Saturday, June 14, 2008

സെലീനയുടെ പാവക്കുട്ടി -3

“കേട്ടോ മോളെ, പട്ടാളത്തില്‍ ചേരുമ്പോള്‍ എനിക്ക് വയസ്സ് പതിനെട്ടാ….” അന്ന് തന്റെ പട്ടാളക്കഥകള്‍ക്കിടയില്‍ അപ്പച്ചന്‍ സെലീനയോട് പറഞ്ഞു. “നല്ല തടീം പൊക്കോമുള്ള സമയം…. പക്ഷേ അന്ന് എന്നെ കാണാനൊന്നും ഒരു രസോമില്ലായിരുന്നു….. പട്ടാളത്തില്‍ ചേരുമ്പോള്‍ എന്റെ മുഖം കുരങ്ങനെപ്പോലെ ആയിരുന്നുവെന്നാ ഒരിക്കല്‍ മേജര്‍ സിക്കന്തര്‍ സിങ്ങ് എന്നോട് പറഞ്ഞത്.. പട്ടാളത്തില്‍ കയറി ഒന്നു രണ്ട് വര്‍ഷം കഴിഞ്ഞപ്പോഴല്ലെ എനിക്കെന്റെ യഥാര്‍ത്ഥ സൌന്ദ്യര്യമൊക്കെ കിട്ടിയത്..?

ശരിയാ, പട്ടാളത്തില്‍ ചേരുമ്പോ അപ്പച്ചന്റെ മൊകം കൊരങ്ങിനെപ്പോലെയായിരുന്നു. ഇപ്പള് കൊരങ്ങിന്റെ മൊകമാ അപ്പച്ചനെപ്പോലെയായത്…” സെലീന ഇടയക്ക് കയറി പറഞ്ഞു.

“ങ്ഹാ അടികൊള്ളും പെണ്ണ്…” മുഖത്തെ ചമ്മല്‍ മറച്ചുവച്ചുകൊണ്ട് അപ്പച്ചന്‍ സെലീനയുടെ നേര്‍ക്ക് കൈയ്യോങ്ങി. “ കൊച്ചു പിള്ളാരുടെ വായീന്ന് വല്യ വര്‍ത്താനമോ..? സെലീന പൊട്ടിച്ചിരിച്ചുകൊണ്ട് അപ്പച്ചന്റെ മുന്നില്‍ നിന്നും ഓടിപ്പോയി.

സെലീനയുടെ വീട്ടില്‍ സ്ഥിരമായി ഭിക്ഷയ്ക്കെത്താറുള്ള വ്യദ്ധയായ ഒരു സ്ത്രീയുണ്ടായിരുന്നു. സെലീനയുടെ മമ്മിയ്ക്കാണെങ്കില്‍ ആ ഭിക്ഷക്കാരിയെ തീരെ ഇഷ്ടമില്ലായിരുന്നു. പക്ഷേ മമ്മി കാണാതെ സെലീന അടുക്കളയില്‍ നിന്ന് ഇഷ്ടം പോലെ ബിസ്ക്കറ്റും. അപ്പിളും, മുന്തിരിയും, ഓറഞ്ചുമൊക്കെ അവര്‍ക്ക് കൊടുക്കാറുണ്ടായിരുന്നു. ഇക്കാരണത്താല്‍ സെലീനയെ ആ ഭിക്ഷകാരിക്ക് വലിയ ഇഷ്ടമായിരുന്നു. സെലീനയുടെ മമ്മി വീട്ടിലില്ലാത്ത തക്കം നോക്കിയാണ് ഭിക്ഷക്കാരി പലപ്പോഴും അവളുടെ വീട്ടില്‍ വരിക. ഇതൊരു പതിവായപ്പോള്‍ സെലീനയ്ക്കും അവരോട് വല്ലാത്ത ദേഷ്യം തോന്നി തുടങ്ങി.

ഒരു ദിവസം പതിവുപോലെ മമ്മി പുറത്തെവിടെയോ പോയപ്പോള്‍ ‘സെലീനമോളേന്ന്’ വിളിച്ചുകൊണ്ട് ഭിക്ഷക്കാരി സെലീനയുടെ വീട്ടിലെത്തി. സെലീനയും അപ്പച്ചനും മാത്രമേ അപ്പോള്‍ അവിടെയുണ്ടായിരുന്നുള്ളു. സെലീന ബാലരമയിലെ ഒരു ചിത്രത്തിന്‍ ചായം കൊടുത്തുകൊണ്ടിരിക്കുമ്പോഴാണ്‍ ഭിക്ഷക്കാരി തള്ളയുടെ വരവ്.

“മോളെ.. അമ്മയ്ക്ക് വല്ലാതെ വിശക്കുന്നു.. വല്ലോം തരണേ…” ഭിക്ഷക്കാരി പതിവു പല്ലവി ആവര്‍ത്തിച്ചു. “ഇവിടെ ഒന്നുമില്ല…” സെലീനയ്ക്ക് ദേഷ്യം വന്നു.

“അങ്ങനെ പറയരുത് മോളേ… അമ്മയ്ക്ക് വിശന്നിട്ട് കണ്ണുകാണാന്‍ വയ്യ.. അടുക്കളേന്ന് വല്ലോം എടുത്തോണ്ട് വാ മോളേ..” ഭിക്ഷക്കാരി പറഞ്ഞു.

സെലീന ഭിക്ഷക്കാരി തള്ളയെ തുറിച്ചു നോക്കി. “ഇന്ന് ഇവരെ ഒരു പാഠം പഠിപ്പിക്കണം..” അവള്‍ മനസ്സില്‍ തീരുമാനിച്ചു. “ഇവിടെ നിക്ക് ഞാനിപ്പം വരാമേ’ ന്ന് പറഞ്ഞുകൊണ്ട് സെലീന അകത്തേക്ക് പോയി.

‘എത്ര നല്ല കുട്ടി… ഈശ്വരാ ഇന്നെന്താ ആ കുഞ്ഞ് തനിക്ക് തരുന്നത്.....? ആപ്പിളോ അതോ ബിസ്ക്കറ്റോ..” ഭിക്ഷക്കാരി തള്ളയുടെ വായില്‍ വെള്ളം നിറഞ്ഞു. എന്നാല്‍ സെലീന അടുക്കളയിലേക്കല്ല പോയത്. അകത്തെ മുറിയിലിരുന്ന് പത്രം വായിച്ചു കൊണ്ടിരുന്ന അപ്പച്ചന്റെ അടുക്കലേക്കാണ്. “അപ്പച്ചാ ആ കണ്ണാടിയിങ്ങോട്ട് തരാമോ..” അവള്‍ ചോദിച്ചു.

“മോള്‍ക്കെന്തിനാ കണ്ണാടി..” പത്രം വായിക്കുന്നതിനിടയില്‍ അപ്പച്ചന്‍ ചോദിച്ചു. “ഒരു കാര്യത്തിനാ.. ഇപ്പം തിരിച്ചു തരാം…” അവള്‍ പറഞ്ഞു

“ഞാന്‍ പത്രം വായിക്കുന്നത് കണ്ടില്ലേ മോളേ.. കണ്ണാടിയില്ലാതെ അപ്പച്ചനെങ്ങനാ പത്രം വായിക്കുന്നത്..?” അപ്പച്ചന്‍ പറഞ്ഞത് കേട്ടപ്പോള്‍ സെലീനയ്ക്ക് ദേഷ്യം വന്നു. അവള്‍ അപ്പച്ചന്റെ മുഖത്ത് നിന്നും കണ്ണാടി വലിച്ചെടുത്ത് കൊണ്ട് പുറത്തേക്ക് ഓടി “ മോളേ സെലീനേ…” അപ്പച്ചന്‍ വിളിച്ചത് അവള്‍ കേട്ടതായി നടിച്ചില്ല.

സെലീന തനിക്ക് അപ്പീളും, മുന്തിരിങ്ങയുമൊക്കെ കൊണ്ട് വരുന്നത് നോക്കി മുറ്റത്ത് കാത്തിരിക്കുകയായിരുന്നു ഈ സമയം ആ ഭിക്ഷക്കാരി. എന്നാല്‍ സെലീന വെറും കൈയ്യോടെ വരുന്നത് കണ്ടപ്പോള്‍ അവരുടെ മുഖം വാടി..

“എന്താ കുഞ്ഞേ ഒന്നുമില്ലേ..” ഭിക്ഷക്കാരി തള്ള ചോദിച്ചു. “വിശന്നിട്ട് കണ്ണ് കാണാന്‍ വയ്യെന്നല്ലേ പറഞ്ഞെ. ദാ ഇതെന്റെ അപ്പച്ചന്റെ കണ്ണാടിയാ.. നിങ്ങളെടുത്തോ,,.” കൈയ്യിലിരുന്ന കണ്ണാടി ഭിക്ഷക്കാരിയുടെ നേര്‍ക്ക് നീട്ടിക്കൊണ്ട് സെലീന പറഞ്ഞു.

“ഇതെന്തിനാ..” ഭിക്ഷക്കാരി തള്ളയ്ക്ക് ഒന്നും മനസ്സിലായില്ല. അവര്‍ സെലീനയുടെ മുഖത്തേക്ക് നോക്കി.

“വിശന്നിട്ട് കണ്ണ് കാണുന്നില്ലെന്നല്ലേ പറഞ്ഞത്…? സാരമില്ല ഈ കണ്ണാടി മൊകത്ത് വച്ചാ മതി.. നല്ല പോലെ കണ്ണ് കാണും…” സെലീന പറഞ്ഞത് കേട്ട് ഭിക്ഷക്കാരിയുടെ മുഖം കടലാസു പോലെ വിളറിപ്പോയി. അവര്‍ ഒന്നും പറയാതെ അവിടെ നിന്നും പോകുന്നതെ കണ്ടപ്പോള്‍ സെലീന പൊട്ടിച്ചിരിച്ചു. ഏതായാലും പിന്നീടൊരിക്കലും സെലീനയുടെ വീട്ടില്‍ ആ ഭിക്ഷക്കാരി തള്ള വന്നിട്ടില്ല...

(സെലീനയുടെ കുസ്യതികള്‍ തുടരും..)

No comments: