Thursday, June 26, 2008

സെലീനയുടെ പാവക്കുട്ടി-12

"ഗുഡ് മോണിംങ്ങ്…” പാവക്കുട്ടി സെലീനയെ നോക്കി പുഞ്ചിരിച്ചു.

“കുട്ടി എന്താണ് ചിന്തിക്കുന്നതെന്ന് എനിക്കറിയാം.. ഇന്നലെ രാത്രി നീ പുറത്തേക്ക് വലിച്ചെറിഞ്ഞ ഞാനെങ്ങനെ വീണ്ടും ഇവിടെയെത്തിയെന്നല്ലേ…?“ തന്നെ നോക്കി മിഴിച്ചു നില്‍ക്കുന്ന സെലീനയോട് പാവക്കുട്ടി ചോദിച്ചു.

“ഇതൊക്കെ എന്റെ അത്ഭുത കഴിവുകള്‍ കൊണ്ടാണ് കുട്ടി…” പാവക്കുട്ടി പറഞ്ഞു. “എന്നെ എവിടെ വലിച്ചെറിഞ്ഞാലും ഞാന്‍ കുട്ടിയുടെ അടുക്കല്‍ വീണ്ടുമെത്തും.. കാരണം നിന്റെ ദു:ശീലങ്ങളെല്ലാം മാറ്റി നിന്നെ നല്ല അനുസരണശീലയായ മിടുമിടുക്കിയായൊരു കുട്ടിയാക്കുക എന്നതാണ് എന്റെ ലക്ഷ്യം.. ആ ലക്ഷ്യം നിറവേറാതെ കുട്ടിയെ വിട്ട് ഞാനെങ്ങും പോവില്ല….”

“എനിക്ക് നിന്നെ കാണേണ്ട… പോ… നീ.” സെലീന കാലുയര്‍ത്തി പാവക്കുട്ടിയെ തൊഴിച്ചു. പാവക്കുട്ടി മൂക്കും കുത്തി മുറിയുടെ മൂലയില്‍ തെറിച്ചു വീണു. പെട്ടന്ന് സെലീന ‘മമ്മീ’ ന്ന് നിലവിളിച്ചുകൊണ്ട് വാതില്‍ തുറന്ന് പുറത്തേക്ക് ഓടി. അപ്പോഴേക്കും സെലീനയുടെ നിലവിളി കേട്ട് അവളുടെ പപ്പയും, മമ്മിയും. വല്യപ്പച്ചനുമൊക്കെ ഓടിയെത്തി.

“എന്താ മോളെ.. എന്തു പറ്റി നിനക്ക്…? എന്തിനാണ് നീ നിലവിളിച്ചത്…” അവര്‍ ചോദിച്ചു.

“എന്റെ ബര്‍ത്ത് ഡേയ്ക്ക് ഫാദറ് ഗിഫ്റ്റ് തന്ന പാവക്കുട്ടി മിണ്ടുന്നു…” സെലീന പൊട്ടിക്കരയുന്നതിനിടയില്‍ പറഞ്ഞു. “പാവ.. സംസാരിക്കുന്നെന്നോ…? അതുകൊള്ളാമല്ലോ… നീ വല്ല സ്വപ്നവും കണ്ട് ഞെട്ടിയതായിക്കുമെന്റെ കുട്ടിയേ…” വല്യപ്പച്ചന്‍ പറഞ്ഞു. വല്യപ്പച്ചന്റെ അഭിപ്രായം തന്നെയായിരുന്നു അവളുടെ പപ്പയ്ക്കും, മമ്മിക്കും.

“ഞാന്‍ സ്വപ്നം കണ്ടതൊന്നുമല്ല. സത്യമാ ഞാന്‍ പറഞ്ഞെ….” സെലീനയ്ക്കും സങ്കടവും, ദേഷ്യവും വന്നു. “ദാ.. ഞാന്‍ വേണെങ്കില്‍ കാണിച്ചു തരാം…” സെലീന പറഞ്ഞു. പപ്പയും, മമ്മിയും, വല്യപ്പച്ചനും സെലീനയോടൊപ്പം അവളുടെ മുറിയിലെത്തി…

“എവിടേ സംസാരിക്കുന്ന ആ പാവ…” അപ്പച്ചന്‍ സെലീനയോട് ചോദിച്ചു.

“ദാ അവിടെ…” മുറിയുടെ മൂലയിലേക്ക് വിരല്‍ ചൂണ്ടി സെലീന പറഞ്ഞു. അവളുടെ പപ്പ ആ പാവയെ എടുത്ത് തിരിച്ചും മറിച്ചു പരിശോധിച്ചെങ്കിലും ആ പാവയില്‍ യാതൊരു പ്രത്യേകതയും കണ്ടില്ല.

“എന്റെ മോളേ, ഇത് സാധാരണ പാവയാണ്. ഇതിന് ജീവനുണ്ടെന്ന് മോള്‍ക്ക് തോന്നിയതാവും..” പപ്പ പറഞ്ഞു. പപ്പ മാത്രമല്ല മമ്മിയും, വല്യപ്പച്ചനുമൊക്കെ പാവയെ പരിശോധിച്ചു. അവര്‍ക്കെല്ലാം പപ്പയുടെ അഭിപ്രായം തന്നെയായിരുന്നു.

“അയ്യോ ഈ പാവയ്ക്ക് ജീവനുണ്ട് പപ്പ. അതെന്നോട് സംസാരിക്കുവേം.. എനിക്ക് ഒരുപാട് മാജിക്ക് കാണിച്ചു തരുവേം ചെയ്തതാണ്… “ സെലീന വിങ്ങിപ്പൊട്ടി. പക്ഷെ അവളുടെ വാക്കുകള്‍ വിശ്വസിക്കുവാന്‍ ആര്‍ക്കും കഴിഞ്ഞില്ല…

അപ്പോഴാണ് പാവക്കുട്ടി കഴിഞ്ഞ രാത്രിയില്‍ തന്നോട് പറഞ്ഞ കാര്യം സെലീന ഓര്‍ത്തത്.’ തനിക്കല്ലാതെ മറ്റാര്ക്കും പാവക്കുട്ടി സംസാരിക്കുന്നത് കേള്‍ക്കാനോ, പാവക്കുട്ടിക്ക് ജീവനുണ്ടെന്ന് അറിയാനോ കഴിയില്ലത്രേ!!! സെലീന ആകെ ധര്‍മ്മസങ്കടത്തിലായി. എന്തു ചെയ്യണമെന്നറിയാതെ അവള്‍ പൊട്ടിക്കരഞ്ഞു

“എന്റെ കുട്ടീ നീയെന്തിനാണീ കരയുന്നത്.. നിനക്ക് പാവക്കുട്ടിയെ ഇഷടമല്ലെങ്കില്‍ നമുക്ക് അപ്പുറത്തെ ശ്രീധരനങ്കിളിന്റെ മകന്‍ അപ്പുവിന് കൊടുക്കം..” പപ്പ സെലീനയെ ആശ്വസിപ്പിച്ചു.

“പാവക്കുട്ടിയെ അപ്പൂന്‍ കൊടുക്കേണ്ട.. എനിക്ക് അപ്പുവിനെ ഇഷ്ടമല്ല… പപ്പ പാവക്കുട്ടിയെ എവിടേലും കൊണ്ട് കളഞ്ഞാല്‍ മതി…” തേങ്ങിക്കരയുന്നതിനിടയില്‍ സെലീന പറഞ്ഞു.

പാവക്കുട്ടിയെ വെറുതെ കളയുന്നതിനോട് ആര്‍ക്കും സമ്മതമല്ലായിരുന്നു. ഒടുവില്‍ സെലീന വാശി പിടിച്ചപ്പോള്‍ റോഡില്‍ കൂടി പോയ ഏതോ ഒരു കുട്ടിക്ക് സെലീനയുടെ പപ്പ പാവക്കുട്ടിയെ നല്‍കി.

“ഹാവൂ…” പാവക്കുട്ടിയെ മറ്റൊരാള്‍ക്ക് നല്‍കിയപ്പോള്‍ സെലീനയ്ക്ക് ആശ്വാസം തോന്നി. അന്നു പകല്‍ മുഴുവന്‍ സെലീന തുള്ളിച്ചാടിക്കോണ്ട് വീടിനുള്ളിലും. പുറത്തും ഓടി നടന്നു. രാത്രിയായപ്പോള്‍ സെലീന പതിവുപോലെ കട്ടിലില്‍ മൂടിപ്പുതച്ച് കിടന്നുറക്കമായി. ഉറക്കത്തില്‍ അവളൊരുപാട് മനോഹരങ്ങളായ സ്വപ്നങ്ങളും കണ്ടു…

“സെലീനേ…” ആരോ തട്ടി വിളിച്ചത് കേട്ടാണ് സെലീന ഉറക്കമുണര്‍ന്നത്. “ആരാണ്‍ തന്നെ വിളിച്ചത്…?” അവള്‍ ചുറ്റും തിരിഞ്ഞു നോക്കി. പെട്ടന്നാണ് അവളത് കണ്ട് ഞെട്ടിപ്പോയത്..

(തുടരും..)

No comments: