Sunday, October 19, 2008

പ്രവാസികളുടെ പ്രവാചകന്‍-9

മോസസ്സും, സഹോദരനായ അഹരോനും ഫറവോന്റെ കൊട്ടാരത്തിലെത്തി.

“പ്രഭോ.. ഞങ്ങള്‍ ദൈവകല്പനപ്രകാരം അങ്ങയെ കാണുവാന്‍ വന്നവരാണ്‍…..“ അഹരോന്‍ തങ്ങളുടെ ആഗമനോദ്ദ്യേശം ഫറവോനെ അറിയിച്ചു. “ഇസ്രയേല്‍ മക്കളുടെ ദൈവമായ യഹോവയ്ക്ക് മരുഭൂമിയില്‍ വച്ച് ഉത്സവം നടത്തേണ്ടതിന്‍ തന്റെ ജനത്തെ വിട്ടയക്കണമെന്ന് യഹോവ താങ്കളോട് കല്പിക്കുന്നു…”

“ആരാണീ യഹോവ…? ഞാന്‍ യഹോവയുടെ വാക്കു കേള്‍ക്കുവാന്‍ അവന്‍ ആരാണ്‍….? എനിക്ക് നിങ്ങള്‍ പറയുന്ന യഹോവയെ അറിയുകയുമില്ല. ജനത്തെയൊട്ട് വിട്ടയക്കുകയുമില്ല…” പെട്ടന്ന് ഫറവോന്‍ ക്ഷുഭിതനായി.

“ഞങ്ങളുടെ ദൈവം ഞങ്ങള്‍ക്ക് പ്രത്യക്ഷനായിരിക്കുന്നു. മരുഭൂമിയില്‍ പോയി ഞങ്ങളുടെ ദൈവത്തിന്‍ യാഗം കഴിച്ചില്ലെങ്കില്‍ അവന്‍ ഞങ്ങളെ കഠിനമായി ശിക്ഷിക്കും…” അഹരോന്റെ വാക്കുകള്‍ ഫറവോന്‍ ചെവിക്കൊണ്ടില്ലെന്നു മാത്രമല്ല മോസസ്സിനെയും അഹരോനെയും ഫറവോന്‍ പരിഹസിക്കുകയും ചെയ്തു.

“ങ്ഹും.. മരുഭൂമിയില്‍ ദൈവത്തിന്‍ യാഗം കഴിക്കണം പോലും…“ ഫറവോന്‍ പൊട്ടിച്ചിരിച്ചു. നിങ്ങള്‍ പറയുന്നതു പോലെ ഒരിക്കലും ജനത്തെ ഞാന്‍ വിട്ടയക്കില്ല…. തെറ്റായ ഉപദേശങ്ങള്‍ നല്‍കില്‍ അവരെ വഴി തെറ്റിക്കാനും അവരുടെ ജോലി മിനക്കെടുത്തുവാനും എത്തിയവരാണ്‍ നിങ്ങള്‍… കടന്നു പോകൂ എന്റെ മുന്നില്‍ നിന്ന്…” ഫറവോന്‍ കല്പിച്ചു.

ഫറവോന്‍ ജനത്തെ വിട്ടയക്കില്ലെന്ന് കണ്ട അഹരോനും, മോസസ്സും നിരാശരായി രാജസന്നിധി വിട്ടിറങ്ങി. എന്നാല്‍ ക്ഷുഭിതനായ ഫറവോന്‍ ഇസ്രായേല്‍ ജനങ്ങളെ ഒരു പാഠം പഠിപ്പിക്കുവാന്‍ തീരുമാനിച്ചു കഴിഞ്ഞിരുന്നു.

ഇഷ്ടിക നിര്‍മ്മിക്കുന്ന് ജോലിയായിരുന്നല്ലോ ഈജിപ്തില്‍ ഇസ്രായേല്‍ ജനങ്ങളുടേത്. ഇഷ്ടിക കളങ്ങളില്‍ രാവും, പകലുമെന്നില്ലാതെ എല്ലു മുറിയെ ജോലി ചെയ്തിട്ടും ഫറവോന്‍ നിയോഗിച്ച ഉദ്ദ്യേഗസ്ഥന്മാരില്‍ നിന്ന് അവര്‍ക്ക് അതികഠിനമായ പീഢനങ്ങള്‍ സഹിക്കേണ്ടി വന്നിരുന്നു. ഒരോ ദിവസവും ഓരോ യിസ്രായേല്യനും എത്രത്തോളം ഇഷ്ടിക നിര്‍മ്മിക്കണമെന്ന് ഒരു കണക്ക് നിലവിലുണ്ടായിരുന്നു. ആ കണക്ക് തെറ്റിക്കുന്നവര്‍ക്കുള്ള ശിക്ഷ ക്രൂരവുമായിരുന്നു.

സാധാരണയായി ഇഷ്ടിക നിര്‍മ്മിക്കുവാനുള്ള വൈക്കോന്‍ ഫറവോന്‍ നിയോഗിച്ചിരിക്കുന്ന ഉദ്ദ്യോഗസ്ഥര്‍ ഇസ്രായേല്‍ ജനങ്ങള്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍ മോസസ്സും, അഹരോനും രാജകൊട്ടാരത്തിലെത്തി ജനങ്ങളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടതോടു കൂടി കുപിതനായ ഫറവോന്‍ ഇസ്രായേല്‍ ജനങ്ങള്‍ക്ക് ഇഷ്ടികയുണ്ടാക്കാന്‍ വൈക്കോല്‍ കൊടുക്കരുതെന്ന കല്പന പുറപ്പെടുവിച്ചു.

“അവര്‍ക്ക് മരുഭൂമിയില്‍ പോയി ദൈവത്തിന്‍ യാഗം കഴിക്കണം പോലും. ഒന്നിനെയും വെറുതെ വിടാന്‍ പാടില്ല… ഇനി മുതല്‍ ഇഷ്ടിക നിര്‍മ്മിക്കുവാനുള്ള വൈക്കോല്‍ നാം അവര്‍ക്ക് കൊടുക്കുവാന്‍ പാടില്ല. അവരത് സ്വയമായി എവിടെ നിന്നെങ്കിലും ശേഖരിക്കട്ടെ. എന്നാല്‍ ഇഷ്ടികയുടെ കണക്ക് കുറയാനും പാടില്ല… അഹങ്കാരികളായ അവര്‍ ശരിക്കും കഷ്ടപ്പെടട്ടെ… ആ മടിയന്മാര്‍ ഇതോടു കൂടി ഒരു പഠിക്കുകയും വേണം…” ഫറവോന്‍ തന്റെ ഉദ്ദ്യോഗസ്ഥന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ഫറവോന്റെ കല്പന കേട്ട് ഇസ്രായേല്‍ ജനം ഞെട്ടിപ്പോയി… എവിടെ നിന്നാണ്‍ ഇഷ്ടിക നിര്‍മ്മിക്കാനുള്ള വൈക്കോല്‍ സംഭരിക്കുക…? അവര്‍ വൈക്കോലിനു വേണ്ടി നെട്ടോട്ടമോടി. കിട്ടിയ വൈക്കോല്‍ കൊണ്ട് പലര്‍ക്കും തങ്ങള്‍ക്ക് നിശ്ചയിച്ചിരിക്കുന്ന ഇഷ്ടികയുടെ എണ്ണം പൂര്‍ത്തിയാക്കുവാന്‍ കഴിഞ്ഞില്ല. അപ്പോള്‍ മേല്‍നൊട്ടക്കാരില്‍ നിന്ന് അവര്‍ക്ക് ചാട്ടവാര്‍ക്കൊണ്ടുള്ള അടി കിട്ടി. അവര്‍ വേദനകൊണ്ട് പുളഞ്ഞു.. അവരുടെ നിലവിളിയും, കരച്ചിലും കേട്ട് ഫറവോന്റെ കിങ്കരന്മാര്‍ ആര്‍ത്തട്ടഹസിച്ചു.

“എല്ലാത്തിനും കാരണം ആ മോസസ്സും അഹരോനുമാണ്‍… എരിതീയില്‍ അവര്‍ എണ്ണയൊഴിക്കുകയാണ്‍ ചെയ്തത്…നമ്മുടെ ജീവതം തുലഞ്ഞു പോയില്ലേ…” ജനങ്ങള്‍ മോസസ്സിനെയും സഹൊദരനായ അഹരോനെയും കുറ്റപ്പെടുത്തുകയും, ശപിക്കുകയും ചെയ്തു.

“പ്രഭോ.. ഈ കഷ്ടതകളില്‍ നിന്ന് അങ്ങ് ഞങ്ങളെ രക്ഷിക്കണം…. ഞങ്ങള്‍ക്ക് വൈക്കോല്‍ തന്നാല്‍ മുമ്പുള്ളതുപോലെ ഞങ്ങള്‍ ഇഷ്ടികയുണ്ടാക്കം…“ ഇസ്രയേല്‍ ജനങ്ങളിലെ പ്രമുഖരായ ചിലര്‍ ഫറവോനെ കണ്ട സങ്കടം ബോധിപ്പിച്ചു. എന്നാല്‍ ഫറവോന്‍ അവരോട് യാതൊരു ദയവും കാട്ടുവാന്‍ ഒരുക്കമായിരുന്നില്ല.

“നിങ്ങള്‍ കുഴി മടിയന്മാരാണ്‍… ഇഷ്ടികയുണ്ടാക്കാന്‍ നിങ്ങള്‍ക്ക് വൈക്കോല്‍ തരുന്ന പ്രശനമില്ല… നിങ്ങള്‍ എവിടെ നിന്നെങ്കിലും വൈക്കോല്‍ ശേഖരിച്ച് ഇഷ്ടികയുണ്ടാക്കണം… എന്നാല്‍ ഇഷ്ടികയുടെ എണ്ണം കുറയുവാനും പാടില്ല….” ഫറവോന്‍ അവരെ അറിയിച്ചു. നിരാശരായ അവര്‍ രാജസന്നിധി വിട്ടിറങ്ങി. വഴിയില്‍ വച്ച് അവര്‍ മോസസ്സിനെയും, അഹരോനെയും കണ്ടു മുട്ടി.

“ഞങ്ങളുടെ ഇപ്പോഴത്തെ ഈ കഷ്ടതകള്‍ക്കെല്ലാം കാരണക്കാര്‍ നിങ്ങളാണ്‍… “ ദേഷ്യമടക്കുവാനാതെ അവര്‍ മോസസ്സിനോടും, അഹരോനോടും കയര്‍ത്തു. “യഹോവയ്ക്ക് യാഗം കഴിക്കുവാന്‍ ജനങ്ങളെ വിട്ടയക്കണമെന്ന് നിങ്ങള്‍ ഫറവോനോട് ആവശ്യപ്പെട്ടതാണ്‍ എല്ലാത്തിനും കാരണം…. നിങ്ങളുടെ വാക്ക് കേട്ട് നിങ്ങളോടോപ്പം നിന്നതാണ്‍ ഞങ്ങള്‍ ചെയ്ത ഏറ്റവും വലിയ തെറ്റും….” അവര്‍ മോസസ്സിനെയും, അഹരോനെയും കണക്കില്ലാതെ കുറ്റപ്പെടുത്തി. അവരുടെ ചാട്ടുളിപോലുള്ള കുത്തുവാക്കുകള്‍ കേട്ട് മോസസ്സും അഹരോനും തളര്‍ന്നു പോയി.

(തുടരും…)

No comments: