Monday, September 29, 2008

പ്രവാസികളുടെ പ്രവാചകന്‍-4

നൈല്‍ നദിയില്‍ കുളിക്കുവാനെത്തിയ ഫറവോന്റെ പുത്രിയുടെ തോഴിമാരായിരുന്നു നദീതീരത്തൂടെ അപ്പോള്‍ നടന്ന് വന്നത്. ഞാങ്ങണച്ചെടിയുടെ ഇടയിലിരിക്കുന്ന പെട്ടകം കണ്ടപ്പോള്‍ അവര്‍ക്ക് അത്ഭുതവും, അമ്പരപ്പും തോന്നി. അവരിലൊരാള്‍ ഇക്കാര്യം ഓടിച്ചെന്ന് നദിയില്‍ നീന്തി രസിച്ചുകൊണ്ടിരുന്ന രാജകുമാരിയെ അറിയിച്ചു.

“നിങ്ങള്‍ ആ പെട്ടകം എന്റെ അടുക്കല്‍ കൊണ്ടു വരൂ..” പെട്ടകത്തിനുള്ളില്‍ എന്താണുള്ളതെന്ന്
അറിയുവാനുള്ള ആകാംക്ഷയില്‍ രാജകുമാരി തന്റെ ദാസിമാരോട് കല്പിച്ചു. ദാസിമാര്‍ പെട്ടകം
രാജകുമാരിയുടെ അടുക്കലെത്തിച്ചു. തന്റെ സഹോദരന് എന്താണ് സംഭവിക്കുവാന്‍ പോകുന്നതെന്നറിയാതെ ദൂരെ ഇതെല്ലാം വീക്ഷിച്ചുകൊണ്ടിരുന്ന മിര്യാമിന്റെ നെഞ്ചിടിക്കുവാന്‍ തുടങ്ങി. അവര്‍ തന്റെ കുഞ്ഞനുജനെ കൊല്ലുമോ..? അതോ…? അതുവരെ മനസ്സില്‍ സംഭരിച്ചു വച്ചിരുന്ന ധൈര്യമെല്ലാം
ചോര്‍ന്നൊലിച്ചുപോകുന്നതുപോലെ അവള്‍ക്ക് തോന്നി. അവളുടെ കാതുകളില്‍ മരണത്തിന്റെ മണിയൊച്ച മുഴങ്ങി. കണ്ണുകളില്‍ അന്ധകാരം നിറഞ്ഞു…

രാജകുമാരി പെട്ടകം മെല്ലെ തുറന്നു നോക്കി. അതിനുള്ളില്‍ ഒന്നുമറിയാതെ സുഖമായി കിടന്നുറങ്ങുന്ന അതീവ സുന്ദരനായ ശിശുവിനെ കണ്ട് രാജകുമാരിയും ദാസിമാരും അത്ഭുതപ്പെട്ടു. ആരാണി കുഞ്ഞിനെ ഇതിനുള്ളില്‍ ഉപേക്ഷിച്ചത്..? രാജകുമാരിയും, ദാസിമാരും ചിന്തിച്ചത് അതായിരുന്നു. ഈ സമയം ഉറക്കത്തില്‍ ഞെട്ടിയുണര്‍ന്ന കുഞ്ഞ് അപരിചതരെ കണ്ടതും പെട്ടന്ന് പൊട്ടിക്കരയുവാന്‍ തുടങ്ങി. രാജകുമാരിക്ക് കുഞ്ഞിനോട് എന്തെന്നില്ലാത്ത സ്നേഹവും സഹതാപവും തോന്നി. അവര്‍ കുഞ്ഞിനെ വാരിയെടുത്ത് തന്റെ നെഞ്ചോടു ചേര്‍ത്തു. പെട്ടന്നവന്‍ കരച്ചിലടക്കി പുഞ്ചിരി തൂകുവാന്‍ തുടങ്ങി.

"ഇത് ഇസ്രായേല്യരുടെ കുട്ടിയാണല്ലോ…” കുഞ്ഞിന് മുത്തം കൊടുക്കുന്നതിനിടയില്‍ രാജകുമാരി
തോഴിമാരോട് അഭിപ്രായപ്പെട്ടു. “ശരിയാണ്…” രാജകുമാരിയുടെ അഭിപ്രായത്തോട് തോഴിമാരും
യോജിച്ചു.

“ആരുടെ കുട്ടിയായാലെന്ത്.. എന്തൊക്കെ ഭവിഷ്യത്തുകള്‍ വന്നാലെന്ത്, എനിക്കീ സുന്ദരക്കുട്ടനെ ഒരുപാടിഷ്ടമായി. ഇവനെ കൊട്ടാരത്തിലേക്ക് ഞാന്‍ കൊണ്ടുപോവുകയാണ്. ഞാനിവനെ സ്വന്തം
മകനെപ്പോലെ വളര്‍ത്തും… രാജകുമാരി മറ്റൊന്നും ചിന്തിക്കാതെ പറഞ്ഞു.

“കുമാരി.., മുലകുടി മാറാത്ത ഇവനെ എങ്ങനെയാണ് അങ്ങ് വളര്‍ത്തുന്നത്…” തോഴിമാരുടെ
ചോദ്യത്തിന്‍ മുന്നില്‍ രാജകുമാരിക്ക് ഉത്തരം മുട്ടി. ഈ സമയം രാജകുമാരിയുടെയും, ദാസിമാരുടെയും ഓരൊ ചലനങ്ങളും, വാക്കുകയും നദീതീരത്തെ ഈന്തപ്പനയുടെ മറവില്‍ ഒളിച്ചിരുന്ന് ശ്രദ്ധിച്ചുകൊണ്ടിരുന്ന മിര്യാം പെട്ടന്ന് അവിടെയെത്തി.

“എന്താണ്‍ രാജകുമാരി, അങ്ങ് വല്ലാതെ ദു:ഖിതയായിരിക്കുന്നല്ലോ…? ഈ കുഞ്ഞ് ഏതാണ് രാജകുമാരി..?’ ഒന്നും സംഭവിക്കാത്തതുപോലെ മിര്യാം രാജകുമാരിയോട് ചോദിച്ചു. ദാസിമാരിലൊരാള്‍ രാജകുമാരിയുടെ ദു:ഖത്തിനു കാരണം മിര്യാമിനെ അറിയിച്ചു

“രാജകുമാരി വിഷമിക്കേണ്ട.... അവിടേക്ക് സമ്മതമെങ്കില്‍ ഈ കുഞ്ഞിനെ മുലപ്പാല്‍ കൊടുത്ത് വളര്‍ത്തേണ്ടാതിന് ഒരു സ്ത്രീയെ ഞാന്‍ ഏര്‍പ്പാടാക്കാം….“ തന്റെ അമ്മയെ, അതായത് ആ കുഞ്ഞിനെ യഥാര്‍ത്ഥ അമ്മയെ മനസ്സില്‍ കണ്ടുകൊണ്ട് മിര്യാം വളരെ താഴ്മയോടു കൂടി രാജകുമാരിയെ അറിയിച്ചു.

“കുമാരി, ഇവള്‍ പറഞ്ഞത് തികച്ചും ശരിയാണ്.... ഈ കുഞ്ഞിന്‍ മുലപ്പാല്‍ കൊടുത്ത് വളര്‍ത്തേണ്ടതിന് ഒരു സ്ത്രീയെ നമുക്ക് ആവശ്യമാണ്…” ദാസിമാര്‍ രാജകുമാരിയെ അറിയിച്ചു.

“അല്ലയോ പെണ്‍കുട്ടി, നീ ആരാണെന്നോ, എവിടെ നിന്ന് വന്നെന്നോ ഞാന്‍ ചോദിക്കുന്നില്ല.... ഈ കുഞ്ഞിന്‍ മുലപ്പാന്‍ കൊടുത്ത് വളര്‍ത്താന്‍ ഒരു സ്ത്രീയെ ഉടന്‍ ആവശ്യമാണ്… അതിന് പറ്റിയ ഒരാളെ നീ വേഗം എന്റെ അടുക്കല്‍ കൊണ്ടു വരണം…” രാജകുമാരി കല്പിച്ചു.

മിര്യാം സന്തോഷത്തോടു കൂടി തന്റെ വീട്ടിലേക്ക് ഓടുകയായിരുന്നു. അവളുടെ ആവേശവും, സന്തോഷവും കണ്ട് രാജകുമാരിയും, ദാസിമാരും അത്ഭുതപ്പെട്ടു. എന്നാല്‍ കുമാരിയുടെ കൈകളില്‍ കിടന്ന് കൈകാലിട്ടടിച്ച് കളിക്കുന്ന കുഞ്ഞിന്റെ സഹോദരിയാണ് ആ പെണ്‍കുട്ടിയെന്ന് രാജകുമാരിയോ, തോഴിമാരോ അറിഞ്ഞിരുന്നില്ല.

തന്റെ കുഞ്ഞനുജന് മരണത്തില്‍ നിന്ന് രക്ഷപെട്ടതിന്റെ സന്തോഷമായിരുന്നു മിര്യാമിന്റെയുള്ളില്‍. അതവള്‍ക്ക് മറ്റൊരാളോട് വിവരിക്കുവാന്‍ കഴിയാവുന്നതിലും അപ്പുറമായിരുന്നു. എത്രയും വേഗം തന്റെ അമ്മയെ രാജകുമാരിയുടെ അടുക്കലെത്തിക്കുക എന്നതായിരുന്നു മിര്യാമിന്റെ ലക്ഷ്യം. ഒരു കൊടുങ്കാറ്റിന്റെ വേഗത്തില്‍ തന്റെ വീട്ടില്‍ ഓടിയെത്തിയ മിര്യാം സംഭവിച്ചതെല്ലാം തന്റെ അമ്മയോടും, അപ്പനോടും സഹോദരനോടും ഒറ്റശ്വാസത്തില്‍ അറിയിച്ചു. മിര്യാമിന്റെ വാക്കുകള്‍ അവരെ ഒട്ടൊന്നുമല്ല സന്തോഷിപ്പിച്ചത്…

“എന്റെ പ്രാര്‍ത്ഥനയും, നിലവിളിയും എന്റെ ദൈവം കേട്ടിരിക്കുന്നു… എനിക്കെന്റെ മകനെ തിരിച്ചു കിട്ടുവാന്‍ പോകുന്നു…” യോഖേബെദിന്റെ കണ്ണുകള്‍ നിറഞ്ഞു കവിഞ്ഞു.

“അമ്മേ കുഞ്ഞു നമ്മുടേതാണെന്ന് രാജകുമാരിക്ക് സംശയം തോന്നുവാന്‍ പോലും പാടില്ല. അങ്ങനെ സംഭവിച്ചാല്‍ നമ്മുടെ കുഞ്ഞിനു മാത്രമല്ല, എല്ലാവര്‍ക്കും ആപത്താണ്.....” രാജകുമാരിയുടെ അടുക്കലേക്ക് പോകുന്നതിനിടയില്‍ മിര്യാം അമ്മയ്ക്ക് മുന്നറിയിപ്പു നല്‍കി.

“ഇല്ല ഒരിക്കലുമില്ല കുട്ടി…” യോഖേബെദ് മകള്‍ക്ക് ഉറപ്പു നല്‍കി…

എന്നാല്‍ എന്താണവിടെ സംഭവിച്ചത്…?

(തുടരും…)

No comments: