Saturday, October 11, 2008

പ്രവാസികളുടെ പ്രവാചകന്‍-7

മോസസ്സ് വിവേകിയും, യോദ്ധാവും, മരുഭൂമിയിലെ കഷ്ടതകളിലൂടെ തന്റെ ജീവിതത്തെ പാകപ്പെടുത്തിയെടുത്ത് തന്റെ ആടുകളെ ചെന്നായ്ക്കളില്‍ നിന്നും, കണ്ണിലെ ക്യഷ്ണമണിപോലെ കാത്ത് രക്ഷിച്ച് പച്ചയായ പുല്‍പ്പുറങ്ങളിലേക്ക് നയിക്കുന്ന നല്ലൊരു ഇടയനുമായിരുന്നു… ഇസ്രയേല്‍ ജനങ്ങളെ നയിക്കുവാന്‍ ദൈവം തന്നെ തിരഞ്ഞെടുത്തിരിക്കുതൊന്നുമറിയാതെ മോസസ്സ് പതിവുപോലെ അന്നും മിദ്യാനിലെ മരുഭൂമിക്കപ്പുറത്തുള്ള ഹോരബ് പര്‍വ്വതത്തിന്റെ താഴ്വരയില്‍ തന്റെ അമ്മായിയപ്പന്റെ ആടുകളെ മേയ്ച്ചു നടക്കുകയായിരുന്നു.

പെട്ടന്നായിരുന്നു അത് സംഭവിച്ചത്….
ഒരു വലിയ മുള്‍പ്പടര്‍പ്പ്…. ആ മുള്‍പ്പടര്‍പ്പില്‍ പെട്ടന്ന് തീ ആളിക്കത്തുവാന്‍ തുടങ്ങി…. എന്നാല്‍ അത്ഭുതമെന്ന് പറയട്ടെ മുള്‍പ്പടര്‍പ്പില്‍ തീ ആളിക്കത്തുന്നുണ്ടെങ്കിലും, മുള്‍പ്പടര്‍പ്പ് കത്തിയെരിയുകയൊ, മുള്‍പ്പടര്‍പ്പിന്‍ എന്തെങ്കിലും കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്യുന്നില്ലായിരുന്നു. ഇതെന്തൊരു മറിമായമെന്ന് ചിന്തിച്ചുകൊണ്ട് മോസസ്സ് മുള്‍പ്പടര്‍പ്പിനരികിലേക്ക് മെല്ലെ നടന്നു.

“മോസസ്സ്… മോസസ്സ്..” പെട്ടന്നാണ്‍ മുള്‍പ്പടര്‍പ്പിനുള്ളില്‍ നിന്ന് ഇടിമുഴക്കം പോലൊരു ശബ്ദം കേട്ട് മോസസ്സ് ഞെട്ടി വിറച്ചത്. അരാണ്‍ തന്നെ വിളിച്ചത്….? അമ്പരന്നുപോയ മോസസ്സ് ചുറ്റും തിരിഞ്ഞു നോക്കിയെങ്കിലും ആരെയും കണ്ടില്ല. എന്നാല്‍ മോസസ്സിനെ വിളിച്ചത് ദൈവമായിരുന്നു

“ഇങ്ങോട്ട് അടുക്കരുത്.. നീ നില്‍ക്കുന്ന സ്ഥലം വിശുദ്ധ ഭൂമിയാകയാല്‍ നിന്റെ കാലില്‍ നിന്ന് ചെരിപ്പൂരി കളയുക..” മോസസ്സ് മുള്‍പ്പടര്‍പ്പിനരികിലേക്ക് ഒന്നു രണ്ടു ചുവടുകള്‍ മുന്നോട്ട് വച്ചപ്പോള്‍ മുള്‍പ്പടര്‍പ്പിലെ അഗ്നിക്കുള്ളില്‍ നിന്ന് ദൈവം മോസസ്സിന്‍ മുന്നറിയിപ്പു നല്‍കി. തന്നോട് സംസാരിക്കുന്ന വ്യക്തി ആരെന്നറിയാതെ മോസസ്സ് കുഴഞ്ഞു…

“ഞാന്‍ അബ്രഹാമിന്റെയും, യിസഹാക്കിന്റെയും, യാക്കോബിന്റെയും, നിന്റെ പിതാവിന്റെയും ദൈവമാകുന്നു…“ മോസസ്സിന്റെ മനസ്സ് വായിച്ചറിഞ്ഞ ദൈവം സംസാരിച്ചു. ദൈവശബ്ദം കേട്ട് മോസസ്സ് അത്ഭുതപരവശനായി. തന്റെ പൂര്‍വ്വികരായ അബ്രഹാമിനോടും, യിസഹാക്കിനോടും, യാക്കോബിനോടും സര്‍വ്വശക്തനായ ദൈവം സംസാരിച്ചിട്ടുണ്ടെന്ന് മോസസ്സിനറിയാം. ആ ദൈവം സാധാരണക്കാരില്‍ സാധാരണക്കാരനും ആട്ടിടയനായ തന്നോട് സംസാരിക്കുക എന്നത് മോസസ്സിന്‍ ചിന്തിക്കാവുന്നതിലും അപ്പുറത്തായിരുന്നു… കരുണാമയനായ ദൈവത്തെ ഒന്നു കാണുവാന്‍ മോസസ്സ് തലയുയര്‍ത്തിയെങ്കിലും സൂര്യതേജസിനാല്‍ പതിനായിരം മടങ്ങ് ശോഭയുള്ള ദൈവത്തിന്റെ മുഖം തന്റെ നഗന നേത്രങ്ങള്‍ക്കൊണ്ട് ഒന്നു നോക്കുവാനാവാതെ ഭയന്നുപോയ മോസസ്സ് തന്റെ വസ്ത്രം കൊണ്ട് മുഖം പെട്ടന്ന് മൂടി.

“ഈജിപ്തിലുള്ള എന്റെ ജനത്തിന്റെ കഷ്ടതയും, നിലവിളിയും ഞാന്‍ കണ്ടിരിക്കുന്നു.. അവരുടെ സങ്കടങ്ങള്‍ ഞാന്‍ കേട്ടിരിക്കുന്നു… അവരെ ഈജിപ്തില്‍ നിന്ന് മോചിപ്പിച്ച് പാലും തേനും ഒഴുകുന്ന ദേശത്തേക്ക് കൊണ്ടു പോകുവാന്‍ ഞാന്‍ ഇറങ്ങി വന്നിരിക്കുന്നു… എന്റെ ജനമായ ഇസ്രയേല്‍ മക്കളെ ഈജിപ്തില്‍ നിന്ന് മോചിപ്പിക്കുവാന്‍ ഞാന്‍ നിന്നെ ഫറവോന്റെ അടുക്കലേക്ക് അയക്കും… “ ദൈവശബ്ദം മോസസ്സിന്റെ കാതുകളില്‍ മുഴങ്ങി.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ഈജിപ്തുകാരനെ അടിച്ചു കൊന്നതിനുശേഷം അവിടെ നിന്ന് പ്രാണരക്ഷാര്‍ത്ഥം താന്‍ ഈജിപ്തില്‍ നീന്ന് ഒളിച്ചോടിയതാണ്‍… വീണ്ടും ഈജിപ്തിലേക്കോ…” മോസസ്സിനെ മനസ്സിനെ ഭയം കീഴടക്കി. “ഫറവോന്റെ അടുക്കലേക്ക് പോകുവാനും.. ഇസ്രായേല്‍ ജനത്തെ ഈജിപ്തില്‍ നിന്ന് മോചിപ്പിക്കുവാനും ഞാനെന്തുണ്ട്,,,” മോസസ്സ് ദൈവത്തോട് പെട്ടന്ന് ചോദിച്ചു.

“നീ ഈജിപ്തിലേക്ക് പോകുവാന്‍ ഭയപ്പെടേണ്ട….നിന്നെ കൊല്ലുവാന്‍ ശ്രമിച്ചവരെല്ലാം മരിച്ചുപോയിരിക്കുന്നു… അതുകൊണ്ട് ഭയക്കാതെ നീ ധൈര്യമായിരിക്കുക.. ഞാന്‍ നിന്നോടു കൂടിയിരിക്കും… നീ വേഗം ഈജിപ്തിലെത്തി അവിടെയുള്ള ഇസ്രയേല്‍ ജനങ്ങളോട് ഞാന്‍ നിനക്ക് പ്രത്യക്ഷനായതും… അവരെ ഈജിപ്തിലെ കഷ്ടങ്ങളില്‍ നിന്ന് വിടുവിക്കുമെന്ന് ഞാന്‍ നിന്നോട് കല്പിച്ചതും അറിയക്കണം…” ദൈവം മോസസ്സിനോട് സംസാരിച്ചു.

“ഒരു പക്ഷേ ഞാന്‍ പറഞ്ഞത് അവര്‍ വിശ്വസിക്കാതിരുന്നാല്‍…” മോസസ്സ് സംശയം പ്രകടിപ്പിച്ചു. ആടുകളെ നയിക്കുവാന്‍ മോസസ്സ് തന്റെ കൈവശം ഒരു വടി കരുതിയിരുന്നു

“നിന്റെ കൈയ്യിലുള്ള വടി താഴെയിടുക…” ദൈവം മോസസ്സിനോട് കല്പിച്ചു. മോസസ്സ് അപ്രകാരം ചെയ്തു. പെട്ടന്നാണ്‍ ആ വടി ഒരു സര്‍പ്പമായി തീര്‍ന്നത്.. സര്‍പ്പത്തെ കണ്ട് മോസസ്സ് അമ്പരന്നുപോയി.
“നിന്റെ കൈകൊണ്ട് സര്‍പ്പത്തിന്റെ വാലില്‍ പിടിക്കുക…’ ദൈവം മോസസ്സിനോട് വീണ്ടും കല്പിച്ചു, ഭയത്തോടെയെങ്കിലും മോസസ്സ് സര്‍പ്പത്തിന്റെ വാലില്‍ പിടിച്ചപ്പോള്‍ സര്‍പ്പം വീണ്ടും വടിയായി തീര്‍ന്നു.

“നിന്റെ കൈ നെഞ്ചത്ത് വയ്ക്കുക…” മോസസ്സിനുണ്ടായ അത്ഭുതവും, അമ്പരപ്പും വിട്ടു മാറുന്നതിന്‍ മുമ്പ് ദൈവം മോസസ്സിനോട് കല്‍പ്പിച്ചു. മോസസ്സ് അപ്രകാരം ചെയ്തപ്പോള്‍ മോസസ്സിന്റെ കൈ വെളുത്ത് കുഷ്ടരോഗം പിടിപെട്ടതുപോലെയായി…. ഭയന്നുപോയ മോസസ്സിനോട് വീണ്ടും കൈ നെഞ്ചത്തു വയ്ക്കുവാന്‍ ദൈവം കല്പിച്ചു. മോസസ്സ് കുഷ്ടരോഗം പിടിപെട്ട തന്റെ കൈ നെഞ്ചത്തു വച്ചപ്പോള്‍ കൈയ്യിലെ കുഷ്ടരോഗം മാറി….

“ഞാന്‍ നിനക്ക് പ്രത്യക്ഷനായി എന്ന് ഇസ്രയെല്‍ ജനം വിശ്വസിക്കേണ്ടതിന്‍ അവര്‍ക്ക് മുമ്പാകെ നീ കാട്ടേണ്ട അടയാളങ്ങളാണിത്… ഒന്നാമത്തെ അടയാളം വിശ്വസിക്കാത്തവര്‍…. നീ ഇപ്പോള്‍ കണ്ട രണ്ടാ‍മത്തെ അടയാളം തീര്‍ച്ചയായും വിശ്വസിക്കും.. എന്നാല്‍ ഈ രണ്ട് അടയാളങ്ങളും അവര്‍ വിശ്വസിക്കാതിരുന്നാല്‍ നീ നൈല്‍ നദിയിലെ വെള്ളം കോരി അവരുടെ മുമ്പാകെ ഉണങ്ങിയ നിലത്ത് ഒഴിക്കണം… അപ്പോള്‍ ആ വെള്ളം രകതമായി തീരും… “ ദൈവം മോസസ്സിനെ അറിയിച്ചു.

(തുടരും…)

1 comment:

keralainside.net said...

ഈ പോസ്റ്റ് ലിസ്റ്റ് ചെയ്തുകൊണ്ടിരിക്കുന്നു.
ഈ രചന കൂടുതൽ സമയം വായനക്കാരുടെ ശ്രദ്ധയിൽ വരുന്നതിനായി അനുയോജ്യമായ വിഭാഗത്തിൽ പോസ്റ്റ് ഉൾപ്പെടുത്താൻ അപേക്ഷ (Use "get categorised" OR "refresh feed" option).
സൈറ്റ് സന്ദർശിക്കാൻ ഇവിടെ www.keralainside.net