Thursday, July 24, 2008

യാക്കോബിന്റെ മകന്‍ ജോസഫ്-12

ബന്യാമിന്റെ ധാന്യചാക്കില്‍ ജോസഫിന്റെ കൊട്ടാരത്തിലെ വെള്ളിപ്പാത്രം കണ്ടെത്തിയിരിക്കുന്നു!!! ഇതില്‍ കൂടുതല്‍ അപമാനം എന്തിരിക്കുന്നു…? ഇതില്‍ കൂടുതല്‍ വലിയ തെറ്റെന്താണ്..? ദു:ഖവും, അപമാനവും സഹിക്കാനാവാതെ ബന്യാമിന്റെ പത്ത് സഹോദരങ്ങളും തങ്ങളുടെ വസ്ത്രം വലിച്ചു കീറി…

സഹോദരങ്ങള്‍ ബന്യാമിനെ കുറ്റപ്പെടുത്തുവാനും, ശകാരിക്കുവാനും തുടങ്ങി, ജ്യേഷ്ഠന്മാരുടെ മുന്നില്‍ തന്റെ നിരപരാധിത്വം എങ്ങനെ തെളിയിക്കണമെന്നറിയാതെ ബന്യാമിന് വല്ലാതെ കുഴഞ്ഞു. എങ്ങനെയാണ് ഈ വെള്ളിപ്പാത്രം തന്റെ ചാക്കിലെത്തിയത്..? എത്ര തന്നെ ചിന്തിച്ചിട്ടും ബന്യാമിന് മനസ്സിലായില്ല… ഭയം കൊണ്ട് അവന്റെ ശരീരം വിറയ്ക്കുന്നുണ്ടായിരുന്നു.

“തൊണ്ടി മുതല്‍ കൈയ്യോടെ പിടി കൂടിയ സാഹചര്യത്തില്‍ നിങ്ങള്‍ കനാന്‍ ദേശത്തേക്കുള്ള യാത്ര മതിയാക്കി എന്നോടൊപ്പം വരണം..” ജോസഫിന്റെ കാര്യസ്ഥന്‍ യാക്കോബിന്റെ മക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

അങ്ങനെ കനാന്‍ ദേശത്തേക്കുള്ള യാത്ര മതിയാക്കി അപമാനഭാരത്തോടെ, അതിലുപരി ഭീതിയോടു കൂടി ആ പതിനൊന്ന് സഹോദരങ്ങളും കാര്യസ്ഥനോടൊപ്പം ജോസഫിന്റെ കൊട്ടാരത്തിലേക്ക് യാത്രയായി.

“യജമാനനേ ഞങ്ങളെ രക്ഷിക്കണം…” ജോസഫിനെ കണ്ടതും അവര്‍ പതിനൊന്നു പേരും ജോസഫിന്റെ കാല്‍ക്കല്‍ വീണു.

“നിങ്ങള്‍ എന്ത് പ്രവര്‍ത്തിയാണ് ചെയ്തത്..? ഞാന്‍ നിങ്ങളെ സല്‍ക്കരിച്ചു. ആദരിച്ചു. പക്ഷേ നിങ്ങള്‍ എന്നോട് ചതി കാട്ടിയിരിക്കുന്നു….? “ ജോസഫ് വളരെ ഗൌരവത്തോടു കൂടി ചോദിച്ചു.

“യജമാനനേ ഞങ്ങള്‍ നിരപരാധികളാണെന്ന് ആണയിട്ടു പറഞ്ഞാലും അങ്ങെന്നല്ല, ഈ ലോകത്തിലുള്ളവരാരും വിശ്വസിക്കുകയില്ല… കാരണം ഞങ്ങള്‍ പിടിക്കപ്പെട്ടിരിക്കുന്നു… ഞങ്ങളുടെ നിരപരാധിത്വം തെളിയിക്കാന്‍ അവസരം പോലും ഞങ്ങള്‍ ആവശ്യപ്പെടുന്നില്ല.. ഇതാ ഞങ്ങളെയെല്ലാവരെയും അങ്ങ് അടിമകളാക്കി കൊള്ളുക. അങ്ങ് പറയുന്നതെന്തും അനുസരിക്കുവാന്‍ ഞങ്ങള്‍ ഒരുക്കമാണ്..” യഹൂദ പറഞ്ഞു

“നിങ്ങള്‍ എല്ലാവരെയും അടിമകളാക്കുവാന്‍ എനിക്കുദ്ദേശ്യമില്ല.. എന്നാല്‍ ആരുടെ കൈയ്യില്‍ നിന്നാണോ എന്റെ വെള്ളിപ്പാത്രം കിട്ടിയത് അവന്‍ എന്റെ അടിമയായിരിക്കും… ബാക്കിയുള്ളവര്‍ക്ക് സമാധാനത്തോടെ കനാന്‍ ദേശത്തേക്ക് മടങ്ങാം….”

ജോസഫ് പറഞ്ഞത് കേട്ട് കൂടുതല്‍ വേദനിച്ചത് യഹൂദയുടെ മനസ്സായിരുന്നു. ബന്യാമിനെ തങ്ങളോടൊപ്പം ഈജിപ്തിലേക്ക് അയക്കില്ലെന്ന് അപ്പനായ യാക്കോബ് വാശിപിടിച്ചപ്പോള്‍ യഹൂദയായിരുന്നു ബന്യാമിന്‍ യാതൊരു അപകടവും പറ്റാതെ അപ്പന്റെ അടുക്കല്‍ മടക്കിയെത്തിക്കാമെന്ന് വാക്ക് കൊടുത്തത്..

പക്ഷേ എല്ലാം ഇവിടെ തകിടം മറിഞ്ഞിരിക്കുന്നു……
ബന്യാമിന്‍ കുറ്റവാളിയായി പിടിക്കപ്പെട്ടിരിക്കുന്നു…ചെറിയ കുറ്റമല്ല അവന്റെ മേല്‍ ചുമത്തപ്പെട്ടിരിക്കുന്നത്. ഒരു പക്ഷേ ജീവിതകാലം മുഴുവന്‍ തന്റെ കുഞ്ഞനുജന്‍ ഈജിപ്തിലെ തടവറയില്‍ കഴിയേണ്ടി വരും…. അവനില്ലാതെ എങ്ങനെ അപ്പനെ താനും തന്റെ സഹോദരങ്ങളും അഭിമുഖീകരിക്കും…. ബന്യാമിന് നേരിട്ട ദു:ര്‍വിധിയെക്കുറിച്ചറിയുമ്പോള്‍ തന്റെ വ്യദ്ധനായ അപ്പന്‍ ചങ്കുപൊട്ടി മരിച്ചു പോകും… ദൈവമേ ഇനിയിപ്പോള്‍ എന്താണ്‍ ചെയ്യേണ്ടത്…? യഹൂദ ഒരു ഭ്രാന്തനെപ്പോലെ പിറു പിറുത്തു.

“യജമാനനേ… എന്റെ അനുജനായ ബെന്യാമിനെക്കൊണ്ടല്ലാതെ ഞാന്‍ എന്റെ അപ്പന്റെ അടുക്കലേക്ക് പോവില്ല….” യഹൂദ നിറകണ്ണുകളോടു കൂടി ജോസഫിനോട് പറഞ്ഞു “അവനെ കണ്ടില്ലെങ്കില്‍ എന്റെ അപ്പന്‍ മരിച്ചുപോകും. അവനെ അത്രമാത്രം അപ്പന്‍ സ്നേഹിക്കുന്നുണ്ട്.. അങ്ങ് ഒരു കാര്യം ചെയ്യുക. എന്റെ അനുജന് പകരം അടിയനെ അടിമയാക്കി കൊള്ളുക.. എന്റെ സഹോദരങ്ങളെ അവരുടെ ദേശത്തേക്ക് പോകുവാന്‍ അനുവദിച്ചാലും

യഹൂദ തന്റെ അപ്പനെക്കുറിച്ചും, അദ്ദേഹത്തിന്‍ ബന്യാമിനോടുള്ള സ്നേഹത്തെക്കുറിച്ചും ജോസഫിനോട് പറഞ്ഞപ്പോള്‍ ജോസഫിന്റെ കണ്ണുകള്‍ നിറഞ്ഞു. തന്റെ പതിനൊന്ന് സഹോദരന്മാരുടെ മുഖത്തേക്കും ജോസഫ് നോക്കി. ആ മുഖങ്ങളില്‍ വല്ലാത്ത ഭയം നിഴലിച്ചു നില്‍ക്കുന്നത് ജോസഫ് കണ്ടു.

തന്റെ സഹോദരങ്ങളെ പരീക്ഷിച്ചത് മതിയെന്ന് ജോസഫിന് തോന്നി, ഇനിയിപ്പോള്‍ ഒന്നും ഒളിച്ചു വയ്ക്കേണ്ട ആവശ്യമില്ല… ഈജിപ്തിലെ ഗവര്‍ണ്ണറായ താന്‍ പണ്ട് ഇവര്‍ കൊല്ലുവാന്‍ ശ്രമിക്കുകയും, ഒടുവില്‍ യിശ്മേല്യ കച്ചവടക്കാര്‍ക്ക് ഇരുപത് വെള്ളിക്കാശിന് വില്‍ക്കുകയും ചെയ്ത ജോസഫാണെന്ന് തന്റെ സഹോദരങ്ങളെ അറിയിക്കുക തന്നെ….

(തുടരും..)

No comments: