Sunday, July 13, 2008

യാക്കോബിന്റെ മകന്‍ ജോസഫ്-8

ഈജിപ്തിലെത്തിയ യാക്കോബിന്റെ മക്കള്‍ ധാന്യത്തിനായി ജോസഫിന്റെ അടുക്കലെത്തിയെങ്കിലും ജോസഫിനെ അവര്‍ തിരിച്ചറിഞ്ഞില്ല... എങ്കിലും തന്റെ മുന്നില്‍ തൊഴുകൈയ്യുമായി നില്‍ക്കുന്ന തന്റെ സഹോദങ്ങളെ ഒറ്റ നോട്ടത്തില്‍ തന്നെ ജോസഫിന് മനസ്സിലായി.

വര്‍ഷങ്ങള്‍ക്കു ശേഷം തന്റെ സഹോദരന്മാരെ കണ്ടപ്പോള്‍ ജോസഫിന്റെ മനസ്സ് സന്തോഷം കൊണ്ട് തുള്ളിച്ചാടി. തന്നെ പൊട്ടക്കിണറ്റിലിട്ട് കൊല്ലാന്‍ ശ്രമിച്ചവര്‍… പിന്നെ ഇരുപത് വെള്ളിക്കാശിന് തന്നെ വിറ്റവര്‍… ഇന്നിതാ അവര്‍ തന്റെ മുന്നില്‍ സഹായത്തിനായി വന്നു നില്‍ക്കുന്നു. തന്നെ തള്ളികളഞ്ഞവരുടെ മുന്നില്‍ ദൈവം ഇന്നിതാ തന്നെ സകലത്തിനും അധിപനാക്കി നിര്‍ത്തിയിരിക്കുന്നു….

തന്നെ വെറുത്തവര്‍ തന്റെ മുന്നില്‍ തൊഴു കൈയ്യുമായി നില്‍ക്കുന്നത് കണ്ടപ്പോള്‍ കുട്ടിക്കാലത്ത് താന്‍ കണ്ട സ്വപ്നങ്ങള്‍ ജോസഫിന് ഓര്‍മ്മവന്നു..

...താന്‍ തന്റെ സഹോദരങ്ങള്‍ക്കൊപ്പം വയലില്‍ കറ്റകള്‍ കെട്ടിക്കൊണ്ടിരുന്നപ്പോള്‍, തന്റെ കറ്റകള്‍ എഴുന്നേറ്റ് നിവര്‍ന്നു നിന്നു. പെട്ടന്ന് തന്റെ സഹോദരന്മാരുടെ കറ്റകള്‍ തന്റെ കറ്റകളുടെ ചുറ്റും നിന്ന് അവയെ നമസ്ക്കരിച്ചു….

‘അതെ.. താനന്ന് കണ്ട സ്വപ്നമിതാ നിവ്യത്തിയായിരിക്കുന്നു… ദൈവത്തിന്റെ ഓരോ കളികള്‍..‘ ജോസഫ് മനസ്സില്‍ മന്ത്രിച്ചു…

ഇപ്പോള്‍ തന്റെ സഹോദരന്മാര്‍ തന്നെ തിരിച്ചറിഞ്ഞിട്ടില്ലാത്ത സാഹചര്യത്തില്‍ തല്‍ക്കാലം താനാരാണെന്ന് അവരോട് അറിയിക്കേണ്ടന്ന് ജോസഫിന് തോന്നി… ജോസഫ് തന്റെ മുന്നില്‍ നില്‍ക്കുന്ന സഹോദരങ്ങളെ അറിഞ്ഞ ഭാവമേ നടിച്ചില്ല…

വിദേശരാജ്യങ്ങളില്‍ നിന്ന് വിവിധ ഭാഷക്കാരും മറ്റും ധാന്യം വാങ്ങുവാന്‍ ഈജിപ്തില്‍ വരുന്നത് കൊണ്ട് ജോസഫിന്‍ അവരുമായി ആശയവിനിമയം നടത്തുവാന്‍ അവരുടെ ഭാഷ വശമില്ലാത്തതിനാല്‍ ജോസഫിനോടൊപ്പം ഒരു ഭാഷാ പരിഭാഷകനുമുണ്ടായിരുന്നു…

“നിങ്ങള്‍ എവിടെ നിന്ന് വരുന്നു….” തന്റെ സഹോദരന്മാരുടെ ഭാഷ ജോസഫിന് വശമുണ്ടായിട്ടും പരിഭാഷകന്‍ വഴി ഈജിപ്തിലെ ഭാഷയിലാണ് ജോസഫ് അവരോട് സംസാരിച്ചത്…

“ഞങ്ങള്‍ കനാന്‍ ദേശത്തു നിന്നും ധാന്യം വാങ്ങുവാനെത്തിയവരാണ്…” ജോസഫിന്റെ സഹോദരന്മാര്‍ വളരെ താഴ്മയോടു കൂടി അറിയിച്ചു. എന്നാല്‍ തന്റെ സഹോദരന്മാരെ ഒന്നു ഭയപ്പെടുത്തുവാന്‍ ജോസഫ് തീരുമാനിച്ചു.

“കള്ളം.. പച്ചക്കള്ളമാണ് നിങ്ങള്‍ പറയുന്നത്…. ഈ രാജ്യത്ത് കുഴപ്പങ്ങളുണ്ടാക്കുവാനെത്തിയ വിദേശചാരന്മാരല്ലേ.. നിങ്ങള്‍…“ ജോസഫിന്റെ ചോദ്യം കേട്ട് അവന്റെ സഹോദരന്മാര്‍ ഞെട്ടിപ്പോയി…

“യജമാനനേ…. അങ്ങനെ പറയരുത്…” ഭയന്നുപോയ ജോസഫിന്റെ സഹോദരന്മാര്‍ ഒരേ സ്വരത്തില്‍ പറഞ്ഞു. “ഞങ്ങളെല്ലാവരും കനാന്‍ ദേശത്തുള്ള വ്യദ്ധനായ ഒരപ്പന്റെ മക്കളാണ്. അപ്പന് ഞങ്ങള്‍ പന്ത്രണ്ട് ആണ്മക്കളായിരുന്നു.. ഒരാള്‍ മരിച്ചുപോയി..ഞങ്ങളുടെ ഇളയ സഹോദരന്‍ കനാന്‍ ദേശത്ത് അപ്പനോടൊപ്പം വീട്ടിലുണ്ട്…”

“അല്ല.. നിങ്ങള്‍ ചാരന്മാര്‍ തന്നെയാണ്…” ജോസഫ് പറഞ്ഞു. സഹോദരന്മാര്‍ എന്തൊക്കെ പറഞ്ഞിട്ടും ജോസഫ് തന്റെ വാക്കില്‍ ഉറച്ചു നിന്നു. ജോസഫിനെ തങ്ങളുടെ നിരപരാധിത്വം എങ്ങനെ തെളിയിക്കണമെന്നറിയാതെ അവര്‍ കുഴഞ്ഞു.

“ശരി നിങ്ങള്‍ ചാരന്മാരല്ലെന്ന് ഞാന്‍ വിശ്വസിക്കാം.. പക്ഷേ നിങ്ങള്‍ പറഞ്ഞത് സത്യമെന്ന് എന്നെ ബോധ്യപ്പെടുത്തണമെങ്കില്‍ നിങ്ങളിലൊരാള്‍ മടങ്ങിച്ചെന്ന് കനാന്‍ദേശത്തുള്ള നിങ്ങളുടെ അനുജനെ എന്റെ അടുക്കന്‍ കൊണ്ടു വരണം..അതുവരെ ബാക്കിയുള്ളവര്‍ ഇവിടെയുള്ള തടവറയില്‍ കഴിയേണ്ടി വരും…” ജോസഫ് പറഞ്ഞത് കേട്ട് അവന്റെ സഹോദര്‍ന്മാര്‍ ഞെട്ടിപ്പോയി..

എന്തു പറഞ്ഞാണ് അപ്പന്റെ അടുക്കല്‍ നിന്നും തങ്ങളുടെ ഇളയ സഹോദരനായ ബെന്യാമിനെ ഇവിടെ കൊണ്ടു വരിക..? അപ്പന്‍ ഒരിക്കലും അവനെ തങ്ങളോടൊപ്പം അയക്കില്ല…. ബെന്യാമിനെ കൊണ്ടുവന്നില്ലെങ്കില്‍ തങ്ങള്‍ നിരപരാധികളാണെങ്കിലും ഈജിപിതിലെ നിയമപ്രകാരം രാജ്യദ്രോഹ കുറ്റം ചുമത്തി തങ്ങളെ തൂക്കിലേറ്റും..

എന്തു ചെയ്യണമെന്നറിയാതെ അവര്‍ കുഴഞ്ഞു...

(തുടരും)

No comments: