Monday, June 9, 2008

സെലീനയുടെ പാവക്കുട്ടി -2

അമ്മുവും സെലീനയും തമ്മില്‍ എന്തായിരുന്നു കുഴപ്പം…?
കഴിഞ്ഞ ആഴ്ച പാര്‍ക്കില്‍ വച്ച് അമ്മുവിന്റെ ഫ്രോക്കിലും, തലയിലുമൊക്കെ സെലീന മണ്ണ് വാരിയിട്ടതാണ് അവര്‍ തമ്മിലുള്ള പിണക്കത്തിന് കാരണം. അതു മാത്രമോ അമ്മുവിന്റെ പിറന്നാള്‍ പാര്‍ട്ടിക്ക് അവളുടെ വീട്ടിലെത്തിയ സെലീന അവിടെ എന്തൊക്കെയാ കാട്ടി കൂട്ടിയത്….?

അമ്മുവിന്റെ വീട്ടിലെ പൂന്തോട്ടത്തിലെ പൂക്കളെല്ലാം സെലീന പറിച്ചു കളഞ്ഞു.... അമ്മു ഓമനിച്ചു വളര്‍ത്തിയ തത്തമ്മയുടെ കൂട് തുറന്ന് അതിനെ പറത്തി വിട്ടു....

പാവം അമ്മു.
ഇത്രയും കാലം പാലും തേനും കൊടുത്ത് തത്തമ്മയെ കണ്ണിലെ ക്യഷണമണിപോലെ വളര്‍ത്തിയത് മാത്രം മിച്ചം. അമ്മുവിനെ കളിപ്പിച്ചേന്ന് പറഞ്ഞ് തത്തമ്മ തെക്കോട്ട് പറന്നു പോയതാണ്... പിന്നീട് തത്തമ്മ തിരിച്ചു വന്നില്ല.

ഇതൊക്കെ സഹിക്കാവുന്നതേയുള്ളു. പക്ഷേ തന്റെ പൂച്ചക്കുഞ്ഞിന്റെ കാല്‍ സെലീന തല്ലിയൊടിച്ചത് അമ്മുവിന് സഹിക്കാന്‍ പറ്റില്ല.

അമ്മുവിന്റെ പൂച്ചക്കുഞ്ഞ് സെലീനയുടെ കാലില്‍ മാന്തിയതുകൊണ്ടല്ലേ അവള്‍ ഒരു മുട്ടന്‍ വടിയെടുത്ത് അതിന്റെ രണ്ടു കാലും തല്ലിയൊടിച്ചത്..?

പച്ചക്കള്ളം…
സെലീന കള്ളമേ പറയുകയുള്ളു. തന്റെ പൂച്ചക്കുഞ്ഞ് അവളേ തൊട്ടതേയില്ല. വേറുതെ അവളുടെ മുന്നില്‍ വന്നു നിന്നതേയുള്ളല്ലോ..? എന്നിട്ടും അതിന്റെ കാല്‍ രണ്ടും സെലീന തല്ലിയൊടിച്ചില്ലേ… വേദനയോടെ തന്റെ പൂച്ചക്കുഞ്ഞ് കരയുന്നത് ഇപ്പോഴും മറക്കുവാന്‍ അമ്മുവിന് കഴിയുന്നില്ല. അന്ന് അമ്മു തീരുമാനിച്ചതാണ് സെലീനയോട് ഒരിക്കലും മിണ്ടില്ലെന്നും അവളെ തന്റെ വീട്ടില്‍ കയറ്റത്തുമില്ലെന്നും..

കൂട്ടുകാരേ..
അപ്പുവിന്റെയും, അമ്മുവിന്റെ കഥ കേട്ടപ്പോള്‍ തന്നെ സെലീനയുടെ സ്വഭാവം നിങ്ങള്‍ക്ക് പിടികിട്ടിക്കാണുമല്ലോ..? അപ്പുവിനും, അമ്മുവിനും മാത്രമല്ല ജവഹറ് കോളനിയിലെ പല കുട്ടികള്‍ക്കും എന്തിന് മുതിര്‍ന്നവര്‍ക്കു പോലും സെലീനയെ കണ്ണെടുത്താല്‍ കണ്ടു കൂടാ..

ജവഹറ് കോളനിയിലെ സ്കൂളില്‍ ഒന്നാം ക്ലാസിലാണ് സെലീന പഠിക്കുന്നത്. ക്ലാസിലെ കുട്ടികളുമായി വെറുതെ വഴക്കുണ്ടാക്കുകയും അവരെ ഉപദ്രവിക്കുകയും ചെയ്യുന്നത് സെലീനയുടെ വിനോദമായിരുന്നു. ഇക്കാരണത്താ‍ല്‍ കുട്ടികളാരും സെലീനയോട് മിണ്ടില്ല. അവര്‍ക്കെല്ലാം സെലീയെ വല്ലാതെ വെറുപ്പും, ഭയവുമായിരുന്നു.

സെലീനയുടെ പപ്പ പോലീസുകാരനായതുകൊണ്ട് സെലീനയെ ആര്‍ക്കെങ്കിലും ഉപദ്രവിക്കുവാന്‍ പറ്റുമോ..? തന്റെ പപ്പയെ വിളിച്ചു കൊണ്ടു വന്ന് എല്ലാവരെയും ഇടിച്ചു ചമ്മന്തിയാക്കി ജയിലിലിടുമെന്ന് സെലീന കുട്ടികളെ ഭീഷണിപ്പെടുത്താറുണ്ടായിരുന്നു.

പാവം കുട്ടികള്‍….
പോലീസെന്ന് കേള്‍ക്കുമ്പോള്‍ തന്നെ പേടിച്ചു വിറയ്ക്കും.

“സെലീനേ, ക്ലാസില്‍ വരുന്നത് നന്നായി പഠിക്കുവാനും, നല്ല ശീലങ്ങള്‍ അഭ്യസിക്കുവാനുമാണ്. അതല്ലാതെ മറ്റുള്ള കുട്ടികളുമായി വഴക്കുണ്ടാക്കുവാനും. അവരെ ഉപദ്രവിക്കുവാനുമല്ല…” മെറിന ടീച്ചറ് പലപ്പോഴും സെലീനയെ ഉപദേശിക്കാറുണ്ട്,

മെറീന ടീ‍ച്ചറിനെ ആ സ്കൂളിലെ കുട്ടികള്‍ക്കെല്ലാം വലിയ ഇഷ്ടമാണ്. കാരണം കുട്ടികളോടെല്ലാം നല്ല സ്നേഹത്തോടു കൂടിയാണ് ടീച്ചറ് പെരുമാറിയിരുന്നത്. എന്നാല്‍ സെലീനയ്ക്ക് മാത്രം ടീച്ചറിനെ തീരെ ഇഷ്ടമല്ല.. അതിന് കാരണം മറ്റൊന്നുമല്ല. സെലീന ക്ലാസില്‍ കാണിക്കുന്ന കുസ്യതികള്‍ക്കെല്ലാം ടീച്ചറ് നല്ല ചുട്ട അടി നല്‍കാറുണ്ടായിരുന്നു.

നോക്കിക്കോ എന്റെ പപ്പയെ വിളിച്ചോണ്ട് വന്ന് ടീച്ചറെ ഇടിച്ചു കൊല്ലിക്കും ഞാന്‍.“ ഒരിക്കല്‍ നന്ദുവിന്റെ തലയില്‍ പെന്‍സിലുകൊണ്ട് കുത്തിയതിന്‍ സെലീനയെ മെറീന ടീച്ചറ് പിടി കൂടിയപ്പോള്‍ അവള്‍ ടീച്ചറിനെ ഭീഷണിപ്പെടുത്തി.

“ഓഹോ നീ അത്രക്കായോ. എങ്കില്‍ എന്റെ പൊന്ന് മോളെ പപ്പയെ വിളിച്ചോണ്ട് വാ.... നിന്റെ പപ്പയുടേ മൂക്ക് ചെത്തി ഉപ്പിലിടും ഞാന്‍...” ടീച്ചറ് പറഞ്ഞത് കേട്ട് സെലീന ശരിക്കും ഭയന്നുപോയി.

‘തന്റെ പപ്പയെപ്പോലും പേടിയില്ലാത്ത ടീച്ചറോ..?’ സെലീന ചിന്തിക്കുകയും ചെയ്തു. മാത്രമല്ല മറ്റ് കുട്ടികളുടെ മുന്നില്‍ അന്ന് സെലീന ശരിക്കും ചമ്മിപ്പോയി. ഏതായാലും ടീച്ചറിന്റെ അടുക്കല്‍ മാത്രം പിന്നീടൊരിക്കലും അവളാ ഭീഷണി പ്രയോഗിച്ചിട്ടില്ല.

“സെലീന ചീത്തക്കുട്ടിയാ. അവളുമായി കൂട്ടിനൊന്നും പോവേണ്ട..” പല മാതാപിതാക്കളും തങ്ങളുടെ മക്കളോട് പറയാറുണ്ടായിരുന്നു.

“മോളേ നീ നന്നായി വളരണം. ആരോടും വഴക്കുണ്ടാക്കാന്‍ പോകരുത്..” പപ്പയും മമ്മിയും ദിവസവും സെലീനയെ ഉപദേശിക്കാറുണ്ടായിരുന്നു. പക്ഷേ സെലീനയുടെ സ്വഭാവത്തിനുണ്ടോ മാറ്റം വരുന്നു..? അവള്‍ കുസ്യതികള്‍ കാട്ടിയങ്ങ് ജീവിച്ചു പോന്നു.

പപ്പയേയും, മമ്മിയേയും കൂടാതെ സെലീനയുടെ വീട്ടില്‍ ഒരു അപ്പച്ചനുമുണ്ടായിരുന്നു. അപ്പച്ചനെന്ന് പറഞ്ഞാല്‍ സെലീനയുടെ പപ്പയുടെ അച്ഛന്‍. അപ്പച്ചനും സെലീനയും നല്ല ചങ്ങാതികളായിരുന്നു. അപ്പച്ചനോടൊപ്പമാണ് അവള്‍ ഭക്ഷണം കഴിക്കുന്നതും, പള്ളിയില്‍ പോകുന്നതും. ഉറങ്ങുന്നതുമൊക്കെ. എങ്കിലും അപ്പച്ചന്റെ അടുക്കലും സെലീന പല കുസ്യതികളും കാട്ടാറുണ്ടായിരുന്നു.

അപ്പച്ചന് കാഴ്ചശക്തി കുറവായതിനാല്‍ കണ്ണാടിയില്ലാതെ ഒന്നും കാണാല്‍ കഴിയില്ലെന്ന് സെലീനയ്ക്കറിയാം. പലപ്പോഴും അപ്പച്ചന്‍ ഉറങ്ങുന്ന തക്കം നോക്കി അവള്‍ അദ്ദേഹത്തിന്റെ കണ്ണാടിയെടുത്ത് എവിടെയെങ്കിലും ഒളിച്ചു വയ്ക്കും. പാവം അപ്പച്ചന്‍ ഉറങ്ങിയെഴുന്നേല്‍ക്കുമ്പോള്‍ കണ്ണാടിയുണ്ടാവില്ല.

“എടീ.. കൊച്ചേ ന്റെ കണ്ണാടി കൊണ്ടുവാടി.” അപ്പച്ചന്‍ മുറിയിലെല്ലാം തപ്പി തടയുന്നത് കാണുമ്പോള്‍ സെലീന കൈകൊട്ടി ചിരിയ്ക്കും.

വര്‍ക്കി സാറെന്നാണ് കോളനിയിലുള്ളവര്‍ ബഹുമാനത്തോടു കൂടി സെലീനയുടെ അപ്പച്ചനെ വിളിക്കുന്നത്. പണ്ട് പട്ടാളത്തില്‍ ജോലിയുണ്ടായിരുന്ന അദ്ദേഹം തന്റെ പഴയ പട്ടാളക്കഥകള്‍ പൊടിപ്പും, തൊങ്ങലുമൊക്കെ ചേര്‍ത്ത് സെലീനയോടും അതുപോലെ വീട്ടില്‍ വരുന്നവരോടുമൊക്കെ പറയാറുണ്ടായിരുന്നു. അപ്പച്ചന്റെ പട്ടാളക്കഥകള്‍ കേള്‍ക്കുന്നത് സെലീനയ്ക്കും ഭയങ്കര ഇഷ്ടമായിരുന്നു.

(സെലീനയുടെ കുസ്യതികള്‍ തുടരും..)

1 comment:

G.MANU said...

മാഷേ, ഇപ്പൊഴാണിത് കണ്ടത്.
നല്ല ഉദ്യമം
ആ‍ശംസകള്‍

നോവല്‍ തുടരട്ടെ...