Wednesday, July 23, 2008

യാക്കോബിന്റെ മകന്‍ ജോസഫ്-11

ജോസഫിന്റെ പതിനൊന്ന് സഹോദരങ്ങളും വിഭവ സമ്യദ്ധമായ വിരുന്നിന്‍ ശേഷം വിശ്രമിക്കുന്നതിനിടയില്‍ ജോസഫ് തന്റെ കാര്യസ്ഥനെ വിളിച്ച് ചില നിര്‍ദ്ദേശങ്ങള്‍ നല്‍കി.

തന്റെ സഹോദരന്മാരുടെ ചാക്കുകളില്‍ ധാന്യം നിറയ്ക്കുന്നതിനിടയില്‍ ധാന്യത്തിന്റെ വിലയായി അവരോരുത്തരും നല്‍കുന്ന പണവും, ഒപ്പം തന്റെ വീട്ടിലെ വിലയേറിയ ഒരു വെള്ളിപ്പാത്രവും അവരറിയാതെ അവരുടെ ചാക്കുകളില്‍ വയ്ക്കുവാനും ജോസഫ് കാര്യസ്ഥനു നിര്‍ദ്ദേശം നല്‍കി. കാര്യസ്ഥന്‍ ജോസഫിന്റെ വാക്കുകള്‍ അക്ഷരം പ്രതി അനുസരിച്ചു.

എന്നാല്‍ കഥയൊന്നുമറിയാതെ ജോസഫിന്റെ സഹോദരങ്ങള്‍ ധാന്യച്ചാക്കുകള്‍ കഴുതപ്പുറത്ത് കയറ്റി ഈജിപ്തില്‍ നിന്ന് കനാന്‍ ദേശത്തേക്ക് യാത്രയായി.

“ഇനിയുമാണ്‍ കളി…. നിങ്ങള്‍ ആ സഹോദരങ്ങളെ വേഗം പിന്തുടര്‍ന്ന് എന്റെ വെള്ളിപ്പാത്രം മോഷ്ടിച്ചത് എന്തിനെന്ന് ചോദിക്കുക..” ജോസഫ് പെട്ടന്ന് തന്റെ കാര്യസ്ഥന്‍ നിര്‍ദ്ദേശം നല്‍കി. അങ്ങനെ ജോസഫിന്റെ സഹോദരന്മാരെ പിന്തുടര്‍ന്ന കാര്യസ്ഥന്‍ അവരെ കണ്ടെത്തി.

“നിങ്ങളിലാരാണ് എന്റെ യജമാനന്റെ വെള്ളിപ്പാത്രം മോഷ്ടിച്ചത്…” കാര്യസ്ഥന്‍ ജോസഫിന്റെ സഹോദരന്മാരോട് ചോദിച്ചു. “ഇല്ല… ഞങ്ങളാരും ഇങ്ങനൊരു പ്രവ്യത്തി ചെയ്യില്ല…” അവര്‍ ഒരേ സ്വരത്തില്‍ മറുപടി പറഞ്ഞു.

“അല്ല നിങ്ങളിലൊരാള്‍ എന്റെ യജമാനന്റെ വെള്ളിപ്പാത്രം മോഷ്ടിച്ചിരിക്കുന്നു…” കാര്യസ്ഥന്‍ പറഞ്ഞത് കേട്ട് ആ പതിനൊന്ന് സഹോദരന്മാരും മുഖത്തോട് മുഖം നോക്കി. ‘ആരാണീ നീചപ്രവ്യത്തി ചെയ്തത്..?‘ അവര്‍ സ്വയം ചോദിച്ചു.

“ഞങ്ങള്‍ നിരപരാധികളാണ്.. ഒരു പക്ഷേ അങ്ങയ്ക്ക് ഞങ്ങളെ സംശയമുണ്ടെങ്കില്‍ ഞങ്ങളെ ഓരോരുത്തരെയും പരിശോധിക്കുക. ഒരുപക്ഷേ താങ്കളുടെ യജമാനന്റെ വെള്ളിപ്പാത്രം ഞങ്ങളില്‍ ആരുടെ കൈയ്യില്‍ നിന്ന് ലഭിക്കുന്നുവോ അവനെ അങ്ങ് കൊന്നു കളഞ്ഞോളൂ… ബാക്കിയുള്ളവര്‍ അങ്ങയുടെ അടിമകളാവുകയും ചെയ്തു കൊള്ളാം..” ജോസഫിന്റെ മൂത്ത സഹോദരനായ രൂബേന്‍ കാര്യസ്ഥനോട് പറഞ്ഞു. രൂബേന്റെ അഭിപ്രായത്തോട് മറ്റുള്ള സഹോദരങ്ങളും യോജിച്ചു.

കാര്യസ്ഥന്‍ യാക്കോബിന്റെ മൂത്തപുത്രനായ രൂബേന്റെ ധാന്യചാക്കാണ് ആദ്യം അഴിച്ച് പരിശോധിച്ചത്. അതിനുള്ളില്‍ താന്‍ ധാന്യം വാങ്ങിയപ്പോള്‍ കൊടുത്ത് പണമിരിക്കുന്നത് കണ്ടത് രൂബേന്‍ മാത്രമല്ല മറ്റ് സഹോദരങ്ങളും ഞെട്ടിപ്പോയി.

കാര്യസ്ഥന്‍ രൂബേന്റെ അനുജനായ ശിമയോന്റെ ചാക്ക് അഴിച്ചപ്പോള്‍ അതിലും പണമിരിക്കുന്നു. പിന്നീട് ലേവി, യഹൂദ, സെബുലൂന്‍, യിസ്സഖാര്‍, ദാന്‍, ഗാദ്, അശേര്‍, നഫ്താലി എന്നിവരുടെ ധാന്യച്ചാക്കുകളും പരിശോധിച്ചു. അവരുടെ ചാക്കുകളിലും അവര്‍ ധാന്യം വാങ്ങിയപ്പോള്‍ കൊടുത്ത പണം കണ്ടെത്തിയെങ്കിലും ജോസഫിന്റെ വെള്ളിപ്പാത്രം മാത്രം കിട്ടിയില്ല.

ഇതെന്തു മറിമായം.
കഴിഞ്ഞ തവണത്തെപ്പോലെ ഇപ്പോഴും സംഭവിച്ചിരിക്കുന്നു. തങ്ങള്‍ ധാന്യത്തിന്റെ വിലയായി കൊടുത്ത പണം ചാക്കിലെങ്ങനെയെത്തി…? എത്ര തന്നെ ചിന്തിച്ചിട്ടും അവര്‍ക്ക് മനസ്സിലായില്ല.

ഇനിയിപ്പോള്‍ ബന്യാമിന്റെ ചാക്കാണ് പരിശോധിക്കാനുള്ളത്… ദൈവമേ അതിനുള്ളിലെങ്ങാനും ആ വെള്ളിപ്പാത്രം…? അതോര്‍ക്കുവാന്‍ പോലും ആര്‍ക്കും കഴിയില്ലായിരുന്നു. ഒടുവില്‍ ബന്യാമിന്റെ ചാക്കും പരിശോധിച്ചു. പെട്ടന്നാണ് യാക്കോബിന്റെ മക്കള്‍ വെള്ളിടി വെട്ടിയവരെപ്പോലെയായത്.

ബന്യാമിന്റെ ചാക്കില്‍ ജോസഫിന്റെ വീട്ടിലെ വെള്ളിപ്പാത്രമിരിക്കുന്നു.!!! കണമുമ്പില്‍ കണ്ട സത്യം വിശ്വസിക്കുവാന്‍ എല്ലാവരും വളരെ പാടുപെടേണ്ടി വന്നു..

‘ദൈവമേ ഇനിയൊന്തെക്കെയാണ് സംഭവിക്കാന്‍ പോവുക!!!? ഈജിപ്തിലെ സര്‍വ്വാധികാരിയുടെ വീട്ടിലെ വെള്ളിപ്പാത്രമാണ് ബന്യാമിന്റെ ചാക്കില്‍ നിന്ന് ലഭിച്ചിരിക്കുന്നത്…

(തുടരും..)

No comments: