Sunday, July 6, 2008

യാക്കോബിന്റെ മകന്‍ ജോസഫ്-4

ദിവസങ്ങളും, മാസങ്ങളും പലതും കഴിഞ്ഞുകൊണ്ടിരുന്നു….
പോത്തിഫറിന്റെ വിശ്വസ്ത കാര്യസ്ഥനായി ജോസഫ് കഴിയവെ എത്ര പെട്ടന്നാണ് കാര്യങ്ങള്‍ കുഴഞ്ഞ് മറിഞ്ഞത്. ജോസഫിന്റെ ജീ‍വിതത്തില്‍ ഇടിത്തീ പോലെ കടന്നു വന്ന ആ സംഭവം എന്തായിരുന്നു.?

പോത്തിഫറിന്റെ ഭാര്യയായിരുന്നു എല്ലാത്തിനും കാരണം.
ജോസഫിന്റെ സൌന്ദര്യവും, യൌവ്വനത്തിന്റെ ചുറുചുറുക്കും ആ സ്ത്രീയെ വല്ലാതെ മത്തുപിടിപ്പിച്ചിരുന്നു. പോത്തിഫര്‍ വീട്ടിലില്ലാത്ത തക്കം നോക്കി പല തവണ പ്രലോഭനങ്ങളിലൂടെ അവര്‍ ജോസഫിനെ വലയിലാക്കുവാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

ഒടുവില്‍ ജോസഫ് ഏതോ ജോലിയില്‍ മുഴുകിയിരുന്ന തക്കം നോക്കി അവര്‍ അവനെ കടന്നു പിടിച്ചു. അവനാ സ്ത്രീയുടെ കരവലയത്തില്‍ നിന്നു ഒരു വിധത്തില്‍ രക്ഷപെട്ട് പുറത്തേക്ക് ഓടിയെങ്കിലും അവന്റെ വസ്ത്രം അവരുടെ കൈയ്യിലകപ്പെട്ടു പോയി.

കോപവും, ദുഖവും കൊണ്ട് ഭ്രാന്ത് പിടിച്ച ആ സ്ത്രീ തന്റെ ഇംഗിതത്തിന് വഴങ്ങാതിരുന്ന ജോസഫിനെ ഒരു പാഠം പഠിപ്പിക്കുവാന്‍ തീരുമാനിച്ചു. തന്റെ കൈയ്യിലിരിക്കുന്ന ജോസഫിന്റെ വസ്ത്രം ഉയര്‍ത്തിപ്പിടിച്ച് അവര്‍ ഉച്ചത്തില്‍ നിലവിളിച്ചു. അവരുടെ നിലവിളി കേട്ട് ആ വീട്ടിലെ ജോലിക്കാരെല്ലാം ഓടിയെത്തി.

“കേട്ടോളിന്‍…. ആ നന്ദികെട്ട ജോസഫ് എന്നോട് കാണിച്ച നെറികേട്,,, പോത്തിഫര്‍ ഇവിടെ ഇല്ലാത്ത തക്കം നോക്കി.. ഉറങ്ങിക്കിടന്ന എന്നെ അവന്‍ കയറിപ്പിടിക്കുവാന്‍ ശ്രമിച്ചു…. ഞാന്‍ ഉച്ചത്തില്‍ നിലവിളിച്ചപ്പോള്‍ അവന്‍ ഓടിക്കളഞ്ഞു… ദേ അവന്റെ വസ്ത്രമാണിത്… രക്ഷപെടാനുള്ള ശ്രമത്തിനിടയില്‍ ആ നന്ദികെട്ട മ്യഗം ഇത് മറന്നു പോയി…” പോത്തിഫറിന്റെ ഭാര്യ പറഞ്ഞത് കേട്ട് സകലരും ഞെട്ടിപ്പോയി.

“ഹോ.. യജമാനന്‍ എത്ര കാര്യമായിട്ടാണ് ജോസഫിനെ സ്നേഹിച്ചത്… എന്നിട്ടും യജമാനന്റെ ഭാര്യയെ അവന്‍… ഹോ വിശ്വസിക്കുവാന്‍ കഴിയുന്നില്ല….” വീട്ടുജോലിക്കാര്‍ തമ്മില്‍ പറഞ്ഞു.

“ശരിയാണ് സ്വന്തം സഹോദരനെപ്പോലെയായിരുന്നു നമ്മുടെ യജമാനന്‍ ജോസഫിനെ കണ്ടതും…. എങ്കിലും അവനീച്ചതി അദ്ദേഹത്തോട് ചെയ്തത് ഒട്ടും ശരിയായില്ല…. ഇവനെയൊക്കെ കഴുമരത്തിലേറ്റണം…“ അവര്‍ പറഞ്ഞു.

“അതെ നന്ദിയില്ലാത്ത മ്യഗം തന്നെയാണവന്‍… മാന്യനായി ഇത്രയും കാലം ഈ വീട്ടില്‍ കഴിഞ്ഞ അവന്റെ മനസ്സിലിരുപ്പ് ഇതായിരുന്നെന്ന് മനസ്സിലാക്കാന്‍ ഞാന്‍ വൈകിപ്പോയി…” പോത്തിഫറിന്റെ ഭാര്യയുടെ വാക്കുകളില്‍ ജോസഫിനോടുള്ള വൈരാഗ്യം തിളച്ചു മറിഞ്ഞു.

പോത്തിഫര്‍ വീട്ടിലെത്തിയപ്പോള്‍ പൊടിപ്പും, തൊങ്ങലും ചേര്‍ത്ത് ജോസഫിനെക്കുറിച്ചുള്ള ഇല്ലാക്കഥകള്‍ അവര് അദ്ദേഹത്തെ ധരിപ്പിച്ചു. ജോസഫിന്‍ തന്റെ നിരപരാധിത്വം തെളിയിക്കുവാന്‍ പോലും അവസരം ലഭിച്ചില്ല. കുപിതനായ പോത്തിഫര്‍ ജോസഫിനെ തടവറയിലടച്ചു.

“ദൈവമേ എന്ത് തെറ്റ് ചെയ്തിട്ടാണ് താനീ തടവറയിലായത്..? തടവറയില്‍ കിടന്ന് ജോസഫ് കണ്ണീരോടു കൂടി പ്രാര്‍ത്ഥിച്ചു. ജോസഫിന്റെ പ്രാര്‍ത്ഥന കേട്ട ദൈവം അവനെ കൈവിട്ടില്ല. തടവറയുടെ അധികാരികയിലൂടെ ദൈവം ജോസഫിനോട് കരുണ കാണിച്ചു.

ജോസഫിന്റെ ജീവിത കഥകളറിഞ്ഞ അധികാരിക്ക് അവനോട് ദയ തോന്നുകയും കഠിനമായ പണികളൊന്നും ചെയ്യിപ്പിക്കാതെ ആ തടവറയിലെ കുറ്റവാളികളെ നോക്കുന്ന ചുമതല മാത്രം അദ്ദേഹം ജോസഫിന് നല്‍കുകയും ചെയ്തു. ഇരുമ്പഴികള്‍ക്കുള്ളിലും തന്നെ ഭരമേല്‍പ്പിച്ച ജോലി വളരെ ഭംഗിയായി ചെയ്യുവാന്‍ ജോസഫിന് കഴിഞ്ഞു. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ജയിലധികാരികള്‍ക്ക് മാത്രമല്ല, വലിയ കുറ്റവാളികള്‍ക്കു പോലും ജോസഫ് സ്വീകാര്യനായി തീര്‍ന്നു.

എന്നാല്‍ അന്ന് തടവറയില്‍ വലിയൊരു സംഭവമുണ്ടായി. ജോസഫിന്റെ ജീവിതത്തിലെ വലിയൊരു നാഴികക്കല്ലായിരുന്നു ആ സംഭവം…

(തുടരും..)

No comments: