Thursday, December 24, 2009

ഒരു ക്രിസ്തുമസ്സ് കഥ

പ്രിയപ്പെട്ട കൊച്ചു കൂട്ടുകാരേ, നിങ്ങളെല്ലാവരും ക്രിസ്തുമസ് ലഹരിയിലായിരിക്കുമെന്ന് എനിക്കറിയം. നക്ഷ്ത്രങ്ങളും, പുല്‍ക്കൂടുകളുമൊരുക്കി ക്രിസ്മസ്സ് ദിനം വന്നണയുന്നതു നോക്കി ക്ഷമയോടു കൂടി കാത്തിരിക്കുകയാണ് എല്ലാവരും അല്ലേ.പ്രിയപ്പെട്ട കുട്ടികളേ എന്താണ് ക്രിസ്തുമസ്സ് എന്ന് എല്ലാവര്‍ക്കും അറിയാമല്ലോ. ? യേശുദേവന്‍ യോസഫിന്റെയും, മേരിയുടെയും മകനായി ഭൂമിയില്‍ വന്ന് പിറന്ന ദിനമാണ് ലോകജനത ക്രിസ്തുമസ്സായി ആഘോഷിക്കുന്നത്.

ക്രിസ്തുമസ്സിനെക്കുറിച്ച് ഒരുപാട് രസകരമായ കഥകളുണ്ട്. ഇതാ ഒരു നല്ല കഥ കേട്ടോളൂ..പണ്ട് ഒരു ഗ്രാമത്തിലെ ജനങ്ങളെല്ലാം ക്രിസ്തുമസ്സിനെ വരവേല്‍ക്കുവാന്‍ വേണ്ടി പുല്‍ക്കൂടും, ക്രിസ്തുമസ്സ് വിളക്കുകളുമൊക്കെയൊരുക്കി കാത്തിരിക്കുകയായിരുന്നു. ക്രിസ്തുമസ്സ് രാത്രിയുടെ തലേന്ന് ഗ്രാമത്തില്‍ ഒരു അശരീരിയുണ്ടായി. ആ അശരീരി ഇങ്ങനെയായിരുന്നു.

“പ്രിയപ്പെട്ടവരേ ഈ ഗ്രാമത്തിലെ ഏറ്റവും നല്ല മനുഷ്യന്‍ ആരാണോ അവരുടെ വീടിന്‍ മുകളില്‍ ഇന്ന് രാത്രിയില്‍ ഒരു ദിവ്യ നക്ഷത്രമുദിക്കുകയും അവര്‍ക്ക് ഉണ്ണിയേശുവിനെ കാണുവാന്‍ കഴിയുകയും ചെയ്യും..“

“ഉണ്ണിയേശുവിനെ നേരിട്ട് കാണുകയോ..? ഇതില്‍ പരം സന്തോഷം ജീവിത്തില്‍ എന്തുണ്ട്” അശരീരി കേട്ട ഗ്രാമീണരാകെ സന്തോഷത്തിലായി. “ഞാനാണ് ഈ ഗ്രാമത്തിലെ ഏറ്റവും നല്ല മനുഷ്യന്‍.. എനിക്കാണ് ഉണ്ണിയേശുവിനെ കാണുവാനുള്ള ഭാഗ്യമുണ്ടാവുക..“ ഗ്രാമീണര്‍ ഓരൊരുത്തരും സ്വയം പറഞ്ഞു. അതെ എല്ലാവരും ഉണ്ണിയേശുവിനെ കാണുവാനുള്ള ആഗ്രഹത്തോടു കൂടി ഒരുക്കത്തോടു കൂടി കാത്തിരുന്നു. അങ്ങനെ രാത്രിയായി.പെട്ടന്നാണ് എവിടെയോ ഒരു കുഞ്ഞ് കരയുന്ന ശബ്ദം ഗ്രാമീണരുടെ കാതുകളിലെത്തിയത്.

“അയ്യോ അത് ഉണ്ണിയേശുവിന്റെ കരച്ചിലാണ്.. അത് ഉണ്ണി യേശുവാണ്… “ എല്ലാവരും ശബ്ദം കേട്ട ഭാഗത്തേക്ക് ഓടി. എന്നാല്‍ അഴുക്കു ചാലിനടുത്ത് ആരോ ഉപേക്ഷിച്ചു പോയ ഒരു കുഞ്ഞിനെയാണ് അവര്‍ അവിടെ കണ്ടത്.

“ഇതാരുടെ കുഞ്ഞാണ്..? ആരാണ് ഇതിനെ ഈ തണുപ്പത്ത് ഇവിടെ കൊണ്ടിട്ടത്…ഈ വ്യത്തികെട്ട ജന്തുവിന്റെ കരച്ചില് കേട്ടില്ലേ” കൂടി വന്നവരെല്ലാം തമ്മില്‍ തമ്മില്‍ പറഞ്ഞു. പിന്നെ അവര്‍ ആ കുഞ്ഞിന് അവിടെ ഉപേക്ഷിച്ച് തങ്ങളുടെ വീടുകളിലേക്ക് പോയി.

ആ ഗ്രാമത്തില്‍ ചാര്‍ളി എന്നു പേരായ ഒരു കുഷ്ടരോഗിയുണ്ടായിരുന്നു. എല്ലാവരാലും നിന്ദിതനായി തന്റെ കൊച്ചു കുടിലില്‍ കഴിഞ്ഞിരുന്ന ചാര്‍ളിയും ആ കുഞ്ഞിന്റെ കരച്ചില്‍ കേട്ടു. ചാര്‍ളി വേഗം ആ കുഞ്ഞിന്റെ അടുക്കലെത്തി, മറ്റൊന്നും ചിന്തിക്കാതെ തണുത്തു വിറച്ച് കിടന്ന് കരയുന്ന ആ ചോരക്കുഞ്ഞിനെ കോരിയെടുത്ത് തന്റെ മാറോട് ചേര്‍ത്തു. തന്റെ കീറിയ കുപ്പായം കൊണ്ട് അയാള്‍ അതിനെ പൊതിഞ്ഞു. പെട്ടന്ന് കുഞ്ഞ് കരച്ചില്‍ നിര്‍ത്തി. ചാര്‍ളി ആ കുഞ്ഞിനെയും കൊണ്ട് തന്റെ കുടിലിലേക്ക് പോയി.പെട്ടന്നാണ് തന്റെ കൈയ്യിലിക്കുന്ന കുഞ്ഞിന്റെ മുഖം പ്രകാശഭരിതമാകുന്നത് ചാര്‍ളി കണ്ടത്. കുഞ്ഞ് ചാര്‍ളിയെ നോക്കി ചിരിക്കുവാന്‍ തുടങ്ങി. ചാര്‍ളിക്ക് ഒന്നും മനസ്സിലായില്ല. നിമിഷങ്ങള്‍ക്കുള്ളില്‍ ചാര്‍ളിയുടെ കൈയ്യില്‍ നിന്നും കുഞ്ഞ് എവിടെയോ അപ്രത്യക്ഷമാവുകയും ചാര്‍ളിക്ക് ചുറ്റും ഒരു ദിവ്യപ്രകാശം നിറയുകയും ചെയ്തു.

“ചാര്‍ളി ഞാന്‍ ഉണ്ണിയേശുവായിരുന്നു…” അപ്പോള്‍ ചാര്‍ളി ഒരു അശരീരി കേട്ടു. “ഈ ഗ്രാമത്തിലെ മനുഷ്യരെ പരീക്ഷിക്കുവാനാണ് ഞാനെത്തിയത്. എന്നെ കൈക്കൊണ്ട നീയാണ് ഈ ഗ്രാമത്തിലെ ഏറ്റവും നല്ല മനുഷ്യന്‍. നിന്റെ ശരീരത്തിലെ കുഷ്ടരോഗമെല്ലാം ഇതാ ഞാന്‍ സൌഖ്യമാക്കിയിരുക്കുന്നു…”പെട്ടന്നാണ് ചാര്‍ളിയുടെ ശരീരത്തിലെ കുഷ്ട രോഗമെല്ലാം മാറിയത്

“ഉണ്ണിയേശുവിനെ കാണുകയോ..’ അയാളുടെ കണ്ണുകള്‍ നിറഞ്ഞ് കവിഞ്ഞു.ഈ സമയത്താണ് ഉണ്ണിയേശുവിനെ കാത്തിരുന്ന് മടുത്ത ഗ്രാമീണര്‍ ചാര്‍ളിയുടെ വീടിന്‍ മുകളില്‍ ഒരു ദിവ്യനക്ഷത്രമുദിച്ച് നില്‍ക്കുന്നത് കണ്ട അങ്ങോട് ഓടിയെത്തിയത്.

“എവിടെ ഉണ്ണിയേശു..” അവര്‍ ചാര്‍ളിയോട് ചോദിച്ചു. ചാര്‍ളി നടന്നതെല്ലാം അവരോട് വിസ്തരിച്ചു. ചാര്‍ളി പറഞ്ഞത് കേട്ട് ഗ്രാമീണര്‍ ലജ്ജയോടെ തലതാഴ്തി.

പ്രിയപ്പെട്ട കുട്ടികളേ, കഥ എല്ലാവര്‍ക്കും ഇഷ്ടമായല്ലോ..? ക്രിസ്തുമസ് ഒരു ആഘോഷം മാത്രമല്ല. അനുഭവം കൂടിയാണ്. ഉണ്ണിയേശു നമ്മുടെ മനസ്സിലാണ് ജനിക്കേണ്ടത്. ഉണ്ണി യേശു നമ്മുടെ മനസ്സുകളില്‍ ജനിക്കണമെങ്കില്‍ നാം നല്ല കുട്ടികളായിരിക്കണം. മാതാപിതാക്കളെ അനുസരിക്കണം. നന്നായി പഠിക്കണം. മറ്റുള്ളവരെ സഹായിക്കണം.അപ്പോള്‍ എല്ലാവര്‍ക്കും എന്റെ വക ക്രിസ്തുമസ്സ് ആശംസകള്‍ നേരുന്നു.

Friday, December 4, 2009

കള്ളന്‍

ചാര്‍ളി ഒരു പെരുങ്കള്ളനായിരുന്നു. ഒരിക്കല്‍ ചാര്‍ളി മോഷണ ശ്രമത്തിനിടെ പോലീസിന്റെ കണ്ണില്‍ പെട്ടു. പോലീസ് തന്നെ പിടികൂടുമെന്നറിഞ്ഞപ്പോള്‍ പ്രാണര്‍ക്ഷാര്‍ത്ഥം ചാര്‍ളി ഒരു വ്യദ്ധയുടെ വീട്ടില്‍ ഓടി കയറി. ചാര്‍ളിയെ കണ്ടതും വ്യദ്ധ പേടിച്ച് നിലവിളിക്കുവാന്‍ തുടങ്ങി..

“പോലീസ് എന്റെ പിന്നാലെയുണ്ട്, ദയവായി നിലവിളി കൂട്ടി എന്നെ അവര്‍ക്ക് പിടിച്ചു കൊടുക്കരുത്.. തല്‍ക്കാലം നിങ്ങള്‍ എന്നെ ഇവിടെ എവിടെയെങ്കിലും ഒളിച്ചിരിക്കുവാന് അവസരം തന്നാല്‍ നിങ്ങള്‍ക്ക് രണ്ട് പൊന്‍ നാണയങ്ങള്‍ ഞാന്‍ തരാം…” ചാര്‍ളി വ്യദ്ധയോട് പറഞ്ഞു.

രണ്ട് പൊന്‍ നാണയമെന്ന് കേട്ടപ്പോള്‍ തന്നെ വ്യദ്ധയുടെ പേടിയെല്ലാം പമ്പ കടന്നു. അവര്‍ ചാര്‍ളിക്ക് ഒളിച്ചിരിക്കുവാന്‍ തന്റെ വീട്ടില്‍ ഒരിടം നല്‍കി.. ഈ സമയത്താണ് ചാര്‍ളിയെ പിന്തുടര്‍ന്നു വന്ന പോലീസുകാര്‍ വ്യദ്ധയുടെ വീട്ടിലെത്തിയത്.

“ആ പെരുങ്കള്ളനായ ചാര്‍ളി ഇങ്ങോട്ടെങ്ങാനും വന്നിരുന്നോ..? “പോലീസുകാരിലൊരാള്‍ വ്യദ്ധയോട് ചോദിച്ചു. “ഇല്ല…” വ്യദ്ധ കല്ലുവച്ച നുണ പോലീസുകാരോട് പറഞ്ഞു. “അവനെ പിടികൂടുവാന്‍ നിങ്ങള്‍ ഞങ്ങളെ സഹായിച്ചാല്‍ നിങ്ങള്‍ക്ക് പത്തു പൊന്‍നാണയം ഞങ്ങള്‍ തരാം…"

പത്ത് പൊന്‍നാണയമെന്ന് കേട്ടപ്പോള്‍ വ്യദ്ധയുടെ ഭാവം മാറി. അവര്‍ ചാര്‍ളി ഒളിച്ചിരിക്കുന്ന ഭാഗത്തേക്ക് നോക്കി. ചാര്‍ളിയെ പോലീസുകാര്‍ക്ക് ഒറ്റിക്കൊടുത്താലോ..? വ്യദ്ധ ചിന്തിച്ചു. ചാര്‍ളിയെ ഒറ്റിക്കൊടുത്താല്‍ തനിക്ക് കിട്ടുവാന്‍ പോകുന്നത് പത്ത് പൊന്‍ നാണയങ്ങളാണ്.., ചാര്‍ളിയെ പോലീസുകാരില്‍ നിന്ന് രക്ഷിച്ചാല്‍ വെറും രണ്ട് പൊന്‍നാണയങ്ങള്‍ മാത്രം...’ വ്യദ്ധ ചിന്തിച്ചു. പക്ഷേ ചാര്‍ളിയെ പോലീസുകാര്‍ക്ക് ഒറ്റിക്കൊടുത്താല്‍ വലിയ അപകടവുമാണ്. കാരണം അയാള്‍ ശിക്ഷ കഴിഞ്ഞ് ജയിലില്‍ നിന്നറങ്ങിയാല്‍ തന്നെ ശരിപ്പെടുത്തുമെന്ന് വ്യദ്ധ ഭയപ്പെട്ടു.

“പറയൂ.. ചാര്‍ളി ഇവിടെ വന്നോ..” പോലീസുകാരന്‍ വ്യദ്ധയോട് ചോദ്യം ആവര്‍ത്തിച്ചു. വ്യദ്ധ പോലീസുകാരോട് എന്തു മറുപടി പറയണമെന്നറിയാതെ കുഴഞ്ഞു. അവര്‍ക്ക് പോലീസുകാരില്‍ നിന്ന് പൊന്‍ നാണയവും വേണം. പക്ഷേ ചാര്‍ളിയെ ഒറ്റിക്കൊടുത്താലുണ്ടാകുന്ന ഭവിഷത്തുകളെ നേരിടുവാനുള്ള ധൈര്യവുമില്ലായിരുന്നു.

“പറയൂ ചാര്‍ളി ഇവിടെയെങ്ങാനും വന്നോ..?” വ്യദ്ധ മറുപടി പറയുവാന്‍ താമസിക്കുന്നത് കണ്ടപ്പോള്‍ പോലീസുകാരന് ദേഷ്യം വന്നു.. “അത്... ചാര്‍ളിയെ ഞാന്‍ കണേടയില്ല..” വ്യദ്ധ ചാര്‍ളി ഒളിച്ചിരിക്കുന്ന ഭാഗത്തേക്ക് വിരല്‍ ചൂണ്ടിക്കൊണ്ട് പറഞ്ഞു. സത്യത്തില്‍ തന്റെ വിരല്‍ക്കൊണ്ട് ചാര്‍ളിയെ പോലീസുകാര്‍ക്ക് വ്യദ്ധ കാട്ടി കൊടുക്കുകയായിരുന്നു. പക്ഷേ പോലീസുകാര്‍ അത് ശ്രദ്ധിച്ചതേയില്ല. അവര്‍ വ്യദ്ധയുടെ വീട്ടില്‍ നിന്ന് പോയി. വ്യദ്ധയാകെ നിരാശിതയായി.

പോലീസുകാര്‍ പോയെന്ന് മനസ്സിലാക്കിയ ചാര്‍ളി വ്യദ്ധയോട് യാത്ര പോലും ചോദിക്കാതെ അവിടെ നിന്നും പോകാനൊരുങ്ങി… “ചാര്‍ളി നിങ്ങളെ പോലീസുകാരില്‍ നിന്ന് രക്ഷിച്ചതിന് എനിക്കുള്ള പ്രതിഫലമെവിടെ…?” പെട്ടന്ന് ചാര്‍ളിയുടെ മുന്നിലെത്തിയ വ്യദ്ധ അയാ‍ളോട് ചോദിച്ചു..

“ത്ഫൂ.. പ്രതിഫലം പോലും…” ചാര്‍ളി വ്യദ്ധയുടെ മുഖത്ത് കാറിത്തുപ്പി. “നിങ്ങള്‍ നാവു കൊണ്ട് പോലീസുകാരില്‍ നിന്നെ എന്നെ രക്ഷിച്ചെങ്കിലും നിങ്ങളുടെ വിരലുകൊണ്ട് എന്നെ അവര്‍ക്ക് ചൂണ്ടിക്കൊടുക്കുകയായിരുന്നു. എന്റെ ഭാഗ്യം കൊണ്ട് നിങ്ങളുടെ വ്യത്തികെട്ട ആ പ്രവര്‍ത്തി പോലീസുകാര്‍ ശ്രദ്ധിച്ചില്ല.. വാക്കും, പ്രവര്‍ത്തിയും ഒരുപോലെയായിരിക്കണം തള്ളേ… നിങ്ങള്‍ നിങ്ങളുടെ നാവിനോട് കാട്ടിയ വിശ്വസ്തത, നിങ്ങളുടെ പ്രവത്തിയിലും കാട്ടിയിരുന്നെങ്കില്‍ നിങ്ങളെ ഞാന്‍ പൂവിട്ടു പൂജിക്കുമായിരുന്നു…” അത്രയും പറഞ്ഞുകൊണ്ട് ചാര്‍ളി അവിടെ നിന്നും നടന്നകന്നു. ചാര്‍ളിയുടെ വാക്കുകള്‍ കേട്ട് വ്യദ്ധയുടെ മുഖം ഇഞ്ചി തിന്ന കുരങ്ങിനെപ്പോലെയായി…

പ്രിയപ്പെട്ട കുട്ടികളേ, ഈ കഥയില്‍ നിന്ന് മനസ്സിലാക്കേണ്ടത്, നമ്മുടെ വാക്കും പ്രവര്‍ത്തിയും ഒരു പോലെ ആയിരിക്കണമെന്നാണ്. വാക്കൊന്ന് പ്രവര്‍ത്തി മറ്റൊന്ന് എന്ന രീതിയില്‍ ജീവിക്കുന്നവരെ ഒരിക്കലും വിശ്വസിക്കുവാന്‍ പാടില്ല

Wednesday, September 30, 2009

എപ്പോഴും ചിരിക്കുന്ന പെണ്‍കുട്ടി (കുഞ്ഞിക്കഥ)

റോസ് നഗരത്തിലെ മേയറായ വില്യംസിന്റെ ഏക മകളാണ് ലിറ്റി എന്നു പേരായ പത്തു വയസ്സുകാരി സുന്ദരിക്കുട്ടി. മാലാഖയുടെ മുഖമുള്ള ലിറ്റിയെ അറിയാത്തവരും, അവളെ സ്നേഹിക്കാത്തവരും ആ നഗരത്തില്‍ ആരുമില്ലായിരുന്നു എന്ന് വേണമെങ്കില്‍ പറയാം. അതെ എല്ലാവരുടെയും ചെല്ലക്കുട്ടിയായിരുന്നു അവള്‍.

സകലരുടെയും സ്നേഹാദരവുകള്‍ ഏറ്റുവാങ്ങി ഒരു പൂമ്പാറ്റയെ പാറി നടന്ന ലിറ്റി അന്ന് പൂന്തോട്ടത്തില്‍ ഓടിച്ചാടി കളിക്കുന്നതിനിടയില്‍ പെട്ടന്ന് തളര്‍ന്നു വീണു. നഗരത്തിലെ പ്രശസ്തമായ ഹോസ്പിറ്റലില്‍ ലിറ്റിയെ മിനിറ്റുകള്‍ക്കകം പ്രവേശിപ്പിച്ചു. വിദഗ്ദരായ ഡോക്ടറന്മാരുടെ പരിശോധനയ്ക്കൊടുവില്‍ അവര്‍ ആ സത്യം ലിറ്റിയുടെ മാതാപിതാക്കളെ വളരെ വിഷമത്തോടെ അറിയിച്ചു.

“ലിറ്റി അനുദിനം മരിച്ചു കൊണ്ടിരിക്കുന്ന ഒരു കാന്‍സറ് രോഗിയാണ്.. കാന്‍സറ് രോഗം അവളുടെ അസ്ഥികളെയും, തലച്ചോറിനെയും കാര്‍ന്നു തിന്നു കൊണ്ടിരിക്കുകയാണ്.. ഏറിയാല്‍ കുറെ മാസങ്ങള്‍.. അതിനുശേഷം ലിറ്റി എല്ലാവരെയും വിട്ട് പോകും…”

ലിറ്റിയുടെ മാതാപിതാക്കളെന്നല്ല ആ വാര്‍ത്ത കേട്ടവരെല്ലാം ഞെട്ടിപ്പോയി. സകലരും ലിറ്റിക്കു വേണ്ടി കണ്ണുനീരോടെ പ്രാര്‍ത്ഥിച്ച സമയങ്ങളായിരുന്നു പിന്നിടുള്ള ദിനങ്ങള്‍…എന്നാല്‍ അനുദിനം ലിറ്റിയുടെ ആരോഗ്യനില തകരാറിലായിക്കൊണ്ടിരുന്നു. ശരീരം മുഴുവന്‍ വേദനകൊണ്ട് നുറുങ്ങുമ്പോഴും ആശുപത്രി കിടക്കയിലുള്ള തന്നെ കാണുവാനെത്തുന്നവര്‍ക്ക് ലിറ്റി ഒരു ചെറുപുഞ്ചിരി സമ്മാനിക്കുവാന്‍ മറന്നില്ല. തന്റെ മാതാപിതാക്കളുടെ മുന്നിലും, തന്നെ കാണുവാനെത്തുന്നവരുടെ മുന്നിലും തന്നെ ചികിത്സിക്കുന്ന ഡോക്ടറന്മാരുടെ മുന്നിലും അവളൊരിക്കലും തന്റെ വേദന പ്രകടിപ്പിച്ചില്ല. എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ഏതു നിമിഷവും അവള്‍ പ്രസന്നവതിയായി കാണപ്പെട്ടു.

“എങ്ങനെ ഈ കുട്ടിക്ക് ഇങ്ങനെ വേദന സഹിക്കുവാന്‍ കഴിക്കും..?” ലിറ്റിയുടെ രോഗത്തിന്റെ ആഴം ശരിക്കറിയാവുന്ന ഡോക്ടര്മാര്‍പ്പോലും ചിന്തിച്ചത് അതായിരുന്നു…

എന്നാല്‍ അന്ന് ലിറ്റിയുടെ രോഗം മൂര്‍ച്ചിച്ചു. ലിറ്റിക്ക് അന്ത്യകൂദാശ നല്‍കുവാന്‍ മഞ്ഞ് മലകള്‍ക്കപ്പുറമുള്ള ഭദ്രാസനപ്പള്ളിയില്‍ നിന്നും കുന്നിറങ്ങി വ്യദ്ധനായ ഫാദര്‍ ആന്‍ഡ്രൂസ് അവളുടെ അരികിലെത്തി.

“മോളെ ഈ വേദനയെല്ലാം എങ്ങനെ നിനക്ക് സഹിക്കുവാന്‍ കഴിയുന്നു?. ഈ വലിയ വേദനയ്ക്കിടയിലും എങ്ങനെ പുഞ്ചിരിക്കുവാന്‍ നിനക്കു കഴിയുന്നു..? ഒന്ന് പൊട്ടിക്കരയരുതോ മോളേ നിനക്ക്..” ക്രിസ്മസ് പപ്പയുടെ മുഖമുള്ള ഫാദര്‍ ആന്‍ഡ്രൂസ് ലിറ്റിയുടെ കവിളുകളില്‍ മുത്തമിട്ടുകൊണ്ട് ചോദിച്ചു.ലിറ്റി ഫാദറിനെ നോക്കി അപ്പോഴും ഒന്നു പുഞ്ചിരിച്ചു. പിന്നെ തന്റെ വലതു കൈവെള്ള നിവര്‍ത്ത് അതിലുള്ള യേശുദേവന്റെ കുഞ്ഞു ക്രൂശിത രൂപം ഫാദറിനെ കാണിച്ചു…

“ഫാദറ് ഈ ക്രൂശിത രൂപം കണ്ടോ.. എന്റെ ശരീരത്തിലെ ഓരോ കോശങ്ങളെയും വേദന കുത്തിനോവിക്കുമ്പോള്‍ ഈ ക്രൂശിത രൂപം മുറുകെപ്പിടിച്ചുകൊണ്ട് യേശുദേവന്‍ ഈ ക്രൂശില്‍ കിടന്ന് സഹിച്ച വേദനയെ ഞാനോര്‍ക്കും. യേശു എനിക്കു വേണ്ടി സഹിച്ച ആ വലിയ വേദന ഞാനോര്‍ക്കുമ്പോള്‍ എന്റെയീ ശരീര വേദന ഞാനറിയാതെ മറന്നു പോകും… ഞാനെല്ലാം സഹിച്ചുപോകും….“

ലിറ്റിയുടെ വാക്കുകള്‍ ഒരിക്കലും പതറാത്ത ഫാദറിന്റെ കണ്ണുകളെപ്പോലും ഈറനണിയിപ്പിച്ചു… അന്ന് ലിറ്റിയുടെ ശ്വാസം എന്നന്നേയ്ക്കുമായി നിലച്ചു. റോസ് നഗരം കണ്ണിരില്‍ മുങ്ങിയ ദിനമായിരുന്നു അത്.

“ദൈവത്തിന്റെ പൂന്തോട്ടത്തിലെ പൂക്കളാണ് കുട്ടികള്‍… ദൈവം തന്റെ പൂന്തോട്ടത്തില്‍ നിന്ന് തനിക്കിഷ്ടമുള്ള മനോഹരമായ ഒരു പൂവ് പറിച്ചെടുത്തു..അത് നമ്മുടെ ലിറ്റിയായിരുന്നെന്ന് മാത്രം” ലിറ്റിയുടെ മാതാപിതാ‍ക്കളെ ആശ്വസിപ്പിച്ചുകൊണ്ട് ഫാദര്‍ ആന്‍ഡ്രൂസ് പറഞ്ഞത് അതായിരുന്നു

“എല്ലാം മായയാകുന്നു. ഈ ഭൂമിയും അതിലുള്ളതൊക്കെയും വെറും മായയത്രേ.. മനുഷ്യജീവിതം വയലിലെ പൂവിനു സമമാകുന്നു.. ഇന്നത് കാണും.. നാളെയത് വാടിപ്പോകുന്നു…ഹേ മരണമേ നിന്റെ വിഷമുള്ളു എവിടെ? ഹേ മരണമേ നിന്റെ വിജയം എവിടെ..." ലിറ്റിയുടെ ശവസംസ്കാര ചടങ്ങിലെ ലഘു പ്രസംഗത്തില്‍ ഫാദര്‍ ആന്‍ഡ്രൂസ് വികാരഭരിതനായി.

“ഏതു മനുഷ്യനും ഉറച്ചു നിന്നാലും ഒരു ശ്വാസം മാത്രമത്രേ....ഇതാകുന്നു അവസാനമെങ്കില്‍… പണ്ഡിതന്മാര്‍ തങ്ങളുടെ പാണ്ഡിത്യത്തില്‍ പുകഴുന്നത് എന്തിന്…? ഇതാകുന്നു അവസാനമെങ്കില്‍ രാജാക്കന്മാര്‍ തങ്ങളുടെ അധികാരത്തില്‍ അഹങ്കരിക്കുന്നത് എന്തിന്..? ഇതാകുന്നു അവസാ‍നമെങ്കില്‍ യൌവ്വനക്കാര്‍ തങ്ങളുടെ യൌവനത്തില്‍ ചാഞ്ചാടുന്നത് എന്തിന്…? ഇതാകുന്നു അവസാനമെങ്കില്‍ ധനവാന്മാര്‍ തങ്ങളുടെ ധനത്തില്‍ അഹങ്കരിക്കുനനത് എന്തിന്...? എല്ലാം മായത്രേ.. ഈ ഭൂമിയും അതിലുള്ളതൊക്കെയും നശ്വരമത്രേ….“ കണ്ണു നീരോടെയാണ് ഫാദര്‍ തന്റെ പ്രസംഗം അവസാനിപ്പിച്ചത്.

കണ്ണിരില്‍ മുങ്ങിയ വലിയൊരു ജനാവലിയുടെ അകമ്പടിയോടു കൂടി അന്ന് ലിറ്റിയുടെ കുഞ്ഞു ശവശരീരം റോസ് നഗരത്തിലെ ഭദ്രാസനപ്പള്ളി സെമിത്തേരില്‍ അടക്കം ചെയ്യുമ്പോള്‍ ഭൂമിയില്‍ ഇരുട്ടു വ്യാപിക്കുകയായിരുന്നു...

Tuesday, August 4, 2009

അപ്പൂസിന്റെ അച്ഛന്‍ (കഥ)

അപ്പൂസിന്റെ വീട്ടു മുറ്റത്ത് പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന കിളിച്ചുണ്ടന്‍ മാവ് പൂത്തുലഞ്ഞു. നിറയെ മാമ്പൂക്കളുമായി തലയുയര്‍ത്തി നില്‍ക്കുന്ന കിളിച്ചുണ്ടന്‍ മാവില്‍ വിരുന്നിനെത്തിയ വണ്ടുകളുടെയും, പൂമ്പാറ്റകളുടെയും, പക്ഷികളുടെയും ബഹളമായിരുന്നു. കിളിച്ചുണ്ടന്‍ മാവ് പൂത്തതില്‍ അപ്പൂസിനെക്കാള്‍ സന്തോ‍ഷം അവര്‍ക്കായിരുന്നു.

ഗ്രാമത്തിലെ പള്ളിക്കൂടത്തില്‍ ഒന്നാം ക്ലാസിലാണ് അഞ്ചു വയസ്സുള്ള അപ്പൂസ് പഠിക്കുന്നത്. പുസ്തക സഞ്ചിയും തൂക്കി അഞ്ചാം ക്ലാസില്‍ പഠിക്കുന്ന നീതു ചേച്ചിയോടും കൂട്ടുകാരോടുമൊപ്പം തുള്ളീച്ചാടി പള്ളിക്കൂടത്തില്‍ പോകുവാന്‍ അപ്പൂസിനു വലിയ ഇഷ്ടമായിരുന്നു. അതുകൊണ്ടല്ലേ അമ്മയെയും അച്ഛനെയും വിട്ട് ആദ്യമായി പള്ളിക്കൂടത്തിലെത്തിയ ദിവസം പോലും അപ്പൂസിനു യാതൊരു സങ്കടവും തോന്നാതിരുന്നത്. പക്ഷേ അപ്പൂസിന്റെ ക്ലാസിലെ കുട്ടികള്‍ പലരും അച്ഛനമ്മമാരെ കാണാതെ അന്നു പേടിച്ചു കരയുന്നുണ്ടായിരുന്നു. നീതുചേച്ചിയുള്ളപ്പോള്‍ അപ്പൂസിനു എന്തോന്നു പേടിക്കാന്‍? നീതുചേച്ചിയാണെങ്കില്‍ അപ്പൂസിന്റെ ക്ലാസിലെ കുട്ടികള്‍ക്കെല്ലാം പേടിയായിരുന്നു. പള്ളിക്കൂടത്തിലെത്തിയാല്‍ ഒരു നിഴല്‍പ്പോലെ നീതുചേച്ചി അപ്പൂസിനോടൊപ്പമുണ്ടാവും. അപ്പൂസിനെ ആരെങ്കിലും വഴക്കു പറഞ്ഞാല്‍ മതി നീതുചേച്ചി വിടില്ല. നീതുചേച്ചിയുടെ കൈയ്യില്‍ തൂങ്ങി പുഴയോരത്തുകൂടി പള്ളിക്കൂടത്തില്‍ പോകുന്നതു തന്നെ ഒരു സുഖമല്ലേ?

എന്നാല്‍ കിളിച്ചുണ്ടന്‍ മാവ് പൂത്തതോടു കൂടി അപ്പൂസിന്‍ പള്ളിക്കൂടത്തില്‍ പോകാനുള്ള ആശയൊക്കെ മെല്ലെ കുറഞ്ഞു. എങ്ങനെ പള്ളിക്കൂടത്തില്‍ പോകും? മാമ്പഴക്കൊതിയനല്ലേ അവന്‍.. മാമ്പൂക്കളെല്ലാം ഉണ്ണിമാങ്ങകളായി പെട്ടന്ന് വളര്‍ന്ന് മാമ്പഴമായി തീരുന്നതും വയറുനിറയെ രുചിയുള്ള കിളിച്ചുണ്ടന്‍ മാമ്പഴം തിന്നുന്നതും, അവന്‍ സ്വപ്നം കണ്ടു. കിളിച്ചുണ്ടന്‍ മാവില്‍ തേനുണ്ണാന്‍ മാമ്പൂക്കള്‍ക്കു ചുറ്റും വട്ടമിട്ട് പറക്കാറുള്ള വണ്ടുകളെയും, പൂമ്പാറ്റകളെയും, മാഞ്ചില്ലകളില്‍ ഓടിക്കളിക്കാറുള്ള അണ്ണാറക്കണ്ണന്മാരെയും, കിളികളെയും, മാഞ്ചില്ലകള്‍ പിടിച്ചു കുലുക്കുവാനെത്തുന്ന കാറ്റിനെയും അപ്പൂസ് വല്ലാതെ വെറുത്തിരുന്നു. ഇവരെല്ലാം മാമ്പൂക്കള്‍ കൊഴിച്ചു കളയുവാനെത്തുന്നവരല്ലേ..? മാ‍മ്പൂക്കളെല്ലാം കൊഴിഞ്ഞുവീണു പോയാല്‍ മാമ്പഴം കഴിക്കുന്നതെങ്ങനെ?

പള്ളിക്കൂടം വിട്ടു വന്നാലുടന്‍ അപ്പൂസ് മാഞ്ചുവട്ടില്‍ തന്നെയുണ്ടാവും. അണ്ണാറക്കണ്ണന്മാരെയും കിളികളെയും മാവില്‍ നിന്ന് ആട്ടിയോടിക്കുകയാണ്‍ അപ്പൂസിന്റെ പ്രധാന ജോലി. എന്നാല്‍ പടിഞ്ഞാറു നിന്നും വീശിയടിക്കാറുള്ള കാറ്റ് മാത്രം അപ്പൂസിനെ അവഗണിച്ചുകൊണ്ട് മാഞ്ചില്ലകളില്‍ ആടി രസിക്കുകയും, മാമ്പൂക്കള്‍ കൊഴിച്ചുകളയുകയും ചെയ്തു. മാഞ്ചുവട്ടില്‍ വീണു കിടക്കുന്ന മാമ്പൂക്കളെ നോക്കി അപ്പൂസ് പലപ്പോഴും കണ്ണീരൊഴുക്കാറുണ്ടായിരുന്നു.

“എടാ അപ്പൂസേ.. മാമ്പൂക്കളെല്ലാം മാങ്ങയായി തീരില്ലെടാ, കുറയൊക്കെ കൊഴിഞ്ഞു പോകും. കുറയൊക്കെ മാങ്ങയായി തീരും.. നീ അതിന്‍ വിഷമിക്കുന്നതെന്തിനാടാ..” നീതുചേച്ചി അപ്പുവിനെ ആശ്വസിപ്പിക്കുവാന്‍ ശ്രമിച്ചെങ്കിലും അപ്പൂസിന് വിഷമം വിട്ട് മാറിയില്ല. ദിവസങ്ങള്‍ പലതു കഴിഞ്ഞതോടു കൂടി അപ്പൂസിന്റെ കിളിച്ചുണ്ടന്‍ മാവില്‍ ഒരു ഉണ്ണിമാങ്ങകള്‍ പ്രത്യക്ഷമായി തുടങ്ങി..

”ഹായ്…." അപ്പൂസ് സന്തോഷം കൊണ്ട് തുള്ളിച്ചാടി. താഴെ വീഴുന്ന ഉണ്ണിമാങ്ങകള്‍ പെറുക്കി ഉപ്പും ചേര്‍ത്ത് നീതുചേച്ചിയോടൊപ്പം അപ്പൂസും കറുമുറെ കടിച്ചു തിന്നു. കുറയൊക്കെ പുസ്ത്ക സഞ്ചിയിലാക്കി തന്റെ ക്ലാസിലെ കുട്ടികള്‍ക്ക് കൊണ്ടുപോയി കൊടുക്കുവാനും അപ്പൂസ് മറന്നില്ല.

“അപ്പൂസേ..,മാങ്ങ പഴുക്കുമ്പോള്‍ ഞങ്ങളെയൊക്കെ മറക്ക്വോ..” കൂട്ടുകാര്‍ അപ്പൂസിനോട് ചോദിച്ചു.“ഇല്യ് ആരെയും മറക്കൂല്യ. ല്ലാര്‍ക്കും ഒരുപാട് മാമ്പഴം തരാം“ അപ്പൂസ് കൂട്ടുകാര്‍ക്ക് ഉറപ്പു നല്‍കി. അപ്പൂസിന്റെ കൂട്ടുകാര്‍ക്കും വളരെ സന്തോഷമായി.


ദിവസങ്ങളും, ആഴ്ചകളും പലതും കഴിഞ്ഞു. കിളിച്ചുണ്ടന്‍ മാവിലെ ഉണ്ണിമാങ്ങകളെല്ലാം വളര്‍ന്നു വലുതായി. “അപ്പൂസേ നമ്മുടെ കിളിച്ചുണ്ടന്‍ മാമ്പഴം പഴുത്തു തുടങ്ങിയെടാ മോനേ, ദേ ഇന്ന് അമ്മയ്ക്ക് രണ്ടു മാമ്പഴം വീണു കിട്ടിയിരിക്കുന്നു..” അന്നു പള്ളിക്കൂടത്തില്‍ നിന്നെത്തിയ അപ്പൂസിനെ അമ്മ ആ സന്തോഷവാര്‍ത്ത അറിയിച്ചു. അമ്മ പറഞ്ഞത് കേട്ട് അപ്പൂസിനു സന്തോഷമടക്കുവാന്‍ കഴിഞ്ഞില്ല. അവന്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടി. അമ്മ അപ്പൂസിനും നീതുചേച്ചിക്കും ഓരോ മാമ്പഴം വീതം നല്കി.

“ഹായ്, എന്തു മധുരം! ഒരഞ്ചാറെണ്ണം കൂടി കിട്ടിയിരുന്നെങ്കില്‍..? മാമ്പഴം തിന്നുന്നതിനിടയില്‍ അപ്പൂസ് പറഞ്ഞു. “കൊതിയന്‍..” നീതുചേച്ചി അപ്പൂസിനെ കളിയാക്കി അടുത്ത ദിവസം ക്ലാസിലെത്തിയ അപ്പൂസ് മാമ്പഴത്തിന്റെ കാര്യം കൂട്ടുകാരോടെല്ലാം പറഞ്ഞു.

“അപ്പൂസേ, മാമ്പഴം കാക്ക കൊത്തി തിന്നാതെ നോക്കണേ..” കൂട്ടുകാരുടെ വക ഉപദേശവും അപ്പൂസിന്‍ ലഭിച്ചു. “ങും, എന്നാ കാക്കയെ ഞാന്‍ എറിഞ്ഞു കൊല്ലും..” അപ്പൂസ് പറഞ്ഞു.

“അപ്പൂസേ, വല്ല കാക്കയോ, കിളിയോ മാമ്പഴമെല്ലാം കൊത്തിതിന്നുന്നതിന്‍ മുമ്പേ കൊച്ചുപുരയ്ക്കലെ രാഘവനെ നാളെ മാമ്പഴം പറിക്കുവാന്‍ അച്ഛനെ ഏര്‍പ്പാട് ചെയ്തിട്ടുണ്ട്.. അപ്പൂസിനും നാളെ ഏതായാലും അവധിയല്ലേ..” അമ്മ അപ്പൂസിനോട് അന്നു പറഞ്ഞു. തനിക്കു പഠിത്തമുള്ള ദിവസം മാമ്പഴം പറിക്കുവാന്‍ ആരെങ്കിലും വരുമെന്നായിരുന്നു അപ്പൂസിന്റെ സങ്കടം. ഏതായാലും അമ്മ പറഞ്ഞത് കേട്ടതോടു ആ സങ്കടവും മാറിക്കിട്ടി.

‘നാളെ എപ്പോഴായിരിക്കും മാമ്പഴം പറിക്കുവാന്‍ ആളെത്തുക..നാളെ എന്തോരം മാമ്പഴം തനിക്ക് തിന്നാം..” അപ്പൂസ് മധുരസ്വപ്നങ്ങള്‍ കണ്ട് കൊണ്ടാണ്‍ അന്ന് ഉറങ്ങിയത്.നേരം പുലര്‍ന്നു. മാമ്പഴം പറിക്കുവാന്‍ വരുന്ന ആളിനെയും നോക്കി നിരത്തിലേക്ക് കണ്ണും നട്ട് മാഞ്ചുവട്ടില്‍ അപ്പൂസ് ഇരിക്കുവാന്‍ തുടങ്ങിയിട്ട് മണിക്കൂറുകള്‍ പലതും കഴിഞ്ഞിരുന്നു. ഇടയ്ക്ക് മാമ്പഴം കൊത്തിത്തിന്നുവാനെത്തിയ കിളികളെയും, അണ്ണാറക്കണ്ണന്മാരെയും ആട്ടിയോടിക്കുവാനും അപ്പൂസ് മറന്നില്ല.

“ഏതായാലും രാഘവന്‍ ഇന്ന് മാമ്പഴം പറിക്കുവാന്‍ വരുമെന്ന് തോന്നുന്നില്ല. അല്ലേലും വാക്കിന്‍ യാതോരു വിലയുമില്ലാത്തവനാ അവന്‍. പാവം അപ്പൂസ് രാവിലെ മുതല്‍ അവന്‍ മാഞ്ചുവട്ടിലിരിക്കുവാ. ഒരിറ്റുവെള്ളം വെള്ളം പോലും അവന്‍ കുടിച്ചിട്ടില്യ് .നിങ്ങളേതാലും രാഘവന്റെ വീട് വരെ പോയി അന്വേഷിക്കുക. വീട്ടിവച്ചോ വഴിക്കു വച്ചോ അവനെ കണ്ടാല്‍ കയ്യോടെ പിടികൂടി കൊണ്ടുവരാമല്ലോ..” അമ്മ അച്ഛനോട് പറയുന്നത് അപ്പൂസ് കേട്ടു.


“അപ്പൂസേ നീ വല്ലതു പോയി കഴിക്കെടാ മോനേ, അച്ഛനേതായാലും രാഘവന്റെ വീടു വരെ പോയിട്ടു വരാം..” അപ്പൂസിനോട് അങ്ങനെ പറഞ്ഞുകൊണ്ട് അച്ഛന്‍ രാഘവന്റെ വീട്ടിലേക്ക് പോയി. “ദൈവമേ, രാഘവനെ കാണണമേ..” അപ്പൂസിസ് മനമുരുകി പ്രാര്‍ത്ഥിച്ചു. ‘ഏതായാലും അച്ഛന്‍ തിരിച്ചു വരാതെ ഈ മാഞ്ചുവട്ടില്‍ നിന്ന് എങ്ങോട്ടും പോകുന്ന പ്രശ്നമില്ല.’ അപ്പൂസ് തീരുമാനിച്ചു.

അപ്പൂസ് നിരത്തിലേക്ക് മിഴികള്‍ നട്ട് വീണ്ടും കാത്തിരിപ്പായി. ഒരു പാട് സമയം കഴിഞ്ഞിട്ടും അച്ഛന്‍ തിരിച്ചെത്തിയില്ല. അപ്പൂസിന്റെ ക്ഷമ നശിച്ചു. കിളിച്ചുണ്ടന്‍ മാവിന്റെ താഴത്തെ ചില്ലയില്‍ നാലഞ്ചു മാമ്പഴം പഴുത്തു നില്‍ക്കുന്നത് കണ്ടപ്പോള്‍ അപ്പൂസിന്റെ വായില്‍ വെള്ളമൂറി. നീതുചേച്ചിയും അമ്മയും അടുക്കളയിലാണെന്ന് അപ്പു മനസ്സിലാക്കി. രാഘവനെ വിളിക്കാന്‍ പോയ അച്ഛന്‍ ഉടനെയൊന്നും തിരിച്ചെത്തുന്ന യാതൊരു ലക്ഷണവും കാണുന്നുമില്ല. മെല്ലെ മാവില്‍ കയറി ആ മാമ്പഴം പറിച്ചാലോ..? അപ്പൂസ് ചിന്തിച്ചു. അവന്‍ പിന്നീട് ആലോചിക്കാനൊന്നും പോയില്ല്. ഒരു വിധത്തില്‍ അള്ളിപ്പിടിച്ച് മാവില്‍ കയറുവാന്‍ തുടങ്ങി.

“ടാ..’ പെട്ടന്നാണ് അച്ഛന്റെ ഇടിമുഴക്കം പോലുള്ള ശബ്ദം അപ്പൂസിന്റെ കാതുകളില്‍ മുഴങ്ങിയത്. ഭയന്ന് മാവില്‍ നിന്ന് പിടിവിട്ടിപോയ അപ്പൂസ് അച്ഛന്റെ കാല്‍ക്കലാണ്‍ വീണത്. “ആരു പറഞ്ഞെടാ നിന്നോട് മാവില്‍ കേറാന്‍..’ അപ്പൂസിന്റെ ഉത്തരത്തിന്‍ കാത്തു നില്‍ക്കാതെ കൈയ്യില്‍ കിട്ടിയ വടികൊണ്ട് അപ്പൂസിനെ തലങ്ങും, വിലങ്ങും തല്ലുന്നതിനിടയില്‍ അച്ഛന്‍ ചോദിച്ചു. അപ്പൂസിന്റെ നിലവിളി കേട്ടാണ്‍ അമ്മയും, നീതു ചേച്ചിയും ഓടിയെത്തിയത്.

“മതി അവനെ തല്ലിച്ചതച്ചത്..? എന്തിനാണവനെ തല്ലുന്നത്..” അമ്മ ഓടി വന്ന് തടസ്സം നിന്നപ്പോഴാണ് അച്ചന് അടി നിര്‍ത്തിയത്.. “കുരുത്തം കെട്ടവന്‍ മാവില്‍ വലിഞ്ഞു കേറുന്നു. അതില്‍ നിന്നെങ്ങാനും ഇവന് വീണു പോയാല്‍ ഇവന്റെ പൊടി കിട്ടുമോ..” അച്ഛന്‍ ആക്രോശിക്കുകയായിരുന്നു. അപ്പൂസ് അമ്മയെ കെട്ടിപ്പിടിച്ചു കരഞ്ഞു.

"കുരുത്തക്കേട് കാണിച്ചാല്‍ കൊന്നു കളയും ഞാന്‍..” അച്ഛന്‍ അപ്പൂസിന്‍ മുന്നറിയിപ്പു നല്‍കി.. ‘സാരമില്ല കുട്ടാ, തെറ്റു ചെയ്തതുകൊണ്ടല്ലേ അച്ഛന്‍ അടിച്ചത്..” അമ്മ അപ്പൂസിനെ ആശ്വസിപ്പിക്കുവാന്‍ ശ്രമിച്ചെങ്കിലും അവന്‍ പൊട്ടിക്കരയുകയായിരുന്നു.

അന്ന് രാത്രിയില്‍ അപ്പൂസിന്‍ ഉറക്കം വന്നില്ല. അവന്‍ എങ്ങനെ ഉറങ്ങുവാന്‍ കഴിയും? ഒരിക്കല്‍പ്പോലും ഒന്ന് വഴക്ക് പറയുക പോലും ചെയ്തിട്ടില്ലാത്ത അച്ഛനല്ലേ അവന് അന്ന് പൊതിരെ തല്ലിയത്. തന്റെ നിലവിളി കേട്ട് അമ്മ ഓടി വന്നില്ലായിരുന്നെങ്കില്‍ അച്ചന് തന്നെ തല്ലി കൊല്ലുമായിരുന്നില്ലേ.?

“അപ്പൂസേ..” തലയണയില്‍ മുഖമമര്‍ത്തി തേങ്ങിക്കരയുന്ന അപ്പൂസിന്റെ അരികില്‍ അച്ചനെത്തി. അപ്പൂസ് നിറമിഴികളോടു കൂടി അച്ഛനെ നോക്കി. അച്ഛന്റെ കണ്ണുകളില്‍ വാത്സല്യത്തിലെ കടലിരമ്പുന്നത് അവന്‍ കണ്ടു. “സാരമില്ലപ്പൂസേ..” അപ്പൂസിന്റെ തലയില് മെല്ലെ തലോടിക്കൊണ്ട് അച്ഛന് പഞ്ഞു.

“അപ്പൂസ് കുറുമ്പ് കാട്ടിയതു കൊണ്ടല്ലേ അച്ഛന്‍ മോനെ തല്ലിയത്..അല്ലാതെ അപ്പൂസിനോട് എനിക്കൊരു ദേഷ്യവുമുണ്ടായിട്ടല്ല. ന്റെ അപ്പൂസ് നല്ല കുട്ടിയാണെന്ന് അച്ഛനറിയാം.. ന്റെ അപ്പൂസ് മാവേന്നെങ്ങാനും വീണ് കാലും കൈയ്യും ഒടിഞ്ഞുപോയാല്‍ അച്ഛനെത്രമാതം വേദനിക്കൂന്ന് അപ്പൂസെന്തേ മനസ്സിലാക്കാത്തത്..?.." അച്ഛന്റെ ചോദ്യത്തിന്‍ അപ്പൂസ് ഉത്തരം പറഞ്ഞില്ല. ഏതായാലും അച്ഛന്‍ തന്നെ ആശ്വസിപ്പിച്ചല്ലോ. അതുമതി. അപ്പൂസിന്റെ സങ്കടമെല്ലാം പമ്പ കടന്നിരുന്നു.

“ആ രാഘവന്‍ പനി പിടിച്ച് കിടക്കുവാ, അതുകൊണ്ടാ അയാള്‍ മാമ്പഴം പറിക്കാന്‍ വരാഞ്ഞത്. നാളെ നേരം വെളുക്കട്ടെ. പട്ടണത്തില്‍ പോയി അച്ചന്‍ വേറെ ആരെയെങ്കിലും വിളിച്ചോണ്ടു വരാം.” അച്ഛന്‍ അപ്പൂസിന്‍ ഉറപ്പു നല്‍കി. അപ്പൂസിനു സന്തോഷമായി. അടുത്ത ദിവസം രാവിലെ അച്ഛന്‍ പട്ടണത്തിലേക്ക് പോകുന്നത് അപ്പൂസ് കണ്ടു. അച്ഛന്റെ വരവും കാത്ത് അവന്‍ മാഞ്ചുവട്ടിലിരുപ്പായി.

മണിക്കൂറുകള്‍ പലതു കഴിഞ്ഞിട്ടും പട്ടണത്തില്‍പ്പോയ അച്ഛന്‍ തിരിച്ചെത്തിയില്ല. അച്ഛന്‍ താമസിക്കുന്നതെന്തേ..? അപ്പൂസ് ചിന്തിച്ചു.“സീതക്കുഞ്ഞേ, സീതക്കുഞ്ഞേ..” അടുത്ത വീട്ടിലെ സെയ്താലിക്ക നിലവിളിച്ചു കൊണ്ട് ഗേറ്റ് കടന്ന് ഓടിക്കിതച്ചെത്തുന്നത് അപ്പൂസ് കണ്ടു. സെയ്താലിക്കയുടെ നിലവിളി കേട്ട് അമ്മയും, നീതുചേച്ചിയും മുറ്റത്തേക്ക് ഓടിയെത്തി. അപ്പൂസും അവരുടെ അരികിലെത്തി.

“ന്റെ റബ്ബേ, ഞാനെങ്ങനെയാ ഇവരുടെ മുഖത്തു നോക്കി ഇത് പറയുക..” അമ്മയുടെയും, നീതുചേച്ചിയുടെയും, അപ്പൂസിന്റെയും മുഖത്തേക്ക് മാറിമാറി നോക്കിക്കൊണ്ട് സെയ്താലിക്ക പറഞ്ഞു. “എന്താണിക്കാ..” സെയ്താലിക്കയുടെ മുഖത്തെ പരിഭ്രാന്തി കണ്ട് അമ്മ ആകാംക്ഷഭരിതയായി.

“എന്റെ മോളെ, ബെഷമിക്കുന്ന ഒരു കാര്യമാ സെയതാലിക്ക പറയാന്‍ പോണെ, പക്ഷേ പറയാതിരിക്കാനും ന്‍ക്ക് പറ്റില്ലല്ലോ പടച്ചോനേ..” മുഖത്തെ വിയര്‍പ്പു തുടയ്ക്കുന്നതിനിടയില്‍ സെയ്താലിക്ക സങ്കടപ്പെട്ടു

“പട്ടണത്തില്‍ രണ്ട് പാര്‍ട്ടിക്കര്‍ തമ്മില്‍ രാവിലെ പൊട്ടിപ്പുറപ്പെട്ട സംഘട്ടനം ഒഴിവാക്കാന്‍ പോലീസ് വെടി വച്ചതാ. ഒന്നു രണ്ട് പേര്‍ വെടിവയ്പ്പില് മരിക്കുകയും ചെയ്തു. അതില്‍ നമ്മുടെ ഹരിക്കുഞ്ഞും…”

ന്റെ ദൈവമേ…” സെയ്താലിക്ക പറഞ്ഞു തീര്‍ന്നില്ല അമ്മയും നീതുചേച്ചിയും നിലവിളിക്കുകയും നെഞ്ചത്തടിച്ച് കരയുന്നതു അപ്പൂസ് കണ്ടു. അപ്പൂസിന് പെട്ടന്ന് കാര്യമൊന്നും മനസ്സിലായില്ല. എങ്കിലും അമ്മയ്ക്കും ചേച്ചിക്കുമൊപ്പം അവനും കരഞ്ഞു.

അച്ചന്റെ മരണവാര്‍ത്തയറിഞ്ഞ് അപ്പൂസിന്റെ വീട്ടില്‍ നാട്ടുകാരുടെയും, ബന്ധുക്കളുടെയും പ്രവാഹമായിരുന്നു.“ഹരി ഒരു പാര്‍ട്ടിയിലുമില്ലാത്ത ആളാണല്ലോ. പിന്നെങ്ങനെയാ ഇതു സംഭവിച്ചത്.?.” വല്യമ്മാവനോട് ആരോ ചോദിക്കുന്നത് അപ്പൂസ് കേട്ടു.

“രാഷ്ട്രീയ ലഹളയുണ്ടായാലും, വര്‍ഗ്ഗീയ ലഹളയുണ്ടായാലും, പോലീസ് വെടിവച്ചാലും ഇന്നാട്ടില്‍ നിരപരാധികളാണല്ലോ മരിക്കുന്നത്.. കുറ്റവാളികള്‍ ഒരിക്കലും ശിക്ഷിക്കപ്പെടുന്നില്ലല്ലോ…. പട്ടണത്തിലുണ്ടായ സംഘട്ടനം കണ്ട് ഓടി രക്ഷപെടാന്‍ ശ്രമിച്ചതാ ഹരി. പക്ഷേ പോലീസി വെടിവച്ചത് അവനെയും….” വല്യമ്മാമന്‍ കണ്ണുകള്‍ തുടയ്ക്കുന്നത് അപ്പൂസ് കണ്ടു.

വല്യമ്മാമന്‍ തന്നെയാണ്‍ അച്ഛന്റെ ചിതയൊരുക്കുവാന്‍ പണിക്കാരെക്കൊണ്ട് അപ്പൂസിന്റെ വീടിന്റെ മുറ്റത്ത് നിറയെ മാമ്പഴവുമായി നിന്ന കിളിച്ചുണ്ടന്‍ മാവ് മുറുപ്പിച്ചത്. കിളിച്ചുണ്ടന്‍ മാവ് മുറിക്കുമ്പോള്‍ താഴെ വീഴുന്ന മാമ്പഴം പെറുക്കിയെടുക്കുവാന്‍ അയല്പക്കത്തെ കുട്ടികള്‍ മത്സരിക്കുന്നത് അപ്പൂസ് തുറന്ന് കിടന്ന ജാലകത്തിലൂടെ നോക്കി നിന്നു. അവര്‍ മാമ്പഴം ആര്‍ത്തിയോടൂ കൂടി തിന്നുകയാണ്. അപ്പൂസിന്റെ കണ്ണുകള്‍ നിറഞ്ഞു കവിഞ്ഞു.

അന്ന് സന്ധ്യയായപ്പോള്‍ സര്‍ക്കാര്‍ ആശുപത്രിയുടെ ആംബുലസില്‍ അച്ഛന്റെ ജീവനറ്റ ശരീരം അപ്പൂസിന്റെ വീട്ടിലെത്തിച്ചു. ബന്ധുക്കളുടെയും, നാട്ടുകാരുടെയും തേങ്ങലിന്റെയും, നിലവിളിയുടെയുമിടയില്‍, അമ്മയുടെയും, നീതുചേച്ചിയുടെയും നിലവിളി ഹ്യദയം പൊട്ടിയുള്ള നിലവിളി ഉച്ചത്തില്‍ കേള്‍ക്കാമായിരുന്നു. അപ്പൂസിനും കരച്ചിലടക്കുവാന്‍ കഴിഞ്ഞില്ല. അച്ഛന്റെ ജീവനറ്റ ശരീരത്തില്‍ കെട്ടിപ്പിടിച്ച് അവന്‍ ഉച്ചത്തില്‍ കരയുവാന്‍ തുടങ്ങി

Wednesday, April 22, 2009

എപ്പോഴും ചിരിക്കുന്ന പെണ്‍കുട്ടി

റോസ് നഗരത്തിലെ മേയറായ വില്യംസിന്റെ ഏക മകളാണ് ലിറ്റി എന്നു പേരായ പത്തു വയസ്സുകാരി സുന്ദരിക്കുട്ടി. മാലാഖയുടെ മുഖമുള്ള ലിറ്റിയെ അറിയാത്തവരും, അവളെ സ്നേഹിക്കാത്തവരും ആ നഗരത്തില്‍ ആരുമില്ലായിരുന്നു എന്ന് വേണമെങ്കില്‍ പറയാം. അതെ എല്ലാവരുടെയും ചെല്ലക്കുട്ടിയായിരുന്നു അവള്‍. സകലരുടെയും സ്നേഹാദരവുകള്‍ ഏറ്റുവാങ്ങി ഒരു പൂമ്പാറ്റയെ പാറി നടന്ന ലിറ്റി അന്ന് പൂന്തോട്ടത്തില്‍ ഓടിച്ചാടി കളിക്കുന്നതിനിടയില്‍ പെട്ടന്ന് തളര്‍ന്നു വീണു.

നഗരത്തിലെ പ്രശസ്തമായ ഹോസ്പിറ്റലില്‍ ലിറ്റിയെ മിനിറ്റുകള്‍ക്കകം പ്രവേശിപ്പിച്ചു. വിദഗ്ദരായ ഡോക്ടറന്മാരുടെ പരിശോധനയ്ക്കൊടുവില്‍ അവര്‍ ആ സത്യം ലിറ്റിയുടെ മാതാപിതാക്കളെ വളരെ വിഷമത്തോടെ അറിയിച്ചു.

“ലിറ്റി അനുദിനം മരിച്ചു കൊണ്ടിരിക്കുന്ന ഒരു കാന്‍സറ് രോഗിയാണ്.. കാന്‍സറ് രോഗം അവളുടെ അസ്ഥികളെയും, തലച്ചോറിനെയും കാര്‍ന്നു തിന്നു കൊണ്ടിരിക്കുകയാണ്.. ഏറിയാല്‍ കുറെ മാസങ്ങള്‍.. അതിനുശേഷം ലിറ്റി എല്ലാവരെയും വിട്ട് പോകും…”ലിറ്റിയുടെ മാതാപിതാക്കളെന്നല്ല ആ വാര്‍ത്ത കേട്ടവരെല്ലാം ഞെട്ടിപ്പോയി.

സകലരും ലിറ്റിക്കു വേണ്ടി കണ്ണുനീരോടെ പ്രാര്‍ത്ഥിച്ച സമയങ്ങളായിരുന്നു പിന്നിടുള്ള ദിനങ്ങള്‍…എന്നാല്‍ അനുദിനം ലിറ്റിയുടെ ആരോഗ്യനില തകരാറിലായിക്കൊണ്ടിരുന്നു. ശരീരം മുഴുവന്‍ വേദനകൊണ്ട് നുറുങ്ങുമ്പോഴും ആശുപത്രി കിടക്കയിലുള്ള തന്നെ കാണുവാനെത്തുന്നവര്‍ക്ക് ലിറ്റി ഒരു ചെറുപുഞ്ചിരി സമ്മാനിക്കുവാന്‍ മറന്നില്ല. തന്റെ മാതാപിതാക്കളുടെ മുന്നിലും, തന്നെ കാണുവാനെത്തുന്നവരുടെ മുന്നിലും തന്നെ ചികിത്സിക്കുന്ന ഡോക്ടറന്മാരുടെ മുന്നിലും അവളൊരിക്കലും തന്റെ വേദന പ്രകടിപ്പിച്ചില്ല. എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ഏതു നിമിഷവും അവള്‍ പ്രസന്നവതിയായി കാണപ്പെട്ടു.

“എങ്ങനെ ഈ കുട്ടിക്ക് ഇങ്ങനെ വേദന സഹിക്കുവാന്‍ കഴിക്കും..?” ലിറ്റിയുടെ രോഗത്തിന്റെ ആഴം ശരിക്കറിയാവുന്ന ഡോക്ടര്മാര്‍പ്പോലും ചിന്തിച്ചത് അതായിരുന്നു…എന്നാല്‍ അന്ന് ലിറ്റിയുടെ രോഗം മൂര്‍ച്ചിച്ചു. ലിറ്റിക്ക് അന്ത്യകൂദാശ നല്‍കുവാന്‍ മഞ്ഞ് മലകള്‍ക്കപ്പുറമുള്ള ഭദ്രാസനപ്പള്ളിയില്‍ നിന്നും കുന്നിറങ്ങി വ്യദ്ധനായ ഫാദര്‍ ആന്‍ഡ്രൂസ് അവളുടെ അരികിലെത്തി.

“മോളെ ഈ വേദനയെല്ലാം എങ്ങനെ നിനക്ക് സഹിക്കുവാന്‍ കഴിയുന്നു?. ഈ വലിയ വേദനയ്ക്കിടയിലും എങ്ങനെ പുഞ്ചിരിക്കുവാന്‍ നിനക്കു കഴിയുന്നു..? ഒന്ന് പൊട്ടിക്കരയരുതോ മോളേ നിനക്ക്..” ക്രിസ്മസ് പപ്പയുടെ മുഖമുള്ള ഫാദര്‍ ആന്‍ഡ്രൂസ് ലിറ്റിയുടെ കവിളുകളില്‍ മുത്തമിട്ടുകൊണ്ട് ചോദിച്ചു.ലിറ്റി ഫാദറിനെ നോക്കി അപ്പോഴും ഒന്നു പുഞ്ചിരിച്ചു. പിന്നെ തന്റെ വലതു കൈവെള്ള നിവര്‍ത്ത് അതിലുള്ള യേശുദേവന്റെ കുഞ്ഞു ക്രൂശിത രൂപം ഫാദറിനെ കാണിച്ചു…

“ഫാദറ് ഈ ക്രൂശിത രൂപം കണ്ടോ.. എന്റെ ശരീരത്തിലെ ഓരോ കോശങ്ങളെയും വേദന കുത്തിനോവിക്കുമ്പോള്‍ ഈ ക്രൂശിത രൂപം മുറുകെപ്പിടിച്ചുകൊണ്ട് യേശുദേവന്‍ ഈ ക്രൂശില്‍ കിടന്ന് സഹിച്ച വേദനയെ ഞാനോര്‍ക്കും. യേശു എനിക്കു വേണ്ടി സഹിച്ച ആ വലിയ വേദന ഞാനോര്‍ക്കുമ്പോള്‍ എന്റെയീ ശരീര വേദന ഞാനറിയാതെ മറന്നു പോകും… ഞാനെല്ലാം സഹിച്ചുപോകും….“

ലിറ്റിയുടെ വാക്കുകള്‍ ഒരിക്കലും പതറാത്ത ഫാദറിന്റെ കണ്ണുകളെപ്പോലും ഈറനണിയിപ്പിച്ചു… അന്ന് ലിറ്റിയുടെ ശ്വാസം എന്നന്നേയ്ക്കുമായി നിലച്ചു. റോസ് നഗരം കണ്ണിരില്‍ മുങ്ങിയ ദിനമായിരുന്നു അത്.

“ദൈവത്തിന്റെ പൂന്തോട്ടത്തിലെ പൂക്കളാണ് കുട്ടികള്‍… ദൈവം തന്റെ പൂന്തോട്ടത്തില്‍ നിന്ന് തനിക്കിഷ്ടമുള്ള മനോഹരമായ ഒരു പൂവ് പറിച്ചെടുത്തു..അത് നമ്മുടെ ലിറ്റിയായിരുന്നെന്ന് മാത്രം” ലിറ്റിയുടെ മാതാപിതാ‍ക്കളെ ആശ്വസിപ്പിച്ചുകൊണ്ട് ഫാദര്‍ ആന്‍ഡ്രൂസ് പറഞ്ഞത് അതായിരുന്നു

“എല്ലാം മായയാകുന്നു. ഈ ഭൂമിയും അതിലുള്ളതൊക്കെയും വെറും മായയത്രേ.. മനുഷ്യജീവിതം വയലിലെ പൂവിനു സമമാകുന്നു.. ഇന്നത് കാണും.. നാളെയത് വാടിപ്പോകുന്നു…ഹേ മരണമേ നിന്റെ വിഷമുള്ളു എവിടെ? ഹേ മരണമേ നിന്റെ വിജയം എവിടെ..." ലിറ്റിയുടെ ശവസംസ്കാര ചടങ്ങിലെ ലഘു പ്രസംഗത്തില്‍ ഫാദര്‍ ആന്‍ഡ്രൂസ് വികാരഭരിതനായി.

“ഏതു മനുഷ്യനും ഉറച്ചു നിന്നാലും ഒരു ശ്വാസം മാത്രമത്രേ....ഇതാകുന്നു അവസാനമെങ്കില്‍… പണ്ഡിതന്മാര്‍ തങ്ങളുടെ പാണ്ഡിത്യത്തില്‍ പുകഴുന്നത് എന്തിന്…? ഇതാകുന്നു അവസാനമെങ്കില്‍ രാജാക്കന്മാര്‍ തങ്ങളുടെ അധികാരത്തില്‍ അഹങ്കരിക്കുന്നത് എന്തിന്..? ഇതാകുന്നു അവസാ‍നമെങ്കില്‍ യൌവ്വനക്കാര്‍ തങ്ങളുടെ യൌവനത്തില്‍ ചാഞ്ചാടുന്നത് എന്തിന്…? ഇതാകുന്നു അവസാനമെങ്കില്‍ ധനവാന്മാര്‍ തങ്ങളുടെ ധനത്തില്‍ അഹങ്കരിക്കുനനത് എന്തിന്...? എല്ലാം മായത്രേ.. ഈ ഭൂമിയും അതിലുള്ളതൊക്കെയും നശ്വരമത്രേ….“ കണ്ണു നീരോടെയാണ് ഫാദര്‍ തന്റെ പ്രസംഗം അവസാനിപ്പിച്ചത്.

കണ്ണിരില്‍ മുങ്ങിയ വലിയൊരു ജനാവലിയുടെ അകമ്പടിയോടു കൂടി അന്ന് ലിറ്റിയുടെ കുഞ്ഞു ശവശരീരം റോസ് നഗരത്തിലെ ഭദ്രാസനപ്പള്ളി സെമിത്തേരില്‍ അടക്കം ചെയ്യുമ്പോള്‍ ഭൂമിയില്‍ ഇരുട്ടു വ്യാപിക്കുകയായിരുന്നു...

Monday, December 22, 2008

നല്ല മനുഷ്യന്‍

പ്രിയപ്പെട്ട കൊച്ചു കൂട്ടുകാരേ, നിങ്ങളെല്ലാവരും ക്രിസ്തുമസ് ലഹരിയിലായിരിക്കുമെന്ന് എനിക്കറിയം. നക്ഷ്ത്രങ്ങളും, പുല്‍ക്കൂടുകളുമൊരുക്കി ക്രിസ്മസ്സ് ദിനം വന്നണയുന്നതു നോക്കി ക്ഷമയോടു കൂടി കാത്തിരിക്കുകയാണ് എല്ലാവരും അല്ലേ.

പ്രിയപ്പെട്ട കുട്ടികളേ എന്താണ് ക്രിസ്തുമസ്സ് എന്ന് എല്ലാവര്‍ക്കും അറിയാമല്ലോ. ? യേശുദേവന്‍ യോസഫിന്റെയും, മേരിയുടെയും മകനായി ഭൂമിയില്‍ വന്ന് പിറന്ന ദിനമാണ് ലോകജനത ക്രിസ്തുമസ്സായി ആഘോഷിക്കുന്നത്.

ക്രിസ്തുമസ്സിനെക്കുറിച്ച് ഒരുപാട് രസകരമായ കഥകളുണ്ട്. ഇതാ ഒരു നല്ല കഥ കേട്ടോളൂ..

പണ്ട് ഒരു ഗ്രാമത്തിലെ ജനങ്ങളെല്ലാം ക്രിസ്തുമസ്സിനെ വരവേല്‍ക്കുവാന്‍ വേണ്ടി പുല്‍ക്കൂടും, ക്രിസ്തുമസ്സ് വിളക്കുകളുമൊക്കെയൊരുക്കി കാത്തിരിക്കുകയായിരുന്നു. ക്രിസ്തുമസ്സ് രാത്രിയുടെ തലേന്ന് ഗ്രാമത്തില്‍ ഒരു അശരീരിയുണ്ടായി. ആ അശരീരി ഇങ്ങനെയായിരുന്നു.

“പ്രിയപ്പെട്ടവരേ ഈ ഗ്രാമത്തിലെ ഏറ്റവും നല്ല മനുഷ്യന്‍ ആരാണോ അവരുടെ വീടിന്‍ മുകളില്‍ ഇന്ന് രാത്രിയില്‍ ഒരു ദിവ്യ നക്ഷത്രമുദിക്കുകയും അവര്‍ക്ക് ഉണ്ണിയേശുവിനെ കാണുവാന്‍ കഴിയുകയും ചെയ്യും..“

“ഉണ്ണിയേശുവിനെ നേരിട്ട് കാണുകയോ..? ഇതില്‍ പരം സന്തോഷം ജീവിത്തില്‍ എന്തുണ്ട്” അശരീരി കേട്ട ഗ്രാമീണരാകെ സന്തോഷത്തിലായി.

“ഞാനാണ്‍ ഈ ഗ്രാമത്തിലെ ഏറ്റവും നല്ല മനുഷ്യന്‍.. എനിക്കാണ് ഉണ്ണിയേശുവിനെ കാണുവാനുള്ള ഭാഗ്യമുണ്ടാവുക..“ ഗ്രാമീണര്‍ ഓരൊരുത്തരും സ്വയം പറഞ്ഞു. അതെ
എല്ലാവരും ഉണ്ണിയേശുവിനെ കാണുവാനുള്ള ആഗ്രഹത്തോടു കൂടി ഒരുക്കത്തോടു കൂടി കാത്തിരുന്നു.

അങ്ങനെ രാത്രിയായി.
പെട്ടന്നാണ് എവിടെയോ ഒരു കുഞ്ഞ് കരയുന്ന ശബ്ദം ഗ്രാമീണരുടെ കാതുകളിലെത്തിയത്. “അയ്യോ അത് ഉണ്ണിയേശുവിന്റെ കരച്ചിലാണ്.. അത് ഉണ്ണി യേശുവാണ്… “ എല്ലാവരും ശബ്ദം കേട്ട ഭാഗത്തേക്ക് ഓടി. എന്നാല്‍ അഴുക്കു ചാലിനടുത്ത് ആരോ ഉപേക്ഷിച്ചു പോയ ഒരു കുഞ്ഞിനെയാണ് അവര്‍ അവിടെ കണ്ടത്.

“ഇതാരുടെ കുഞ്ഞാണ്..? ആരാണ്‍ ഇതിനെ ഈ തണുപ്പത്ത് ഇവിടെ കൊണ്ടിട്ടത്…ഈ വ്യത്തികെട്ട ജന്തുവിന്റെ കരച്ചില് കേട്ടില്ലേ” കൂടി വന്നവരെല്ലാം തമ്മില്‍ തമ്മില്‍ പറഞ്ഞു. പിന്നെ അവര്‍ ആ കുഞ്ഞിന് അവിടെ ഉപേക്ഷിച്ച് തങ്ങളുടെ വീടുകളിലേക്ക് പോയി.

ആ ഗ്രാമത്തില്‍ ചാര്‍ളി എന്നു പേരായ ഒരു കുഷ്ടരോഗിയുണ്ടായിരുന്നു. എല്ലാവരാലും നിന്ദിതനായി തന്റെ കൊച്ചു കുടിലില്‍ കഴിഞ്ഞിരുന്ന ചാര്‍ളിയും ആ കുഞ്ഞിന്റെ കരച്ചില്‍ കേട്ടു. ചാര്‍ളി വേഗം ആ കുഞ്ഞിന്റെ അടുക്കലെത്തി, മറ്റൊന്നും ചിന്തിക്കാതെ തണുത്തു വിറച്ച് കിടന്ന് കരയുന്ന ആ ചോരക്കുഞ്ഞിനെ കോരിയെടുത്ത് തന്റെ മാറോട് ചേര്‍ത്തു. തന്റെ കീറിയ കുപ്പായം കൊണ്ട് അയാള്‍ അതിനെ പൊതിഞ്ഞു. പെട്ടന്ന് കുഞ്ഞ് കരച്ചില്‍ നിര്‍ത്തി. ചാര്‍ളി ആ കുഞ്ഞിനെയും കൊണ്ട് തന്റെ കുടിലിലേക്ക് പോയി.

പെട്ടന്നാണ്‍ തന്റെ കൈയ്യിലിക്കുന്ന കുഞ്ഞിന്റെ മുഖം പ്രകാശഭരിതമാകുന്നത് ചാര്‍ളി കണ്ടത്. കുഞ്ഞ് ചാര്‍ളിയെ നോക്കി ചിരിക്കുവാന്‍ തുടങ്ങി. ചാര്‍ളിക്ക് ഒന്നും മനസ്സിലായില്ല. നിമിഷങ്ങള്‍ക്കുള്ളില്‍ ചാര്‍ളിയുടെ കൈയ്യില്‍ നിന്നും കുഞ്ഞ് എവിടെയോ അപ്രത്യക്ഷമാവുകയും ചാര്‍ളിക്ക് ചുറ്റും ഒരു ദിവ്യപ്രകാശം നിറയുകയും ചെയ്തു.

“ചാര്‍ളി ഞാന്‍ ഉണ്ണിയേശുവായിരുന്നു…” അപ്പോള്‍ ചാര്‍ളി ഒരു അശരീരി കേട്ടു. “ഈ ഗ്രാമത്തിലെ മനുഷ്യരെ പരീക്ഷിക്കുവാനാണ് ഞാനെത്തിയത്. എന്നെ കൈക്കൊണ്ട നീയാണ് ഈ ഗ്രാമത്തിലെ ഏറ്റവും നല്ല മനുഷ്യന്‍. നിന്റെ ശരീരത്തിലെ കുഷ്ടരോഗമെല്ലാം ഇതാ ഞാന്‍ സൌഖ്യമാക്കിയിരുക്കുന്നു…”

പെട്ടന്നാണ് ചാര്‍ളിയുടെ ശരീരത്തിലെ കുഷ്ട രോഗമെല്ലാം മാറിയത് “ഉണ്ണിയേശുവിനെ കാണുകയോ..’ അയാളുടെ കണ്ണുകള്‍ നിറഞ്ഞ് കവിഞ്ഞു.

ഈ സമയത്താണ് ഉണ്ണിയേശുവിനെ കാത്തിരുന്ന് മടുത്ത ഗ്രാമീണര്‍ ചാര്‍ളിയുടെ വീടിന്‍ മുകളില്‍ ഒരു ദിവ്യനക്ഷത്രമുദിച്ച് നില്‍ക്കുന്നത് കണ്ട അങ്ങോട് ഓടിയെത്തിയത്. “എവിടെ ഉണ്ണിയേശു..” അവര്‍ ചാര്‍ളിയോട് ചോദിച്ചു. ചാര്‍ളി നടന്നതെല്ലാം അവരോട് വിസ്തരിച്ചു. ചാര്‍ളി പറഞ്ഞത് കേട്ട് ഗ്രാമീണര്‍ ലജ്ജയോടെ തലതാഴ്തി.

പ്രിയപ്പെട്ട കുട്ടികളേ, കഥ എല്ലാവര്‍ക്കും ഇഷ്ടമായല്ലോ..? ക്രിസ്തുമസ് ഒരു ആഘോഷം മാത്രമല്ല. അനുഭവം കൂടിയാണ്. ഉണ്ണിയേശു നമ്മുടെ മനസ്സിലാണ് ജനിക്കേണ്ടത്. ഉണ്ണി യേശു നമ്മുടെ മനസ്സുകളില്‍ ജനിക്കണമെങ്കില്‍ നാം നല്ല കുട്ടികളായിരിക്കണം. മാതാപിതാക്കളെ അനുസരിക്കണം. നന്നായി പഠിക്കണം. മറ്റുള്ളവരെ സഹായിക്കണം.

അപ്പോള്‍ എല്ലാവര്‍ക്കും എന്റെ വക ക്രിസ്തുമസ്സ് ആശംസകള്‍ നേരുന്നു.

Sunday, October 19, 2008

പ്രവാസികളുടെ പ്രവാചകന്‍-9

മോസസ്സും, സഹോദരനായ അഹരോനും ഫറവോന്റെ കൊട്ടാരത്തിലെത്തി.

“പ്രഭോ.. ഞങ്ങള്‍ ദൈവകല്പനപ്രകാരം അങ്ങയെ കാണുവാന്‍ വന്നവരാണ്‍…..“ അഹരോന്‍ തങ്ങളുടെ ആഗമനോദ്ദ്യേശം ഫറവോനെ അറിയിച്ചു. “ഇസ്രയേല്‍ മക്കളുടെ ദൈവമായ യഹോവയ്ക്ക് മരുഭൂമിയില്‍ വച്ച് ഉത്സവം നടത്തേണ്ടതിന്‍ തന്റെ ജനത്തെ വിട്ടയക്കണമെന്ന് യഹോവ താങ്കളോട് കല്പിക്കുന്നു…”

“ആരാണീ യഹോവ…? ഞാന്‍ യഹോവയുടെ വാക്കു കേള്‍ക്കുവാന്‍ അവന്‍ ആരാണ്‍….? എനിക്ക് നിങ്ങള്‍ പറയുന്ന യഹോവയെ അറിയുകയുമില്ല. ജനത്തെയൊട്ട് വിട്ടയക്കുകയുമില്ല…” പെട്ടന്ന് ഫറവോന്‍ ക്ഷുഭിതനായി.

“ഞങ്ങളുടെ ദൈവം ഞങ്ങള്‍ക്ക് പ്രത്യക്ഷനായിരിക്കുന്നു. മരുഭൂമിയില്‍ പോയി ഞങ്ങളുടെ ദൈവത്തിന്‍ യാഗം കഴിച്ചില്ലെങ്കില്‍ അവന്‍ ഞങ്ങളെ കഠിനമായി ശിക്ഷിക്കും…” അഹരോന്റെ വാക്കുകള്‍ ഫറവോന്‍ ചെവിക്കൊണ്ടില്ലെന്നു മാത്രമല്ല മോസസ്സിനെയും അഹരോനെയും ഫറവോന്‍ പരിഹസിക്കുകയും ചെയ്തു.

“ങ്ഹും.. മരുഭൂമിയില്‍ ദൈവത്തിന്‍ യാഗം കഴിക്കണം പോലും…“ ഫറവോന്‍ പൊട്ടിച്ചിരിച്ചു. നിങ്ങള്‍ പറയുന്നതു പോലെ ഒരിക്കലും ജനത്തെ ഞാന്‍ വിട്ടയക്കില്ല…. തെറ്റായ ഉപദേശങ്ങള്‍ നല്‍കില്‍ അവരെ വഴി തെറ്റിക്കാനും അവരുടെ ജോലി മിനക്കെടുത്തുവാനും എത്തിയവരാണ്‍ നിങ്ങള്‍… കടന്നു പോകൂ എന്റെ മുന്നില്‍ നിന്ന്…” ഫറവോന്‍ കല്പിച്ചു.

ഫറവോന്‍ ജനത്തെ വിട്ടയക്കില്ലെന്ന് കണ്ട അഹരോനും, മോസസ്സും നിരാശരായി രാജസന്നിധി വിട്ടിറങ്ങി. എന്നാല്‍ ക്ഷുഭിതനായ ഫറവോന്‍ ഇസ്രായേല്‍ ജനങ്ങളെ ഒരു പാഠം പഠിപ്പിക്കുവാന്‍ തീരുമാനിച്ചു കഴിഞ്ഞിരുന്നു.

ഇഷ്ടിക നിര്‍മ്മിക്കുന്ന് ജോലിയായിരുന്നല്ലോ ഈജിപ്തില്‍ ഇസ്രായേല്‍ ജനങ്ങളുടേത്. ഇഷ്ടിക കളങ്ങളില്‍ രാവും, പകലുമെന്നില്ലാതെ എല്ലു മുറിയെ ജോലി ചെയ്തിട്ടും ഫറവോന്‍ നിയോഗിച്ച ഉദ്ദ്യേഗസ്ഥന്മാരില്‍ നിന്ന് അവര്‍ക്ക് അതികഠിനമായ പീഢനങ്ങള്‍ സഹിക്കേണ്ടി വന്നിരുന്നു. ഒരോ ദിവസവും ഓരോ യിസ്രായേല്യനും എത്രത്തോളം ഇഷ്ടിക നിര്‍മ്മിക്കണമെന്ന് ഒരു കണക്ക് നിലവിലുണ്ടായിരുന്നു. ആ കണക്ക് തെറ്റിക്കുന്നവര്‍ക്കുള്ള ശിക്ഷ ക്രൂരവുമായിരുന്നു.

സാധാരണയായി ഇഷ്ടിക നിര്‍മ്മിക്കുവാനുള്ള വൈക്കോന്‍ ഫറവോന്‍ നിയോഗിച്ചിരിക്കുന്ന ഉദ്ദ്യോഗസ്ഥര്‍ ഇസ്രായേല്‍ ജനങ്ങള്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍ മോസസ്സും, അഹരോനും രാജകൊട്ടാരത്തിലെത്തി ജനങ്ങളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടതോടു കൂടി കുപിതനായ ഫറവോന്‍ ഇസ്രായേല്‍ ജനങ്ങള്‍ക്ക് ഇഷ്ടികയുണ്ടാക്കാന്‍ വൈക്കോല്‍ കൊടുക്കരുതെന്ന കല്പന പുറപ്പെടുവിച്ചു.

“അവര്‍ക്ക് മരുഭൂമിയില്‍ പോയി ദൈവത്തിന്‍ യാഗം കഴിക്കണം പോലും. ഒന്നിനെയും വെറുതെ വിടാന്‍ പാടില്ല… ഇനി മുതല്‍ ഇഷ്ടിക നിര്‍മ്മിക്കുവാനുള്ള വൈക്കോല്‍ നാം അവര്‍ക്ക് കൊടുക്കുവാന്‍ പാടില്ല. അവരത് സ്വയമായി എവിടെ നിന്നെങ്കിലും ശേഖരിക്കട്ടെ. എന്നാല്‍ ഇഷ്ടികയുടെ കണക്ക് കുറയാനും പാടില്ല… അഹങ്കാരികളായ അവര്‍ ശരിക്കും കഷ്ടപ്പെടട്ടെ… ആ മടിയന്മാര്‍ ഇതോടു കൂടി ഒരു പഠിക്കുകയും വേണം…” ഫറവോന്‍ തന്റെ ഉദ്ദ്യോഗസ്ഥന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ഫറവോന്റെ കല്പന കേട്ട് ഇസ്രായേല്‍ ജനം ഞെട്ടിപ്പോയി… എവിടെ നിന്നാണ്‍ ഇഷ്ടിക നിര്‍മ്മിക്കാനുള്ള വൈക്കോല്‍ സംഭരിക്കുക…? അവര്‍ വൈക്കോലിനു വേണ്ടി നെട്ടോട്ടമോടി. കിട്ടിയ വൈക്കോല്‍ കൊണ്ട് പലര്‍ക്കും തങ്ങള്‍ക്ക് നിശ്ചയിച്ചിരിക്കുന്ന ഇഷ്ടികയുടെ എണ്ണം പൂര്‍ത്തിയാക്കുവാന്‍ കഴിഞ്ഞില്ല. അപ്പോള്‍ മേല്‍നൊട്ടക്കാരില്‍ നിന്ന് അവര്‍ക്ക് ചാട്ടവാര്‍ക്കൊണ്ടുള്ള അടി കിട്ടി. അവര്‍ വേദനകൊണ്ട് പുളഞ്ഞു.. അവരുടെ നിലവിളിയും, കരച്ചിലും കേട്ട് ഫറവോന്റെ കിങ്കരന്മാര്‍ ആര്‍ത്തട്ടഹസിച്ചു.

“എല്ലാത്തിനും കാരണം ആ മോസസ്സും അഹരോനുമാണ്‍… എരിതീയില്‍ അവര്‍ എണ്ണയൊഴിക്കുകയാണ്‍ ചെയ്തത്…നമ്മുടെ ജീവതം തുലഞ്ഞു പോയില്ലേ…” ജനങ്ങള്‍ മോസസ്സിനെയും സഹൊദരനായ അഹരോനെയും കുറ്റപ്പെടുത്തുകയും, ശപിക്കുകയും ചെയ്തു.

“പ്രഭോ.. ഈ കഷ്ടതകളില്‍ നിന്ന് അങ്ങ് ഞങ്ങളെ രക്ഷിക്കണം…. ഞങ്ങള്‍ക്ക് വൈക്കോല്‍ തന്നാല്‍ മുമ്പുള്ളതുപോലെ ഞങ്ങള്‍ ഇഷ്ടികയുണ്ടാക്കം…“ ഇസ്രയേല്‍ ജനങ്ങളിലെ പ്രമുഖരായ ചിലര്‍ ഫറവോനെ കണ്ട സങ്കടം ബോധിപ്പിച്ചു. എന്നാല്‍ ഫറവോന്‍ അവരോട് യാതൊരു ദയവും കാട്ടുവാന്‍ ഒരുക്കമായിരുന്നില്ല.

“നിങ്ങള്‍ കുഴി മടിയന്മാരാണ്‍… ഇഷ്ടികയുണ്ടാക്കാന്‍ നിങ്ങള്‍ക്ക് വൈക്കോല്‍ തരുന്ന പ്രശനമില്ല… നിങ്ങള്‍ എവിടെ നിന്നെങ്കിലും വൈക്കോല്‍ ശേഖരിച്ച് ഇഷ്ടികയുണ്ടാക്കണം… എന്നാല്‍ ഇഷ്ടികയുടെ എണ്ണം കുറയുവാനും പാടില്ല….” ഫറവോന്‍ അവരെ അറിയിച്ചു. നിരാശരായ അവര്‍ രാജസന്നിധി വിട്ടിറങ്ങി. വഴിയില്‍ വച്ച് അവര്‍ മോസസ്സിനെയും, അഹരോനെയും കണ്ടു മുട്ടി.

“ഞങ്ങളുടെ ഇപ്പോഴത്തെ ഈ കഷ്ടതകള്‍ക്കെല്ലാം കാരണക്കാര്‍ നിങ്ങളാണ്‍… “ ദേഷ്യമടക്കുവാനാതെ അവര്‍ മോസസ്സിനോടും, അഹരോനോടും കയര്‍ത്തു. “യഹോവയ്ക്ക് യാഗം കഴിക്കുവാന്‍ ജനങ്ങളെ വിട്ടയക്കണമെന്ന് നിങ്ങള്‍ ഫറവോനോട് ആവശ്യപ്പെട്ടതാണ്‍ എല്ലാത്തിനും കാരണം…. നിങ്ങളുടെ വാക്ക് കേട്ട് നിങ്ങളോടോപ്പം നിന്നതാണ്‍ ഞങ്ങള്‍ ചെയ്ത ഏറ്റവും വലിയ തെറ്റും….” അവര്‍ മോസസ്സിനെയും, അഹരോനെയും കണക്കില്ലാതെ കുറ്റപ്പെടുത്തി. അവരുടെ ചാട്ടുളിപോലുള്ള കുത്തുവാക്കുകള്‍ കേട്ട് മോസസ്സും അഹരോനും തളര്‍ന്നു പോയി.

(തുടരും…)