Monday, June 23, 2008

സെലീനയുടെ പാവക്കുട്ടി-9

അന്ന് വൈകുന്നേരമായപ്പോഴേക്കും പിറന്നാളാഘോഷങ്ങളില്‍ പങ്കെടുക്കുവാന്‍ സെലീനയുടെ വീട്ടില്‍ അതിഥികളെല്ലാം എത്തിച്ചേര്‍ന്നു. സ്ക്കൂളില്‍ നിന്ന് മെറിനടീച്ചര്‍ വന്നെങ്കിലും സെലീനയുടെ ക്ലാസിലെ കുട്ടികളാരും വന്നില്ല. സെലീനയെ അത് വളരെയധികം വിഷമിപ്പിക്കുകയും ചെയ്തു.

സെലീന ബെര്‍ത്ത് ഡേ കേക്ക് മുറിച്ചതോടു കൂടി പിറന്നാള്‍ ആഘോഷങ്ങള്‍ക്ക് ആരംഭമായി. “ഹാപ്പി ബര്‍ത്ത് ഡേ സെലീന…” പിറന്നാളാഘോഷങ്ങളില്‍ പങ്കെടുക്കുവാനെത്തിയവരൊക്കെ സെലീനയ്ക്ക് ആശംസകള്‍ നേരുകയും, ധാരാളം സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തു.

“കഴിഞ്ഞ കാലങ്ങളില്‍ സെലീനമോലെ കാത്തു രക്ഷിച്ച ദൈവം ഇനിയും അവള്‍ക്ക് ആയുസ്സും, ബലവും നല്‍കട്ടെ…” ഇമ്മാനുവേലച്ചന്‍ സെലീനയെ അനുഗ്രഹിച്ചു. മാത്രമല്ല സുന്ദരിയായൊരു പാവക്കുട്ടിയെ ഫാദര്‍ അവള്‍ക്ക് സമ്മാനിക്കുകയും ചെയ്തു. സെലീനയ്ക്ക് പാവക്കുട്ടിയെ വളരെയധികം ഇഷ്ടപ്പെട്ടു. കാരണം ആ പാവക്കുട്ടിക്ക് അതിസുന്ദരിയായൊരു മാലാഖയുടെ മുഖമായിരുന്നു.

പിറന്നാളാഘോഷങ്ങള്‍ കഴിഞ്ഞപ്പോഴേക്കും രാത്രിയായിരുന്നു. അതിഥികളെല്ലാം യാത്ര പറഞ്ഞ് പിരിഞ്ഞു. ഫാദറ് സമ്മാനിച്ച പാവക്കുട്ടിയെ നെഞ്ചോട് ചേര്‍ത്ത് പിടിച്ചു കിടന്ന് സെലീനയും തളര്‍ന്നുറങ്ങിപ്പോയിരുന്നു.

സമയം പാതിരാത്രിയായി.
സെലീന തന്റെ മുറിയില്‍ കിടന്ന് കൂര്‍ക്കം വലിച്ചുറങ്ങുകയാണ്. “സെലീനേ..” ഉറങ്ങി കിടന്ന തന്നെ ആരോ പലതവണ തട്ടി വിളിച്ചതുപോലെ സെലീനയ്ക്ക് തോന്നി. അവള്‍ ദേഷ്യത്തോടെ കണ്ണുകള്‍ തുറന്ന് നോക്കിയപ്പോള്‍ തന്റെ മുറിയില്‍ നീലവെളിച്ചം നിറഞ്ഞു നില്‍ക്കുന്നത് അവള്‍ കണ്ടു. സെലീനയ്ക്ക് അത്ഭുതവും, അമ്പരപ്പും വര്‍ദ്ധിച്ചു. പെട്ടന്നാണ് അടച്ചിട്ടിരിക്കുന്ന ജാലകവാതില്‍ ആരോ തുറക്കുന്നതുപോലെ അവള്‍ക്ക് തോന്നിയത്. തുറന്ന ജാലകത്തിലൂടെ പെട്ടന്ന് ആയിരക്കണക്കിന് മിന്നാമിന്നികള്‍ ആ മുറിയിലേക്ക് പറന്നെത്തി. അവ അവള്‍ക്ക് ചുറ്റും പറന്നു കളിച്ചു. സെലീന ഒന്നും മനസ്സിലാകാതെ ഒരു സ്വപ്നലോകത്തിലെന്നപോലെ മിഴിച്ചു നിന്നു.

“സെലീനേ..” നീലവെളിച്ചത്തിനുള്ളില്‍ നിന്ന് ആരോ തന്നെ വിളിച്ചത് കേട്ട് സെലീന പെട്ടന്ന് തിരിഞ്ഞു നോക്കി. ആരാണ് തന്നെ വിളിച്ചത്. സെലീനയ്ക്ക് വല്ലാത്ത ഭയം തോന്നി. നല്ല തണുപ്പുള്ള രാത്രിയായിരുന്നിട്ടും അവളുടെ ശരീരം വിയര്‍ത്തൊലിക്കുവാന്‍ തുടങ്ങി.

“മമ്മീ…” ഉച്ചത്തില്‍ നിലവിളിച്ചെങ്കിലും അവളുടെ തൊണ്ടയില്‍ നിന്ന് ശബ്ദം പുറത്തേക്ക് വന്നില്ല.

“പേടിക്കേണ്ട കുട്ടീ… ഞാനാ നിന്നെ വിളിച്ചത്..” ആ ശബ്ദം കേട്ട് സെലീന തിരിഞ്ഞു നോക്കി. അപ്പോഴാണ് അവളത് കണ്ടത്…. പിറന്നാളിന് ഫാദറ് തനിക്ക് സമ്മാനിച്ച പാവക്കുട്ടി ജീവനോടെ തന്റെ മുന്നില്‍ നില്‍ക്കുന്നു.

“പാവക്കുട്ടിക്കെങ്ങനെ സംസാരിക്കുവാന്‍ കഴിയും..” സെലീന അത്ഭുതപ്പെട്ടു. ‘ സംസാരിക്കുക മാത്രമല്ല തന്നെ നോക്കി അത് ചിരിക്കുകയും, കണ്ണിറുക്കയും ചെയ്യുന്നു. അവള്‍ അമ്പരപ്പോടെ പാവക്കുട്ടിയുടെ മുഖത്തേക്ക് നോക്കി മിഴിച്ചിരുന്നു..

ബാറ്ററിയിട്ടാല്‍ പാട്ടുപാടുകയും ഡാന്‍സ് ചെയ്യുന്നതുമായ ഏതാനും പാവകള്‍ സെലീനയുടെ വീട്ടിലുണ്ട്. എന്നാല്‍ മനുഷ്യനെപ്പോലെ സംസാരിക്കുന്ന പാവകളെക്കുറിച്ച് സെലീന കേട്ടിട്ടുപോലുമില്ല. എന്നാല്‍ അത്തരമൊരു പാവയാണ് തന്റെ മുന്നില്‍ നില്‍ക്കുന്നത്..

സെലീനയ്ക്ക് അത്ഭുതവും, അമ്പരപ്പും വര്‍ദ്ധിച്ചു.

(ബാക്കി ഭാഗം നാളെ..)

No comments: