ദിവസങ്ങളും മാസങ്ങളും കഴിഞ്ഞു കൊണ്ടിരുന്നു.
വേനല്‍ക്കാലം അവസാനിച്ചു. ആകാശം കാര്‍മേഘങ്ങളാല്‍ നിറഞ്ഞു. വര്‍ഷകാലത്തിലെ ആരംഭമായിരുന്നു അത്. ദിവസങ്ങള്‍ കഴിഞ്ഞതോടു കൂടി ഇടിയുടെയും മിന്നലിന്റെ അകമ്പടിയോടു കൂടി ഞങ്ങളുടെ നാട്ടിലെങ്ങും കനത്ത മഴ പെയ്യുവാന്‍ തുടങ്ങി. ഞങ്ങളെ സംബന്ധിച്ചിടത്തോളം വര്‍ഷകാലം പട്ടിണിയുടെയും പ്രയാസത്തിന്റെയും കാലമാണ്‍.
തോരാതെ പെയ്യുന്ന മഴ മൂലം പമ്പാനദിയിലെ ജലനിരപ്പ് പെട്ടന്നുയര്‍ന്നു. നദിയിലെ വെള്ളം കലങ്ങി മറിഞ്ഞു. ഒഴുക്കും, ചുഴികളും ശക്തി പ്രാപിച്ചു. ഒന്ന് രണ്ട് ദിവസങ്ങള്‍ കഴിഞ്ഞതോടു കൂടി പമ്പാനദി ഏതു നിമിഷവും കരകവിഞ്ഞൊഴുകാം എന്ന നിലയിലായി. പമ്പാനദി കരകവിഞ്ഞൊഴുകിയാല്‍ താഴ്ന്ന പ്രദേശമായ ഞങ്ങളുടെ ഗ്രാമവും, ചുറ്റുമുള്ള പ്രദേശങ്ങളും വെള്ളത്തിനടിയിലാവുകയും ഒട്ടേറെ നാശനഷ്ടങ്ങളുണ്ടാവുകയും ചെയ്യും.
പമ്പാനദി കരകവിഞ്ഞൊഴുകുന്നതിന്‍ മുമ്പെ നദിയുടെ തീരത്ത് താമസിച്ചവരൊക്കെ ജീവരക്ഷാര്‍ത്ഥം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് പോയി. എന്നാല്‍ കടത്തുകാരന്‍ കുമാരനും കുടുംബവും മാത്രം നദീ തീരത്തുള്ള തങ്ങളുടെ വീട് വിട്ട് എങ്ങും പോയില്ല.
“കുമാരാ, ഇത്തവണത്തെ വെള്ളപ്പൊക്കം വല്യ അപകടമുണ്ടാക്കുമെന്നാ തോന്നുന്നെ. നദി കരകവിഞ്ഞൊഴുകുന്നേം മുമ്പെ എവിടെയെങ്കിലും പോയി രക്ഷപെടാന്‍ നോക്കിന്‍…” അയലവാസികള്‍ കുമാരന്‍ മുന്നറിയിപ്പ് നല്‍കിയെങ്കിലും അയാളതെല്ലാം അവഗണിക്കുകയാണുണ്ടായത്.. “നിങ്ങള്‍ പേടിയുള്ളോരൊക്കെ പൊയ്ക്കോളില്‍. ഞാനും ഭാര്യേം ന്റെ മോളും ഇവിടുന്ന് എങ്ങോട്ടും പോണില്യ…” കുമാരന്റെ മറുപടി അതായിരുന്നു.
“കേട്ടില്ലേ..നദീടെ ഇരമ്പല്‍… നദീലെ വെള്ളം കുറച്ചു താഴുന്നത് വരെയെങ്കിലും നമുക്ക് എങ്ങോട്ടെങ്കിലും പോകാം…’ ഒടുവില്‍ ഭാര്യേം, മകളും കുമാരനോട് പറഞ്ഞു നോക്കി.
“പമ്പാനദി നമ്മളെ ചതിക്കില്ല. എനിക്കുറപ്പാ..” അതായിരുന്നു കുമാരന്റെ മറുപടി. “ഈ നദീതീരത്ത് ഇന്നോ ഇന്നലെയോ.. താമസിക്കാന്‍ തുടങ്ങിയവരല്ലല്ലോ.. നമ്മള്‍. നദീലെ വെള്ളം വന്നപോലെ പോകും…”
പമ്പാനദി കരകവിഞ്ഞൊഴുകില്ലെന്നും നദിയിലെ വെള്ളം താഴുമെന്നും കുമാരന്‍ നല്ല പ്രതീക്ഷയുണ്ടായിരുന്നു എന്നാല്‍ അന്ന് രാത്രി കുമാരന്റെ സകല പ്രതീക്ഷയെയും തകിടം മറിച്ചുകൊണ്ട് പമ്പാനദി കരകവിഞ്ഞൊഴുകി. കരകവിഞ്ഞൊഴുകിയ പമ്പാനദിയിലെ ശകതമായ വെള്ളപ്പാച്ചിലില്‍ കുമാരന്റെ വീട് തകര്‍ന്ന് തരിപ്പണമായി. അയാളും ഭാര്യയും, മകളും ഒഴുക്കില്‍ പെട്ടുപോയി. ഒടുവില്‍ മിനിക്കുട്ടിയെ മാത്രം എങ്ങനെയോ രക്ഷപെടുത്തുവാന്‍ കുമാരന്‍ കഴിഞ്ഞെങ്കിലും ഭാര്യയെ രക്ഷപെടുത്തുവാന്‍ അയാള്‍ക്ക് കഴിഞ്ഞില്ല. ദേവകി ഒഴുക്കില്‍ പെട്ടുപോയതറിഞ്ഞ് കുമാരന്‍ ഉച്ചത്തില്‍ നിലവിളിച്ചു. എന്നാല്‍ ഭ്രാന്ത് പിടിച്ച പമ്പാനദി അയാളുടെ നിലവിളിയും കരച്ചിലും കേട്ടില്ല. കണ്ണീല്‍ കണ്ടതെല്ലാം അപ്പോള്‍ ആര്‍ത്തിയോട് വിഴുങ്ങുകയായിരുന്നു നദി.
കുമാരന്റെ കുടുംബത്തിനുണ്ടായ അപകടം മനസിലാക്കി കോരിച്ചൊരിയുന്ന മഴയും, കാറ്റും വകവയക്കാതെ ഗ്രാമീണരില്‍ പലരും ഓടിയെത്തി. അവര്‍ കുമാരനെയും, മകളെയും ആശ്വസിപ്പിച്ചു. ചിലറ് ഒഴുക്കില്‍ പെട്ടുപോയ കുമാരന്റെ ഭാര്യയ്ക്കുവേണ്ടി തെരച്ചില്‍ തുടങ്ങി. എന്നാല്‍ ആ രാത്രി മുഴുവനും, അടുത്ത പകലും അവര് തെരച്ചില്‍ തുടര്‍ന്നെങ്കിലും യാതൊരു ഫലവുമുണ്ടായില്ല. ഒടുവില്‍ മൂന്നാം ദിവസം നദിയിലെ വെള്ളം താണപ്പോള്‍ അങ്ങ് ദൂരെ നദിയിലെ കുമാരന്റെ ഭാര്യയുടെ ജീര്‍ണ്ണിച്ച ശവശരീരം പൊന്തിക്കിടക്കുന്നത് ഞങ്ങള്‍ ഗ്രാമീണര്‍ കണ്ടു.
“എന്റെ ദേവീ.. എന്നോടീ ചതി ചെയ്തല്ലോ…:“ ഭാര്യയുടെ ശവശരീരം കണ്ട കുമാരന്‍ തലതല്ലി കരഞ്ഞു. അന്ന് ഞങ്ങള്‍ ഗ്രാമീണരെല്ലാം കുമാരന്റെയും, മകളുടെയും ദു:ഖത്തില്‍ പങ്കുചേര്‍ന്നു. അവരുടെ ദു:ഖം ഞങ്ങളുടേതുമായിരുന്നു.
(തുടരും..)
No comments:
Post a Comment