“എന്നിട്ട് അപ്പച്ചനെന്തു ചെയ്തു..?“ സെലീനയ്ക്ക് ആകാംക്ഷ വര്‍ദ്ധിച്ചു.
“ങ്ഹും.. ഞാനെന്തു ചെയ്തെന്നോ…?” അപ്പച്ചന്‍ കസേരയില്‍ വലിയ ഗമയിലിരുന്നു കൊണ്ട് ചോദിച്ചു. “അതെ വര്‍ക്കിച്ചിനെന്തു ചെയ്തു…” ഫാദറും ചോദിച്ചു.
“എന്റെ ഫാദറേ, ഞാനെന്തു ചെയ്തെന്നോ..? നല്ല ചോദ്യം തന്നെ. ഞാനാ ബോംബ് ദേ, എന്റെയീ കൈകള്‍ക്കൊണ്ടെടുത്ത് അതിര്‍ത്തിക്കപ്പുറത്തേക്ക് ഒരേറു കൊടുത്തു… അതിര്‍ത്തിക്കപ്പുറത്തു നിന്ന് ‘ഭും..’ എന്നൊരു ശബ്ദോം, ആരുടെയോക്കെയോ നിലവിളിയും പെട്ടന്ന് കേട്ടു. ദാ കിടക്കുന്നു പതിനഞ്ച് പേര്‍…”
“ആര്…” ഫാദറിന് ആകാംക്ഷ വര്‍ദ്ധിച്ചു…
“അവര്‍. പാകിസ്ഥാനി പട്ടാളക്കാര്‍… അല്ലാതാരാ…” അപ്പച്ചന്‍ ആവേശത്തോടു കൂടി പറഞ്ഞു.
“ഫാദറിനറിയാമോ.. ഞാനെറിഞ്ഞ് ബോംബു ചെന്ന് വീണത് ഞങ്ങളെ കൊല്ലാന്‍ ശ്രമിച്ച പാകിസ്ഥാനി പട്ടാളക്കാരുടെ നടുക്കാ.. ഒറ്റയടിക്ക് പതിനഞ്ച് പാകിസ്ഥാനി പട്ടാളക്കാരാ അന്ന് മരിച്ചു വീണത്…”
“ഹോ.. വര്‍ക്കിച്ചന്റെ ധൈര്യം അപാരം തന്നെ..” ഫാദറ് മുഖത്ത് വിരല്‍ വച്ചു.
“കഥ പൂര്‍ണ്ണമായില്ല ഫാദറ്..” അപ്പച്ചന്‍ തന്റെ കഥ തുടര്‍ന്നു. “നിമിഷങ്ങള്‍ക്കം പട്ടാളക്യാമ്പിലും ഞങ്ങളുടെ ഹെഡ്ക്വാര്‍ട്ടേഴ്സിലും ഈ വാര്ത്തയറിഞ്ഞു. അങ്ങ് ഡല്‍ഹിയിലായിരുന്ന ബ്രിഗേഡിയറ് രാമസ്വാമിസാബ് ഉടന്‍ കാശ്മീരിലെത്തി…. അന്ന് പട്ടാളക്കാരെല്ലാവരും ഒത്തു കൂടിയ അഭിനന്ദനച്ചടങ്ങില്‍ വച്ച് രാമസ്വാമി സാബ് പറഞ്ഞെതെന്താനെന്നറിയാമോ…” അപ്പച്ചന്‍ സെലീനയുടെയും, ഫാദറിന്റെയും മുഖത്തേക്ക് നോക്കി
“വര്‍ക്കീ നിങ്ങളെപ്പോലുള്ള ധൈര്യശാലികളെയാണ് നമ്മുടെ രാജ്യത്തിന് ആവശ്യം. നിങ്ങള്‍ ഭാരതത്തിന്റെ അഭിമാനമാണ്… ഹോ അദ്ദേഹത്തിന്റെ ആ വാക്കുകള്‍ കേള്‍ക്കുമ്പോള് ഇപ്പോഴും എന്റെ കാതുകളില്‍ മുഴങ്ങുന്നുണ്ട്…” അപ്പച്ചന്‍ കഥ പറഞ്ഞു നിറ്ത്തി.
ഹോ.. വര്‍ക്കിച്ചനെ സമ്മതിച്ചിരിക്കുന്നു…വര്‍ക്കിച്ചനൊരു പുലി തന്നെ” ഫാദറ് പറഞ്ഞത് കേട്ട് അപ്പച്ചന്‍ കസേരയില്‍ ഒന്നു ഞെളിഞ്ഞിരുന്നു.
“ന്റെ ഫാദറേ.. ഇതൊന്നും ഒന്നുമല്ല.. ഇതിനേക്കാള്‍ വലിയ എത്രയെത്ര അപകടങ്ങളെ നെഞ്ചും വിരിച്ച് നിന്ന് ധൈര്യമായി നേരിട്ടവനാണീ വര്‍ക്കി…” അപ്പച്ചന്‍ തന്റെ ‘ബഡായി’ തുടര്‍ന്നു. “നയനടീന്‍ സിക്ടിയില്‍ ഒരു പറ്റം ശത്രുക്കളുടെ ഇടയിലേക്ക് ചാടി വീണ് അവരെയെല്ലാം ഒറ്റയ്ക്ക് വകവരുത്തിയവന്നാ ഈ വര്‍ക്കി. എന്റെ ധൈര്യത്തെക്കുറിച്ച് കേട്ടറിഞ്ഞ് ഒരിക്കല്‍ അന്നത്തെ പ്രധാനമന്ത്രി നേരിട്ട് വന്ന് എന്നെ തോളില് തട്ടി അഭിനന്ദിച്ചിട്ടുമുണ്ട്….”
അപ്പച്ചന്‍ തന്റെ ബഡായി തുടരുന്നതിനിടയിലാണ് മച്ചില്‍ നിന്നും ഒരു പല്ലി അപ്പച്ചന്റെ ദേഹത്തേക്ക് വീണത്… “അയ്യോ അപ്പച്ചാ പല്ലീ…” സെലീന നിലവിളിച്ചു.
“അയ്യോ എവിടെ..?” പല്ലീന്ന് കേട്ടതും അപ്പച്ചന്‍ പ്രായം പോലും മറന്ന് മേലോട്ട് രണ്ടടി ചാടി. അപ്പച്ചന്റെ മുഖത്തെ പരിഭ്രാന്തി കണ്ട് സെലീനയും ഫാദറും പൊട്ടിച്ചിരിച്ചു പോയി.
“ബോംബ് കണ്ടാല്‍പ്പോലും ഭയമില്ലാത്ത വര്‍ക്കിച്ചന്‍ നിസാരമൊരു പല്ലിയെ കണ്ട് ഇത്രമാത്രം പേടിച്ചെല്ലോന്നോര്‍ക്കുമ്പോള്‍ ചിരിക്കാതിരിക്കുവാന്‍ കഴിയുന്നില്ലെന്റെ വര്‍ക്കിച്ചോ..” ഫാദറ് പൊട്ടിച്ചിരിക്കുന്നതിനിടയില്‍ പറഞ്ഞു.. ഇമ്മാനുവേലച്ചന് പറഞ്ഞത് കേട്ട് അപ്പച്ചന്റെ മുഖം വിളറി വെളുത്തു. ഇത്രയും കാലം ഫാദറിനും, സെലീന മോള്‍ക്കും തന്നോട് തോന്നിയ മതിപ്പ് ഒരു പല്ലി കാരണം ഇല്ലാതായെന്നോര്‍ത്തപ്പോള്‍ അപ്പച്ചന്‍ വല്ലാത്ത ദു:ഖം തോന്നി.
“അയ്യേ അപ്പച്ചന് ഒരു ധൈര്യോമില്ലേ.. അപ്പച്ചന്‍ പറഞ്ഞതെല്ലാം നുണയാണേ..” സെലീന കൈകൊട്ടി ചിരിക്കുവാന്‍ തുടങ്ങി. അപ്പച്ചന്‍ ഫാദറിന്റെ മുഖത്തേക്ക് ദയനീയമായി നോക്കി. ഫാദറും പൊട്ടിച്ചിരിക്കുകയാണ്.
“അത്.. ഫാദറ് എനിക്കി പല്ലിയെ പേടിക്കാനൊരു കാരണമുണ്ട്…” മുഖത്തെ ചമ്മല്‍ മറച്ചുവച്ചുകൊണ്ട് അപ്പച്ചന്‍ പറഞ്ഞു. “അതായത് നയനറീന്‍ ഫിഫ്ടിയില്‍.. ഞാനന്ന് പഞ്ചാബിലായിരുന്നു…”
“എന്റെ വര്‍ക്കിച്ചോ.. ഇപ്പോള്‍ കേട്ട കഥ തന്നെ ധാരാളമായി.. വര്‍ക്കിച്ചന്റെ നയനറീന്‍ ഫിഫ്ടിയിലെ പല്ലിക്കഥ മറ്റൊരു ദിവസം കേള്‍ക്കാം..” പെട്ടന്ന് ഫാദറ് ഇടയ്ക്ക് കയറി പറഞ്ഞപ്പോള്‍ അപ്പച്ചന്റെ മുഖം വോള്‍ട്ടേജ് കുറഞ്ഞ ബള്‍ബു പോലെയായി..
"സെലീനമോളേ, മോള്‍ടെ വീട്ടില്‍ രണ്ട് പശുവുണ്ടെങ്കില്‍ മോളെന്തു ചെയ്യും..” ഒരു ദിവസം സെലീനയുടെ വീട്ടിലെത്തിയ ഫാദറ് ഇമ്മാനുവേല്‍ അവളോട് ചോദിച്ചു.
“ഒന്ന് ഞാന്‍ ഫാദറിനു തരും..” സെലീന പെട്ടന്ന് ഉത്തരം പറഞ്ഞു
“അയ്യോ മോളേ ഫാദറിനെന്തിനാ പശു..? മോള്‍ടെ വീട്ടില്‍ രണ്ട് പഴുവുണ്ടെങ്കില്‍ ഒരെണ്ണം പാവപ്പെട്ടവര്‍ക്ക് മോള്‍ ദാനം ചെയ്യണം. അവര്‍ ആ പശുവിനെ വളര്‍ത്തി അത് പ്രസവിക്കുമ്പോള്‍ അതിന്റെ പാലൊക്കെ വിറ്റ് സുഖമായി ജീവിച്ചോളും. പാവപ്പെട്ടവരെ സഹായിക്കുന്നവരെ ദൈവം അനുഗ്രഹിക്കുകയും ചെയ്യും..” ഫാദറ് സെലീനയോട് പറഞ്ഞു.
“എങ്കില്‍ ഞാന്‍ പശുവിനെ പാവപ്പെട്ടവര്‍ക്ക് കൊടുക്കാം…” സെലീന സമ്മതിച്ചു. “നല്ല കുട്ടി, മോളെ ദൈവം തീര്‍ച്ചയായും അനുഗ്രഹിക്കും..” ഫാദറിന്‍ സന്തോഷമായി.
“മോള്‍ക്ക് രണ്ട് ആട്ടിന്‍ കുട്ടിയുണ്ടെങ്കിലോ..” ഫാദറ് ചോദിച്ചു. “ഒരെണ്ണത്തിനെ ഞാന്‍ പാവപ്പെട്ടോര്‍ക്ക് കൊടുക്കും..” സെലീന പെട്ടന്നുത്തരം പറഞ്ഞു.
“മോള്‍ക്ക് രണ്ടോ അതില്‍ കൂടുതലോ ഫ്രോക്കുണ്ടെങ്കിലോ..” ഫാദറിന്റെ ആ ചോദ്യത്തിന്‍ ഉത്തരം പറയുവാന്‍ സെലീന ഒന്നു മടിച്ചു. “പറയൂ മോളേ. മോള്‍ക്ക് രണ്ട് ഫ്രോക്കുണ്ടെങ്കില്‍ മോളെന്തു ചെയ്യും..” ഫാദറ് ചോദ്യം ആവര്‍ത്തിച്ചു.
“അത്. ഞാനാര്‍ക്കും കൊടുക്കില്ല…” സെലീന മെല്ലെ പറഞ്ഞു.
“അതെന്താ മോളേ അങ്ങനെ പറഞ്ഞത്.. മോള്‍ക്ക് രണ്ട് പശുവുണ്ടെങ്കില്‍ ഒന്ന് പാവപ്പെട്ടവര്‍ക്ക് ദാനം ചെയ്യാമെന്ന് മോള്‍ സമ്മതിച്ചു. അതുപോലെ ആട്ടിന്‍ കുട്ടിയെയും. അങ്ങനെയെങ്കില്‍ രണ്ട് ഫ്രോക്കില്‍ ഒരെണ്ണം പാവപ്പെട്ട ഏതെങ്കിലും കുട്ടിക്ക് കൊടുക്കരുതോ..? ഫാദറ് ചോദിച്ചു.
“ഇല്ല കൊടുക്കത്തില്ല….” സെലീന തീര്‍ത്തു പറഞ്ഞു…
“അതിന് കാരണമെന്താ മോളെ..” ഫാദറ് ചോദിച്ചു.
“പശുവും ആടും എന്റെ വീട്ടിലില്ല. എന്നാല്‍ എനിക്ക് കുറെ ഫ്രോക്കുണ്ട് ഫാദര്‍…” സെലീനയുടെ മറുപടി കേട്ട് ഫാദറിന്റെ മുഖം കാറ്റ് പോയ ബലൂണ്‍ പോലെയായി…
(തുടരും..)
No comments:
Post a Comment