Monday, October 6, 2008

പ്രവാസികളുടെ പ്രവാചകന്‍-6

"നിങ്ങളെന്തിനാണ് സഹോദരങ്ങളെ വെറുതെ വഴക്കുണ്ടാക്കുന്നത്..?” തെറ്റുകാരനെന്ന് തോന്നിച്ച ഒന്നാമത്തെ ചെറുപ്പക്കാരനോട് മോസസ്സ് ചോദിച്ചു.

“അത് ചോദിക്കുവാന്‍ നിങ്ങളാര്..” പെട്ടന്നയാള്‍ മോസസ്സിനോട് തട്ടിക്കയറി. “ഞാന് നിങ്ങളിലൊരാള്‍ മാത്രമാണ്… നിങ്ങളുടെ പക്ഷത്ത് യാതൊരു ന്യായമില്ല.. നിങ്ങള്‍ അകാരണമായി ഇദ്ദേഹത്തെ മര്‍ദ്ദിക്കുന്നത് കണ്ട് ഞാന്‍ ചോദിച്ചു പോയതാണ്..” മോസസ്സ് ശാന്തനായി പറഞ്ഞു.

"ഞങ്ങള്‍ക്കിടയില്‍ ന്യായം വിധിക്കുവാന്‍, നിങ്ങളാര് ന്യായധിപനോ..? അതോ ഇന്നലെ ആ ഈജിപ്തുകാരനെ കൊന്ന് കുഴിച്ചു മൂടിയതുപോലെ എന്നെയും കൊല്ലാനാനോ നിങ്ങളുടെ ശ്രമം..?” അയാളുടെ വാക്കുകള്‍ കേട്ട് മോസസ്സ് അമ്പരന്നു പോയി.

താന്‍ രഹസ്യമായി ചെയ്ത കൊലപാതകം പരസ്യമായിരിക്കുന്നുവെന്ന് മനസ്സിലായ മോസസ്സ് വല്ലാതെ ഭയന്നുപോയി. ഫറവോന്റെ മകളുടെ വളര്‍ത്തുമകനായി രാജകൊട്ടാരത്തില്‍ എല്ലാവിധ സുഖസൌകര്യങ്ങളോടും കഴിയുന്ന താന്‍ ഒരു ഈജിപ്തുകാരനെ കൊന്നത് വലിയ ശിക്ഷാര്‍ഹമായ തെറ്റാണെന്ന് മോസസ്സിന് അറിയാമായിരുന്നു. മോസസ്സ് ഭയന്നത് തികച്ചും ശരിയായിരുന്നു. ഫറവോന്‍ പോലും മോസസ്സിന്റെ ഈ കൊലപാതകം ഇതിനകം തന്നെ അറിഞ്ഞു കഴിഞ്ഞിരുന്നു. കുപിതനായ ഫറവോന്‍ മോസസ്സിനെ കൊല്ലുവാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു. തന്റെ ജീവന്‍ അപകടത്തിലാണെന്ന് മനസ്സിലായ മോസസ്സ് അന്ന് തന്നെ ജീവരക്ഷാര്‍ത്ഥം ഈജിപ്തില്‍ നീന്ന് ഒളിച്ചോടി മിദ്യാന്‍ ദേശത്ത് അഭയം പ്രാപിച്ചു.

മോസസ്സ് മിദ്യാനിലെത്തിയപ്പോള്‍ ഒരു സംഭവമുണ്ടായി. അതിങ്ങനെയായിരുന്നു. മിദ്യാനിലെ പുരോഹിതനായ യിത്രോവിന്‍ ഏഴ് പെണ്‍ മക്കളുണ്ടായിരുന്നു. തന്റെ നൂറ് കണക്കിന്‍ ആടുകളെ മേയ്ക്കുന്ന ജോലി യിത്രോവിന്റെ സുന്ദരികളും പെണ് മക്കള്‍ക്കായിരുന്നു.

മിദ്യാന്‍ താഴ്വരയില്‍ പതിവുപോലെ തങ്ങളുടെ ആടുകളെ മേയ്ക്കുവാനെത്തിയ യിത്രോവിന്റെ മക്കള്‍ താഴ്വരയിലെ കിണറ്റില്‍ നിന്ന് തങ്ങളുടെ ആടുകള്‍ക്ക് വെള്ളം കൊടുക്കുവാന്‍ വേണ്ടിയെത്തിയപ്പോള്‍ അവരുടെ പിന്നാലെയെത്തിയ ഒരു പറ്റം ആട്ടിടയന്മാര്‍ ആ പാവം പെണ്‍കുട്ടികളെ ആട്ടിയോടിച്ചു. ആ ഇടയന്മാരുടെ ധിക്കാരം ദൂരെ നിന്ന് നോക്കി കണ്ട മോസസ്സിന്‍ നിസഹായരായി നില്‍ക്കുന്ന ആ പെണ്‍കുട്ടികളോട് എന്തെന്നില്ലാത്ത സഹതാപം തോന്നി. ധിക്കാരികളായ ആ ഇടയന്മാരെ ഒരു പാഠം പഠിപ്പിക്കുവാന്‍ തീരുമാനിച്ച മോസസ്സ് അവര്‍ക്ക് നേരെ നടന്നടുത്തു..

“നിങ്ങളീ പെണ്‍കുട്ടികളോട് ചെയ്തത് ഒട്ടും ശരിയായില്ല….” കിണറ്റിനരികിലെത്തിയ മോസസ്സ് ആ ഇടയന്മാരോട് ചോദിച്ചു. ആരോഗ്യവാനായ മോസസ്സിനെ കണ്ട് ‘സംഗതി’ പന്തികേടാണെന്ന് മനസ്സിലായ ഇടയന്മാര്‍ ഒന്നു പരുങ്ങി. മോസസ്സിന്റെ ചോദ്യത്തിന്‍ മറുപടി പറയാതെ അവര്‍ ഭയത്തോടെ മെല്ലെ പിന്നോട്ട് വലിഞ്ഞു.

“നിങ്ങള്‍ നിങ്ങളുടെ ആടുകള്‍ക്ക് ഇഷ്ടം പോലെ വെള്ളം കോരി കൊടുത്തോളൂ.. അവര്‍ നിങ്ങളെ ഇനിയും ശല്യപ്പെടുത്തുവാന്‍ വരില്ല…“ മോസസ്സ് യിത്രോവിന്റെ പെണ്മക്കളോട് പറഞ്ഞു. തങ്ങളെ ദുഷ്ടരായ ആ ഇടയന്മാരില്‍ നിന്ന് രക്ഷിച്ച മോസസ്സിനോട് ആ പെണ്‍കുട്ടികള്‍ക്ക് സ്നേഹവും, ബഹുമാനവും തോന്നി. അവര്‍ സന്തോഷത്തോടു കൂടി തങ്ങളുടെ ആടുകള്‍ക്ക് ആവശ്യം പോലെ വെള്ളം കോരി കൊടുത്തു. മോസസ്സും അവരെ തങ്ങളുടെ ജോലിയില്‍ സഹായിച്ചു.

അന്ന് വൈകുന്നേരം ആടുകളെയും കൊണ്ട് തങ്ങളുടെ വീട്ടിലേക്ക് പോകുന്നതിനിടയില്‍ യുവതികളായ ആ പെണ്‍കുട്ടികള്‍ തമ്മില്‍ സംസാരിച്ചത് മോസസ്സിനെക്കുറിച്ചായിരുന്നു. വീട്ടിലെത്തിയ അവര്‍ തങ്ങളുടെ അപ്പനായ യിത്രോവിനോട് മോസസ്സ് തങ്ങളെ സഹായിച്ച കഥ അറിയിക്കുകയും ചെയ്തു.

“നാളെ ആ ചെറുപ്പക്കാരനെ നിങ്ങള്‍ വീണ്ടും കണ്ടാല്‍ അയാളെ നമ്മുടെ വീട്ടിലേക്ക് ക്ഷണിക്കുവാന്‍ മറക്കരുത്..” യിത്രോവ് തന്റെ മക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി. അടുത്ത ദിവസം അവര്‍ മോസസ്സിനെ തലേദിവസം കണ്ട അതേ കിണറ്റുകരയില്‍ വച്ച് വീണ്ടും കാണുകയും അദ്ദേഹത്തെ തങ്ങളുടെ വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്തു… മോസസ്സിന്റെ ജീവിതകഥകള്‍ മനസ്സിലാക്കിയ യിത്രോവിനും മക്കള്‍ക്കും മോസസ്സിനോടുള്ള സ്നേഹവും, ബഹുമാനവും വര്‍ദ്ധിച്ചു. മാത്രമല്ല മിദ്യാന്‍ ദേശത്ത് സ്വന്തക്കാരോ ബന്ധുക്കളോ ഇല്ലാത്ത മോസസ്സിനെ തങ്ങളോടൊപ്പം താമസിക്കുവാന്‍ യിത്രോവ് അനുവദിക്കുകയും ചെയ്തു.

ദിവസങ്ങളും, മാസങ്ങളും പലതും കഴിഞ്ഞു കൊണ്ടിരുന്നു. യിത്രോവിന്റെ ആടുകളെ മേയ്ക്കുന്ന ജോലി സ്വയം ഏറ്റെടുത്ത മോസസ്സ് നല്ലൊരു ആടിടനെന്ന ഖ്യാതി പെട്ടന്ന് സമ്പാദിച്ചു. മോസസ്സിന്റെ നല്ല പെരുമാറ്റവും, ആത്മാര്‍ത്ഥതയും, അതിലുപരി തികഞ്ഞ അധ്വാനശേഷിയും ഇഷ്ടപ്പെട്ട യിത്രോവ് തന്റെ മകളിലൊരാളായ സിപ്പോറയെ മോസസ്സിന്‍ വിവാഹം ചെയ്തു കൊടുക്കുകയും ചെയ്തു.

നാ‍ലപ്പത് വര്‍ഷം തന്റെ അമ്മായിയപ്പന്റെ ആടുകളെ മേയിച്ച് മോസസ്സ് മിദ്യാന്‍ ദേശത്ത് കഴിഞ്ഞു.. ഇതിനിടയില്‍ മോസസ്സിന് സിപ്പോറയില്‍ രണ്ട് മക്കള്‍ ജനിക്കുകയും ചെയ്തിരുന്നു…

ഈജിപ്തില്‍ ഇസ്രായേല്‍ ജനങ്ങളുടെ കഷ്ടതകള്‍ വളരെയധികം വര്‍ദ്ധിച്ചു കഴിഞ്ഞിരുന്നു….
അവര്‍ ദൈവത്തോട് നിലവിളിച്ചു. അവരുടെ കണ്ണുനീരും, നിലവിളിയും കണ്ട ദൈവത്തിന് അവരോട് മനസ്സലിവ് തോന്നുകയും നൂറ്റാണ്ടുകള്‍ക്ക് മുമ്പ് അവരുടെ പിതാക്കന്മാരോട് താന്‍ ചെയ്ത പ്രതിജ്ഞ ഓര്‍ക്കുകയും ചെയ്തു….

ഇസ്രായേല്‍ ജനങ്ങളെ ഈജിപ്തിലെ അടിമത്വത്തില്‍ നിന്ന് രക്ഷിക്കുവാന്‍ തീരുമാനിച്ച ദൈവം അവരെ നയിക്കുവാന്‍ അവര്‍ക്കിടയില്‍ നിന്ന് ഒരു നായകനെ, ഒരു പ്രവാചകനെ ഉയര്‍ത്തേണ്ടത് ആവശ്യമാണെന്ന് തോന്നി. ഫറവോന്റെ കൊട്ടാരത്തില്‍ നാല്‍പ്പത് വര്‍ഷം ജീവിച്ച് സൈനിക പരിശീലനവും, ഒപ്പം രാജകീയ വിദ്യാഭ്യാസവും ലഭിച്ച് നല്ലൊരു യോദ്ധാവും, വിവേകിയുമായിത്തീരുകയും പിന്നിട് നാല്‍പ്പതു വര്‍ഷം മരുഭൂമിയില്‍ അമ്മായിയപ്പനായ യിത്രോവിന്റെ ആയിരക്കണക്കിന് ആടുകളെ മേയിച്ച് നല്ലൊരു ഇടയനാവുകയും ചെയ്ത മോസസ്സിനെയാണ് ഇസ്രായേല്‍ ജനങ്ങളുടെ നായകനായി ദൈവം മനസ്സില്‍ കണ്ടത്....

(തുടരും….)

No comments: