Sunday, June 22, 2008

സെലീനയുടെ പാവക്കുട്ടി -8

ദിവസങ്ങള്‍ പലതും കഴിഞ്ഞു കൊണ്ടിരുന്നു.
അന്ന് ഒരു ശനിയാഴ്ച ദിവസമായിരുന്നു. അന്നാ‍യിരുന്നു സെലീനയുടെ പിറന്നാള്‍. സെലീനയുടെ ഓരോ പിറന്നാളും വളരെ ഗംഭീരമായി അവളുടെ പപ്പയും മമ്മിയും ആഘോഷിക്കുക പതിവായിരുന്നു.

പിറന്നാളിനോടനുബന്ധിച്ച് തന്റെ വീട്ടില്‍ വച്ച് നടക്കുന്ന വിരുന്നിലേക്ക് രണ്ട് ദിവസങ്ങള്‍ക്കു മുമ്പ് തന്നെ ക്ലാസിലെ കുട്ടികളെയും, മെറീന ടീച്ചറെയും സെലീന ക്ഷണിച്ചിരുന്നു.

“ഞാന്‍ നിന്റെ വീട്ടില്‍ വരത്തില്ല…” സെലീന തന്നെ ക്ഷണിച്ചപ്പോള്‍ അപ്പു അവളോട് വെട്ടിത്തുറന്നു പറഞ്ഞു. അപ്പു പറഞ്ഞത് കേട്ടപ്പോള്‍ സെലീനയ്ക്ക് മനസ്സില്‍ വിഷമം തോന്നിയെങ്കിലും അവളത് പുറത്ത് പ്രകടിപ്പിച്ചില്ല.

“നീ വരണ്ടാടാ കുരങ്ങച്ചാ.. നിന്റെ പിറന്നാളിന്‍ ഞാനും വരത്തില്ല…” സെലീന ദേഷ്യത്തോടു കൂടി അപ്പുവിനെ പിന്നിലേക്ക് തള്ളി. ഭാഗ്യത്തിന്‍ അവന്‍ താഴെ വീണില്ല. എന്നാല്‍ മറ്റ് കുട്ടികളുടെയൊക്കെ മുമ്പാകെ അവള്‍ തന്നെ ‘കുരങ്ങച്ച’ നെന്ന് വിളിച്ചത് അപ്പുവിന് തീരെ സഹിച്ചില്ല.

“എന്റെ ഒടിഞ്ഞ് കൈയ്യേലെ പ്ലാസ്റ്ററെടുക്കട്ട്. കാണിച്ചു തരാം ഞാന്‍..” അപ്പു സെലീനയെ ഭീഷണിപ്പെടുത്തി. ഇതു കേട്ടപ്പോള്‍ സെലീനയ്ക്ക് ദേഷ്യം വര്‍ദ്ധിച്ചു.

ദിവസങ്ങള്‍ക്ക് മുമ്പ് അപ്പു തന്നെ കല്ല് വലിച്ചെറിഞ്ഞത് അവള്‍ മറന്നിരുന്നില്ല. തന്റെ കൈയ്യിലിരുന്ന പേന കൊണ്ട് അപ്പുവിന്റെ തലയ്ക്ക് അവള്‍ ഒരു കുത്തു കൊടുത്തു. അപ്പുവിന് ശരിക്കും വേദനിച്ചു. അവന്‍ തേങ്ങിക്കരയുവാന്‍ തുടങ്ങി. സെലീന അവന്റെ ചെവിക്ക് ഒരു നുള്ള് കൂടി നല്‍കിയപ്പോള്‍ അപ്പുസിന്റെ കരച്ചില്‍ ഉച്ചത്തിലായി. അപ്പോഴേക്കും സെലീന അവിടെ നിന്ന് ഓടിയൊളിച്ചു.

പിറന്നാളിനോടനുബന്ധിച്ച് സെലീനയുടെ വീട്ട് മുറ്റത്ത് മനോഹരമായൊരു പന്തല്‍ അണിയിച്ചൊരുക്കിയിരുന്നു. തലേദിവസം തന്നെ സെലീനയുടെ പിറന്നാളാഘോഷങ്ങളില്‍ പങ്കെടുക്കുവാന്‍ ദൂരെയുള്ള സ്ഥലങ്ങളില്‍ നിന്ന് ബന്ധുക്കളൊക്കെ അവളുടെ വീട്ടിലെത്തിയിരുന്നു. സെലീനയാണെങ്കില്‍ വലിയ സന്തോഷത്തിലായിരുന്നു. കുളിച്ചൊരുങ്ങി പുതിയ വസ്ത്രവും ധരിച്ച് ഒരു പൂമ്പാറ്റയെപ്പോലെ അവള്‍ എങ്ങും ഓടി നടന്നു.

“മോളെ ഓടിച്ചാടി എങ്ങും വീഴരുത്…” പപ്പ അവള്‍ക്ക് മുന്നറിയിപ്പ് നല്‍കി. പക്ഷേ സെലീന അടങ്ങിയില്ല. ഇതിനിടയില്‍ അവള്‍ സണ്ണിയങ്കിളിന്റെ മകള്‍ അലീനയുമായി വഴക്കുണ്ടാക്കുകയും ചെയ്തു.

സെലീനയുടെ മമ്മിയുടെ സഹോദരനാണ് സണ്ണിയങ്കിള്‍. അലീനയ്ക്ക് നാല്‍ വയസ്സാണ് പ്രായം. സെലീന മുറ്റത്തെ പന്തലിനുള്ളില്‍ നല്ല വലുപ്പത്തില്‍ വീര്‍പ്പിച്ച ഒരു ബലൂണിട്ട് തട്ടിക്കളിക്കുമ്പോഴാണ്‍ അലീന അവിടേക്ക് കടന്നു വന്നത്.

ചേച്ചി എന്നെക്കൂടി കളിപ്പിക്കുമോ..” കുറെനേരം സെലീന കളിക്കുന്നത് നോക്കി നിന്ന അലീന സെലീനയോട് ചോദിച്ചു.

“ഇല്ല. നീ അവിടിരുന്ന് കളി കണ്ടാല്‍ മതി..” സെലീന പറഞ്ഞത് കേട്ടപ്പോള്‍ അലീനയ്ക്ക് ഭയങ്കര വിഷമം തോന്നി. അവള്‍ ഒന്നും മിണ്ടാതെ സെലീന ബലൂണ്‍ തട്ടിക്കളിക്കുന്നത് നോക്കിയിരുന്നു. കുറെ നേരമായപ്പോള്‍ അലീനയ്ക്ക് വല്ലാത്ത മടുപ്പ് തോന്നി. സെലീനയുടെ കൈയ്യില്‍ നിന്ന് ബലൂണ്‍ താഴെ വീണ തക്കത്തിന് അവള്‍ അതെടുത്ത് കൊണ്ട് ഒറ്റ ഓട്ടമായിരുന്നു.

“മമ്മീ..” സെലീന പിന്നാലെ ഓടി. ബലൂണുമായി ഓടുന്നതിനിടയില്‍ അലീന തിരിഞ്ഞു നോക്കിയതാണ്. അവള്‍ കാലിടറി ബലൂണിന്റെ മുകളിലേക്ക് പൊത്തോന്ന് വീഴുകയും ‘ടപ്പ്’ എന്ന ശബ്ദത്തില്‍ ബലൂണ്‍ പൊട്ടിപ്പോവുകയും ചെയ്തു. അലീന ഉരുണ്ട് പിടഞ്ഞെഴുന്നേറ്റപ്പോഴേക്കും സെലീന അവിടെ ഓടിയെത്തിയിരുന്നു. അലീന വല്ലാതെ ഭയന്നു പോയി.

സെലീനയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു തുടുത്തു. അലീനയാണെങ്കില്‍ ഇപ്പോള്‍ പൊട്ടിക്കരയുമെന്ന അവസ്ഥയിലായിരുന്നു. “ചേച്ചി.. എന്താ എന്നെ കളിപ്പിക്കാത്തെ. അതുകൊണ്ടാ ബലൂണുകൊണ്ട് ഞാനോടിയത്..” ഉള്ളിലെ ഭയം മറച്ചു വച്ചു കൊണ്ട് അലീന പറഞ്ഞു.

പക്ഷേ സെലീനയ്ക്ക് ദേഷ്യമടക്കുവാനായില്ല. അവള്‍ അലീനയുടെ കവിളത്ത് ആഞ്ഞടിച്ചു. വേദനകൊണ്ട് അലീന പുളഞ്ഞുപോയി. അലീനയാരാ മോള്‍. ചേച്ചിയാണെന്നൊന്നും അവള്‍ നോക്കിയില്ല. ശരീരം വേദനിച്ചപ്പോള്‍ അവളും വിട്ടു കൊടുത്തില്ല. സെലീനയുടെ തലമുടിക്ക് അവള്‍ പിടുത്തമിട്ടു. സെലീന കുതറിയെങ്കിലും അലീന വിട്ടില്ല. അവള്‍ സെലീനയെ തള്ളി താഴെയിട്ടു.

“മമ്മീ..” സെലീന നിലവിളിച്ചു. കുട്ടികള്‍ തമ്മിലുള്ള വഴക്ക് കണ്ട അലീനയുടെ അമ്മ പെട്ടന്ന് അവിടെ ഓടിയെത്തി. “ആന്റീ…” സെലീന വിങ്ങിപ്പൊട്ടി കരയുവാന്‍ തുടങ്ങി.

അമ്മ ഒരു വടിയെടുത്ത് അലീനയുടെ തുടയ്ക്ക് ഒരു തല്ലു കൊടുത്തു. നന്നായി വേദനിച്ചെങ്കിലും അലീന കരഞ്ഞില്ല. അവള്‍ കത്തുന്ന മിഴികളോടു കൂടി സെലീനയുടെ മുഖത്തേക്ക് നോക്കി. അലീനയ്ക്ക് അടി കിട്ടിയപ്പോള്‍ സെലീനയ്ക്ക് സന്തോഷമായി.

"സെലീന ചേച്ചിയുമായി ഞാനിനി വഴക്കുണ്ടാക്കില്ല…” അമ്മയുടെ കൈയ്യില്‍ നിന്ന് വീണ്ടും അടി കിട്ടുമെന്നായപ്പോള്‍ പെട്ടന്ന് അലീന പറഞ്ഞു.

“വഴക്കുണ്ടാക്കിയാല്‍ നിന്നെ ഇവിടെ വിട്ടിട്ട് ഞാനങ്ങ് പോകും…” അമ്മ അലീനയെ ഭീഷണിപ്പെടുത്തി. ആ ഭീഷണി ശരിക്കും ഫലിച്ചു. കുറെ സമയം സെലീനയും, അലീനയും പര്‍സ്പരം ഒരിയാടാതെ കവിള്‍ വീര്‍പ്പിച്ചിരുന്നെങ്കിലും പിന്നീട് അവര്‍ സ്നേഹത്തിലായി.

(തുടരും...)

No comments: