അപ്പു പേടിയോടു കൂടിയാണ് ഓരോ നിമിഷവും തള്ളി നീക്കിയത്. എന്നാല്‍ മണിക്കൂറുകള്‍ കഴിഞ്ഞിട്ടും താന്‍ ഭയന്നതു പോലൊന്നും സംഭവിക്കാതിരുന്നപ്പോള്‍ അവന്‍ ആശ്വാസം തോന്നി.
താന്‍ കല്ല് വലിച്ചെറിഞ്ഞത് സെലീന വീട്ടില്‍ പറഞ്ഞില്ലേ…” രാത്രിയില്‍ ഉറങ്ങുവാന്‍ കിടന്നപ്പോഴും അപ്പു ചിന്തിച്ചത് അതായിരുന്നു. ‘സാധാരണ എന്തെങ്കിലും ചെറിയ പ്രശ്നമുണ്ടായാല്‍ മതി സെലീന പൊടിപ്പും തൊങ്ങലും ചേര്‍ത്ത് വീട്ടില്‍ പറയുന്നതാണ്‍. പക്ഷേ ഇന്നിവള്‍ക്കെന്തു സംഭവിച്ചു?. എത്ര തന്നെ ചിന്തിച്ചിട്ടും അപ്പുവിന്‍ ഒരെത്തും പിടിയും കിട്ടിയില്ല.
എന്നാല്‍ അപ്പു തന്നെ കല്ല് വലിച്ചെറിഞ്ഞത് മനപൂര്‍വ്വം സെലീന തന്റെ വീട്ടില്‍ അറിയിക്കാതിരുന്നതാണ്‍. ഇക്കാര്യം പപ്പയോടോ, മമ്മിയോടോ പറഞ്ഞാല്‍ തന്നെ ആട് കുത്തിയ കാര്യം വെളിച്ചത്താകുമെന്ന് അവള്‍ ഭയന്നു…
‘സമയം വരട്ടെ.! തന്നെ കല്ല് വലിച്ചെറിഞ്ഞതിന്‍ അപ്പുവിനോട് പകരം വീട്ടിക്കൊള്ളാം’ സെലീനയുടെ തീരുമാനം അതായിരുന്നു.
അടുത്ത ദിവസം സെലീന ക്ലാസിലെത്തിയപ്പോള്‍ അവളുടെ മുഖത്ത് നോക്കുവാന്‍ പോലും അപ്പുവിന്‍ ഭയമായിരുന്നു. ‘നെനക്ക് ഞാന്‍ വച്ചിട്ടുണ്ടെടാ…” സെലീന അപ്പുവിനെ നോക്കി മനസ്സില്‍ മന്ത്രിച്ചു.
മെറിനടീച്ചര്‍ ക്ലാസിലെ കുട്ടികളെ പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്‍. സെലീനയൊഴികെ ബാക്കി കുട്ടികളുടെയെല്ലാം ശ്രദ്ധ ടീച്ചറിലായിരുന്നു. അപ്പുവിനോട് എങ്ങനെ പ്രതികാരം ചെയ്യാം എന്നതിനെക്കുറിച്ചാണ്‍ സെലീന അപ്പോള്‍ ചിന്തിച്ചുകൊണ്ടിരുന്നത്.
‘എന്താ കുട്ടി സ്വപ്നം കാണുകയാണോ..” സെലീനയുടെ മനസ്സ് വായിച്ചറിഞ്ഞ ടീച്ചറ് അവളോട് ചോദിച്ചു. ഇതു കേട്ട് ക്ലാസിലെ മറ്റ് കുട്ടികള്‍ പൊട്ടിച്ചിരിച്ചു.
“നിശബ്ദരായിരിക്കൂ..” ടീച്ചറ് കുട്ടികളോട് ആജ്ഞാപിച്ചു. പെട്ടന്ന് അവരെല്ലാവരും ശാന്തരായി. ‘ഞാന്‍ പഠിപ്പിച്ചുകൊണ്ടിരുന്നപ്പോള്‍ കുട്ടി എന്താണ്‍ ചിന്തിച്ചു കൊണ്ടിരുന്നത്…” മെറീന ടീച്ചറ് സെലീനയോട് ചോദിച്ചു.
ക്ലാസിലിരിക്കുമ്പോള്‍ മറ്റൊന്നും ചിന്തിക്കാതെ പഠിപ്പിക്കുന്ന കാര്യങ്ങളില്‍ മാത്രം ശ്രദ്ധിക്കണമെന്ന് ടീച്ചറ് പല തവണ തന്നോട് പറഞ്ഞിട്ടുള്ളതാണ്‍. ഇനിയിപ്പോള്‍ ടീച്ചറിനോട് എന്തു പറയും…? സെലീന്‍ ചിന്തിച്ചു.
“എന്താ.. കുട്ടി. ചോദിച്ചതിന്‍ ഉത്തരം പറയൂ. ഞാന്‍ പഠിപ്പിക്കുന്നത് ശ്രദ്ധിക്കാതെ എന്താണ്‍ നീ ചിന്തിച്ചുകൊണ്ടിരിക്കുന്നത്..?” മെറിന ടീച്ചറ് സെലീനയോട് ചോദ്യം ആവര്‍ത്തിച്ചു. എന്നാല്‍ സെലീനയ്ക്ക് ഉത്തരം മുട്ടിപ്പോയി
ഇത്തവണ സെലീനയ്ക്ക് ടീച്ചറിന്റെ കൈയ്യില്‍ നിന്ന് നല്ല ചുട്ട അടി കിട്ടുമെന്ന് ക്ലാസിലെ കുട്ടികള്‍ക്കെല്ലാം ഉറപ്പായി. അവര്‍ക്ക് വളരെയധികം സന്തോഷം തോന്നി. അപ്പുവിനായിരുന്നു കൂടുതല്‍ സന്തോഷം.
“ചോദിച്ചത് കേട്ടില്ലേ..” മനീഷ ടീച്ചറിന്‍ ദേഷ്യം വന്നു.
“അത്..അത്… ഞാന്‍ ടീച്ചറിനെക്കുറിച്ച് ചിന്തിച്ചോണ്ടിരിക്കുകയായിരുന്നു..“ തനിക്ക് അടി കിട്ടുമെന്നുറപ്പായപ്പോള്‍ സെലീന ഒരു നുണ കാച്ചി.
“എന്നെക്കുറിച്ച് എന്ത് ചിന്തിക്കാന്‍…” മെറീന ടീച്ചറ് ചോദിച്ചു. “പഠിച്ച് വലുതാകുമ്പോള്‍ ടീച്ചറിനെപ്പോലെ സുന്ദരിയും, മിടുക്കിയുമായൊരു ടീച്ചറായി ഒരു പാട് കുട്ടികളെ പഠിപ്പിക്കുന്നതിനെക്കുറിച്ചാ ഞാന്‍ ചിന്തിച്ചത്…” സെലീന പറഞ്ഞത് കേട്ട് ടീച്ചറിന്റെ ദേഷ്യമെല്ലാം പമ്പ കടന്നു. മാത്രമല്ല ടീച്ചറിന്റെ മുഖത്തൊരു പുഞ്ചിരി പ്രകടമാവുകയും ചെയ്തു.
“കുട്ടിയുടെ ആഗ്രഹം നല്ലതു തന്നെ. പക്ഷെ പഠിക്കുന്ന സമയത്ത് അതുമിതും ചിന്തിക്കരുത് കേട്ടോ..” മെറീന ടീച്ചറ് സെലീനയ്ക്ക് മുന്നറിയിപ്പു നല്‍കി.
“ഇല്ല ടീച്ചറേ..” മനസ്സില്‍ ചിരിച്ചു കോണ്ട് സെലീന ടീച്ചറിന്‍ ഉറപ്പു നല്‍കി. ടീച്ചറിന്റെ കൈയ്യില്‍ നിന്നും സെലീനയ്ക്ക് നല്ല ചുട്ട അടി കിട്ടുമെന്ന് കരുതിയ കുട്ടികളുടെ മുഖം ഇഞ്ചി തിന്ന കുരങ്ങിനെപ്പോലെയായി.
No comments:
Post a Comment