Tuesday, October 14, 2008

പ്രവാസികളുടെ പ്രവാചകന്‍- 8

ദൈവം മോസസ്സിനെ ധൈര്യപ്പെടുത്തിയിട്ടും, അത്ഭുതപ്രവ്യത്തികള്‍ കാട്ടിയിട്ടും ഈജിപ്തില്‍ വച്ച് തനിക്ക് ജീവഹാനിയുണ്ടാകുമെന്ന ഭയം മോസസ്സിന്റെ മനസ്സിനെ വല്ലാതെ വേട്ടയാടിയിരുന്നു.

“ഞാന്‍ വാക്സാമര്‍ത്ഥ്യമുള്ളവനല്ല…. വിക്കനും… തടിച്ച നാവുള്ളവനുമാകുന്നു. ആയതിനാല്‍ അങ്ങയ്ക്ക് ഇഷ്ടമുള്ള മറ്റാരെയെങ്കിലും ഈജിപ്തിലേക്ക് അയക്കേണമേ..” മോസസ്സ് ദൈവത്തോട് അപേക്ഷിച്ചെങ്കിലും ദൈവം കുപിതനാവുകയാണുണ്ടായത്.

“മനുഷ്യന്‍ വായ കൊടുത്തവന്‍ ആരാണ്‍…? ഊമനെയും, ചെകിടനെയും, കുരുടനെയും, കാഴ്ചയുള്ളവനെയും സ്യഷ്ടിച്ചത് ആരാണ്‍…? ഞാന്‍ തന്നെയല്ലേ…? അതുകൊണ്ട് നീ ഈജിപ്തിലേക്ക് പോവുക…. ഞാന്‍ നിന്റെ നാവോടു കൂടെയിരിക്കും……ഈജിപ്തിലുള്ള നിന്റെ സഹോദരനായ അഹരോന്‍ നിന്നെ സഹായിക്കുവാന്‍ നിന്നോടു കൂടിയുണ്ടാവും……ഞാന്‍ നിന്നോട് പറയുന്നതെല്ലാം നീ അഹരോനോട് പറയണം….. നിനക്കുവേണ്ടി അഹരോന്‍ ജനത്തോട് സംസാരിക്കും… “ ദൈവം മോസസ്സിനോട് കല്പിച്ചു. ദൈവകല്പന ലംഘിക്കുവാന്‍ മോസസ്സിന്‍ കഴിയുമായിരുന്നില്ല.

മിദ്യാന്‍ ദേശത്തെ നീണ്ട നാല്‍പ്പതു വര്‍ഷത്തെ ജീവിതത്തിന്‍ വിരാമമിട്ടുകൊണ്ട് മോസസ്സ് തന്റെ ഭാര്യയോടും മക്കളോടുമൊപ്പം ഈജിപ്തിലേക്ക് യാത്രയായി. ദൈവ നിശ്ചയപ്രകാരം ഈജിപ്തിലുള്ള മോസസ്സിന്റെ സഹോദരനായ അഹരോന്‍ മോസസ്സിനെയും, കുടുംബത്തെയും സ്വീകരിക്കുവാന്‍ കാത്തു നില്‍ക്കുകയായിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം സഹോദരങ്ങള്‍ തമ്മില്‍ കണ്ടപ്പോള്‍ അവര്‍ക്കുണ്ടായ സന്തോഷം അതിരറ്റതായിരുന്നു. അവര്‍ പരസ്പ്പരം കെട്ടിപ്പുണര്‍ന്നു.

മിദ്യാന്‍ ദേശത്ത് വച്ച് ദൈവം തനിക്ക് പ്രത്യക്ഷനായി തന്നോട് കല്പിച്ച വാക്കുകളും, തനിക്ക് കാട്ടി തന്ന അത്ഭുതപ്രവ്യത്തികളെക്കുറിച്ചും മോസസ്സ് അഹരോനെ അറിയിച്ചപ്പോള്‍ അഹരോന്‍ വളരെയധികം സന്തോഷം തോന്നി. അന്ന് തന്നെ അഹരോന്‍ മോസസ്സിനോടോപ്പം ഇസ്രയേല്‍ ജനങ്ങളുടെ അരികിലെത്തി.

‘സഹോദരങ്ങളെ നമ്മുടെ നിലവിളിയും, കഷ്ടതയും ഇതാ ദൈവം കണ്ടിരിക്കുന്നു…’ അഹരോന്‍ ഇസ്രായേല്‍ ജനങ്ങള്‍ കേള്‍ക്കെ ഉച്ചത്തില്‍ പറഞ്ഞു. മോസസ്സിന്‍ സംസാരിക്കുമ്പോള്‍ വിക്കുള്ളതുകൊണ്ട് സഹോദരനായ അഹരോനായിരുന്നു ദൈവകല്പനകള്‍ മോസസ്സിനുവേണ്ടി ജനങ്ങളെ അറിയിച്ചത്

"ഇതാ മോസസ്സിനെ ദൈവം നമ്മുടെ ഇടയിലേക്ക് അയച്ചിരിക്കുന്നു… ഈജിപ്തിലെ അടിമത്വത്തില്‍ നിന്ന് ദൈവം നമ്മളെ രക്ഷിച്ച് നമ്മുടെ പിതാക്കന്മാരായ അബ്രഹാമിനും, യിസഹാക്കിനും, യാക്കോബിനും, വാഗ്ദ്ധാനം ചെയ്ത പാലും തേനും ഒഴുകുന്ന സുന്ദരമായ ദേശത്തേക്ക് നമ്മളെ നയിക്കുമെന്ന് ദൈവം മോസസ്സിനോട് അരുളിചെയ്തിരിക്കുന്നു….”

ഈജിപ്തിലെ നരകതുല്യമായ ജീവിതത്തില്‍ നിന്ന് തങ്ങള്‍ക്കൊരു മോചനമോ..? അഹരോന്റെ വാക്കുകള്‍ പലര്‍ക്കും വിശ്വാസം വന്നില്ല… “ഇവിടുത്തെ അടിമത്വത്തില്‍ നിന്ന് ഒരു മോചനം പോലും…. നടന്നതു തന്നെ!!!.” ജനങ്ങള്‍ പരസ്പരം പിറുപിറുത്തു…

“…..ഞാന്‍ നിനക്ക് പ്രത്യക്ഷനായി എന്ന് ഇസ്രയെല്‍ ജനം വിശ്വസിക്കേണ്ടതിന്‍ അവര്‍ക്ക് മുമ്പാകെ ഞാന്‍ നിനക്ക് കാട്ടി തന്ന അടയാളങ്ങള്‍ കാട്ടണം… ഒന്നാമത്തെ അടയാളം വിശ്വസിക്കാത്തവര്‍…. രണ്ടാ‍മത്തെ അടയാളം തീര്‍ച്ചയായും വിശ്വസിക്കും.. എന്നാല്‍ ഈ രണ്ട് അടയാളങ്ങളും അവര്‍ വിശ്വസിക്കാതിരുന്നാല്‍ നീ നൈല്‍ നദിയിലെ വെള്ളം കോരി അവരുടെ മുമ്പാകെ ഉണങ്ങിയ നിലത്ത് ഒഴിക്കണം… അപ്പോള്‍ ആ വെള്ളം രകതമായി തീരും… “ ഈജിപ്തിലേക്ക് അയക്കുന്നതിന്‍ മുമ്പ് ദൈവം തനിക്ക് കാട്ടി തന്ന അടയാളങ്ങളും, വാക്കുകളും മോസസ്സ് ഓര്‍ത്തു.

ജനമെല്ലാം നോക്കി നില്‍ക്കെ മോസസ്സ് തന്റെ കൈയ്യിലിരിന്ന വടി താഴെയിട്ടു. പെട്ടന്നാണ്‍ ആ വടി ഒരു സര്‍പ്പമായി തീര്‍ന്നത്. ജനങ്ങളുടെ മനസ്സിലെ അത്ഭുതവും, അമ്പരപ്പും മാറുന്നതിന് മുമ്പ് മോസസ്സ് തന്റെ കൈ നെഞ്ചത്ത് വച്ചപ്പോള്‍ കൈ കുഷ്ടരോഗം പിടിപെട്ടതുപോലെയായി. ഇതെന്തൊരു മറിമായം…? ആര്‍ക്കും ഒന്നും മനസ്സിലായില്ല. എന്നാല്‍ അവരെ അത്ഭുതപ്പെടുത്തിക്കൊണ്ട് മോസസ്സ് കുഷ്ടം നിറഞ്ഞ തന്റെ കൈ വീണ്ടും നെഞ്ചത്തു വച്ചപ്പോള്‍ പെട്ടന്ന് കൈയ്യിലെ കുഷ്ടരോഗം മാറി.

‘പ്രിയമുള്ളവരേ, നിങ്ങള്‍ ഇപ്പോള്‍ കണ്ടതെല്ലാം ദൈവം മോസസ്സിനെ നമ്മുടെ ഇടയിലേക്ക് അയച്ചതിന്റെ അടയാളങ്ങളാണിത്…” അത്ഭുതപരവശരായി നില്‍ക്കുന്ന ജനങ്ങളെ നോക്കി അഹരോന്‍ അറിയിച്ചു.

“ഞങ്ങള്‍ എല്ലാം വിശ്വസ്സിക്കുന്നു…എല്ലാം…’ അപ്പോള്‍ ജനങ്ങള്‍ ഒന്നടങ്കം ഉച്ചത്തില്‍ പ്രഖ്യാപിച്ചു. തങ്ങളുടെ കഷ്ടതകള്‍ കണ്ട ദൈവത്തിന്‍ ദയ തോന്നിയതില്‍ ഇസ്രയേല്‍ ജനങ്ങള്‍ക്ക് വളരെയധികം സന്തോഷം തോന്നിയ നിമിഷങ്ങളായിരുന്നു അത്.

ഇസ്രായേല്‍ ജനം യഹോവയുടെ വാക്കുകളും, അത്ഭുത പ്രവ്യത്തികളും വിശ്വസിച്ചെന്ന് കണ്ട മോസസ്സ് സഹോദരനായ അഹരോനോടൊപ്പം നേരെ പോയത് ഈജിപ്തിലെ രാജാവായ ഫറവോന്റെ കൊട്ടാരത്തിലേക്കാണ്…
എന്തായിരുന്നു അവിടെ സംഭവിച്ചത്…?

(തുടരും…)

No comments: