പാവക്കുട്ടി തന്റെ മുന്നില്‍ നില്‍ക്കുന്നു!!!!
എങ്ങനെയാണ് പാവക്കുട്ടി വീണ്ടും തന്റെ അടുക്കലെത്തിയത്. സെലീനയ്ക്ക് വിശ്വസിക്കുവാന്‍ കഴിഞ്ഞില്ല. അവള്‍ പേടിയോടു കൂടി പാവക്കുട്ടിയുടെ മുഖത്തേക്ക് നോക്കി. പാവക്കുട്ടി അവളെ നോക്കി കണ്ണിറുക്കി ചിരിച്ചു.
“നീ എന്നെ ആര്‍ക്ക് കൊടുത്താലും, വീണ്ടും ഞാന്‍ കുട്ടിയുടെ അടുക്കലെത്തും…” അമ്പരന്നു നില്‍ക്കുന്ന സെലീനയോട് പാവക്കുട്ടി പറഞ്ഞു. “ഞാനിപ്പം എന്റെ പപ്പേം, മമ്മീയേം വിളിക്കും…” സെലീന പറഞ്ഞു.
“വിളിച്ചോളൂ. പക്ഷേ കുട്ടിക്കല്ലാതെ ആര്‍ക്കും എന്നെ കാണാനോ, എന്റെ ശബ്ദം കേള്‍ക്കുവാനോ കഴിയില്ല. അപ്പോള്‍ കുട്ടി പറയുന്നത് ആരും വിശ്വസിക്കില്ല…” പാവക്കുട്ടി സെലീനയ്ക്ക് മുന്നറിയിപ്പു നല്‍കിയപ്പോള്‍ സെലീന എന്തു ചെയ്യണമെന്നറിയാതെ തേങ്ങിക്കരഞ്ഞു പോയി.
“കുട്ടി എന്തിനാണ് വെറുതെ കരയുന്നത്..? ഞാന്‍ കുട്ടിയുടെ ശത്രുവല്ല. മിത്രമാണ്.. നമുക്ക് നല്ല കൂട്ടുകാരായി കഴിയരുതോ…” പാവക്കുട്ടി സെലീനയെ ആശ്വസിപ്പിച്ചു. പക്ഷേ സെലീന തേങ്ങി കരയുകയാണുണ്ടായത്. സെലീനയെ എങ്ങനെയെങ്കിലും സന്തോഷിപ്പിക്കണമെന്ന് പാവക്കുട്ടി തീരുമാനിച്ച പാവക്കുട്ടി കണ്ണുകളടച്ച് എന്തൊക്കെയോ മന്ത്രിച്ചു.
പെട്ടന്നാണ് അത് സംഭവിച്ചത്. ധാരാളം സുന്ദരികളായ പാവകള്‍ സെലീനയുടെ ചുറ്റും പ്രത്യക്ഷയായി അവള്‍ക്ക് ചുറ്റും നിന്ന് ആടുകയും, പാടുകയും, തമാശകള്‍ കാണിക്കുകയും ചെയ്തു. അത് കണ്ട് സെലീനയുടെ സെലീനയ്ക്ക് വല്ലാത്ത രസം തോന്നി.
“ഹായ്…” അറിയാതെ സെലീന തുള്ളിച്ചാടി.
“എന്താ കുട്ടിക്ക് സന്തോഷമായോ…” അത്ഭുതപ്പെട്ടു നില്‍ക്കുന്ന സെലീനയോട് പാവക്കുട്ടി ചോദിച്ചു. ‘ങ്ഹും…’ സെലീന സന്തോഷത്തോടു കൂടി തല കുലുക്കി.
"എങ്കില്‍ കുട്ടിയും വാ, നമുക്ക് ആടി രസിക്കാം…” പാവക്കുട്ടി സെലീനയെ ക്ഷണിച്ചു.
“അയ്യേ.. ഞാനില്ല…” അവള്‍ നാണത്തോടെ ഇരു കൈകള്‍ക്കൊണ്ടും തന്റെ മുഖം പൊത്തിപ്പിടിച്ചുകൊണ്ട് പറഞ്ഞു. “വരൂ കുട്ടി…” പാവക്കുട്ടി സെലീനയെ വീണ്ടും ക്ഷണിച്ചപ്പോള്‍ സെലീനയും ആ പാവകള്‍ക്കൊപ്പം മതിയാവോളം ആടുകയും, പാടുകയും, പൊട്ടിച്ചിരിക്കുകയും ചെയ്തു. ഒടുവില്‍ പാവക്കുട്ടി ഒഴികെ മറ്റുള്ള പാവകളെല്ലാം എവിടെയോ അപ്രത്യക്ഷമായി.
“എനിക്ക് നിന്നെ ഒരുപാടിഷ്ടമായി… ഞാനിനി നിന്നെ ആര്‍ക്കും വിട്ടു കൊടുക്കില്ല..” പാവക്കുട്ടിയുടെ കവിളില്‍ ഒരു മുത്തം നല്‍കിക്കൊണ്ട് സെലീന പറഞ്ഞു.
“എനിക്കും കുട്ടിയെ ഇഷ്ടമാണ്… പക്ഷേ ഇപ്പോഴത്തെ ഈ ചീത്ത സ്വഭാവങ്ങളൊക്കെ മാറ്റി നല്ല കുട്ടിയാവണമെന്ന് മാത്രം. അല്ലെങ്കില്‍ കുട്ടിയെ വിട്ട് ഞാനെന്റെ പാട്ടിന്‍ പോകും..” പാവക്കുട്ടി സെലീനയ്ക്ക് മുന്നറിയിപ്പ് നല്‍കി.
“പാവക്കുട്ടിയെ ഞാനെങ്ങും വിടില്ല.. ഞാന്‍ നല്ല കുട്ടിയാവും. തീര്‍ച്ച…” സെലീന പാവക്കുട്ടിക്ക് ഉറപ്പു നല്‍കി. “എങ്കില്‍ നല്ല പ്രവ്യത്തികള്‍ മാത്രമേ ചെയ്യുകയുള്ളെന്ന് എന്നോട് സത്യം ചെയ്യണം…”
“നാളെ മുതല്‍ ഞാന്‍ നല്ലത് മാത്രമേ ചെയ്യൂ,,,” സെലീന പാവക്കുട്ടിയുടെ തലയില്‍ തൊട്ട് സത്യം ചെയ്തു. പാവക്കുട്ടിക്ക് വളരെ സന്തോഷമായി. അന്ന് പാവക്കുട്ടിയെ കെട്ടിപ്പിടിച്ചു കൊണ്ടാണ് സെലീന ഉറങ്ങിയത്. ഉറങ്ങുന്നതിന്‍ മുമ്പ് പാവക്കുട്ടി സെലീനയ്ക്ക് ഒരുപാട് കഥകള്‍ പറഞ്ഞു കൊടുത്തു.
അടുത്ത ദിവസം അതിരാവിലെ തന്നെ പാവക്കുട്ടി സെലീനയെ വിളിച്ചുണര്‍ത്തി. “എനിക്കുറക്കം വരുന്നു. ഞാനിത്തിരി നേരം കൂടി കഴിഞ്ഞിട്ടെഴുന്നേക്കാം..” സെലീന ചിണുങ്ങി.
“ഹേയ് അത് പറ്റില്ല. തല്‍ക്കാലം ഉറങ്ങിയതൊക്കെ മതി….” പാവക്കുട്ടി സമ്മതിച്ചില്ല. “എന്താ എന്നോട് ഇന്നലെ നീ ചെയ്ത സത്യം മറന്നു പോയോ…? നല്ല കുട്ടികള്‍ അതിരാവിലെ തന്നെ എഴുന്നേല്‍ക്കണം…”
ഒടുവില്‍ സെലീന മനസ്സില്ലാമനസ്സോടെ എഴുന്നേറ്റു. “ഇനിയും പല്ല് തേച്ച് വ്യത്തിയാക്കിയ ശേഷം അടുക്കളയില്‍ മമ്മിയെ സഹായിക്കണം…” പാവക്കുട്ടിയുടെ വാക്കുകള്‍ ധിക്കരിക്കുവാന്‍ സെലീനയ്ക്ക് കഴിഞ്ഞില്ല. അവള്‍ പാവക്കുട്ടി പറഞ്ഞതു പോലൊക്കെ ചെയ്തു.
(അടുത്ത അധ്യായത്തില്‍ ഈ നോവല്‍ അവസാനിക്കുന്നതാണ്)
No comments:
Post a Comment