“കുമാരേട്ടാ.. അതുമിതും പറഞ്ഞ് വെറുതെ സമേം കളയെരുത്.. ഗോപിയേട്ടനെ എത്രേം വേഗം നമുക്ക് ആശുപത്രീലെത്തിക്കനം. അല്ലെങ്കില്‍ അയാള്‍ക്കെന്തേലും സംഭവിക്കും.. ഗോപിയേട്ടന്‍ എന്തേലും സംഭവിച്ചാ.. ആ പാവപ്പെട്ട കുടുംബത്തിന്റെ സ്ഥിതി ആകെ കഷ്ടത്തിലാകും..” ഹമീദ് കുമാരന് മുന്നറിയിപ്പ് നല്‍കി.
“നീ നെന്റെ പണി നോക്കെടാ ചെക്കാ.. ആകാശം ഇടിഞ്ഞുവീഴാന്‍ പോകുന്നൂന്ന് പറഞ്ഞാലും ഇപ്പാതിരാത്രി ന്റെ പൊര വിട്ട് ഞാനെങ്ങോട്ടും വരില്ല…” കുമാരന്റെ വാക്കുകള്‍ ഉറച്ചതായിരുന്നു. “ഇത്രേം കാലം രാത്രീന്നോ, പാതിരാത്രീന്നോയില്ലാതെ കണ്ടോന്മാര്‍ക്ക് വേണ്ടി കഴുതെപ്പോലെ ജീവിച്ചോനാ കുമാരന്‍. ഇനിയിപ്പം അതു നടപ്പില്ല. എനിക്കും ഇന്നാട്ടില്‍ മാന്യമായി ജീവിക്കണം. ദാ കടത്തുവള്ളം കടവിലൊണ്ട്. ആരാന്ന് വച്ചാ ചാകാന്‍ പോന്നെവനെയോ, ചത്തവനെയോ എങ്ങോട്ടാന്ന് വച്ചാ കൊണ്ടു പൊയ്ക്കോ… ദയവായി കുമാരനെ ആരും ശല്യപ്പെടുത്താന്‍ വന്നേക്കരുത്..’
ഹമീദ് എന്തെങ്കിലും ചോദിക്കുന്നതിന്‍ മുമ്പ് കുമാരന്‍ അവന്റെ മുന്നില്‍ വാതില്‍ കൊട്ടിയടച്ചു. എന്തുചെയ്യണമെന്ന് ഹമീദിന്‍ ഒരെത്തും പിടിയും കിട്ടിയില്ല. എന്നാല്‍ അടുത്ത ദിവസം ഞെട്ടിക്കുന്ന ആ വാര്‍ത്ത കേട്ടുകൊണ്ടാണ് ഞങ്ങള്‍ ഗ്രാമീണര്‍ ഉറക്കമുണര്‍ന്നത്.
കൊച്ചുപുരയ്ക്കലെ ഗോപിയേട്ടന്‍ ഹ്യദയസ്തംഭനം മൂലം മരിച്ചു. നിമിഷങ്ങള്‍ക്കകം ഈ വാര്‍ത്ത കാട്ടുതീ പോലെ ഞങ്ങളുടെ ഗ്രാമത്തിലെങ്ങും പടര്‍ന്നു. രാത്രിയില്‍ നെഞ്ചുവേദന വന്ന ഗോപിയേട്ടനെ അക്കരെയുള്ള ആശുപത്രിയില്‍ കൊണ്ടുപോകാന്‍ കുമാരന്‍ കൂട്ടാക്കിയെല്ലെന്നും, നെഞ്ചുവേദന മൂര്‍ച്ഛിച്ച് ഗോപിയേട്ടന്‍ മരിച്ചെന്നുമുള്ള അമ്പരിപ്പിക്കുന്ന വാര്‍ത്ത കേട്ട് ഞങ്ങള്‍ ഗ്രാമീണരാകെ തകര്‍ന്നു പോയി.
പാവപ്പെട്ട ഒരു കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു മരിച്ചുപോയ ഗോപിയേട്ടന്‍. ഗോപിയേട്ടന്‍ മരിച്ചതോടു കൂടി അയാളുടെ ഭാര്യയും, ഏക മകനും അനാഥനായി തീര്‍ന്നു.
‘ഗോപിയുടെ മരണത്തിന് കാരണക്കാരന്‍ കടത്തുകാരന്‍ കുമാരനാണ്..” രോഷാകുലരായ ഗ്രാമീണര്‍ ഒന്നടങ്കം കുമാരനെ കുറ്റപ്പെടുത്തുകയും, ശപിക്കുകയും മാത്രമല്ല കലിപൂണ്ട ഗ്രാമത്തിലെ ചില ചെറുപ്പക്കാര്‍ കുമാരന്റെ കടത്തുവള്ളം തല്ലിതകര്‍ക്കുകയും ചെയ്തു. മറ്റുചിലര്‍ കുമാരനെ കൈയ്യേറ്റം ചെയ്യുവാന്‍ ശ്രമിച്ചെങ്കിലും പഞ്ചായത്ത് മെമ്പര്‍ കുട്ടന്‍പിള്ള ഇടപെട്ട് അവരെ അനുനയിപ്പിക്കുകയായിരുന്നു..
കൊച്ചുപുരയ്ക്കലെ ഗോപിയേട്ടന്‍ മരിച്ചതോടു കൂടി ഒരുകാലത്ത് ഞങ്ങളുടെയെല്ലാം പ്രിയപ്പെട്ടവനായിരുന്ന കുമാരന്‍ ഞങ്ങളുടെയെല്ലാം ശത്രുവായി തീരുകയായിരുന്നു. താന്‍ ചെയ്ത തെറ്റിനെക്കുറിച്ച് കുമാരന്‍ യാതൊരു കുറ്റബോധവും തോന്നിയില്ല. എന്നാല്‍ കുമാരന്റെ മകള്‍ മിനിക്കുട്ടി തന്റെ അച്ഛന്‍ മൂലം ഒരു കുടുംബം അനാഥമായതോര്‍ത്ത് തേങ്ങി കരയുകയായിരുന്നു.
നല്ലവനായിരുന്ന തന്റെ അച്ഛന്‍ എങ്ങനെ ഒരു ദു:ഷ്ടനാകുവാന്‍ കഴിഞ്ഞു…? അന്ന് മുഴുവന്‍ മിനിക്കുട്ടി ചിന്തിച്ചത് അതായിരുന്നു.
“എനിക്ക് പേടിയാവ്ന്നു. നമുക്ക് ഇവിടുന്ന് എങ്ങോട്ടെങ്കിലും പോകാം. അല്ലെങ്കില്‍ അച്ഛനെ എല്ലാരും ചേര്‍ന്ന് കൊല്ലും..” മിനിക്കുട്ടി കണ്ണീര്‍ വാര്‍ത്തു. “ഈ ഗ്രാമം വിട്ട് നമ്മളെങ്ങോട്ടും പോണില്ല. ഇവെടെ നമ്മള്‍ ജീവിക്കും..” കുമാരന്റെ വാക്കുകള്‍ ഉറച്ചതായിരുന്നു.
ഗ്രാമം കണ്ണുനീരില്‍ മുങ്ങിയ ദിവസമായിരുന്നു അന്ന്. വൈകുന്നേരമായപ്പോള്‍ ഗോപിയേട്ടന്റെ മ്യതദേഹം ഞങ്ങള്‍ ഗ്രാമീണരുടെ സാനിധ്യത്തില്‍ സംസ്കരിച്ചു.
(തുടരും..)
No comments:
Post a Comment