അമ്മയുടെ കണ്ണുകള്‍ നിറഞ്ഞു കവിയുന്നത് കണ്ടപ്പോള്‍ തന്റെ മനസ്സിലെ ഭയമെല്ലാം ഉരുകി ഇല്ലാതാകുന്നതുപോലെ മിനിക്കുട്ടിക്ക് തോന്നി. ‘അമ്മ മരിച്ചിട്ടില്ല. തന്റെ അമ്മയിതാ ജീവനോടെ നില്‍ക്കുന്നു…” മിനിക്കുട്ടിയുടെ മനസ്സ് മന്ത്രിച്ചു.
അവള്‍ നിമിഷങ്ങളോളം അമ്മയുടെ കണ്ണൂകളിലേക്ക് നോക്കി. അമ്മയുടെ കണ്ണൂകളില്‍ വാത്സല്യത്തിന്റെ പെരുമഴ പെയ്യുന്നത് അവള്‍ കണ്ടു…
“വരൂ മോളേ… അമ്മയുടെ അടുക്കലേക്ക് വാ.. ന്റെ മോളെ ഞാനൊന്ന് കണ്ടോട്ടെ,,,” അമ്മ കരയുകയാണ്‍. മിനിക്കുട്ടി മെല്ലെ അമ്മയുടെ അരികിലെത്തി. അമ്മയും മകളും മുഖത്തോട് മുഖം നോക്കി നിന്നു. “അമ്മേ…” പെട്ടന്ന് മിനിക്കുട്ടി അമ്മയെ കെട്ടിപ്പിടിച്ചു കരഞ്ഞു. അമ്മയുടെ തണുത്ത കരങ്ങള്‍ മിനിക്കുട്ടിയെ വാത്സല്യപൂര്‍വ്വം തലോടിക്കൊണ്ടിരുന്നു.
നിലാവില്‍ കുളിച്ചു നില്‍ക്കുകയായിരുന്നു ഗ്രാമം. ഒരു തണുത്ത കാറ്റ് വ്യക്ഷക്കൊമ്പുകളെ പിടിച്ചുലച്ചുകൊണ്ട് കടന്നുപോയി. “വരൂ മോളെ.. അമ്മയ്ക്ക് മോളോട് ഒരു പാട് കാര്യങ്ങള്‍ പറയാനുണ്ട്.. നമുക്ക് ദാ അവിടെയിരുന്ന് എല്ലാം പറയാം…” കടത്തു കടവിലേക്ക് വിരല്‍ ചൂണ്ടിക്കൊണ്ട് അമ്മ മിനിക്കുട്ടിയോട് പറഞ്ഞു.
മിനിക്കുട്ടി അമ്മയോടൊപ്പം കടത്തു കടവിലേക്ക് നടന്നു. “അമ്മ എവിട്യാരുന്നു ഇത്രേം നാള്‍..” ഒരു പൂച്ചക്കുഞ്ഞിനെപ്പോലെ അമ്മയോട് ചേര്‍ന്നു നടന്നുകൊണ്ട് മിനിക്കുട്ടി ചോദിച്ചു.
“അമ്മ.. അമ്മ ഇവിടെ തന്നെയുണ്ട്യാരുന്നു…” അമ്മ മന്ത്രിച്ചു.
“അപ്പോള്‍ ന്റെമ്മ വെള്ളപ്പൊക്കത്തില്‍ മരിച്ചില്യാരുന്നോ..? മിനിക്കുട്ടിയുടെ ചോദ്യത്തിന്‍ അമ്മ ഉത്തരം നല്‍കിയില്ല. അമ്മയും മകളും കടത്തു കടവിലെത്തി. പമ്പാനദി ശാന്തമായി ഒഴുകുകയാണ്‍. ആകാശത്ത് പെട്ടന്നാണ്‍ കാര്‍മേഘങ്ങള്‍ നിറഞ്ഞത്. നിലാവില്‍ കുളിച്ചു നിന്ന ഞങ്ങളുടെ ഗ്രാമം ഇരുട്ടില്‍ മുങ്ങി.
ന്റെ മോള്‍ അമ്മേടെ കൂടെ വരുന്നോ..” നിമിഷങ്ങള്‍ നീണ്ടു നിന്ന മൌനത്തിന് ശേഷം അമ്മ മിനിക്കുട്ടിയോട് ചോദിച്ചു. “എവിടേക്ക്…” അവള്‍ ചോദിച്ചു. “അങ്ങ്..അങ്ങ് ദൂരേക്ക്…” അമ്മ മന്ത്രിച്ചു. അമ്മയോടൊപ്പം എവിടേക്ക് പോകാനും അവള്‍ ഒരുക്കമായിരുന്നു.
“ങ്കില്‍ അമ്മയോടൊപ്പം പോന്നോളൂ..” അമ്മ നദിയിലെ വെള്ളത്തിലേക്ക് ഇറങ്ങിക്കൊണ്ട് മിനിക്കുട്ടിയോട് പറഞ്ഞു. അവള്‍ ഒട്ടു മടിച്ചില്ല ഒരു സ്വപ്നലോകത്തിലെന്നപോലെ അമ്മയുടെ പിന്നാലെ വെള്ളത്തിലേക്ക് ഇറങ്ങി. അമ്മ നദിയുടെ ആഴങ്ങളിലേക്ക് നടന്നിറങ്ങുകയായിരുന്നു. ഒപ്പം മിനിക്കുട്ടിയും. ഒടുവില്‍ മിനിക്കുട്ടിക്ക് വെള്ളത്തില്‍ നിലയില്ലാതെയായി.
“അമ്മേ…..” ഭയന്നുപോയ അവള്‍ ഉച്ചത്തില്‍ നിലവിളിച്ചെങ്കിലും അമ്മയെ അവള്‍ കണ്ടതുമില്ല. അമ്മ അവളുടെ വിളി കേട്ടതുമില്ല. മിനിക്കുട്ടി ഭയന്ന് ചുറ്റും തിരിഞ്ഞു നോക്കി. അമ്മ എവിടെപ്പോയി…? അപകടം മനസ്സിലാക്കിയ അവള്‍ പെട്ടന്ന് നീന്തി കരയ്ക്കു കയറുവാന്‍ ശ്രമിച്ചെങ്കിലും ഒരു വലിയ ചുഴിക്കുള്ളില്‍ അവള്‍ അകപ്പെട്ടുപോയി.
“അച്ചാാ...” , വെള്ളത്തിന്‍ മുകളില്‍ പൊങ്ങി വന്ന അവള്‍ ഉച്ചത്തില്‍ നിലവിളിച്ചു. എന്നാല്‍ രണ്ടാമതൊരിക്കല്‍ കൂടി മിനിക്കുട്ടിക്ക് നിലവിളിക്കുവാന്‍ കഴിഞ്ഞില്ല. ഒരിക്കലും രക്ഷപെടുവാന്‍ കഴിയാതെവണ്ണം അവള്‍ നദിയുടെ അഗാധങ്ങളിലേക്ക് താണുപോയി.
രാത്രിയുടെ അവസാനയാമവും കഴിഞ്ഞിരുന്നു. ആരോ ഉച്ചത്തില്‍ നിലവിളിക്കുന്ന ശബ്ദം കേട്ടാണ്‍ കുമാരന്‍ ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്നത്.. ആരാണ് നിലവിളിച്ചത്..? മിനിക്കുട്ടിലെ വീട്ടിനുള്ളില്‍ കാണാതായപ്പോള്‍ അയാളുടെ നെഞ്ചൊന്ന് കാളി.
“മോളെ മിനിക്കുട്ടി…” കുമാരന്‍ ഒരു കൊടുങ്കാറ്റുപോലെ വീടിനുള്ളിലും പരിസരത്തും മകളെ വിളിച്ചുകൊണ്ട് ഓടി നടന്നു.
‘എന്റീശ്വരാ എന്റെ കുട്ടിയെവിടെ..? അവള്‍ക്കെന്തു സംഭവിച്ചു… തന്റെ മകളെക്കുറിച്ച് ആരോട് ചോദിക്കും..? ഇന്നാട്ടുകാരെല്ലാം കൊച്ചുപുരയ്ക്കല്‍ ഗോപിയുടെ മരണത്തിനുശേഷം തന്റെ ശത്രുക്കളായിരിക്കുകയാണ്…’
മിനിക്കുട്ടിയെ കാണാതെ തന്റെ നെഞ്ചു പൊട്ടിപ്പോകുന്നതു പോലെ കുമാരന് തോന്നി.
(തുടരും...)
No comments:
Post a Comment