Thursday, October 2, 2008

പ്രവാസികളുടെ പ്രവാചകന്‍-5

മിര്യാം അമ്മയോടൊപ്പം രാജകുമാരിയുടെ അടുക്കലെത്തി അവരെ താണു വണങ്ങി. തനിക്ക് നദിയില്‍ നിന്ന് കിട്ടിയ കുഞ്ഞിന്‍ പാല്‍ കൊടുത്തു വളര്‍ത്തുവാന്‍ വന്ന സ്ത്രീയെ രാജകുമാരിക്ക് നന്നെ ബോധിച്ചിരുന്നു.

“നിങ്ങള്‍ ഈ കുഞ്ഞിനെ നിങ്ങളുടെ വീട്ടില്‍ കൊണ്ടു പോയി മുലപ്പാന്‍ കൊടുത്തു വളര്‍ത്തണം. അതിനുള്ള ശമ്പളം നിങ്ങള്‍ക്ക് ഞാന്‍ തരികയും ചെയ്യും. രാജകുമാരി യോഖെബെദിനോട് പറഞ്ഞു… “എന്നാല്‍ ഇവന്റെ മുലകുടി മാറുന്ന സമയമാകുമ്പോള്‍ നിങ്ങളിവനെ എനിക്ക് മടക്കി തരികയും വേണം…പിന്നീടവന്‍ സകല സുഖസൌഖര്യങ്ങളോടും കൂടി എന്റെ മകനായി എന്നോടൊപ്പം കൊട്ടാ‍രത്തില്‍ വളരും…”

“അവിടുന്ന് പറയുന്നതുപോലെ എന്തും ഞാന്‍ ചെയ്യും….” യൊഖെബെദിന്റെ കണ്ണുകള്‍ നിറഞ്ഞു കവിഞ്ഞിരുന്നു. രാജകുമാരി കുഞ്ഞിനെ യൊഖെബെദിന്റെ കൈകളിലേല്‍പ്പിച്ചു. എന്നാല്‍ അത് കുഞ്ഞിന്റെ യഥാര്‍ത്ഥ അമ്മയാണെന്ന് രാജകുമാരിയോ, തോഴിമാരോ അറിഞ്ഞിരുന്നില്ല. യൊഖെബെദ് തന്റെ പൊന്നോമന പുത്രനെ വാരിപ്പുണര്‍ന്നു കൊണ്ട് മിര്യാമിനോടൊപ്പം തന്റെ വീട്ടിലേക്ക് പോയി.

ഇനിയിവന്റെ ജീവനെ നശിപ്പിക്കുവാന്‍ ദൈവത്തിനല്ലാതെ ആര്‍ക്കും കഴിയില്ലല്ലോന്ന ആശ്വാസമായിരുന്നു യോഖെബെദിന്റെയും മിര്യാമിന്റെയും മനസ്സില്‍. വീട്ടിലെത്തുവോളം യോഖെബെദ് മകനെ ചുംബനങ്ങള്‍ കൊണ്ട് മൂടുകയായിരുന്നു. എങ്കിലും നൊന്തു പ്രസവിച്ച സ്വന്തം കുഞ്ഞിന് മുലപ്പാല്‍ കൊടുത്ത് കൊടുത്ത് വളര്‍ത്തുന്നതിന്‍ കൂലി വാങ്ങേണ്ടി വരുന്ന ഒരു അമ്മയുടെ വേദനയും, നിസഹായതയും യോഖെബെദിന്റെ മനസ്സിനെ വല്ലാതെ വേട്ടയാടിക്കൊണ്ടിരുന്നു. പക്ഷേ എല്ലാം ദൈവനിയോഗമായിരുന്നു.

യൊഖെബെദ് കഥയൊന്നുമറിയാതെ തന്റെ മാറോട് പറ്റിച്ചേര്‍ന്നുറങ്ങുന്ന തന്റെ പൊന്നു മകന്റെ മുഖത്തേക്ക് നോക്കി…. ‘‘ഇവന്റെ മുലകുടി മാറുമ്പോള്‍ ഫറവോന്റെ മകള്‍ക്ക് ഇവനെ തിരിച്ചു കൊടുക്കേണ്ടതാണ്. അവരായിരിക്കും പിന്നീട് ഇവനെ വളര്‍ത്തുക… നൊന്തു പ്രസവിച്ച തനിക്ക് തന്റെ മകനില്‍ യാതൊരു അവകാശവുമുണ്ടാവുകയില്ല…..‘ തന്റെ മനസ്സ് നീറിപ്പുകയുന്നത് യോഖെബെദ് അറിഞ്ഞു.

“നല്ലവളായ ആ രാജകുമാരി നമ്മുടെ മകനെ പൊന്നുപോലെ വളര്‍ത്തും….. അവന്‍ ഒരു രാജകുമാരനായി സകല സുഖസൌകര്യങ്ങളോടും കൂടി അവരുടെ കൊട്ടാരത്തില്‍ വളരും… അവന്‍ എവിടെ വളര്‍ന്നാലെന്താ.. നമ്മുടെ മകന്‍ ജീവനോടു കൂടിയുണ്ടെന്ന് ആശ്വസിക്കാമല്ലോ…… തല്‍ക്കാലം അതുമതി നമുക്ക്… എന്നാല്‍… എന്നെങ്കിലുമൊരിക്കല്‍ എല്ലാ സത്യവും അറിയുമ്പോള്‍ അവന് നമ്മളെ തേടി വരാതിരിക്കില്ല…” അമ്രാം തന്റെ ഭാര്യയെ ആശ്വസിപ്പിക്കുവാന്‍ ശ്രമിച്ചു.

തന്റെ കുഞ്ഞിനെ മൂന്ന് മാസം വരെ യോഖെബെദ് മുലപ്പാന്‍ നല്‍കി വളര്‍ത്തി. എല്ലാവരും കുഞ്ഞിനെ കണ്ണിലെ ക്യഷ്ണമണിപോലെയാണ്‍ ലാളിച്ചു വളര്‍ത്തിയത്. എന്നാല്‍ മൂന്ന് മാസം പിന്നിട്ടപ്പോള്‍ രാജകുമാരിയോട് കരാറ് ചെയ്ത പ്രകാരം മനസ്സില്ലാമനസ്സോടെ അവര്‍ കുഞ്ഞിനെ ഫറവോന്റെ കൊട്ടാരത്തിലെത്തിച്ചു. ആരോഗ്യവാനായിട്ടിരിക്കുന്ന കുഞ്ഞിനെ കണ്ടപ്പോള്‍ രാജകുമാരി അത്യധികം സന്തോഷിച്ചു. ഫറവോന്റെ പുത്രിയാണ്‍ കുഞ്നിന്‍ ‘മോസസ്സ്’ എന്നു പേരിട്ടത്. വളര്‍ത്തു മകനാണെങ്കിലും മോസസ്സിനെ അവര്‍ സ്വന്തം മകനെപ്പോലെ വളത്തി…. അവന്‍ വേണ്ടുന്നതെല്ലാം രാജകൊട്ടാരത്തില്‍ നിന്നു ലഭിച്ചു.

വര്‍ഷങ്ങള്‍ എത്ര പെട്ടന്നാണ് കടന്നുപോയത്… ഫറവോന്റെ മകളുടെ പുത്രനായി അവരുടെ സ്നേഹവാത്സല്യങ്ങള്‍ ആവോളം നുകര്‍ന്ന് സകല സുഖസൌകര്യങ്ങളോടും കൂടി മോസസ്സ് രാജകൊട്ടാരത്തില്‍ വളര്‍ന്നു. മോസസ്സിന്‍ രാജകീയമായ ആയുധപരിശീലനവും, വിദ്യാഭ്യാസവും രാജകൊട്ടാരത്തില്‍ നിന്ന് ലഭിച്ചു. ഏതാണ്ട് യൌവ്വന പ്രായമെത്തുന്നതിന്‍ മുമ്പ് മോസസ്സ് വിവേകിയും, അതിലുപരി തികഞ്ഞ ഒരു യോദ്ധാവുമായി തീര്‍ന്നു. സംസാരിക്കുമ്പോള്‍ ചെറിയൊരു വിക്കുള്ളതൊഴിച്ചാല്‍ മോസസ്സ് എന്തുകൊണ്ടും പൌരഷ്യത്തിന്റെ പ്രതീകമായിരുന്നു.

നാല്‍പ്പത് വയസ്സുവരെ മോസസ്സ് രാജകൊട്ടാരത്തില്‍ ജീവിച്ചു. എന്നാല്‍ താന്‍ ഫറവോന്റെ മകളുടെ യഥാര്‍ത്ഥ മകനല്ലെന്നും. വളര്‍ത്തുമകന്‍ മാത്രമാണെന്നും തന്റെ പെറ്റമ്മയും സഹോദരങ്ങളും ഈജിപ്തുകാരല്ലെന്നും ഇസ്രായേല്‍ വംശക്കാരാണെന്നുമുള്ള ആ നഗ്നസത്യം ഇതിനകം മോസസ്സ് മനസ്സിലാക്കി കഴിഞ്ഞിരുന്നു. താന്‍ ഫറവോന്റെ പുത്രനായി രാജകൊട്ടാരത്തില്‍ എത്തുവാനുള്ള കാരണവും ഈജിപ്തുകാരില്‍ നിന്ന് തന്റെ വംശക്കാരായ ഇസ്രായേല്‍ ജനം നേരിടുന്ന ക്രൂരതകളും മനസ്സിലാക്കിയ മോസസ്സിന്‍ വല്ലാത്ത ദു:ഖം തോന്നി.

ഒരിക്കല്‍ ഈജിപ്തുകാരില്‍ നിന്ന് തന്റെ വംശക്കാരായ ഇസ്രായേല്യര്‍ നേരിടുന്ന കഷ്ടപ്പാടുകള്‍ നേരിട്ടു മനസ്സിലാക്കുവാന്‍ പോയ മോസസ്സ് ഒരു ഈജിപ്തുകാരന്‍ വ്യദ്ധനായ ഒരു പാവം ഇസ്രായേല്യനെ അതിക്രൂരമായി മര്‍ദ്ധിക്കുന്ന സംഭവം കാണുവാനിടയായി. വേദനകൊണ്ട് പുളയുയുന്ന ആ പാവം വ്യദ്ധന്റെ നിലവിളി അധികനേരം കണ്ടു നില്‍ക്കുവാന്‍ മോസസ്സിന് അധികനേരം കഴിഞ്ഞില്ല. മോസസ്സിന്റെ രകതം തിളച്ചു. മോസസ്സ് ചുറ്റും തിരിഞ്ഞു നോക്കി. പരിസരത്തെങ്ങും ആരുമില്ലെന്ന് ഉറപ്പു വരുത്തിയശേഷം മോസസ്സ് ഓടിച്ചെന്നു ആ ഈജിപ്തുകാരനെ ഒറ്റയടിക്ക് കൊന്നു. പിന്നീട് ആ ആര്‍ക്കും സംശയം തോന്നാത്തവിധം അയാളുടെ മ്യതശരീരം മണലില്‍ മറവു ചെയ്തു.

താന്‍ ചെയ്ത കൊലപാതകം ആരും കണ്ടില്ലെന്നായിരുന്നു മോസസ്സിന്റെ ധാരണ. എന്നാല്‍ അടുത്ത ദിവസം രണ്ട് ഇസ്രായേല്യ യുവാക്കള്‍ തമ്മില്‍ വഴക്കുണ്ടാക്കുന്നത് കണ്ട അവരെ സമാധാനിപ്പിക്കുവാന്‍ ഓടിയെത്തിയപ്പോഴാണ് തന്റെ ധാരണ തെറ്റായിരുന്നുവെന്ന് മോസസ്സിന് മനസ്സിലായത്.,

(തുടരും…)

No comments: