അന്നൊരു അവധി ദിവസമായിരുന്നു.
സെലീന വീടിന്റെ മുറ്റത്ത് നിന്ന് റോഡിനപ്പുറത്തുള്ള കുട്ടികളുടെ പാര്‍ക്കിലേക്ക് നോക്കി. നല്ല വെയിലായതിനാല്‍ പാര്‍ക്കില്‍ കുട്ടികളാരുമില്ലായിരുന്നു. സെലീനയ്ക്ക് യാതൊരു രസവും തോന്നിയില്ല. അപ്പോഴാണ്‍ ഗേറ്റിനപ്പുറത്ത് റോഡരികില്‍ വെളുത്ത ഒരാട്ടിന്‍ കുട്ടി അതിന്റെ തള്ളയോടൊപ്പം പച്ചിലകള്‍ തിന്നുകൊണ്ട് നില്‍ക്കുന്നത് അവള്‍ കണ്ടത്.
സെലീനയ്ക്ക് ആട്ടിന്‍ കുട്ടിയെ വലിയ ഇഷ്ടമാണ്. പല തവണ അവള്‍ പപ്പയോട് പറഞ്ഞതാണ്‍ തനിക്കൊരു ആട്ടിന്‍ കുട്ടിയെ വാങ്ങി തരാന്‍. പക്ഷേ മമ്മി സമ്മതിച്ചില്ല... പൂന്തോട്ടത്തിലെ ചെടികളെല്ലാം ആട്ടിന്‍ കുട്ടി തിന്നു നശിപ്പിക്കുമെന്ന ഭയമാണ് മമ്മിയ്ക്ക്…
ഗേറ്റിനരികില്‍ ആട്ടിന്‍ കുട്ടിയെ കണ്ടപ്പോള്‍ സെലീനയ്ക്ക് വളരെ സന്തോഷം തോന്നി. ഗേറ്റ് തുറന്ന് ആട്ടിന്‍ കുട്ടിയുടെ അടുക്കലേക്ക് ചെന്നാലോ..? അവള്‍ ചിന്തിച്ചു. പക്ഷേ റോഡിലേക്കൊന്നും ഇറങ്ങരുതെന്നാ മമ്മിയുടെ കല്പന.
സെലീനയുടെ മമ്മിയ്ക്കാണെങ്കില്‍ അടുത്താഴ്ച ജവഹറ് കോളനിയിലെ വിമന്‍സ് ക്ലബില്‍ നടക്കുവാന്‍ പോകുന്ന പാചക മത്സരത്തിന്റെ തയ്യാറെടുപ്പിലായിരുന്നു. തുടര്‍ച്ചയായി നാലഞ്ചു വര്‍ഷം സെലീനയുടെ മമ്മിയ്ക്കായിരുന്നു പാചക മത്സരത്തില്‍ ഒന്നാം ലഭിച്ചത്.
എന്നാല്‍ കഴിഞ്ഞ വര്‍ഷം സെലീനയുടെ മമ്മിയെ തോല്‍പ്പിച്ചുകൊണ്ട് വിമന്‍സ് ക്ലബ് പ്രസിഡ്ണ്ട് ഉഷ ഉണ്ണിത്താന്‍ ഒന്നാം സമ്മാനം അടിച്ചെടുത്തു. പാചക മത്സരത്തില്‍ തോറ്റ വിഷമത്തിന്‍ ഒന്ന് രണ്ട് ദിവസം സെലീനയുടെ മമ്മി പച്ചവെള്ളം പോലും കുടിക്കാതെ കിടന്നു. അടുത്ത വര്‍ഷം ഉഷ ഉണ്ണിത്താനെ തോല്‍പ്പിക്കുമെന്ന് അന്നവര്‍ തീരുമാനമെടുത്തതാണ്. അതിനു വേണ്ടി പുതിയതരം പാചക വിദ്യകള്‍ സെലീനയുടെ മമ്മി വികസിപ്പിച്ചെടുക്കുകയും, പരീക്ഷണാര്‍ത്ഥം സെലീനയുടെ പപ്പയ്ക്കും, വല്യപ്പച്ചനുമൊക്കെ കൊടുക്കുകയും ചെയ്യും. പക്ഷേ ആ ഭക്ഷണം കഴിച്ചാലുടന്‍ അവര്‍ക്ക് കക്കൂസില്‍ നിന്നിറങ്ങുവാന്‍ സമയം കാണില്ലെന്നു മാത്രം.
ഗേറ്റിനപ്പുറത്ത് ആട്ടിന്‍ കുട്ടി തള്ളയാടിനൊപ്പം പുല്ലു തിന്നുകൊണ്ടിരിക്കുകയാണ്‍. മമ്മി അടുക്കളയില്‍ തിരക്കിലാണെന്ന് മനസ്സിലാക്കിയ സെലീന പൂന്തോട്ടത്തില്‍ നിന്ന് ഒന്ന് രണ്ട് പച്ചിലകള്‍ പറിച്ചെടുത്ത് ഗേറ്റിനരികിലെത്തി.
സെലീനയെ കണ്ടതും ഗേറ്റിനപ്പുറത്ത് നിന്ന് ആട്ടിന്‍ കുട്ടി തുള്ളിച്ചാടുവാന്‍ തുടങ്ങി. സെലീന ഗേറ്റിലെ കമ്പികള്‍ക്കിടയിലൂടെ തന്റെ കൈയ്യിലുള്ള പച്ചില ആട്ടിന്‍ കുട്ടിക്ക് നല്‍കി. താന്‍ കൊടുത്ത പച്ചില ‘കറുമുറാ’ ന്ന് ശബ്ദത്തില്‍ ആട്ടിന്‍ കുട്ടി തിന്നുന്നത് കണ്ടപ്പോള്‍ അവള്‍ക്ക് വളരെയധികം സന്തോഷം തോന്നി.
അവള്‍ ഗേറ്റു തുറന്ന് ആട്ടിന്‍ കുട്ടിയുടെ അടുക്കലെത്തി. അവള്‍ അതിനെ താലോടുവാനും, ഉമ്മ വയ്ക്കുവാനും തുടങ്ങി. ഈ സമയത്താണ്‍ അത് സംഭവിച്ചത്.
തള്ളയാട് ഓടി വന്ന് സെലീനയെ കുത്തി!!!. ‘മമ്മീന്ന്..’ നിലവിളിച്ചുകൊണ്ട് സെലീന ദൂരെ തെറിച്ചു വീണു. തള്ളയാട് വീണ്ടും തന്റെ നേര്‍ക്ക് പാഞ്ഞു വരുന്നത് കണ്ട് സെലീന ശരിക്കും ഭയന്നു പോയി. തള്ളയാട് വീണ്ടും തന്നെ കുത്തുന്നതിന്‍ മുമ്പ് സെലീന വീണിടത്തു നിന്ന് ഉരുണ്ടെഴുന്നേറ്റ് തുറന്നു കിടന്ന ഗേറ്റിലൂടെ അകത്ത് കയറി പെട്ടന്ന് ഗേറ്റ് അടയ്ക്കുകയും ചെയ്തു.
‘ഹോ. രക്ഷപെട്ടു…’ അവള്‍ ആശ്വസിച്ചു. പിന്നെ ദേഷ്യത്തോട് കൂടി ഒരു വടിയെടുത്ത് ഗേറ്റിനപ്പുറത്തു നില്‍ക്കുന്ന തള്ളയാടിന്‍ ഒരു കുത്തു കൊടുക്കുകയും ചെയ്തു.
‘തന്നെ ആട് കുത്തിയത് ആരെങ്കിലും കണ്ടോ..? സെലീന തിരിഞ്ഞു നോക്കി. പരിസരത്തെങ്ങും ആരുമില്ലെന്ന് കണ്ടപ്പോള്‍ അവള്‍ക്ക് സമാധാനമായി.
‘ഹോ എന്തൊരു വേദനയായിരുന്നു ആട് കുത്തിയപ്പോള്‍..” തന്റെ ദേഹത്തെങ്ങാനും വല്ല മുറിവും പറ്റിയിട്ടുണ്ടോന്ന് പരിശോധിക്കുന്നതിനിടയില്‍ സെലീന ചിന്തിച്ചു.
‘ഭാഗ്യത്തിന്‍ ഒരു മുറിവും പറ്റിയിട്ടില്ല. പക്ഷേ ഇക്കാര്യം ആരോടും പറയാതിരിക്കുന്നതാണ്‍ നല്ലതെന്ന് സെലീനയ്ക്ക് തോന്നി. മമ്മിയോട് പറഞ്ഞാല്‍ നല്ല ചുട്ട അടി ഉറപ്പാണ്‍. അപ്പോഴാണ്‍ ആരോ പൊട്ടിച്ചിരിക്കുന്നത് സെലീന കേട്ടത്. അവള്‍ തിരിഞ്ഞു നോക്കി.
അടുത്ത വീട്ടിലെ ശ്രീധരനങ്കിളിന്റെ മകന്‍ അപ്പു!!!!
തന്നെ ആടി കുത്തി താഴെയിട്ടത് അവന്‍ കണ്ടിരിക്കുന്നു. സെലീനയെ ആട് കുത്തി താഴെയിട്ടത് കണ്ടപ്പോള്‍ അപ്പുവിന്‍ സന്തോഷമടക്കുവാന്‍ കഴിഞ്ഞില്ല. ‘തന്നെ ഊഞ്ഞാലില്‍ നിന്ന് തള്ളിയിട്ട് തന്റെ കൈ ഒടിച്ചവളല്ലേ.
നന്നായി.!!! അവള്‍ക്ക് അങ്ങനെ തന്നെ കിട്ടണം. അവന്‍ പൊട്ടിച്ചിരിച്ചു. അപ്പു തന്നെ കളിയാക്കി ചിരിക്കുന്നത് കണ്ടപ്പോള്‍ സെലീനയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു.
“പോടാ..” അവള്‍ അവനെ ആട്ടി.
“നീ പോടീ….. എന്റെ വീടിന്റെ മുറ്റത്താടീ ഞാന്‍ നിക്കുന്നെ..:“ അപ്പുവും വിട്ടു കൊടുത്തില്ല. ‘പോടാ ഒറ്റക്കൈയ്യാ..” സെലീന അവനെ കളിയാക്കി.
‘എന്തും വരട്ടെ. ഇനിയും ക്ഷമിക്കുവാന്‍ വയ്യ. ഇവളെ ഇന്നൊരു പാഠം പഠിപ്പിക്കണം. അപ്പു തീരുമാനിച്ചു. ‘പാര്‍ക്കില്‍ വച്ച് ഊഞ്ഞാലില്‍ നിന്ന് തള്ളിയിട്ട് തന്റെ കൈ ഒടിച്ചതും പോരാഞ്ഞിട്ട് അവള്‍ തന്നെ ഒറ്റകൈയ്യാന്ന് വിളിക്കുന്നോ..? അപ്പുവിന്‍ ദേഷ്യമടക്കുവാന്‍ കഴിഞ്ഞില്ല.
കൈയ്യില്‍ കിട്ടിയ ഒരു കല്ലെടുത്ത് സെലീനയുടെ തലയ്ക്ക് നോക്കി അവനൊരു ഏറ് കൊടുത്തു. എന്നാല്‍ ലക്ഷ്യം തെറ്റി അത് സെലീനയുടെ പുറത്താണ്‍ പതിച്ചത്. അപ്പുവില്‍ നിന്ന് അങ്ങനെയൊരു പ്രത്യാക്രമം സെലീന പ്രതീക്ഷിച്ചിരുന്നില്ല. അവള്‍ക്ക് നന്നായി വേദനിച്ചു.
“മമ്മീ…” പെട്ടന്ന് അവള്‍ തേങ്ങി കരഞ്ഞുകൊണ്ട് വീട്ടിനുള്ളിലേക്ക് ഓടി
‘സെലീനയ്ക്ക് എന്തെങ്കിലും പറ്റിക്കാണുമോ..” അപ്പു വല്ലാതെ ഭയന്നു. ‘സെലീനയെ താന്‍ കല്ല് വലിച്ചെറിഞ്ഞത് അവളുടെ പപ്പയറിഞ്ഞാല്‍ ആകെ കുഴപ്പമാണ്‍. അയാള്‍ പോലീസാണ്‍. എന്തും ചെയ്യാന്‍ മടിക്കില്ല. ഇക്കാര്യം തന്റെ വീട്ടിലറിഞ്ഞാലും പ്രശ്നം ഗുരുതരം തന്നെ.
സെലീനയോട് വഴക്കിനൊന്നും പോകരുതെന്ന്, ആയിരം തവണയെങ്കിലും അമ്മ തന്നോട് പറഞ്ഞിട്ടുള്ളതാണ്‍. പക്ഷേ എല്ലാം സംഭവിച്ചു പോയി. ഒന്നു വേണ്ടായിരുന്നു….
ഇനിയെന്തു ചെയ്യും..!!!
അപ്പുവിന്റെ ശരീരം കവുങ്ങിന്‍ പൂക്കുല പോലെ വിറയ്ക്കുവാന്‍ തുടങ്ങി…
(തുടരും...)
No comments:
Post a Comment