കളിച്ചു. അപ്പോള്‍ അടഞ്ഞുകിടഞ്ഞ ജാലകവാതില്‍ മെല്ലെ തുറന്നു. സെലീന നോക്കി നില്‍ക്കെ മാലാഖ തന്റെ സ്വര്‍ണ്ണച്ചിറകുകള്‍ വീശി പൂമ്പാറ്റകള്‍ക്കൊപ്പം ജാലകത്തിലൂടെ ആകാശത്തേക്ക് പറന്നുയര്‍ന്നു. ഒടുവില്‍ മാലാഖ നക്ഷത്രങ്ങള്‍ക്കിടയില്‍ എവിടെയോ അപ്രത്യക്ഷമായി.

തുറന്ന് കിടന്ന ജാലകത്തിലൂടെ നിലാവിനൊപ്പം തണുത്ത കാറ്റും സെലീനയുടെ മുറിയിലേക്ക് കടന്നു വന്നു. അവള്‍ ജാലകവാതില്‍ മെല്ലെ അടച്ചശേഷം കട്ടിലില്‍ കയറി കമ്പളിക്കുള്ളില്‍ ചുരുണ്ടു കൂടി കിടന്നു. നിമിഷങ്ങള്‍ക്കകം അവള്‍ സുഖമായൊരു നിദ്രയിലേക്ക് വഴുതി വീഴുകയും ചെയ്തു.

(അവസാനിച്ചു.)

കുട്ടികള്‍ക്കുള്ള ഗുണപാഠം : നല്ല പ്രവ്യത്തികള്‍ ചെയ്യുന്നവരെ എല്ലാവരും സ്നേഹിക്കുകയും, ബഹുമാനിക്കുകയും ചെയ്യും.

No comments: