Tuesday, July 29, 2008

യാക്കോബിന്റെ മകന്‍ ജോസഫ്-15

തന്റെ മ്യതശരീരം ഈജിപ്തില്‍ അടക്കം ചെയ്യാതെ കനാന്‍ ദേശത്ത് അടക്കം ചെയ്യണമെന്നുള്ളത് യാക്കോബിന്റെ അന്ത്യാഭിലാഷമായിരുന്നു. ഈജിപ്തില്‍ നിന്ന് കനാന്‍ ദേശത്ത് പോയി തന്റെ അപ്പനായ യാക്കോബിന്റെ മ്യതശരീരം അടക്കം ചെയ്യുവാനുള്ള അനുവാദം ജോസഫ് ഫറവോനില്‍ നിന്ന് വാങ്ങി.

യാക്കോബിന്റെ മ്യതശരീരവും വഹിച്ച് ജോസഫും മക്കളും, യാക്കോബിന്റെ എല്ലാ മക്കളും വിലാപയാത്രയായി കനാന്‍ ദേശത്തേക്ക് പോയി. രാജാവായ ഫറവോന്റെ കൊട്ടാരത്തിലെ ജോലിക്കാരും, മന്ത്രിമാരും, രാജ്യത്തെ പ്രമാണിമാരും അവരെ അനുഗമിച്ചു. ഒടുവില്‍ അവര്‍ കനാന്‍ ദേശത്തുള്ള ആ ശ്മശാനഭൂമിയിലെത്തി. ഇവിടെയാണ് യാക്കോബിന്റെ അപ്പനായ യിസഹാക്കിനെയും, അമ്മയായ റിബെക്കെയെയും, ഭാര്യയായ ലെയയെയും മുത്തശ്ശനായ അബ്രഹാമിനെയും, മുത്തശ്ശിയായ സാറയെയും അടക്കം ചെയ്തത്.. അവര്‍ അന്ത്യവിശ്രമം കൊള്ളുന്ന ആ ഭൂമിയില്‍ യാക്കോബിന്റെ ശരീരവും സംസ്കരിച്ചു. യാക്കോബ് ഒരു ഓര്‍മ്മയായി…

വര്‍ഷങ്ങള്‍ പലതും കഴിഞ്ഞുകൊണ്ടിരുന്നു..
ജോസഫ് വ്യദധനായി… മക്കളുടെ മക്കളെയും, അവരുടെ മക്കളെയും കാണുവാനുള്ള ഭാഗ്യം ജോസഫിനുണ്ടായി. ഒടുവില്‍ നൂറ്റിപ്പത്ത് വയസ്സായപ്പോള്‍ ജോസഫ് മരിച്ചു. ഈജിപ്തുകാര്‍ ഒന്നടങ്കം ജോസഫിന്റെ വേര്‍പാടില്‍ വിലപിച്ചു..

“ദൈവം നിങ്ങളെ സന്ദര്‍ശിക്കുകയും, ഈ ദേശത്ത് നിന്ന് അബ്രഹാമിനോടും, യിസഹാക്കിനോടും, യാക്കോബിനോടും സത്യം ചെയ്ത ദേശത്തേക്ക് നിങ്ങളെ കൊണ്ടു പോകും. അന്നാളില്‍ നിങ്ങള്‍ എന്റെ അസ്ഥികളെ ഈജിപ്തില്‍ നിന്ന് വാഗ്ദത്ത നാട്ടിലേക്ക് കോണ്ടു പോകണം..” ജോസഫ് മരിക്കുന്നതിന്‍ മുമ്പ് തന്റെ സഹോദരന്മാരോടും മക്കളോടും പറഞ്ഞ അവസാന വാക്കുകളായിരുന്നു അത്.

ജോസഫിന്റെ ജീവിതം ഒരു ഇതിഹാസമായിരുന്നു… ജീവിതത്തില്‍ കഷ്ടതകളും, യാതനകളും നേരിട്ടപ്പോഴും തളര്‍ന്നു പോകാ‍തെ ദൈവത്തില്‍ ആശ്രയിച്ച് ജീവിച്ച് ഉന്നതിയുടെ പടവുകള്‍ ചവിട്ടി കയറി ഈജിപ്തുകാര്‍ക്ക് മാത്രമല്ല മാനവരാശിക്ക് തന്നെ മറക്കാനാവാത്ത വ്യക്തിത്വം സമ്മാനിച്ച ഇതിഹാസ നായകനായിരുന്നു ജോസഫ്.

ഈജിപ്തിലെ ജനങ്ങളെ മൊത്തം വലിയ ക്ഷാമത്തില്‍ നിന്ന് രക്ഷിച്ച ജോസഫിന്‍ ഈജിപ്തുകാരുടെ മനസ്സുകളില്‍ വലിയ സ്ഥാനമായിരുന്നു ലഭിച്ചിരുന്നത്. സാധാരണക്കാരനെന്നോ, ഉന്നതനെന്നോ വ്യത്യാസമില്ലാതെ ജനങ്ങള്‍ ഒരുപോലെ സ്നേഹിച്ച ജോസഫിന്റെ ഖ്യാതി ഈജിപ്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതായിരുന്നില്ല…

വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു കൊണ്ടിരുന്നു.
ഈജിപ്തില്‍ യാക്കോബിന്റെ മക്കളുടെ സന്തതികള്‍ പെറ്റു പെരുകിക്കൊണ്ടിരുന്നു. അവരിലൂടെ ദൈവം വലിയൊരു ജനതയെ അവരുടെ പിതാക്കന്മാരോട് അരുളി ചെയ്തതുപോലെ സ്യഷ്ടിക്കുകയായിരുന്നു..

ഞാന്‍ നിന്റെ സന്തതികളെ…
കടല്‍ത്തീരത്തെ മണല്‍ത്തരിപോലെയും…
ആകാശത്തിലെ നക്ഷത്രങ്ങള്‍പ്പോലെയും വര്‍ദ്ധിപ്പിക്കും…

(അവസാനിച്ചു)

* * *
കാലം മാറുകയാണ്… ഒപ്പം കഥയും…
യിസ്രായേല്‍ മക്കള്‍ക്ക് ഈജിപ്തില്‍ നിന്ന് ദൈവം വാഗ്ദ്ധാനം ചെയ്ത ദേശത്ത് എത്തുവാന്‍ ഒരുപാട് യാതനകള്‍ സഹിക്കേണ്ടി വന്നു….. നൂറ്റാണ്ടുകള്‍ കാത്തിരിക്കേണ്ടി വന്നു. അവര്‍ക്ക് ഈജിപ്തില്‍ നേരിടേണ്ടി വന്ന കഷ്ടതകളും, യാതനകളും നിറഞ്ഞ സംഭവബഹുലമായ കഥകളും, അവരുടെ രക്ഷകനായി ദൈവം അവരില്‍ നിന്ന് ഉയര്‍പ്പിച്ച മോശയുടെ കഥയും പിന്നിട് പറയാം

No comments: