“താന്‍ കാണുന്നത് സത്യമോ, മിഥ്യയോ..? സെലീന വിശ്വാസം വരാതെ കണ്ണുകള്‍ തിരുമിനോക്കി. “എന്താ വിശ്വാസം വരുന്നില്ലേ..” പാവക്കുട്ടി സെലീനയോട് ചോദിച്ചു.
“നോക്കു.. ഞാന്‍ സാധാരണ പാവയല്ല.. എനിക്ക് കുട്ടിയെപ്പോലെ സംസാരിക്കുവാനും, ഓടിച്ചാടി നടക്കുവാനും, പാട്ട് പാടാനും, ന്യത്തം ചെയ്യാനും, അതുപോലെ ഒരുപാട് അത്ഭുതങ്ങള്‍ കാണിക്കുവാനും കഴിയും..” അമ്പരന്നു നില്‍ക്കുന്ന സെലീനയോട് പാവക്കുട്ടി പറഞ്ഞു.
“എനിക്ക് പേടിയാ..” സെലീന നിലവിളിക്കുമെന്ന അവസ്ഥയിലായി. “എന്തിനാ പേടിക്കുന്നെ…. ഞാന്‍ കുട്ടിയെ ഒന്നും ചെയ്യില്ല.. “ പാവക്കുട്ടി സെലീനയെ ആശ്വസിപ്പിച്ചെങ്കിലും സെലീയുടെയുള്ളിലെ ഭയം വര്‍ദ്ധിക്കുകയാണുണ്ടായത്.
“പോ…. എന്റെ മുന്നീന്ന് പോ.. എനിക്ക് ശരിക്കും പേടിയാവുന്നു.. ഞാനിപ്പം ന്റെ പപ്പേം, മമ്മീയേം വിളിക്കും..” സെലീന മുഖം പൊത്തി കരയുവാന്‍ തുടങ്ങി.
“എന്റെ കുട്ടീ, നീ കരഞ്ഞാലും, നിലവിളിച്ചാലും ആരും കുട്ടീടെ ശബ്ദം കേള്‍ക്കില്ല. എല്ലാവരും നല്ല ഉറക്കമാ ഇപ്പോള്‍…” പാവക്കുട്ടി പറഞ്ഞത് കേട്ടപ്പോള്‍ സെലീനയുടെ ഭയം ഇരട്ടിച്ചു. പെട്ടന്ന് അവള്‍ തുറന്നു കിടന്ന് വാതിലിലൂടെ പുറത്തേക്ക് ഓടുവാന്‍ ശ്രമിച്ചെങ്കിലും വാതില്‍ അവളുടെ മുന്നില്‍ താനെ അടയ്ക്കപ്പെട്ടു..
ആരാണ്‍ വാതിലടച്ചത്…? സെലീനയ്ക്ക് ഭയം വര്‍ദ്ധിച്ചു. അവള്‍ വാതില്‍ തുറക്കുവാന്‍ പലതവണ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
“പേടിക്കേണ്ട കുട്ടീ, ഞാനാണ്‍ വാതിലടച്ചത്.. ഞാന്‍ വിചാരിക്കാതെ ആര്‍ക്കും ഇനിയും ഈ വാതില്‍ തുറക്കുവാന്‍ കഴിയില്ല.“ പാവക്കുട്ടി സെലീനയെ നോക്കി പുഞ്ചിരിച്ചു കൊണ്ട പറഞ്ഞു. “എനിക്ക് ചില അത്ഭുതശക്തികളുണ്ടെന്ന് ഞാന്‍ പറഞ്ഞില്ലേ.. ആ അത്ഭുത ശക്തികൊണ്ടാണ്‍ ഞാനീ വാതിലടച്ചത്…”
“എന്താ ഞാന്‍ പറഞ്ഞത് നിനക്ക് വിശ്വസിക്കുവാന്‍ കഴിയുന്നില്ലേ..“ താന്‍ പറഞ്ഞത് വിശ്വസിക്കുവാനാവാതെ മിഴിച്ചു നില്‍ക്കുന്ന സെലീനയോട് പാവക്കുട്ടി ചോദിച്ചു. “എങ്കിലിതാ ഞാന്‍ മറ്റൊരു അത്ഭുതം കാട്ടിത്തരാം…”
അങ്ങനെ പറഞ്ഞുകൊണ്ട് പാവക്കുട്ടി തന്റെ രണ്ടു കൈകളും നീട്ടി. ആ മുറിയിലെ നീല വെളിച്ചത്തില്‍ അപ്പോഴും ആയിരക്കണക്കിന്‍ മിന്നാമിന്നികള്‍ പറന്നു കളിക്കുന്നുണ്ടായിരുന്നു. പാവക്കുട്ടി കൈകള്‍ നീട്ടിയപ്പോള്‍ നീലവെളിച്ചത്തോടൊപ്പം മിന്നാമിന്നികളും എവിടെയോ അപ്രത്യക്ഷമായി.
സെലീനയുടെ മനസ്സില്‍ അത്ഭുതവും അമ്പരപ്പും വര്‍ദ്ധിച്ചു. അവള്‍ പാവക്കുട്ടിയുടെ മുഖത്തേക്ക് നോക്കി. പാവക്കുട്ടി അവളെ നോക്കി അപ്പോഴും പുഞ്ചിരിച്ചു.
“കുട്ടി പേടിക്കുന്നതുപോലെ ഞാന്‍ അപകടകാരിയൊന്നുമല്ല…. മറിച്ച് ഇന്നു മുതല്‍ ഞാന്‍ നിന്റെ നല്ല കൂട്ടുകാരിയാണ്‍… “ സെലീനയെ പാവക്കുട്ടി ധൈര്യപ്പെടുത്തി. “ഇന്നുമുതല്‍ കുട്ടിയോടൊപ്പം ഞാനെപ്പോഴുമുണ്ടാകും.. എന്നാല്‍ എനിക്ക് ജീവനുണ്ടെന്നോ.. ഞാന്‍ സംസാരിക്കുമെന്നോ കുട്ടിക്കല്ലാതെ മറ്റാര്‍ക്കും അറിയുവാന്‍ കഴിയില്ല. മറ്റുള്ളവര്‍ക്ക് ഞാനൊരു സാധാരണ പാവയായിട്ടേ തോന്നൂ..
‘തനിക്കല്ലാതെ മറ്റാര്‍ക്കും പാവക്കുട്ടി സംസാരിക്കുന്നത് കേള്‍ക്കുവാന്‍ കഴിയില്ലെന്നോ…‘ ഇതു കൊള്ളാമല്ലോ…” സെലീന അത്ഭുതപ്പെട്ടു. അവള്‍ ഒളികണ്ണിട്ട് പാവക്കുട്ടിയെ നോക്കി. പാവക്കുട്ടി സെലീനയെ നോക്കി. പാവക്കുട്ടി അവളെ നോക്കി കണ്ണീറുക്കി കാട്ടി. അതു കണ്ട സെലീന മെല്ലെ പുഞ്ചിരിച്ചു.
“ഹാവൂ ആശ്വാസമായി… കുട്ടിയൊന്ന് ചിരിച്ചു കണ്ടല്ലോ… സെലീനയ്ക്കിപ്പോള്‍ പേടിയൊക്കെ മാറിയോ..” പാവക്കുട്ടിയും പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു. പാവക്കുട്ടിയുടെ ചോദ്യത്തിന്‍ സെലീന ഉത്തരം പറഞ്ഞില്ല. എങ്കിലും അവളുടെ മനസ്സിലുണ്ടായിരുന്ന ഭയമൊക്കെ മെല്ലെ പമ്പ കടക്കുവാന്‍ തുടങ്ങിയിരുന്നു..
“പേടി മാറിയെങ്കില്‍ ദാ ഞാനൊരു വിദ്യ കാണിച്ചു തരാം…” അങ്ങനെ പറഞ്ഞു കൊണ്ട് പാവക്കുട്ടി രണ്ടു കൈകളും നീട്ടി. പെട്ടന്ന് ആ മുറിയ്ക്കുള്ളില്‍ കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം നിറഞ്ഞു. ഏതാനും നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ പ്രകാശത്തിന്റെ ശക്തി കുറഞ്ഞു. അപ്പോള്‍ വിവിധ നിറത്തിലും, വലുപ്പത്തിലുമുള്ള ആയിരക്കണക്കിന്‍ പൂമ്പാറ്റകളെക്കൊണ്ട് ആ മുറി നിറഞ്ഞു. അവ സെലീനയെ തൊട്ടുരുമിക്കൊണ്ട് പറന്നു കളിച്ചു.
“ഹായ്.. ഹായ് എന്തോരം പൂമ്പാറ്റകള്‍.. “ അവള്‍ തുള്ളിച്ചാടുവാന്‍ തുടങ്ങി..
“കുട്ടിക്ക് പൂമ്പാറ്റകളെ ഒരുപാടിഷ്ടമാണല്ലേ…? “ പാവക്കുട്ടിയുടെ ചോദ്യത്തിന്‍ ‘അതെ’ന്നര്‍ത്ഥത്തില്‍ സെലീന തലയാട്ടി.
“എന്നെ ഇഷ്ടമാണോ…” പാവക്കുട്ടിയുടെ ആ ചോദ്യത്തിനും സെലീന തലയാട്ടി. സെലീനയ്ക്ക് പാവക്കുട്ടിയോട് എന്തൊക്കെയോ ചോദിക്കണമെന്നും, പറയണമെന്നുമുണ്ടായിരുന്നു. പക്ഷേ എങ്ങനെ തുടങ്ങണമെന്ന് ഒരു തിട്ടവുമില്ലായിരുന്നു.
“ഞാനെങ്ങനെയാണ് സംസാരിക്കുന്നതെന്നും, അത്ഭുതപ്രവ്യത്തികള്‍ കാണിക്കുന്നതെന്നും കുട്ടി ചിന്തിക്കുകയാണല്ലേ…” പാവക്കുട്ടി സെലീനയോട് ചോദിച്ചു.
“ങ്ഹും..” സെലീന മൂളി.
“എങ്കിലിതാ എന്റെ കഥ കേട്ടോളൂ…” പാവക്കുട്ടി സെലീനയോട് തന്റെ കഥ പറയുവാന്‍ തുടങ്ങി.
(തുടരും..)
1 comment:
ഇത്രമാത്രം എഴുതിക്കൂട്ടിയാല്‍
ഈ തിരക്കിനിടയില്‍
സമയം കിട്ടുമൊ?
Post a Comment