Monday, June 16, 2008

സെലീനയുടെ പാവക്കുട്ടി-4

അന്ന് ശനിയാഴ്ച ദിവസമായിരുന്നു.
വൈകുന്നേരമായപ്പോള്‍ സെലീനയുടെ വീട്ടില്‍ ഫാദറ് ഇമ്മാനുവേലെത്തി. സെലീനയുടെ ഇടവകയിലെ വികാരിയാണ് ഇമ്മാനുവേലച്ചന്‍.

“ഗുഡ് ഈവനിങ് ഫാദറ്….” ഫാദറിനെ കണ്ടതും സെലീന അദ്ദേഹത്തിന്റെ അടുക്കല്‍ ഓടിയെത്തി. “ഗുഡ് ഈവനിങ് മോളേ..…” ഫാദറ് സെലീനയുടെ കവിളില്‍ ഒരു മുത്തം നല്‍കി.

“ഹൌ ആറ് യൂ റ്റുഡെ മൈഡിയറ്….” ഫാദറ് ചോദിച്ചു. “അയാം ഫൈന്‍ ഫാദറ്…..” സെലീന പുഞ്ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു. ക്രിസ്മസ്സ് പപ്പയുടെ മുഖസാമ്യമുള്ള ഫാദറിനെ സെലീനയ്ക്ക് വലിയ ഇഷ്ടമാണ്. അതുപോലെ ഫാദറിനും സെലീനയെ ഇഷ്ടമാണ്‍. സെലീനയുടെ വീട്ടിലെത്തുമ്പോഴൊക്കെ ഫാദറ് അവള്‍ക്ക് ‘കിറ്റ്കാറ്റോ, കാഡ്ബറീസോ.’ കൊണ്ടു വരും.

എന്നാല്‍ കഴിഞ്ഞമാസം പള്ളിയില്‍ വച്ച് സെലീനയെ ഫാദറ് ശരിക്കും വഴക്കു പറഞ്ഞു. അതിന്‍ കാരണമുണ്ടായിരുന്നു. ഞായറാഴ്ച കുറ്ബാനയ്ക്ക് പള്ളിയിലെത്തിയ സെലീനയ്ക്ക് കുറെനേരം ഫാദറിന്റെ പ്രസംഗം കേട്ടു കൊണ്ടിരുന്നപ്പോള്‍ ഒരു രസവും തോന്നിയില്ല.

അവളെന്തു ചെയ്തു…?
തന്റെ മുന്നിലിരിക്കുന്ന ലിയ എന്ന കുട്ടിയുടെ തുടയില്‍ വെറുതെ ഒന്നും നുള്ളി നോക്കി. ലിയ തിരിഞ്ഞു നോക്കിയപ്പോള്‍ സെലീന ‘താനൊന്നുമറിഞ്ഞില്ലെന്ന’ ഭാവത്തിലിരുന്നു. തന്നെ നുള്ളിയത് സെലീനയാണെന്നറിഞ്ഞിട്ടും ലിയ ഒരക്ഷരം മിണ്ടാതെ ഫാദറ് പ്രസംഗിക്കുന്നത് കേട്ടിരുന്നു. സെലീനയ്ക്ക് വല്ലാത്ത രസം തോന്നി. അവള്‍ വീണ്ടും ലിയയുടെ തുടയില്‍ നുള്ളി.

“എന്താ മോളേ..” തിരിഞ്ഞു നോക്കിയ ലിയയോട് സെലീന ചോദിച്ചു.

“എന്നെ നീയെന്തിനാ പിച്ചിയത്..?” ലിയയ്ക്ക് ദേഷ്യം വന്നു.

“അയ്യോ മോളേ ഞാന്‍ നിന്നെ പിച്ചിയതേയില്ല….. ചിലപ്പോ മോളേ ഉറുമ്പു കടിച്ചതായിരിക്കും… ദേ, ഇപ്പം എന്നേം ഒരുറുമ്പ് കടിച്ചിരിന്നു..” സെലീന കല്ലുവച്ച ഒരു നുണ കാച്ചി.

“അല്ല ഉറുമ്പു കടിച്ചതൊന്നുമല്ല…. നീയിവളെ പിച്ചുന്നത് ഞാന്‍ കണ്ടതാ..” തൊട്ടടുത്തിരുന്ന മിന്നു പറഞ്ഞു. കള്ളി വെളിച്ചത്തായെന്ന് കണ്ടപ്പോള്‍ സെലീനയ്ക്ക് വല്ലാത്ത നാണക്കേട് തോന്നി. അവള്‍ ഒന്നും ചിന്തിച്ചില്ല. മിന്നുവിന്റെ വലതു കണ്ണില്‍ ഒരു കുത്തു കൊടുത്തു.

“അയ്യോ മമ്മീ..“ മിന്നു ഉച്ചത്തില്‍ നിലവിളിക്കുകയും കരയുകയും ചെയ്തു. ഫാദറ് മാത്രമല്ല സെലീനയുടെ മമ്മിയും, പള്ളിയിലെത്തിയ പലരും അന്ന് സെലീനയെ ശാസിച്ചു. ഭയന്നു പോയ സെലീന പൊട്ടിക്കരഞ്ഞു…

എന്നാല്‍ കുറ്ബാന കഴിഞ്ഞപ്പോള്‍ ഫാദറ് നേരെ പോയത് സെലീനയുടെ അടുക്കലേക്കാണ്‍. “ഫാദറിനോട് ഞാനൊരിക്കലും മിണ്ടില്ല..” സെലീനയുടെ മുഖം ഫാദറിനെ കണ്ടതും കാറ്റ് നിറച്ച ബലൂണു പോലെയായി.

“മിണ്ടില്ലെങ്കില്‍ വേണ്ട. ദാ, ഫാദറിന്റെ കൈയ്യില്‍ നല്ല ചോക്കലേറ്റുണ്ട്..” ഫാദറ് തന്റെ കുപ്പായത്തിന്റെ കീശയില്‍ നിന്ന് ഒരു പാക്കറ്റ് ചോക്കലേറ്റ് പുറത്തെടുത്തു. സെലീന ആദ്യം അതില്‍ നോക്കിയതു പോലുമില്ല. പെട്ടന്നാണ്‍ അവളുടെ നാവില്‍ വെള്ളമൂറിയത്. അവള്‍ക്ക് പിടിച്ചു നില്‍ക്കുവാന്‍ കഴിഞ്ഞില്ല. അവള്‍ മെല്ലെ മിഴികളുയര്‍ത്തി ഫാദറിന്റെ മുഖത്തേക്ക് നോക്കി. ഫാദറ് പുഞ്ചിരിക്കുന്നത് കണ്ടപ്പോള്‍ സെലീനയുടെ പിണക്കമെല്ലാം പമ്പ കടന്നു.

“യുവാറ് സോ ഗുഡ് ഫാദറ്…” അവള്‍ ചോക്കലെറ്റിനു വേണ്ടി കൈ നീട്ടി. പക്ഷേ ഫാദറ് ചോക്കലേറ്റ് അവള്‍ക്ക് നല്‍കിയില്ല.

“പള്ളിയില്‍ വന്നാല്‍ നല്ല കുട്ടിയായിരിക്കാമെന്ന് മോളെ സത്യം ചെയ്യണം. എന്നിട്ടേ ഫാദറ് ചോക്കലേറ്റ് തരൂ…” ഫാദറ് പറഞ്ഞു.

“സത്യം…” സെലീന ഫാദറിന്റെ കൈയ്യില്‍ പിടിച്ച് സത്യം ചെയ്തു.

“സെലീനമോളേ ചീത്തക്കുട്ടികളാ മറ്റുള്ളവരുമായി വഴക്കുണ്ടാക്കുന്നത്…. ചീത്തക്കുട്ടികളെ ദൈവത്തിന്‍ ഒട്ടും ഇഷ്ടമല്ല…” ചോക്കലേറ്റ് നല്‍കുന്നതിനിടയില്‍ ഫാദറ് സെലീനയോട് പറഞ്ഞു.

“ഫാദറ് നോക്കിക്കോ..ഞാനാരോടും വഴക്കുണ്ടാക്കില്ല..” സെലീന ഫാദറിന്‍ ഉറപ്പു നല്കി. എന്നാലത് ‘കുറുപ്പിന്റെ ഉറപ്പു‘ പോലെയാണെന്ന് ഫാദറിന്‍ നന്നായി അറിയാമായിരുന്നു..

സെലീനയുടെ അപ്പച്ചനും ഫാദറ് ഇമ്മാനുവേലും നല്ല കൂട്ടുകാരാ‍യിരുന്നു. ഫാദറ് വീട്ടില്‍ വരുമ്പോഴൊക്കെ തന്റെ പട്ടാളക്കഥകള്‍ അപ്പച്ചന്‍ ഫാദറിനോട് പറയാറുണ്ടായിരുന്നു. പകുതി കല്ലുവച്ച നുണകളാണെങ്കിലും അപ്പച്ചന്റെ പട്ടാളക്കഥകള്‍ കേള്‍ക്കുവാന്‍ ഫാദറിനും താല്പര്യമായിരുന്നു.

“കേട്ടോ, ഫാദറ്… നയന്ടീന്‍ ഫിഫ്ടി സെവനിലെ സംഭവമാണിത്… ഞാനന്ന് കാശ്മീരിലായിരുന്നു.. അതായത് ഇന്ത്യാ പാകിസ്ഥാന്‍ അതിര്‍ത്തിയില്‍……” അന്ന് അപ്പച്ചന്‍ പുതിയൊരു പട്ടാളക്കഥ ഫാദറിനോട് പറയുവാന്‍ തുടങ്ങി. അപ്പച്ചന്റെ കഥ കേള്‍ക്കുവാന്‍ ഇമ്മാനുവേലച്ചനും സെലീനയും കാത് കൂര്‍പ്പിച്ചിരുന്നു.

“അന്ന് ഞാനും, പരുമലക്കാരന്‍ ഒരു ചാക്കോയും, പാലക്കാരന്‍ ഒരു ഒരു തോമസ്സും, തമിഴ്നാട്ടുകാരന്‍ ഷണ്മുഖവും, പിന്നെ നാലഞ്ച് പഞ്ചാബികളും അടങ്ങിയ ഒരു സംഘം, കാശ്മീരില്‍ ഇന്ത്യാ പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുകയായിരുന്നു…” അപ്പച്ചന്‍ കഥ തുടര്‍ന്നു.

…അപ്പോഴാണ്‍ ഞങ്ങളുടെ തൊട്ടു മുന്‍പില്‍ ദേ, ക്രിക്കറ്റ് പന്തിന്റെ വലിപ്പത്തിലുള്ള ഒരു സാധനം വന്നു വീണത്. അതൊരു ക്രിക്കറ്റ് പന്താണെന്ന് കുറ്ഷിദ് പറഞ്ഞു. അല്ലെന്ന് ഞാനും. അതിറ്ത്തിക്കപ്പുറത്ത് പാകിസ്ഥാനിലെ കുട്ടികള്‍ ക്രിക്കറ്റ് കളിക്കുന്നുണ്ടെന്നും അവരുടെ ബാറ്റില്‍ നിന്ന് തെറിച്ചു വീണ ബോളാണതെന്നും കുറ്ഷിദിനെ സപ്പോറ്ട്ട് ചെയ്തുകൊണ്ട് പരുമലക്കാരന്‍ ചാക്കോയും പറഞ്ഞു..

”..പക്ഷേ ഞാനല്ലേ പുള്ളി.. ഞാനും വിട്ടു കൊടുത്തില്ല. ഇത് ക്രിക്കറ്റ് ബോളല്ല, പാകിസ്ഥാനി പട്ടാളക്കാര്‍ നമ്മളെ കൊല്ലാന്‍ വേണ്ടി എറിഞ്ഞ ക്രിക്കറ്റ് ബോളിന്റെ രൂപത്തിലുള്ള ബോംബാണെന്ന് ഞാന്‍ തീര്‍ത്തു പറഞ്ഞു. അല്ലെന്ന് മറ്റുള്ളവരും, ഏതായാ‍ലും തര്‍ക്കം വേണ്ടാന്ന് പറഞ്ഞ് ഒരു പഞ്ചാബി എന്തു ചെയ്തു..? സാധനം പരിശോധിച്ചു. അപ്പോഴല്ലേ അതു ക്രിക്കറ്റ് ബോളല്ല സാക്ഷാല്‍ ബോംബാനെന്ന് എല്ലാവര്‍ക്കും മനസ്സിലാ‍യത്.. ഓടിക്കോ ഇത് ബോബാണേ.. ഇപ്പം പൊട്ടുമേന്ന് പറഞ്ഞ് പഞ്ചാബിയും കൂടെ ഞാനൊഴികെയുള്ള എല്ലാവരും നിലവിളിച്ചുകൊണ്ട് ഒറ്റ ഓട്ടമായിരുന്നു..

അപ്പച്ചന്‍ ഒരു നിമിഷം നിര്‍ത്തിയശേഷം തന്റെ കഥയില്‍ ലയിച്ചിരിക്കുന്ന ഫാദറിന്റെയും, സെലീനയുടെയും മുഖത്തേക്ക് നോക്കി.

(തുടരും..)

No comments: