കരകവിഞ്ഞൊഴുകിയ പമ്പാനദി കുമാരനെ മാത്രമല്ല ശിക്ഷിച്ചത്. ഞങ്ങളുടെ ഗ്രാമത്തിലെങ്ങും നദി വലിയ നാശനഷ്ടങ്ങളാണുണ്ടാക്കിയത്. ഗ്രാമത്തിന്റെ മുക്കാല്‍ ഭാഗവും വെള്ളത്തിനടിയിലായി. പലരുടെയും വീടുകള്‍ തകര്‍ന്നു പോയി. ഞങ്ങളുടെ കന്നുകാലികളും, മറ്റ് വളര്‍ത്തു ജീവികളും ചത്തൊടുങ്ങി. ക്യഷികള്‍ നശിച്ചു. ഒടുവില്‍ കാറ്റും മഴയും നിലച്ചതോടു കൂടി സംഹാരതാഡവം മതിയാക്കി പമ്പാനദി സാധാരണ നിലയിലായി. നദിയിലെ വെള്ളം വറ്റി തുടങ്ങിയതോടു കൂടി ദിവസങ്ങളോളം വെള്ളത്തില്‍ മുങ്ങി കിടന്ന ഞങ്ങളുടെ ഗ്രാമത്തില്‍ നിന്ന് വെള്ളം നദിയിലേക്ക് വലിഞ്ഞു…
ദേവകിയുടെ മരണം കുമാരന്റെ ജീവിതത്തിലെ വലിയൊരു മുറിവായിരുന്നു…”ത്യപ്തിയായില്ലേ… എന്റെ ദേവകിയുടെ ജീവനൊടുക്കിയപ്പോ നെനക്ക് ത്യപ്തിയായില്ലേ…” ദേഷ്യവും, സങ്കടവും സഹിക്കാനാവാതെ അയാള്‍ നദിക്കരയില്‍ നിന്ന് പൊട്ടിത്തെറിച്ചു.
“എന്തു തെറ്റാണ് അവള്‍ ചെയ്തത്…” അവളൊരു പാവമായിരുന്നില്ലേ… എന്നിട്ടും..” കുമാരന്‍ വാക്കുകള്‍ മുഴുമിക്കുവാന്‍ കഴിഞ്ഞില്ല… അയാള്‍ ഒരു കൊച്ചു കുട്ടിയെപ്പോലെ വിങ്ങിപ്പൊട്ടി കരഞ്ഞു. അയാള്‍ കരയുന്നത് കണ്ടിട്ടായിരിക്കാം പമ്പാനദിയിലെ ഓളങ്ങള്‍ കുലുങ്ങി ചിരിച്ചു. നദി തന്നെ പരിഹസിക്കുന്നതുപോലെയാണ് അപ്പോള്‍ അയാള്‍ക്ക് തോന്നിയത്.
“കളിയാക്കേണ്ട.. ദു:ഖം സഹിക്കാനാവാതെ വരുമ്പോ എന്റെ മോളെം കൊണ്ട് നദീല് ചാടി ജീവനൊടുക്കും ഞാന്‍…” കുമാരന്റെ കണ്ണുകള്‍ നിറഞ്ഞു കവിഞ്ഞു. ഒരു തണുത്ത കാറ്റ് അയാള്‍ക്ക് ചുറ്റും വട്ടമിട്ട് വീശിക്കൊണ്ടിരുന്നു. നദിയുടെ കരങ്ങള്‍ ഒരു തണുത്ത കാറ്റായി വന്ന് തന്നെ തലോടുന്നതുപോലെയാണ് കുമാരന്‍ അപ്പോള്‍ തോന്നിയത്.
“അവിവേകം കാട്ടരുത് കുമാരാ..” ആരോ തന്നോട് പറയുന്നതുപോലെ കുമാരന്‍ അപ്പോള്‍ തോന്നി. “പമ്പാനദി കരകവിഞ്ഞൊഴുകുന്നതിന്‍ മുമ്പ് നദീ തീരത്ത് താമസിച്ചവരെല്ലാം അപകടം മനസ്സിലാക്കി രക്ഷപെട്ടു. എങ്ങോട്ടെങ്കിലും പോകാമെന്ന് നിന്റെ ഭാര്യയും മകളും നിന്നെ ഉപദേശിച്ചു. പക്ഷേ നീ അതൊന്നും കേട്ടില്ല.. അമിതമായ ആതമവിശ്വാസമാണ്‍ നിനക്ക് വിനയായത്…”
“എല്ലാം എന്റെ തെറ്റാണ്.. ദേവകീടെ മരണത്തിന്‍ കാരണക്കാരന്‍ ഞാനാണ്‍..” കുമാരന്റെ മനസ്സ് കുറ്റബോധം കൊണ്ട് നീറിപ്പുകഞ്ഞു.
“കുമാരാ എല്ലാം വിധിയാണ്. നഷ്ടപ്പെട്ടതിനെയോര്‍ത്ത് വിഷമിച്ച് വെറുതെ ജീവിതം പാഴാക്കരുത്. തനിക്കൊരു മകളുണ്ട്. അമ്മയില്ലാത്ത ദു:ഖം അറിയിക്കാതെ തന്റെ മകള്‍ക്ക് വേണ്ടിയാണ്‍ താനിനി ജീവിക്കേണ്ടത്…” പലരും കുമാരനെ ഉപദേശിച്ചു.
‘ശരിയാണ്‍. ഇനിയുള്ള കാലം തന്റെ മകള്‍ മിനിക്കുട്ടിക്കു വേണ്ടിയാണ്‍ താന്‍ ജീവിക്കേണ്ടത്. അമ്മയില്ലാത്ത ദു:ഖം അറിയിക്കാതെ തന്റെ മിനിക്കുട്ടിയെ വളര്‍ത്തി വലുതാക്കണം. അതു കണ്ട മരിച്ചു പോയ തന്റെ ദേവകിയുടെ ആത്മാവ് സന്തോഷിക്കണം….” ഒടുവില്‍ കുമാരന്‍ തീരുമാനിച്ചു.
ദിവസങ്ങള്‍ പലതും കഴിഞ്ഞു കൊണ്ടിരുന്നു. ദു:ഖങ്ങളെല്ലാം മറന്ന് തമാശകളും, ചിരിയുമായി കുമാരന്‍ പഴയ ജീവിതത്തിലേക്ക് മടങ്ങി വരുന്നത് കണ്ട് ഞങ്ങള്‍ ഗ്രാമീണര്‍ക്കെല്ലാം സന്തോഷമായി. എന്നാല്‍ അന്ന് കുമാരന്റെ ജീവിതം മാറ്റി മറിച്ചൊരു സംഭവമുണ്ടായി.
അതെന്തായിരുന്നു…?
കടത്തു കടവിനടുത്തുള്ള വള്ളിക്കാട്ടില്‍ നിന്ന് അന്ന് കുമാരന്‍ ഒരു പെട്ടി കിട്ടി. ആ പെട്ടിക്കുള്ളില്‍ കോടിക്കണക്കിന്‍ രൂപ വിലമതിക്കുന്ന സ്വര്‍ണ്ണ ബിസ്ക്കറ്റുകളായിരുന്നു. ‘ദൈവമേ ഇതെന്തു മറിമായം..?” പെട്ടിക്കുള്ളിലെ സ്വര്‍ണ്ണ ബിസ്ക്കറ്റുകള്‍ കണ്ട് കുമാരന്റെ സന്തോഷവും അമ്പരപ്പും വര്‍ദ്ധിച്ചു.
ഇത്രയധികം സ്വര്‍ണ്ണ ബിസ്ക്കറ്റുകള്‍ എങ്ങനെ ഇവിടെയെത്തി…? വല്ല കള്ളന്മാര്‍ മോഷ്ടിച്ചു കൊണ്ട് വന്ന് ഈ വള്ളിക്കാട്ടില്‍ ഒളിച്ചു വച്ചതായിരിക്കുമോ…? അതോ തന്റെ കഷ്ടപ്പാടുകള്‍ കണ്ട് മനസ്സലിഞ്ഞ ദൈവം ഈ സ്വര്‍ണ്ണ ബിസ്ക്കറ്റുകള്‍ തനിക്ക് നല്‍കിയതാവുമോ…” കുമാരന്‍ ചിന്തിച്ചു.
‘ഏതായാലും ആരും കാണാതെ എങ്ങനെയെങ്കിലും ഈ സ്വര്‍ണ്ണബിസ്ക്കറ്റുകള്‍ തന്റെ വീട്ടിലെത്തിക്കണം..‘ കുമാരന്‍ തീരുമാനിച്ചു
(തുടരും..)
No comments:
Post a Comment