യാക്കോബും, മക്കളും അവരുടെ ഭാര്യമാരും കൊച്ചുമക്കളുമായി മൊത്തം അറുപത്തിയെട്ട് പേരടങ്ങിയതായിരുന്നു അവരുടെ കുടുംബം.
‘യാക്കോബേ, ഞാന്‍ നിന്റെ ദൈവമാകുന്നു.. നീ ഈജിപ്തിലേക്ക് പോവുക. ഞാന്‍ നിന്നെ അവിടെ വലിയൊരു ജാതിയാക്കും…” ദൈവം അന്ന് സ്വപ്നത്തില്‍ യാക്കോബിനോട് അരുളി ചെയ്തു. അങ്ങനെ അറുപത്തിയെട്ട് പേരുള്ള യാക്കോബിന്റെ കുടുംബവും അവരുടെ സമ്പാദ്യവും, ആടുമാടുകളുമായി ഫറവോന്‍ അയച്ച രഥങ്ങളില്‍ ഈജിപ്തിലേക്ക് യാത്രയായി.
ജോസഫ് തന്റെ അപ്പനെയും, കുടുംബത്തെയും സ്വീകരിക്കുവാന്‍ ഈജിപ്തിന്റെ അതിര്‍ത്തി പ്രദേശമായ ഗോശാനില്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. നീണ്ട യാത്രയ്ക്ക് ശേഷം യാക്കോബും കുടുംബവും ഗോശാനില്‍ എത്തി. മരിച്ചു പോയെന്നു കരുതിയ തന്റെ പ്രിയമകന്‍ യോസഫിനെ വര്‍ഷങ്ങള്‍ക്ക് ശേഷം നേരില്‍ കണ്ടപ്പോള്‍ യാക്കോബ് അവനെ കെട്ടിപ്പുണര്‍ന്നു..
‘ഇനിയും എനിക്ക് മരിച്ചാലും സാരമില്ല…” യാക്കോബിന് എന്തെന്നില്ലാത്ത സന്തോഷം തോന്നി. ഈജിപ്തിലെത്തുമ്പോള്‍ യാക്കോബിന് നൂറ്റി മുപ്പത് വയസ്സുണ്ടായിരുന്നു. ആ വ്യദ്ധ നയനങ്ങള്‍ ജോസഫിനെ കണ്ടപ്പോള്‍ സന്തോഷത്താല്‍ നിറഞ്ഞു കവിയുകയായിരുന്നു. അതുപോലെ വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ അപ്പനെ കണ്ടപ്പോല്‍ ജോസഫിനുണ്ടായ സന്തോഷവും, ആശ്വാസവും വര്‍ണ്ണനാതീതമായിരുന്നു.
“നമ്മള്‍ രാജാവായ ഫറവോന്റെ അടുക്കലേക്കാണ് ഇപ്പോള്‍ പോകുന്നത്… ഫറവോന്‍ നിങ്ങളുടെ തൊഴില്‍ എന്താണെന്ന് ചോദിച്ചാല്‍ പാരമ്പര്യമായി ആട്ടിടയന്മാരാണെന്ന് പറയണം. അങ്ങനെ പറഞ്ഞാല്‍ ഈ രാജ്യത്തെ സമ്പല്‍ സമ്യദ്ധമായ ഗോശേന്‍ ദേശത്ത് നിങ്ങള്‍ക്ക് താമസിക്കാം….” ജോസഫ് തന്റെ അപ്പനോടും, സഹോദരങ്ങളോടും പറഞ്ഞു.
ജോസഫ് തന്റെ അപ്പനെയും, സഹോദരങ്ങളെയും ഫറവോന്റെ സന്നിധിയിലെത്തിച്ചു. ഫറവോന്‍ അവര്‍ക്ക് രാജകീയമായ വരവേല്‍പ്പാണ്‍ നല്‍കിയത്.
“നിങ്ങളെന്തു ചെയ്യുന്നു…” ഫറവോന്‍ ജോസഫിന്റെ സഹോദരന്മാരോട് ചോദിച്ചു. “ഞങ്ങള്‍ ആട്ടിടയ്ന്മാരാകുന്നു പ്രഭോ..” ജോസഫിന്റെ സഹോദരന്മാര്‍ താഴ്മയോടു കൂടി ഫറവോനോട് പറഞ്ഞു…
“നിങ്ങളുടെ അപ്പനെയും സഹോദരങ്ങളെയും ഈ രാജ്യത്തെ നല്ല പ്രദേശമായ ഗോശാനില്‍ പാര്‍പ്പിക്കുക…” ഫറവോന്‍ ജോസഫിനോട് കല്പിച്ചു. അങ്ങനെ യാക്കോബും കുടുംബവും ഗോശാന്‍ ദേശത്ത് താമസം തുടങ്ങി
വര്‍ഷങ്ങള്‍ പലതും കഴിഞ്ഞുകൊണ്ടിരുന്നു.
യാക്കോബിന് നൂറ്റി നാല്‍പ്പത്തിയേഴ് വയസ്സായി. നടക്കുവാന്‍ കഴിയാതെവണ്ണം യാക്കോബ് വ്യദ്ധനും, ക്ഷീണിതനുമായി കിടപ്പിലായി. കണ്ണുകളുടെ കാഴ്ച മങ്ങി തുടങ്ങി. ജോസഫ് തന്റെ മക്കളായ മനശെയും, എഫ്രയീമിനെയും കൊണ്ട് വേഗം യാക്കോബിന്റെ അടുക്കലെത്തി.
“മോനേ… നിന്നെ ഒരിക്കലും കാണുമെന്ന് ഞാന്‍ വിചാരിച്ചതല്ല. പക്ഷേ നിന്നെ മാത്രമല്ല. നിന്റെ മക്കളെയും കാണാന്‍ ദൈവം എനിക്ക് ഭാഗ്യം തന്നു..” യാക്കോബ് വിറപൂണ്ട ശബ്ദത്തില്‍ ജോസഫിനോട് പറഞ്ഞു.
“നിനക്കറിയാമല്ലോ.. ഞാന്‍ മരിക്കാറായിരിക്കുന്നു. ഞാന്‍ മരിച്ചാല്‍ എന്റെ ശരീരം ഈജിപ്തില്‍ അടക്കം ചെയ്യാതെ കനാന്‍ ദേശത്ത് എന്റെ പിതാക്കന്മാര്‍ അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലത്ത് കൊണ്ടു പോയി അടക്കം ചെയ്യണം…” യാക്കോബ് ജോസഫിനോട് ആവശ്യപ്പെട്ടു. അപ്പന്റെ ആഗ്രഹം പോലെ ചെയ്യാമെന്ന് ജോസഫ് ഉറപ്പു നല്‍കി
യാക്കോബ് ജോസഫിനെയും മക്കളെയും, തന്റെ മറ്റ് മക്കളെയും അനുഗ്രഹിച്ച ശേഷം ഇഹലോകവാസം വെടിഞ്ഞു. അപ്പന്‍ മരിച്ച ദു:ഖം താങ്ങാനാവാതെ ജോസഫ് ഒരു കൊച്ചു കുട്ടിയെപ്പോലെ പൊട്ടിക്കരഞ്ഞു…
(അടുത്ത അധ്യായത്തോടെ ഈ നോവല്‍ അവസാനിക്കുന്നു)
No comments:
Post a Comment