ആ സംഭവം ഇതായിരുന്നു….
ഈജിപ്തിലെ രാജാവായ ഫറവോന്റെ കൊട്ടാരത്തിലെ കുശിനിക്കാരുടെ തലവനും, മദ്യശാലയുടെ തലവനും ജോസഫിനോടൊപ്പം തടവറയിലുണ്ടായിരുന്നു. രാജാവിന് ഇഷ്ടമില്ലാത്തതെന്തോ പ്രവര്‍ത്തിച്ചതിനാലാണ് ഇരുവരും തടവറയിലായത്. തടവറയില്‍ തങ്ങളുടെ ശിക്ഷാവിധിയും കാത്ത് കിടക്കുമ്പോഴാണ് ഇരുവരും അന്ന് രാത്രിയില്‍ ഓരോ സ്വപ്നങ്ങള്‍ വീതം കണ്ടത്.
‘ഒരു മുന്തിരി വള്ളി. അതിലെ മൂന്ന് കൊമ്പുകള്‍ പെട്ടന്ന് തളിര്‍ത്തു പൂവിട്ടു, മുന്തിരി പൂക്കള്‍ കൊഴിഞ്ഞു, വള്ളികളില്‍ മുന്തിരിങ്ങകള്‍ പ്രത്യക്ഷമായി. മുന്തിരിങ്ങ പഴുത്തപ്പോള്‍ അത് പറിച്ച് പിഴിഞ്ഞ് മുന്തിരിച്ചാര്‍ ഫറവോന്‍ നല്‍കി…” ഇതായിരുന്നു മദ്യശാലയുടെ തലവന്‍ കണ്ട സ്വപ്നം.
‘തലയില്‍ വെളുത്ത അപ്പം നിറച്ച മൂന്ന് കൊട്ട. ഏറ്റവും മുകളിലത്തെ കൊട്ടയിലുള്ള അപ്പം പക്ഷികള്‍ പറന്നു വന്ന് കൊത്തി തിന്നു…” ഇതായിരുന്നു കുശിനിക്കാരുടെ തലവന്‍ കണ്ട സ്വപ്നം…
തങ്ങള്‍ കണ്ട സ്വപ്നത്തിന്റെ അര്‍ത്ഥമെന്തന്നറിയാതെ കുശിനിക്കാരുടെ തലവനും, മദ്യശാലയുടെ തലവനും വിഷമിച്ചിരിക്കുമ്പോഴാണ് ജോസഫ് അവരോട് തങ്ങളുടെ ദു:ഖത്തിന്റെ കാരണം അന്വേഷിച്ചത്. അവര്‍ തങ്ങളുടെ ദു:ഖകാരണം ജോസഫിനെ അറിയിച്ചു.
"താങ്കള്‍ കണ്ട സ്വപ്നത്തിന്റെ അര്‍ത്ഥം ഇതാകുന്നു…” മദ്യശാലയുടെ തലവനോട് ജോസഫ് പറഞ്ഞു. “മുന്തിരി വള്ളിയുടെ മൂന്ന് കൊമ്പുകള്‍ എന്നത് മൂന്ന് ദിവസത്തെയാണ് സൂചിപ്പിക്കുന്നത്. അതായത് താങ്കള്‍ ചെയ്ത തെറ്റുകള്‍ രാജാവ് പൊറുത്ത് മൂന്ന് ദിവസത്തിനകം ഈ തടവറയില്‍ നിന്ന് മോചിപ്പിക്കുകയും താങ്കള്‍ പഴയ ജോലിയില്‍ പ്രവേശിക്കുകയും ചെയ്യും..” ജോസഫിന്റെ വാക്കുകള്‍ അയാളെ സന്തോഷിപ്പിച്ചു.
“നിങ്ങളെ സമ്മതിച്ചിരിക്കുന്നു ജോസഫ് … നിങ്ങള്‍ വലിയ കഴിവുള്ളവനാണ്.. അല്ലെങ്കില്‍ ഞാന്‍ കണ്ട ഈ സ്വപ്നത്തിന്റെ അര്‍ത്ഥം വിശദീകരിക്കുവാന്‍ നിങ്ങള്‍ക്ക് കഴിയില്ല… ഏതായാലും എന്റെ സന്തോഷത്തിന്‍ പകരമായി എന്തുപകാരമാണ് നിങ്ങള്‍ക്ക് ഞാന്‍ ചെയ്തു തരേണ്ടത്.?“ അയാള്‍ ജോസഫിനോട് ചോദിച്ചു.
“സുഹ്യത്തേ ഇതൊന്നും എന്റെ കഴിവല്ല. സാക്ഷാല്‍ ദൈവമാണ് താങ്കള്‍ കണ്ട സ്വപ്നത്തിന്റെ അര്‍ത്ഥം എനിക്ക് മനസ്സിലാക്കി തന്നത്…” ജോസഫ് വിനയാന്വിതനായി."നിങ്ങള്‍ ഇവിടെ നിന്ന് മോചിതനായി രാജകൊട്ടാരത്തിലെത്തുമ്പോള്‍ എനിക്ക് വേണ്ടി ഒരുപകാരം ചെയ്യണം..” ജോസഫ് തന്റെ കഥന കഥകള്‍ അയാളെ അറിയിച്ചശേഷം ആവശ്യപ്പെട്ടു.
“ഒരു തെറ്റും ഞാന്‍ ചെയ്തിട്ടില്ല. എന്നിട്ടും ഞാനീ തടവറയില്‍ അപരാധിയെപ്പോലെ കിടക്കുവാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി…. ദയവായി എന്നെക്കുറിച്ചും എന്റെ നിരപരാധിത്വവും താങ്കള്‍ രാജാവിനെ അറിയിക്കണം.” ജോസഫിന്റെ കണ്ണുകള്‍ നിറഞ്ഞു കവിഞ്ഞു.
“നിങ്ങള്‍ വിഷമിക്കേണ്ട ജോസഫ്.. നിങ്ങളെ ഞാനൊരിക്കലും മറക്കില്ല. രാജകൊട്ടാരത്തിലെത്തിയ ശേഷം നിങ്ങള്‍ക്കു വേണ്ടി എന്തൊക്കെ ചെയ്യാമോ, അതൊക്കെ ഞാന്‍ തീര്‍ച്ചയായും ചെയ്തിരിക്കും…” അയാള്‍ ജോസഫിന്‍ ഉറപ്പു നല്‍കി. എന്നാല്‍ അയാളുടെ വാക്കുകള്‍ വെറും പാഴ് വാക്കുകളായിരുന്നുവെന്ന് ജോസഫറിഞ്ഞില്ല.
“ജോസഫ്, ഞാന്‍ കണ്ട സ്വപ്നത്തിന്റെ അര്‍ത്ഥമെന്തെന്നറിയാന്‍ എനിക്കും തിടുക്കമായി…”കുശിനിക്കാരുടെ തലവന്‍ ജോസഫിനോട് പറഞ്ഞു.
“താങ്കള്‍ കണ്ട സ്വപ്നത്തിന്റെ അര്‍ത്ഥം ഇതാകുന്നു…” ജോസഫ് അയാളോട് പറഞ്ഞു. “താങ്കളുടെ തലയിലിരുന്ന മൂന്ന് കൊട്ട, മൂന്ന് ദിവസങ്ങളെയാണ് സൂചിപ്പിക്കുന്നത്. അതായത് മൂന്നാം ദിവസം ഫറവോന്‍ താങ്കളുടെ തലവെട്ടി താങ്കളുടെ ശരീരം ഒരു മരത്തില്‍ കെട്ടി തൂക്കും. ആകാശത്തിലെ പറവകള്‍ താങ്കളുടെ മാസം തിന്നു കളയും.. “
താന്‍ കണ്ട സ്വപ്നത്തിന്റെ അര്‍ത്ഥം ജോസഫ് വിവരിച്ചത് കേട്ട് കുശിനിക്കാരുടെ തലവന്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി. ജോസഫ് പറഞ്ഞതു പോലെയാണ് ഇരുവര്‍ക്കും സംഭവിച്ചത്… കുശിനിക്കാരുടെ തലവനെ ഫറവോന്‍ തൂക്കി കൊല്ലുകയും, കൊട്ടാരത്തിലെ മദ്യശാലയുടെ തലവന്‍ രാജകൊട്ടാരത്തിലെ ജോലിയില്‍ പുന:പ്രവേശിക്കുകയും ചെയ്തു. എന്നാല്‍ ജോലിയില്‍ പ്രവേശിച്ചതോടു കൂടി അയാള്‍ ജോസഫിന് കൊടുത്ത വാക്ക് പാടെ മറന്നു.
പാവം ജോസഫ് തന്റെ വിധിയെ പഴിച്ച് തടവറയില്‍ മാസങ്ങളും, വര്‍ഷങ്ങളും തള്ളി നീക്കി. ഈ സമയത്താണ് രാജകൊട്ടാരത്തില്‍ ആ സംഭവം നടന്നത്.....
(തുടരും...)
No comments:
Post a Comment