“ജോസഫ്,, എന്റെ രാജ്യത്തിലെ സകലത്തിന്റെയും അധിപനായി നാം നിന്നെ വാഴിക്കുന്നു. ഈ രാജ്യത്തെ ജനമെല്ലാം ഇന്നു മുതല്‍ താങ്കളുടെ വാക്ക് അനുസരിച്ച് ജീവിക്കുന്നതാണ്… ഈ രാജ്യത്തെ രാജാവായ ഞാന്‍ പോലും…”
താന്‍ കണ്ട സ്വപ്നങ്ങളുടെ അര്‍ത്ഥം വിവരിക്കുകയും, രാജ്യത്തുണ്ടാകുവാന്‍ പോകുന്ന ക്ഷാമത്തെ നേരിടുവാന്‍ വേണ്ട ഉപദേശം നല്‍കുകയും ചെയ്ത ജോസഫിനെ ഫറവോന്‍ രാജസഭയില്‍ വച്ച് മന്ത്രിമാരുടെയും, പ്രമാണിമാരുടെയും, പണ്ഡിതന്മാരുടെയും മുന്നില്‍ വച്ച് അന്നു തന്നെ ഈജിപിതിലെ ഗവര്‍ണ്ണറായി നിയമിച്ചു. മാത്രമല്ല സന്തുഷ്ടനായ ഫറവോന്‍ തന്റെ വിരലില്‍ കിടന്ന വജ്രമോതിരവും, കഴുത്തില്‍ കിടന്ന് തങ്കമാലയും, രാജവസ്ത്രവും ജോസഫിനെ അണിയിക്കുകയും ചെയ്തു.
ഫറവോന്റെ ജോസഫിനോടുള്ള സ്നേഹവും ബഹുമാനവും ഇതു കൊണ്ടൊന്നും അവസാനിച്ചില്ല… ബുദ്ധിമാനായ ജോസഫിനെ രാജപുരോഹിതനായ പോത്തിഫേറയുടെ അതീവ സുന്ദരിയായ മകളെ വിവാഹം ചെയ്തു കൊടുക്കയും ചെയ്തു….
‘ദൈവമേ നിന്റെ മുന്നില്‍ ആരുമല്ലാത്ത ഈ സാധുവായ അടിയനെ, ജീവിതത്തില്‍ താനൊരിക്കലും പ്രതീക്ഷിക്കുവാന്‍ പറ്റാത്ത ഇത്രയും വലിയൊരു പദവിയിലെത്തിച്ചല്ലോ…‘ തനിക്ക് കൈവന്ന അപ്രതീക്ഷിതമായ സൌഭാഗ്യത്തില്‍ തെല്ലും അഹങ്കരിക്കാതെ ദൈവത്തോടുള്ള ഭയഭക്തിയാല്‍ ജോസഫിന്റെ മനസ്സും, മിഴികളും അപ്പോള്‍ നിറഞ്ഞു കവിയുകയായിരുന്നു …
ജോസഫ് ഈജിപ്തിലെ ഗവണ്ണറാകുമ്പോള്‍ അവന് മുപ്പത് വയസ്സായിരുന്നു പ്രായം. ജീവനു തുല്യം സ്നേഹിച്ച സഹോദരങ്ങള്‍ തള്ളിക്കളഞ്ഞപ്പോഴും, കഷ്ടതയുടെ തടവറയിലായിരുന്നപ്പോഴും, ഒടുവില്‍ ഒട്ടും പ്രതീക്ഷിക്കാതെ ഉന്നതിയുടെ പടവുകള്‍ കയറിയപ്പോഴും തന്നെ കൈവിടാതെ കൂടെയുണ്ടായിരുന്ന ദൈവമായ യഹോവയായിരുന്നു അവനെല്ലാം……
കഴിഞ്ഞ കാലങ്ങളില്‍ തന്റെ ജീവിതത്തിലുണ്ടായ കഷ്ടതകളും, പ്രയാസങ്ങളും ദൈവത്തെ കൂടുതല്‍ അറിയുവാനും, ദൈവനന്മകള്‍ അനുഭവിച്ചറിയുവാനുള്ള അപൂര്‍വ്വമായ അവസരങ്ങളായിരുന്നുവെന്ന് തന്റെ ജീവിതത്തിലൂടെ ജോസഫ് അപ്പോള്‍ മനസ്സിലാക്കുകയായിരുന്നു…
ദിവസങ്ങളും, മാസങ്ങളും പലതും കഴിഞ്ഞു കൊണ്ടിരുന്നു…
രാജാവായ ഫറവോന്‍ സ്വപ്നം കണ്ടതുപോലെ ഈജിപ്തില്‍ ഐശ്വര്യസമ്പന്നമായ ദിനങ്ങള്‍ കടന്നു വന്നു…. എഴു വര്‍ഷം നീണ്ടു നിന്ന ഈ കാലയളവില്‍ വരുവാനിരിക്കുന്ന എഴുവര്‍ഷത്തെ ക്ഷാമകാലത്തേക്കുള്ള ആഹാരസാധനങ്ങള്‍ ജോസഫിന്റെ നേത്യത്വത്തില്‍ രാജ്യത്തെ ധാന്യസംഭരണ ശാലകളില്‍ ശേഖരിച്ചു വച്ചു. മാത്രമല്ല ഇക്കാലയളവില്‍ രാജ്യത്തെ ജനങ്ങളെ ബോധവല്‍ക്കരിക്കുകയും, ക്ഷാമകാലത്തേക്കുള്ള ധാന്യങ്ങള്‍ തങ്ങളുടെ വീടുകളില്‍ സംഭരിച്ചു വയ്ക്കുവാനും ജോസഫ് നിര്‍ദ്ദേശം നല്‍കിയിരുന്നു. ജനങ്ങള്‍ ജോസഫിന്റെ വാക്കുകള്‍ അക്ഷരം പ്രതി അനുസരിച്ചു.
അങ്ങനെ ഏഴു വര്‍ഷം നീണ്ടു നിന്ന നല്ല ദിനങ്ങള്‍ക്കു ശേഷം ഈജിപ്തിലെങ്ങും വരള്‍ച്ചയും, ക്ഷാമവും നേരിട്ടു തുടങ്ങി.. മാസങ്ങള്‍ പലതും പിന്നിട്ടതോടു കൂടി ഈജിപ്തിലെ ജനങ്ങള്‍ ക്ഷാമകാലത്തേക്ക് തങ്ങളുടെ വീടുകളില്‍ ശേഖരിച്ചു വച്ചിരുന്ന ധാന്യവും തീര്‍ന്നു തുടങ്ങി.. അവര്‍ രാജാവായ ഫറവോന്റെ അടുക്കലെത്തി സങ്കടം ബോധിപ്പിച്ചു.
“നിങ്ങള്‍ ജോസഫിനെ സമീപിക്കുവിന്‍….നിങ്ങള്‍ക്കാവശ്യമായ ധാന്യം അദ്ദേഹം തരും…” ഫറവോന്‍ ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. തന്റെ അടുക്കലെത്തിയ ജനങ്ങളുടെ ആവശ്യത്തിനനുസരിച്ച് ജോസഫ് അവര്‍ക്ക് ധാന്യം നല്‍കി…
ക്ഷാമവും, വരള്‍ച്ചയും ഈജിപ്തില്‍ മാത്രമല്ല ക്രമേണ ലോകം മുഴുവന്‍ ബാധിച്ചു തുടങ്ങി.. ആഹാരസാധങ്ങള്‍ക്കായി മനുഷ്യന്‍ നെട്ടോട്ടമോടി. ഈജിപ്തില്‍ ആവശ്യം പോലെ ധാന്യമുണ്ടെന്ന് കേട്ട് വിദേശരാജ്യങ്ങളില്‍ നിന്ന് പോലും ജനങ്ങള്‍ ഈജിപിതിലെത്തി തുടങ്ങി. സഹായഭ്യര്‍ത്ഥനയുമായി തങ്ങളുടെ രാജ്യത്തെത്തിയ വിദേശികളെ ആരെയും ഫറവോനും, ജോസഫും നിരാശരാക്കിയില്ല. ന്യായമായ വിലയ്ക്ക് അവര്‍ക്കെല്ലാം ആഹാരസാധങ്ങള്‍ ലഭിച്ചു…
ഈ സമയം കനാന്‍ ദേശത്ത് പാര്‍ത്തിരുന്ന ജോസഫിന്റെ അപ്പനായ യാക്കോബും, സഹോദരങ്ങളും പട്ടിണികൊണ്ട് പൊറുതി മുട്ടി കഴിയുകയായിരുന്നു. അയല്‍ രാജ്യമായ ഈജിപ്തില്‍ ധാന്യമുണ്ടെന്ന് കേട്ടറിഞ്ഞ യാക്കോബ് ഇളയ മകനായ ബെന്യാമിന്‍ ഒഴികെയുള്ള ബാക്കി പത്തു മക്കളെയും പണവുമായി ഈജിപ്തിലേക്കയച്ചു.
അങ്ങനെ ദീര്‍ഘമായ യാത്രയ്ക്ക് ശേഷം യാക്കോബിന്റെ മക്കള്‍ ഈജിപ്തിലെത്തി..
(തുടരും…)
No comments:
Post a Comment