Saturday, July 26, 2008

യാക്കോബിന്റെ മകന്‍ ജോസഫ്-13

“നിങ്ങള്‍ക്കെന്നെ ഇതുവരെയും മനസ്സിലായില്ലേ…” ജോസഫ് നിറകണ്ണുകളോടു കൂടി തന്റെ പതിനൊന്ന് സഹോദരന്മാരോടും ചോദിച്ചു. അവര്‍ സഹോദരങ്ങള്‍ ഒന്നും മനസ്സിലാകാതെ പരസ്പരം മുഖത്തോടു മുഖം നോക്കി.“ഞാന്‍ നിങ്ങളുടെ സഹോദരനായ ജോസഫാകുന്നു…” ജോസഫ് ദു:ഖം കടിച്ചമര്‍ത്താനാവാതെ ഒരു കൊച്ചു കുട്ടിയെപ്പോലെ പൊട്ടിക്കരഞ്ഞു പോയി.

ജോസഫ്!!!!
അവന്റെ സഹോദരന്മാര്‍ക്ക് വിശ്വസിക്കുവാന്‍ കഴിഞ്ഞില്ല…
വര്‍ഷങ്ങള്‍ക്ക് മുമ്പ് തങ്ങള്‍ ഈജിപ്തിലേക്ക് പോയ കച്ചവടക്കാര്‍ക്ക് വിറ്റ ജോസഫ് എങ്ങനെ ഈ നിലയിലെത്തി…? അവര്‍ക്ക് അത്ഭുതത്തേക്കാളുപരി ഭയമാണ്‍ തോന്നിയത്… കാരണം ഇത് പഴയ ജോസഫാണെങ്കില്‍ തങ്ങള്‍ അവനോട് ചെയ്ത തെറ്റിന്‍ ഇപ്പോള്‍ അവന്‍ പ്രതികാരം ചെയ്യാം.. തങ്ങളെ കൊല്ലാം… അതുമല്ലെങ്കില്‍ ജീവകാലം മുഴുവന്‍ തടവറയിലെ ഇരുട്ടില്‍ തള്ളാം…

“നിങ്ങളെന്താണ്‍ ഭയന്ന് നില്‍ക്കുന്നത്..? എന്റെ അടുക്കല്‍ വരുവിന്‍..” തന്റെ സഹോദരന്മാരുടെ മനസ്സ് വായിച്ചറിഞ്ഞതുപോലെ ജോസഫ് അവരോട് പറഞ്ഞു.

“നിങ്ങള്‍ സംശയിക്കേണ്ട… അതെ നിങ്ങള്‍ പണ്ട് ഈജിപ്തിലേക്ക് പോയ കച്ചവടക്കാര്‍ക്ക് വിറ്റ നിങ്ങളുടെ സഹോദരനായ ജോസഫ് തന്നെയാണ് ഞാന്‍… കഴിഞ്ഞതൊന്നുമോര്‍ത്ത് നിങ്ങള്‍ ഭയക്കുകയോ, വിഷമിക്കുകയോ വേണ്ട… ഞാന്‍ നിങ്ങളോട് പ്രതികാരം ചെയ്യില്ല. എല്ലാം ദൈവഹിതമായിരുന്നു… ദൈവമാണ് എന്നെ ഇവിടേക്ക് കൊണ്ടു വന്നത്… അവനാണ് എന്നെ ഈ രാജ്യത്തിന്റെ അധിപതിയാക്കിയത്…” ജോസഫ് ഈജിപ്തില്‍ താന്‍ അനുഭവിച്ച കഷ്ടപ്പാടുകളും, പീന്നിടുണ്ടായ ഉയര്‍ച്ചയും തന്റെ സഹോദരങ്ങളോട് വിവരിച്ചു.

എന്നാല്‍ ജോസഫിനോട് എന്തു പറയണമെന്നറിയാതെ ബന്യാമിനൊഴികെയുള്ള അവന്റെ സഹോദരന്മാര്‍ വിഷമിച്ചു നില്‍ക്കുകയായിരുന്നു. തങ്ങള്‍ പണ്ട് ജോസഫിനോട് ചെയ്ത അനീതികളോര്‍ത്ത് അവര്‍ക്ക് പശ്ചാത്താപമുണ്ടായി.

“സഹോദരന്മാരേ… നിങ്ങള്‍ വേഗം കനാന്‍ ദേശത്തുള്ള നമ്മുടെ അപ്പന്റെ അടുക്കല്‍ ചെന്ന് മരിച്ചു പോയെന്ന് കരുതിയ ഞാന്‍ ജീവനോടു കൂടിയിരിക്കുന്നെന്നും, ഈജിപ്തിലെ സകലത്തിനും അധിപതിയാക്കിയിരിക്കുന്നുവെന്നും അറിയിക്കണം.. മാത്രമല്ല നമ്മുടെ അപ്പനെയും, വീട്ടിലുള്ള എല്ലാവരെയും ഈജിപ്തിലേക്ക് കൊണ്ടു വരിക. ഇവിടെ നിങ്ങള്‍ക്ക് സുഖമാ‍യി ജീവിക്കാം…” ജോസഫ് തന്റെ സഹോദരന്മാരോട് പറഞ്ഞു. ജോസഫിന്റെ വാക്കുകള്‍ അവരെ വളരെയധികം സന്തോഷിപ്പിച്ചു.

കനാന്‍ ദേശത്ത് നിന്ന് ജോസഫിന്റെ സഹോദരന്മാര്‍ വന്നിരിക്കുന്ന വാര്‍ത്ത രാജാവായ ഫറവോന്റെ ചെവിയിലുമെത്തി. സന്തോഷവാനാ‍യ ഫറവോന്‍ അവരെ സ്വീകരിക്കുക മാത്രമല്ല കനാന്‍ ദേശത്തുള്ള തങ്ങളുടെ അപ്പനെയും, മറ്റ് കുടുംബാംഗങ്ങളെയും ഈജിപ്തിലേക്ക് കൊണ്ടുവരുവാന്‍ രഥങ്ങളയക്കുകയും ചെയ്തു.

“അപ്പാ നമ്മുടെ ജോസഫ് ജീവിച്ചിരിക്കുന്നു…” ഈജിപ്തില്‍ നിന്ന് മടങ്ങിയെത്തിയ തന്റെ മക്കള്‍ പറഞ്ഞത് വിശ്വസിക്കുവാന്‍ യാക്കോബിന്‍ കഴിഞ്ഞില്ല….

“മരിച്ചു പോയെന്ന് കരുതിയ എന്റെ മകന്‍ ജോസഫ് ജീവിച്ചിരിക്കുന്നെന്നോ…” ആ വ്യദ്ധന്റെ തൊണ്ടയിടറി. കണ്ണുകള്‍ നിറഞ്ഞു.

“അപ്പാ.. ഞങ്ങള്‍ പറഞ്ഞത് സത്യമാണ്. അപ്പന്റെ മകന്‍ ജോസഫ് ഈജിപ്തിലെ വലിയ അധികാരിയായി ജീവിച്ചിരിക്കുന്നു. ദാ, ജോസഫ് ഞങ്ങള്‍ക്ക് തന്ന വിലകൂടിയ വസ്ത്രങ്ങളാണിത്… മാത്രമല്ല അപ്പനെയും, നമ്മുടെ വീട്ടിലുള്ളവരെയും, നമുക്കുള്ളതെല്ലാം ഈജിപ്തിലേക്ക് കൊണ്ടുപോകാന്‍ അവിടുത്തെ രാജാവിന്റെ കല്പനപ്രകാരം ജോസഫ് രഥങ്ങളയച്ചിരിക്കുന്നു…” തന്റെ മക്കളുടെ വാക്കുകള്‍ കേട്ട് യാക്കോബ് അത്ഭുതപരവശനായി.

തന്റെ മക്കള്‍ പറഞ്ഞതെല്ലാം സത്യമാണെന്ന് മനസ്സിലായ യാക്കോബിന് പ്രായാധിക്യം മൂലമുള്ള തന്റെ ശരീരത്തിലെ അവശതയെല്ലാം പെട്ടന്നെവിടെയോ അലിഞ്ഞില്ലതായി ശരീരത്തിന്‍ ഉണര്‍വ്വും, ഉന്മേഷവും ലഭിച്ചതു പോലെ തോന്നി.

“എനിക്കെന്റെ മകനെ ഇപ്പോള്‍ കാണണം.. മരിക്കുന്നതിന്‍ മുമ്പ് എനിക്കെന്റെ മകനെ കാണണം…” യാക്കോബ് തിടുക്കം കൂട്ടി..

(തുടരും..)

No comments: