Saturday, July 19, 2008

യാക്കോബിന്റെ മകന്‍ ജോസഫ്-9

“പറയൂ. എന്താണ് നിങ്ങളുടെ തീരുമാനം…? നിങ്ങളിലൊരാള്‍ കനാന്‍ ദേശത്തു ചെന്ന് നിങ്ങളുടെ അനുജനെ എന്റെ മുന്നിലെത്തിക്കുവാന്‍ ഒരുക്കമാണോ..” ജോസഫിന്റെ വാക്കുകള്‍ അവന്റെ സഹോദരന്മാരുടെ കാതുകളില്‍ മുഴങ്ങി…

“എന്തു പറഞ്ഞാണ് അപ്പന്റെ അടുക്കല്‍ നിന്നും തങ്ങളുടെ ഇളയ സഹോദരനായ ബെന്യാമിനെ ഈജിപിതില്‍ കൊണ്ടു വരിക..? ജോസഫിന്റെ സഹോദരന്മാര്‍ എന്തു ചെയ്യണമെന്നറിയാതെ കുഴഞ്ഞു. തന്റെ ചോദ്യത്തിന് തന്റെ സഹോദരന്മാരില്‍ നിന്ന് അനുയോജ്യമായൊരു മറുപടി ലഭിക്കാതെ വന്നപ്പോള്‍ അവരെ ഒന്നടങ്കം തടവറയിലടയ്ക്കുവാന്‍ ജോസഫ് ഉത്തരവിട്ടു. അങ്ങനെ മൂന്ന് ദിവസം അവര്‍ തടവറയില്‍ കിടന്നു.

“യജമാനനേ ഞങ്ങള്‍ നിരപരാധികളാണ്.. ദയവായി ഞങ്ങളെ ഞങ്ങളുടെ നാട്ടിലേക്ക് പറഞ്ഞു വിടണം. ഞങ്ങള്‍ ധാന്യവുമായി വരുന്നതും കാത്തിരിക്കുകയാണ് ഞങ്ങളുടെ മാതാപിതാക്കന്മാരും, മറ്റുള്ളവരും. അവര്‍ മുഴുപട്ടിണിയിലാവുന്നതിന് മുമ്പ് ഞങ്ങളെ പറഞ്ഞയക്കണം…” മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം ജോസഫ് തടവറയിലെത്തി തന്റെ സഹോദരന്മാരെ സന്ദര്‍ശിച്ചപ്പോള്‍ അവര്‍ ഒന്നടങ്കം ജോസഫിനോട് അപേക്ഷിച്ചു.

“ഏതായാലും.. നിങ്ങള്‍ മൂലം നിങ്ങളുടെ വീട്ടിലുള്ളവര്‍ പട്ടിണി കിടന്ന് മരിക്കേണ്ടി വരില്ല… നിങ്ങള്‍ക്ക് ആവശ്യമുള്ള ധാന്യവും ഞാന്‍ നല്‍കാം…” ജോസഫ് പറഞ്ഞു. “പക്ഷേ ഒരു കാര്യം. നിങ്ങള്‍ സഹോദരന്മാരില്‍ ഒരാളെയൊഴികെ ബാക്കി ഒമ്പതുപേരെ മാത്രമേ ഞാനീ തടവറയില്‍ നിന്ന് മോചിപ്പിക്കുകയുള്ളു. നിങ്ങള്‍ കനാന്‍ ദേശത്തു ചെന്ന് നിങ്ങളുടെ ഇളയ അനുജനുമായി എന്റെ അടുക്കല്‍ മടങ്ങിയെത്തിയാല്‍ തടവറയില്‍ കിടക്കുന്ന നിങ്ങളുടെ സഹോദരനെയും ഞാന്‍ മോചിപ്പിക്കാം…”

‘തങ്ങള്‍ പത്തു പേരില്‍ ആരാണ് ബന്യാമിനെ ഇവിടെയെത്തിക്കുന്നതുവരെ ഈ തടവറയില്‍ കഴിയുക..” ജോസഫിന്റെ വാക്കുകള്‍ സഹോദരന്മാരെ ആശയക്കുഴപ്പത്തിലാക്കി. ഒടുവില്‍ ശിമയോന്‍ തടവറയില്‍ കഴിയുവാന്‍ തയ്യാറായി. അങ്ങനെ ബാക്കിയുള്ള ഒമ്പതു പേരെയും ജോസഫ് തടവറയില്‍ നിന്ന് മോചിപ്പിച്ചു.

“നമ്മുടെ സഹോദരനായ ജോസഫിനോട് നാം ചെയ്ത് തെറ്റിന് നമുക്ക് ദൈവം നല്‍കിയ ശിക്ഷയാണിത്. അവന്റെ കണ്ണുനീരും, നിലവിളിയും നാം അന്ന് കേള്‍ക്കാതെ പോയതിന്‍ നമുക്ക് ലഭിച്ച വലിയ ശിക്ഷ..” സഹോദരന്മാര്‍ തമ്മില്‍ പറയുന്നത് ജോസഫ് കേട്ടു.

“അതെ ജോസഫിനോട് നിങ്ങള്‍ ചെയ്ത തെറ്റിന് ദൈവം നിങ്ങള്‍ക്ക് നല്‍കിയ ശിക്ഷ തന്നെയാണിത്. അവനെ ഒന്നും ചെയ്യരുതെന്ന് അന്ന് ഞാന്‍ നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയെങ്കിലും ആരും എന്റെ വാക്കുകള്‍ ചെവിക്കൊണ്ടില്ല… “ യാക്കോബിന്റെ മൂത്ത പുത്രനായ രൂബേന്‍ തന്റെ സഹോദരന്മാരെ കുറ്റപ്പെടുത്തി.

ഈ സമയം തന്റെ സഹോദരന്മാരുടെ ചാക്കുകളില്‍ ധാന്യം നിറയ്ക്കുവാനും അവരുടെ കൈയ്യില്‍ നിന്ന് പണം വാങ്ങി അവരറിയാതെ ആ ചാക്കിനുള്ളില്‍ തന്നെ വയ്ക്കുവാനും, മാത്രമല്ല മടക്കയാത്രയില്‍ അവര്‍ക്ക് ഭക്ഷിക്കുവാനുള്ള ആഹാരം നല്‍കുവാനും ജോസഫ് തന്റെ ഭ്യത്യന്മാരോട് കല്പിച്ചു. എന്നാല്‍ അവര്‍ തന്റെ സഹോദരന്മാരാണെന്ന് ജോസഫ് ആരെയും അറിയിച്ചില്ല.

ഭ്യത്യന്മാര്‍ ജോസഫ് പറഞ്ഞത് അക്ഷരംപ്രതി അനുസരിച്ചു. അങ്ങനെ അവര്‍ ഒമ്പത് സഹോദരന്മാരും ധാന്യം നിറച്ച ചാക്കുകള്‍ കഴുതപ്പുറത്ത് കയറ്റി ഈജിപ്തില്‍ നിന്നും കനാന്‍ ദേശത്തേക്ക് യാത്രയായി. വളരെ ദീര്‍ഘമായ യാത്രയ്ക്കിടയില്‍ അവര് ഒരു സത്രത്തില്‍ വിശ്രമിക്കുന്നതിനിടയില്‍ അവരിലൊരാള്‍ കഴുതയ്ക്ക് തീറ്റ നല്‍കുവാന്‍ ചാക്ക് അഴിച്ചു.

പെട്ടന്നാണ് അയാള്‍ ഞെട്ടിപ്പോയത്..
‘തങ്ങള്‍ ഈജിപിതില്‍ നിന്ന് ധാന്യം വാങ്ങിയപ്പോള്‍ കൊടുത്ത പണമിതാ ചാക്കിലിരിക്കുന്നു.‘ അയാള്‍ തന്റെ സഹോദരന്മാരോട് ഓടിച്ചെന്ന് ഇക്കാര്യമറിയിച്ചപ്പോള്‍ അവരും പെട്ടന്ന് തങ്ങളുടെ ചാക്കുകള്‍ പരിശോധിച്ചപ്പോള്‍ തങ്ങളുടെ ചാക്കുകളിലും തങ്ങള്‍ കൊടുത്ത പണമിരിക്കുന്നത് കണ്ടു.

‘ഇതെങ്ങനെ സംഭവിച്ചു..?
പണം ക്യത്യമായി എണ്ണിക്കൊടുത്താണ് തങ്ങള്‍ ധാന്യം വാങ്ങിയത്… ആ പണമെങ്ങനെ വീണ്ടും തങ്ങളുടെ ചാക്കുകളിലെത്തി….? എത്ര തന്നെ ചിന്തിച്ചിട്ടും ജോസഫിന്റെ സഹോദരന്മാര്‍ക്ക് ഒരെത്തും പിടിയും കിട്ടിയില്ല….

ഇനിയിപ്പോള്‍ എന്തൊക്കെയാണ് സംഭവിക്കുവാന്‍ പോകുന്നത്..?
ചെയ്യാത്ത കുറ്റത്തിന്‍ ശിമയോന്‍ തടവറയിലായി… ഇപ്പോഴിതാ ഇങ്ങനെയും സംഭവിച്ചിരിക്കുന്നു…
അവര്‍ വല്ലാതെ പരിഭ്രാന്ത്രരായി.

(തുടരും..)

1 comment:

Anonymous said...

പ്രവാചകന്‍ മോശയെങ്ങാനും എഴുന്നേറ്റ് വന്ന് കേസുകൊടുത്താല്‍ കുരുങ്ങിപ്പോമല്ലോ സാബുവേ. അങ്ങേരു എഴുതിയത് തന്നെ അല്ലെ ഈ പകര്‍ത്തി എഴുതി വച്ചിരിക്കുന്നെ? ഇത്ബൈബിള്‍ സ്വതന്ത്രപരിഭാഷയോ അതോ നോവലോ?