Wednesday, July 2, 2008

യാക്കോബിന്റെ മകന്‍ ജോസഫ്-2

‘ജോസഫിനെ തന്റെ അനുജന്മാര്‍ കൊല്ലുന്നതിന് മുമ്പ് എങ്ങനെയെങ്കിലും അവരുടെ കൈയ്യില്‍ നിന്നും അവനെ രക്ഷിച്ച് അപ്പന്റെ അടുക്കല്‍ എത്തിച്ചേ മതിയാവൂ.’ രൂബേന്‍ പെട്ടന്ന് ചുറ്റും നോക്കി. തൊട്ടടുത്ത് വെള്ളമില്ലാത്ത ഒരു പൊട്ടക്കിണറ് രൂബേന്‍ കണ്ടു. തല്‍ക്കാലം ജോസഫിനെ മരണത്തില്‍ നിന്ന് രക്ഷിക്കുവാന്‍ ഈ കിണര്‍ മതിയാവും.. രൂബേന്‍ മനസ്സില്‍ തീരുമാനിച്ചു.

“നിങ്ങള്‍ ജോസഫിനെ കൊല്ലാതെ ആ പൊട്ടക്കിണറ്റില്‍ ഇടുക…” രൂബേന്‍ തന്റെ അനുജന്മാരോട് ആജ്ഞാപിച്ചു. “നല്ല ആശയം. മരുഭൂമിയിലെ ഈ പൊട്ടക്കിണറ്റില്‍ വെള്ളവും, വായുവും ലഭിക്കാതെ ജോസഫ് മരിച്ചു കൊള്ളും..” രൂബേന്റെ ആശയത്തോട് ജോസഫിന്റെ സഹോദരന്മാര്‍ യോജിച്ചു.

ഈ സമയം തന്റെ സഹോദരന്മാരുടെ ചതിയൊന്നുമറിയാതെ ജോസഫ് അവരുടെ അരികിലെത്തി. പെട്ടന്നാണ് ഇരയ്ക്ക് വേണ്ടി കാത്തിരുന്ന ചെന്നായ്ക്കളെപ്പോലെ അവര്‍ ജോസഫിന്റെ മേല്‍ ചാടി വീണത്. എന്താണ് സംഭവിക്കുന്നതെന്ന് ജോസഫിന് മനസ്സിലായില്ല. അവനൊന്ന് ശബ്ദിക്കുവാന്‍ കഴിയുന്നതിന്‍ മുമ്പ് അവര്‍ അവന്റെ വസ്ത്രമൂരിയെടുത്ത ശേഷം ജോസഫിനെ ആഴമേറിയ ആ പൊട്ടക്കിണറ്റിലേക്ക് തള്ളിയിട്ടു. ജോസഫിന്റെ നിലവിളിയും, കരച്ചിലും കേട്ട് അവന്റെ സഹോദരന്മാര്‍ പൊട്ടിച്ചിരിച്ചു. എന്നാല്‍ രൂബേന്‍ മാത്രം ഇതിലൊന്നും പെടാതെ ആട്ടിന്‍ കൂട്ടത്തിനരികിലേക്ക് നടന്നു..

‘അങ്ങനെ ആ സ്വപ്നക്കാരന്റെ ശല്യവും തീര്‍ന്നു…“ രൂബേനൊഴികെ ജോസഫിനെ സഹോദരങ്ങള്‍ ആശ്വാസത്തോടു കൂടി ഭക്ഷണം കഴിക്കുവാനിരുന്നപ്പോഴാണ് ദൂരെ മരുഭൂമിയിലൂടെ ഒരു സംഘം ആള്‍ക്കാ‍ര്‍ ഒട്ടകപ്പുറത്ത് വരുന്നത് അവര്‍ കണ്ടത്. സുഗന്ധവസ്തുക്കളുമായി ഈജിപ്തിലേക്ക് പോകുന്ന യിശ്മേല്യരായ കച്ചവടക്കാരായിരുന്നു അവര്‍.

അക്കാലത്ത് അടിമക്കച്ചവടം നില നിന്നിരുന്ന സമയമായിരുന്നു. മനുഷ്യനെ വില്‍ക്കാനും, വാങ്ങാനും കഴിയുന്ന കാലം. ഇങ്ങനെ വാങ്ങുകയും വില്‍ക്കുകയും ചെയ്യപ്പെടുന്ന മനുഷ്യരെ അടിമകള്‍ എന്നാണ് അറിയപ്പെടുക. യജമാനന്മാര്‍ തങ്ങള്‍ വാങ്ങുന്ന അടിമകളെക്കൊണ്ട് എല്ലുമുറിയെ പണിയെടുപ്പിച്ചിരുന്നു. മ്യഗത്തിനു തുല്യമായിരുന്നു അക്കാലത്ത് അടിമകളുടെ ജീവിതം.

ഈജിപ്തിലേക്ക് പോകുന്ന ആ കച്ചവടക്കാരെ കണ്ടപ്പോള്‍ ജോസഫിന്റെ രണ്ടാമത്തെ ജേഷ്യഠനായ യഹൂദയ്ക്ക് ഒരാശയം തോന്നി. ജോസഫിനെ ഈ കച്ചവടക്കാര്‍ക്ക് വിറ്റാലോ..? ഏതായാലും അവനെ കൊല്ലാനല്ലേ തങ്ങള്‍ തീരുമാനിച്ചത്. അവനെ കൊല്ലുന്നതിനോട് രൂബേനൊട്ട് സമ്മതവുമല്ല.

ഇതു നല്ല അവസരം!
ഈ കച്ചവടക്കാര്‍ക്ക് വിറ്റാല്‍ അവര്‍ അവനെയും കൊണ്ട് ഈജിപ്തിലേക്ക് പൊയ്ക്കൊള്ളും. അവര്‍ അവനെ കൊല്ലുകയോ, വളര്‍ത്തുകയോ, വില്‍ക്കുകയോ, വില്‍ക്കാതിരിക്കുയോ, എന്തു വേണമെങ്കിലും ചെയ്തോട്ടെ….” യഹൂദ ചിന്തിച്ചു.

“സഹോദരന്മാരേ… ജോസഫ് നമ്മുടെ സഹോദരനും, നമ്മുടെ രക്തവും, നമ്മുടെ മാംസവുമല്ലേ..? അല്ല…അവനെ കൊന്നിട്ട് നമുക്കെന്ത് ഫലം? അതുകൊണ്ട് അവനെ ദാ, ആ വരുന്ന കച്ചവടക്കാര്‍ക്ക് നമുക്ക് വില്‍ക്കാം. വില നമുക്ക് മുന്നില്‍ ഒരു പ്രശ്നമേയല്ല. അവനെക്കൊണ്ടുള്ള ശല്യം ഇല്ലാതാക്കുകയാണ് നമ്മുടെ ലക്ഷ്യം..” യഹൂദ സഹോദരന്മാരോട് പറഞ്ഞു. യഹൂദയുടെ അഭിപ്രായത്തോട് എല്ലാവരും യോജിച്ചു.

പെട്ടന്ന് സഹോദരന്മാരെല്ലാവരും ചേര്‍ന്ന് ജോസഫിനെ കിണറ്റില്‍ നിന്ന് വളരെ പാടുപെട്ട് പുറത്തെടുത്തു. ‘തന്റെ പ്രാര്‍ത്ഥന ദൈവം കേട്ടിരിക്കുന്നു….” ഇരുട്ടു നിറഞ്ഞ ആ കിണറ്റില്‍ നിന്ന് പുറത്ത് വന്നപ്പോള്‍ ജോസഫിന് എന്തെന്നില്ലാത്ത സന്തോഷം തോന്നി. കിണറ്റില്‍ കിടന്ന് താന്‍ അനുഭവിച്ച വേദനയും, സങ്കടവും പെട്ടന്നെവിടെയോ അലിഞ്ഞില്ലാതായതു പോലെ ജോസഫിന്‍ തോന്നിപ്പോയി. അവന് തന്നെ ആ പൊട്ടക്കിണറ്റില്‍ നിന്ന് രക്ഷപെടുത്തിയ സഹോദരന്മാര്‍ക്കും, അവരെ അതിന് പ്രേരിപ്പിച്ച ദൈവത്തിനും നന്ദി പറഞ്ഞു…

പക്ഷേ…
ഒരു സംശയം മാത്രം ജോസഫിന്റെ മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തി.!
യാതൊരു തെറ്റും ചെയ്യാത്ത തന്നെ എന്തിനാണ്‍ താന്‍ ജീവനു തുല്യം സ്നേഹിക്കുന്ന തന്റെ സഹോദരന്മാര്‍ ആ പൊട്ടക്കിണറ്റില്‍ വലിച്ചെറിഞ്ഞത്…?

നിറമിഴികളോടു കൂടി അവന്‍ തന്റെ സഹോദരന്മാരുടെ മുഖത്തേക്ക് നോക്കി. എന്നാല്‍ ശാന്തമായ ആ മുഖങ്ങള്‍ക്ക് പിന്നില്‍ തന്നോടുള്ള പക അവരുടെ മനസ്സില്‍ ആളിക്കത്തുന്നതും, യിശ്മേല്യ കച്ചവടക്കാര്‍ക്ക് താനൊരു വില്‍പ്പനച്ചരക്കാകുവാന്‍ പോവുകയാണെന്നും പാവം ജോസഫറിഞ്ഞില്ല.

ഈജിപ്തിലേക്ക് പോകുന്ന കച്ചവടക്കാര്‍ തങ്ങളുടെ അടുത്തെത്തിയപ്പോള്‍ ജോസഫിന്റെ സഹോദരന്മാരിലൊരാള്‍ ജോസഫിനെ വില്‍ക്കുന്നതിനെക്കുറിച്ച് കച്ചവടക്കാരോട് സംസാരിച്ചു. തന്റെ സഹോദരന്‍ ആ കച്ചവടക്കാരോട് സംസാരിക്കുന്നത് കേട്ട് ജോസഫ് ഞെട്ടിപ്പോയി.

താന്‍ കേട്ടത് സത്യമോ, മിഥ്യയോ..? ജോസഫ് നിമിഷങ്ങളോളം സ്തംഭിച്ചു നിന്നു പോയി. തന്നെ കിണറ്റില്‍ നിന്ന് ഇവര്‍ വലിച്ചെടുത്തത് ഈ കച്ചവടക്കാര്‍ക്ക് വില്‍ക്കുവാനായിരുന്നോ..? ഇത്രമാത്രം തന്റെ സഹോദരങ്ങള്‍ തന്നെ വെറുക്കുവാന്‍ താനെന്തു തെറ്റാണ് ചെയ്തത്..? ജോസഫിന്റെ കണ്ണുകള്‍ നിറഞ്ഞു.

‘നല്ല ചെറുപ്പക്കാരന്‍.. “ ജോസഫിനെ ആകമാനം ഒന്നു നോക്കി കച്ചവടക്കാരിലൊരാള്‍ മറ്റുള്ളവരോട് രഹസ്യമായി പറഞ്ഞു. “നല്ല ആരോഗ്യവും, അതിനേക്കാളുപരി സൌന്ദര്യവും ഇവനുണ്ട്… ഇവനെ ഈജിപ്തിലെ അടിമച്ചന്തയില്‍ കൊണ്ടു പോയി വിറ്റാല്‍ ഇപ്പോള്‍ മുടക്കുന്നതിന്റെ പത്ത് ഇരട്ടി പണമെങ്കിലും നമുക്ക് കിട്ടും....?

“ശരിയാണ് ഇവന്‍ വേഗം വിറ്റഴിയുന്ന ചരക്കാണ്‍… ഈ സുന്ദരനെ കണ്ടാല്‍ ആരാണ്‍ നമ്മള്‍ ചോദിക്കുന്ന വില നല്‍കി വാങ്ങാത്തത്.. ? വേറൊരാള്‍ അഭിപ്രായപ്പെട്ടു. “ഞങ്ങളീ സുന്ദരന്‍ ഇരുപത് വെള്ളി നാണയം തരാം.. എന്താ ഇവനെ കൊടുക്കുന്നോ…” കച്ചവടക്കാര്‍ ജോസഫിന്റെ സഹോദരന്മാരോട് ചോദിച്ചു. അവര്‍ പരസ്പരം മുഖത്തോടു മുഖം നോക്കി.

“ഇരുപതെങ്കില്‍ ഇരുപത്…. ഞങ്ങള്‍ സമ്മതിച്ചിരിക്കുന്നു….” സഹോദരന്മാരിലൊരാള്‍ പറഞ്ഞു. നല്ല ഒരു കച്ചവടം ഒത്തു കിട്ടിയതിന്റെ സന്തോഷം കച്ചവടക്കാരുടെ മുഖത്ത് പ്രത്യക്ഷമായി. അവര്‍ കീശയില്‍ നിന്ന് ഇരുപത് വെള്ളി നാണയമെടുത്ത് ജോസഫിന്റെ സഹോദരന്മാരിലൊരാളുടെ കൈയ്യില്‍ നല്‍കി….

“അയ്യോ.. ചേട്ടന്മാരെ എന്നെ ഇവര്‍ക്ക് വില്‍ക്കരുത്.. എന്നെ രക്ഷിക്കൂ..” ജോസഫിന്റെ നിലവിളിയും, കരച്ചിലും അവന്റെ സഹോദരങ്ങള്‍ ചെവിക്കൊണ്ടില്ല.

ഒരു തമാശ കേട്ടതു പോലെ അവര്‍ പൊട്ടിച്ചിരിച്ചു.

(ഈ നോവലിന്റെ അടുത്ത അധ്യായം നാളെ വായിക്കുക..)

No comments: