Friday, August 8, 2008

ഗ്രാമപുരാണം-5

അന്ന് നിലാവുള്ള രാത്രിയായിരുന്നു.
നിലാവില്‍ കുളിച്ചു നിന്ന ഗ്രാമം നിദ്രയിലാണ്ടു. പമ്പാനദി ശാന്തമായി ഒഴുകുകയാണ്‍. സമയം പന്ത്രണ്ടായെന്ന് വിളിച്ചറിയിച്ചു കൊണ്ട് പട്ടണത്തിലെ സെന്റ് പീറ്റേഴ്സ് ഭദ്രാസനപ്പള്ളിയില്‍ നിന്ന് മണി മുഴങ്ങി.

മിനിക്കുട്ടി കൂര്‍ക്കം വലിച്ചുറങ്ങുകയാണ്. അന്ന് രാത്രി കുമാരന്‍ ഉറങ്ങുവാന്‍ കഴിഞ്ഞില്ല. അയാള്‍ തനിക്ക് കിട്ടിയ പെട്ടി മെല്ലെ തുറന്നു. മണ്ണെണ്ണ വിളക്കിന്റെ അരണ്ട വെളിച്ചത്തില്‍ അതിനുള്ളിലെ സ്വര്‍ണ്ണ ബിസ്ക്കറ്റുകള്‍ വെട്ടിത്തിളങ്ങി. ‘എന്തൊരം സ്വര്‍ണ്ണമാണിത്..? ഒരുതരി പൊന്നുപോലും സ്വന്തമായി ഇല്ലാത്ത തനിക്ക് ഇത്രമാത്രം സ്വര്‍ണ്ണമോ..? കുമാരന്റെ കണ്ണ് മഞ്ഞളിച്ചുപോയി. സന്തോഷം കൊണ്ട് തനിക്ക് ഭ്രാന്ത് പിടിക്കുമെന്ന് പോലും കുമാരന്‍ തോന്നിപ്പോയ നിമിഷങ്ങളായിരുന്നു അത്.

ഈ സ്വര്‍ണ്ണബിസ്ക്കറ്റുകള്‍ വിറ്റാല്‍ എത്ര രൂപ കിട്ടും..? ആര്‍ക്കാണിത് വില്‍ക്കേണ്ടത്..? കുമാരന്‍ ഒരെത്തും പിടിയും കിട്ടിയില്ല. ‘ഈശ്വരാ.. ഇതൊന്നും കാണുവാന്‍ തന്റെ ദേവകിക്ക് ഭാഗ്യമില്ലാതെ പോയല്ലോ’ന്ന് കുമാരന്‍ ദു:ഖത്തോടെ അപ്പോള്‍ ഓര്‍ക്കുകയും ചെയ്തു.

‘കുമാരേട്ടാ..” ഈ സമയത്താണ് ആരോ തന്നെ വിളിച്ചതുപോലെ കുമാരന്‍ തോന്നിയത്. അയാള്‍ വല്ലാതെ ഭയന്നുപോയി. ആരാണത്…?

“കുമാരേട്ടാ..” ഇത്തവണ വളരെ വ്യക്തമായി അയാളാ വിളി കേട്ടു. വീടിന് പുറത്ത് ആരോ നില്‍ക്കുന്നുണ്ടെന്ന് കുമാരന്‍ തോന്നി. കുമാരന്‍ വേഗം സ്വര്‍ണ്ണബിസ്ക്കറ്റുകള്‍ കട്ടിലിനടിയില്‍ വച്ചശേഷം വിളക്കൂതി കെടുത്തി…

‘പുറത്ത് ആരാ‍യിരിക്കും…? കുമാരന്റെ ഹ്യദയമിടിപ്പ് വര്‍ദ്ധിച്ചു. “കുമാരാട്ടേ വാതില്‍ തൊറക്ക്..” പുറത്തു നിന്നും ആരോ വാ‍തില്‍ മുട്ടി വിളിക്കുന്നത് കുമാരന്‍ കേട്ടു

“ആരാദ്…” കുമാരന്റെ തൊണ്ടയിടറി.

“ഞാനാ കുമാരേട്ടാ, ഹമീദ്..” പുറത്തു നിന്നും മറുപടിയുണ്ടായി. ഹമീദിനെ കുമാരനറിയാം. നാട്ടിലെ പരോപകാരിയായ ചെറുപ്പക്കാരനാണ് ഹമീദ്. എന്തിനാണിവന്‍ ഈ പാതിരാത്രിയില്‍ തന്നെ വിളിക്കുന്നത്..? കുമാരന്‍ ചിന്തിച്ചു.

“കുമാരേട്ടാ, വാതില്‍ തൊറക്ക്…?” പുറത്തു നിന്നും ഹമീദിന്റെ വിളി കൂടി വന്നപ്പോള്‍ ‘രാത്രീല്‍ മനുഷ്യനെ കിടന്നുറങ്ങാനും സമ്മതിക്കിലല ഓരോ ശല്യങ്ങളെ‘ന്ന് പിറു പിറുത്തുകൊണ്ട് കുമാരന്‍ വാതില്‍ തുറന്നു…

“എന്താ എന്തു വേണം..” കുമാരന്‍ ഹമീദിന്റെ നേര്‍ക്ക് കയര്‍ത്തു. കുമാരന്റെ ആ ഭാവം കണ്ട് അക്ഷരാര്‍ത്ഥത്തില്‍ ഹമീദ് ഭയന്നു പോയി.

“കുമാരേട്ടാ നമ്മെടെ കൊച്ചുപുരയ്ക്കലെ ഗോപിയേട്ടന്‍ ഭയങ്കര നെഞ്ചുവേദന.. ഒരു തവണ ചോര ശര്‍ദ്ദിക്കുവേന്‍ ചെയ്തു.. ഗോപിയേട്ടന്റെ ഭാര്യയും, മകനുമൊക്കെ വല്ലാതെ ഭയന്നിരിക്കുവാ.. കുമാരേട്ടനൊന്ന് വാ‍…. നമുക്ക് സമയം കളയാതെ ഗോപിയേട്ടനെ അക്കരെയുള്ള ആശുത്രീല്‍ കൊണ്ടു പോകാം..” ഹമീദ് താന്‍ വന്ന കാര്യം കുമാരനെ അറിയിച്ചു.

“ഓ ഇതിനാരുന്നോ.. നീയീ പാതിരാത്രീ ഓടിക്കെതച്ചെത്തിയത്.” കുമാരന്‍ പുശ്ചത്തോടു കൂടി ഹമീദിനോട് ചോദിച്ചു. “ബാക്കിയുള്ളോന്റെ ഉറക്കം കളയാന്‍ ഓരോരുത്തര്‍ വരും, നെഞ്ചുവേദനാന്നും, തലവേദനാന്നും പറഞ്ഞ്…”

‘കുമാരേട്ടനെന്തു പറ്റി..? മറ്റുള്ളവരുടെ ആവശ്യത്തിന്‍ ഏത് പാതിരാത്രിയില്‍ വിളിച്ചാലും സന്തോഷത്തോടു കൂടി ഓടിയെത്താറുള്ള കുമാരേട്ടനാണോ തന്നോടിതു പറഞ്ഞത്..‘ ഹമീദ് അത്ഭുതപ്പെട്ടു.

(തുടരും...)

1 comment:

akberbooks said...

കുഞ്ഞുകഥാമത്സരത്തിലേക്ക്‌ നിങ്ങളുടേയും സുഹൃത്തുക്കളുടേയും സൃഷ്ടികള്‍ അയക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക്‌ സന്ദര്‍ശിക്കുക
www.akberbooks.blogspot.com
or
kunjukathakal-akberbooks.blogspot.com