അന്ന് രാജാവായ ഫറവോന്‍ രണ്ട് സ്വപ്നങ്ങള്‍ കണ്ടു….
‘രാജാവ് നദീ തീരത്ത് നില്‍ക്കുമ്പോള്‍ നദിയില്‍ നിന്ന് നല്ല ആരോഗ്യവും, ചുറുചുറുക്കുമുള്ള ഏഴു പശുക്കള്‍ നദിയില്‍ നിന്ന് കയറി വന്ന് നദീ തീരത്തുള്ള ഞാങ്ങണച്ചെടിയുടെ ഇടയില്‍ മേഞ്ഞു കൊണ്ടിരുന്നു. ഈ സമയത്താണ്‍ നദിയില്‍ നിന്ന് മെലിഞ്ഞ് ആരോഗ്യമില്ലാത്ത ഏഴു പശുക്കള്‍ കയറി വന്ന് ആരോഗ്യമുള്ള പശുക്കളെ തിന്നു കളഞ്ഞത്..” ഇതായിരുന്നു ഫറവോന്‍ കണ്ട ആദ്യത്തെ സ്വപ്നം.
രാജാവ് കണ്ട രണ്ടാമത്തെ സ്വപ്നം ഇങ്ങനെയായിരുന്നു…. ‘നല്ല കരുത്തുള്ള ഏഴ് ഗോതമ്പ് കതിരുകള്‍ ഒരു തണ്ടില്‍ നിന്ന് പൊങ്ങി വന്നു. അതിന്‍ പിന്നാലെ കരുത്തു കുറഞ്ഞ ഏഴു കതിരുകള്‍ പൊങ്ങി വന്നു, പെട്ടന്നാണ് കരുത്തു കുറഞ്ഞ കതിരുകള്‍ കരുത്തുള്ള കതിരുകളെ വിഴുങ്ങിയത്…”
താന്‍ കണ്ട സ്വപ്നങ്ങളുടെ അര്‍ത്ഥമെന്തന്നറിയാതെ രാജാവ് കുഴഞ്ഞു. അദ്ദേഹം തന്റെ രാജ്യത്തെ പണ്ഡിതന്മാരെയും, മന്ത്രവാദികളെയുമെല്ലാം വിളിച്ചു വരുത്തി താന്‍ കണ്ട സ്വപ്നങ്ങളുടെ അര്‍ത്ഥമെന്തെന്ന് ആരാഞ്ഞു. പക്ഷേ രാജാവ് കണ്ട അസാധാരണങ്ങളായ ആ സ്വപ്നങ്ങളുടെ അര്‍ത്ഥമെന്തെന്ന് വിവരിക്കുവാന്‍ ആ രാജ്യത്തുള്ള പണ്ഡിതന്മാര്‍ക്കോ, മന്ത്രവാദികള്‍ക്കോ കഴിഞ്ഞില്ല.
ഈ സമയത്താണ് രാജാവിന്റെ മദ്യശാലയുടെ തലവന്‍ പണ്ട് തന്നോടൊപ്പം തടവറയില്‍ കിടന്ന ജോസഫിനെക്കുറിച്ചും, തടവറയില്‍ വച്ച് അന്ന് താന്‍ കണ്ട സ്വപ്നത്തിന്റെ അര്‍ത്ഥം ജോസഫ് വിവരിച്ചതും പിന്നീട് അതുപോലെ സംഭവിച്ചതും ഓര്‍മ്മ വന്നത്.
തടവറയില്‍ നിന്ന് മോചിതനായശേഷം താന്‍ ജോസഫിനോട് കാണിച്ച നന്ദികേടിനെക്കുറിച്ചോര്‍ത്തപ്പോള്‍ അയാള്‍ക്ക് വല്ലാത്ത ദു;ഖം തോന്നുകയും ചെയ്തു. ഒട്ടും താമസിച്ചില്ല, അയാള്‍ രാജാവിന്റെ അടുക്കലെത്തി രാജാവിനെ ജോസഫിനെക്കുറിച്ചുള്ള വിവരങ്ങള്‍ ധരിപ്പിച്ചു.
ജോസഫിനെ ഉടന്‍ തന്റെ മുന്നില്‍ ഹാജരാക്കുവാന്‍ രാജാവ് കല്‍പ്പിച്ചു. രാജകല്പന കേട്ട രാജഭ്യത്യന്മാര്‍ വേഗം തടവറയിലെത്തി ജോസഫിനെ നല്ല വസ്ത്രങ്ങള്‍ ധരിപ്പിച്ച് രാജസന്നിധിയിലെത്തിച്ചു. പ്രതിസന്ധികളില്‍ തളരാതെ ദൈവത്തില്‍ മാത്രം അടിയുറച്ച് വിശ്വസിച്ച ജോസഫിനെ ദൈവം സ്നേഹിച്ച നിമിഷങ്ങളായിരുന്നു അത്.
“ജോസഫ്.. നാം കണ്ട സ്വപ്നത്തിന്റെ അര്‍ത്ഥം നിങ്ങള്‍ പറയുകയാണെങ്കില്‍ നാം നിങ്ങള്‍ക്ക് തക്കതായ പ്രതിഫലം നല്‍കുന്നതാണ്..” ഫറവോന്‍ താന്‍ കണ്ട സ്വപ്നങ്ങള്‍ ജോസഫിനെ അറിയിച്ച ശേഷം പറഞ്ഞു.
“പ്രഭോ, അങ്ങ് കണ്ട രണ്ട് സ്വപ്നങ്ങളുടെയും അര്‍ഥം ഒന്നാകുന്നു…. അതായത് ഈ രാജ്യത്ത് വരാന്‍ പോകുന്ന കാര്യങ്ങള്‍ സര്‍വ്വശക്തനായ ദൈവം അങ്ങയെ സ്വപ്നങ്ങളില്‍ കൂടി അറിയിച്ചിരിക്കുകയാണ്“ രാജസഭയില്‍ രാജാവിന്റെയും, മന്ത്രിമാരുടെയും, പണ്ഡിതശേഷ്ഠന്മാരുടെയും മുന്നില്‍ വച്ച് വളരെ ശാന്തനായി ജോസഫ് പറഞ്ഞു. ജോസഫ് പറയുന്നതെന്തെന്ന് കേള്‍ക്കുവാന്‍ ഫറവോനും മറ്റ് രാജസഭയിലുള്ളവരും കാതുകൂര്‍പ്പിച്ചിരുന്നു.
“അങ്ങ് ഒന്നാമത്തെ സ്വപ്നത്തില്‍ കണ്ട ആരോഗ്യമുള്ള പശുക്കളും, രണ്ടാമത്തെ സ്വപ്നത്തില്‍ കണ്ട കരുത്തുള്ള ഏഴ് കതിരുകളും ഈ രാജ്യത്തുണ്ടാകുവാന്‍ പോകുന്ന സുന്ദരവും, ഐശ്വര്യസമ്പന്നവുമായ ഏഴു വര്‍ഷങ്ങളെയാണ് സൂചിപ്പിക്കുന്നത്… അതുപോലെ അങ്ങ് ആദ്യത്തെ സ്വപ്നത്തില്‍ കണ്ട മെലിഞ്ഞ ഏഴ് പശുക്കളും, രണ്ടാമത്തെ സ്വപ്നത്തില്‍ കണ്ട കരുത്തില്ലാത്ത ഏഴ് കതിരുകളും ഐശ്വര്യസമ്പന്നമായ ഏഴു വര്‍ഷങ്ങള്‍ക്കുശേഷം ഈ രാജ്യത്തുണ്ടാകുവാന്‍ പോകുന്ന അതി കഠിനമായ വരളച്ചയും, ക്ഷാമവുമുള്ള ഏഴ് വര്‍ഷങ്ങളെയാണ് സൂചിപ്പിക്കുന്നത്…”
ജോസഫ് പറഞ്ഞത് കേട്ട് ഫറവോന് അവന്റെ ബുദ്ധിയില്‍ വല്ലാത്ത മതിപ്പു തോന്നി. തന്റെ രാജ്യത്തെ പേരുകേട്ട പണ്ഡിതന്മാര്‍ക്കു പോലും സാധിക്കാത്ത കാര്യമാണ് സാധാരണക്കാരനായ ഈ യുവാവിന് സാധിച്ചിരിക്കുന്നത്..
“പ്രഭോ.. വരുവാനിരിക്കുന്ന ക്ഷാമത്തെ നേരിടാന്‍ താങ്കള്‍ ഇപ്പോള്‍ തന്നെ നടപടിയെടുക്കണം…” ജോസഫ് ഒരു തികഞ്ഞ വിവേകിയെപ്പോലെ തുടര്‍ന്നു. “അതിന് ആദ്യം ചെയ്യേണ്ടത് ബുദ്ധിമാനായ ഒരാളെ താങ്കളുടെ ഉപദേഷ്ടാവായി നിയമിക്കുക എന്നതാണ്. അതു കൂടാതെ ഈ രാജ്യത്തുണ്ടാകുവാന്‍ പോകുന്ന ഐശ്വര്യസമ്പന്നമായ നാളുകളിലെ ആഹാരസാധനങ്ങള്‍ ക്ഷാമവും, വരള്‍ച്ചയുമുള്ള ഏഴ് വര്‍ഷത്തേക്ക് നാം സംഭരിച്ചു വയ്ക്കണം… അങ്ങനെ ചെയ്താല്‍ നമ്മുടെ രാജ്യവും, ജനങ്ങളും പട്ടിണിയില്‍ നിന്ന് രക്ഷപെടും…”
ജോസഫിന്റെ വാക്കുകള്‍ കേട്ട് ഫറവോന്‍ മാത്രമല്ല രാജസന്നിധിയിലുണ്ടായിരുന്ന് സകലര്‍ക്കും സന്തോഷമായി. അവരെല്ലാവരും ജോസഫിനെ അഭിനന്ദിച്ചു.
“ജോസഫ്.. സാക്ഷാല്‍ ദൈവമാണ് നിനക്കിതെല്ലാം.. വെളിപ്പെടുത്തി തന്നത്.. ദൈവഭയമുള്ള, ദൈവസാനിധ്യമുള്ള നിന്നെപ്പോലെ ജ്ഞാനിയായൊരാള്‍ ഈ രാജ്യത്തുണ്ടാവില്ല… ഇതാ നാം നിന്നെ ഈജിപിതിലെ സകലത്തിനും മേലധികാരിയാക്കിയിരിക്കുന്നു..’ ഫറവോന്‍ കല്പിച്ചു. ഫറവോന്റെ വാക്കുകള്‍ വിശ്വസിക്കുവാന് ജോസഫിന് കഴിഞ്ഞില്ല. അവന്റെ കണ്ണുകളിലൂടെ അപ്പോള്‍ പ്രവഹിച്ചത് ആനന്ദാശ്രുക്കളായിരുന്നു….
(തുടരും..)
No comments:
Post a Comment