Friday, August 1, 2008

ഗ്രാമപുരാണം-1

നോവല്‍ ആരംഭിക്കുന്നു
പമ്പാനദിയുടെ തീരത്തായിരുന്നു ഞങ്ങളുടെ അതിമനോഹരമായ ഗ്രാമം. വയലുകളും കുന്നുകളും താഴ്വരകളും നല്ലവരാ‍യ ഒരു പക്ഷം മനുഷ്യരും നിറഞ്ഞതായിരുന്നു ഞങ്ങളുടെ ഗ്രാമം. പകലന്തിയോളം വയലുകളില്‍ എല്ലുമുറിയെ പണിചെയ്ത് ജീവിക്കുന്ന പാവപ്പെട്ട കര്‍ഷകരായിരുന്നു ഗ്രാമീണരില്‍ ഭൂരിഭാഗവും. പഞ്ചായത്ത് മെമ്പര്‍ കുട്ടന്‍ പിള്ളയും, കടത്തുകാരന്‍ കുമാരനും, കൊമ്പന്‍ മീശയും, ചുവന്ന കണ്ണുകളുമുള്ള ‘ഇടിമണി; എന്ന പേരില്‍ അറിയപ്പെടുന്ന പോലീസുകാരന്‍ മണിയും, ഗ്രാമീണരുടെ മൊത്തം പേടിസ്വപ്നമായ കള്ളന്‍ രാഘവനുമൊക്കെ ഞങ്ങളുടെ ഗ്രാമത്തിന്റെ മാത്രം ഭാഗമായിരുന്നു.

കരിമ്പുകള്‍ പൂക്കുന്ന വയലുകള്‍ക്കരികെ, പമ്പാനദിയിലെ കുഞ്ഞോളങ്ങളുടെ സംഗീതവും, തലോടലുമേറ്റ് തലയുയര്‍ത്തി നില്‍ക്കുന്ന ദേവാലയവും, കരിങ്ങാട്ട് കാവ് ദേവീ ക്ഷേത്രവുമൊക്കെ ഞങ്ങളുടെ ഗ്രാമത്തിന്റെ മതസൌഹാര്‍ത്ഥത്തിന്റെ കെടാവിളക്കുകളായിരുന്നു.

വേനല്‍ക്കാലത്ത് പുണ്യനദിയായ പമ്പ ഞങ്ങള്‍ക്കും, ഞങ്ങളുടെ ക്യഷികള്‍ക്കും, കന്നുകാലികള്‍ക്കും ആവശ്യം പോലെ വെള്ളം നല്‍കി ഞങ്ങളെ അനുഗ്രഹിക്കാറുണ്ടെങ്കിലും വര്‍ഷകാലങ്ങളില്‍ കരകവിഞ്ഞൊഴുകുന്ന പമ്പാനദി ഞങ്ങളെ അതികഠിനമായി ശിക്ഷിച്ചിരുന്നു. നന്ദിയിലുണ്ടാകുന്ന വെള്ളപ്പൊക്കത്തില്‍ ഞങ്ങളുടെ വീടുകളും, ക്യഷികളുമെല്ലാം തകര്‍ന്നു തരിപ്പണമാകും. ഞങ്ങളില്‍ പലര്‍ക്കും ജീവഹാനിയുണ്ടാകും.

പ്രക്യതിരമണീയമാണ് ഞങ്ങളുടെ ഗ്രാമമെങ്കിലും അവിടെ ഗ്രാമീണര്‍ക്ക് രോഗം വന്നാല്‍ ചികിത്സിക്കുവാന്‍ ഒരു ആശുപത്രിയോ, നിത്യോപയോഗ സാധനങ്ങള്‍ വാങ്ങുവാന്‍ ഒരു കടയോ ഇല്ലായിരുന്നു. ഗ്രാമത്തില്‍ സര്‍ക്കാര്‍ വക ഓലമേഞ്ഞ ഒരു പ്രൈമറി സ്കൂളുണ്ട്. ഞങ്ങളുടെ പൂര്‍വ്വികരൊക്കെ ആ സ്കൂളീലാണ് പണ്ട് പഠിച്ചു വളര്‍ന്നത്. എന്നാല്‍ നഗരങ്ങളിലൊക്കെ വലിയ സ്കൂളുകള്‍ വന്നതോടു കൂടി ഞങ്ങളുടെ ഗ്രാമത്തിലെ കുട്ടികളില്‍ ഭൂരിഭാഗവും അങ്ങോട്ട് ചേക്കേറി. അതോടു കൂടി ഞങ്ങളുടെ ഗ്രാമത്തിലെ പ്രൈമറി സ്കൂളില്‍ പഠിക്കുവാന്‍ കുട്ടികളും, പഠിപ്പിക്കുവാന്‍ അദ്ധ്യാപകരും തീരെ കുറവായി. ഞങ്ങള്‍ക്ക് എന്തിനും, ഏതിനും പമ്പാനദിയുടെ അക്കരെയുള്ള പട്ടണത്തെ ആശ്രയിക്കേണ്ടി വന്നു. അക്കരെയുള്ള പട്ടണത്തിലാണെങ്കില്‍ ബഹുനില കെട്ടിടങ്ങളും, കടകളും വലിയ ഹോട്ടലുകളും, ആശുപത്രികളും, സ്കൂളും, സിനിമാ തീയേറ്ററുകളുമൊക്കെയുണ്ട്

കടത്തു കടന്നാണ് ഞങ്ങള്‍ ഞങ്ങളുടെ ആവശ്യങ്ങള്‍ക്കായി പട്ടണത്തിലേക്ക് പോവുക. നാല്‍പ്പത് വയസ്സുള്ള കുമാരനായിരുന്നു ഞങ്ങളുടെ നാട്ടിലെ കടത്തുകാരന്‍. പമ്പാനദിയുടെ തീരത്ത് കടത്തുകടവിന്‍ സമീപമുള്ള കൊച്ചു വീട്ടിലാണ്‍ കുമാരനും, കുടുംബവും താമസിച്ചിരുന്നത്. ഭാര്യ ദേവകിയും, പത്തു വയസ്സുള്ള മകള്‍ മിനിക്കുട്ടിയും അടങ്ങിയതാണ്‍ കുമാരന്റെ കൊച്ചു കുടുംബം. ചെറിയ കുടുംബം, സന്തുഷ്ട കുടുംബം.

ഞങ്ങള്‍ ഗ്രാമീണരുടെയെല്ലാം കണ്ണീലുണ്ണിയായിരുന്നു കുമാരന്‍. ഏത് പാതിരാത്രിയിലായാലും അക്കരയ്ക്ക് പോകുവാന്‍ കടവില്‍ യാത്രക്കാരെത്തിയാല്‍ കുമാരന്‍ സന്തോഷത്തോടു കൂടി അവരെ അക്കരെയെത്തിക്കും. യാത്രക്കാര്‍ മനസ്സ് തോന്നി കൊടുക്കുന്ന കടത്തു കൂലികൊണ്ടാണ്‍ കുമാരന്‍ തന്റെ കുടുംബം പുലര്‍ത്തിയിരുന്നത്. കുമാരന്‍ വള്ളത്തിന്റെ അമരത്തുള്ളപ്പോള്‍ പമ്പാനദിയില്‍ വലിയ ഓളമുണ്ടായാലും, വെള്ളപ്പൊക്കമുണ്ടായാലും യാത്രക്കാര്‍ക്ക് ഭയപ്പേടേണ്ടാ കാര്യമില്ലായിരുന്നു. കുമാരന്‍ അവരെ സുരക്ഷിതമായി മറുകരയിലെത്തിക്കും….

കുമാരന്റെ അച്ഛന്‍ നീലാണ്ടനായിരുന്നു പണ്ട് ഞങ്ങളുടെ നാട്ടിലെ കടത്തുകാരന്‍. കുമാരന്‍ നാല്‍ വയസ്സുള്ളപ്പോഴാണ്‍ അമ്മ വസൂരി വന്ന് മരിക്കുന്നത്. അമ്മയുടെ മരണത്തിനുശേഷം അച്ഛന്റെ തണലിലാണ്‍ കൊച്ചു കുമാരന്‍ വളര്‍ന്നത്. ഗ്രാമത്തിലെ മറ്റ് കുട്ടികളൊക്കെ പള്ളിക്കൂടത്തില്‍ പോകുമ്പോള്‍ കുമാരന്‍ അച്ഛനോടൊപ്പം കടത്തു വള്ളത്തിന്റെ അമരത്തായിരിക്കും. പമ്പാനദിയിലെ കുഞ്ഞോളങ്ങളും, മീന്‍ കുഞ്ഞുങ്ങളുമായിരുന്നു അക്കാലത്ത് അവന്റെ കൂട്ടുകാര്‍. വര്‍ഷകാലത്തെ പമ്പാനദിയുടെ ക്രൂരമുഖവും, വേനലിലെ ശാന്തഭാവവും കണ്ടാണ്‍ കുമാരന്‍ വളര്‍ന്നത്..

അച്ഛന്‍ നീലാണ്ടന്‍ മരിക്കുമ്പോള്‍ കുമാരന്‍ പതിമൂന്ന് വയസ്സ് മാത്രമായിരുന്നു പ്രായം. ആരും സഹായിക്കാനില്ലാതെ ഭാവിയുടെ മുന്നില്‍ പകച്ചു നിന്ന് കൊച്ചു കുമാരന്റെ പമ്പാനദി മാടി വിളിച്ചു. അങ്ങനെ അച്ഛന്റെ മരണശേഷം പതിമൂന്നാമത്തെ വയസ്സില്‍ കുമാരന്‍ ഞങ്ങളുടെ നാട്ടിലെ കടത്തുകാരനായി. അച്ഛനെപ്പോലെയായിരുന്നു കുമാരനും. എല്ലാവരോടും വളരെ മാന്യമായി മാത്രം പെരുമാറിയ കുമാരന്‍ ചുരുങ്ങിയ കാലങ്ങള്‍ക്കുള്ളില്‍ ഞങ്ങള്‍ ഗ്രാമീണരുടെയെല്ലാം പ്രിയപ്പെട്ടവനായി മാറുകയായിരുന്നു.

(തുടരും..)