Monday, July 21, 2008

യാക്കോബിന്റെ മകന്‍ ജോസഫ്-10

യാക്കോബിന്റെ മക്കള്‍ ഈജിപ്തില്‍ നിന്ന് ധാന്യവുമായി കനാന്‍ ദേശത്തുള്ള തങ്ങളുടെ വീട്ടിലെത്തി. അവര്‍ സംഭവിച്ചതൊക്കെ തങ്ങളുടെ അപ്പനെ അറിയിച്ചു.

“നിങ്ങളെന്റെ മക്കളെയെല്ലാം നഷടമാക്കും... ആദ്യം ജോസഫ്, രണ്ടാമത് ശിമയോന്‍ ഇപ്പോഴിതാ ബെന്യാമിനും എനിക്ക് നഷ്ടമാകുവാന്‍ പോകുന്നു…” ശിമയോന്‍ ഈജിപ്തിലെ തടവറയിലാണെന്നും ബന്യാമിനെ ഈജിപ്തിലെത്തിക്കാതെ ശിമയോനെ മോചിപ്പിക്കുവാന്‍ സാധിക്കില്ലെന്നുമുള്ള വാര്‍ത്ത കേട്ട യാക്കോബിന് ദേഷ്യവും, സങ്കടവും അടക്കുവാനായില്ല.

“അപ്പന്‍ വിഷമിക്കേണ്ട. ബന്യാമിന്‍ ഒന്നും സംഭവിക്കുകയില്ല…” രണ്ടാമത്തെ മകനായ യഹൂദ യാക്കോബിനെ ധൈര്യപ്പെടുത്തി. പക്ഷേ ബന്യാമിനെ അവരോടൊപ്പം ഈജിപ്തിലേക്ക് അയക്കുവാന്‍ യാക്കോബ് ഒരുക്കമായിരുന്നില്ല.

“അപ്പന്റെ മക്കളുടെ നിരപരാധിത്വം തെളിയിക്കണമെങ്കില്‍ ബന്യാമിനെ ഞങ്ങളോടൊപ്പം ഈജിപ്തിലേക്ക് അയക്കണം…. അവന്‍ യാതൊന്നും സംഭവിക്കാതെ ഈജിപ്തില്‍ നിന്ന് അപ്പന്റെ അടുക്കല്‍ ഞാന്‍ തിരിച്ചു കൊണ്ടു വരും…. ഒരു പക്ഷേ എനിക്കതിന് സാധിച്ചില്ലെങ്കില്‍ എന്റെ രണ്ട് മക്കളെയും അപ്പന്‍ കൊന്നു കളഞ്ഞോളൂ…” യഹൂദ പറഞ്ഞു.

“ഇല്ല. എന്തൊക്കെ പറഞ്ഞാലും ബന്യാമിനെ നിങ്ങളോടൊപ്പം വിടുന്ന പ്രശ്നമേയില്ല… നിങ്ങള്‍ക്കറിയാമല്ലോ. അവന്‍ ജനിച്ചപ്പോള്‍ അവന്റെ അമ്മയായ റാഹേല്‍ മരിച്ചു. പിന്നീട് അവന്റെ ജ്യേഷ്ഠനായ ജോസഫ് മരിച്ചു… ഇനിയും അവനും കൂടി എനിക്ക് നഷ്ടമായാല്‍ ഞാന്‍ ചങ്കുപൊട്ടി മരിക്കും. അതുകൊണ്ട് ബന്യാമിനെ ഞാന്‍ നിങ്ങളോടൊപ്പം ഈജിപ്തിലേക്ക് അയക്കില്ല…” യാക്കോബിന്റെ വാക്കുകള്‍ ഉറച്ചതായിരുന്നു. അപ്പനെ തന്റെ തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിക്കുവാന്‍ കഴിയുകയില്ലെന്ന് യഹൂദയ്ക്കും മറ്റ് സഹോദരങ്ങള്‍ക്കും മനസ്സിലായി.

ആഴ്ചകള്‍ പലതും കഴിഞ്ഞു….
യാക്കോബിന്റെ മക്കള്‍ ഈജിപ്തില്‍ നിന്ന് കൊണ്ടു വന്ന ധാന്യമെല്ലാം തീര്‍ന്നു തുടങ്ങിയതോടു കൂടി യാക്കോബ് തന്റെ മക്കളെ ധാന്യത്തിനായി വീണ്ടും ഈജിപ്തിലേക്ക് അയക്കുവാനൊരുങ്ങി.. എന്നാല്‍ ബെന്യാമിനെ തങ്ങളോടൊപ്പം ഈജിപ്തിലേക്ക് അയച്ചെങ്കില്‍ മാത്രമേ തങ്ങള്‍ ധാന്യത്തിനായി ഈജിപ്തിലേക്ക് പോവുകയുള്ളു എന്ന തീരുമാനത്തില്‍ അവര്‍ ഉറച്ചു നിന്നു. ബെന്യാമിനെ ഈജിപ്തിലേക്ക് അയക്കില്ലെന്ന് യാക്കോബും വാശിപിടിച്ചു.

“അപ്പാ. അങ്ങ് ബന്യാമിനെ ഞങ്ങളോടൊപ്പം അയച്ചില്ലെങ്കില്‍, നമ്മളെല്ലാവരും ആഹാരമില്ലാതെ ഇവിടെ കിടന്ന് വിശന്ന് മരിക്കേണ്ടി വരും. അപ്പന് ദയവായി എന്നെ വിശ്വസിക്കു. ബന്യാമിനെ എന്നോടൊപ്പം അയക്കൂ. ഞാനവനെ സുരക്ഷിതമായി അങ്ങയുടെ അടുക്കല്‍ മടക്കിയെത്തിക്കാം…” യഹൂദ അവസാനമായി അപ്പനോട് പറഞ്ഞു.

ഒടുവില്‍ യഹൂദയുടെയും മറ്റ് മക്കളുടെയും നിര്‍ബന്ധത്തിന്‍ വഴങ്ങി യാക്കോബ് തന്റെ ഇളയ പുത്രനായ ബന്യാമിനെ അവരോടൊപ്പം ഈജിപ്തിലേക്ക് അയക്കുവാന്‍ തീരുമാനിച്ചു. അങ്ങനെ യാക്കോബിന്റെ മക്കള്‍ ഈജിപ്തിലേക്ക് യാത്രയായി. ദീര്‍ഘമായ യാത്രയ്ക്ക് ശേഷം അവര്‍ ഈജിപ്തിലെത്തി ജോസഫിനെ മുഖം കാണിച്ചു.

വര്‍ഷങ്ങള്‍ക്കുശേഷം തന്റെ കുഞ്ഞനുജന്‍ ബന്യാമിനെ കണ്ടപ്പോള്‍ ജോസഫിന്‍ സ്വയം നിയന്ത്രിക്കുവാന്‍ കഴിഞ്ഞില്ല. എങ്കിലും താനാരാണെന്ന് ജോസഫ് തന്റെ സഹോദരന്മാരോട് വെളിപ്പെടുത്തിയില്ല

“ഇവരെ എല്ലാവരെയും എന്റെ വീട്ടിലേക്ക് കൊണ്ടു പോകണം. എന്നോടൊപ്പം ഇവര്‍ക്കും ഉച്ചഭക്ഷണം തയ്യാറാക്കണം.. മാത്രമല്ല തടവറയിലായിരുന്ന ഇവരുടെ സഹോദരന് ശിമയോനെയും ഉടന്‍ മോചിപ്പിക്കൂ…” ജോസഫ് തന്റെ ഭ്യത്യന്മാരോട് ഉത്തരവിട്ടു. അവര്‍ ജോസഫിനെ അനുസരിച്ചു.

യാക്കോബിന്റെ പതിനൊന്ന് മക്കള്‍ക്കും രാജകീയമായ വരവേല്‍പ്പാണ്‍ ജോസഫിന്റെ വീട്ടില്‍ നിന്ന് ലഭിച്ചത്. മുന്തിയ വിരുന്നാണ് ജോസഫ് സഹോദരന്മാര്‍ക്കു വേണ്ടി ഒരുക്കിയത്. പരദേശികളായ തങ്ങളെ ഈജിപ്തിലെ രാജാവിനോളം അധികാരമുള്ള ഈ വലിയ മനുഷ്യന്‍, ഇത്രയധികം ബഹുമാനിക്കുന്നതിന്റെ കാരണം എത്ര തന്നെ ചിന്തിച്ചിട്ടും ജോസഫിന്റെ സഹോദരങ്ങള്‍ക്ക് മനസ്സിലായില്ല.

ജോസഫിനോടൊപ്പം വിരുന്ന് കഴിക്കുമ്പോഴും, ജോസഫ് തങ്ങളോട് കുശലാന്വേഷങ്ങള്‍ നടത്തുമ്പോഴും തങ്ങളേതോ സ്വപ്നലോകത്താണോന്ന് പോലും ജോസഫിന്റെ സഹോദരങ്ങള്‍ക്ക് തോന്നി,…

എന്നാല്‍ വലിയ വിപത്തുകള്‍ തങ്ങളെ തേടിയെത്താന്‍ പോവുകയാണെന്ന് അവര്‍ അറിഞ്ഞിരുന്നില്ല.

(തുടരും..)

No comments: