Thursday, August 7, 2008

ഗ്രാമപുരാണം-4

വര്‍ദ്ധിച്ച നെഞ്ചിടിപ്പോടെ വള്ളിക്കാട്ടില്‍ മറഞ്ഞിരുന്ന് കുമാരന്‍ പരിസരമാകെ നിരീക്ഷിച്ചു. നദിയുടെ അക്കരയ്ക്ക് പോകുവാന്‍ വേണ്ടി കടത്തു കടവില്‍ പുത്തേത്തെ ലാസര്‍ തന്നെ കാത്തു നില്‍ക്കുന്നത് കുമാരന്‍ കണ്ടു.

“കുമാരാ…” കടത്തു കടവില്‍ തന്നെ കാണാഞ്ഞിട്ട് ലാസറ് വിളിക്കുന്നത് കേട്ട് കുമാരന്‍ ഞെട്ടിപ്പോയി. അയാള്‍ തന്നെ കണ്ടു കാണുമോ..? അങ്ങനെ സംഭവിച്ചാല്‍…? കുമാരന്റെ ചങ്കിടിപ്പ് വര്‍ദ്ധിച്ചു…

കുമാരന്‍ സ്വര്‍ണ്ണബിസ്ക്കറ്റുകള്‍ നിറഞ്ഞ പെട്ടി വള്ളിക്കാട്ടിനുള്ളില്‍ ഒളിപ്പിച്ചു വച്ചശേഷം ഒന്നും സംഭവിക്കാത്ത ഭാവത്തില്‍ കടവിലെത്തി. “ എടോ കുമാരാ ഇഴജാതികളൊക്കെയുള്ള ആ വള്ളിക്കാട്ടില്‍ താനെന്തെടുക്കുവായിരുന്നെടോ…?” ലാസറ് കുമാരനോട് ചോദിച്ചു.

“അത്..അത്..” കുമാരനോട് എന്തു പറയണമെന്നറിയാതെ കുമാരന്‍ കുഴഞ്ഞു. ‘ലാസറിന്‍ എന്തെങ്കിലും സംശയം തോന്നി കാണുമോ..?. തനിക്ക് സ്വര്‍ണ്ണബിസ്ക്കറ്റുകള്‍ കിട്ടിയത് ലാസററിഞ്ഞാല്‍ ആകെ കുഴപ്പമാണ്‍… കുമാരന്റെ ശരീരം വിയര്‍ത്തൊലിക്കുവാന്‍ തുടങ്ങി.

“എന്താ കുമാരാ. തനിക്കെന്തു പറ്റീടോ…” താനെന്താ പന്തം കണ്ട പെരുച്ചാഴിയെപ്പോലെ നില്‍ക്കുന്നെ….? അല്ല താന്‍ വല്ലാതെ വിയര്‍ക്കുന്നുമുണ്ടല്ലോ…” ലാസറിന്റെ തുടരെ തുടരെയുള്ള ചോദ്യം കുമാരനെ കൂടുതല്‍ വിഷമത്തിലാക്കി.

“ഹേയ് ഒന്നുമില്ല. എനിക്ക് തീരെ സുഖമില്ല…” കുമാരന്‍ ഒരു വിധത്തില്‍ അത്രയും പറഞ്ഞൊപ്പിച്ചു.

‘കുമാരാ., താനിപ്പോള്‍ പഴയ പാവപ്പെട്ട കടത്തുകാരന്‍ കുമാരനല്ല കോടിക്കണക്കിന്‍ രൂപ വിലമതിക്കുന്ന സ്വര്‍ണ്ണബിസ്ക്കറ്റുകള്‍ ലഭിച്ച കോടീശ്വരന്‍ കുമാരനാണ്.. കോടീശ്വരന്‍ കുമാരനെന്തിനാ ഇനിയുള്ള കാലം കടത്തുകാരനായി കഴിയുന്നത്..?’ ആരോ തന്റെ കാതുകളില്‍ മന്ത്രിക്കുന്നതുപൊലെ അപ്പോള്‍ കുമാരന്‍ തോന്നി.

‘ശരിയാണ്… താനിപ്പോള്‍ കോടീശ്വരനാണ്.. കോടീശ്വരനായ തനിക്കെന്തിനാണ് കടത്തും, കടത്തു വള്ളവുമൊക്കെ..’ കുമാരന്‍ മനസ്സില്‍ മന്ത്രിച്ചു.

“എന്താ കുമാരാ എന്താണ്‍ നീ ചിന്തിച്ചോണ്ട് നില്‍ക്കുന്നെ..? നെനക്കെന്തു പറ്റി..?” കഥയൊന്നുമറിയാതെ ലാസറ് കുമാരനോട് ചോദിച്ചു. “അതറിഞ്ഞിട്ട് തനിക്കെന്താ കാര്യം..” ലാസറിന്റെ ആ ചോദ്യം കുമാരനെ വല്ലാതെ കുപിതനാക്കിയിരുന്നു.

‘അല്ല കുമാരനെന്തു പറ്റി..? മുമ്പെങ്ങും ആരോടും ഇയാളിത്ര പരുഷമായി സംസാരിക്കാറില്ലായിരുന്നല്ലോ..?’ കുമാരന്റെ പെട്ടന്നുള്ള ഭാവമാറ്റം കണ്ട് ലാസറ് അമ്പരന്നുപോയി.

അന്ന് കടത്തു കടവില്‍ യാത്രക്കാര്‍ പലരും വന്നിട്ടും കുമാരന്‍ അവരെ കണ്ടതായി ഭാവിച്ചില്ല. ചിലരോട് സുഖമില്ലെന്നു പറഞ്ഞു, മറ്റ് ചിലരോട് അയാള്‍ ദേഷ്യപ്പെടുകയും ചെയ്തു. അന്ന് കുമാരനെക്കുറിച്ചായിരുന്നു ഞങ്ങള്‍ ഗ്രാമീണരുടെ സംസാരവിഷയം. എന്നാല്‍ എത്ര തന്നെ ചിന്തിച്ചിട്ടും കുമാരന്റെ സ്വഭാവമാറ്റത്തിന്റെ കാരണം ഞങ്ങള്‍ക്ക് പിടികിട്ടിയില്ല.

എന്നാല്‍ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന സ്വര്‍ണ്ണബിസ്ക്കറ്റുകള്‍ കിട്ടിയതോടു കൂടി കുമാരന്‍ ആളാകെ മാറുകയായിരുന്നുവെന്ന സത്യം ലാസറെന്നല്ല ഞങ്ങള്‍ ഗ്രാമീണരാരും അറിഞ്ഞിരുന്നില്ല

സന്ധ്യയായതോടു കൂടി കടവിലും, പരിസരത്തും ആളനക്കമില്ലാതെയായി. കുമാരന്‍ കടവിലെ കല്‍ത്തൂണില്‍ കടത്തുവള്ളം കെട്ടിയിട്ടശേഷം വള്ളിക്കാട്ടില്‍ ഒളിച്ചുവച്ചിരുന്ന സ്വര്‍ണ്ണബിസ്ക്കറ്റുകള്‍ നിറഞ്ഞ പെട്ടിയുമായി വേഗം തന്റെ കുടിലിലെത്തി…

തനിക്ക് സ്വര്‍ണ്ണബിസ്ക്കറ്റുകള്‍ കിട്ടിയത് തല്‍ക്കാലം താനല്ലാതെ തന്റെ മകള്‍പ്പോലും അറിയാന്‍ പാടില്ലെന്ന് കുമാരന്‍ തീരുമാനിച്ചിരുന്നു. മിനിക്കുട്ടി കൊച്ചുകുട്ടിയാണ്‍. രഹസ്യങ്ങള്‍ സൂക്ഷിക്കുവാന്‍ അവള്‍ക്ക് കഴിയില്ല. തനിക്ക് സ്വര്‍ണ്ണബിസ്ക്കറ്റുകള്‍ കിട്ടിയത് അബദ്ധവശാല്‍ അവള്‍ ആരോടെങ്കിലും പറഞ്ഞാല്‍ അത് നിമിഷങ്ങള്‍ക്കകം നാടു മുഴുവന്‍ അറിയും. ആള്‍ക്കാര്‍ സഹായം ചോദിച്ച് തന്റെ അടുക്കല്‍ ഓടിയെത്തും. എന്തിന് അസൂയയുള്ളവര്‍ ആരെങ്കിലും ഇക്കാര്യം പോലീ‍സിനെ അറിയിച്ചാല്‍ ആകെ പുലിവാലാകും. അവര്‍ സ്വര്‍ണ്ണബിസ്ക്കറ്റുകളുമായി പോവുകയും ചെയ്യും.

എന്തിന് ഇല്ലാത്ത പൊല്ലാപ്പുകള്‍ വിളിച്ചു വരുത്തി കൈയ്യില്‍ കിട്ടിയ മഹാഭാഗ്യം വെറുതെ കളഞ്ഞു കുളിക്കണം…? മിനിക്കുട്ടി കാണാതെ വളരെ രഹസ്യമായിട്ടാണ് കുമാരന്‍ സ്വര്‍ണ്ണബിസ്ക്കറ്റുകള്‍ നിറഞ്ഞ പെട്ടി തന്റെ വീട്ടിനുള്ളീല്‍ വച്ചത്..

(തുടരും..)

No comments: