Thursday, July 3, 2008

യാക്കോബിന്റെ മകന്‍ ജോസഫ്-3

കച്ചവടക്കാര്‍ ജോസഫിനെ ബലമായി പിടിച്ച് ഒട്ടകപ്പുറത്ത് കയറ്റി. കുതറി രക്ഷപെടുവാന്‍ ശ്രമിച്ചെങ്കിലും കച്ചവടക്കാരുടെ ബലമേറിയ കൈകള്‍ അവനെ വലിഞ്ഞു മുറുക്കി.

“നിനക്ക് ഒരിക്കലും ഞങ്ങളുടെ കൈയ്യില്‍ നിന്ന് രക്ഷപെടാന്‍ കഴിയില്ല മോനേ.. മര്യാദയ്ക്ക് അടങ്ങിയൊതുങ്ങി ഞങ്ങളോടൊപ്പം വരുന്നതാണ്‍ നിന്റെ ആരോഗ്യത്തിന്‍ നന്ന്…” കച്ചവടക്കാര്‍ ജോസഫിന് മുന്നറിയിപ്പു നല്‍കി.

ജോസഫിന്റെ നിലവിളിയും, കരച്ചിലും അവര്‍ കേട്ടതായി നടിച്ചില്ല. അവന്റെ കണ്ണുനീരും, കരച്ചിലും മരുഭൂമിയില്‍ അലിഞ്ഞില്ലാതെയായി…. ഒരു നല്ല ലാഭകച്ചവടം ഒത്തു കിട്ടിയതിന്റെ ആഹളാദത്തില്‍ കച്ചവടക്കാര്‍ ജോസഫിനെയും കൊണ്ട് ഈജിപ്തിലേക്കുള്ള യാത്ര തുടര്‍ന്നു. എന്നാല്‍ ഈജിപ്തിലേക്കുള്ള തന്റെയീ യാത്ര ജീവിതത്തിലെ വലിയൊരു വഴിത്തിരിവായി തീരുവാന്‍ പോവുകയാണെന്ന് ജോസഫ് ഒരിക്കലും സ്വപ്നത്തില് പോലും കരുതിയിരുന്നില്ല.

ഈ സമയം ജോസഫിന്റെ മൂത്ത സഹോദരനായ രൂബേന്‍ തന്റെ അനുജന്മാര്‍ ജോസഫിനെ കച്ചവടക്കാര്‍ക്ക് വിറ്റ കഥയൊന്നുമറിഞ്ഞിരുന്നില്ല. ജോസഫിനെ തന്റെ അനുജന്മാര്‍ ഈജിപ്തിലേക്ക് പോയ കച്ചവടക്കാര്‍ക്ക് ഇരുപത് വെള്ളിക്കാശിന് വില്‍ക്കുമ്പോള്‍ രൂബേന്‍ അങ്ങ് ദൂരെ ആട്ടിന്‍പറ്റത്തോടൊപ്പമായിരുന്നു..

മണിക്കൂറുകള്‍ക്ക് മുമ്പ് തന്റെ സഹോദരങ്ങള്‍ മരുഭൂമിയിലെ പൊട്ടക്കിണറ്റിലേക്ക് തള്ളിയിട്ട ജോസഫിന് എന്തു സംഭവിച്ചെന്നറിയുന്നതിന് വേണ്ടി രൂബേന്‍ കിണറ്റിനുള്ളിലേക്ക് നോക്കിയപ്പോഴാണ് അതിനുള്ളില്‍ ജോസഫില്ലെന്ന സത്യം അയാളെ വല്ലാതെ ഭയപ്പെടുത്തിയത്..

‘ജോസഫിന് എന്ത് സംഭവിച്ചു…. താന്‍ ആട്ടിന്‍ കൂട്ടത്തിനരികിലേക്ക് പോയ തക്കം നോക്കി തന്റെ സഹോദരങ്ങള്‍ അവനെ കൊന്നു ഈ മരുഭൂമിയിലെങ്ങാനും വലിച്ചെറിഞ്ഞോ…? അതോ.. ഈ കിണറ്റിനുള്ളില്‍ നിന്ന് ജോസഫ് രക്ഷപെട്ടോ…‘ രൂബേന്റെ നെഞ്ചു പിടഞ്ഞു.

“എവിടെ ജോസഫ്.. അവനെ നിങ്ങള്‍ കൊന്നോ…?” അനുജന്മാരുടെ അടുക്കലേക്ക് ഒരു കൊടുങ്കാറ്റു പോലെ പാഞ്ഞെത്തിയ രൂബേന്‍ ചോദിച്ചു.

“ചേട്ടന്‍ പേടിക്കുന്നതുപോലൊന്നും സംഭവിച്ചിട്ടില്ല…. അവനെ ഞങ്ങള്‍ കൊന്നിട്ടില്ല. ഈജിപ്തിലേക്ക് പോയ കച്ചവടക്കാര്‍ക്ക് ഞങ്ങളവനെ വിറ്റു.. ദാ അവനെ വിറ്റു കിട്ടിയ പണം..” യഹൂദ പറഞ്ഞത് കേട്ട് രൂബേന്‍ സ്തംഭിച്ചു നിന്നു പോയി.

“മഹാപാപികളേ… നിങ്ങളെന്തു പണിയാണീ കാണിച്ചത്…? ജോസഫ് എവിടെന്ന് ചോദിച്ചാല്‍ നമ്മുടെ അപ്പനോട് ഞാനെന്തു പറയും..? “ ദേഷ്യവും സങ്കടവും സഹിക്കാനാവാതെ രൂബേന്‍ തന്റെ വസ്ത്രം വലിച്ചു കീറി.

“ചേട്ടന്‍ വിഷമിക്കേണ്ട, അപ്പനോട് എന്തു പറയണമെന്ന് ഞങ്ങള്‍ പറഞ്ഞു തരാം…? അനുജന്മാരിലൊരാള്‍ രൂബേനെ ആശ്വസിപ്പിച്ചു. പിന്നെ അയാള്‍ രൂബേനും മറ്റ് എട്ട് സഹോദരന്മാരും നോക്കി നില്‍ക്കെ ആട്ടിന്‍ കൂട്ടത്തിനിടയിലേക്ക് കടന്നു ചെന്ന് ആരോഗ്യമുള്ള ഒരാടിനെ കൊന്ന് അതിന്റെ രക്തം തന്റെ കൈയ്യിലിരുന്ന ജോസഫിന്റെ വസ്ത്രത്തില്‍ മുക്കി.

“ദാ, ഇതു കണ്ടോ.. ചോരയില്‍ മുങ്ങിയ ജോസഫിന്റെ ഈ വസ്ത്രം..” അയാള്‍ തന്റെ കൈയ്യിലിരുന്ന വസ്ത്രം രൂബേന്റെ മുഖത്തേക്ക് നീട്ടിക്കൊണ്ട് പറഞ്ഞു. “ഈ ചോര പുരണ്ട വസ്ത്രം കണ്ടാല്‍ ജോസഫിന് എന്തു സംഭവിച്ചെന്ന് നമ്മുടെ അപ്പന്‍ മനസ്സിലാക്കും..”

“അതെ. നമ്മുടെ അടുക്കലേക്ക് വരുന്നതിനിടയില്‍ ഒരു പറ്റം ചെന്നായ്ക്കള്‍ ജോസഫിനെ കൊന്നു തിന്നിരിക്കുന്നു… ചോരയില്‍ മുങ്ങിയ ഈ വസ്ത്രമാണ് അതിനുള്ള തെളിവ്. ജോസഫിന്റെ ഈ വസ്ത്രം അപ്പനു നാം കാട്ടി കൊടുത്തിട്ട് നമ്മളീ കള്ളക്കഥ അപ്പനോട് പറയും… നമ്മുടെയീ കെട്ടുകഥ അപ്പന്‍ വിശ്വസിക്കാതിരിക്കില്ല….“ സഹോദരന്മാരില്‍ മറ്റൊരാള്‍ രൂബേനോട് പറഞ്ഞു

തന്റെ സഹോദരങ്ങള്‍ പറഞ്ഞതിന്‍ മറുത്തൊരക്ഷരം പറയുവാന്‍ രൂബേന്‍ കഴിഞ്ഞില്ല. അങ്ങനെ അവര്‍ ജോസഫിന്റെ വസ്ത്രവുമായി വീട്ടിലെത്തി. തന്റെ പ്രിയ മകന്‍ ജോസഫ് മരിച്ചു എന്ന വാര്‍ത്ത കേട്ട് യാക്കോബ് തകര്‍ന്നു പോയി. ഒരു കൊച്ചു കുട്ടിയെപ്പോലെ യാക്കോബ് വാവിട്ടു കരഞ്ഞു.

ഈ സമയം ഒരു നീണ്ട യാത്രയ്ക്ക് ശേഷം ഈജിപ്തിലെത്തിയ യിശ്മേല്യരായ കച്ചവടക്കാര്‍ ജോസഫിനെ ഈജിപ്തിലെ സൈനിക തലവനായ പോത്തിഫറിന്‍ വിറ്റു. ജോസഫിന്റെ ഭാഗ്യമെന്ന് പറയട്ടെ. പോത്തിഫര്‍ നല്ലൊരു മനുഷ്യനായിരുന്നു. രാജ്യത്തെ ഉന്നതമായൊരു പദവിയിലിരിക്കുകയാണെങ്കിലും അതിന്റെ അഹന്തയൊന്നും തൊട്ടു തീണ്ടിയിട്ടില്ലാത്ത നല്ലൊരു മനുഷ്യന്‍. ഒരു അടിമയെപ്പോലെയല്ല പോത്തിഫര്‍ ജോസഫിനെ കരുതിയത്. മറിച്ച് തന്റെ വീട്ടിലെ ഒരംഗത്തെപ്പോലെ ജോസഫിനെ തന്റെ വീട്ടില്‍ പാര്‍പ്പിച്ചു. ജോസഫ് പോത്തിഫറിന്റെ വീട്ടില്‍ താമസിക്കുവാന്‍ തുടങ്ങിയതോടു കൂടി പോത്തിഫറിന്റെ ജീവിതത്തിലും, കുടുംബത്തിലും ഒട്ടേറെ എശ്വര്യങ്ങളുണ്ടായി.

ദൈവം ജോസഫിനോടൊപ്പമുണ്ടെന്ന് പോത്തിഫറിന് മനസ്സിലായി. ഒട്ടും താമസിച്ചില്ല. തന്റെ വീടിന്റെയും, സ്വത്തിന്റെയും ഉത്തരവാദിത്വം പോത്തിഫര്‍ ജോസഫിന്‍ നല്‍കി. പോത്തിഫറിന്റെ കാര്യസ്ഥനായി കഴിയവെ തന്നില്‍ ഭരമേല്‍പ്പിച്ചിരിക്കുന്ന ജോലികളെല്ലാം ജോസഫ് വളരെ ഭംഗിയായി നിര്‍വഹിച്ചു. എന്നാല്‍ എല്ലാ സുഖസൌഖര്യങ്ങളോടു കൂടിയും പോത്തിഫറിന്റെ കൊട്ടാര സമാനമായ വീട്ടില്‍ കഴിയുമ്പോഴും തന്റെ പ്രിയപ്പെട്ടവരെക്കുറിച്ചുള്ള ഓര്മ്മള്‍ ജോസഫിന്റെ മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തിക്കൊണ്ടിരുന്നു

യാതൊരു തെറ്റും ചെയ്യാത്ത തന്നെ കൊല്ലാന്‍ ശ്രമിക്കുകയും, ഒടുവില്‍ അടിമ കച്ചവടക്കാര്‍ക്ക് വില്‍ക്കുകയും ചെയ്ത താന്‍ ജീവനു തുല്യം സ്നേഹിച്ചിരുന്ന തന്റെ സഹോദരങ്ങള്‍.. എന്തിനാണ് തന്നോടിച്ചതി ചെയ്തത്…? എത്ര തന്നെ ആലോചിച്ചിട്ടും ഉത്തരം കിട്ടാത്ത വലിയൊരു സമസ്യപോലെ ജോസഫിന്റെ മനസ്സിനെ വേട്ടയാടിക്കൊണ്ടിരുന്നു.

‘ഈജിപ്തിലേക്കുള്ള വഴിയില്‍ താനൊഴുക്കിയ കണ്ണുനീരും, അടിമ ചന്തയില്‍ കന്നുകാലികളെപ്പോലെ വിലപേശപ്പെട്ടവന്റെ വേദനയും കാലങ്ങള്‍ പിന്നിട്ടാലും തനിക്കത് മറക്കുവാന്‍ കഴിയില്ല…. എന്തിനായിരുന്നു എല്ലാം…?‘ ജോസഫ് പലപ്പോഴും ചിന്തിക്കാറുണ്ടായിരുന്നു.

(തുടരും)

No comments: